ഷീന...
അവളെ ഞാന്‍ പരിചയപ്പെടുന്നത് 2004 സെപ്റ്റംബര്‍ ആണ്. ധിഷണയില്‍ ജോയിന്‍ ചെയ്‌ത സമയം, വെറുതെ ഒരു തമാശക്ക് തുടങ്ങിയതാണ് ചാറ്റിങ്... യാഹൂ, MSN ചാറ്റ് റൂമുകളില്‍ അലഞ്ഞു നടന്ന കാലം... അങ്ങനെ ഇരിക്കെ ഏതോ ഒരു കേരള റൂമില്‍ കയറി ഹെഡ് ഫോണ്‍ വെച്ചു പരസ്പരം ഉള്ള തെറിവിളി കേട്ടു സന്തോഷിച്ചിരിക്കുമ്പോള്‍ ഒരു ഇന്‍സ്റ്റന്റ് ചാറ്റ് ബോക്സ് പോപ് അപ്പ് ചെയ്തു വന്നു...
"ഹായ്"
പേര് നോക്കി "ഷീന മേനോന്‍". പേര് കൊള്ളാം... ഞാനും തിരിച്ചു പറഞ്ഞു
"ഹായ്"
ആ ഹായ് ഹലോ വിളി പിന്നീടു അഗാധമായ ഒരു ബന്ധത്തിലെക്കുള്ള ചവിട്ടുപടി ആയിരിക്കും എന്ന് അപ്പൊ ഞാന്‍ വിചാരിച്ചില്ല, ഇണക്കങ്ങളും പിണക്കങ്ങളും ആയി ഷീനയും ഞാനും പലപ്പോളായി ഹൃദയങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ എറിഞ്ഞു കളിച്ചു... ഇടക്ക് അരുണ്‍ സാറും തംബനും ഞാന്‍ ഇരിക്കുന്ന റൂമില്‍ കയറി വരുമ്പോള്‍ പെട്ടന്ന് ക്ലോസ് ചെയ്യാന്‍ വേണ്ടി യാഹൂവിന്റെ ഷോര്‍ട്ട് കട്ട് കീകള്‍ ഞാന്‍ ഹൃദിസ്ഥമാക്കി... ഓഫീസ് ടൈം കഴിഞ്ഞു റൂമില്‍ പോവാതെ മണിക്കൂറുകളോളം ഞാന്‍ എന്‍റെ കമ്പ്യൂട്ടറിന്റെ മുന്നില്‍ തപസ്സിരുന്നു. സ്റ്റാഫ് സെമിനാര്‍ ഒക്കെ ഉള്ളപ്പോള്‍ എന്‍റെ സെമിനാര്‍ ആദ്യം തീര്‍ത്തു ഞാന്‍ എന്‍റെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഷീനയെ കാത്തിരിപ്പായി. അവളും അതു പോലെ, രണ്ടാഴ്ച കഴിഞ്ഞപ്പോ എനിക്കൊരു കാര്യം മനസ്സിലായി... ഇതാണെന്റെ പെണ്ണ്... അവളെ പിരിഞ്ഞിരിക്കാന്‍ എനിക്കിനി കഴിയില്ല... പക്ഷെ കണ്ണൂര്‍ ഉള്ള അവളെ എങ്ങനെ കാണും? തളിപ്പറമ്പ് ആണ് സ്ഥലം എന്ന് മാത്രേ എനിക്കറിയു, പെട്ടന്ന് ഒരു ബുദ്ധി തെളിഞ്ഞു, സന്ദീപ് സര്‍!!! കണ്ണൂര്‍ക്കാരന്‍...
"മാഷേ തളിപ്പറമ്പ് കണ്ണൂര്‍ എവിടെയാ?"
"മ്, എന്തിനാ?"
പിന്നൊന്നും ഞാന്‍ ചോദിച്ചില്ല, ആരെയും വിശ്വസിക്കരുത്, എല്ലാം കാട്ടാളന്മാര്‍ ആണ്... അങ്ങനെ ഇരിക്കെ ഒരു ദിവസം പതിവ് ഹൃദയം കൊണ്ടുള്ള ഹാന്‍ഡ് ബൌള്‍ മത്സരം കഴിഞ്ഞു ഷീന എന്നോട് ചോദിച്ചു,
"തൊണ്ടയാട് എവിടെയാ"
"എന്തിനാ"
"എന്‍റെ കൂട്ടുകാരിയുടെ കല്യാണം ഉണ്ട്, അതിനു വരാനാ"
"എന്നെ കാണാന്‍ വരുമോ"
"അതിനും കൂടെയാ ഞാന്‍ വരുന്നത്"
സന്തോഷം കൊണ്ട് ഒരു മിനിറ്റ് നേരത്തേക്ക് ഞാന്‍ പ്രഭുദേവ ആയി!
"ടൌണില്‍ നിന്നും മെഡിക്കല്‍ കോളേജ് റൂട്ടില്‍ ആണ്"
"നമ്മള്‍ എവിടെ വെച്ചു കാണും"
"ബേബി മെമ്മോറിയല്‍ ഹോസ്പിടലിന്റെ അടുത്താണ് എന്‍റെ ഓഫീസ്, SBT സോണല്‍ ഓഫീസ് ബില്‍ഡിംഗ്. അതിനു താഴെ അപൂര്‍വ ബേക്കറി ഉണ്ട്, അവിടെ വെച്ചു കാണാം"
"ശനിയാഴ്ച ഞാന്‍ വരും"
"ഒറ്റയ്ക്കാണോ വരുന്നത്?"
"അതേ"
വീണ്ടും പ്രഭുദേവ!!
അങ്ങനെ ശനിയാഴ്ച ആയി, അന്ന് അരുണ്‍ സര്‍ എനിക്കൊരു സെമിനാര്‍ വെച്ചു, കൃത്യം 5 മണിക്ക്, ഞാന്‍ കാലു പിടിചു, അഞ്ചു മണിക്ക് എനിക്ക് ഒരാളെ കാണാന്‍ പോണം, എന്‍റെ ഫ്രണ്ട് വരുന്നുണ്ട്, അവസാനം സെമിനാര്‍ മൂന്നു മണിക്ക് ആക്കി, സെമിനാര്‍ കഴിഞു ഞാന്‍ പറന്നു അപൂര്‍വ എത്തി... ഏതാനും മിനിട്ടുകള്‍ മാത്രം, അപ്പൊ ഷിജിചെചിയും, നിഷിചെച്ചിയും ഇറങ്ങി വന്നു,
"എന്താ ഇവിടെ നിക്കുന്നെ?"
"എന്‍റെ ഒരു ഫ്രണ്ട് വരുന്നുണ്ട്"
അവര്‍ പോയി... അഞ്ചു മണി കഴിഞ്ഞു, ഇതെന്താ വരാത്തത്? ഇനിയിപ്പോ അപൂര്‍വയില്‍ കയറി ഇരിപ്പുണ്ടാവുമോ? ഞാന്‍ അപൂര്‍വയില്‍ കയറി നോക്കി, താഴെ എങ്ങും കാണാന്‍ ഇല്ല... മുകളില്‍ കയറി നോക്കി... അവിടെയും ഇല്ല... താഴേക്ക് ഇറങ്ങുമ്പോള്‍ അരുണ്‍ സാര്‍ കയറി വരുന്നു...
നാശം, ഈ ചെങ്ങായിക്ക് വേറെ എവിടേം കണ്ടില്ലേ ചായ കുടിക്കാന്‍ കേറാന്‍? ഞാന്‍ പുറമേ ചിരിച്ചു, പിന്നെ കാണുന്നത് ദിലീപ് സര്‍, അഭി സര്‍, സന്ദീപ് സര്‍, തമ്പു, രോഷിത്, അങ്ങനെ ഓരോരോ ചെകുത്താന്മാര്‍ അപൂര്‍വയിലെക്ക് ഇടിച്ചു കേറുന്നതാണ്.... എന്നെ ഒരു സീറ്റില്‍ പിടിച്ചിരുത്തി അരുണ്‍ സാര്‍...
"നീയാരെയാ വെയിറ്റ് ചെയ്യുന്നത്"
ഞാന്‍ പതിവ് ഡയലോഗുകള്‍ പുറത്തെടുത്തു,
"എന്‍റെ ഫ്രണ്ട് റിയാസ് വരുമെന്ന് പറഞ്ഞിട്ടുണ്ട് അവനെ വെയിറ്റ് ചെയ്യാ"
"മ്, അപ്പൊ ഷീന മേനോനോ?"
ഇരുന്നിടം പിളര്‍ന്നു പണ്ട് സീതെടത്തി പോയ പോലെ ഒരു പോക്ക് പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി...
"ഞാന്‍ തന്നെയാടാ ഷീന മേനോന്‍"
ഈശ്വരാ എത്ര മിന്നല്‍ വെറുതെ വേസ്റ്റ് ആവുന്നു, ഒന്നെന്റെ തലയില്‍ അടിച്ചിരുന്നെങ്കില്‍... പിന്നെ അവിടെ സൊമാലിയ ക്യാമ്പ് ആയിരുന്നു... എന്‍റെ ചെലവില്‍ അപൂര്‍വ മൊത്തം തിന്നിട്ട് എല്ലാ എണ്ണവും പോയി... ഞാന്‍ ഒരു നിമിഷം എല്ലാം ഒന്ന് റീവയ്ണ്ട് ചെയ്തു നോക്കി... എന്തൊക്കെ ബഹളമായിരുന്നു, മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ്‍, ബോംബു, ഒലക്കേടെ മൂട്... അവസാനം പവനാഴി ശവമായി!!!
No comments:
Post a Comment