Wednesday, December 14, 2011

ബാലേട്ടന്‍


കല്യാണത്തിനു മുന്നേ ഉള്ള പര്‍ച്ചേസ്‌ എല്ലാം കഴിഞ്ഞു സല്മയെയും  കൊണ്ട് കോഴിക്കോട് നിന്നും നീലേശ്വരം വരെ എത്തിയപ്പോള്‍ സമയം ഏഴുമണി ആവാനായി. അവിടുന്ന് തിരിച്ചു കോഴിക്കോട്‌ വരാന്‍ മാവേലി എക്സ്പ്രസ്സ്‌ ഉണ്ട്. അത് കഴിഞ്ഞാല്‍ മലബാര്‍ എക്സ്പ്രസ്സ്‌. മാവേലി വരാന്‍ വയ്കുന്നു. ടിക്കറ്റ്‌ നോക്കി, ജനറല്‍. നാല്‍പ്പത്തി എട്ടു രൂപ. ഒരു കാര്യവും ഇല്ല ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒരു തൃശൂര്‍ പൂരത്തിനുള്ള ആള്‍ക്കാര്‍ ഉണ്ടാവും. ഉറപ്പ്‌. ടീ ടീ യെ കണ്ടു ടിക്കറ്റ്‌ സ്ലീപ്പെരിലേക്ക് മാറ്റാം. പിന്നെ ആണ് ഓര്‍ത്തത്‌ സ്ലീപ്പെരിലും ആള്‍ക്കാര്‍ കേറി നിരങ്ങും. മറ്റുള്ളവരുടെ സൌകര്യത്തിനു നമ്മള്‍ ഇരിക്കേണ്ടി വരും. രണ്ടും കല്‍പ്പിച്ചു ഏസീ ത്രീ ടയര്‍ തന്നെ എടുക്കാം എന്ന് തീരുമാനിച്ചു...

ട്രെയിന്‍ വന്നു. നാല്‍പ്പത്തി എട്ടു രൂപയുടെ ജനറല്‍ ടിക്കറ്റ്‌ ആയി ഞാന്‍ ഏസീ ത്രീ ടയറില്‍ കയറി. ബീ വന്‍... നല്ല തിരക്ക് നടന്നു ബീ ടു എത്തി മൊത്തം അയ്യപ്പന്മാര്‍... ഇനി ബീ ത്രീ ഉണ്ട് അത് കഴിഞ്ഞാല്‍ എ വന്‍. പണി പാളുമോ? ഭാഗ്യം ബീ ത്രീയില്‍ സീറ്റ്‌ ഉണ്ട്... പക്ഷെ ടീ ടീ യെ കാണുന്നില്ലല്ലോ... അങ്ങേരു കൂടെ വിചാരിക്കണ്ടേ എന്നാലല്ലേ കാര്യം നടക്കൂ... ഹൌസ് കീപ്പിംഗ് ലെ ഒരാളെ കണ്ടു,

“ചേട്ടാ ടീ ടീ എവിടെയാ ഉള്ളത്?”

“കൂപെയില്‍ കാണും, ലാസ്റ്റ്‌ കൂപെയില്‍... നേരെ നടന്നാല്‍ മതി”

അയാളോട് ഒരു നന്ദിയും പറഞ്ഞു ഞാന്‍ നീട്ടി വലിച്ചു നടന്നു. എ വന്‍ കഴിഞു കൂപേ തുടങ്ങി... ഏറ്റവും അവസാനത്തെ റൂം ലക്ഷ്യമാക്കി നടന്നു... ഡോര്‍ രണ്ടു തവണ മുട്ടി...

“കേറി വാ”

അകത്തു ആളുണ്ട് ഞാന്‍ ഡോര്‍ തുറന്നു. ടീ ടീ ഇരുന്നു എന്തൊക്കെയോ കുത്തി കുറിക്കുന്നു അയാളുടെ മുന്നിലുള്ള സീറ്റില്‍ വേറൊരാള്‍ ഇരിക്കുന്നു കൊമ്പന്‍ മീശ ഒക്കെ വെച്ച് ഷര്‍ട്ട്‌ ന്‍റെ ബട്ടന്‍ ഒക്കെ അഴിചിട്ടിട്ടു... അങ്ങേരുടെ അടുത്ത് വേറൊരാള്‍... കൊമ്പന്‍ മീശക്കാരനെ കണ്ടാലെ അറിയാം നല്ല ഫിറ്റാ... കോട്ട് ഒക്കെ ഇട്ടു കുത്തിക്കുറിക്കുന്ന ടീ ടീ എന്നെ തലയുയര്‍ത്തി നോക്കി.

“ഇരിക്ക്”

ഞാന്‍ അയാളുടെ അടുത്ത് തന്നെ ഇരുന്നു. എന്‍റെ മുന്നില്‍ ഇരിക്കുന്ന കൊമ്പന്‍ മീശയെ ഞാന്‍ ഒന്ന് നോക്കി... അയാളും എന്നെ നോക്കുന്നു... അയാളുടെ മുഖത്ത് നിന്നും കണ്ണെ ടുത്ത് ഞാന്‍ മറ്റേ ആളെ നോക്കി... ഉടന്‍ അയാള്‍ ടീ ടീയോടു...

“സാറേ അപ്പൊ ഒരു രക്ഷേം ഇല്ലേ?”

“ഞാന്‍ പറഞ്ഞല്ലോ കോട്ടയത്തിനു അഞ്ചും ആറും ഒന്നും നടപ്പില്ല. മാക്സിമം പോയാല്‍ രണ്ടു.. ബള്‍ക്ക് ആയിട്ട് ടിക്കറ്റ്‌ വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ നേരത്തെ റിസര്‍വ്‌ ചെയ്തൂടാരുന്നോ?”

“പെട്ടന്നായിരുന്നു സാറേ, ഒന്നൂടെ നോക്കിക്കൂടെ? ചെറിയ കുട്ടി ഒക്കെ ഉണ്ട്...”

പേപ്പറില്‍ നിന്നും തലയുയര്‍താതെ ടീ ടീ തലയാട്ടി... സകല പ്രതീക്ഷയും വിട്ട അയാള്‍ എണീറ്റ്‌...

“അപ്പൊ ശരി, ഞാന്‍ പോട്ടെ...”

ടീ ടീ ഒന്ന് മൂളി... അതോടെ എന്‍റെ പ്രതീക്ഷയും പോയി... ഞാന്‍ വീണ്ടും കൊമ്പന്‍ മീശയെ നോക്കി അയാള്‍ എന്നെ തന്നെ നോക്കുന്നു.. കള്ളും കുടിച്ചു എന്തെങ്കിലും അലമ്പ് കാണിച്ചിട്ട് പിടിച്ചു ഇവിടെ കൊണ്ട് വന്നിട്ടതാവും... ഞാന്‍ കൊമ്പനെയും, കൊമ്പന്‍ എന്നെയും നോക്കി വിലയിരുത്തി കൊണ്ടിരിക്കുമ്പോള്‍ ടീ ടീ ഇടപെട്ടു...

“എന്താ?”

“സര്‍, ഞാന്‍ നിലെശ്വരത്ത് നിന്നും കയറിയതാ... കോഴിക്കോട് പോവാന് എനിക്ക് ഏസീ ലേക്ക് ഒന്ന് മാറ്റി തരുമോ?”

“ടിക്കറ്റ്‌ എവിടെ?”

എന്‍റെ കയ്യിലുള്ള ജനറല്‍ ടിക്കറ്റ്‌ ഞാന്‍ കൊടുത്തു...

“നാല്‍പ്പത്തി എട്ടു രൂപ”

അങ്ങേരുടെ ആത്മഗതം...

“അല്ല ബാലേട്ടാ... സീറ്റ്‌ണ്ടാവോ?”

ഞാന്‍ ഞെട്ടി... ആ കൊമ്പന്‍ ടീ ടീ ആണ്...!!!!

“അ... ആ... ഇനിക്ക്യാ അറിയാ??? അന്ടടത്തല്ലേ സതീശാ പെപ്പേര്...”
എനിക്കിപ്പോ എല്ലാം വ്യക്ത്മായി... കൊമ്പന്‍ ബാലേട്ടന്‍ ആണ് മെയിന്‍ ആള്...

“ഞ്ഞി നോക്ക്... ഇന്ടെങ്ങി കൊട്ക്ക്...” കൊയ്ക്കോട്  വരെ അല്ലെ?”

ചോദ്യം എന്നോടാണ്...

“അതെ”

“സതീശാ... അത്ങ്ങ്ട്ട് കാട്ടിക്കാ...”

സതീശന്‍ ഒരു സെറ്റ്‌ പേപ്പര്‍ ബാലേട്ടന് കൈമാറി...

“ബാലേട്ടന്‍ തരും”

സതീശന്‍ എന്നെ കയ്യൊഴിഞ്ഞു... ഞാന്‍ പ്രതീക്ഷയോടെ ബാലേട്ടനെ നോക്കി... സതീശന്‍ കയ്യിലുള്ള പേപ്പര്‍ വീണ്ടും നോക്കാന്‍ തുടങ്ങി...

“ബാലേട്ടാ... ഉമ്മന്‍ചാണ്ടിണ്ടുട്ടാ... എ കൂപ്പേല്... പണി കിട്ടോ???”

ആ കൊമ്പന്‍ മീശക്കുള്ളിലെ ചുണ്ടിന്റെ ഒരറ്റം മുകളിലേക്ക് പോയി...

“ആര്‍ക്ക്? എനിക്കാ??? പണിയാ? ഈ ബാലെട്ടനാ??? സതീശാ ന്നെ പറ്റി അങ്ങനെയാ ഞ്ഞി വിചാരിച്ചത്?? അല്ല, ഒന്നങ്ങോട്ടു പോയി നോക്ക്യാലോ? കുപ്പിണ്ടാവോ??”

“പിന്നല്ലേ... സീയെമ്മിന്റെ കയ്യിന്നല്ലേ ങ്ങക്ക് കുപ്പി കിട്ടാന്‍ പോണത്‌...”

സീ എം ഉള്ള ട്രെയിനില്‍ ഇരുന്നു കള്ളുകുടിക്കാന്‍ കാണിച്ച ബാലേട്ടന്റെ ധൈര്യം എനിക്കങ്ങോട്ട് ബോധിച്ചു. അല്ല, പറഞ്ഞ പോലെ എന്‍റെ കാര്യം രണ്ടു പേരും മറന്നോ ആവോ... ഞാന്‍ ഒന്ന് ചുമച്ചു... എന്‍റെ ചുമയുടെ അര്‍ത്ഥം മനസ്സിലായിട്ടാവണം... സതീശന്‍ ബാലേട്ടനെ ഒന്ന് ഓര്‍മ്മിപ്പിച്ചു...

“അല്ല, ഇയാളുടെ കാര്യം എന്തായി ബാലേട്ടാ...”

ബാലേട്ടന്‍ തലയുയര്‍ത്തി...

“നോക്കല്ലേ??? ഞ്ഞി സമാനപ്പെട്... ഈ ആന്ധ്രലുള്ള അയ്യപ്പന്മാരാ മൊത്തം... സ്വാമി ശരണം... കൊയ്ക്കൊടല്ലേ???”

“അതെ”

സതീശാ... ടിക്കറ്റ്‌ എത്രുര്‍പ്പ്യാ?...”

“നാപ്പത്തെട്ടു”

“ആ... ആകെ ഇരുന്നൂട്ടംബത്രണ്ട്... അയ്‌ന്ന് നാപ്പത്തെട്ടു പോയലെത്ര്യാ സതീശാ...”

സതീശന്‍ ഒന്ന് പരുങ്ങി...

“ഇരുന്നൂറ്റി രണ്ടല്ലേ??”

“ഇന്നെയ്യാര സതീശാ കണക്ക്‌ പഠിപ്പിച്ചത്??? ഇരുന്നൂറ്റി നാല്...”

ബാലേട്ടന്‍ എന്നെ നോക്കി...

“ഇരുന്നൂറ്റി നാല്... ഇരുന്നൂറു തന്നാള്... നാലുര്‍പ്പ്യ ബാലേട്ടന്റെ വക ഡിസ്ക്കൌണ്ട്...”

ഞാന്‍ പൈസ എടുത്തു ബാലേട്ടന് നീട്ടി...

“സതീശാ വാങ്ങിക്കോ...”

സതീശന്‍ പൈസ വാങ്ങി. ഞാന്‍ പോവാന്‍ വേണ്ടി എണീറ്റു.... അപ്പൊ ബാലേട്ടന്‍.

“അല്ല, രസീപ്റ്റ്‌ ഒന്നും വേണ്ടേ?”

കുഴഞ്ഞാടിയ കൈ വെച്ച് എന്തൊക്കെയോ എഴുതി തന്നു. എന്‍റെ നേരെ നീട്ടി...

“അപ്പ ശരി... പോയ്ക്ക്യോ”

“അല്ല, സീറ്റ്‌ നമ്പര്...”

“ഓഹോ... ഇതൊന്നും ചോയ്ക്കാണ്ട്യാണോ നേരത്തെ കുന്തിരിട്ത്തു പാഞ്ഞത്??? അവടക്ക്... നോക്കട്ടെ...”

“പത്ത്... പയ്നാര്... ഫ്രീയാ...”

“പത്തോ? പതിനാറോ? ഞാന്‍ എവിട്യാ ഇരിക്കണ്ടത്?”

“മോന്‍ ഇങ്ങട്ട് വാ... ചോയ്ക്കട്ടെ...”

ഞാന്‍ ബാലേട്ടന്റെ അടുത്തേക്ക് ചെന്നു...ബാലേട്ടന്‍ എണീറ്റു എന്‍റെ മുന്നില്‍ നിന്നു....

“മോനെ, ഇത് ബാലേട്ടന്റെ ട്രെയിനാ... ഞാന്‍ തന്ന കടലാസ് കയ്യിലില്ലേ???”

ഞാന്‍ തലയാട്ടി...

“ആ... ഇനി അനക്ക് എവിട വേണേലും പോയിരുന്നോ... ആര് ചോയ്ചാലും ബാലേട്ടന്‍ പറഞ്ഞിട്ടാന്നു പറഞ്ഞാ മതി.... ആര് പറഞ്ഞിട്ട്???”

എനിക്ക് ചിരി വരുന്നു... ഒരു വിധം ഞാന്‍ പറഞ്ഞൊപ്പിച്ചു...

“ബാലേട്ടന്‍...”

Sunday, November 13, 2011

നോണ്‍-റെസിടെന്റ് ഇഡിയറ്റ്


ഈ നവംബര്‍ ഇരുപതാം തീയതി നാട്ടില്‍ പോവുകയാണ്... ഇരുപത്തി രണ്ടു ദിവസത്തെ ലീവ്... കഴിവതും വീട്ടില്‍ തന്നെ ഇരിക്കണം എന്നായിരുന്നു തീരുമാനം. പക്ഷെ അത് നടക്കില്ല എന്ന് ഉറപ്പായി. ഒരുപാട് യാത്ര ചെയ്യാന്‍ ഉള്ളത് കൊണ്ട് ട്രെയിന്‍ തന്നെ മതി എന്ന് തീരുമാനിച്ചു. രണ്ടു ദിവസമായി ഒരു ക്രഡിറ്റ്‌ കാര്‍ഡും വെച്ച് www.irctc.co.in വെബ്‌ സൈറ്റ് തുറന്നു വെച്ച് ഇരിക്കാന്‍ തുടങ്ങിയിട്ട്...

എല്ലാം നല്ല ഭംഗി ആയി തന്നെ മുന്നോട്ടു പോവുന്നു... യുസര്‍ നെയിം & പാസ്സ്‌വേര്‍ഡ്‌ ചോദിച്ചു... കൊടുത്തു.. പിന്നെ എവിടുന്നു കേറുന്നു എങ്ങോട്ട് പോവുന്നു എന്ന് പോവുന്നു എന്ന് ചോദിച്ചു, അതും ടൈപ്പ് ചെയ്തു കൊടുത്തു... ഫൈന്‍ഡ് ട്രെയിന്‍ ബട്ടന്‍ ക്ലിക്ക് ചെയ്തു അതാ കാണിച്ചു തരുന്നു. എട്ടു ട്രെയിന്‍... എനിക്ക് പോവണ്ട ട്രെയിന്‍ അതിലുണ്ട്. അത് ക്ലിക്ക് ചെയ്തപ്പോള്‍  ഇരിക്കാനും കിടക്കാനും ഒക്കെ ഉള്ള എല്ലാ ഒപ്ഷന്സും കാണിച്ചു തന്നു... ത്രീ ഏസീ ക്ലിക്ക് ചെയ്തു... എന്റെ പേരും നാളും വയസ്സും തുടങ്ങി ഞാന്‍ ആണാണോ എന്ന് വരെ ചോദിച്ചു!!! എല്ലാത്തിനും മറുപടി കൊടുത്തപ്പോ താഴെ ഒരു വൃത്തി കെട്ട എന്തോ എഴുതി വെച്ചത് അത് പോലെ എഴുതാന്‍... അതും ചെയ്തു... അടുത്ത പേജ്... ഒന്നൂടെ ശരിക്കും വായിച്ചു നോക്കിക്കോ ഈ കാണുന്നത് തന്നെ അല്ലെ നീയും നിനക്ക് പോവണ്ട സ്ഥലവും??? എന്ന് എന്നോടൊരു ചോദ്യം... അതെ, എന്നാ ക്ലിക്ക് ചെയ്തോ മേക്‌ പെയ്മെന്റ്റ്‌.... ക്ലിക്ക് ചെയ്തു... അടുത്ത പേജില്‍ എന്റെ കാര്‍ഡ്‌ ഡീട്ടയില്സ് കൊടുത്തു ബയ് ക്ലിക്ക് ചെയ്തു... പിന്നെ ഒരു കാത്തിരിപ്പാണ്... ഏകദേശം ഒരു അഞ്ചു മിനിറ്റ്...

അവസാനം എഴുതി കാണിക്കുന്നു... എന്റെ കാര്‍ഡില്‍ പൈസ ഇല്ല എന്ന്... തോന്ന്യാസം പറയുന്നോ? ഞാന്‍ ചെക്ക്‌ ചെയ്തു പൈസ ഉണ്ട്... അതില്‍ ലിസ്റ്റ് ചെയ്ത പല ബാങ്കുകളെയും ഞാന്‍ വിനയപൂര്‍വ്വം സമീപിച്ചു... ഓരോരുത്തരു ഓരോ കാരണം ആണ് പറയുന്നത്.. ഞങ്ങളുടെ സെക്യൂരിറ്റി ഗേറ്റിലൂടെ നിന്റെ കാര്‍ഡ്‌ ഞങ്ങള്‍ കയറ്ട്ടി വിടില്ലെടാ എന്നോരുതര്‍... സോറി കണക്ഷന്‍ പ്രോബ്ലം എന്ന് മറ്റൊരുതര്‍ എല്ലാവരും കൈ വിട്ട ഞാന്‍ അവസാനം കസ്റ്റമര്‍ കെയര്‍ നമ്പര്‍ തപ്പി നോക്കി... ചെന്നൈ നമ്പരില്‍ വിളിച്ചു... 044 25300000 ഈ നമ്പര്‍ തല്‍ക്കാലത്തേക്ക് ഔട്ട്‌ ഓഫ് സര്‍വീസ് ആണ് എന്ന്... സന്തോഷമായി ചേട്ടാ.... വളരെ നന്ദി... തൊട്ടു താഴെ വേറെ ഒരു നമ്പര്‍ കൂടെ കണ്ടു ബോംബെ, സോറി, മുംബൈ നമ്പര്‍ 011 39340000 അതില്‍ വിളിച്ചു സ്വഗതമോക്കെ പറഞ്ഞു... എന്നോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു... ശരി... ആവശ്യക്കാരന്‍ ഞാന്‍ ആയിപ്പോയില്ലേ? ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ ഒരു ചേച്ചി ഫോണ്‍ അറ്റന്‍ഡ് ചെയ്തു...

പക്ഷെ ഉറക്കം തൂങ്ങി ചേച്ചി ആര്‍ക്കോ വേണ്ടി ...

“ഹലോ”

“ഹായ് ഞാന്‍ സൂരജ്‌, ദുബായ് നിന്നും വിളിക്കുന്നു”

ഒരു മയങ്ങിയ ശബ്ദത്തില്‍...
“യേ....സ്...”

ഞാന്‍ എന്റെ കഷ്ടപ്പാട് വിവരിച്ചു പറഞ്ഞു... എല്ലാം കേട്ടിട്ടും അവിടുന്ന് ഒരു അനക്കവും ഇല്ല... ഞാന്‍ ഒന്നൂടെ വിളിച്ചു നോക്കി...

“ഹലോ...”

“എസ് സര്‍ പറയു...”

പിന്നെ ഇത്രേം നേരം എന്ത് ഓലക്കയാ പറഞ്ഞത് എന്ന് പറയാന്‍ തോന്നിയെങ്കിലും ഞാന്‍ നാവു തൊടുന്നതിനു മുന്നേ വിഴുങ്ങി..

വീണ്ടും അതെ കഥ ഞാന്‍ ഒന്നൂടെ വിവരിച്ചു... മറുപടി ഇല്ല... വീണ്ടും ഞാന്‍

“ഹലോ”

“എസ് സര്‍...”

“എനിക്കൊരു റിപ്ലെ തരുമോ? എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?”

“സര്‍, ഏതു ക്രെഡിറ്റ്‌ കാര്‍ഡ്‌ ആണ് തങ്ങളുടേത്?”

“വിസ”

“അതല്ല, ഏതു ബാങ്ക്”

Emirates NBD”

“സോറി സര്‍ ഇന്റര്‍നാഷണല്‍ ബാങ്ക് കാര്‍ഡ്‌ പറ്റില്ല”

“ഞാന്‍ ഒരു എട്ടു മാസം മുന്നേ ദുബായ് ഇരുന്നു കൊണ്ട് തന്നെ ഈ കാര്‍ഡ്‌ യുസ് ചെയ്തു ഇതേ വെബ്‌ സൈറ്റ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ടല്ലോ”

“ഇപ്പൊ പറ്റില്ല സര്‍”

“അതെന്താ കാരണം”

“ഇപ്പൊ ക്ലോസ് ചെയ്തു സര്‍”

“ഓക്കേ എന്റെ കയ്യില്‍ ഫെടെരല്‍ ബാങ്ക് ഡെബിറ്റ്‌ കാര്‍ഡ്‌ ഉണ്ട് അത് യുസ് ചെയ്യാമോ?”

“പറ്റില്ല സര്‍”

“എന്ത് കൊണ്ട്?”

“ഇന്ത്യന്‍ ബാങ്ക് കാര്‍ഡ്‌ മാത്രേ ഞങ്ങള്‍ സ്വീകരിക്കൂ”

“മാഡം, ഫെടരല്‍ ബാങ്ക് ഇന്ത്യന്‍ ബാങ്ക് ആണ്”

കുറച്ചു നേരത്തേക്ക് നിശബ്ദത...

“എന്നാല്‍ പറ്റും സര്‍”

“എന്നാല്‍ പറ്റുന്നില്ല, ഞാന്‍ അതും ട്രൈ ചെയ്തു”

“എന്ത് കാര്‍ഡ്‌ ആണ് സര്‍?”

“ഫെടെരല്‍ ബാങ്ക് ഇന്റര്‍നാഷണല്‍ ഡെബിറ്റ്‌ കാര്‍ഡ്‌ വിസ ഇലക്ട്രോണ്‍...”

“സോറി പറ്റില്ല സാര്‍”

“എന്ത് കൊണ്ട്”

“ഇന്റര്‍നാഷണല്‍ കാര്‍ഡ്‌ പറ്റില്ല സാര്‍”

“പക്ഷെ ഫെടരല്‍ ബാങ്ക് ഇന്ത്യന്‍ ബാങ്ക് അല്ലെ?”

“പക്ഷെ കാര്‍ഡ്‌ ഇന്റര്‍നാഷണല്‍ അല്ലെ?”

“അത് കൊണ്ടെന്തു?? എനിക്ക് നാട്ടില്‍ ഫെടെരല്‍ ബാങ്ക് അക്കൗണ്ട്‌ ഉണ്ട്, അതില്‍ പൈസ ഉണ്ട്, ആ ബാങ്ക് തന്ന കാര്‍ഡ്‌ ഉണ്ട്, നിങ്ങളുടെ വെബ്സൈറ്റ് ലിസ്റ ചെയ്ത ബാങ്ക് ലിസ്റ്റില്‍ ഫെടരല്‍ ബാങ്ക് ഉണ്ട് പിന്നെ എന്ത് കൊണ്ട് ഒരു ഇന്ത്യന്‍ സെന്‍ട്രല്‍ ഗവണ്മെന്റ് വെബ്‌ സൈറ്റ് ആ കാര്‍ഡ്‌ ആക്സപ്റ്റ്‌ ചെയ്യുന്നില്ല?”

വീണ്ടും ശ്മശാന മൂകത... ഞാന്‍ ഒന്ന് കൂടെ വിളിച്ചു നോക്കി...

“ഹലോ..”

“എസ് സര്‍”

“എന്ത് കൊണ്ട് എനിക്ക് ഈ കാര്‍ഡ്‌ യുസ് ചെയ്യാന്‍ പറ്റുന്നില്ല?”

“അത്.... സര്‍, ഈ സര്‍വീസ്‌ ഇന്ത്യക്കാര്‍ക്ക്‌ മാത്രം ഉള്ളതാണ്...!!!!!!!”

എന്റെ സപ്ത നാഡികളും തളര്‍ന്നു പോയി... നേരെ ഫോണ്‍ ഡിസ് കണക്റ്റ്‌ ചെയ്തു... എന്റെ ഇത്രേം നേരം സമയം പോയതിനു  ഞാന്‍ ആരോട് പരാതി പറയും?? ഇനി പറഞ്ഞിട്ടെന്തു? എന്താണ്.. ഏതാണ്... എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് അറിയാത്ത ഒരു സ്ത്രീയെ അവിടെ ഇരുതിയവരോടോ?

ഇങ്ങനെ ആണ് ഗവണ്മെന്റ് സിസ്റ്റം എന്ന് അറിഞ്ഞു കൊണ്ട് ഇതിനു പിന്നിലെ പോയ ഞാനല്ലേ വിഡ്ഢി...

“അതെ... എ നോണ്‍-റെസിടെന്റ് ഇഡിയറ്റ്” 

Thursday, September 29, 2011

ജീത്തു ഭായ്


ഫെബ്രുവരി പതിനൊന്നു... ഏഴു മാസം ആയി ഞാന്‍ എന്‍റെ ബ്ലോഗില്‍ എന്തെങ്കിലും എഴുതിയിട്ട്... വിവാഹം ഉറപ്പിച്ചു, പുതിയ ജോലിയിലേക്ക് മാറി, മറ്റു തിരക്കുകള്‍, പിന്നെ ചാറ്റിങ്, ഫേസ്ബുക്കിനോട്  കൂടി വരുന്ന അഡിക്ഷന്‍... സത്യം, ഞാന്‍ എന്‍റെ ബ്ലോഗിനെ മറന്നേ പോയിരുന്നു...

ഇന്ന് ജിഷാദ് ചാറ്റ് ചെയ്തപ്പോള്‍ ആണ് എന്‍റെ ബ്ലോഗിനെ പറ്റി  സൂചിപ്പിച്ചത്... നിര്‍ത്തരുത്... വായിക്കാന്‍ രസമുണ്ട്... ഇന്‍സ്പിരെഷന്‍ ആണ്... എനൊക്കെ പറഞ്ഞപ്പോള്‍ ജിഷാദ്നോട് എന്തോ ഒരു ഒഴിവുകഴിവു പറഞ്ഞു  തീര്‍ത്ത് ഞാന്‍ എന്‍റെ ബ്ലോഗ് ഓപ്പണ്‍ ചെയ്തു അവസാനം എഴുതിയ ഒന്ന് രണ്ടു പോസ്റ്റ്‌ മൊത്തം ഇരുന്നു വായിച്ചു... ഭക്ഷണം ഉണ്ടാക്കിയവന് അത് കഴിച്ചാല്‍ വലിയ ടേസ്റ്റ് ഒന്നും തോന്നില്ല എന്ന് എവിടെയോ കേട്ടിട്ടുണ്ട്... ഇതും അത് പോലെ തന്നെ... സത്യം...

പക്ഷെ എഴുതുമ്പോള്‍ ഭയങ്കര രസം ആണ്... എന്‍റെ പോസ്റ്റില്‍ കൂടുതലും എനിക്കോ എന്‍റെ കൂട്ടുകാര്‍ക്കോ പറ്റിയ അബദ്ധങ്ങളും അമളികളും ആണ്... ഒന്നോ രണ്ടോ പോസ്റ്റ്‌ മാത്രമേ ഉള്ളു ഞാന്‍ വളരെ സീരിയസ് ആയി ഇരുന്നു... ദിവസങ്ങള്‍ എടുത്തു എഴുതിയവ... മറ്റുള്ളവ ഒക്കെ ഒറ്റ ഇരിപ്പിനു ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് എഴുതുന്നവ ആണ്... അതാണ്‌ എനിക്കിഷ്ടവും... അന്നത്തെ  ഓരോരോ സീനും കണ്മുന്നിലൂടെ കടന്നു പോവും...

നിനക്കെങ്ങനെയാ അന്നത്തെ കാര്യങ്ങള്‍ ഒക്കെ ഇത്രക്ക്‌ ഓര്മ എന്ന് ഒരിക്കല്‍ സന്ദീപ്‌ മാഷ്‌ ചോദിച്ചിരുന്നു... കൂട്ടുകാര്‍ക്ക് പണി കൊടുക്കുമ്പോ എവിടുന്നാ എന്ന് അറിഞ്ഞൂടാ അന്നത്തെ എല്ലാ കാര്യവും ഓര്മ വരും... അന്ന് ഞാന്‍ സന്ദീപ്‌ മാഷിനോട് പറഞ്ഞ ഒരു കാര്യം... നമ്മുടെ ധിഷ്ണ ഓഫീസിലെ ഓരോരുത്തരെ എടുത്തു നോക്കിയാലും ഓരോ കഥകള്‍ എഴുതാന്‍ ഉണ്ട്... അപ്പൊ സന്ദീപ്‌ മാഷ്‌ സോഫയിലേക്ക് കൈ ചൂണ്ടി എന്നോട് പറഞ്ഞത്‌,

“എന്നാ പിന്നെ നിനക്ക് ഇവനെ പറ്റി എഴുതിക്കൂടെ??? ഒരു പതിനായിരം കഥയുണ്ട്”

ഞാന്‍ നോക്കുമ്പോള്‍ ജീത്തു!!!! കയ്യില്‍ പകുതി കടിച്ച ആപ്പിള്‍...

“അയ്യൂ... (അവന്റെ അയ്യോ ഇങ്ങനെയാ...) എടാ സൂരജെ വേണ്ടെടാ... നിന്‍റെ കാലു ഞാന്‍ പിടിക്കാം”

“ഇല്ല... എഴുതുന്നില്ല...”

അങ്ങനെ ഞാന്‍ അവനോടു പറഞ്ഞെങ്കിലും... അബദ്ധങ്ങള്‍ കണ്ടില്ലാ കേട്ടില്ലാ എന്ന് കരുതി ചിരിച്ചു ഒഴിവാക്കുന്നതിനും ഒരു പരിധി ഇല്ലേ???

ജീത്തുവിന്റെ അമ്മാവന്‍ ഒഴിഞ്ഞു പോയ കരാമ ഫ്ലാറ്റില്‍ വെച്ചായിരുന്നു അന്ന് ഞങ്ങളുടെ വീക്ക്‌ഏന്‍ഡ് ആഘോഷങ്ങള്‍... ഭക്ഷണത്തില്‍ എനിക്കും സന്ദീപ്‌ മാഷിനും ഉള്ള അതെ താല്പര്യം തന്നെ ആണ് ജീത്തുവിനും, പക്ഷെ ഒരു പ്രത്യേകത... അവനു ഭക്ഷണം മുന്നില്‍ കാണണം... എത്രയും പെട്ടന്ന്... മിനുട്ടിന് പത്തു തവണ എന്ന പോലെ

“എടാ ഫുഡ്‌ ഓര്‍ഡര്‍ ചെയ്യെടാ... തീര്‍ന്നു പോവും... അവസാനം KFC  മാത്രേ കിട്ടൂ...”

“അതെന്താ KFC നീ കഴിക്കില്ലെ?”

“എടാ ഫുള്‍ എണ്ണയാ... തടിക്കും”

“ഇനി എങ്ങോട്ട് തടിക്കാനാ?? ഇത് മാക്സിമം അല്ലെ?”

അങ്ങനെ സന്ദീപ്‌ മാഷിനോട് സംസാരിച്ചിട്ട് ഫലം ഇല്ലെന്നു മനസ്സിലായ ജീത്തു മൊബൈല്‍ എടുത്തു കരാമ Wide Range Restaurant ലേക്ക് വിളിച്ചു...

“ഹലോ... ആ... ബിരിയാണി  അല്ലെ?? ഒരു മൂന്നു Wide Range

പിന്നെ കുറച്ചു നേരത്തേക്ക് ഹോള്‍ഡ്‌ ചെയ്ത സൌണ്ട്... ഓര്‍ഡര്‍ എടുക്കുന്നവന്‍ ചിരിച്ചു മറയാന്‍ എടുക്കുന്ന സമയം ആണ് എന്ന് വ്യക്തം!!! കുറച്ചു കഴിഞ്ഞ്....

“സാര്‍, ബിരിയാണി ആണോ വേണ്ടത്??”

എല്ലാ ഗ്യാസും പോയ ജീത്തു....

“ആ..”

“ഏതു  ബിരിയാണി ആണ് വേണ്ടത് സാര്‍??

“അത് പിന്നെ, ചിക്കന്‍ ബിരിയാണിയില്‍ എന്തൊക്കെയാ ഉള്ളത്”

വീണ്ടും ഹോള്‍ഡ്‌...

“എടാ നീ എന്തൊക്കെയാ ചോദിക്കുന്നത്... മൂന്നു ചിക്കന്‍ ബിരിയാണി പറ... ചളം ആക്കല്ലേ....”

“അതല്ലേ ഞാന്‍ ആദ്യമേ നിങ്ങളോട് പറഞ്ഞത്, ഓര്‍ഡര്‍ ചെയ്യാന്‍...”

പെട്ടന്ന് ഫോണില്‍...

“മൂന്നു ചിക്കന്‍ ബിരിയാണി മതിയോ സാര്‍???”

“ആ... മതി... പെട്ടന്നയിക്കോട്ടേ... ട്ടോ. (വയര്‍ ഉഴിഞ്ഞു കൊണ്ട്, മുഖത്തിന്റെ ഷേപ്പ് ഒക്കെ മാറ്റിയിട്ടു) വിശന്നിട്ടു വയ്യ....”

അങ്ങനെ അന്നത്തെ രാത്രി കഴിഞ്ഞു രാവിലെ എണീറ്റ ഉടന്‍ പല്ല് പോലും തേക്കാതെ...

“ഫുഡ്‌ ഓര്‍ഡര്‍ ചെയ്യണ്ടേ?”

“ഓക്കേ, നമുക്ക്‌ അപ്പക്കടയില്‍ വിളികാം...”

അവന്‍ തന്നെ ഡയല്‍ ചെയ്തു... കാള്‍ എടുത്തത് ഒരു ഫിലിപ്പിനോ പെണ്‍കൊടി...

“ഗുഡ് മോര്‍ണിംഗ് സാര്‍...”

“വെരീ ഗുഡ് മോര്‍ണിംഗ്... അപ്പക്കടായ്???”

“എസ് സാര്‍”

“ഓക്കേ.. ഐ വാണ്ട്‌ ടു പ്ലേയ്സ് അ ന്യൂ ഓര്‍ഡര്‍”

“എസ് സര്‍”

“ദു യൂ ഹാവ് അപ്പം????”

പെട്ടന്ന് തന്നെ കാള്‍ കട്ട്‌ ചെയ്തു ചമ്മിയ മുഖത്തോടെ...

“യെടാ അപ്പക്കടയില്‍ വിളിച്ചു അപ്പം ഉണ്ടോ എന്ന് ചോദിച്ചു പോയി”

പിന്നെ ഒരിക്കല്‍ ഒരു രാത്രി ഇത് പോലെ സല്‍കാര ബിരിയാണി ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ ജീത്തുവിനു പുട്ട് ബിരിയാണി വേണം...

“എടാ അല്‍ മാദിയില്‍ വിളിച്ചു ഒരു പുട്ട് ബിരിയാണി ഓര്‍ഡര്‍ ചെയ്യെടാ”

“നീ തന്നെ വിളിച്ചോ നമ്പര്‍ അതാ ആ മെനുവില്‍ ഉണ്ട്...”

പിറുപിറുത്തു കൊണ്ട് നമ്പര്‍ നോക്കി ഡയല്‍ ചെയ്തു കാള്‍ ചെയ്തു...

“ഹലോ.. അല്‍ മാദി??? ആ.. ഇത് ഫ്രീഡം ഇന്റര്‍നെറ്റ്‌ കഫെ ബില്‍ഡിംഗ്‌ റൂം നമ്പര്‍ 1110… ഒരു പുട്ടു ബിരിയാണി...”

“ഹലോ... ഹലോ... ഫ്രീഡം... ഫ്രീഡം...”

“ഇവനെന്തോന്നു വല്ല സ്വാതന്ത്ര്യ സമരത്തിനും പോവാണോ??? എടാ ശരിക്കും പറഞ്ഞു കൊടുക്ക്... ഫ്രീഡം കഫെ അല്ലെങ്കില്‍ ശേബ 512… എന്ന് പറഞ്ഞാലും മതി..”

“അയാള്‍ക്ക് മലയാളം അറിഞ്ഞൂടാ എന്ന് തോന്നുന്നു...”

“അവിടെ മൊത്തം മലയാളികള്‍ ആണല്ലോ... ഒന്നൂടെ ചോദിച്ചേ?”

“ഹലോ ... ചേട്ടാ പുട്ട് ബിരിയാണി ഉണ്ടോ?? എന്ത്?? ഏ?? ഓക്കേ ഓക്കേ... മാഫി.. അല്ല, സോറി സോറി...”

ഫോണ്‍ കട്ട്‌ ചെയ്തു ഇടം കണ്ണിട്ടു ഞങ്ങളെ നോക്കി... ചിരി പൊട്ടാന്‍ റെഡി ആയി ഞങ്ങളും അവനെ തന്നെ നോക്കി....

“നമ്പര്‍ മാറിയെടാ.... ഏതോ ഒരു അറബി....”

അതും കഴിഞ്ഞു യു ടുബില്‍ എല്ലാരും മുങ്ങി തപ്പി കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് ജീത്തു...

“ഇവനേം കൊണ്ട് എന്തൊരു ശല്യമാണ്... ഇനി ഞാന്‍ എങ്ങനെ നാല് പേരുടെ മുഖത്ത് നോക്കും???”

“എന്താടാ പ്രോബ്ലം? ആരെങ്കിലും നിന്‍റെ വീഡിയോ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ടോ???”

“അല്ല, കണ്ടില്ലേ? സന്തോഷ്‌ പണ്ഡിറ്റ്ന്റെ പുതിയ പടം വരുന്നു.. ജീത്തു ഭായ് എന്നാ ചോക്ലേറ്റ്‌ ഭായ്... മനുഷ്യന് മനസ്സമാധാനം തരില്ല എന്ന് തന്നെ...”

അന്ന് രാത്രി തന്നെ അടുത്ത വെടി പൊട്ടി... ഡിസ്കവറി ഗാര്‍ഡനില്‍ ഉള്ള മസാല ബേ എന്നാ രേസ്ടരന്റില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ജീത്തു തന്നെ മുന്നിട്ടിറങ്ങി... അപ്പോളാണ് പ്രശോബ്‌ വന്നത്...

“നീയെന്താ ലേറ്റ് ആയത്?”

“കുറച്ചു ചുറ്റിപോയെടാ... റോഡ്‌ മാറിപ്പോയി... അവസാനം ബിസിനസ്‌ ബേ പിടിച്ചു ആണ് ഇവിടെ എത്തിയത്...

ഏകദേശം ഇതേ സമയം ആണ് ജീത്തുവിനു മസാല ബേ യില്‍ കാള്‍ കണക്ട് ആയത്... അവിടേം ഇവിടേം ശ്രദ്ധിച്ചു ആകെ കണ്ഫ്യുഷനില്‍ ആയിപ്പോയ ജീത്തു...

“ഹലോ... ബിസിനസ്‌ ബേ അല്ലെ???”

ആ ക്ഷീണം തീര്‍ന്നതും... പ്രശൊഭ്...

“എടാ ടോയോടാ പ്രാഡോ പുതിയ മോഡല്‍ കണ്ടു നരി മാര്‍ക്ക്‌...”

ഉടനെ ജീത്തുവിന്റെ മറുപടി...

“ആ ഞാനും കണ്ടിട്ടുണ്ട് ബാക്കില്‍ ടയര്‍ ഇല്ലാതതല്ലേ???”

അന്നുരാത്രി കിടക്കുമ്പോള്‍ ഉറക്കത്തില്‍...

“പ്രശോഭെ... ആ സ്റ്റാര്‍ ഗണ്‍എടുക്കു...”

“അമ്മെ.. അതെന്താ സാധനം???”

“സ്റ്റാര്‍ ഗണ്‍.... സ്റ്റാര്‍ ഗണ്‍....”

വീണ്ടും കൂര്‍ക്കം വലി

ഈ കഥകള്‍ ഒക്കെ ജീത്തു വായിക്കാന്‍ കുറച്ചു സമയം എടുക്കും.... കാരണം, സ്കൂള്‍ പഠനം ഒക്കെ ഇന്ത്യയിലെ പല പല സ്ഥലത്ത് ആയത് കൊണ്ട് മലയാളം വായിക്കാന്‍ പഠിച്ചത് കണ്ണൂര്‍ SN കോളേജില്‍ ചേര്‍ന്നതിനു ശേഷം ആണ്... പ്രശോബ്‌ ആയിരുന്നു ഗുരു... ഇപ്പോളും മലയാളം വായിക്കുമ്പോള്‍ അക്ഷര പിശാചു ഇടയ്ക്കു കേറി വരും.
നാട്ടില്‍ വെച്ച് യാത്ര ചെയ്യുമ്പോള്‍ പ്രശോബ്‌ കാര്‍ ഒരു പെട്ടിക്കടയുടെ അടുത്ത് നിര്‍ത്തി...

“ഡാ... നീ പോയി കുറച്ചു പഴം വാങ്ങി വാ..”

“എന്ത് പഴം ആണ്??”

“ഒരു രണ്ടു കിലോ ഷിന്നി പൂവന്‍ വാങ്ങിക്കോ”

കടയില്‍ നെഞ്ചും വിരിച്ചു കേറി ചെന്ന ജീത്തു, കടക്കാരനോട്...

“ചേട്ടാ... രണ്ടു കിലോ ഷിന്നി പൂവന്‍...”

“എന്ത്?”

“ഷിന്നി പൂവന്‍!!!!”

“ഷിന്നി പൂവനോ??? ചിന്നപൂവന്‍ ആണോ??? തമിളാ????”

“അല്ല ചേട്ടാ... അത് വന്ത്....”

അവിടുന്ന് കാറില്‍ കയറി വരുമ്പോള്‍ താഴെ ചോവ്വക്ക് അടുത്ത് എത്തിയപ്പോ ഒരു ഉന്തു വണ്ടിയില്‍ കടല വില്‍ക്കുന്നു... നല്ല ചൂടോടെ കടല വറുക്കുന്നും ഉണ്ട്... നേരെ കടല വറുക്കുന്ന ആളുടെ അടുത്ത് പോയി ഒരു രൂപ നീട്ടിയിട്ടു....

“ചേട്ടാ... കടല ഉണ്ടോ?”

പ്രശോബിന്റെ വാക്കുകളില്‍ പറയുകയാണെങ്കില്‍ അയാള്‍ അപ്പോള്‍ തന്നെ കട പൂട്ടി വീട്ടില്‍ പോയി...

ഈയിടെ ജീത്തുവിനു ഡ്രൈവിംഗ് ലൈസെന്‍സ് കിട്ടി... രണ്ടാമത്തെ ടെസ്റ്റില്‍ തന്നെ അതോപ്പിചെടുത്തു... പക്ഷെ, ആദ്യ ദിവസം... അത് ഒരിക്കലും ജീത്തു മറക്കില്ല... ഡ്രൈവിംഗ് അറിയാം എന്ന് പറയണ്ട, അപ്പൊ അവര്‍ വേണ്ട പോലെ നോക്കില്ല എന്ന് പറയുന്നത് കേട്ട് വിശ്വസിച്ച ജീത്തു ഡ്രൈവിംഗ് അറിയില്ല എന്ന് തീര്‍ത്തു പറഞ്ഞു...
ഇന്‍സ്ട്രക്ടര്‍ ജീത്തുവിനെയും കൂട്ടി ഒരു പഴയ കാറില്‍ കയറ്റി, നിര്‍ത്തിയിട്ട വണ്ടിയില്‍ ഗിയറും സ്ടിയരിങ്ങും മാറ്റി മാറ്റി കളിക്ക് ഒരു ഇരുപതു മിനിറ്റ്.... എന്നും പറഞ്ഞു പോയി.... യാത്രക്കാരുടെ ശ്രധയിലെ ഇന്നസെന്റ്ന്‍റെ സ്ടുടെന്റിനെ പോലെ പാവം ജീത്തു ഗിയര്‍ മാറ്റി കളിച്ചു...

ഇനിയും ജീത്തുവിനെ കുറിച്ച് എഴുതിക്കൊണ്ടിരുനാല്‍ എന്നെ ഓഫീസില്‍ ഇരുത്തി ഇവരെല്ലാം പോവും... എന്നെ ഇന്ന് പിക്ക്‌ ചെയ്യാന്‍ വരാം എന്ന് ഏറ്റതും ഇതേ ജീത്തു ആണ്... നിര്‍ത്തുമ്പോള്‍ ഒരു വിഷമമേ ഉള്ളു, ഇന്ന് രാത്രിയിലെ ജീത്തുവിന്റെ ലീലാവിലാസം ഇതില്‍ ചേര്‍ക്കാന്‍ ആവില്ലല്ലോ എന്ന്...