Sunday, June 27, 2010

തീസ് കാ തീസ്

മോഹന്‍ലാലിന്റെയും കമലഹാസന്റെയും തമിള്‍ പടം, ഉന്നൈപോല്‍ ഒരുവന്‍ ഇറങ്ങിയ സമയം... ചേട്ടനും ചേച്ചിക്കും എനിക്കും വേണ്ടി ടിക്കറ്റ്‌ റിസേര്‍വ് ചെയ്യാന്‍ വേണ്ടി ഹയാതില്‍ പോയി... രണ്ടു തിയെറ്റ്‌ര്‍ ഉണ്ട്, രണ്ടു പടം കളിക്കുന്നു... ഒരു ______ & ______ കുടുംബം ... പിന്നെ ഉന്നൈ പോല്‍ ഒരുവന്‍...
“ചേട്ടാ ഇന്ന് രാത്രി ഏഴു മണിക്കുള്ള ഷോയ്ക്ക് മൂന്നു ടിക്കറ്റ്‌”
അപ്പോളേക്കും ചേട്ടന്‍ കമ്പ്യൂട്ടര്‍ സ്ക്രീന്‍ തിരിച്ചിട്ട് സീറ്റ്‌ കാണിച്ചു തന്നു... നോക്കുമ്പോള്‍ ബാക്കില്‍ ഒക്കെ സീറ്റ്‌ കാലി...
“ഏറ്റവും ബാക്കില്‍ നടുവിലായി മൂന്നു ടിക്കറ്റ്‌”
അപ്പൊ തന്നെ അത് ബുക്ക്‌ ചെയ്തു ടിക്കറ്റ്‌ പ്രിന്റ്‌ ചെയ്തു തന്നു... തൊണ്ണൂറു ദിര്‍ഹം കൊടുത്ത് ടിക്കറ്റ്‌ വാങ്ങി നോക്കിയ ഞാന്‍ തളര്‍ന്നു പോയി...
ഒരു ______ & ______ കുടുംബം!!!
“അയ്യോ ചേട്ടാ എനിക്ക് ഉന്നൈപോല്‍ ഒരുവന്‍ ടിക്കറ്റ്‌ ആണ് വേണ്ടത്‌”
“അത് ഏഴരക്ക് ആണ്, നിങ്ങള്‍ എഴു മണിക്കുള്ള ഷോയ്ക്കുള്ള ടിക്കറ്റ്‌ അല്ലെ ചോദിച്ചത്?”
“എന്നാ ഇത് ക്യാന്‍സല്‍ ചെയ്തു എനിക്ക് ഉന്നൈപോല്‍ ഒരുവന്‍ ടിക്കറ്റ്‌ താ”
“ക്യാന്‍സല്‍ ചെയ്യാന്‍ ഒന്നും പറ്റൂല, അതില്‍ എഴുതിയത് വായിച് നോക്ക്... പിന്നെ ആ പടം ഹൌസ്ഫുള്‍ ആണ്”
“നോട്ട് റീഫണ്ടബിള്‍!”
“എന്നാ ഇത് ഞാന്‍ ആര്‍ക്കെങ്കിലും കൊടുത്തോട്ടെ? മറിച്ചു വിറ്റൊട്ടെ?”
“അതില്‍ എഴുത്യത്‌ മുഴുവന്‍ വായിച്ചു നോക്ക്”
“നോട്ട് ട്രാന്സ്ഫെറബിള്‍”  
എന്തായാലും തൊണ്ണൂറു ദിര്‍ഹം ഞാന്‍ കളയാന്‍ ഒന്നും പോണില്ല... പക്ഷെ ഒരു ______ & ______ കുടുംബം കാണുന്നതിലും നല്ലത് പോയി വല്ല വിഷം കുടിച് തൂങ്ങി മരിക്കുന്നതാ... ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു...
“എന്നെ നീ പ്രതീക്ഷിക്കണ്ട, ഒറ്റയ്ക്ക് പോയിരുന്നു കണ്ടോ”
എന്റെ ഉള്ളിലെ മലയാളി ഉണര്‍ന്നു... തിയെറ്റ്‌ര്‍ന്റെ ഉള്ളില്‍ നിന്ന് വിറ്റാലല്ലേ പ്രശ്നം ഉള്ളു? പുറത്തു നിന്ന് വില്‍ക്കാം... അങ്ങനെ ഷോ തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്നേ ഞാനും ചേട്ടനും കൂടെ ഹയാതില്‍ എത്തി.
അടുത്ത് കൂടെ പോയ ഒരു മലയാളി കുടുംബത്തോട് നാണമില്ലാതെ ഞാന്‍ സ്വകാര്യം ചോദിച്ചു...
“ടിക്കറ്റ്‌ വേണോ?”
എന്നെ അടി മുതല്‍ മുടി വരെ നോക്കിയിട്ട് പുച്ഛത്തോടെ കുടുംബനാഥന്‍ മൊഴിഞ്ഞു...
“ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്”
ആ നോട്ടത്തില്‍ മനസ്സില്‍ പറഞ്ഞത്‌ ഞാന്‍ അങ്ങേരുടെ മുഖത്ത്‌ വായിച്ചു...
“പോയി വല്ല പണിയും എടുത്ത് ജീവിക്കെടാ... മലയാളികളെ പറയിപ്പിക്കാന്‍!!”
അങ്ങനെ എന്റെ മാനം വിറ്റ്‌ ആയാലും വേണ്ടില്ല, ഞാന്‍ ഈ ടിക്കറ്റ്‌ വിറ്റേ അടങ്ങൂ എന്ന് ഉറപ്പിച്ചു... ആകെ മുങ്ങിയാല്‍ കുളിരില്ല എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ...  പിന്നെ മുന്നും പിന്നും നോക്കാതെ മലയാളികളെ തേടിപിടിച്ചു ഞാന്‍ ചോദിക്കാന്‍ തുടങ്ങി... അപ്പൊ ഒരുത്തന്‍ ഓടി വന്നിട്,
“ടിക്കറ്റ്‌ ഉണ്ടോ ചേട്ടാ”
“ആ... മൂന്നെണ്ണം ഉണ്ട്, മതിയാവുമോ?”
“എത്രയാ?”
“തൊണ്ണൂറു തന്നാല്‍ മതി”
അവനു വിശ്വസിക്കാനായില്ല, ഈ കലികാലത്തില് ഇത്രക്കും നല്ല മനുഷ്യരോ? ടിക്കറ്റ്‌ വാങ്ങി നോക്കിയിട്ട് അവന്‍,
“അയ്യേ, ഒരു ______ & ______ കുടുംബം... ഉന്നൈപ്പോല്‍ ഒരുവന്‍ ഇല്ലേ?”
ജയസൂര്യക്ക് നാഷണല്‍ അവാര്‍ഡ്‌ ഒക്കെ കിട്ടാന്‍ ചാന്‍സ് ഉള്ള പടമാണ് എന്നൊക്കെ പറഞ്ഞു നോക്കി, എവടുന്നു? അവന്‍ അവന്റെ പാട്ടിനു പോയി...
അപ്പൊ വേറൊരുത്തന്‍ എന്നോട്,
“ചേട്ടാ ടിക്കറ്റ്‌ വേണോ?”
“ഏതാ പടം?”
“ഒരു ______ & ______ കുടുംബം ... ഒരു ടിക്കെറെ ഉള്ളു...”
“എന്റെ അടുത്ത് മൂന്നെണ്ണം ഉണ്ട്, എന്താ വേണോ?”
അവന്‍ എന്നെ രൂക്ഷമായി നോക്കിയിട്ട് പോയി... എനിക്ക് സന്തോഷമായി... ഞാന്‍ മാത്രമല്ല, വേറെയും ആള്‍ക്കാര്‍ ഉണ്ട്... കമ്പനിക്ക്‌...
അങ്ങനെ ഏഴുമണി ആവാനായി...  അപ്പൊ ഇതേ മച്ചാന്‍ വീണ്ടും എന്റെ അടുത്ത് വന്നു അവന്റെ ബാലന്‍സ്‌ ഉള്ള ടിക്കറ്റ്‌ എനിക്ക് തന്നു...
“നിങ്ങള്‍ പറ്റുകയാണെങ്കില്‍ ഇതും കൂടെ വിറ്റോ... ഞാന്‍ ഏതായാലും പടം കാണാന്‍ പോവാണ്ണ്‍”
അതും പറഞ്ഞു അവന്‍ തൂക്കുമരത്തിലേക്ക്‌ പോവുന്നത് പോലെ പോയി... മൂന്നു ടിക്കറ്റ്‌ വില്‍ക്കാന്‍ നടന്ന എന്റെ കയ്യില്‍ ഇപ്പൊ നാല് ടിക്കറ്റ്‌... പടം തുടങ്ങാനായി... ആകെ പ്രതീക്ഷ നഷ്ടപ്പെട്ട് ഞാന്‍ പുറത്ത്‌ നില്‍ക്കുമ്പോള്‍ നാല് പേര്‍ ഓടി വരുന്നു... പുറത്ത്‌ നില്‍ക്കുന്ന എന്നെ കണ്ടിട്ട് ചോദിച്ചു,
“ടിക്കറ്റ്‌ തീര്‍ന്നോ?”
“ഉന്നൈപ്പോല്‍ ഒരുവന്‍ ഹൌസ്ഫുള്‍ ആണ്... ഒരു ______ & ______ കുടുംബം  ടിക്കറ്റ്‌ ഉണ്ട്, വേണോ?”
പ്രതീക്ഷ ഇല്ലാതെ ആണ് ഞാന്‍ ചോദിച്ചത്... എനിക്ക് പറ്റിയ അബദ്ധവും ഞാന്‍ പറഞ്ഞു... എന്നെ അല്ഭുതപ്പെടുതിക്കൊണ്ട് അതിലോരുതന്‍ പറഞ്ഞു...
“ഇങ്ങു തന്നെക്ക്, ഞങ്ങള്‍ക്ക്‌ ഏതെന്കിലും ഒരു പടം കണ്ടാല്‍ മതി”
ടിക്കറ്റ്‌ വാങ്ങി, എനിക്ക് നൂറ്റി ഇരുപതു ദിര്‍ഹം തന്നു... സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി!!! J നേരെ കൌണ്ടര്‍ പോയി അടുത്ത ദിവസത്തേക്ക്‌ ഉന്നൈപ്പോല്‍ ഒരുവന്‍ മൂന്നു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു... നേരെ ചേട്ടന്റെ അടുത്തേക്ക്‌ ഓടി വന്നു മൂന്നു ടിക്കറ്റ്‌ കൊടുത്തു...
“ഇന്നാ പിടി ഉന്നൈപ്പോല്‍ ഒരുവന്‍ മൂന്നു ടിക്കറ്റ്‌... ബാലന്‍സ് മുപ്പത്‌ ദിര്‍ഹം”
“ഏ... ഇതെങ്ങനെ?”
“അതോ? ഞാന്‍ എന്നെപ്പോല്‍ ഒരുവനെ കണ്ടു!!!”

No comments:

Post a Comment