Wednesday, June 30, 2010

ഭീകരരൂപിയായ അമ്മ

"അന്ന് ഞാന്‍ ഒറ്റക്കെ ഉള്ളു. നിങ്ങള്‍ എല്ലാരും കോഴിക്കോട്‌ ആയിരുന്നു... ഗേറ്റ് പൂട്ടി മുന്നിലെ ഗ്രില്‍സ് പൂട്ടി, വാതിലും പൂട്ടി കുളത്തിട്ടു ഞാന്‍ മുകളിലേക്ക് പോയി, റൂമില്‍ കയറി വാതില്‍ ചാരി കിടന്നു... കിടക്കലും പുറത്തുള്ള ഇരുമ്പ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു... തോന്നിയതായിരിക്കും എന്ന് വിചാരിച്ചു... അപ്പോള്‍ ഗ്രില്‍സ് തുറക്കുന്ന ശബ്ദം...ഗേറ്റ് തുറക്കുന്നത് ഓക്കേ... താഴിട്ട്‌ പൂട്ടിയ ഗ്രില്‍സ് തുറക്കുന്നത് എങ്ങനെ? ഞാന്‍ എണീക്കാന്‍ നോക്കി. പറ്റുന്നില്ല, കിടക്കയില്‍ നിന്നും അനങ്ങാന്‍ പറ്റുന്നില്ല... അപ്പോള്‍ മുന്നിലെ വാതിലിന്റെ ഓടാമ്പല്‍ തുറക്കുന്ന ശബ്ദം... ഞാന്‍ ചെവിയോര്‍ത്തു കിടന്നു... ഒരു നിമിഷം കഴിഞ്ഞപ്പോള്‍ മരത്തിന്റെ ഗോവണി കയറുന്ന ശബ്ദം... ഞാന്‍ കണ്ണ് തുറന്നു കിടന്നു... എനിക്ക് എന്‍റെ ശരീരം അനക്കാന്‍ പോലും പറ്റുന്നില്ല... ഇനി ഉറക്കത്തില്‍ കാണുകയാണോ എന്ന് വിചാരിച്ചാല്‍ ഞാന്‍ ഉറങ്ങിയിട്ടില്ല... കിടന്നതെ ഉള്ളൂ.അപ്പോളേക്കും മുന്നിലെ വാതില്‍ മലര്‍ക്കെ തുറന്നു...
ഒരു വെളുത്ത സാരി ഒക്കെ ഉടുത്ത്, മുടി ഒക്കെ അഴിച്ചിട്ട് ഒരു രൂപം... വാതില്‍ക്കല്‍ നിന്നും കണ്ണടച്ച് തുറക്കുമ്പോള്‍ ഉണ്ട് കട്ടിലിന്റെ അടുത്ത് എന്‍റെ കാല്‍ക്കല്‍... മുഖം കാണുന്നില്ല... ഞാന്‍ സൂക്ഷിച്ചു നോക്കിക്കൊണ്ട് അനങ്ങാതെ കിടന്നു അപ്പോള്‍ എന്‍റെ കാല്‍ക്കല്‍ നിന്നും എന്‍റെ അടുത്തേക്ക് ആ രൂപം ഒഴുകി വന്നു...എന്‍റെ തൊട്ടു മുന്നില്‍ കുറച്ചു നേരം നിന്ന് തിരിഞ്ഞു, ചുമരിലേക്ക് പോയി അവിടുന്ന് അപ്രത്യക്ഷ ആയി...

ഉടനെ ഞാന്‍ എണീറ്റ് നോക്കി. മുന്നിലെ വാതില്‍ അടച്ച സ്ഥിതിയില്‍. തുറന്നു ഞാന്‍ താഴെ ഇറങ്ങി ഗേറ്റ് വരെ പോയി നോക്കി. എല്ലാം ഞാന്‍ അടച്ച സ്ഥിതിയില്‍ തന്നെ".
  
“പോയി കിടന്നാട്ടെ, മതി കഥയൊക്കെ പറഞ്ഞത്‌... സമയം 11 മണി കഴിഞ്ഞു, കുട്ടാ നിനക്ക് നാളെ കോളേജില്‍ പോണ്ടേ?”

അമ്മ ഇടപെട്ടു... അതോടെ അച്ഛന്‍ കഥയും നിര്‍ത്തി.

അങ്ങനെ ഈ കഥയൊക്കെ കേട്ട് ഉറങ്ങാന്‍ കിടക്കലും കറന്റ് പോയി. നല്ല ചൂട് കാലം... ഒരു പുല്ലുപായ എടുത്ത് ഞാന്‍ ഓഫീസ് റൂമില്‍ പോയി വിരിച്ചു കിടന്നു...ചുറ്റും  കുറ്റാ കൂരിരുട്ടു... പുറത്ത്‌ ചീവീടിന്റെ ശബ്ദം... വീട്ടില്‍ എല്ലാരും ഉറക്കവും തുടങ്ങി... എനിക്കാണെങ്കില്‍ ഈ കഥയൊക്കെ കേട്ടിട്ട് ഉറക്കവും ഇല്ല... പുറത്തു നോക്കിയപ്പോള്‍ അപ്പുറത്തെ പറമ്പിലെ പുളിമരം കാണാം... ഞാന്‍ അതിനെ ഒരു പാലമരം ആയി സങ്കല്‍പ്പിച്ചു നോക്കി... അതിന്റെ മുകളില്‍ ഒരു വെള്ള സാരി അനങ്ങുന്നുണ്ടോ???

“ഫാ തെണ്ടീ... നിനക്കൊന്നും ഒരു പണിയും ഇല്ലേ? കിടന്നുറങ്ങാന്‍ നോക്കടാ”

ഞാന്‍ എന്നെ തന്നെ തെറി വിളിച്ചു... എന്നിട്ട് ഒരു ദീര്‍ഖനിശ്വാസം വിട്ടു കണ്ണടച്ച് കിടന്നു...

അപ്പോള്‍ അച്ഛന്‍ ഒരു മെഴുകുതിരി വെറും നിലത്ത കത്തിച്ചു വെച്ചു... അതിന്‍റെ ഒരു അരണ്ട വെളിച്ചം ഓഫീസ് റൂമിലും അടിക്കുന്നു. ഒരു വെളിച്ചം കണ്ടല്ലോ... സമാധാനം. വീണ്ടും എന്‍റെ മനസ്സിലേക്ക് ആ വെള്ള സാരി ഉടുത്ത രൂപം കടന്നു വന്നു...അവര്‍ എന്തിനായിരിക്കും വന്നത്? ഇപ്പൊ ഈ റൂമില്‍ അവര്‍ വന്നാല്‍ ഞാന്‍ എന്ത് ചെയ്യും?? അച്ഛനെ പോലെ ധൈര്യത്തോടെ എനിക്ക് നേരിടാന്‍ പറ്റുമോ?? അപ്പോളും ഞാന്‍ കണ്ണടച്ച് കിടക്കുകയാണ്... ഒരാവശ്യവും ഇല്ലാതെ ഞാന്‍ ഒന്ന് കണ്ണ് തുറന്നു നോക്കി...

ഒരു വെളുത്ത രൂപം ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു വരുന്നു... മുടി ഒക്കെ അഴിച്ചിട്ട്... ഒരു രണ്ടു നിമിഷം എടുത്തു എനിക്ക് കാര്യത്തിന്റെ ഗൌരവം മനസ്സിലാവാന്‍, ഉള്ള ധൈര്യം ഒക്കെ എന്‍റെ തോണ്ടയിലെക്ക് ഞാന്‍ ആവാഹിച്ചു... എന്നിട്ട്,

“അയ്യോ... അമ്മേ... അമ്മേ...”

ഞാന്‍ ഉറക്കെ നിലവിളിച്ചു...

അപ്പോള്‍ ആ രൂപം എന്‍റെ നേരെ വേഗതയോടെ വന്നു... അതോടെ എന്‍റെ കരച്ചിലിന്റെ ശബ്ദം ഒന്നു കൂടെ കൂടി.

“അമ്മെ.. അമ്മേ...”

അപ്പോളേക്കും ആ രൂപം എന്‍റെ തൊട്ടടുത്തെത്തി... ഞാന്‍ കണ്ണ് രണ്ടും ഇറുക്കി അടച്ചു...

“എന്താ കുട്ടാ?”

“ഏ... ഇതാരാ?”

ഞാന്‍ പതുക്കെ കണ്ണ് തുറന്നു... നോക്കുമ്പോള്‍ അമ്മ എന്‍റെ മുന്നില്‍...

“എന്താ? സ്വപ്നം വല്ലതും കണ്ടോ?”

“ആ”

ഞാന്‍ തിരിഞ്ഞു കിടന്നു...

കാര്യം ഇതായിരുന്നു... ബെഡ് റൂമില്‍ ചൂട് കൂടിയപ്പോ പാവം അമ്മ ഓഫീസ് റൂമില്‍ എന്‍റെ കൂടെ കിടക്കാന്‍ വന്നതായിരുന്നു... അമ്മ നടന്നു വരുന്നതിന്‍റെ പിള്ളില്‍ ഉള്ള മെഴുകുതിരിയുടെ വെളിച്ചം ആണ് അമ്മയുടെ അഴിച്ചിട്ട മുടിക്കുള്ളിലൂടെ ഭീകര അന്തരീക്ഷം ഒക്കെ സൃഷ്ടിച്ചത്...

എന്നാലും ഒരു കാര്യത്തില്‍ എനിക്ക് അഭിമാനിക്കാം...

സ്വന്തം അമ്മയെ കണ്ടു പേടിച്ച ആദ്യത്തെയും അവസാനത്തെയും മകന്‍ ഒരു പക്ഷെ ഞാന്‍ ആയിരിക്കും!!!

No comments:

Post a Comment