Tuesday, June 15, 2010

അത്യാഹിതം

സുരേഷ് സര്‍ ക്ലാസ്സ്‌ എടുക്കുന്നു... Electronics ... ഇത് കണ്ടു പിടിച്ചത് തന്നെ ഞങ്ങളല്ലേ എന്ന ഭാവത്തില്‍ ഇരിക്കുന്നു ക്ലാസ്സിലെ ന്യൂനപക്ഷ വിഭാഗക്കാരായ ഞങ്ങള്‍ 8 ആണ്‍കുട്ടികള്‍... ബാക്കി 22 പെണ്‍കുട്ടികള്‍ സാറിന്റെ വായില്‍ കയറി ഇരിക്കുന്നു...

ഒരു സമയം കഴിഞ്ഞപ്പോ സാറിനു മനസ്സിലായി ഇതൊരു നിലക്ക് പോവൂല എന്ന്...

"ഇന്നലെ തന്ന പ്രോബ്ലം സോള്‍വ്‌ ചെയ്യാതവരൊക്കെ ഒന്ന് എണീറ്റെ"

സ്വാഭാവികമായും 8 പേരേ എണീറ്റു നില്ക്കാന്‍ ഉണ്ടായിരുന്നുള്ളൂ, അതു ഞങ്ങള്‍ 8 പേര്‍ ആയിരുന്നു...

സാര്‍ വളരെ മാന്യതയോട് കൂടി പറഞ്ഞു,

"ഗെറ്റ് ഔട്ട്‌"

അങ്ങനെ ഞങ്ങള്‍ എല്ലാരും കൂടെ ഊട്ടിയില്‍ ടൂര്‍ പോയ പോലെ ഉല്ലസിച്ചു കോളേജ് വരാന്തകളിലൂടെ നടക്കുന്നതിന്റെ ഇടക്ക് ഒരു അത്യാഹിതം സംഭവിച്ചു... പ്രിന്‍സിപ്പല്‍ ന്റെ രൂപത്തില്‍!

പെട്ടന്ന് ജയന്‍ എന്‍റെ പിന്നില്‍, ഞാന്‍ ധനെഷ്ന്റെ പിന്നില്‍ ധനേഷ് ഷംസുവിന്റെ, ഷംസു റിയാസിന്റെ, റിയാസ് മൊഹമ്മദ്‌ ന്റെ, അതിനു മുന്നില്‍ ഹാഷിംപിന്നെ ബാക്കില്‍ നിന്നും തള്ളി തള്ളി വിട്ടു അനീസ്‌ ഏറ്റവും മുന്നില്‍... സിനിമ ടിക്കറ്റ്‌ എടുക്കാന്‍ എന്ന പോലെ ഒരു നീണ്ട ക്യൂ രൂപപ്പെട്ടു...

സ്വാഭാവികമായും ചോദ്യം മൊത്തം വന്നത് അനീസിനോട്...

"എങ്ങോട്ടാ"

"ഏയ്‌ അങ്ങനെ ഒന്നും ഇല്ല"

"നിങ്ങളൊക്കെ ഏതാ ക്ലാസ്സ്‌?"

"BSc ഫിസിക്സ്‌"

"എന്താ ക്ലാസ്സില്‍ പോയില്ലേ?"

"അതോ? ക്ലാസ്സ്‌ ഇല്ല... അല്ല, സാര്‍ ഇല്ല..."

"ആരാ ക്ലാസ്സ്‌ എടുക്കുന്നത്?"

"സുരേഷ് സാര്‍"

"സുരേഷ് ഇന്ന് വന്നിട്ടുണ്ടല്ലോ"

"ഇല്ല സാര്‍"

"ഞാന്‍ കണ്ടതാണല്ലോ"

"ഇല്ല സാര്‍, സാറിനു തോന്നിയതായിരിക്കും"

"BSc Physics, അതും ഫൈനല്‍ ഇയര്‍... ആ ലൈബ്രറിയില്‍ പോയി ഇരുന്നു നാലക്ഷരം പഠിച്ചൂടെ?"

"ലൈബ്രറി തുറന്നിട്ടില്ല സാര്‍..."

"ആര് പറഞ്ഞു? ഞാന്‍ അവിടെ നിന്നാണല്ലോ വരുന്നത്..."

"ഓഹ്ഹോ ലൈബ്രറി തുറന്നോ? നമ്മള്‍ കണ്ടില്ല അല്ലേടാ?"

ഇതും പറഞ്ഞു തിരിഞ്ഞു ഞങ്ങളെ നോക്കിയ അനീസിന്റെ മുഖത്ത്‌ ഒരു തുള്ളി ചോര ഇല്ലായിരുന്നു...

"പോയിരുന്നു പഠി എല്ലാരും"

പ്രിന്‍സിപ്പല്‍ കണ്‍വെട്ടത്ത് നിന്നും മറഞ്ഞു എന്ന് ഉറപ്പായപ്പോ അനീസിന്റെ ശബ്ദം ഉയര്‍ന്നു...

"എടാ തെണ്ടികളെ ഞാന്‍ പ്രോബ്ലം സോള്‍വ്‌ ചെയ്തിരുന്നു"

"പിന്നെന്തിനാ നീ ക്ലാസ്സില്‍ നിന്നും പുറത്തിറങ്ങിയത്?"

"പിന്നല്ലാണ്ട്? അങ്ങനെ ഞാന്‍ ഒറ്റക്ക് ഇന്ന് തരുന്ന പ്രോബ്ലം വീട്ടിന്നു സോള്‍വ്‌ ചെയ്യാന്‍ പ്ലാന്‍ ഇല്ല മക്കളെ... നടന്നൂട് ലിബ്രരിയിലെക്ക്.. അല്ല, കാന്റീന്‍ ലേക്ക്..."

ഞങ്ങള്‍ പരസ്പരം നോക്കുമ്പോള്‍ ഹാഷിം,

"അവന്‍ പറഞ്ഞതിലും കാര്യം ഉണ്ട്"

"എന്തു കാര്യം?"

"ഇപ്പൊ പോയില്ലെങ്കില്‍ ചൂടുള്ള പരിപ്പുവട തീര്‍ന്നു പോവും... വാ!"

No comments:

Post a Comment