Thursday, June 17, 2010

ഒരു യാത്രാവിവരണം

ഡാ നമുക്കൊരു ടൂര്‍ പോയാലോ ഇന്ന് രാത്രി??

അതാണ്‌ ജോബി സര്‍! എടുത്തോ... പിടിച്ചോ! ടൂര്‍ എന്ന് പറഞ്ഞാല്‍ "ജലസേചനം" ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകം ആയിരിക്കും... പക്ഷെ ഒരു കുഴപ്പം, ഞാന്‍, സന്ദീപ്‌ സര്‍, ശ്രീജിത്ത്‌ സാര്‍ മാലയിട്ടിട്ടുണ്ട്... സ്വാമിയെ ശരണമയ്യപ്പ... കണക്കെടുതപ്പോ കള്ള് കുടിക്കാതവരായ ഞങ്ങള്‍ 3 പേരും, എന്തിനും തയ്യാറായി വേറെ മൂന്നു പേരും... അങ്ങനെ അവര്‍ മൂന്നു പേര്‍ ടൂര്‍ പോവാന്‍ തീരുമാനിച്ചു, വാശിക്ക് ഞങ്ങള്‍ മൂന്നു പേരും പോവാന്‍ തീരുമാനിച്ചു... മൂകാംബികക്ക്!!! അപ്പൊ അവര്‍ക്കും കാണണം മൂകാംബിക. അങ്ങനെ 6 പേര്‍ രാത്രി 12 : 30 മംഗലാപുരം എക്സ്പ്രസ്സ്‌ പിടിച്ചു...

ഞാന്‍, സന്ദീപ്‌ സാര്‍, ശ്രീജിത്ത്‌ സാര്‍, ജോബി സര്‍, അഭി സാര്‍ പിന്നെ രോഷിത്... പുലര്‍ച്ചെ മംഗലാപുരം എത്തി, അവിടുന്ന് ബസ്സില്‍ കുന്താപുരം എത്തി... പിന്നെ മൂകാംബിക... അമ്പലത്തില്‍ കയറി തൊഴുത് സൌപര്‍ണികയില്‍ പോയി, പെട്ടന്ന് ഒരു ചിന്ത, കുടജാദ്രി പോയാലോ? അടുത്ത് അന്വേഷിച്ചപ്പോ ജീപ്പ് ഉണ്ട്, അതിനു പോവാം... ജീപ്പു മാമനോട് ചോദിച്ചപ്പോ 1500 രൂപ... ഞങ്ങള്‍ നടന്നു പോവും എന്നും വെല്ലുവിളിച്ചു ബസ്‌ പിടിച്ചു...

കുടജാദ്രി മല കയറുന്നതിന്റെ താഴെ ഞങ്ങളെ സുരക്ഷിതര്‍ ആയി അവര്‍ ഇറക്കി... അപ്പോളേക്കും സമയം വയ്കുന്നേരം 3 :30 . ഞങ്ങള്‍ മല കേറാന്‍ തുടങ്ങുമ്പോള്‍ കുറെ മലയാളികള്‍ മല ഇറങ്ങി വരുന്നു... "വേഗം കേറിക്കോ ഒരു മൂന്നു മണിക്കൂര്‍ നടക്കാന്‍ ഉണ്ട്... കൊടും കാടാണ്..." ഞങ്ങള്‍ കണക്കു കൂട്ടി, മൂന്നര പ്ലസ്‌ മൂന്ന്, ആറര!!! വെളിച്ചം ഉണ്ടാവും...

അങ്ങനെ നടക്കാന്‍ തുടങ്ങി, എത്ര നടന്നിട്ടും മലയുടെ മുന്നില്‍ എത്തുന്നില്ല... മുന്നില്‍ മല കാണുന്നുണ്ട്...നടന്നു നടന്നു ഒരു വലിയ ഗ്രൗണ്ടില്‍ എത്തി... അപ്പോളേക്കും എല്ലാവരും പേപ്പട്ടിയെ പോലെ കിതക്കാന്‍ തുടങ്ങിയിരുന്നു... മൂന്നു മണിക്കൂറില്‍ നിന്നും ഒരു മണിക്കൂറും തീര്‍ന്നു... അവിടെ ഒരു കൃഷിസ്ഥലം... നിറയെ വാഴയും പച്ചക്കറികളും... നടുവില്‍ ഒരു ചെറിയ ഓലയിട്ട വീട്... ചുറ്റും കൊടും കാട്... ഇതാരാണപ്പാ ഇവിടെ താമസിക്കുന്നത്? വാതിലിനു മുട്ടിയപ്പോ ഒരു ചേട്ടന്‍... പേര് തങ്കപ്പേട്ടന്‍... തള്ളേ മലയാളി... കൊടും കാട്ടിലും മലയാളി!! തങ്കപ്പേട്ടന്‍ ഞങ്ങളെ ആറു പേരെയും സ്വീകരിച്ചിരുത്തി ചായ, നല്ല പൂവന്‍ പഴം ഒക്കെ തന്നു... പെട്ടന്ന് ജോബി സാറിന്റെ കണ്ണ് ഒന്ന് തിളങ്ങിയത് ഞങ്ങളുടെ കണ്ണില്‍ പെട്ടു... സന്ദീപേ, സൂരജെ, നോക്കെടാ, ഞങ്ങള്‍ തിരിഞ്ഞു നോക്കി... ഒരു ബോര്‍ഡ്‌... "ചാരായം"! ആ തിരിഞ്ഞ ഇരിപ്പില്‍ തന്നെ ബോര്‍ഡ്‌ നോക്കി സന്ദീപ്‌ സാര്‍ ആഞ്ഞു വിളിച്ചു...

"സ്വാമിയേ"

ഞാനും ശ്രീജിത്ത്‌ സാറും ഏറ്റു വിളിച്ചു...

"ശരണമയ്യപ്പാ"

"അല്ല തങ്കപ്പേട്ട, ഏതാ കുടജാദ്രിയിലെക്കുള്ള വഴി?"

"അങ്ങോട്ട്‌ അങ്ങനെ പ്രത്യേകിച്ച് വഴി ഒന്നും ഇല്ലാ.. നിങ്ങള്‍ ഏത് വഴി നടന്നാലും അവിടെ എത്തും, അല്ലെങ്കില്‍ എത്തിക്കും"

"കാട്ടില്‍ മൃഗങ്ങള്‍ ഒന്നും ഉണ്ടാവില്ലായിരിക്കും അല്ലെ?

"കാട്ടില്‍ പിന്നെ മൃഗങ്ങള്‍ ഇല്ലാതിരിക്കോ? അവറ്റകള്‍ നിങ്ങളെ ഒന്നും ചെയ്യില്ല, കഴിഞ്ഞ മുപ്പതു വര്‍ഷമായി ഞാന്‍ ഇവിടെ, ഇത് വരെ ഞാന്‍ കേട്ടിട്ടില്ല അങ്ങനെ ഒരു സംഭവം, പിന്നെ, കാട്ടുപോത്തിന്റെ മുന്നില്‍ മാത്രം പെടരുത്..."

"അയ്യോ, കാട്ടുപോത്ത് ഉണ്ടോ?"

അതിനു തങ്കപ്പേട്ടന്‍ ചിരിച്ചതെ ഉള്ളു, പിന്നേം സംസാരിച്ചു സമയം പോയതറിഞ്ഞില്ല...ഒരു അര മണിക്കൂര്‍ ചായകുടിക്ക് പോയി... തങ്കപ്പേട്ടന്‍ തന്ന ധൈര്യം ഉള്ളില്‍ ഉണ്ടെങ്കിലും, ആവശ്യമില്ലാത്ത പേടിയൊക്കെ മനസ്സില്‍ കയറ്റിയിട്ടു ഞങ്ങള്‍ നടത്തം തുടങ്ങി. കുറച്ചങ്ങു നടക്കലും എല്ലാരും ഞെട്ടി, നല്ല ആവി പറക്കുന്ന ചാണകം... ഫ്രഷ്‌! അതോടെ ഭൂലോക കൂടിയാലോചന,

"കാട്ടുപോത്ത് ഇവിടെ എവിടെയോ ഒളിച്ചിരിപ്പുണ്ട്, നമ്മളെ അറ്റാക്ക് ചെയ്യാന്‍ വരുകയാണെങ്കില്‍ ആറു പേരും ആറു വഴിക്ക് ഓടണം... അപ്പൊ കാട്ടുപോത്തിന് കണ്ഫ്യുഷന്‍ ആവും അപ്പൊ നമുക്ക് രക്ഷപ്പെടാം..."

അങ്ങനെ കാട്ടുപോത്തിനേം പേടിച്ചു നടക്കുമ്പോള്‍ ഞങ്ങള്‍ കണ്ടു ദൂരെ നില്‍ക്കുന്നു ഒരു "വെള്ള കാട്ടുപോത്ത്" തങ്കപ്പേട്ട‍ന്റെ പശു !!!

മെലിഞ്ഞവരൊക്കെ സ്പീടിലും തടിച്ചവരൊക്കെ പതുക്കെയും ആയി നടത്തം... രോഷിതും അഭി സാറും മുന്നില്‍ ഓടുന്നു, പിന്നാലെ ശ്രീജിത്ത്‌ സര്‍ പിന്നെ സന്ദീപ്‌ സര്‍ ഏറ്റവും ബാക്കില്‍ ഞാനും ജോബി സാറും... കൂടെ ഉള്ളവര്‍ ദൂരെ ദൂരേക്ക് പോയി കഴിഞ്ഞു. അപ്പൊ ജോബി സാര്‍,

"എടാ വേഗം നടക്ക്, സമയം വയ്കുന്നു... നീ സാവധാനം വാ ഞാന്‍ നടക്കാണ്"

കിതച്ചു കൊണ്ട് ഞാന്‍ പറഞ്ഞു,

"ജോബി സര്‍ നിങ്ങള്‍ എന്നെ ഇവിടെ ഇട്ടു പോവാണെങ്കില്‍ ഞാന്‍ നാളെ തന്നെ റിസൈന്‍ ചെയ്യും"

അഞ്ചര ആയപ്പോളെ കാട്ടില്‍ കൂരിരുട്ട്... മുന്നില്‍ പോയ അഭി സര്‍ എല്ലാവരുടെയും നടുവില്‍...

"എനിക്കറിയാം നിങ്ങള്‍ക്കെല്ലാര്‍ക്കും പേടി ഉണ്ടെന്നു.. നടന്നോളൂ"

പിന്നീടുള്ള നടത്തം മൊബൈലിന്റെ വെളിച്ചത്തില്‍ ആയിരുന്നു... മുന്നില്‍ പോയ രോഷിത് ഒരൊറ്റ നില്‍ക്കല്‍.

"എടാ പാമ്പ്"

നോക്കുമ്പോള്‍ ഒരു പാമ്പ് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തില്‍ പോവുന്നു... അതോടെ രോഷിത് സെക്കന്റ്‌ ലാസ്റ്റ് ആക്കി നടത്തം... പിന്നെ കൊടും കാറ്റിലൂടെ കൂരിരുട്ടത് തോളില്‍ കൈ വെച്ചു ആറു പേര്‍ തപ്പി പിടിച്ചു നടക്കുന്നു... കുറച്ചൂടെ നടന്നപ്പോ ജീപ്പ് പോവുന്ന ശബ്ദം കേട്ടു... അതോടെ നടത്തത്തിന്റെ വേഗത കൂടി... അപ്പോളതാ മുന്നിലൊരു ചെറിയ കുന്ന്... അതിന്റെ മുകളില്‍ കാണാം ഒരു വീട്... അതോടെ ആവേശം മൂത്ത രോഷിത് എല്ലാരേം ഓവര്‍ടെക് ചെയ്തു കുന്നിന്റെ മുകളില്‍ പറ്റി കയറി അപ്പുറം ചാടി... പിന്നാലെ സന്ദീപ്‌ സാറും...

"അയ്യോ ചാടല്ലേ, കുഴീ"

പിന്നെ അവനെ വലിച്ചു കേറ്റി ആ കുന്നു ചുറ്റി നടന്നു ഏതോ മരത്തിന്റെ വള്ളിയൊക്കെ പിടിച്ചു മുകളില്‍ എത്തി... സമയം ഏഴര ! ഒരു ചെറിയ അമ്പലം... അതിനടുത് ഒരു വീട്.. ഒരു കുന്നു കയറിയാ ഒരു ഗസ്റ്റ് ഹൌസ്... കഴിഞ്ഞു... അവിടെ എതുംബോളെക്കും എല്ലാവരും തണുത്ത വിറച്ചു ഒരു വഴിക്കായിരുന്നു... മൂത്രമൊഴിക്കാന്‍ പാറപ്പുറത്ത് കയറിയ രോഷിത് പത്തു മിനിറ്റ് കഴിഞ്ഞും റിസള്‍ട്ട്‌ ഒന്നും കാണാതെ നിരാശനായി തിരിച്ചു പോന്നു, ആ ഗതി വരരുത് എന്ന് കരുതി ബാത്രൂമിലെക്ക് ഓടിയ ജോബി സാര്‍ അവിടെ കെട്ടിയിട്ട പട്ടി ഓടിച്ചു പോയതിലും സ്പീഡില്‍ തിരിച്ചെത്തി, പിന്നെ വീട്ടുകാര്‍ തന്ന കമ്പിളി പുതച്ചു സുഖമായി ഉറങ്ങിയ ഞങ്ങള്‍ രാവിലെ ആയപ്പോളാണ്കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കുന്നത്...

മലയുടെ മുകളില്‍ നിന്നും നോക്കുമ്പോള്‍ ഞങ്ങള്‍ വന്ന വഴി ഭംഗിയായി കാണാം... ഇത്രയും ഭീകരം ആണ് എന്ന്നു അപ്പോളാണ് മനസ്സിലായത്... എല്ലാരും താങ്ങി നിന്നു കാര്യം സാധിച്ച മൂത്രപ്പുര ഒരു കാലി ഷെഡ്‌ ആണ് അതിനപ്പുറം അഗാധ ഗര്‍ത്തം!! രോഷിത് ചാടിയ കുഴിയുടെ ഗതിയും മറ്റൊന്നല്ല, അവന്‍ കുഴിയുടെ പകുതിയേ എത്തിയിരുന്നുള്ളൂ...

എന്തായാലും നനഞ്ഞിറങ്ങി... ഇനി കുളിച്ചു കയറാം എന്ന് വിചാരിച്ചു രാവിലെ തന്നെ എല്ലാരും കൂടെ ചിത്രമൂല കാണാന്‍ നടന്നു. ശ്രീ ശങ്കരാചാര്യര്‍ തപസ്സിരുന്ന സ്ഥലത്തൊക്കെ കേറി അശുദ്ധമാക്കി ഞങ്ങള്‍ മലയിറങ്ങാന്‍ തീരുമാനിച്ചു.... നടന്നിറങ്ങാന്‍ ആര്‍ക്കും താല്പര്യം ഇല്ല... പറഞ്ഞ പൈസ കൊടുത്ത് ജീപ്പില്‍ പോയി...

തിരിച്ചിറങ്ങുമ്പോള്‍ പണ്ട് അച്ഛമ്മ പറഞ്ഞ ഒരു കാര്യം എനിക്കോര്‍മ വന്നു, മൂകാംബികയില്‍ പോണം എന്ന് വിചാരിച്ചാല്‍ അതു നടക്കില്ല... ഒരു സമയം ആവുമ്പോള്‍ നമ്മളെ വിളിച്ചു കൊണ്ട് പോയ പോലെ അവിടെ എത്തും... പിന്നെ ചിത്രമൂല കയറി ഇറങ്ങിയാല്‍ നമ്മളുടെ പാപങ്ങള്‍ എല്ലാ കഴുകിക്കളഞ്ഞ പോലെ ആയിരിക്കും... ജീപ്പില്‍ ഇരുന്നുറങ്ങുന്ന അഞ്ചു പേരെയും ഞാന്‍ മാറി മാറി നോക്കി... എനിക്ക് ചിരി വന്നു!!!

No comments:

Post a Comment