Sunday, October 5, 2014

അഞ്ജലി

രമ്യയെ പെണ്ണ് കണ്ടു വന്നു ഒരൊറ്റ രാത്രി കൊണ്ട് ഒരു കുടുംബസ്നേഹി സ്മൂത്ത്‌ ആയി അത് മുടക്കി... മടക്കി കയ്യില്‍ വെച്ച് തന്ന കാര്യം മുന്നേ എഴുതിയിട്ടുണ്ട്...

ആ സംഭവത്തിന്‍റെ ചൂട് ഇങ്ങനെ കത്തി കയറി നില്‍ക്കുകയാണ് വീട്ടില്‍... ആരാ മുടക്കിയത് എന്ന് അറിയണം എല്ലാര്‍ക്കും... ആദ്യത്തെ സംഭവം ആണ്... ആകപ്പാടെ സീന്‍ അച്ചാര്‍!!!

പക്ഷെ അച്ഛനും അമ്മയും ചിന്തിച്ചത് ലീവ് കഴിഞ്ഞു പോവുന്നതിനു മുന്നേ എത്രയും പെട്ടന്ന് എന്‍റെ കല്യാണം ഉറപ്പിക്കുക...കഴിഞ്ഞ കാര്യം കഴിഞ്ഞു ഇനി അതില്‍ പിടിച്ചു തൂങ്ങാതെ മറ്റൊരു കുട്ടിയെ പോയി കാണുക... ഞാന്‍ ആണെങ്കില്‍ ഒരു കഴുത്ത് വടിച്ചു നിര്‍ത്തിയ നേര്‍ച്ചക്കൊഴിയെ പോലെ എല്ലാരേം മാറി മാറി നോക്കുന്നു...

ശ്രീനുപ്പാപ്പന്‍ തന്നെയാണ് വേറൊരു ആലോചനയെ പറ്റി പറഞ്ഞത്...

“തൃശൂര്‍ ഉള്ളതാ നല്ല തറവാടി ഒരു പാരമ്പര്യ വൈദ്യന്റെ ഒറ്റ മോള്‍... സിവില്‍ എഞ്ചിനീയര്‍ ആണ് തൃശൂര്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനീല്‍ ജോലിയും ഉണ്ട്... പിന്നെ വീടൊന്നും അത്ര വലുതല്ല... പക്ഷെ തറവാടികളാ...”

തൃശൂര്‍ എന്ന് കേട്ടപ്പോ... ഒന്നും ഇല്ലാ... രമ്യയും തൃശൂര്‍ക്കാരി ആണ്... ഇനി കാണാന്‍ പോവുന്ന കുട്ടിയും തൃശൂര്‍... എനിക്ക് നാട്ടില്‍ പെണ്ണ് കിട്ടില്ലാന്നുണ്ടോ? എനിക്ക് പറഞ്ഞ ഒരു മങ്ക ഈ മലപ്പുറം ജില്ലയില്‍ എവിടെയെങ്കിലും സീരിയല്‍ കണ്ടിരിക്കുന്നുണ്ടാവില്ലേ??

“അതൊന്നും നോക്കണ്ട ശ്രീനു... മറ്റേ കുട്ടിയുടെ കല്യാണം ഉറപ്പിക്കുന്നതിനു മുന്നേ കുട്ടന്‍റെ കല്യാണം ഉറപ്പിക്കണം... അടുത്ത ഞായറാഴ്ച്ച പെണ്ണ് കാണാന്‍ പോവാം”

അതാ... അമ്മ ഉണ്ണിയാര്‍ച്ചയായി... ഞാന്‍ അമ്മയെ ഒന്ന് തുറിച്ചു നോക്കി... ഏയ് മാധവിയുടെ ലുക്ക്‌ ഒന്നും ആയിട്ടില്ല...

അങ്ങനെ മുന്നത്തെ പെണ്ണുകാണല് പോലെ പത്തിരുപതു ആളെയൊന്നും കൂട്ടാതെ ഞാനും വേറെ ആരെങ്കിലും മാത്രം പോയാ മതി എന്ന് തീരുമാനം ആയി... കൂടെ ആരെ കൂട്ടും എന്ന് ആലോചിച്ചു നിക്കുമ്പോള്‍ ആണ് നല്ല പഠിപ്പും കുടുംബം വക നല്ല ബിസിനസ്സും ഒക്കെയുണ്ടായിട്ടും ഞാന്‍ ഗവര്‍മെന്റ്നു ഒരു വാഗ്ദാനം ആവും എന്ന് ഉറപ്പിച്ചു PSC പരീക്ഷകള്‍ എഴുതി കൊണ്ടിരുന്ന റിയാസ്നെ കൂടെ കൂട്ടാം എന്ന് വെച്ചത്... കഴിഞ്ഞ മൂന്നു തലമുറകളായി എന്‍റെ വീടുമായി അടുത്ത ബന്ധം ആണ് റിയാസിന്റെ വീടിനു... കൂടാതെ സഹപാഠികള്‍ ആണ് കൂടാതെ എന്‍റെ ഒരു വെല്‍വിഷര്‍.

കാര്‍ വീട് വിട്ടപ്പോളെ റിയാസ് നയം വ്യക്ത്തമാക്കി...

“യിപ്പോ എന്തിനാ ഈ വാശിക്ക് നിക്കുന്നത്? ണ്ടൊക്കെ ചെങ്ങായി വീട്ടുകാരുടെ വാക്കും കേട്ട് വാശിക്ക് ഏതെങ്കിലും പെണ്ണിനെ ലീവ് കഴിയുന്നതിനു മുന്നേ എടുത്ത് തലേ കേറ്റാന്‍ നോക്കണ്ട... കല്യാണം ആണ് ലഡ്ഡു ഒന്നുഅല്ല കഴിക്കാമ്പോണത്...”

“എന്തായാലും പോയി നോക്കാ... ഞാന്‍ അങ്ങനെ ചാടിക്കേറി തീരുമാനം ഒന്നും എടുക്കാന്‍ പോണില്ല...”

“മ്... തന്നെ, ഇന്ക്കറിലെ അന്നേ... സെന്റിമെന്റ്സ്ന്‍റെ ഇന്ട്രോ മുസിക്ട്ടാ   അപ്പൊ യി വീഴും... അതോണ്ട് പറഞ്ഞതാ. ആ പിന്നെ, കുട്ടീനെ എനിക്കിഷ്ടപ്പെട്ടില്ലങ്കി ഞാന്‍ അമ്മേന്റെടുത്ത് പറയും”

ഏതു കഷ്ടകാലതാണോ ആവോ ഇവനെ കൂട്ടാന്‍ തോന്നിയത്... മനുഷ്യന്‍റെ ആത്മവിശ്വാസത്തിന്റെ കടക്കലാ വെട്ടുന്നത്... ഇവന്‍ പറഞ്ഞാ എന്‍റെ വീട്ടിലും കേള്‍ക്കും. എന്നെക്കാള്‍ വിശ്വാസവും ആണ്... എങ്ങോട്ട് പോവാനെങ്കിലും “റിയാസ് ഉണ്ടോ?” എന്നൊരു ചോദ്യം ഉണ്ട് അച്ഛന്... ഉണ്ടെന്നു കേട്ടാ പിന്നെ വേറെ ചോദ്യങ്ങള്‍ ഒന്നും ഇല്ല... ഒന്നും മിണ്ടാതെ കാര്‍ ഓടിച്ചു കൊണ്ടിരിക്കുന്ന അവനെ ഞാന്‍ അടിമുടി ഒന്ന് നോക്കി...

ഇവനാര്?? തെണ്ടി!!!

തൃശൂര്‍ അടുക്കാനയപ്പോള്‍ ശ്രീനുപാപ്പന്റെ കാള്‍... മൂപ്പരും വരുന്നുണ്ട്... പോവുന്ന വഴി പിക്ക് ചെയ്യണം.

“എടാ മൂന്നാള്‍ ആയി ഒരു വഴിക്കിറങ്ങിയാ മൂ...”

“ബാക്കി ഞാന്‍ ഊഹിചോളാ... നീ വേഗം വണ്ടി വിട്...”

അത് അമ്മയുടെ പ്ലാന്‍ ആവാനാണ് ചാന്‍സ്... അങ്ങനെ വടക്കാഞ്ചേരിയില്‍ നിന്ന് ശ്രീനുപ്പാപ്പനേം കൂട്ടി... പെണ്ണുകാണല്‍ നമ്പര്‍ 2... വീട് അറിയാന്‍ ഒന്ന് രണ്ടു ഓട്ടോറിക്ഷക്കാരോട് ചോദിച്ചു... മൂപ്പരുടെ പേര് പറഞ്ഞപ്പോലെക്കും വഴി കൃത്യമായി പറഞ്ഞു തന്നു...

അങ്ങനെ വീടെത്തി... രമ്യയുടെ വീട്ടില്‍ കണ്ടപോലെ ഒരു കല്യാണത്തിനുള്ള ആളൊന്നും ഇല്ല... ഞങ്ങള്‍ മൂന്നു പെരും കൂടെ അകത്തേക്ക് കയറി... പണ്ട് രമ്യയുടെ വീട്ടില്‍ കയറുമ്പോള്‍ മാമനെ കൈ പിടിച്ചു കയറ്റിയത് ഒര്മയുള്ളത് കൊണ്ട് റിയാസിനെ തള്ളി മാറ്റി ആണ് ഞാന്‍ മുന്നില്‍ പോയത്... അകത്തു കയറി ഒറ്റക്കുള്ള ഒരു സോഫയില്‍ ഞാന്‍ ആസനസ്ഥനായി... അല്ല പിന്നെ... അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കണം മനുഷ്യരായാല്‍... രണ്ടു പേര്‍ക്കിരിക്കാവുന്ന ഒരു സോഫയില്‍ ശ്രീനുപ്പാപ്പനും റിയാസും ഇരുന്നു... ഡൈനിങ്ങ്‌ ടേബിളിലെ ഒരു ചെയര്‍ വലിച്ചെടുത്തു കൊച്ചിന്ടച്ചനും ഇരുന്നു... പിന്നില്‍ കൊച്ച്ചിന്ടമ്മ...

കുറച്ചു നേരം എല്ലാരും ചിരിച്ചു... അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരി തന്നെ ചിരി... ഒന്നും തിരിയാതെ റിയാസ് എല്ലാരേം മാറി മാറി നോക്കുന്നു... ഞാന്‍ അവനേം നോക്കി ഒന്ന് ചിരിച്ചു വെറുതെ... അവന്‍ ആണെങ്കില്‍ എന്നെ തുറിച്ചു നോക്കുന്നു...

ചിരി അവസാനിപ്പിക്കാന്‍ ആണെന്ന് തോന്നുന്നു അകത്തു നിന്നും ഒരു മധ്യവയസ്ക്ക വരുന്നു... പറഞ്ഞു വരുമ്പോള്‍ കൊച്ചിന്റെ എളെമയാ...

“അല്ലാ... ശ്രീനു ഡോക്റ്റര്‍ എന്താ ഇവിടെ?”

“എന്‍റെ ഏട്ടന്റെ മോനാ ഇവന്‍...”

അപ്പൊ കൊച്ചിന്ടച്ചന്‍...

“ഡോക്റ്ററെ അറിയോ?”

“പിന്നേ... എന്‍റെ വാതം മാറ്റി തന്നത് ഡോക്റ്റര്‍ അല്ലെ?”

അവര്‍ തിരക്കിട്ട് വന്നു ഒരു ചെയര്‍ വലിച്ചെടുത്ത് ശ്രീനുപ്പപ്പന്റെ അടുത്ത് വന്നിരുന്നു ശ്രീനുപ്പപ്പന്റെ കൈ പിടിച്ചു ഒറ്റ വര്‍ത്താനം ആണ്... അന്ന് പോയ ഹോസ്പിറ്റല്‍... കഴിച്ച മരുന്ന്... എടുത്ത പഥ്യം... കൊച്ചിന്ടച്ചന്‍ പാരമ്പര്യ വൈദ്യന്‍... എന്‍റെ പാപ്പന്‍ ആയുര്‍വേദ ഡോക്റ്റര്‍... എന്ത് പറയാന്‍ ചുരുക്കി പറഞ്ഞാല്‍ ശ്രീനുപ്പാപ്പന്‍ അങ്ങ് കേറി ഫേമസ് ആയി... അല്ല, ഇങ്ങനെ ഒരുത്തന്‍ ഒരു കാര്യത്തിനു തൊട്ടു ഇപ്പുറം ഇരിക്കുന്നുണ്ട്‌ എന്നൊരു ചിന്ത.. എഹെ... റിയാസിനെ നോക്കിയപ്പോ അവനും ഇതേ മുഖഭാവം... എന്ടടുതെക്ക് നീങ്ങി കണ്ണ് ചൊറിഞ്ഞുകൊണ്ട്...

“ന്താണ്ടാദു... നീ വൈദ്യശാലയിലെക്കാണോ പെണ്ണ് കാണാന്‍ വന്നത്??”

“ആ...”

അങ്ങനെ ഞങ്ങളുടെ മുറുമുറുപ്പ് ഉയര്‍ന്നതോടെ ആയുര്‍വേദക്കാര്‍ക്ക് ബോധം വന്നു... ഒരു കാര്യം ഉറപ്പായി... ശ്രീനുപ്പാപ്പന്‍ ഈ കല്യാണം ഉറപ്പിചിട്ടേ പോവൂ... അതിനുള്ള എനര്‍ജി ആ അമ്മച്ചി കൊടുത്തിട്ടുണ്ട്... ശ്രീനുപ്പാപ്പന്‍...

“എന്നാ പിന്നെ മോളെ വിളിക്കാം ലെ?”

അമ്മായി ചാടി എണീറ്റ്...

“നിക്ക് ഞാന്‍ വിളിച്ചോണ്ട് വരാം മോളെ...”

എന്നും പറഞ്ഞ് തിരക്കിട്ട് അകത്തേക്ക് പോയി... പിന്നാലെ കൊച്ചിന്റെ അമ്മയും... ഞാന്‍ രമ്യയെ കണ്ടപ്പോള്‍ ചെയ്തു കൂട്ടിയ അബദ്ധങ്ങള്‍ ഓരോന്നായി ഓര്‍ത്തു... ഇത്തവണ ഞാന്‍ കലക്കും നോക്കിക്കോ... രമ്യ വരുമ്പോള്‍ ഞാന്‍ മിക്ചര്‍ പ്ലേറ്റില്‍ ആയിരുന്നു നോക്കികൊണ്ടിരുന്നത്... ഇത്തവണ അതുണ്ടാവരുത്... ഞാന്‍ വാതില്‍ക്കലേക്ക് ആക്രാന്തത്തോടെ നോക്കി ഇരുന്നു...

ഒരു പത്തു സെക്കണ്ട് ഞാന്‍ കണ്ണടക്കാതെ നോക്കിയിരുന്നു... പിന്നൊന്ന് കണ്ണ് അടച്ചു തുറന്നപ്പോള്‍ കണ്ട കാഴ്ച്ച...

ഏകദേശം എന്‍റെ അത്ര തന്നെ നീളം... അന്നത്തെ എന്‍റെ ഡബിള്‍ സൈസ്... പക്ഷെ നല്ല ക്യൂട്ട് മുഖം ആയ ഒരു പെണ്‍കുട്ടി ചായയുടെ ട്രേ ആയി എന്‍റെ അടുത്തേക്ക് നടന്നു വരുന്നു... എന്‍റെ മുന്നിലേക്ക്‌ കുനിഞ്ഞുനിന്ന്‌ ട്രേ നീട്ടി... ഞാന്‍ ഒരു കപ് എടുത്തു... കുട്ടിയെ നോക്കി ചിരിച്ചു... കുട്ടി എന്നെ നോക്കിയതല്ലാതെ ചിരിച്ചില്ല... എല്ലാര്ക്കും ചായ കൊടുത്തു അമ്മയുടെ പിറകില്‍ പോയി തല താഴ്ത്തി നിന്നു... എനിക്ക് റിയാസിനെ നോക്കണം എന്നുണ്ട്... ചെലപ്പോ ത്രിക്കണ്ണ്‍ തുറന്നായിരിക്കും അവന്‍ ഇരിക്കുന്നത്... നോക്കിയില്ല... ഞാന്‍ കുട്ടിയെ തന്നെ നോക്കി ഇരുന്നു... റൂം ഒന്ന് സൈലന്റ് ആയപ്പോ...

“എന്താ പേര്?”

“അഞ്ജലി”

“എവിടെയാ ജോലി ചെയ്യുന്നത്?”

“പീ കേ കന്‍സ്ട്രക്ഷന്‍സ്... റൌണ്ടില...”

ഞാന്‍ ശ്രീനുപ്പാപ്പന്റെ മുഖത്തേക്ക് നോക്കി...

“റൌണ്ട്... റൌണ്ട്... തൃശൂര്‍ റൌണ്ട്... സ്ഥലത്തിന്റെ പേരാ...”

അച്ചപ്പം കടിച്ചു പൊട്ടിച്ചു കൊണ്ട് ശ്രീനുപ്പാപ്പന്‍ പറഞ്ഞു പിന്നെ ശ്രീനുപ്പാപ്പന്‍ കുട്ടിയോട്  എന്തൊക്കെയോ ചോദിക്കാന്‍ തുടങ്ങി... ഞാന്‍ കണ്ടപ്പോള്‍ തന്നെ ശ്രദ്ധ്ധിച്ചതാ കുട്ടി ചിരിചിട്ടെ ഇല്ല... റിയാസ് എന്‍റെ അടുത്തേക്ക് നീങ്ങി വന്നു...

“വാ ഒന്ന് പുറത്തേക്ക്”

ഞങ്ങള്‍ 2 പെരും വരാന്തയിലേക്ക്‌ ഇറങ്ങി...

“അവര് ചെലപ്പോ ഇനിഷ്യല്‍ ഡിസ്ക്കഷന്‍സ് കഴിഞ്ഞാല്‍ ലഡ്ഡുവോ ജിലെബിയോ കൊണ്ടുത്തരും... എടുക്കരുത്”

“അതെന്താ?”

“എടാ മധുരം എടുത്താല്‍ നിനക്ക് സമ്മതമാണ് എന്നല്ലേ അര്‍ത്ഥം?”

“അപ്പോദ് വേണ്ടേ?”

“പോടാവ്ടുന്ന്‍... ആ കുട്ടിക്ക് അതിനു ചേരുന്ന ഒരാളെ കിട്ടും... നല്ല  സൗന്ദര്യം ഒക്കെയുണ്ട്... പഠിപ്പുണ്ട്... നല്ല ജോലിയും ഉണ്ട്... നീയുമായി ഒരു ചേര്‍ച്ചയും ഇല്ല...”

“ന്നാലും തടി ഉണ്ടെന്നു പറഞ്ഞിട്ട് എങ്ങനെയാ ഒരു പെണ്ണിനെ വേണ്ടെന്നു വെക്കുക?”

“നീയൊന്നും പറയണ്ട... ഒന്നും എല്ക്കാനും പോണ്ട...”

കുട്ടാ... ശ്രീനുപ്പാപ്പന്റെ വിളി... ഞങ്ങള്‍ രണ്ടു പെരും അകത്തേക്ക് കയറി...

“നിനക്ക് എന്തെങ്കിലും കുട്ടിയോട് സംസാരിക്കാന്‍ ഉണ്ടോ?”

“സംസാരിക്കാം”

“ആ ബെട്രൂമിലേക്ക് പൊയ്ക്കോളൂ...”

മുന്നില്‍ അഞ്ജലി നടന്നു... പിന്നാലെ ഞാനും... ഞാന്‍ അകത്തു കയറി ബെഡില്‍ ഇരുന്നു... ഞാന്‍ കേറി വരുമ്പോള്‍ മാറി നിന്ന അഞ്ജലി തിരിഞ്ഞു നിന്ന് വാതിലിന്‍റെ രണ്ടു ഡോറും അടച്ചു. ഞാന്‍ ഉടനെ ചാടി എണീറ്റു...

“ഏയ്‌... ഡോര്‍ ലോക്ക് ചെയ്യോന്നും വേണ്ട...”

പെട്ടന്ന് അഞ്ജലി നാണത്തോടെ ഒരു ചിരി ചിരിച്ചു... ഹാവൂ ഒന്ന് ചിരിച്ചു കണ്ടു... പിന്നെ ഞങ്ങള്‍ ഒരു അഞ്ചു മിനുട്ട് സംസാരിച്ചു... സംസാരിച്ചു കഴിഞ്ഞ് ഞാന്‍ എണീറ്റു ഡോറിന്റെ അടുത്ത് ചെന്നു തുറക്കാന്‍ നേരം പറഞ്ഞു...

“ശരി... പിന്നെ കാണാം...”

ഡോര്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ ഞാന്‍ കാണുന്നത് കൊച്ചിന്റെ അച്ഛന് എന്‍റെ ജാതകം ശ്രീനുപ്പാപ്പന്‍ കൈ മാറുന്നതാ... അത് കണ്ടു കണ്ണ് തള്ളി ഇരിക്കുന്ന റിയാസ്...

അവരോടു യാത്ര പറഞ്ഞു ഇറങ്ങി... കാറില്‍ കയറി തിഇരിച്ചു വിടുമ്പോള്‍...

“കുട്ടാ എങ്ങനെ ഉണ്ട്? ഇഷ്ടായോ?”

“കുഴപ്പമില്ല”

“തടി കുറച്ചു കൂടുതല്‍ ആലേ?”

ഞാന്‍ ഒന്നും മിണ്ടിയില്ല... റിയാസും...

“എന്താ വീട്ടില്‍ പറയേണ്ടത്? പ്രൊസീഡ് ചെയ്യാന്‍ പറയണോ? എന്താ റിയാസേ”

“അവന്‍റെ ഇഷ്ടം പോലെ ചെയ്യട്ടെ...”

“പ്രൊസീഡ് ചെയ്യാന്‍ പറയാം... കാരണം എനിക്ക് നന്നായി അറിയുന്ന ആള്‍ക്കാര്‍ ആണ്... പിന്നെ, ഒരാളുടെ അപ്പിയരന്‍സില്‍ നമ്മള് കാര്യങ്ങള്‍ ജഡ്ജ് ചെയ്യരുത്...”

അതില്‍ റിയാസും കണ്‍വിന്‍സ് ആയി എന്ന് തോന്നുന്നു... കാരണം എന്‍റെ കൂടെ അവനും തലയാട്ടി...

ശ്രീനുപ്പാപ്പനെ വടക്കാഞ്ചേരി വിട്ടിട്ട് ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍...

“അവസാനം നീയെന്തു തീരുമാനിച്ച്?”

“എനിക്കൊരു സിഗരെറ്റ്‌ വലിക്കണം...”

“ഇത് ഒരു സിഗരറ്റില്‍ തീരുന്ന കാര്യം ഒന്നും അല്ല... തല്‍ക്കാലം നേരെ വീട്ടില്‍ പോവാം...”

അമ്മ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്നു... നേരെ റിയാസിനോടായിരുന്നു ചോദ്യം... നടന്ന കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ മൊത്തം പറഞ്ഞു... പേര്‍സണല്‍ ആയി ഞങ്ങള്‍ തമ്മില്‍ ഉള്ള ചേര്‍ച്ചകുറവും പറഞ്ഞു.

“എന്തായാലും അവര്‍ക്ക് ജാതകം നിര്‍ബന്ധം ആയതു കൊണ്ട് ഇനി അവര്‍ പറയട്ടെ... അല്ലെ?”

“മ്... പക്ഷെ ഇവന്‍ ഒരു പകുതി ഉറപ്പും കൊടുത്താ അവിടെ നിന്ന് ഇറങ്ങിയത്... അപ്പൊ ശരിയെടാ... ഞാന്‍ ഇറങ്ങട്ടെ...”

അവന്‍ പോയതിനു ശേഷം ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി ഇരുന്നു...

“അല്ല, ഇനി ഇതും നടന്നില്ലെങ്കില്‍...”

“ഇനിയെന്നെ പെണ്ണ് കാണാന്‍ അയക്കരുത്...”

എന്നും പറഞ്ഞു ഞാന്‍ എണീറ്റു പോയി...


എന്തായാലും കയ്യും വീശി തിരിച്ചു ദുബായിലേക്ക് പോവാനായിരുന്നു എന്‍റെ വിധി... രമ്യയില്‍ കുടുമ്മക്കാരന്‍ ചതിചെങ്കില്‍ അഞ്ജലിയില്‍ ജാതകം ചതിച്ചു...