Thursday, September 11, 2014

നാരായണേട്ടന്‍

"കഷ്ടപ്പാടന്നെ മോനെ..."

"എന്തേ??"

"ഓളെ ഒന്ന് കാണനേര്‍ന്നു"

"എന്തിനു?"

"ബെര്‍തെ...."

"നല്ല അടി വേങ്ങര കിട്ടൂലെ??? പരപ്പനങ്ങാടീന്നും വേണാ??"

"എനക്കിപ്പോ ഓളെ കാണണം...."

"എടാ നീയൊന്നു സമാധാനപ്പെട്..."

"അനക്ക് കാണിക്കാന്‍ പറ്റോ ഇല്ലേ?"

"എടാ ഇത് കോളേജ്‌ അല്ല ഓളെ നാടാണ്..."

"എന്ത് ഒലക്കയായാലും വേണ്ടൂല എനിക്കിപ്പോ കാണണം"

"ഇബനീം കൊണ്ട്... എടാ പ്രസ്നാവും..."

"ആരെങ്കിലും കണ്ടാ കെമിസ്ട്രീ റെക്കൊഡ് വാങ്ങിക്കാന്‍ വന്നതാന്നു പറഞ്ഞാ മതി..."

"എടാ അയ്യന് ഓള് കൊമേര്സ് അല്ലെ???"

"അതൊക്കെ ഓര് മറന്നോളും"

"എടാ ഓളെ അച്ഛന്‍ ഇബടത്തെ കില്ലാടി ആണ്... നാരായണന്‍..."

"ഏതു കൂരായണന്‍ ആയാലും എനിക്ക് കാണണം..."

"വേണോ?"

"വേണം"

"എന്‍റെ ശവം കണ്ടേ നീ അടങ്ങുലെ??"

"ആ..."

"എന്നാ വാ മ*****"

രഞ്ജിത്ത് സമ്മതിച്ചതോടെ എനിക്ക് സന്തോഷായി... കാര്യം വകയില്‍ അമ്മാവന്‍ ആണെങ്കിലും പഠിച്ചത് ഒരേ ബാചിലാ... ജെനറെഷന്‍ ഗ്യാപ്...

ഇത് ഒരു പ്രീഡിഗ്രീ കാരന്റെ യൂനിവേര്സിറ്റി എക്സാമിന്റെ തൊട്ടു മുന്നത്തെ രോദനം ആണ്... ആരാണാവോ ഈ സ്ടടീ ലീവ് ഒക്കെ കണ്ടു പിടിച്ചത്... കാമുകിയെ ഒന്ന് കാണാന്‍ തോന്നുന്നത് സ്വാഭാവികം... അത് വന്നു വീണത് പാവം അമ്മാവനിലും... വീട്ടില്‍ നിന്നും ഗ്രൂപ്പ്‌ സ്റ്റഡി എന്നും പറഞ്ഞു ചാടിയതാ.

"സൈക്കളില്‍ പോയ പൊരെ?"

"എടാ ഇവടുന്നു ഒരു കിലോമീറ്റര്‍ ആണ്... (അമ്മാവന്‍ ആണ്, എന്താ ബഹുമാനം ലെ?)"

"എന്നാ എന്‍റെ സൈക്കളില്‍ പോവാം നീ ഓടിക്കണം"

അവനേം മുന്നില്‍ ഇരുത്തി ഞാന്‍ പരപ്പനങ്ങാടിയില്‍ നിന്നും ആനങ്ങാടിയിലേക്ക് ചവിട്ടി....

"എവിടെയാ ഓളെ വീട്??"

"എനിക്കറിയൂല"

"പിന്നെ എന്തിനാ ***** നീ ഇത്രേം മെനക്കെടുതിയത്?"

"നമുക്ക് ചോദിക്കാം വാ"

"ആരോട്?"

"നാരായണനെ ചോദിക്കാം മൂപ്പെര്‍ കില്ലാടി ആണന്നല്ലേ പറഞ്ഞത് അപ്പൊ നാട്ടുകാര്‍ക്ക് അറിയാമായിരിക്കും..."

"എടാ അതൊക്കെ റിസ്കാ"

"ഒരു റിസ്ക്കും ഇല്ല നീ വാ"

അങ്ങനെ ചവിട്ടി ചവിട്ടി ഞങ്ങള്‍ ഒരു ചായക്കടയുടെ അടുതെത്തി..

"ചേട്ടാ ഈ നാരായണേട്ടനെ അറിയോ?"

"ഏതു നാരായണന്‍?"

"ഈ ആധാരം എഴുതുന്ന..."

"ആ ഇവടുന്നു ലെഫ്റ്റ് പോയാ ഒരു തെങ്ങും തോപ്പ് ഉണ്ട് മൂപ്പരുടെയാ അവിടുന്ന് നേരെ പോയി വലത്തോട്ട് തിരിഞ്ഞാ വീട് കാണാം..."

പിന്നെ നാട്ടുമ്പുറത് കേള്‍ക്കുന്ന സ്ഥിരം ചോദ്യം...

"ആരാ എവിടുന്നാ..."

"ഒരാധാരം എഴുതിക്കാനാ"

"ആയ്ക്കോട്ടെ..."

അങ്ങനെ ഞങ്ങള്‍ വീണ്ടും ചവിട്ടി തെങ്ങും തോപ്പ് എത്തി... നോക്കുമ്പോ രണ്ടിടത്തും തെങ്ങുംതോപ്പ് ഇതില്‍ ഏതാ നാരായണന്‍ അമ്മാവന്‍റെ തെങ്ങും തോപ്പ്?

രഞ്ജിത്ത് എന്നെ നോക്കി.... ഞാന്‍ അവനെ നോക്കി....

അപ്പോളാ കണ്ടത് ഒരാള്‍ തെങ്ങിന് തടം ഇടുന്നു..

"ഇയാളോട് ചോദിക്കാം..."

രഞ്ജിത്ത് സൈക്കിളില്‍ നിന്ന് ഇറങ്ങി...

"ചേട്ടാ... ചേട്ടോ..."

മൂപ്പെര്‍ പണി നിര്‍ത്തി അതിരിലേക്ക്‌ വന്നു...

"ഈ നാരായണന്‍ എന്ന ആളെ അറിയോ? ഈ ആധാരം ഒക്കെ എഴുതുന്ന..."

"ഞാന്‍ തന്നെയാ.. എന്താ?"


ആ ഉത്തരം രഞ്ജിത്ത് പ്രതീക്ഷിച്ചതല്ല.... അത് എന്‍റെ അമ്മാവന് മനസ്സിലായത് തിരിഞ്ഞു നോക്കിയപ്പോ എന്നെയും സൈക്കളിനെയും അവിടെ കാണാത്തപ്പോളാ...