Saturday, January 25, 2014

കഫീല്‍

ബുധനാഴ്ച രാത്രി ഒമ്പത് മണിമുതല്‍ വ്യാഴാഴ്ച രാവിലെ നാലുമണി വരെ നീണ്ട ജോലിയും കഴിഞ്ഞു അബുധാബിയില്‍ നിന്നും തിരിച്ചെത്തി ആറരക്ക് കിടന്നുറങ്ങി പതിനൊന്നു മണി ആയപ്പോളേക്കും കാള്‍ വന്നു ഓഫീസില്‍ നിന്നും... അത്യാവശ്യമായി എത്തണം... ഒന്നര ആയപ്പോളേക്കും എത്തി... ദുബായില്‍ ഉള്ള ഒരു ക്ലയിന്റ് ന്‍റെ സിസ്റെംസ് എത്തിയിരിക്കുന്നു ശനിയാഴ്ച ദുബായ് റൂളിംഗ് ഫാമിലിയിലെ ഏതോ ഷെയ്ഖ്ന്‍റെ അപ്പോയിന്മെന്റ് ഉണ്ട്... അത് കൊണ്ട് ഇന്ന് തന്നെ ശരിയാക്കണം... എനിക്കാണെങ്കില്‍ ഉറക്കം വരുന്നു... വിശക്കുന്നു... എല്ലാരോടും ദേഷ്യം വരുന്നു... അവസാനം അതൊക്കെ മാറ്റി വെച്ച് സിസ്റ്റം ബാക്ക് അപ്പ്‌ ചെയ്യാന്‍ തുടങ്ങി...

കുറച്ചു കഴിഞ്ഞപ്പോള്‍ ഫ്രണ്ട് ഓഫീസില്‍ നിന്നും ഉച്ചത്തിലുള്ള സംസാരം കേട്ടു... ഏതോ അറബി ആണ്, എല്ലാവരെയും വിഷ് ചെയ്യുന്നു... ഉറക്കെ ചിരിക്കുന്നു... അപ്പോള്‍ ടെക്നിക്കല്‍ റൂമിലേക്ക്‌ കയറി വന്നയളോട് ചോദിച്ചു,

“ആരാ അവിടെ ഉറക്കെ സംസാരിക്കുന്നത്?”

“അത് കഫീല്‍ ആണ്...”

“എന്ന് വെച്ച??”

“സ്പോണ്സര്‍... കമ്പനി സ്പോണ്സര്‍... വല്ലപ്പോളുമേ വരൂ... നല്ല മനുഷ്യന്‍ ആണ് ഇങ്ങനെ ഒച്ചയും വിളിയുമൊക്കെ ഉണ്ടാക്കുമെന്നെ ഉള്ളു...”

അയാളെ പറ്റി ഞാന്‍ കേട്ടിട്ടുണ്ട്... ഒന്ന് രണ്ടു തവണ കണ്ടിട്ടും ഉണ്ട്... ഞാന്‍ തിരിച്ചു എന്‍റെ ജോലി തുടര്‍ന്നു... ഒരു മണിക്കൂര്‍ അതിന്റെ അതില്‍ തല കുത്തി മറിഞ്ഞിട്ടും ഒന്നും നടക്കുന്നില്ല... മാനുഅല്സ്, ടെക്നിക്കല്‍ ഗയ്ടും ഒക്കെ മലര്‍ത്തി വെച്ച് അതില്‍ തല പൂഴ്ത്തി ഇരിക്കുമ്പോള്‍ പിന്നില്‍ നിന്നും,

“സൂരജ്... എല്ലാരും പോവാണ്, ജോലി കഴിഞ്ഞാല്‍ വിളിക്ക്, ഓഫീസ് ക്ലോസ് ചെയ്യാന്‍ ആള് വരും...”

മാറ്റി വെച്ച ദേഷ്യം വീണ്ടും തല പൊക്കി... സമയം നാല് മണി കഴിഞിരിക്കുന്നു... ഞാന്‍ വീണ്ടും ബുക്കിലേക്ക് തല പൂഴ്ത്തി... ഇന്നലെ രാത്രി ഒമ്പതരക്ക് മൂന്നു ചപ്പാത്തിയും കറിയും കഴിച്ചതാ... ഞാന്‍ ബാഗ്‌ തുറന്നു... അതാ ഒരു ഗ്ലുകോസ് ബിസ്കറ്റ്ന്‍റെ പാക്കെറ്റ്... നേരെ പാന്‍ട്രിയിലേക്ക് നടന്നു ചായ ഉണ്ടാക്കി തിരിച്ചു വന്നു ബിസ്ക്കറ്റ് പാക്കെറ്റ് പൊളിച്ചു ഒരു ബിസ്ക്കറ്റ് എടുത്തു ചായയില്‍ മുക്കി പൊക്കി.. അതാ അത് നേരെ ചായയില്‍... ബാക്കി ബിസ്ക്കറ്റ് വേറെ വായില്‍ ഇട്ടു... അപ്പൊ കമ്പ്യൂട്ടര്‍ മോണിറ്ററില്‍ മെസ്സേജ്... റിപ്പയര്‍ ഫിനിഷ്ഡ്‌... റീബൂട്ട്...

റീബൂട്ട് ചെയ്തു വന്നപ്പോള്‍ അടുത്ത തലവേദന... എന്ത് ചെയ്തിട്ടും SQL Service സ്റ്റാര്‍ട്ട്‌ ആവുന്നില്ല... വീണ്ടും ടെക്നിക്കല്‍ ഗൈഡ്... ഗൂഗിള്‍... എക്സ്പെര്‍ട്ട് എക്സ്ചേഞ്ച്... അതില്‍ പറഞ്ഞതൊക്കെ ചെയ്തു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു കാലടി ശബ്ദം... അറബിയി കലര്‍ന്ന എന്ഗ്ലീഷില്‍ ഒരു അനൌന്‍സ്മെന്റ്...

“ആരെങ്കിലും ഉണ്ടോ ഇവിടെ???”

കഫീല്‍... പോയില്ലരുന്നോ? ഇങ്ങേര്‍ക്കൊന്നു മെല്ലെ സംസാരിചൂടെ? പേടിച്ചു പോയി... ഇങ്ങേരെന്തിനാ ഇങ്ങോട്ട് വരുന്നത്... മനുഷ്യനെ ഒരു ബിസ്ക്കറ്റ് തിന്നാനും സമ്മതിക്കില്ല... ഞാന്‍ എണീറ്റു പുറത്തേക്കു നടന്നു... എന്നെ കണ്ടപ്പോള്‍ ഒരു ചിരി... കൂടെ ഒരു അനൌണ്‍സ്മെന്റ്...

“ഹലോ.. ലോ.. ലോ.. ലോ.. ലോ..”

“ഹലോ സര്‍...”

കൈ തന്നു... ഞാനും കൈ കൊടുത്തു... പിന്നെ ആ കൈ ഞാന്‍ ഇനി പറയുന്ന സമയം വരെ അങ്ങേരുടെ അടുത്ത് തന്നെ ആണ്...

“എന്താ പേര്?”

“സൂരജ്”

“അബ്ദല്‍ അസീസ്‌”

“പുതിയ ആളാണോ??”

അല്ല, മൂന്നു കൊല്ലം ആയി”

അങ്ങേരുടെ മുഖത്ത് അത്ഭുതം...

“ഞാന്‍ ഇത് വരെ കണ്ടിട്ടില്ലല്ലോ...”

“സാറിനെ ഞാന്‍ കണ്ടിട്ടുണ്ട്”

“എന്നെ അറിയാമോ?”

“അറിയാം”

“അതെങ്ങനെ ശരിയാവും... എന്നെ അറിയുന്ന ഒരാളെ ഞാനും അറിയണ്ടേ?”

“സര്‍, ഞാന്‍ ഇവിടത്തെ ടെക്നിക്കല്‍ എഞ്ചിനീയര്‍ ആണ്”

“നോക്കു, ഞാന്‍ ഒരു ബിസിനസ്‌കാരന്‍ ആണ്, നിങ്ങളുടെ ഈ ജോലി ഒന്നും എനിക്കറിയില്ല... നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും ഈ കമ്പനിയില്‍?”

“സര്‍, ഞാന്‍ ഇവിടത്തെ IT ഹാന്‍ഡില്‍ ചെയ്യുന്നു...”

“എന്ന് വെച്ചാ”?

“ഇന്ഫോര്‍മേഷന്‍ ടെക്നോളജി”

അതും കേട്ട് കൊണ്ട് ദൈവത്തെ പോലെ GM വന്നു... അങ്ങേരു അറബിയില്‍ ഒരു രണ്ടു മിനിറ്റ് സംസാരം... അതോടെ കഫീലിന്‍റെ സംശയം മാറി... വന്ന പോലെ GM പോയി... കഫീല്‍ വീണ്ടും എന്‍റെ നേരെ...

“ഞാന്‍ നിങ്ങളെ ബുദ്ധി മുട്ടിക്കുകയാണോ??? നിങ്ങളുടെ ജോലിയെ ഡിസ്ട്ടര്ബ് ചെയ്യുകയാണോ...”

“അല്ല സര്‍,”

“എങ്കില്‍ വരൂ... നമുക്ക് കുറച്ചു നേരം ഇരുന്നു സംസാരിക്കാം....”

തൊലഞ്ഞ്!!! പിടിച്ചുകൊണ്ടിരുന്ന കൈയ്യോടെ എന്നെ വലിച്ചു ഫ്രണ്ട് ഓഫീസിലേക്ക് നടന്നു... എന്‍റെ മനസ്സില്‍ അപ്പൊ അതല്ലാ... എന്‍റെ ചായയും ബിസ്ക്കറ്റും...

“സിറ്റ് ഡൌണ്‍”

അനുസരണയുള്ള ഒരു കുട്ടിയെ പോലെ ഞാന്‍ ഇരുന്നു... സന്തോഷമുള്ള ഒരു കാര്യം എന്തെന്നാല്‍ എന്‍റെ കൈ ഫ്രീ ആയി...

“ഇന്ത്യന്‍ ആണോ?”

“അതെ”

“കേരള?”

“അതെ”

“മലാപ്പരം”

ഞാന്‍ ഞെട്ടി... മലപ്പുറം എന്ന് മാറ്റാന്‍ പോയില്ല... എന്‍റെ ചിന്ത അതല്ല, ഇങ്ങേര്‍ക്കെങ്ങനെയാ മലപ്പുറം അറിയുന്നത്? ചിരിച്ചു കൊണ്ട് ഞാന്‍ മറുപടി കൊടുത്തു...

“അതെ, എന്‍റെ വീട് മലപ്പുറം ആണ്”

ഇനി വേങ്ങര? എന്ന് കൂടെ ചോദിച്ചാ ഞാന്‍ അപ്പൊ ബോധം കേട്ട് വീഴും... പക്ഷെ കഫീല്‍ ഒരു ആര് കിലോമീറ്റര്‍ അപ്പുറത്തേക്ക് പോയി...

“കൊറ്റക്കാല്‍ അറിയുമോ...”

അറിയാം സര്‍ കോട്ടക്കല്‍ എന്‍റെ വീട്ടില്‍ നിന്നും ആര് കിലോമീറ്റര്‍ ഉള്ളു...”

“ശരിക്കും??? അവിടെ ഒരു ഹോസ്പിറ്റല്‍ ഉണ്ട്... ആയുര്‍വേദിക് ട്രീട്മെന്റ്നു ബെസ്റ്റ് ആണ്, എന്‍റെ കുറെ സുഹൃത്തുക്കള്‍ അവിടെ പോയിട്ടുണ്ട് എനിക്കും പോവണം ഒരിക്കല്‍... അവര്‍ പറയുന്നത് ബെസ്റ്റ് ട്രീട്മെന്റ്റ് ആണ് എന്നാണു...”

പിന്നെ ആയുര്‍വേദിക്നെ പറ്റി ഒരു പത്ത് മിനുട്ട്... അഭിമാനം തോന്നി നമ്മുടെ നാടിനെ പറ്റി...

അത് കഴിഞ്ഞപ്പോള്‍ അടുത്ത ടോപ്പിക്ക്...

“നിങ്ങള്‍ക്കൊരു കാര്യം അറിയുമോ? പണ്ട്... ഞാന്‍ ഒരുപാട് ഹിന്ദി പടങ്ങള്‍ കാണുമായിരുന്നു... ഹിന്ദി, ഉര്‍ദു പാട്ടുകള്‍ കേള്‍ക്കുമായിരുന്നു... നിങ്ങളുടെ ഹീറോസ് ഒക്കെ എന്റെയും ഹീറോസ് ആയിരുന്നു... പക്ഷെ ഇപ്പൊ കാണാറില്ല... ഒന്നും കൊള്ളില്ല... പണ്ട് എന്‍റെ ഇഷ്ടപ്പെട്ട നടന്മാര്‍ ആയിരുന്നു... സുനില്‍ ദത്ത്, വിനോദ് ഖന്ന, രാജേഷ്‌ ഖന്ന, അമിതാബ് ബച്ചന്‍... അവരൊക്കെ ഇപ്പോളും ഉണ്ടോ...

“അമിതാബ് ബച്ചന്‍ ഇപ്പോളും സൂപ്പര്‍സ്റ്റാര്‍ ആണ്”

“ശരിക്കും??? ബാക്കി ഉള്ളവരോ?”

“സുനില്‍ ദത്തും രാജേഷ്‌ ഖന്നയും മരിച്ചു...”

“മൈ ഗോഡ്...”

അദ്ധേഹത്തിന്റെ മുഖം മങ്ങി... അറബിയില്‍ എന്തോ പറഞ്ഞു...

വീണ്ടും ആ മുഖത്ത് പ്രസന്നത തെളിഞ്ഞു...

“നിങ്ങള്‍ക്കറിയുമോ... എനിക്ക് കേരളക്കാരെ ഭയങ്കര ഇഷ്ടം ആണ്...അവര്‍ എല്ലാ കാര്യത്തിലും സ്ട്രൈറ്റ്‌ ആണ്... ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല എന്ന് പറയില്ല... മാക്സിമം ട്രൈ ചെയ്യും... വിശ്വസ്തര്‍ ആണ്... എനിക്കിത് വരെ നിങ്ങളില്‍ നിന്നും ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല... പക്ഷെ എനിക്ക് ബോംബെക്കാരെ ഇഷ്ടമല്ല... ചാര്‍ സൌ ബീസ് മനുഷ്യര്‍... ഐ ഹേറ്റ് ദം!!! നിങ്ങള്‍ക്ക് ഹിന്ദി അറിയുമോ?

“അറിയാം”

“ഹിന്ദിയില്‍ സൂരജ് എന്നാല്‍ ഉദയ സൂര്യന്‍ എന്നാണ് അര്‍ഥം... അറിയാമോ?”

“അറിയാം സര്‍”

“ഉര്‍ദു അറിയാമോ?”

“കേട്ടാല്‍ മനസ്സിലാവും... വായിക്കാന്‍ അറിയില്ല”

“പണ്ടൊരു സിനിമ ഉണ്ടായിരുന്നു സൂരജ്... നടന്‍റെ പേര് ഞാന്‍ മറന്നു പോയി... നടി നര്‍ഗീസ്...

“സര്‍ നര്‍ഗീസ് അല്ല, വൈജയന്തിമാല”

“ആ യെസ്... അറിയാമോ ആ സിനിമയില്‍ ഒരു പാട്ടുണ്ട്... ഐ ഫോര്‍ഗോട്ട്..”

മടിച്ചു മടിച്ചു ഞാന്‍ പറഞ്ഞു...

“ബഹാറോം ഫൂല്‍ ബര്‍സാവോ...”

കഫീലിന്‍റെ കണ്ണുകള്‍ രണ്ടും പ്രകാശിച്ചു...

“യെസ്, യെസ്... ഐ ലവ് ദാറ്റ്‌ സൊങ്”

അപ്പോള്‍ മുകളില്‍ നിന്നും GMന്‍റെ വിളി വന്നു...

“മിസ്റ്റര്‍ അബ്ദല്‍ അസീസ്‌”

കഫീല്‍ എഴുന്നേറ്റു എന്‍റെ കൈ പിടിച്ചു...

“സൂരജ് എനിക്ക് പോവാന്‍ സമയമായി... നിങ്ങളെ കണ്ടതിലും സംസരിച്ചതിലും വളരെ സന്തോഷം... ഇനി വരുമ്പോള്‍ കാണാം”

“സാറിനെ പരിചയപ്പെട്ടതില്‍ സന്തോഷം... കാണാം സര്‍...”

“മാ സലാമ...”

“മാ സലാമ...”

“നിങ്ങള്‍ക്ക് കുറച്ചു അറബിക് അറിയാം അല്ലെ?”

“അറിയില്ല സര്‍, പഠിക്കാന്‍ ശ്രമിക്കാം”

“പക്ഷെ എനിക്ക് നിങ്ങളുടെ ഭാഷ അറിയാം സൂരജ്... തെറ്റാണെങ്കില്‍ തിരുത്തണം...”

ഞാന്‍ കഫീലിന്‍റെ മുഖത്തേക്ക് തന്നെ നോക്കി...

“നമസ്കാരം... സത്യം... ശിവം.... സുന്ദരം...”

ഞാന്‍ വായും തുറന്നു നിന്നു...

“തമ്മില്‍ പിരിഞ്ഞു പോവുമ്പോള്‍ ഇങ്ങനെ പറയണം... എന്‍റെ ഒരു ഇന്ത്യന്‍ സുഹൃത്ത് പഠിപ്പിച്ചു തന്നതാ... ശരിയല്ലേ ഞാന്‍ പറഞ്ഞത്??”

“ശരിയാണ്...”

കഫീല്‍ തിരിഞ്ഞു സ്റെപ്പ്‌ കയറി മുകളിലേക്ക് പോയി...

ഞാന്‍ തിരിച്ചു ടെക്നിക്കല്‍ റൂമിലേക്ക്‌ നടന്നു... മോണിട്ടര്‍ ഓണ്‍ ആക്കി... സിസ്റ്റം അപ്ഡേറ്റ് കഴിഞ്ഞു റീബൂട്ട് ആയിരിക്കുന്നു... SQL സെര്‍വര്‍ റണ്ണിംഗ്... ഇതെങ്ങനെ???


സത്യം... ശിവം... സുന്ദരം...!!!