Friday, February 11, 2011

സമദ്‌ സാര്‍

തൃശൂര്‍ പോവാന്‍ വേണ്ടി ആയിരുന്നു പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ എത്തിയത്.. ആകപ്പാടെ ഉള്ളത് പത്തോ പതിനഞ്ചു ദിവസത്തെ ലീവ്. എത്ര കുറവാണെങ്കിലും ഒരു ഗുരുവായൂര്‍ പോക്ക് മുടക്കുന്നതല്ല. ഇന്ന് നേരെ തൃശ്ശൂര്‍ക്ക് വിട്ടു രമമായിടെ അടുത്ത് താമസിച്ചു അവിടുന്ന് കുട്ടനേം കൂട്ടി രാവിലെ ഗുരുവായൂര്‍ പോവാം. അത് കഴിഞ്ഞു തൃശൂര്‍ ഉള്ള എല്ലാ അമ്മാവന്മാരുടെയും അമ്മയിമാരുടെയും വീട്ടില്‍ ഒരു ഓട്ടപ്രദക്ഷിണം. രാത്രി തിരിച്ചു വെങ്ങരക്ക്. അതാണ്‌ ഇന്നത്തെയും നാളത്തേയും ഷെഡ്യൂള്‍. 

ഇന്റര്‍സിറ്റി എക്സ്പ്രസ്സ്‌ എപ്പോളാ എന്ന് അറിഞ്ഞൂട. മൂന്നെ മുക്കാല്‍ ആയപ്പോലെക്കും സ്റ്റേഷനില്‍ ഞാന്‍ ഹജേര്‍. ടിക്കറ്റ്‌ എടുത്തു ഞാന്‍ സമയവിവര പട്ടിക നോക്കി. നാലേ മുക്കാല്‍!!! ഒരു മണിക്കൂര്‍ എന്ത് ചെയ്യും? പണ്ട് ധിഷ്ണയില്‍ പോവാന്‍ സ്ഥിരമായി ആശ്രയിച്ചിരുന്ന സ്റ്റേഷന്‍ ആണ്. ഒന്ന് ചുറ്റി നടക്കാം. അതാ റെയില്‍വേ സ്റ്റേഷനില്‍ പുതിയൊരു പെട്ടിക്കട. കടയോട് ചേര്‍ന്ന് നിന്ന് ഒരാള്‍ ചായ കുടിക്കുന്നു. സൂക്ഷിച്ചു നോക്കി. സമദ്‌ സര്. ഫിസിക്സ് പ്രൊഫസര്‍. എന്റ്റെ നടത്തത്തിന്റെ വേഗം കൂടി. മുഖത്ത് ഞാന്‍ അറിയാതെ തന്നെ ചിരി വന്നു. അടുത്ത് ചെന്ന് സാറിന്റെ കൈ പിടിച്ചു. ഇല്ല, എന്നെ 
മനസ്സിലായിട്ടില്ല.

“സര്‍, സൂരജ്‌... 2001 ബാച്ച്”

എന്റെ കൈ വിടുവിച്ചു എന്റെ തോളില്‍ സര്‍ കൈ വെച്ച്,

“ആ... എവിടെയാടോ? ആകെ മാറിപ്പോയല്ലോ...”

“സാറും...”

“പിന്നെ മാറാതിരിക്കുമോ? വയസ്സായില്ലേ? പത്തു കൊല്ലം കഴിഞ്ഞില്ലെടോ നിങ്ങള്‍ പോയിട്ട്? കല്യാണമൊക്കെ കഴിഞ്ഞോ?”

“ഇല്ല സര്‍, നിങ്ങളെ ഒക്കെ അറിയിക്കതെയോ?”

“വാ, നമുക്കങ്ങോട്ടു പോവാം ലിങ്ക് പോയി ഇനി മംഗളക്ക് 
സപ്പ്ലിമെന്ടരി ടിക്കറ്റ്‌ എടുക്കണം, വാ...”

സാര്‍ മുന്നില്‍ നടന്നു, പണ്ട് ഫൈനല്‍ ഇയര്‍ ടൂര്‍ പോയപ്പോള്‍ സാറും ഭാര്യയും ആയിരുന്നു ഞങ്ങളുടെ കൂടെ വന്നത്. എന്റെ മനസ്സ് വായിച്ച പോലെ സര്‍ ചോദിച്ചു.

“അന്ന് നമ്മള്‍ എങ്ങോട്ടായിരുന്നെടോ ടൂര്‍ പോയത്‌?”

അമ്പരപ്പ് മാറാതെ ഞാന്‍ ഉത്തരം കൊടുത്തു.

ബാംഗ്ലൂര്‍ സാര്‍, പിന്നെ മൈസൂറും”

“ആ...”

ടിക്കറ്റ്‌ എടുത്തു ഞാനും സാറും ഇരുന്നു കുറെ സംസാരിച്ചു... ഈ വര്ഷം മൊഹമ്മദ്‌ സര്‍ പെന്‍ഷന്‍ ആവുന്നു, 2014 സുരേഷ് സാറും കൈരളി മിസ്സും.. പിന്നെ ദാമോദരന്‍ സാറിന്റെയും, സുലൈമാന്‍ സാറിന്റെയും, മോഹമ്മേദ്‌ കുട്ടി സാറിന്റെയും മരണം... സര്‍ അല്പ്പ നേരം മിണ്ടാതെ ഇരുന്നു... സാറിന്റെ അടുത്ത് ഞാന്‍ ഇരുന്നു... എന്റെ കൈ സാറിന്റെ കൈക്കുള്ളില്‍ തന്നെ. സാര്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു... പക്ഷെ എന്റെ മനസ്സ് പത്തു കൊല്ലം പിന്നോട്ട് പോവുകയായിരുന്നു...

2001 കോളേജ് കാലഘട്ടം, ഓരോ ദിവസവും എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ചെയ്യണം എന്ന വാശി ആയിരുന്നു ഞങ്ങള്‍ക്ക്. അന്നത്തെ പരിപാടി ഒരു പ്രത്യേകത ഉള്ളതായിരുന്നു... ഞാന്‍, ജയന്‍, റിയാസ്‌, ഹാഷിം, റിയാസ്‌ ചാക്കീരി... എല്ലാരും വെള്ള ഷര്‍ട്ടും കറുപ്പ് പാന്റ്സും ഇട്ടു വരുക. എന്നിട്ട് കൈ കോര്‍ത്ത്‌ പിടിച്ചു കോളേജ് ഗ്രൌണ്ട് വലം വെച്ച് ക്ലാസ്സില്‍ ഒപ്പം കേറുക... പറഞ്ഞത് പോലെ എല്ലാവരും കറുപ്പ് പാന്റ്സും വെള്ള ഷര്‍ട്ടും ഇട്ടു കോളേജ്നു മുന്നിലെ കൂള്‍ബാറില്‍ എത്തി. അവിടെ നിന്നും കൈ കോര്‍ത്ത്‌ പിടിച്ചു കോളേജ് ഗ്രൗണ്ടില്‍ കാലെടുത്തു കുത്തിയെതെ ഓര്മ ഉള്ളു...

“കൂയ്‌..... കൂ....”

“അത് മിഥുന്‍ടെ ഒച്ചയാ... പട്ടി... അവനു ഞാന്‍ വെച്ചിട്ടുണ്ട്...”

ഹാഷിമിന്റെ ആത്മഗതം...

എന്റെ ധൈര്യം ഏതാണ്ട് ചോര്‍ന്നു തുടങ്ങിയിരിക്കുന്നു... അപ്പോളേക്കും കൂവലിന്റെ ശബ്ദം ഏതാണ്ട് മൂര്ധന്യവസ്ഥയില്‍ എത്തിയിരിക്കുന്നു...ഇത്ര അധികം കുറുക്കന്മാര്‍ ഉണ്ടോ ഇവിടെ? അതും എജ്ജാതി കൂവല്‍... ഈ നശിച്ച ഗ്രൌണ്ട്നു ഇത്രയും ദൂരം ഉണ്ടോ? ഞങ്ങള്‍ അഞ്ചു പേരും ആഞ്ഞു നടന്നു. വരാന്തയില്‍ കേറി... കോണിപ്പടി ഓടി കേറി... ക്ലാസിനു മുന്നില്‍ എത്തി... അകത്തു നിന്നും ക്ലാസ്സ്‌ എടുക്കുന്ന ശബ്ദം.

ശ്വാസവും ഹൃദയമിടിപ്പും ഒക്കെ നോര്‍മല്‍ ആക്കിയിട്ട് ജയന്‍,

“ആരാടാ ഫസ്റ്റ് അവര്‍??”

“സമദ്‌ സര്‍”

“നമുക്കൊപ്പം കേറാം??”

“വേണ്ട... നമ്മടെ ക്ലാസ്സിലും ഉണ്ടല്ലോ തല തെറിച്ച കുറെ എണ്ണം... അവളുമാര് കൂവും... ആരാ ആദ്യം കേറുന്നത്?”

ഞാന്‍ “ഞാന്‍” എന്ന് പറയലും ഓടി ഡോര്‍ തുറന്നു പെര്‍മിഷന്‍ ചോദിക്കലും കഴിഞ്ഞു... സര്‍ കേറി ഇരിക്കാന്‍ പറഞ്ഞു... ശ്വാസം അടക്കി പിടിച്ചു ഞാന്‍ അകത്തു കേറി. ഒരു മിനിറ്റ് ആയിക്കാണും... വാതില്‍ക്കല്‍ നിന്നും... റിയാസ് ചാക്കീരി...

“സാര്‍...”

സാര്‍ തിരിഞ്ഞു നോക്കി... ഒന്ന് മൂളി.... റിയാസ്‌ വേഗം വന്നു അകത്തു കേറി.... എന്റെ അടുത്ത് വന്നിരുന്നു.... പെട്ടന്ന് നസ്രീന്‍ തിരിഞ്ഞു ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി... അവളുടെ സംശയം പെട്ടന്ന് മാറ്റാന്‍ ഞാന്‍ ഒരു ചോദ്യം ഇട്ടു കൊടുത്തു...

“എന്താ?”

“ഒന്നും ഇല്ല”

പെട്ടന്ന്... ഹാഷിം,

“സാറേ...”

സാര്‍ തിരിഞ്ഞു നോക്കി.... എന്നിട്ട് എന്നേം റിയാസിനേം നോക്കി... സാറിന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു...

“മ്.. കേറിവാ...”

ഹാഷിം വന്നു എന്റെം റിയാസിന്റെം അടുത്ത് വന്നിരുന്നു... പെട്ടന്ന് നസ്രീന്‍ തിരിഞ്ഞു ഞങ്ങളെ മൂന്നു പേരെയും മാറി മാറി നോക്കി... 
ഞങ്ങളുടെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്...

“ഇതെന്താ ഇങ്ങനെ??”

“എങ്ങനെ? മുന്നോട്ടു നോക്കടീ..”

അപ്പൊ കേട്ട് അടുത്ത “വിലാപം”... ജയന്‍...

“സാര്‍...”

“ഇതെന്താ ഇവിടെ ഫാന്‍സി ഡ്രസ്സ്‌ വല്ലതും ഉണ്ടോ?”

ഇളിഞ്ഞ മുഖത്തോടെ ജയന്‍...

“ഇല്ല സര്‍...”

“പിന്നെന്താ ഇതിന്റെ ഒക്കെ അര്‍ഥം???”

“ഒരു തമാശ സര്‍”

“എവിടെ റിയാസ്‌?”

“ആ വാതിലിന്റെ പുറകില്‍ ഒളിച്ചു നിപ്പുണ്ട് സര്‍”

“റിയാസ്‌”

“ഓ....”

റിയാസും ഹജേര്‍...

“നിങ്ങള്‍ക്കൊക്കെ പത്തിരുപതു വയസ്സായില്ലേ?... അയ്യേ... കേറി ഇരിക്...”

ക്ലാസ്സില്‍ ഇരുപത്തൊന്നു പെണ്‍കുട്ടികളുടെയും പിന്നെ ഞങ്ങള്‍ കൂട്ടത്തില്‍ കൂട്ടാത മൂന്നു ആണ്‍കുട്ടികളുടെയും ചിരി മല്‍സരം നടക്കുകയായിരുന്നു... അതിനിടയിലൂടെ രണ്ടു പേരും കൂടെ അതെ ബെഞ്ചില്‍ നിരന്നിരുന്നു...

സിമിജ പിന്നോട്ട് ചാരി ഇരുന്നു... എന്നിട്ട് ചോദിച്ചു...

“ഇതാരുടെ ഐഡിയ ആണ്???”

“പട്ടി കഴുവേറി ഹാഷിമിന്റെ...”

“യാ.. ഹ ഹ ഹാ...”

ഒരട്ടഹാസം ആയിരുന്നു പിന്നെ...

“എന്താ സിമിജാ... നിനക്ക് അവരുടെ കൂടെ പോയി ഇരിക്കണോ?”

“വേണ്ട സര്‍”

ക്ലാസ്സ്‌ കഴിയാലും സമദ്‌ സാര്‍ ഞങ്ങളെ അഞ്ചു പേരെയും വിളിച്ചു...

“നാളെ എല്ലാ എണ്ണവും കൂടെ എന്റെ വീട്ടിലേക്കു വരുന്നതൊക്കെ കൊള്ളാം... ഞാന്‍ വടകര വളരെ മാന്യന്‍ ആയി താമസിക്കുന്ന ഒരാള്‍ ആണ്... എന്നെ പറയിപ്പിക്കരുത്...”

“ഇല്ല സാര്‍, ഞങ്ങള്‍ ഡീസെന്റ്‌ ആയിക്കോളാം സാര്‍...”

സംഭവം ഇതായിരുന്നു... സാര്‍ വടകര പുതിയൊരു വീട് വെച്ച്. വീട്ടു കൂടല്‍ കഴിഞ്ഞ കാര്യം റിയാസ്‌ എങ്ങനെയോ മണത്തു അറിഞ്ഞു. അന്ന് മുതല്‍ പാവം സാറിനെ ട്രീറ്റ്‌ ചോദിച്ചു ബുധിമുട്ടിക്കുകയായിരുന്നു ഞങ്ങള്‍ അഞ്ചു പേരും. ഒടുവില്‍ സഹി കെട്ടു സമദ്‌ സാര്‍ ഞങ്ങളെ പുതിയ വീട്ടിലേക്കു ക്ഷണിച്ചു... അങ്ങനെ ഞങ്ങള്‍ അടങ്ങുന്ന ക്ലാസ്സിലെ എട്ടു ആണ്‍കുട്ടികള്‍ ഒരു ഞായറാഴ്ച വടകര പോവാന്‍ റെഡി ആയി...

അങ്ങനെ ഒരു ഞായറാഴ്ച ഞങ്ങള്‍ എട്ടു പേര്‍ ചേര്‍ന്ന് വടകര ഇരിങ്ങല്‍ എത്തി. സാറിന്റെ വീടും കണ്ടു ഒരു ചായയും കുടിച്ചു തിരിച്ചു പോവാന്‍ വന്ന ഞങ്ങള്‍ കണ്ടത്‌ ഞങ്ങളെ കാത്തു നില്‍ക്കുന്ന വലിയൊരു കുടുംബത്തെ... വീടിനകത്ത് കേറിയ ഞങ്ങള്‍ അമ്പരന്നു പോയി. ഒരു ഡൈനിങ്ങ്‌ ടേബിള്‍ നിറയെ വിഭവങ്ങള്‍... ചിക്കന്‍, മട്ടന്‍, ബീഫ്‌, കോഴിമുട്ട തുടങ്ങിയവ കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍... അതെല്ലാം കഴിച്ചു കഴിഞ്ഞപ്പോലെക്കും സമയം പതിനൊന്നു മണി... കുടുംബക്കാരെ ഒക്കെ പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ സാറിന്റെ വക ഞങ്ങളെ ഞെട്ടിച്ച ഡയലോഗ്...

“നമുക്കൊന്ന് പുറത്തു കറങ്ങി വരാം... ഇവിടെ കുഞ്ഞാലി മരക്കാരുടെ മ്യുസിയം ഒക്കെ ഉണ്ട്... തിരിച്ചു വരുംബോലെക്കും ബിരിയാണി റെഡി  ആവും...!!!!”

ഞങ്ങള്‍ എട്ടു പേരും തമ്മില്‍ തമ്മില്‍ നോക്കി... പിന്നെ സാറിനെ നോക്കി 
തലയാട്ടി...

“ഇയാള് എന്ത് മനുഷ്യന്‍ ആണ്??? ഇത് കുറച്ചു നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നമ്മള്‍ ഇങ്ങനെ വാരി വലിച്ചു കഴിക്കുമോ???”

തിരിഞ്ഞു നോക്കിയപ്പോ അനീസ്‌...

എല്ലാവരും സമദ്‌ സാറിന്റെ കൂടെ മ്യുസിയം കാണാന്‍ പോയി... ചെറിയ ഒരു കെട്ടിടം... അതിനുള്ളില്‍ കുഞ്ഞാലിമരക്കാര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ഒക്കെ വെച്ചിരിക്കുന്നു... അവിടെ കുഞ്ഞാലിമരക്കാരുടെ വാളും കത്തിയും ഓക്കെ കണ്ടു... സാര്‍ ആണെങ്കില്‍ കുഞ്ഞാലിമരക്കാരുടെ വീര സാഹസിക കഥകള്‍ വിവരിക്കുന്ന തിരക്കില്‍... അവിടുന്ന് പുരത്തിരങ്ങിയപ്പോലേക്കും പള്ളിയില്‍ പോവാന്‍ ഉള്ള 
നേരമായി...

“കുഞ്ഞാലിമരക്കാരുടെ പള്ളി ഉണ്ട് ഇവിടെ... അവിടെ പോവാം”

സാര്‍ ഞങ്ങളെയും കൂട്ടി അവിടേക്ക് പോയി... പഴയൊരു പള്ളി... എല്ലാവരും നിസ്കരിക്കാന്‍ വേണ്ടി അകത്തേക്ക് കയറി... ഞാനും ജയനും എന്ത് ചെയ്യണം എന്നറിയാതെ പുറത്തു നിന്നു... അപ്പോള്‍ ജയന്‍...

“നമുക്കിവിടെ ഇരിക്കാം... ആരെയും കാണുന്നില്ല...”

“കുഴപ്പം ഒന്നും ഉണ്ടാവില്ലയിരിക്കും അല്ലെ?”

“എന്ത് കുഴപ്പം??? നീ ആളെ പേടിപ്പിക്കാതെ...”

ആദ്യം ഞങ്ങള്‍ പള്ളിയുടെ വരാന്തയുടെ സൈഡില്‍ ചാരി നിന്നു.. പിന്നെ ഒരു തുട കേറ്റി വച്ചു നിന്നു... കുറച്ചൂടെ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും വരാന്തയില്‍ കയറി ഇരുന്നു... അപ്പോള്‍ ഒരാള്‍ പള്ളിയുടെ ഗേറ്റ് കടന്നു വന്നു... ഞങ്ങള്‍ രണ്ടു പേരും വരാന്തയില്‍ നിന്നും ചാടി ഇറങ്ങി... വളരെ മാന്യന്മാര്‍ ആയി നിന്നു... നിസ്കരിക്കുന്നതിന്റെ മുന്നിലെ ദേഹശുദ്ധി വരുത്താന്‍ വേണ്ടി അകത്തു കയറാന്‍ പോയ അദ്ദേഹം ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട്...

“അസ്സലാമു അലൈക്കും”

വാ അലൈക്കും  ഉസ്സലാം” !!!!

മറുപടി പറഞ്ഞത്‌ ജയന്‍ ആണ്...

“നിസ്ക്കരിച്ചാ?”

അദ്ധേഹത്തിനു രണ്ടു ഉത്തരം കിട്ടി....

“ആ” (എന്റെ വായില്‍ നിന്നും)

“ഇല്ല” (ജയന്റെ വായില്‍ നിന്നും)

രണ്ടും ഒരേ സമയം പറഞ്ഞത് കൊണ്ടും, ജയന്റെ ശബ്ദം അല്‍പ്പം ഉയര്‍ന്നത് കൊണ്ടും എന്റെ “ആ” അദ്ദേഹം കേട്ടില്ല...

“ന്നാ വരീ”

കൃഷ്ണാ... ചതിച്ചു... അതാ നിസ്ക്കരിക്കാന്‍ വിളിക്കുന്നു... ഞാന്‍ ജയന്റെ മുഖത്തേക്ക് നോക്കി... അവന്‍ എത്രയോ മുന്നേ എന്റെ മുഖത്തേക്ക് നോക്കാന്‍ തുടങ്ങിയിരുന്നു... ഞാന്‍ തന്നെ മറുപടി കൊടുത്തു...
അതെ, ഞങ്ങള്‍ PSMO യില്‍ പഠിപ്പിക്കുന്ന സമദ്‌ സാരുടെ കൂടെ കുഞ്ഞാലി മരക്കാരുടെ മ്യുസിയവും പള്ളിയും ഒക്കെ കാണാന്‍ വന്നതാ...”

“സമദിന്റെ കുട്ട്യോള് ആണല്ലേ? ന്നിട്ടെന്താ ങ്ങള് പൊറത്ത് നിക്ക്‌ന്നത്?? അകത്തേക്ക് വരീ”

“അല്ല, ഞങ്ങള്‍ പള്ളിക്കകത്ത് കേറിയാ...”

“ഞങ്ങളാത്ര പഴഞ്ഞനോന്നുഅല്ലാന്ന്.. വാ... പിന്നെ ദ്ദ് കുഞ്ഞാലി മറക്കാരെ പള്ള്യല്ലേ... എല്ലാ മതസ്ഥരും കാണാന്‍ ഉള്ളതാ”

അകത്തു കയറിയപ്പോ സമദ്‌ സാര്‍ ഒക്കെ നിസ്ക്കാരം കഴിഞ്ഞിരിക്കുന്നു...

“അല്ല, ഇവരൊക്കെ എവിടെര്‍ന്നു??”

“പൊറത്ത് നിക്കെര്‍ന്നു... ഞാനാ കൂട്ടി കൊണ്ട് വന്നത്..”

പിന്നെ പള്ളിക്കകം മൊത്തം നടന്നു കണ്ടു... ചിത്രപ്പണികള്‍... കുഞ്ഞാലി മരക്കാര്‍ ഒളിച്ചു താമസിച്ച സ്ഥലം... എല്ലാം...

“ദാ അവടെ നിന്നിട്ടാ മൂപ്പേര്‍ പുഴക്കപ്പുറത്ത്  ബ്രിട്ടിഷ്കാര്‍ വരുന്നുണ്ടോ എന്ന് 
നോക്കാറ്...”

പള്ളിയുടെ മുകളിലേക്ക് ചൂണ്ടു കാണിച്ചു സാര്‍ പറഞ്ഞു... പിന്നെയും കുറെ കഥകള്‍പറഞ്ഞു സാര്‍ നടന്നു... കുഞ്ഞാലി മരക്കാരുടെ വീര കഥകള്‍...

അപ്പോള്‍ റിയാസ്‌....

“നിനക്ക് വിശക്കുന്നുണ്ടല്ലേ???”

“കൊറച്ചു..”

“എന്റെ വയര് കാളുകയാ...”

അപ്പോള്‍ സാര്‍...

“ദാ.. അതാണ്‌ ഭാര്യയുടെ വീട്..”

പെട്ടന്ന് റിയാസ്‌ എന്നോട്,

“ആരുടെ വീടാന്നാ പറഞ്ഞത്‌??”

“സാറിന്റെ ഭാര്യയുടെ വീടാണ് പോലും...”

നോക്കിയപ്പോള്‍ വലിയൊരു തറവാട്... റിയാസ്‌ മുന്നോട്ടു നടന്നു ചെന്ന് സാറിനോട്,

“സാറ് പുളിങ്കോമ്പില്‍ തന്നെ ആണല്ലോ പിടിച്ചത്‌??? എന്താ വീട്...”

“എന്താ?”

“ഭാര്യവീടല്ലേ ഇത്???”

“എന്ട്യേല്ലെടോ... കുഞ്ഞാലിമരക്കാരുടെ!!!!”

റിയാസ്‌ വെട്ടി തിരിഞ്ഞു എന്നെ ഒരു നോട്ടം....

എനിക്ക് ചിരി പൊട്ടി...

“എന്താടോ ചിരിക്കുന്നത്???

നോക്കുമ്പോള്‍ സാറ്... ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍... സാറിന്റെ അടുത്ത്...

“അല്ല സാര്‍ ഞാന്‍ പഴയ ചെല  കാര്യങ്ങള്‍ ആലോചിച്ചതയിരുനു...”

പെട്ടന്ന് അനൌന്‍സ്മെന്റ്റ്...

“കണ്ണൂര്‍ നിന്നും എറണാകുളം വരെ പോവുന്ന ഇന്റെര്സിടി എക്സ്പ്രസ്സ്‌ പ്ലാട്ഫോം നമ്പര്‍ രണ്ടില്‍ എത്തിച്ചേരുന്നതാണ്....”

“അപ്പൊ ശരി സൂരജ്‌.... കാണാം....”

“ശരി സാര്‍, വിശേഷം വല്ലതും ഉണ്ടെങ്കില്‍ അറിയിക്കാം..”

“ക്രോസ് ചെയ്യുമ്പോള്‍ സൂക്ഷിക്കണം... ഇവിടെ ആണെങ്കില്‍ ഓവര്‍ ബ്രിഡ്ജ് ഇല്ല..”

സാര്‍ എന്റെ കൂടെ എണീറ്റു... ഞാന്‍ പാളം മുറിച്ചു കടന്നു അടുത്ത പ്ലാട്ഫോം കേറി തിരിഞ്ഞു നോക്കി...

ചിരിച്ചു കൊണ്ട് എന്റെ നേരെ കൈ വീശുന്ന സമദ്‌ സാര്‍...

നമ്മള്‍ വീണ്ടും കാണും സര്‍!!!