Sunday, September 26, 2010

കിഷ് യാത്ര 02

കാണാന്‍ തരക്കേടില്ലാത്ത ഒരു ഹോട്ടല്‍... അത്യാവശ്യം നല്ല വൃത്തിയും വെടിപ്പും ഉള്ള ചുറ്റുപാട്... പുറത്തു ഒരു ചെറിയ ഗ്രോസറി... ഞാന്‍ അന്തം വിട്ടു പോയത് ആള്‍ക്കാരെ കണ്ടിട്ടാണ്!!! ആ ചെറിയ ഹോട്ടലില്‍ കൊള്ളാവുന്നതിലും അധികം ആള്‍ക്കാര്‍... ഒരുപാട് മലയാളികള്‍... പലതരം മുഖങ്ങള്‍ അവിടെ കണ്ടു... പ്രതീക്ഷ നഷ്ടപ്പെട്ടവരും, അവിടെ വന്നു കൂട്ടുകാര്‍ ആയവരും, എന്തിനു? ജീവിതമേ വിട എന്നാ അവസ്ഥയില്‍ ഉള്ളവരെ വരെ... ഞാന്‍ ബസ്സില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍  ഒരാള്‍ എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച്ചു ചിരിച്ചു...

“ഞാന്‍ ജോസ്... ഇത് അരുണ്‍... ആദ്യയിട്ടാണോ കിഷില്‍”

“സൂരജ്‌, അതെ ആദ്യമായിട്ടാ...”

“എവിടെയാ റൂം ഒക്കെ?”

“റിസപ്ഷനില്‍ പോയി പാസ്പോര്‍ട്ട്‌ കൊടുക്ക്‌, അവര്‍ റൂം നമ്പര്‍ പറഞ്ഞു തരും... ഫ്രഷ്‌ ആയി പുറത്തിറങ്ങു, ഞങ്ങള്‍ ഇവിടെ ഒക്കെ ഉണ്ടാവും... വേറെ ഒന്നും ചെയ്യാന്‍ ഇല്ലല്ലോ”

റിസപ്ഷനില്‍ പോയപ്പോള്‍ അവിടെ ഒരു തൃശൂര്‍ പൂരത്തിനുള്ള തിരക്ക്‌.. തിരക്കെല്ലാം തീര്‍ന്നു പാസ്പോര്‍ട്ട്‌ കൊടുത്ത് റൂം കീ ചോദിച്ചു.. സെപരറ്റ്‌ റൂം ഇല്ല, മൂന്ന് പേര്‍ ആണ് ഒരു റൂമില്‍... റൂമില്‍ എത്തിയപ്പോള്‍ അല്‍പ്പം സമാധാനം ആയി. നല്ല വൃത്തി ഉള്ള റൂം... അറ്റാച്ച്ട് ടോയ്‌ലറ്റ്‌ ഉണ്ട്, റീവീ ഉണ്ട്, ഒരു ചെറിയ ഫ്രിഡ്ജ്‌ ഉണ്ട്.. ധാരാളം.. രണ്ടു ദിവസം താമസിക്കാന്‍ അല്ലെ?... ഇത് മതി... പിന്നെ ആലോചിച്ചു, ഈശ്വരാ ഇവിടെ ഉള്ളവന്മാരുടെ പോലെ എങ്ങാനും ആവുമോ എന്റെ ഗതി? രണ്ടു ദിവസത്തിനുള്ളില്‍ വിസ വരില്ലേ? ബാത്‌റൂമില്‍ പോയി കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി പുറത്തിറങ്ങി... ഉച്ച സമയം... ഹോട്ടല്‍ കാന്റീന്‍ ഉണ്ട് അവിടെ പോയി.. ഫുഡ്‌ ടോകെന്‍ ഉണ്ട് രണ്ടു ദിവസം.. അത് കഴിഞ്ഞാല്‍ കയ്യില്‍ നിന്നും കാശ് കൊടുത്തു കഴിക്കണം.

“ഹായ്... കൈസേ ഹോ?”

ഈശ്വരാ, ഹിന്ദി!!! ചോദ്യം കേട്ട് തിരിഞ്ഞു നോക്കി... അതാ ഫ്ലൈറ്റ്ല്‍ വെച്ച് കണ്ട പാകിസ്താനി പെണ്‍കുട്ടി... കയ്യില്‍ ഫുഡ്‌ ഒക്കെ വെച്ച ഒരു ട്രേ ഒക്കെ ആയി.. എന്റെ മുന്നില്‍ ഇരുന്നു..

“മേ ടീക് ഹും..”

അറിയാവുന്ന ഹിന്ദിയില്‍ ഞാനും വെച്ച് കാച്ചി.. പിന്നെ ആലോചിച്ചു മേം കര്‍ത്താവ്‌ ആവുമ്പോള്‍ ഹും തന്നെ അല്ലെ? നിനക്കങ്ങനെ തന്നെ വേണമെടാ സൂരജെ, പണ്ട് സെക്കന്റ്‌ ലാംഗ്വേജ്‌ ഹിന്ദിയും എടുത്ത് സുലൈമാന്‍ സാറിന്റെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു നടക്കുമ്പോള്‍ ആലോചിക്കണമായിരുന്നു... ഞാന്‍ എന്നെ തന്നെ മനസാല്‍ ശപിച്ചു... പിന്നെ ധൈര്യമായി തിരിച്ചു ചോദിച്ചു...

“ആപ് കൈസേ ഹോ”

നാശം ആപ്പ്‌... ഇതിന്റെ കൂടെ ഹോ തന്നെ ആണോ? കൈസേ ആണോ കൈസീ ആണോ? ആപ്പ്... കോപ്പ്!!!

അവള് ചിരിച്ചു... ശരിയാണ് ഞാന്‍ പറഞ്ഞത് തെറ്റാ...

“അല്‍ഹം ദുലില്ലാഹ്..”

അങ്ങനെയും മറുപടി ചെയ്യാം അല്ലെ? അത് പുതിയ അറിവാണ്...

“ആപ് കാ നാം ക്യാ ഹൈ?”

അതാ വീണ്ടും കാ... കി!! കാ.. കെ.. കി.. നെ.. കോ.. സെ.. മേം.. പര്‍... അങ്ങനെ എന്തൊക്കെയോ പഠിച്ചത് ഓര്മ ഉണ്ട്... പണ്ടാരം ഇതെവിടെ എടുത്തിട്ട് കാച്ചും? നമുക്കറിയാവുന്ന ഹിന്ദി ഒന്നും ഇവള് ചോദിക്കുന്നും ഇല്ല!!!! പക്ഷെ അപ്പോളേക്കും എനിക്ക് ഉത്തരം കിട്ടി...

“പര്‍വീണ്‍”

ഇതെന്തു പേര്?

“സൂരജ്‌”

പിന്നെ അവള്‍ എന്തൊക്കെയോ ചോദിച്ചു... കുറെ ഹിന്ദി ഒന്നും എനിക്ക് മനസ്സിലായില്ല... പിന്നെയാ മനസിലായത്‌ അതില്‍ പകുതിയും ഉര്‍ദു ആയിരുന്നു...

“അച്ഛാ അബ് ചല്തീ ഹും... ശാം മേ മിലൂന്ഗീ...”

“ഓക്കേ”

“അസ്സലാം അലൈക്കും”

“വാ അലൈക്കും അസ്സലാം”

“എന്താ സൂരജെ വന്ന വഴിക്ക്‌ തന്നെ വളചെടുതോ?

തിരിഞ്ഞു നോക്കിയപ്പോള്‍ ജോസ്... കൂടെ അരുണും... ഞാന്‍ വെറുതെ ഫ്രീ ആയി ഒരു ചിരി കൊടുത്തു.

“നല്ല വിശപ്പുണ്ടല്ലേ... എങ്ങനെ ഉണ്ട് ഫുഡ്‌? ഫ്രീ കൂപ്പണ്‍ ഒരു കഥയാ.. പുറത്തൊരു മലയാളിയുടെ കട ഉണ്ട് അവിടെ നല്ല പൊറോട്ടയും ബീഫ്‌ കറിയും കിട്ടും.. ഇപ്പൊ ഇത് കഴിക്ക്...”

“ഇവിടെയും മലയാളിയുടെ കടയോ”

“അതാ രസം, അങ്ങേരു ഇവിടെ വിസ മാറാന്‍ വന്നതാ... കമ്പനി വിസ അയച്ചു കൊടുത്തില്ല... ഇവിടെ കുടുങ്ങി... കയ്യിലുള്ള പൈസയും നാട്ടീന്നു കുറച്ചു പൈസ എക്സ്ചേഞ്ച് വഴി ട്രാന്‍സ്ഫര്‍ ചെയ്തും അങ്ങേരു ഇവിടെ ഒരു ചായക്കട തുടങ്ങി.. ഇപ്പൊ നല്ല സ്ഥിതിയിലാ”

“അപ്പൊ ഇവിടെ നിക്കാന്‍ വിസ വേണ്ടേ?”

“പതിനഞ്ചു ദിര്‍ഹം കൊടുത്താല്‍ രണ്ടോ മൂന്നോ മാസം നിക്കാന്‍ ഉള്ള വിസ കിട്ടുമെത്രേ... പിന്നെന്താ പാട്?”

ഞാന്‍ ആലോചിച്ചു, ഇക്കണക്കിനു ചന്ദ്രനില്‍ മലയാളിയുടെ ചായക്കട ഉണ്ട് എന്ന കഥ ചെലപ്പോ ശരിയായിരിക്കും...

“ഞങ്ങള്‍ ഒന്ന് പോയി കിടക്കട്ടെ, ആ , പിന്നെ സമയം പോവുന്നില്ലെന്കില്‍ പുറത്തിറങ്ങി ഏതെന്കിലും ടാക്സി പിടിച്ചു ഊര് ചുറ്റ്... ഒന്നോ രണ്ടോ ദിര്‍ഹം കൊടുത്താല്‍ കിഷ മൊത്തം ചുറ്റി കൊണ്ടുവരും... പെട്രോള്‍ ഒക്കെ വളരെ ചീപ്പ്‌ ആണ് ഇവിടെ.. പിന്നെ ആകപ്പാടെ എഴുപതു കിലോമീറ്റര്‍ ഉള്ളു ഈ സ്ഥലം...”

അവര്‍ എഴുന്നേറ്റു, അപ്പോള്‍ അരുണ്‍,

“ദൂരേക്ക്‌ എങ്ങോട്ടും നടന്നു പോവരുത്, ഇവിടെ കുറെ അലന്ന ടീം ഉണ്ട്, കഞ്ചാവ് ഒക്കെ ആയിട്ട്... കുത്തും കൊലയും ഒക്കെ ഉള്ള സ്ഥലം ആണ്...”

“പോലീസ് ഇല്ലേ ഇവിടെ?”

“കൊള്ളാം, നാലും മൂന്നും ഏഴു പോലീസ് ഉണ്ട്... നമ്മടെ തടി നമ്മള്‍ തന്നെ നോക്കണം... അപ്പൊ ശരി... പോട്ടെ?”

കൈ കഴുകി ഞാനും എണീറ്റ്‌ റൂമില്‍ പോയി കിടന്നുറങ്ങി... പിന്നെ എണീക്കുന്നത് അഞ്ചു മണിക്ക്... മുഖം കഴുകി.. ഒരു ചായ കുടിച്ചു കളയാം... അങ്ങനെ കാന്റീനില്‍ എത്തി... അവിടെ അതാ പര്‍വീണ്‍... ഇവള്‍ ഇവിടെ തന്നെ ആണോ? ഈശ്വരാ, ഇനി ഹിന്ദി പറയണ്ടേ? ഉള്ള സ്റ്റോക്ക്‌ ഒക്കെ തീര്‍ന്നു... കാണാത്ത പോലെ ഒരു മൂലയില്‍ പോയി ഇരുന്നു... ചായ ഓര്‍ഡര്‍ ചെയ്തു...

“ഹായ് സൂരജ്‌...”

തൊലഞ്ഞ്... കണ്ടു പിടിച്ചു...

“ഹലോ”

അവള്‍ എന്റെ മുന്നില്‍ വന്നിരുന്നു...

“വോ കൌണ്ടര്‍ മേ ഗ്രീന്‍ ടീ മിലേഗാ... ധോടാ ട്രൈ കരോ...”

ഞാന്‍ ഒന്നും പറയാതെ തലയാട്ടി..

“ഓക്കേ, ഏക്‌ ഹെല്‍പ്‌ ചാഹിയേ... ആപ് മേരീ സാത്ത് ടെലിഫോണ്‍ ബൂത്ത്‌ തക്ക് ആ സക്തെ ഹോ?”

“മുജെ മാലും നഹി ഹെ..”

“മുജെ മാലൂം ഹെ... ഘാലി ദസ് പന്ദ്രഹ് മിനിറ്റ്‌ ലഗേഗാ...”

“ഓക്കേ”

അപ്പോളേക്കും അഞ്ചര ആവാനായിരിക്കുന്നു... ചെറിയ രീതിയില്‍ ഇരുട്ടും വീണു തുടങ്ങിയിരിക്കുന്നു... പുറത്തിറങ്ങിയപ്പോള്‍ മുന്നില്‍ ജോസും അരുണും... എന്നെ നോക്കി അര്‍ഥം വെച്ചൊരു ചിരി... ഞാനും തിരിച്ച്  സൈക്കളില്‍ നിന്നും വീണ ഒരു ചിരി ഇട്ടു കൊടുത്തു...  അങ്ങനെ നടത്തം തുടങ്ങി... അഞ്ചു മിനിട്ടും കഴിഞ്ഞിട്ട് ബൂത്ത്‌ കാണാന്‍ ഇല്ല... ഇവള്‍ ആണെങ്കില്‍  വാ തോരാതെ ഹിന്ദി തുപ്പുന്നു... അരുണ്‍ പറഞ്ഞ വാക്ക് എന്റെ മനസ്സില്‍ ഓടി എത്തി...

“നമ്മടെ തടി നമ്മള്‍ തന്നെ നോക്കണം...”

ചുറ്റുപാടും ആരെയും കാണാന്‍ ഇല്ല... അപ്പോള്‍ ഒരു ബൈക്ക് ഞങ്ങളെ കടന്നു പോയി... കുറച്ചു ദൂരം പോയി നിര്‍ത്തി തിരഞ്ഞു നോക്കി അഞ്ചു സെക്കന്റ്‌ കഴിഞ്ഞു വിട്ടു പോയി... രണ്ടു പാകിസ്ഥാനികള്‍... ഉടനെ എന്റെ മനസ്സില്‍ ഓരോ ചിന്ത ഉടലെടുത്തു... ഈ പാകിസ്ഥാനികള്‍ പോയി അവരുടെ ഫ്രണ്ട്സിനെ കൂട്ടി വന്നു ഞങ്ങളെ രണ്ടു പേരെയും...

“ഹേ അങ്ങനെ ഒന്നും സംഭവിക്കില്ല...”  

അങ്ങനെ എന്തോ ഞാന്‍ പറഞ്ഞു...

“ക്യാ?”

“ഹേയ്.. കുച്ച് നഹി...”

ഈ ജന്തുവിന് ആണെങ്കില്‍ പേടിയും ഇല്ല... അങ്ങനെ ഞങ്ങള്‍ ബൂത്ത്‌ കണ്ടു.. അതിന്റെ പുറത്ത്‌ മൊത്തം ആണുങ്ങള്‍... കൂടുതലും പട്ടാണികള്‍... ഒരു പത്തു പന്ത്രെണ്ടണ്ണം കാണും... എല്ലാവന്മാരും പര്‍വീണ്‍ന്റെ ചോര ഊറ്റി ഊറ്റി കുടിക്കുന്നു...

“ജല്‍ദി ആവോ...”

അവള്‍ ബൂത്തിലേക്ക്‌ കയറി... അണ്ണന്മാര്‍ മൊത്തം എന്നെ നോക്കുന്നു... ചിലര്‍ കുശുകുശുക്കുന്നു... എന്നെ കൊന്നു ഇവളെ തട്ടി കൊണ്ട് പോവാനുള്ള പ്ലാന്‍ വല്ലതും ആണോ ആവോ? കിഷില്‍ വന്നു മരിക്കാന്‍ ആണോ ഈശ്വരാ എന്റെ വിധി? എനിക്ക് ചെറുതായി വിറയ്ക്കുന്നുണ്ടോ? അപ്പോളേക്കും ഏതാണ്ട് നല്ല രീതിയില്‍ ഇരുട്ടി...

അപ്പോള്‍ ഒരു പാകിസ്ഥാനി എന്റെ നേരെ നടന്നു വന്നു... അതെ എനിക്ക് വിറക്കുന്നുണ്ട്...

(തുടരും)

ബീച്ചിലെ മധുവിധു



കല്യാണം കഴിഞ്ഞു മധുവിധു ആഘോഷിക്കാന്‍ എവിടെ പോവും എന്ന് ആലോചിചിരിക്കുമ്പോള്‍ ആണ് ഒരു സ്റാര്‍ടെര്‍ ആയി ഭാര്യക്ക്‌ കോഴിക്കോട് ബീച് ഒന്ന് കാണിച്ചു കൊടുക്കാം എന്ന് ബോബ്സിനു തോന്നിയത്‌. അങ്ങനെ ഭാര്യയും ആയി ബോബ്സ്‌ കോഴിക്കോട്‌ ബീച്ചില്‍ എത്തി... നീണ്ട 22 ദിവസത്തിന് ശേഷം സൂര്യപ്രകാശം മുഖതടിച്ചപ്പോള്‍ ഒരു ചെറിയ പൊറുതികേടു തോന്നിയെനിലും ഭാര്യയുടെ സന്തോഷത്തിനു വഴങ്ങി അതെല്ലാം പാവം ബോബ്സ്‌ ഉള്ളില്‍ ഒളിപ്പിച്ചു... ബീച്ചിലൂടെ രണ്ടു കമിതാക്കള്‍ ഓടി തൊട്ടു കളിക്കുന്നത് കണ്ടപ്പോള്‍ ബോബ്സിനും ഒരു ആഗ്രഹം...

“നോക്കൂ, നമുക്കങ്ങനെ കള്ളനും പോലീസും കളിക്കാം?? എന്താ അഭിപ്രായം?”

ആദ്യമായി കാണുന്ന പോലെ ഭാര്യ ബോബ്സിനെ നോക്കി...

“ബോബേട്ടാ... തല്ക്കാലം നമുക്കൊരു ഐസ്ക്രീം കഴിക്കാം? എന്താ അഭിപ്രായം??”

“നീയോട്ടും റൊമാന്റിക്‌ അല്ല...”

“ഇങ്ങനെ ലോറി ഓടുന്നത് പോലെ ഓടാന്‍ എനിക്ക് തലയ്ക്കു ഓളം ഒന്നും ഇല്ല... ഇനി ബോബെട്ടന് ഓടണം എന്നുണ്ടെങ്കില്‍ ദാ അവളുടെ പിന്നാലെ തന്നെ ഓടിക്കോ... എനിക്ക് ഐസ് ക്രീം വാങ്ങി തരുന്നുണ്ടോ ഇല്ലെയോ?”

ഇനി മിണ്ടിയാല്‍ സംഗതി പാളും എന്ന് ഉറപ്പായപ്പോള്‍ ബോബ്സ്‌ പെട്ടന്ന് പ്ലേറ്റ് മാറ്റി... വിശാലമായി ചിരിച്ചു കൊണ്ട്,

“പിന്നെന്താ?? ഇന്ന് നിന്നെ ഞാന്‍ ഐസ്ക്രീമില്‍ മുക്കി കൊല്ലും... നോക്കിക്കോ... വാ... ആ, ലോറിയെ പറ്റി പറഞ്ഞപ്പോള എനിക്കൊരു തമാശ ഓര്മ വന്നത്... സൈക്കിള്‍ റാലി പോലൊരു ലോറി രാറി !!!.... ഇതൊന്നു സ്പീഡില്‍ പറഞ്ഞെ... അല്ല ഒന്നും ഇല്ല! വാ... "

അങ്ങനെ രണ്ടു പേരും കൂടെ ഐസ്ക്രീം പാര്‍ലര്‍ എത്തി... ബോബ്സ്‌ ഭാര്യയേയും കൂട്ടി നേരെ ഒരു ഇരുണ്ട മൂലയില്‍ പോയി ഇരുന്നു... എന്നിട്ട് അടുത്തുണ്ടായിരുന്ന കര്‍ട്ടന്‍ നീക്കി ഇട്ടു...

“ഇതെന്തിനാ ഇവിടെ ഇരിക്കുന്നത്?”

“നീ മിണ്ടാതിരി, ഇവിടെ ഇരുന്നാല്‍ ആരും നമ്മളെ കാണൂല”

അത് കേള്‍ക്കലും ഭാര്യ ബോബ്സിനെ തുറിപ്പിച്ചു നോക്കി...

“നിങ്ങള്‍ ഇതിനു മുന്നേ ഇവിടെ ഇരുന്നിട്ടുണ്ടോ?”

പണി പാളി...

“പിന്നെ... ഞാനും അഭിയും എപ്പോളും ഇവിടെയ ഇരിക്കുക... എന്താ കാറ്റ്? നോക്ക് അടുക്കള.. എത്ര മനോഹരം... അല്ലെ? പിന്നെ, ഇവിടെ ഇരുന്നാല്‍ പുറത്തുള്ളവരെ ഒക്കെ കാണാം.. അതാ നോക്ക് ഒരു പിച്ചക്കാരന്‍... ആഹ!!”

സംശയം മാറാതെ ഭാര്യ വീണ്ടും ബോബ്സിനെ നോക്കി... അതോടെ ബോബ്സ്‌ പതിനെട്ടാമത്തെ അടവെടുത്തു...

“അല്ലെങ്കിലും നിനക്കെന്നെ സംശയമാണ്... ഇതിനാണോ കോട്ട് ഒക്കെ ഇട്ടു ഞാന്‍ നിന്നെ കല്യാണം കഴിച്ചത്? പിന്നെ അഭിയും ജിയോയും രജനീഷ്‌ഉം ഒക്കെ എത്ര ബുദ്ധിമുട്ടിയ അന്ന് പുലിക്കളി ഒക്കെ കളിച്ചത്??”

അതോടെ ഭാര്യ വിട്ടു... അപ്പോള്‍ ബോബ്സിന്റെ പിന്നില്‍ നിന്ന് ഒരു ശബ്ദം...

എന്താ...”

ഞെട്ടി പോയ ബോബ്സ്‌,

“അയ്യോ ഞാന്‍ അല്ല.. ഇവളാ...”

തിരിഞ്ഞു നോക്കിയപ്പോ വൈട്ടര്‍... ഇളിഞ്ഞ മുഖം വേഗം മാറ്റി...

“എന്താ സര്‍ വേണ്ടത്‌?”

“രണ്ടു KF… അല്ല, സോറി... എന്താ ചേട്ടാ ഉള്ളത്?”

“സര്‍ ആ മെനുവില്‍ ഉള്ളതെല്ലാം ഉണ്ട്”

“എന്നാ പിന്നെ...”

ഇതും പറഞ്ഞു അറിയാതെ പുറത്തേക്കു നോക്കി പോയ ബോബ്സ്‌ ഞെട്ടി... പെട്ടന്ന് ഭാര്യയോട്,

“നീ ഓര്‍ഡര്‍ ചെയ്, ഞാന്‍ ഇപ്പോള്‍ വരാം”

അപ്പോള്‍ ഐസ് ക്രീം പാര്‍ലര്‍ന്റെ പുറത്തു മറ്റൊരു രംഗം കൊഴുക്കുന്നു...


“വരൂ നമുക്ക്‌ ഐസ്ക്രീം കഴിക്കാം.. ഇവിടത്തെ ഏറ്റവും നല്ല ഐസ്ക്രീം പാര്‍ലര്‍ ഇതാണ്...”

“ഛെ, നീയെന്താ ആതിരെ ഈ പറയുന്നത്... നമുക്ക്‌ ബീച്ചിലേക്ക് പോവാം കുറച്ചു നേരം കൂടെ നടന്നിട്ട് വരാം...”

“എനിക്ക് മടുത്തു... ഞാന്‍ ഐസ്ക്രീം പാര്‍ലര്‍ലേക്ക് പോവാ.. വരുന്നെങ്കില്‍ വാ...”

“നോക്കൂ എത്ര സുന്ദരമായ സായാഹ്നം... രക്ത വര്‍ണത്തിലുള്ള മേഘതുള്ളികള്‍ ആകാശത്തിലൂടെ ഒഴുകി നടക്കുന്നു... കൂടണയാന്‍ പോവുന്ന പറവകളുടെ കളകൂജനങ്ങള്‍... ഹാ!! എത്ര മധുരം... സ്വന്തം കാമുകന്‍റെ ഓരം ചേര്‍ന്ന് ആള്‍ത്തിരക്ക് ഇല്ലാത്ത ബീച്ചിലൂടെ നടന്നു നീങ്ങാന്‍ ആതിരക്ക് ആഗ്രഹമില്ലേ?”

“സാഹിത്യമൊക്കെ കൊള്ളാം, പക്ഷെ എന്റെ കാലൊക്കെ വേദനിക്കുന്നു... പിന്നെ, ബോയിംഗ് ബോയിംഗ് സിനിമ ഞാനും കണ്ടിട്ടുണ്ട് കേട്ടോ...”

“എന്നാ പിന്നെ നടക്ക്... കര്‍ത്താവേ ആ കോര്‍ണറില്‍ ഉള്ള സീറ്റ്‌ കിട്ടിയാ മതിയായിരുന്നു...”

“അതെന്തിനാ?”

“അതോ, അത് പിന്നെ, ആ ടേബിളില്‍ അഞ്ചു സീറ്റ്‌ ഉണ്ട്, നമ്മള്‍ അഞ്ചു പേരുണ്ടല്ലോ... എവിടെ നിന്റെ ഫ്രണ്ട്സ്?”

“അവര് മൂന്ന് പേരും ബീച്ചില്‍ തന്നെ ഉണ്ട്... ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ”

“ഡാ ജിയോ”

തിരിഞ്ഞു നോക്കിയ ജിയോ ഞെട്ടി പോയി... ബോബ്സ്‌!!

പ്രേതത്തെ കണ്ട പോലെ വിളറി വെളുത്ത് പോയ ജിയോയോടു ബോബ്സ്‌,

“നീയെന്താ ഇവിടെ? അതേതാ ആ ഫോണ്‍ ചെയ്യുന്ന പെണ്ണ്?”

“ആ ഫോണോ? നോക്കിയ അല്ലെ?.. അതെ നോക്കിയ തന്നെ.. എന്താലെ...”

“സത്യം പറ മോനെ ജിയോ ആ പെണ്ണേതാ”

“എനിക്കറിഞ്ഞൂട... അല്ല ബോബ്സ്‌ എന്താ ഇവിടെ?”

പെട്ടന്ന് ആതിര തിരിഞ്ഞു ജിയോയോടു,

“ജിയോ ഞാന്‍ അവരെ കൂട്ടിയിട്ട് വരാം... അവര് മൂന്ന് പേരും വഴിയറിയാതെ ബീച്ചില്‍ തന്നെ ഉണ്ട്.. ഇപ്പൊ വരേ...”

ജിയോയുടെ ആത്മഗതം...

“തോലഞ്ഞു”

“നീ കൊള്ളാലോഡേ, നാലെണ്ണതിനെ മേയ്ച്ചാണല്ലേ നടപ്പ്”

പെട്ടന്ന് പിന്നില്‍ നിന്ന്...

“അച്ചായോ വേഗം വാ ഐസ്ക്രീം തണുത്തു പോവും”

“ഐസ്ക്രീം തണുക്കാനോ? സത്യം പറ ബോബ്സേ അതാരാ ഇരുട്ടത്ത്‌ ഇരിക്കുന്ന ആ പെണ്ണ്?”

“എടാ അത്,”

“ഓഹോ, കല്യാണം കഴിച്ച നിങ്ങള്‍ക്ക്‌ ഒരു പെണ്ണിനേം കൂട്ടി ഐസ്ക്രീം കഴിക്കാം, കല്യാണം കഴിക്കാത്ത എനിക്ക് വെറും നാല് പെണ്ണുങ്ങളെ കൂട്ടി ഐസ്ക്രീം കഴിചൂടെ? ഇതെവിടുത്തെ നിയമം? ഇതെവിടുത്തെ കോടതി???!!!”

ആകെ കണ്ഫ്യുഷന്‍ ആയിപോയ ബോബ്സ്‌,

“അത് പിന്നെ”

“ഓക്കേ, നമുക്ക്‌ കൊമ്ബ്രമൈസ് ആക്കാം, നിങ്ങളെ ഇവിടെ കണ്ട കാര്യം ഞാന്‍ ആരോടും പറയൂല... എന്നെ ഇവിടെ ഈ നാല് പെണ്ണുങ്ങള്‍ടെ കൂടെ കണ്ട കാര്യവും നിങ്ങള്‍ ആരോടും പറയരുത്... അഗ്രീട്??”

നിവര്‍ത്തിയില്ലാതെ ബോബ്സ്‌...

“ഓക്കേ..”

“എന്നാ പിന്നെ ഒരു നൂറു രൂപ തന്നെ, അവറ്റകള്‍ക്ക് ഐസ്ക്രീം വാങ്ങി കൊടുക്കണ്ടേ?”

ഗത്യന്തരം ഇല്ലാതെ പേഴ്സ് തുറന്നു നൂറു രൂപ എടുക്കുന്ന ബോബ്സ്‌. പൈസ വാങ്ങി കീശയില്‍ ഇട്ടു തിരിഞ്ഞു നടന്നു കൊണ്ട്
ജിയോ...

“എന്തൊരു ചെലവാനെന്റെ അമ്മച്ചീ”

ജിയോ പോവുന്നത് നോക്കിക്കൊണ്ട് ബോബ്സ്‌...

“പൊട്ടന്‍, അവനു മനസ്സിലായിട്ടില്ല ഞാന്‍ എന്റെ ഭാര്യയുടെ കൂടെയാണ് വന്നത് എന്ന്... കഷ്ട്ടം!!!”

(ശുഭം)


ആശയം, ആവിഷ്ക്കാരം: തമ്പു
തിരക്കഥ, സംഭാഷണം: സൂരജ്‌
കഥാതന്തു: ബോബ്സ്‌!!! (വാളെടുത്തവന്‍ വാളാല്‍!!!)

Monday, September 13, 2010

കിഷ് യാത്ര 01

ദുബായില്‍ വിസിറ്റ് വിസയില്‍ ആണ് ഞാന്‍ വന്നത്... അന്നത്തെ നിയമം അനുസരിച്ച് വിസിറ്റ് വിസയുടെ കാലാവധി മൂന്നു മാസം ആണ്, പിന്നെ വിസ കിട്ടണമെങ്കില്‍  വേറെ ഏതെങ്കിലും  കണ്‍ട്രിയില്‍ പോയി തിരിച്ചു വരണം... ഒരു ജോലി ഒക്കെ ശരിയായി നിക്കുമ്പോള്‍ ആണ് എന്റെ വിസ എക്സ്പയര്‍ ആവാന്‍ ആയത്... നാട്ടില്‍ പോയി തിരിച്ചു വരാം എന്ന് വിചാരിച്ചാല്‍ ചെലപ്പോള്‍ വരല്‍  ഉണ്ടാവില്ല..

അപ്പോളാണ് കിഷ് എന്ന സ്ഥലത്തെ കുറിച്ച് കേട്ടത്. സാധാരണ ഇവിടെ നിന്നും വിസ ചേഞ്ച്‌ ചെയ്യാന്‍ എല്ലാവരും പോവുന്ന ഒരു ദ്വീപ്‌ ആണ് കിഷ്... പോയി വരവും മൂന്ന് ദിവസത്തെ ഹോട്ടല്‍ താമസവും ഭക്ഷണവും എല്ലാം കൂടെ വെറും അഞ്ഞൂറ് ദിര്‍ഹത്തില്‍  തീരും... പിന്നെ ഒന്നും ആലോചിച്ചില്ല, അങ്ങനെ ഒരു ട്രാവല്‍സില്‍ പോയി ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു... ടിക്കറ്റ്‌ കിട്ടിയപ്പോള്‍   ആണ് ശ്രദ്ധിച്ചത്, ടിക്കറ്റ്‌ല്‍ പണ്ട് ജാംബവാന്റെ കാലത്തുള്ള ഒരു ഫ്ലൈറ്റ്ന്റെ ചിത്രം, ... ആകപ്പാടെ എന്തൊക്കെയോ ഒരു പന്തികേട് തോന്നി...

അങ്ങനെ കിഷില്‍ പോവണ്ട ദിവസമായി... രണ്ടു മൂന്നു ദിവസത്തേക്കുള്ള പെട്ടിയും കോപ്പും ഒക്കെയായി ഞാന്‍ ദുബായ് എയര്‍പോര്‍ട്ട് എത്തി. ഫ്ലൈറ്റ് അനൌണ്‍സ് ചെയ്തു... ബോര്‍ഡിംഗ് പാസ്‌ ഒകെ എടുത്ത് ഫ്ലൈ ചെയ്യാന്‍ എത്തിയപ്പോള്‍ ആണ് തകര്‍ന്നു പോയത്‌... ആ ടിക്കെട്ടില്‍ കണ്ട അതെ ഫ്ലൈറ്റ്!!! രണ്ടു ചിറകിലും ഖേതാന്‍ ഫാന്‍ പോലെ ഉള്ള ഐറ്റം ഒക്കെ ആയി അമ്പതു പേര്‍ക്ക് മാത്രം പോവാന്‍ പറ്റുന്ന ഒരു കുഞ്ഞു ഫ്ലൈറ്റ്! അപ്പൊ എന്റെ അടുത്തുണ്ടായിരുന്ന ഒരു മലയാളി,

“നാശം, ഇവന്മാര്‍ക്ക്‌ ഈ ഫ്ലൈറ്റ് ഒന്ന് മാറ്റിക്കൂടെ??”

ഇത് കേട്ട ഞാന്‍ ഒന്ന് മൂളി...

“ഇതുപോലെ ഒരെണ്ണം കഴിഞ്ഞ വര്ഷം കടലില്‍ തകര്‍ന്നു വീണതാ”

ഇത് കേള്‍ക്കലും എന്റെ ഉള്ളൊന്നു ആളി... ഫ്ലൈറ്റ് ക്യാന്‍സല്‍ ചെയ്തു നാട്ടിലേക്ക്‌ പോയാലോ?

“കഴിഞ്ഞ അഞ്ചു തവണയും ഞാന്‍ ഇതിലാ പോയത്‌”

ദൈവമേ അഞ്ചു തവണ!!! ഇവന് ഇത് തന്നെ ആണോ പണി??

“എന്തിനാ അഞ്ചു തവണ ഒക്കെ കിഷില്‍ പോവുന്നത്?”

“ജോലി എന്തെങ്കിലും ശരിയാവണ്ടേ മാഷേ”

അതോടെ എന്റെ വായ അടഞ്ഞു... ചിരിച്ചു കൊണ്ടാണ് അയാള്‍ അത് പറഞ്ഞതെങ്കിലും ഉള്ളിലെ വിഷമം അയാളുടെ മുഖത്ത് ഞാന്‍ വായിച്ചെടുത്തു.

അങ്ങനെ ഫ്ലൈറ്റ്ന്റെ ഉള്ളില്‍ കയറി... ഭയങ്കര ചൂട്... പെട്ടന്ന് AC ഓണ്‍ ആവുന്ന ശബ്ദം കേട്ടു... സീറ്റിന്റെ അടിയില്‍ നിന്ന് വെളുത്ത പുക വരാന്‍ തുടങ്ങി... ഏതു കഷ്ടകാലതാണ് എനിക്ക് കിഷില്‍ പോവാന്‍ തോന്നിയത്‌ എന്ന് മനസാല്‍ ചോദിച്ചു കൊണ്ട് ഞാന്‍ ഒരു സീറ്റില്‍ ഇരുന്നു...

കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ അടുത്ത ഒരു ചുരിദാര്‍ ഇട്ട ഒരു പെണ്‍കുട്ടി വന്നിരുന്നു... ഇന്ത്യക്കാരി ആണെന്ന് വിചാരിച്ചു സംസാരം തുടങ്ങി... തെറ്റി, പാകിസ്ഥാന്‍കാരി ആണ്... രണ്ടു തവണ ആയി കിഷില്‍ പോവുന്നു, എഞ്ചിനീയര്‍ ആണ്, ജോലി ഒക്കെ പല തവണ ശരിയായതാണ്.. പ്രശ്നം വയസ്സാണ്, ഇരുപത്തിമൂന്നു വയസ്സയതെ ഉള്ളു.. അത് കൊണ്ട് വിസ കിട്ടുന്നില്ല.. അടുത്ത ബന്ധുക്കള്‍ ആരും ദുബായില്‍ ഇല്ല,ഇരുപത്തിനാല് വയസ്സ് കഴിയാത്ത പെണ്‍കുട്ടികള്‍ക്ക്‌ അടുത്ത ബന്ധുക്കള്‍ ആരും ഇല്ലെങ്കില്‍ വിസ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഇത്തവണ എങ്കിലും കിട്ടും എന്ന പ്രതീക്ഷയില്‍ പോവുകയാണ്.. അത്രക്ക ബുദ്ധിമുട്ടാണെങ്കില്‍ നാട്ടില്‍ പോയ്ക്കൂടെ എന്നാ ചോദ്യത്തിന് അവള്‍ക്കും പറയാന്‍ ഉണ്ടായിരുനത് കഷ്ടപ്പാടിന്റെ കഥ! ഞാന്‍ ചുറ്റുപാടും ഒന്ന് നോക്കി, ആരുടേയും മുഖത്ത് സന്തോഷം ഒന്നും ഇല്ല, എല്ലാവരും ഏതോ മരണവീട്ടില്‍ വന്ന പോലെ...

അപ്പോള്‍ എയര്‍ ഹോസടസ്സ് വന്നു, എന്നോട് എണീറ്റ്‌ പുറകിലത്തെ സീറ്റില്‍ പോയി ഇരിക്കാന്‍ പറഞ്ഞു. ആണുങ്ങളും പെണ്ണുങ്ങളും ഒപ്പം ഇരിക്കാന്‍ പാടില്ല എന്ന്. അവള്‍ക്കു പകരം എന്റെ അടുത്ത് വന്നിരുന മലയാളി പറഞ്ഞു,

“ഇറാന്‍റെ അധീനതയില്‍ ആണ് ഈ കിഷ് എന്ന സ്ഥലം. വികസനം എന്നാ വാക്ക് ഇതു വരെ കണ്ടു പിടിക്കാത്ത ഒരു സ്ഥലം. ഇപ്പോളും പ്രാകൃത നിയമങ്ങള്‍ ഒക്കെ ഉള്ള ഒരു സ്ഥലം ആണിത്  ഒരു ഉദാഹരണം തരാം... സ്ത്രീകളോട് എങ്ങാനും മോശമായി പെരുമാറുകയോ അര്‍ഥം വെച്ച് നോക്കുകയോ ചെയ്‌താല്‍ പത്തു കിലോ വലിയ ഉള്ളി പച്ചക്ക് തിന്നണം...”

ഈ കണക്കിന് ഇന്ത്യക്കാരും പാകിസ്ഥാനികളും ബംഗ്ലാദേശികളും  ഒക്കെ അവിടെ ഉള്ളി മാത്രം തിന്നു ജീവിക്കുന്നുണ്ടാവും...കാരണം ഏതെന്കിലും ഒരു പെണ്ണ് പോവുന്നത് കണ്ടാല്‍ ഈ മൂന്നു കൂട്ടരും തുറിച്ചു നോക്കും.. ഇന്ത്യക്കാരന്‍ വേഗം നോട്ടം നിര്‍ത്തും... കാരണം പേടി ഉണ്ട് ബുദ്ധിയും ഉണ്ട്... ബംഗ്ലാദേശികള്‍ കുറച്ചു കൂടെ നോക്കും ബുദ്ധി അധികം ഉപയോഗിക്കില്ല... പക്ഷെ പേടി ഉണ്ട്... പാകിസ്ഥാനികള്‍ അവരെ നോക്കി നോക്കി ചോര മൊത്തം ഊറ്റി എടുത്ത് വിടൂ... കാരണം ബുദ്ധിയും പേടിയും ഇല്ല...

അങ്ങനെ കിഷ് എത്താന്‍ ആയപ്പോലെക്കും ഞാന്‍ ഒരു വഴിക്കായിരുന്നു. ദൈവം സഹായിച്ച് ആ കുഞ്ഞു ഫ്ലൈറ്റ് സുരക്ഷിതമായി റണ്‍വേയില്‍ ഇറങ്ങി. ഇതാണോ എയര്‍പോര്‍ട്ട്? വേങ്ങര ഡീലക്സ് ഹോട്ടല്‍ പോലെ ഉണ്ട്... ആണുങ്ങളും പെണ്ണുങ്ങളും വേറെ വഴിക്ക്‌... പെണ്ണുങ്ങളെല്ലാം ഒരു റൂമിലേക്ക്‌ പോയി ആണുങ്ങളുടെ ചെക്കിംഗ് കഴിഞ്ഞപ്പോലെക്കും പെണ്ണുങ്ങള്‍ എത്തി, എയര്‍പോര്‍ട്ടില്‍ നിന്നും കൊടുത്ത പര്‍ദ്ദ ഒക്കെ ധരിച്. പര്‍ദ്ദ ഇല്ലാതെ പെണ്ണുങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ലത്രേ...പുറത്തിറങ്ങിയപ്പോള്‍ രണ്ടു ബസ്‌... രണ്ടു ഹോട്ടല്‍ ആണ് ഉള്ളത് അങ്ങോട്ടേക്ക് പോവാന്‍. എന്റെ ഹോട്ടലിന്റെ ബസില്‍ കേറി ഇരുന്നു. പോവുന്ന വഴിയെല്ലാം ചെറിയ ചെറിയ കൂരകള്‍.. കുറെ ആടുകള്‍, കുറെ ചെറിയ പിള്ളേര്‍... കിട്ടുന്ന തണലത് ഇരുന്നു സൊറ പറയുന്ന  ചെറുപ്പക്കാര്‍... പലയിടത്തും ഇലെക്ട്രിക്ക്  പോസ്റ്റ്‌ ഒന്നും ഇല്ല. കൊടും ചൂട്.. പേരിനു മാത്രം മരങ്ങള്‍.. വാഹനങ്ങള്‍ ഒക്കെ വളരെ കുറവ് ടൊയോട്ട കൊറോള ആണ് അവിടെ കണ്ട നല്ലൊരു കാര്‍. എന്റെ അടുത്തിരുന്ന ആളോട് ഞാന്‍ ചോദിച്ചു,

“ഇവിടെ ഉള്ളവരൊക്കെ എങ്ങനെയാ  ജീവിക്കുനത്?”

“പലര്‍ക്കും കൃഷി ആണ്.. പിന്നെ ആട്, പശു.. ഇപ്പോളും പതിനേഴാം നൂറ്റാണ്ടില്‍ ആണ് എല്ലാവരും... അച്ചടിച്ച നോട്ടിന് കടലാസിന്റെ പോലും വില ഇല്ല... അവിടത്തെ കറന്‍സി ആണ് തോലന്‍. ആയിരം തോലന്‍ എന്നാല്‍ ഒരു ദിര്‍ഹം.”

ഞാന്‍ വായും തുറന്നിരുന്നു... അയാള്‍ തുടര്‍ന്നു...

“അറിയാതെ പോലും കയ്യിലുള്ള ദിര്‍ഹം മാറ്റി തോലന്‍ ആക്കരുതെ... അവിടെ ദിര്‍ഹവും ചെലവാക്കാം. നൂറു ദിര്‍ഹം മാറ്റിയാല്‍ ഒരു ബാങ്ക് തുടങ്ങാന്‍ ഉള്ള തോലന്‍ കിട്ടും”

അങ്ങനെ ഞങ്ങളുടെ ഹോട്ടല്‍ എത്തി... പുറത്തിറങ്ങലും ഞാന്‍ അന്തം വിട്ടു പോയി...

(തുടരും)