Friday, October 15, 2010

കിഷ് യാത്ര 03

എന്റെ നേരെ നടന്നു വന്ന പാകിസ്താനി രൂക്ഷമായി നോക്കിയിട്ട് നടന്നു പോയി. എന്റെ ചങ്കിടിപ്പ് തല്‍ക്കാലത്തേക്ക് നിന്നു. പത്തു മിനിറ്റ് ആയി, അകത്തു പോയ പര്‍വീണ്‍ ഇത് വരെ പുറത്തിറങ്ങിയിട്ടില്ല... അവള്‍ കേറി പോയ വാതിലിന്റെ പുറത്തു ഞാന്‍ നിന്നു. അകത്തു നിന്നും അവളുടെ ശബ്ദം കേള്‍ക്കാം... പുറത്തുള്ള പട്ടാണികള്‍ എന്നെ നോക്കുന്നത് നിര്‍ത്തിയിട്ടില്ല. ഒരു സിഗരറ്റ് വലിച്ചാല്‍ ധൈര്യം വരും എന്ന് എനിക്ക് തോന്നി. അപ്പോള്‍ തന്നെ അടുത്ത കടയില്‍ ചെന്ന് മല്‍ബരോ ചോദിച്ചു. മല്‍ബരോ ഇല്ല പൈന്‍ മാത്രേ ഉള്ളൂ... പൈന്‍ എങ്കില്‍ അത്. അതും വാങ്ങി കവര്‍ പൊട്ടിച്ചു ഒരു സിഗരറ്റ്‌ എടുത്തു വലിച്ചപ്പോള്‍ ഒരു ധൈര്യം കിട്ടി... പാകിസ്തനികളുടെ മുഖത്ത് നോക്കി “ഒറ്റ തന്തക്ക് ഉണ്ടായാവന്‍ ആണെങ്കില്‍ മുറ്റത്തേക്ക് ഇറങ്ങെടാ” എന്ന ഭാവത്തില്‍ ഞാന്‍ പുകയൂതി... കാല്‍ മണിക്കൂര്‍ ആയി.. നന്നായി ഇരുട്ടി.. കയ്യില്‍ ആണെങ്കില്‍ ഒരു മൊബൈല്‍ മാത്രമേ ഉള്ളൂ, അതിന്റെ വെളിച്ചത്തില്‍ വേണം മെയിന്‍ റോഡ്‌ എത്താന്‍, കൂടെ ഒരു പെണ്ണും. എനിക്കെല്ലാം കൂടെ വട്ടു പിടിക്കുന്ന അവസ്ഥ ആയി. പിന്നെയും അഞ്ചു മിനിറ്റ് കൂടെ എടുത്തു പര്‍വീണ്‍ പുറത്തിറങ്ങാന്‍. അവള്‍ പുറത്തിറങ്ങിയ ഉടന്‍ രണ്ടു മൂന്നു പട്ടാണികള്‍ അവളുടെ അടുത്തേക്ക്‌ ചെന്നു. അവര്‍ സംസാരവും തുടങ്ങി.  ഇത് കാണലും പോയ ചങ്കിടിപ്പ് ബസ്‌ പിടിച്ചു തിരിച്ചെത്തി. എന്ത് ചെയ്യണം എന്ന് ഒന്ന് ആലോചിച്ചു... എന്നെ വിശ്വാസം ഉള്ളത് കൊണ്ട് കൂടെ വന്ന ഒരു പെണ്‍കുട്ടി ആണ്.. അതെ സമയം വീട്ടില്‍ ഇരിക്കുന്ന അച്ഛനെയും അമ്മയെയും ഞാന്‍ ഒന്ന് ഓര്‍ത്തു.. ആഫ്റ്റര്‍ഓള്‍ പെണ്ണ് കേസില്‍ തല്ലു വാങ്ങി എന്ന് മാത്രമേ നാട്ടില്‍ എത്തൂ.. അതുറപ്പ്... രണ്ടും കല്‍പ്പിച്ചു ഞാന്‍ പര്‍വീണ്‍ന്‍റെ അടുത്തേക്ക് നടന്ന് ചെന്നു. ഞാന്‍ അടുതെതലും അവള്‍ പട്ടാണികളുടെ വലയത്തില്‍ നിന്നും പുറത്തു ചാടി... എന്നോട് പോവാം എന്ന അര്‍ത്ഥത്തില്‍ തല ആട്ടി...

തിരിച്ചു നടക്കുമ്പോള്‍ അവര്‍ എന്താണ് ചോദിച്ചത് എന്ന് ഞാന്‍ അവളോട്‌ ചോദിച്ചു.. ഇവിടെ വേറെ ഒരു ഹോട്ടല്‍ ഉണ്ട് അവിടെ പെണ്ണുങ്ങള്‍ മാത്രമേ ഉള്ളൂ, അവരുടെ കൂടെ വന്നാല്‍ അവിടെ കൊണ്ട് ചെന്നാക്കാം... കിഷില്‍ ആകപ്പാടെ രണ്ടു ഹോട്ടല്‍ മാത്രമേ ഉള്ളൂ എന്നും അതില്‍ ഒന്നില്‍ ആണ് ഞങ്ങള്‍  താമസിക്കുന്നത് എന്നും അവള്‍ക്കറിയാം ഇതിനു മുന്നേ കിഷില്‍ വന്നപ്പോള്‍ മറ്റേ ഹോട്ടലില്‍ ആണ് അവള്‍ താമസിച്ചതും... അവള്‍ ഇതൊക്കെ പറയുമ്പോളും എന്റെ ചിന്ത പോയത് മറ്റൊരു വഴിക്കാണ്... അപ്പോള്‍ നല്ല ഉദ്ദേശത്തില്‍ അല്ല അവര്‍... ഹോട്ടല്‍ എത്തുന്നത്‌ വരെ പേടിക്കണം... ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കി കൊണ്ട് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ രണ്ടു പേരും കൂടെ നടന്നു.

പോവുമ്പോള്‍ ഉള്ള ഹിന്ദി ഡയലോഗ് ഒന്നും വരുമ്പോള്‍ കണ്ടില്ല. മാത്രമല്ല, എന്നെക്കാള്‍ കൂടുതല്‍ തിരിഞ്ഞു നോക്കി കൊണ്ട് നടന്നതും അവള്‍ ആയിരുന്നു. കുറച്ചു ദൂരം കൂടെ പോയാല്‍ മെയിന്‍ റോഡ്‌ എത്തും. ഒന്നുമില്ലെന്കിലും സ്ട്രീറ്റ്‌ ലൈറ്റ് ഉണ്ടാവും. പക്ഷെ നടന്നിട്ടും നടന്നിട്ടും മെയിന്‍ റോഡ്‌ കാണുന്നില്ല. പെട്ടന്ന് സൈഡില്‍ നിന്നും എന്തോ ഒരു ജീവിയുടെ ശബ്ദം.. ഉടനെ അവള്‍ എന്റെ കയ്യില്‍ കയറി പിടിച്ചു. അതെ, അവളുടെ കയ്യ് വിറയ്ക്കുന്നുണ്ടായിരുന്നു... നേരത്തെ പാകിസ്ഥാനിയെ കണ്ടപ്പോള്‍ എനിക്കുണ്ടായ അതേ വിറ...  എന്ത് തേങ്ങ കണ്ടിട്ട് ആണാവോ ഇവള്‍ എന്നെ ഇത്ര കണ്ടു വിശ്വസിച്ചിരിക്കുന്നത്? എന്റെ ഉള്ളിലെ ചെകുത്താന്‍ തല പൊക്കുന്നുണ്ടോ? പാടില്ല... ചെകുത്താനെ ഞാന്‍ കടിഞ്ഞാണിട്ടു നിര്‍ത്തി. വിശ്വാസം ഒന്ന് കൂടെ ഊട്ടി ഉറപ്പിചാലോ? അല്പ്പ നേരം വെയിറ്റ് ചെയ്തു അവന്മാര്‍ വരുകയാണെങ്കില്‍ ഇവളുടെ മുന്നില്‍ വെച്ച് രണ്ടു മൂന്നു പേരുമായി ഒരു സ്ടണ്ട് ഒക്കെ നടത്തി... കൊള്ളാം നല്ല ഐഡിയ... അടിയുടെ പെരുന്നാള്‍ ആവും മോനെ കുട്ടാ... പെറ്റ അമ്മ തിരിച്ചറിയൂല... ചെലപ്പോ മൂക്കില് പഞ്ഞി കേറാനും ചാന്‍സ് ഉണ്ട്... ചെകുത്താന്‍ വീണ്ടും വാദപ്രതിവാദത്തിനു വന്നപ്പോളെക്കും ഞങ്ങള്‍ മെയിന്‍ റോഡില്‍ എത്തി. പിന്നെ നീട്ടി വലിച്ചൊരു നടത്തം ആയിരുന്നു... ദൂരെ ഹോട്ടലിന്റെ ബോര്‍ഡ്‌ കാണാന്‍ തുടങ്ങി അപ്പോള്‍ നടത്തത്തിന്റെ സ്പീഡ്‌ കുറച്ചു... അവള്‍ കയ്യിലെ പിടിത്തവും വിട്ടു... നമ്മള്‍ പേടിച്ചിട്ടു ഒന്നിന്‍റെ വക്കത്താണ് എന്ന് മറ്റുള്ളവര്‍ മനസ്സിലാക്കാന്‍ പാടില്ലല്ലോ...

ഹോട്ടലിന്റെ ഗേറ്റില്‍ എത്തലും “താങ്ക്സ് സൂരജ്‌” എന്നും പറഞ്ഞു തലയിലെ തട്ടം നേരെ ഇട്ടു അവള്‍ സ്പീഡില്‍ അകത്തേക്ക് കേറി പോയി... പിടിച്ചതിലും വലുത് മാളത്തില്‍ എന്ന് പറഞ്ഞപോലെ  അവിടെ ഉള്ള മച്ചാന്മാര്‍ ഒക്കെ എന്നെ നോക്കാന്‍ തുടങ്ങി... ഇല്ല ഇവിടെ ഞാന്‍ പേടിക്കില്ല, ജയനെ പോലെ നെഞ്ചും വിരിച്ചു ഞാന്‍ വീണ്ടും പൈന്‍ പാക്കറ്റ് തുറന്ന് ഒരു സിഗരെറ്റ്‌ എടുത്തു കത്തിച്ചു... എന്നെ നോക്കിക്കൊണ്ട് നിക്കുന്ന മല്ലൂസിന്റെ മുഖത്ത് നോക്കി, “കണ്ടോടാ... ആണ്‍കുട്ടിയെ കണ്ടോടാ?” എന്നാ ഭാവത്തോടെ ഞാന്‍ വീണ്ടും പുകയൂതി... കുറച്ചു നേരം കൂടെ മുറ്റത്ത്‌ ചുറ്റിതിരിഞ്ഞിട്ടു  ഞാന്‍ റൂമില്‍ പോയി. കുളിച്ചു ഫ്രഷ്‌ ആയിട്ട് ഫുഡ്‌ കഴിക്കാന്‍ കാന്റീനില്‍ എത്തി. അവിടെ മൊത്തം ഞാന്‍ പര്‍വീണ്‍നെ തിരഞ്ഞു. കണ്ടില്ല... പേടിച്ചു ഉറങ്ങി പോയി കാണും... പുറത്തിറങ്ങി അരുണിനെയും ജോസിനെയും അന്വേഷിച്ചു... രണ്ടും കൂടെ ഇരുന്നു ശീഷ വലിക്കുന്നു.. അവരുടെ കൂടെ കൂടി... ഉണ്ടായ കാര്യം മൊത്തം പറഞ്ഞു കേള്‍പ്പിച്ചു... അകത്തേക്ക് എടുത്ത പുക പുറത്തു വിടാന്‍ പറ്റാതെ ഇരിക്കുന്നു ജോസ്... കഥ കഴിയലും അരുണ്‍ ഉപദേശം തുടങ്ങി.

“അണ്ണന്‍ റിസപ്ഷനില്‍ പോയി വിസ വന്നിട്ടുണ്ടോ എന്ന് നോക്കിയോ? ഇന്ന് കുറെ എണ്ണം വന്നിട്ടുണ്ട്... വൈകുന്നേരവും. ഇങ്ങനെ കറങ്ങി നടന്നോ കേട്ടോ തല്ലുകൊള്ളിതരവും ആയിട്ട്”

അപ്പോളാണ് ഞാന്‍ ഇവിടെ വന്നത് വിസ മാറാന്‍ ആണല്ലോ എന്ന ബോധം എനിക്കുണ്ടായത്... ഞാന്‍ എണീറ്റു...

“പിന്നെ, പറ്റിയാല്‍ ഓഫീസിലേക്ക് ഒന്ന് ഫോണ്‍ ചെയ്തു നോക്ക്, വിസ അയച്ചിട്ടുണ്ടോ എന്ന്, ചെലപ്പോ ഇവന്മാര്‍ വിസ തരില്ല, ആരും ഇല്ലാത്തപ്പോള്‍ വരുന്ന വിസ ഇവന്മാര്‍ ഒളിപ്പിച്ചു വെക്കും... രണ്ടു ദിവസം കഴിഞ്ഞുള്ള ഓരോ ദിവസത്തിനും റൂമിനും ഫുഡ്‌നും  അവര്‍ക്ക്‌ എക്സ്ട്രാ ചാര്‍ജ് ചെയ്യാമല്ലോ... ഓഫീസില്‍ വിളിച്ചു വിസ കിട്ടിയിട്ടുണ്ടെങ്കില്‍ ഫാക്സ് ചെയ്യാന്‍ പറ.. എന്നിട്ട് റിസപ്ഷനില്‍ പോയി വിസ കയ്യോടെ വാങ്ങ്”

ഒരു മന്ദബുദ്ധിയെ പോലെ ഞാന്‍ തലയാട്ടി... ഇങ്ങനെ ഒക്കെ ഉണ്ടല്ലേ ഇവിടെ? ഇതൊന്നും അറിയാതെ ആണ് കണ്ട പെണ്ണുങ്ങള്‍ക്കും വേണ്ടി തല്ലുകൊള്ളിതരത്തിന് ഇറങ്ങിയത്...

നേരെ റിസപ്ഷനില്‍ പോയി വിസ ഇട്ടു വെച്ച ട്രേ അരിച്ചു പെറുക്കി... ഇല്ല.. റിസപ്ഷനിലെ മേശയുടെ താഴെ കുറെ പേപ്പര്‍ കിടക്കുന്നു, ഇനി അതിലെങ്ങാനും എന്റെ വിസ ഉണ്ടാവുമോ എന്തോ? ആറു മണി ആയാല്‍ ഇവന്മാര്‍ ഒക്കെ കെട്ടും പൂട്ടി പോവും... നാളെ രാവിലെ ഓഫീസില്‍ വിളിച്ചു നോക്കാം... തിരിച്ചു കാന്റീനിലെക്ക് പോയി.. ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല... തിരിച്ചു ശീഷ പാര്‍ലര്‍ല്‍  എത്തിയപ്പോള്‍ അരുണും ജോസും ഇരുന്നിടം കാലി... അവിടെ തന്നെ ഇരുന്നു ഒരു ശീഷ ഓര്‍ഡര്‍ ചെയ്തു... എത്ര നേരം ഇരുന്നു എന്ന് ഓര്മ ഇല്ല... ക്ലോസ് ചെയ്യാന്‍ പോവുന്നു എന്ന് ഒരു പയ്യന്‍ വന്നു പറഞ്ഞു... സമയം പന്ത്രണ്ടര!!! പൈസയും കൊടുത്തു പുറത്തിറങ്ങി. റൂമില്‍ പോയി കിടന്നുറങ്ങി...

എണീക്കുമ്പോള്‍ പതിനൊന്നു മണി!!! ഒമ്പതര മണിക്കൂര്‍ കിടന്നു ഉറങ്ങാനോ? വേഗം എഴുന്നേറ്റു “ഉച്ചകര്‍മങ്ങള്‍” ഒക്കെ തീര്‍ത്തു... വിശന്നിട്ടു വയ്യ... നേരെ കാന്റീന്‍ ലക്ഷ്യമാക്കി നടന്നു... കാന്റീന്‍ ക്ലോസ്‌ഡ്‌... ഒരു മണിക്കൂര്‍ കൂടെ ഉണ്ട് തുറക്കാന്‍.. പുറത്തിറങ്ങി അരുണും ജോസും സ്ഥിരം സ്ഥലത്ത് തന്നെ ഇരിപ്പുണ്ട്...

“അണ്ണന്റെ കൊച്ചു പോയി കേട്ടോ”

“ആര്?”

“ഒ! അറിയാത്ത പോലെ, ആ പാകിസ്താനി കൊച്ചു... ഇന്നലെ വിസ വന്നു കാണണം... ഇന്ന് രാവിലത്തെ ഫ്ലൈറ്റിനു പോയി.”

എന്റെ മുഖം അണ്ടി പോയ അണ്ണാനെ പോലെ എങ്ങാനും ആയോ? ഞാന്‍ അറിയാതെ? അതെ ആയി!!! അരുണ്‍ അപ്പൊ തന്നെ പറഞ്ഞു...

“സാരമില്ല അളിയാ, മൊബൈല്‍ നമ്പര്‍ കൊടുതിട്ടില്ലേ? വിളിക്കും”

“ഇല്ല, ഞാന്‍ കൊടുത്തിട്ടില്ല”

“എന്നാ പിന്നെ ഗോവിന്ദ!!! വിട്ടേക്ക്”

“ഞാന്‍ ഇപ്പൊ വരാം, ഓഫീസിലേക്ക് ഒന്ന് ഫോണ്‍ ചെയ്യട്ടെ...”

അവരുടെ മറുപടി കേള്‍ക്കാന്‍ നിക്കാതെ തലേന്ന് പര്‍വീണ്‍ന്റെ കൂടെ പോയ അതെ ബൂത്തിലേക്ക് ഞാന്‍ ഒറ്റയ്ക്ക് നടന്നു... എനിക്ക് ചെറുതായി വിഷമം വരുന്നുണ്ടോ? ഞാന്‍ മുകളിലേക്ക് നോക്കി... ചുട്ടു പൊള്ളുന്ന ചൂട്...

അതെ, എനിക്ക് ചെറുതായി സങ്കടം വരുന്നുണ്ട്...

(തുടരും)

Thursday, October 14, 2010

ലവ് @ ലൈബ്രറി

ഒരു പണിയും ഇല്ലാത്തവന്‍മാര്‍ക്ക്‌ കേറി ഇരിക്കാന്‍ ഒരു സ്ഥലം വേണ്ടേ? പെണ്ണുങ്ങള്‍ക്ക് പോയി സൊറ അടിക്കാന്‍ ലേഡീസ്‌ റൂം ഉണ്ട്... പാവം ആണുങ്ങള്‍ എന്ത് ചെയ്യും? ആകപ്പാടെ ഉള്ളത് ഒരു റീഡിംഗ് റൂം.. അവിടെ കേറിയാല്‍ ഒരു മച്ചാന്‍ കണ്ണും ഉരുട്ടി ഇരിപ്പുണ്ടാകും... എന്തെങ്കിലും മിണ്ടിപ്പോയാല്‍ പിടിച്ചു പുറത്താക്കും...

പ്രിന്‍സിപ്പാളെ പേടിച്ചു പുറത്തിറങ്ങി മനസ്സമാധാനത്തോടെ നടക്കാനും പറ്റില്ല... ഒരിക്കല്‍ വെറുതെ ഞാനും ശലൂബും ഫിര്‍ദൌസും അജ്മലും പിന്നെ സലീലും കൂടെ ക്ലാസും കട്ട്‌ ചെയ്തു സുവോളജി ഡിപ്പാര്‍ട്ട്മെന്റ് വരെ ഒന്ന് പോയതാ, അവിടെ എന്റെ ചേച്ചിയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ എവിടെന്നെന്നില്ലാതെ ലങ്ങേരു പൊട്ടി വീണു.

“എന്താ ഇവിടെ എല്ലാരും കൂടെ?”

ഞാന്‍ വേഗം ജാമ്യം എടുത്തു...

“എന്റെ ചേച്ചിയാ സര്‍ ഇത്..”

“ആണോ സോനേ?”

ചേച്ചി മൂളി..

“നീയോ?” ചോദ്യം ശലൂബിനോട്,

“എന്റെ താത്തയാ ഇത്”

പ്രിന്‍സി ശബ്നയുടെ മുഖത്തേക്ക് നോക്കി...

ശബ്നയും മൂളി

പ്രിന്സിയുടെ നോട്ടം ഫിര്‍ദൌസ്ന്റെ നേരെ...

ജെസ്സിയെ ചൂണ്ടി ഫിര്‍ദൌസ്,

“എന്റെ സിസ്റ്റര്‍ ആണ് സര്‍ ജെസ്സി,”

ജെസ്സിയും മൂളി...

അപ്പോള്‍ അജ്മല്‍ ചുറ്റും തിരചിലോട് തിരച്ചില്‍...

“നീയോ?” ചോദ്യം അജ്മലിനോട്,

“ഞാനും എന്റെ താത്തയെ കാണാന്‍ വന്നതാ... മുകളിലാ... BCom ലെ
ഹസീന... ഹസീന ബാവക്കുട്ടി... സത്യം!!”

ഞങ്ങളുടെ മൂന്നു പേരുടെയും ചേച്ചിമാര്‍ അത് ശരി വെച്ച് കൊണ്ട് മൂളി...

കാണാതിരിക്കാന്‍ പ്രിന്സിയുടെ പുറകില്‍ നില്‍ക്കുകയായിരുന്നു സലീല്‍... ഒറ്റ തിരിയലിനു പ്രിന്‍സിയും സലീലും മുഖാമുഖം...

“എനിക്ക് സിസ്റ്റര്‍ ഇല്ല സര്‍!!! ഇക്കാക്ക കഴിഞ്ഞ വര്ഷം പാസ്സൌട്ട് ആയി”

ഒറ്റ ശ്വാസത്തില്‍ ആണ് സലീല്‍ അത് പറഞ്ഞു തീര്‍ത്തത്, പാവം തോന്നിയിട്ടാവും, പ്രിന്‍സി പിന്നെ ഒന്നും ചോദിച്ചില്ല... അതിനു ശേഷം ആണ് വെറുതെ പോയിരിക്കാന്‍ ഉള്ള സ്ഥലം അന്വേഷിച്ചു ഞങ്ങള്‍ നടപ്പ് തുടങ്ങിയത്...

അങ്ങനെ ഇരിക്കെ ഞങ്ങള്‍ മനോഹരം ആയ ഒരു സ്ഥലം കണ്ടു പിടിച്ചു... ലൈബ്രറി!!! ഒരു റെക്കോര്‍ഡ്‌ ബുക്കും പെന്‍സിലും പെന്നും ഒരു ഇരേസരും ഉണ്ടെങ്കില്‍ മനസ്സമാധാനത്തോടെ പോയി ഇരിക്കാം... ലൈബ്രേറിയന്‍ ഒരു ചില്ലുകൂട്ടിന്റെ അകത്താണ്, അസിസ്റ്റന്റ്‌ അത്രയ്ക്ക് സ്ട്രിക്റ്റ് അല്ല... ചില്ലറ രീതിയില്‍ ഉള്ള സംസാരം ഒക്കെ നടക്കും... റെക്കോര്‍ഡ്‌ ബുക്കും തുറന്നു വെച്ച് വായ്നോട്ടം തന്നെ പ്രധാന പണി... ഇതൊരു സ്ഥിരം കലാപരിപാടി ആയപ്പോള്‍ പുതിയ നിയമം വന്നു, ലൈബ്രറിയില്‍ വെച്ച് റെക്കോര്‍ഡ്‌ എഴുതുകയോ വരക്കുകയോ പാടില്ല... വിടുമോ? പൈസ കൊടുത്തു മെമ്പര്‍ഷിപ് എടുത്തു ഏറ്റവും വലിയ ബുക്ക്‌ പാവം അസ്സിസ്ടന്റ്നെ കൊണ്ട് എടുപ്പിച്ചു അതും തുറന്നു വെച്ച് വായ്‌ നോക്കും... ലൈബ്രറിയില്‍ വെച്ച് പുസ്തകം വായിക്കാന്‍ പാടില്ല എന്ന നിയമം വരാന്‍ ചാന്‍സ് കുറവാണ്, അതായിരുന്നു ഞങ്ങളുടെ ധൈര്യം...

മറ്റു മചാന്മാര്‍ക്ക് ലൈബ്രറി പെട്ടന്ന് മടുത്തു... സലീലിനു ബുക്കിന്റെ മണം പിടിക്കുന്നില്ല, ഫിര്‍ദൌസിനു പരാതി സ്ത്രീജനങ്ങള്‍ കുറവാണ് എന്നതാണ്, ശലൂബിനു താത്തയെ പേടി, അജ്മല്നു പാര്‍ട്ടി തിരക്ക്‌, പിന്നെ ഞാന്‍ മാത്രം ആയി... എനിക്കെന്തോ ആ സ്ഥലം ക്ഷ പിടിച്ചു... ഞാന്‍ പെട്ടന്ന് തന്നെ ഒരു പുതിയ കമ്പനി കണ്ടു പിടിച്ചു, അലി!

അലി തന്നെതന്നെ വിളിക്കുന്നത് മമ്മൂട്ടി എന്നാണു... “അടുപ്പില്‍ മുഖം കുത്തി വീണ മമ്മൂട്ടി ആണോ” എന്ന് ഒരുത്തന്‍ ചോദിച്ചതിനു ഒരു മുഴുവന്‍ ദിവസം മൂഡ്‌ ഔട്ട്‌ ആയവന്‍ ആണ് പാവം അലി. ചോദിച്ചവനെ കുറ്റം പറയാനും ഒക്കില്ല എന്നതാണ് സത്യം...

അങ്ങനെ ഞാനും അലിയും കൂടെ ഒരു ദിവസം ലൈബ്രറിയില്‍ ബോര്‍ അടിച്ചു ഇരിക്കുമ്പോള്‍ ആണ് കൊടും വേനലില്‍ കുളിര്‍ മഴ പോലെ ആ കൊച്ചു കടന്നു വന്നത്, ഇതേതാ? ഇതിനു മുന്നേ ഇവിടെ കണ്ടിട്ടില്ലല്ലോ?, ലൈബ്രറി ഇപ്പോള്‍ ആയിരിക്കും പാവം കണ്ടു പിടിചിട്ടുണ്ടാവുക.. എന്നൊക്കെ ചോദ്യവും ഉത്തരവും മെനഞ്ഞെടുത് കൊണ്ട് ഞാന്‍ ഇരിക്കുമ്പോള്‍ അവള്‍ എന്റെ മുന്നില്‍ ഉള്ള ഡിസ്കില്‍ ബുക്ക്‌ വെച്ച് എനിക്ക് മുഖാമുഖം ആയി ഇരുന്നു. ഇരുന്ന ഉടനെ നാളെ IAS പരീക്ഷ ഉള്ളത് പോലെ പഠിത്തവും തുടങ്ങി... എന്നാല്‍ ഇങ്ങനെ ഒരു വായ്നോക്കി മുന്നില്‍ ഉണ്ടെന്നുള്ള ഒരു കാര്യം... എഹെ!! അതെനിക്ക് പിടിച്ചില്ല!

കുറെ നേരം അവളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ അറിയാവുന്ന ഗോഷ്ടികള്‍ ഒക്കെ കാണിച്ചു നോക്കി.. രക്ഷയില്ലാ, കുടുംബത്തില്‍ പിറന്ന കൊച്ചാണ് എന്ന് തോന്നുന്നു, എനിക്കെന്തോ വല്ലാതങ്ങു ഇഷ്ടപ്പെട്ടു, ബുക്ക്‌ നോക്കി നോട്ട് എഴുതാന്‍ വേണ്ടി (!!!) മുന്നില്‍ വെച്ചിരുന്ന ബുക്കില്‍ ഞാന്‍ അവളുടെ ചിത്രം വരക്കാന്‍ തുടങ്ങി... എന്റെ മനസിലൂടെ വേണു നാഗവള്ളിയും മാധവിയും കൂടെ “അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍” പാടി നടക്കാന്‍ തുടങ്ങി കുറെ സമയം കൊണ്ട് ഞാന്‍ അവളുടെ പടം തെറ്റില്ലാതെ വരച്ചു തീര്‍ത്തു...

“നീയാരടെയ്‌ ഡാബിഞിയാ”

“ആര്?”

“ആ ചിത്രം വരക്കുന്നയാള്‍ ഇല്ലേ? ഡാബിഞി?”

ഞാന്‍ സഹതാപത്തോടെ അലിയെ നോക്കി...

“ഇതാരിത്?”

പുരികം കൊണ്ട് ഞാന്‍ ലൊക്കേഷന്‍ കാണിച്ചു കൊടുത്തു...

അവന്‍ ഞാന്‍ വരച്ച ചിത്രം എടുത്ത് അതും അവളെയും മാറി മാറി നോക്കി...

“കൊള്ളാലോടെ, ഏതാണ്ട് അവളെ പോലെ ഉണ്ട്... ഞാന്‍ ഇത് അവള്‍ക് കൊടുക്കട്ടെ?”

നീയെന്തെന്കിലും ചെയ്, ഞാന്‍ ബുക്ക്‌ അടച്ചു.. അപ്പോളും അനുരാഗിണിയുടെ ലാസ്റ്റ്‌ സ്റ്റാന്‍സ എത്തിയിട്ടെ ഉണ്ടായിരുന്നുള്ളൂ... ഞാന്‍ ഒരു ദീര്‍ഖനിശ്വാസം വിട്ടു... അപ്പോളേക്കും എന്നെ ഞെട്ടിച്ചു കൊണ്ട് അലി ആ പടവും അയി എണീറ്റു... അവളുടെ അടുത്ത് പോവുന്നതും പടം കൊടുക്കുന്നതും എന്തൊക്കെയോ പറയുന്നതും എന്റെ നേരെ കൈ ചൂണ്ടുന്നതും അവള്‍ ആ പടം നോക്കുന്നതും എന്നെ നോക്കുന്നതും എല്ലാം ഒരു സ്വപ്നം പോലെ ആണ് എനിക്ക് തോന്നിയത്...

“അനുവാദം നീ തരില്ലേ... അനുവാദം നീ തരില്ലേ...”

അവിടെ പാട്ട് സ്റ്റോപ്പ്‌ ആയി... അവള്‍ ബുക്ക്‌ മടക്കി വെച്ച് എണീറ്റു. എല്ലാം വാരി എടുത്തു പടവും എടുത്തു കൊണ്ട് എന്റെ മുന്നില്‍ വന്നു... എന്റെ മുഖത്തേക്ക് നോക്കി... പാട്ട് വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്യണോ? ഞാനും ഇനിയെന്ത് എന്ന അവസ്ഥയില്‍ അവളെ തന്നെ നോക്കി... അവളുടെ പിന്നില്‍ അലി... ചിരിച്ചു പിടിച്ചു നിക്കുന്നു...

അവള്‍ എന്റെ മുന്നില്‍ ഉള്ള ബുക്കില്‍ പടം അടിച്ചു വെച്ചു...

“റാസ്കല്‍”

എന്നിട്ട് തിരിഞ്ഞൊരു നടത്തം... ഇതൊക്കെ ഒറ്റ നിമിഷം കൊണ്ട് തീര്‍ന്നു...
പതുക്കെ പറഞ്ഞത് കൊണ്ട് ആരും കേട്ടില്ല അലി ഒഴികെ,

“എന്താ അളിയാ, ഇത്രക്കും മാത്രം എന്ത് തെറ്റാ നീ ചെയ്തത്? കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിന്റെ പടം വരച്ചു അവള്‍ക് കൊടുത്തതോ? അവളെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ... നീ വാ...”

ഞാനും അത് തന്നെ ആയിരുന്നു ആലോചിച്ചത്... എന്താ ഇവിടെ സംഭവിച്ചത്? എന്തിനാ അവള്‍ എന്നെ റാസ്കല്‍ എന്ന് വിളിച്ചത്?

ഞാന്‍ ആ പടം കയ്യില്‍ എടുത്തു നോക്കി... അവളുടെ ചിത്രം... താഴെ... അമ്മേ!!!!

അലിയുടെ സാഹിത്യം... മലയാളത്തില്‍!

അയ്‌ ലവ്വ്യു!!!