Tuesday, June 15, 2010

തമ്പുവിന്റെ പെണ്ണുകാണല്‍

കാട്ടിക്കുളം to ദുബായ്, പിന്നെ കാട്ടിക്കുളം to അബുദാബി പോയി സ്വന്തം കാലില്‍ തനിക്ക് നിവര്‍ന്നു നില്ക്കാന്‍ പറ്റും എന്ന് പൂര്‍ണ ബോധ്യം വന്ന കാലം... തമ്പുവിനു ഒരു ചിന്ത...

"ഒരു പെണ്ണ് കെട്ടിയാലോ" ???

വയനാട് ഏരിയ വിട്ടു പിടിക്കാം, നാട്ടില്‍ നാറരുത്... പക്ഷെ ആരോട് പറയും ഇങ്ങനെ ഒരു ആഗ്രഹം ഉണ്ട് എന്ന്??? സ്ത്രീ വിഷയത്തില്‍ അത്ര താല്പര്യം ഇല്ലാത്ത ആരോടെങ്കിലും പറയാം... അല്ലെങ്കില്‍ കഥ ഇറങ്ങും...

അങ്ങനെ തമ്പന്‍ തന്റെ വിശ്വസ്ത സുഹൃത്തും സര്‍വോപരി തന്റെ "ബാല്യകാല സഖാവും" ആയ ഷിജുവിനെ കണ്ടു മുട്ടി, (പേര് സാങ്കല്‍പ്പികം മാത്രം... എന്നാലും ഇരിക്കട്ടെ ഒരു മുഴുവന്‍ പേര്, PP SHIJU.)

കാര്യം പറഞ്ഞപ്പോ ഷിജു സന്തോഷത്തോടെ ഏറ്റെടുത്തു...

"ഡാ മാനന്തവാടി ഒരു പെണ്ണുണ്ട്... പേര് ഡാലിയ.."
പെട്ടന്ന് പാട്ടുകാരന്‍ മാര്‍കൊസിനെ ഓര്‍മ വന്നതുകൊണ്ട് തമ്പന്‍ പറഞ്ഞു "വേണ്ട"

"എന്താ കാര്യം?? വല്ല പ്രശ്നവും ഉണ്ടോ? "

"അതല്ല, എന്‍റെ കൂടെ വര്‍ക്ക്‌ ചെയ്ത ഒരുത്തന്റെ നാടാണ്... റിസ്ക്‌ എടുക്കണോ? പിന്നെ വയനാട് നിന്നും ഒന്ന് മാറ്റിച്ചവിട്ടിക്കോ... എനിക്കിവിടെ പെണ്ണ് കിട്ടുമോ?"

"എടാ ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറഞ്ഞ പോലെ ആണ് നിന്‍റെ കാര്യം.. നീയൊന്നു ആലോചിച്ചു നോക്ക്... വയനാടില്‍ ആരുടെ കയ്യിലാണ് ബ്ലാക്ക്‌ബെറി ഉള്ളത്?"

തമ്പു അഭിമാനത്തോടെ തന്റെ കയ്യിലുള്ള ബ്ലാക്ക്ബെറി മൊബൈല്‍ നോക്കി...

"ഓകേ... ഡാലിയ എങ്കില്‍ ഡാലിയ... പോവാം..."

"ഡാ വേറൊരു പ്രോബ്ലം.. അവളുടെ തന്ത ഹിന്ദുവും തള്ള ക്രിസ്ത്യാനിയും ആണ്... പ്രശ്നം ഉണ്ടോ?"

"എന്തു പ്രശ്നം? നമുക്കാദ്യം പോയി നോക്കാടാ..."

പെണ്ണ് കാണല്‍ നമ്പര്‍ 1 - ഡാലിയ

വീട്ടിനകത്ത് കയറലും തമ്ബന്റെ സകല ധൈര്യവും പോയി... അകത് അഴിച്ചിട്ടിരിക്കുന്ന ഒരു പട്ടി!!! അതു അടുത്ത് വന്നു മുഖത്ത്‌ നോക്കി ഇരിക്കാന്‍ തുടങ്ങി... തമ്പന്‍ മനസ്സില്‍ പറഞ്ഞു

"പോടാ നായിന്റെ മോനെ"

അപ്പൊ പട്ടിയും മനസ്സില്‍ പറഞ്ഞു കാണണം,

"നിനക്ക് തരാന്‍ ഇവിടെ പെണ്ണ് ഇല്ലെടാ പട്ടി!!!"

അങ്ങനെ തംബനും പട്ടിയും കൂടെ വാദപ്രതിവാദം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സഹായത്തിനു പെണ്ണിന്റെ അച്ഛന്‍ വന്നു... "ശശീ... കം... ഗോ..."

"ശശിയോ??? "

"അതേ ഇവന്റെ പേര് ശശി എന്നാ... എന്‍റെ ഒരു ഡ്രൈവര്‍ ഉണ്ടായിരുന്നു.. അവന്‍ എന്നെ പറ്റിച്ചു മുങ്ങി.. അന്ന് ഞാന്‍ ഇവന് ഇട്ട പേരാണ് ശശി.. എന്‍റെ ഡ്രൈവറുടെ പേര്..."

അപ്പൊ ഷിജു, "ഡാ ഇത് വേണോ? മിക്കവാറും അടുത്ത പട്ടിക്ക് അയാള്‍ നിന്‍റെ പേരിടും"

"അപ്പൊ മോളെ വിളിക്കാം അല്ലെ?"

"ആവാം"

"മോളെ വരൂ..."

തമ്പന്‍ പ്രാര്‍ത്ഥിച്ചു.. "ഈശ്വരാ നല്ല പച്ചതക്കാളി ആയിരിക്കണേ"

അപ്പൊ കുട്ടി വന്നു... കൊള്ളാം കുഴപ്പം ഇല്ല... ലേശം തടി കൂടുതലാണോ.. ഹേ അല്ല... ചായ കൊടുത്തു, വാങ്ങി കുടിച്ചു ...

"മക്കള്‍ക്ക് എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍ പുറത്തേക്ക് ഇറങ്ങിക്കോളൂ..."

മുറ്റത്തെ മാവിന്‍ചോട്ടില്‍ നിക്കുമ്പോള്‍... പറ്റരുത് പറ്റരുത് എന്ന് വിചാരിച്ചത് പറ്റി...

"ഡാലിയടെ പേരെന്താ?"

ചമ്മല്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഉത്തരം വന്നു

"ഫരിത"

"ഫരിതയോ?"

'അല്ല, ഫ... രി... ത... ഡാലിയ എന്ന പേര് പള്ളിയിലെയാ..."

"സരിത എന്നാണോ പേര്?"

"അതേ..."

ഈശ്വരാ അപ്പൊ സ = ഫ

ഇനിയെന്ത് ചെയ്യും എന്ന് വിചാരിച്ചിരിക്കുമ്പോള്‍ സരിത,

"ചേട്ടാ.. ഒരു ഹെല്പ് ചെയ്യോ? ഈ കല്യാണത്തില്‍ നിന്നു പിന്മാറുമോ?? എനിക്കൊരാളെ ഇഷ്ടമാണ്... ഫഞ്ചാരി ബഫിലെ ഫുന്തരേട്ടന്‍... എന്തു രഫാ എന്നറിയോ ഫുന്തരേട്ടനെ കാണാന്‍"

തമ്പന്‍ തല വെട്ടിച്ചു ജനലിലൂടെ ഷിജുവിനെ നോക്കി.... പട്ടി... രണ്ടു പുരികവും പൊക്കി പ്രോത്സാഹിപ്പിക്കുന്നു...

"പ്ലീഫ് ചേട്ടാ.. എന്നെ ഒരു ഫഹോദരിയെ പോലെ കാണണം..."

ഒടുവില്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു വിവരം അറിയിക്കാം എന്ന് പറഞ്ഞു തിരിച്ചു കാറില്‍ വരുമ്പോ ഷിജു,

"കള്ളന്‍, ഇഷ്ടപ്പെട്ടല്ലേ???"

"ഫാ തെണ്ടീ പട്ടീ... ഇനിയുണ്ടോടാ ഇത് പോലത്തെ ഫുന്ദരിയും ഫുശീലയും ആയ പെണ്ണുങ്ങള്‍???"

ഒന്നും മനസ്സിലാവാതെ അന്ധാളിച്ചു ഇരിക്കുന്ന ഷിജുവിന്റെ മുഖത്ത്‌ രംഗം അവസാനിക്കുന്നു...

No comments:

Post a Comment