ജീവിതത്തില്‍ അസാധാരണമായ രീതിയിലുള്ള എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാ, ഓര്‍ക്കുമ്പോള്‍ ഇപ്പോളും കിടുങ്ങുന്ന ഒരു അനുഭവം പറയാന്‍ ഉണ്ട് എനിക്ക്...
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് എനിക്ക് സൈക്കിള്‍ കിട്ടുന്നത്. ഒരു ATLAS MTB. ആദ്യത്തെ രണ്ടു ദിവസം അതിനെ എണ്ണ ഇടലും കുളിപ്പിക്കലും മാത്രം ആയിരുന്നു ജോലി. പിന്നെ നാല് പേരെ കാണിക്കാന്‍ ചുറ്റി നടക്കല്‍... ഒരു മതില്‍ എടുത്ത് ചാടിയാല്‍ സ്കൂളില്‍ എത്തുന്ന ഞാന്‍ സൈക്കിള്‍ എടുത്ത് സ്കൂളില്‍ പോവാന്‍ തുടങ്ങി... അല്പ്പന് അര്‍ഥം കിട്ടിയാല്‍... ഉള്ള അവസ്ഥയായിരുന്നു അന്ന് എന്റേത്...
ചുറ്റുവട്ടത് മാത്രം കറങ്ങാന്‍ ഉള്ള അനുമതിയെ അന്ന് വീട്ടില്‍ നിന്നും കിട്ടിയിരുന്നുള്ളൂ... പക്ഷെ അച്ഛന്‍ കോര്‍ട്ട്ല് പോയിക്കഴിഞ്ഞാല്‍ അമ്മയെ സോപ്പ് ഇട്ടു പച്ചക്കറിയും മീനും ഒക്കെ വാങ്ങാന്‍ രണ്ടു കിലോമീറ്റര്‍ ദൂരെ ഉള്ള ടൌണില്‍ പോവാന്‍ തുടങ്ങി... ആദ്യമൊക്കെ സൂക്ഷിചായിരുന്നു പോക്കെങ്ങില്‍ പിന്നീട് അവസ്ഥ മാറി... തൃശൂര്‍ - കോഴിക്കോട് ബസ് NH-17 വഴി പോവുന്നത് പോലെ ആയി എന്റെ സൈക്കിള്‍ യാത്ര... ബെല്‍ അടിച്ചു ഞാന്‍ വരുമ്പോള്‍ ബാക്കിയെല്ലാ വാഹനങ്ങളും വഴി മാറി തന്നോളണം...
അശ്രദ്ധ മൂലം ചെറിയ ചെറിയ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്... ബസ് വരുന്നത് കണ്ടു റോഡില്‍ നിന്നും താഴേക്ക് ഇറങ്ങിയപ്പോ തല കുത്തി മറിഞ്ഞു ഇടത്ത ഭാഗത്തേക്ക് വീണ നെഞ്ഞടിച്ചു വീണത് ആയിരുന്നു അതില്‍ ഓര്മ വരുന്നത്... വലത്ത ഭാഗത്തേക്ക് ആയിരുന്നു എങ്കില്‍ റോഡില്‍ ബസ്സിന്റെ അടിയില്‍ പെട്ട് ഞാന്‍ നെയിം സ്ലിപ് ആയേനെ... അന്ന് ഇടത്തെ കയ്യിന്റെ ചെറുവിരലില്‍ ഒരു കഷ്ണം ഇറച്ചി റോഡ്, ജീവന് പകരമായി എടുത്ത് കൊണ്ട് ഒരു ഉപകാരം ഉണ്ടായി... SSLC Book ലെ Identification Mark ആയി മാറി അത്...
അങ്ങനെ സൈക്കിള്‍ രാജാവായി ഞാന്‍ വിലസുന്ന സമയം, ഒരിക്കല്‍ അച്ഛമ്മയെ കാണാന്‍ സൈക്കിള്‍ എടുത്ത് പോയി. അവിടുന്ന് ഒരു സിനിമ ഒക്കെ കണ്ടു സമയം പോയതറിഞ്ഞില്ല... നോക്കുമ്പോള്‍ പന്ത്രണ്ടു മണി... ഇനി നാളെ പോവാം എന്ന് അച്ഛമ്മ പറഞ്ഞത് കേള്‍ക്കാതെ സൈക്കിള്‍ എടുത്ത് വീടിലെക്ക് പുറപ്പെട്ടു. എന്റെ സൈക്കിള്‍നു ഒരു പ്രത്യേകത ഉണ്ട്... ലൈറ്റ് ഇല്ല!! ഞാന്‍ അതില്‍ വിസ്വസിക്കുന്നും ഇല്ല!
അങ്ങനെ ടൌണ്‍ കഴിഞ്ഞപ്പോ സ്ട്രീറ്റ് ലൈറ്റ് വെളിച്ചവും തീര്‍ന്നു... പിന്നെ നല്ല ഇരുട്ട്... ചെറിയ ഒരു പേടി മനസ്സിലേക്ക് ഇരച്ചു വന്നു... ഇനി അടുത്ത സ്ട്രീറ്റ് ലൈറ്റ് കാണണം എങ്കില്‍ എന്റെ വീടിന്റെ അടുത്ത് എത്തണം... ഞാന്‍ പേടി വക വെക്കാതെ ആഞ്ഞു ചവിട്ടാന്‍ തുടങ്ങി... എനിക്ക് ചുറ്റില്‍ നിന്നും എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി... എന്റെ ചങ്ക് അടിക്കുന്ന ശബ്ദം എനിക്ക് വ്യക്തം ആയി കേള്‍ക്കാം... അങ്ങനെ ഞാന്‍ എന്റെ വീടിന്റെ അടുത്തെത്താന്‍ ആയി... അതോടെ എന്റെ സ്പീഡ് കൂടി... ഒരു പൂച്ചക്കുഞ്ഞിനെ പോലും അവിടെ എങ്ങും കാണാന്‍ ഇല്ല... പെട്ടന്ന് എന്റെ ചെവിയുടെ അടുത്ത് നിന്നു ഒരു വിളി...
“കുട്ടാ”
ഞാന്‍ ആഞ്ഞു ബ്രേക്ക് പിടിച്ചു... വല്ലാത്ത ഒരു ശബ്ദത്തോടെ സൈക്കിള്‍ നിന്നു... തിരിഞ്ഞു നോക്കി... പിന്നില്‍ കുറ്റാ കൂരിരുട്ടു!! പേടിച്ചിട്ടു എന്റെ ശരീരം വിറയ്ക്കുന്ന അവസ്ഥ വരെ എത്തി...
എന്തും വരട്ടെ എന്ന് മനസ്സില്‍ വിചാരിച് ഞാന്‍ സൈക്കിള്‍ മുന്നോട്ട് എടുക്കാന്‍ ആഞ്ഞു... അപ്പോളാണ് ഞാന്‍ ഞെട്ടിപ്പോയത്...
എന്റെ തൊട്ടു മുന്നില്‍ ഒരു രണ്ടു മീറ്റര്‍ അകലത്തില്‍ ഒരു ലോറിയുടെ പിന്‍ഭാഗം... അതില്‍ നിറയെ ഉരുക്ക് കമ്പികള്‍ ഓവര്‍ ലോഡ് ആയി തൂക്കി ഇട്ടിരിക്കുന്നു... ലോറിക്ക് പാര്‍ക്കിംഗ് ലൈറ്റ് ഇല്ല... ആ സ്പീഡില്‍ ഞാന്‍ എത്തിയിരുന്നു എങ്കില്‍, എന്റെ പിറകില്‍ നിന്നും ആ വിളി വന്നില്ലായിരുന്നെകില്‍... എനിക്ക് ശരീരം മൊത്തം തളരുന്ന പോലെ തോന്നി... അവിടെ നിന്നു സൈക്കിള്‍ നിന്നും താഴെ ഇറങ്ങി ഞാന്‍ ഉരുട്ടി ഒരു വിധം വീട്ടില്‍ എത്തിച്ചു...
പിന്നെ ഒരു രണ്ടു മൂന്നു ദിവസം എനിക്ക് സൈക്കിള്‍ല് യാത്ര ചെയ്യാന്‍ അത്ര താല്‍പ്പര്യം ഇല്ലായിരുന്നു... പിന്നെ അതിനെ തിരിഞ്ഞു നോക്കാതായി... കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോ അതിന്റെ ടയര്‍ പഞ്ചര്‍ ആയി.. പിന്നെ അത് തുരുബെടുത്തു... ഒരു വര്‍ഷത്തിനു മേലെ അത് വീടിന്റെ സൈഡില്‍ കിടന്നു... അവസാനം വീട്ടില്‍ വന്ന ഒരു അണ്ണന് അമ്മ അത് ഇരുമ്പ് വിലക്ക് കൊടുത്തു... ഞാന്‍ ഒന്നും പറഞ്ഞില്ല...
പക്ഷെ, ഇപ്പോളും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉണ്ട്,
ആരാണ് അന്ന് എന്റെ പുറകില്‍ നിന്നും വിളിച്ചത്?
No comments:
Post a Comment