Thursday, June 24, 2010

ആദ്യ പ്രണയം

"ഡാ നീയിങ്ങനെ നടന്നാ മതിയോ? നിനക്കൊരു ലൈന്‍ ഒക്കെ വേണ്ടേ?"

ചോദ്യം ശൈലെഷിന്റെ ആണ്... പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരു ലൈന്‍ ഒക്കെ ആവാം... എന്തെങ്കിലും ഒരു ജോലി വേണ്ടേ? അന്നത്തെ റൂള്‍ അനുസരിച്ച് ഫസ്റ്റ് ഇയര്‍ ജസ്റ്റ്‌ പാസ്‌ ആയാല്‍ മതി... സെക്കന്റ്‌ ഇയര്‍ലെ മാര്‍ക്ക്‌ മാത്രമേ മാര്‍ക്ക്‌ ലിസ്റ്റില്‍ വരൂ...കോളേജില്‍ വരാന്‍ എന്തെങ്കിലും ഒരു കാരണം കണ്ടു പിടിക്കാന്‍ നില്‍ക്കുകയായിരുന്ന ഞാന്‍ അപ്പോള്‍ മുതല്‍ ആണ് ഒരാവശ്യവും ഇല്ലാതെ പ്രേമത്തെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്.

പക്ഷെ ആരെ പ്രേമിക്കും? ഞാന്‍ കോളേജില്‍ കൂടെ ഒരു നാല് റൌണ്ട് നടന്നു നോക്കി... കൂടെ കൊണ്ട് നടക്കാന്‍ പറ്റിയ എല്ലാ എണ്ണവും ആള്‍റെഡി  ബുക്ക്ഡ്... അവസാനം അതിനും ശൈലേഷ്‌ തന്നെ വേണ്ടി വന്നു...

“ഡാ നമ്മുടെ കൂടെ ട്യൂഷന് വരുന്ന ഒരു കൊച്ചില്ലേ? നിന്നെ നോക്കി എപ്പോളും ചിരിക്കുന്ന? അവളെ തന്നെ വളക്കെടാ... അതാവുമ്പോള്‍ ഒരു ഗുണം ഉണ്ട്... നിങ്ങള്‍ക്ക്‌ ആഴ്ചയില്‍ ഏഴു ദിവസവും പ്രേമിക്കാം!!! അഞ്ചു ദിവസം കോളേജില്‍, രണ്ടു ദിവസം ട്യൂഷന് ക്ലാസ്സില്‍...”

അവന്റെ ബുദ്ധിയെ ഞാന്‍ മുക്തകണ്ഠം പ്രശംസിച്ചു... പക്ഷെ അവളോട്‌ എങ്ങനെ പറയും? അതും ശൈലേഷ്‌ തന്നെ ഏറ്റെടുത്തു... അപ്പൊ തന്നെ ഞാന്‍ അവനൊരു പൊടി ഇട്ടു കലക്കിയ ലൈം ജ്യൂസ്‌ വാങ്ങി കൊടുത്തു ഒരു രൂപയുടെ!!!

പിറ്റേ ദിവസം അവന്‍ വരുന്നു, കൂടെ ആ കൊച്ചും... അടുതെതലും അവന്‍ അവളുടെ ബാക്കിലെക്ക് നീങ്ങി... ഒരു അപകട സൂചന കിട്ടി.. പക്ഷെ, എന്റെ അടുത്ത് വന്നു എന്നെ നോക്കി ചിരിച്ചിട്ട് അവള്‍ പറഞ്ഞു,

“സൂരജെ, നമ്മള്‍ തമ്മില്‍ ഇതൊന്നും ശരിയാവൂല... മാത്രല്ല, ഇതെങ്ങാനും അവള്‍ അറിഞ്ഞാ എന്നെ കൊല്ലും”

“ആര്”

“ആരാ എന്താ എന്നൊക്കെ ഞാന്‍ നാളെ അവളോട്‌ ചോദിച്ചിട്ട് പറഞ്ഞു തരാം... അവള്‍ക്കു കൂടെ താല്‍പ്പര്യം ഉണ്ടെങ്കില്‍ നിങ്ങള്‍ തമ്മില്‍ മീറ്റ്‌ ചെയ്തോ... എന്താ?”

“ആയിക്കോട്ടെ”

ഈശ്വരാ, വെറുതെ ഒരു മൂലക്കിരുന്ന ഞാന്‍ ഇതാ പ്രേമിക്കാന്‍ പോവുന്നു... അതും ഇത് വരെ കാണാത്ത ഒരുത്തിയെ... അതിലും രസം അവള്‍ എന്നെ ഇഷ്ട്ടപ്പെടുന്നു... അതും ഞാന്‍ അറിയാതെ... എന്റെ ആദ്യത്തെ പ്രേമം... ഇതങ്ങു കൊഴുപ്പിചെടുക്കണം... ദേഹോപദ്രവം കൂടാതെ... പിറ്റേ ദിവസം,

“അവള്‍ ഫിസിക്സ്‌ ലാബില്‍ ഉണ്ട്, നീ ഇവിടെ തന്നെ വെയിറ്റ് ചെയ്യ്‌...”

“ആരാ കൊച്ചു? എന്താ പേര്? ഏതു കളര്‍ ഡ്രസ്സ്‌ ആണ്?”

“കയറു പോട്ടിക്കല്ലേ, ലാബ് കഴിഞ്ഞു അവള്‍ വരും... പേര് അനിത... ബ്ലു കളര്‍ മിഡി & ടോപ്‌ ആണ്... അവളുടെ കൂടെ സംഗീത ഉണ്ടാവും, അപ്പൊ നിനക്ക് വേഗം മനസ്സിലാവും, ഞാന്‍ പോവാ, ഇന്നെനിക്ക് ഒരു പെണ്ണ് കാണല്‍ ഉണ്ട്”

ഭാഗ്യം ഇവളെ കേറി പ്രേമിക്കഞ്ഞത്... ഞാന്‍ സുന്ദരകുട്ടപ്പന്‍ ആയി ഫിസിക്സ്‌ ലാബിന്റെ പുറത്ത്‌ വെയിറ്റ് ചെയ്തു... ലാബ്‌ വിട്ടു വരുന്ന സംഗീതയുടെ കൂടെ ഉള്ള കുട്ടിയെ ഞാന്‍ കണ്ടു... എന്റെ ഹൃദയം ഇപ്പൊ പൊട്ടും എന്നാ സ്ഥിതി ആയി... നല്ലൊരു സുന്ദരി കൊച്ചു....
സംഗീത അവളെയും കൂട്ടി എന്റെ അടുത്ത വന്നു...

“ഇത് അനിത... അനിതെ സൂരജ്‌...”

ഞാന്‍ ചിരിച്ചു, അനിതയും ചിരിച്ചെന്നു വരുത്തി... എന്നിട്ട് തല താഴ്ത്തി നിന്നു... ആ ഗാപ്പില്‍ ഞാന്‍ സംഗീതയെ കണ്ണ് ഉരുട്ടി പേടിപ്പിച്ചു!

“അനിതെ, ഞാന്‍ ഇപ്പൊ വരാം റെക്കോര്‍ഡ്‌ ബുക്ക്‌ എടുക്കാന്‍ മറന്നു”

“ഞാനും വരാം”

അവള്‍ സ്കൂട്ട് ആവാന്‍ നോക്കുകയാണ്... അങ്ങനങ്ങ് പോവാതെടി, ഗൊച്ചു ഗള്ളീ...

“അവള്‍ വന്നോളും... നമുക്ക്‌ സംസാരിചിരിക്കാം... എന്താ?”

അവള്‍ മൂളി... പിന്നെ ഞാന്‍ എന്തൊക്കെയോ ചോദിച്ചു... ഓരോ ചോദ്യത്തിനും ഞാന്‍ തന്നെ  ചോയ്സ് കൊടുത്തു, ഉത്തരത്തിന് ക്ലൂ കൊടുത്ത്... ആന്‍സര്‍ ഒരു മൂളലില്‍ ഞാന്‍ ഊഹിചെടുത്‌... ഒടുവില്‍ ഒരു നാണവും ഇല്ലാതെ ഞാന്‍ ചോദിച്ചു...

“എന്നെ ഇഷ്ടപ്പെട്ടോ”

ഒന്നും മിണ്ടുന്നില്ല... ഞാന്‍ കുറച്ചൂടെ ചേര്‍ന്ന് നിന്നു ഒന്നൂടെ ചോദിച്ചു,

“ഇഷ്ടപ്പെട്ടോ... ഇല്ലെ?”

ഒരു മൂളല്‍

“ഇഷ്ട്ടപ്പെട്ടില്ലേ??”

എന്നെ തലയുയര്‍ത്തി നോക്കി... അവളുടെ കണ്ണ് നിറഞ്ഞിരുന്നു... എന്നെ നോക്കി ആണെന്നോ അല്ലെന്നോ ഉള്ള അര്‍ത്ഥത്തില്‍  തലയാട്ടി...

“ഓക്കേ ഓക്കേ... ഇഷ്ടപ്പെട്ടല്ലേ.. പൊയ്ക്കോളൂ...”

കണ്ണ് തുടച്ചു കൊണ്ട് അവള്‍ സംഗീതയുടെ അടുത്തേക്കും നെഞ്ചു ഉഴിഞ്ഞു കൊണ്ട് ഞാന്‍ ക്ലാസ്സിലെക്കും...

ഈശ്വരാ ഇത് ഇവിടെ തീര്‍ന്നത് നന്നായി... അല്ലെങ്കില്‍ അവളുടെ ജീവിതം കരഞ്ഞു കരഞ്ഞു തീരും... അല്ലെങ്കില്‍ എനിക്ക് എത്രയും പെട്ടന്നൊരു അറ്റാക്ക്!!!

എടാ ശൈലേഷേ... നീയെന്നെ കുടിക്കിയല്ലോടാ...

പിറ്റേന്ന് അവള്‍ക്കു കൊടുക്കാന്‍ ഒരു പ്രേമ ലേഖനം ഞാന്‍ എഴിതിച്ചു!!! അജ്മല്‍ ആയിരുന്നു എഴുത്തുകാരന്‍... അവളെ കാത്തു നിന്നു ഞാന്‍ കയ്യില്‍ കൊടുത്തു...

“എനിക്ക് നാളെ തന്നെ മറുപടി വേണം”

ഞാന്‍ പലതവണ അവളെ ഓര്‍മ്മിപ്പിച്ചു... മറുപടി ഇല്ല!! മുന്നില്‍ വന്നു തല താഴ്ത്തി നിക്കാന്‍ മാത്രെമേ ആ പാവത്തിന് അറിയൂ... ഒടുവില്‍ നാല് അഞ്ചു ദിവസം കഴിഞ്ഞു... എന്റെ ക്ലാസ്സിന്റെ പുറത്ത്‌ അവള്‍... ഞാന്‍ ഇറങ്ങി വന്നപ്പോള്‍ എനിക്കൊരു കത്ത് നീട്ടി...

“ഞാന്‍ പോട്ടെ?”

ആദ്യമായി എന്റെ മുഖത്ത് നോക്കി അവള്‍ ചിരിച്ചു... അവള്‍ നടന്നു നീങ്ങി... അപ്പോള്‍ തന്നെ ഞാന്‍ ആ കത്ത് തുറന്നു... ഞാന്‍ കൊടുത്ത അതേ കത്ത്... അതിനു താഴെ,

“എനിക്കും ഇഷ്ടമാണ്”

“അവിടെ നിന്നെ”

അവള്‍ തിരിഞ്ഞു നോക്കി...

“ഇതെന്താ... ഇതിനാനെന്കില്‍ ഈ കത്ത് ഞാന്‍ അനിതയ്ക്ക് തരണോ?”

“എനിക്കത് കയ്യില്‍ വെക്കാന്‍ പേടിയാ... അത് കൊണ്ടാ...”

“എന്നാ പിന്നെ കീറി കളയണം!!”

എനിക്ക് ദേഷ്യം വന്നു... അപ്പോളേക്കും അവളുടെ കണ്ണ് നിറഞ്ഞു...

“എനിക്കതിനു കഴിയില്ല”

അതോടെ എന്റെ വായ അടഞ്ഞു... ആദ്യമായി അവളുടെ കൈ ഞാന്‍ പിടിച്ചു... ഒന്ന് അമര്‍ത്തി...

“പൊയ്ക്കോളൂ”

ഇതാണോ പ്രേമം? ഇതിനെ ആണോ പ്രേമം എന്ന് വിളിക്കുക? ഞാന്‍ പിന്നെ അവള്‍ക്കു പ്രേമലേഖനം കൊടുത്തിട്ടില്ല, ഒരു പ്രണയിനിയോട്  എന്നതില്‍ കവിഞ്ഞു വാല്സല്യതോടെയെ അവളോട്‌ സംസാരിക്കാന്‍ എനിക്ക് പറ്റിയിരുന്നുള്ളൂ... കോഴ്സ് കഴിഞ്ഞു പിരിഞ്ഞു രണ്ടു വഴിക്ക്‌ പോയെങ്കിലും പലപ്പോളും ഈ ആദ്യ പ്രണയം എന്റെ ഓര്‍മകളില്‍ വരാറുണ്ട്...

2 comments:

  1. NANNAYI.....ETHUPOLE ENIVALLATHUM UNDO STOCK.....

    ReplyDelete
  2. സമാധാനപ്പെട്... നമുക്ക് വഴി ഉണ്ടാക്കാം...

    ReplyDelete