Wednesday, December 14, 2011

ബാലേട്ടന്‍


കല്യാണത്തിനു മുന്നേ ഉള്ള പര്‍ച്ചേസ്‌ എല്ലാം കഴിഞ്ഞു സല്മയെയും  കൊണ്ട് കോഴിക്കോട് നിന്നും നീലേശ്വരം വരെ എത്തിയപ്പോള്‍ സമയം ഏഴുമണി ആവാനായി. അവിടുന്ന് തിരിച്ചു കോഴിക്കോട്‌ വരാന്‍ മാവേലി എക്സ്പ്രസ്സ്‌ ഉണ്ട്. അത് കഴിഞ്ഞാല്‍ മലബാര്‍ എക്സ്പ്രസ്സ്‌. മാവേലി വരാന്‍ വയ്കുന്നു. ടിക്കറ്റ്‌ നോക്കി, ജനറല്‍. നാല്‍പ്പത്തി എട്ടു രൂപ. ഒരു കാര്യവും ഇല്ല ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒരു തൃശൂര്‍ പൂരത്തിനുള്ള ആള്‍ക്കാര്‍ ഉണ്ടാവും. ഉറപ്പ്‌. ടീ ടീ യെ കണ്ടു ടിക്കറ്റ്‌ സ്ലീപ്പെരിലേക്ക് മാറ്റാം. പിന്നെ ആണ് ഓര്‍ത്തത്‌ സ്ലീപ്പെരിലും ആള്‍ക്കാര്‍ കേറി നിരങ്ങും. മറ്റുള്ളവരുടെ സൌകര്യത്തിനു നമ്മള്‍ ഇരിക്കേണ്ടി വരും. രണ്ടും കല്‍പ്പിച്ചു ഏസീ ത്രീ ടയര്‍ തന്നെ എടുക്കാം എന്ന് തീരുമാനിച്ചു...

ട്രെയിന്‍ വന്നു. നാല്‍പ്പത്തി എട്ടു രൂപയുടെ ജനറല്‍ ടിക്കറ്റ്‌ ആയി ഞാന്‍ ഏസീ ത്രീ ടയറില്‍ കയറി. ബീ വന്‍... നല്ല തിരക്ക് നടന്നു ബീ ടു എത്തി മൊത്തം അയ്യപ്പന്മാര്‍... ഇനി ബീ ത്രീ ഉണ്ട് അത് കഴിഞ്ഞാല്‍ എ വന്‍. പണി പാളുമോ? ഭാഗ്യം ബീ ത്രീയില്‍ സീറ്റ്‌ ഉണ്ട്... പക്ഷെ ടീ ടീ യെ കാണുന്നില്ലല്ലോ... അങ്ങേരു കൂടെ വിചാരിക്കണ്ടേ എന്നാലല്ലേ കാര്യം നടക്കൂ... ഹൌസ് കീപ്പിംഗ് ലെ ഒരാളെ കണ്ടു,

“ചേട്ടാ ടീ ടീ എവിടെയാ ഉള്ളത്?”

“കൂപെയില്‍ കാണും, ലാസ്റ്റ്‌ കൂപെയില്‍... നേരെ നടന്നാല്‍ മതി”

അയാളോട് ഒരു നന്ദിയും പറഞ്ഞു ഞാന്‍ നീട്ടി വലിച്ചു നടന്നു. എ വന്‍ കഴിഞു കൂപേ തുടങ്ങി... ഏറ്റവും അവസാനത്തെ റൂം ലക്ഷ്യമാക്കി നടന്നു... ഡോര്‍ രണ്ടു തവണ മുട്ടി...

“കേറി വാ”

അകത്തു ആളുണ്ട് ഞാന്‍ ഡോര്‍ തുറന്നു. ടീ ടീ ഇരുന്നു എന്തൊക്കെയോ കുത്തി കുറിക്കുന്നു അയാളുടെ മുന്നിലുള്ള സീറ്റില്‍ വേറൊരാള്‍ ഇരിക്കുന്നു കൊമ്പന്‍ മീശ ഒക്കെ വെച്ച് ഷര്‍ട്ട്‌ ന്‍റെ ബട്ടന്‍ ഒക്കെ അഴിചിട്ടിട്ടു... അങ്ങേരുടെ അടുത്ത് വേറൊരാള്‍... കൊമ്പന്‍ മീശക്കാരനെ കണ്ടാലെ അറിയാം നല്ല ഫിറ്റാ... കോട്ട് ഒക്കെ ഇട്ടു കുത്തിക്കുറിക്കുന്ന ടീ ടീ എന്നെ തലയുയര്‍ത്തി നോക്കി.

“ഇരിക്ക്”

ഞാന്‍ അയാളുടെ അടുത്ത് തന്നെ ഇരുന്നു. എന്‍റെ മുന്നില്‍ ഇരിക്കുന്ന കൊമ്പന്‍ മീശയെ ഞാന്‍ ഒന്ന് നോക്കി... അയാളും എന്നെ നോക്കുന്നു... അയാളുടെ മുഖത്ത് നിന്നും കണ്ണെ ടുത്ത് ഞാന്‍ മറ്റേ ആളെ നോക്കി... ഉടന്‍ അയാള്‍ ടീ ടീയോടു...

“സാറേ അപ്പൊ ഒരു രക്ഷേം ഇല്ലേ?”

“ഞാന്‍ പറഞ്ഞല്ലോ കോട്ടയത്തിനു അഞ്ചും ആറും ഒന്നും നടപ്പില്ല. മാക്സിമം പോയാല്‍ രണ്ടു.. ബള്‍ക്ക് ആയിട്ട് ടിക്കറ്റ്‌ വേണമെങ്കില്‍ നിങ്ങള്‍ക്ക്‌ നേരത്തെ റിസര്‍വ്‌ ചെയ്തൂടാരുന്നോ?”

“പെട്ടന്നായിരുന്നു സാറേ, ഒന്നൂടെ നോക്കിക്കൂടെ? ചെറിയ കുട്ടി ഒക്കെ ഉണ്ട്...”

പേപ്പറില്‍ നിന്നും തലയുയര്‍താതെ ടീ ടീ തലയാട്ടി... സകല പ്രതീക്ഷയും വിട്ട അയാള്‍ എണീറ്റ്‌...

“അപ്പൊ ശരി, ഞാന്‍ പോട്ടെ...”

ടീ ടീ ഒന്ന് മൂളി... അതോടെ എന്‍റെ പ്രതീക്ഷയും പോയി... ഞാന്‍ വീണ്ടും കൊമ്പന്‍ മീശയെ നോക്കി അയാള്‍ എന്നെ തന്നെ നോക്കുന്നു.. കള്ളും കുടിച്ചു എന്തെങ്കിലും അലമ്പ് കാണിച്ചിട്ട് പിടിച്ചു ഇവിടെ കൊണ്ട് വന്നിട്ടതാവും... ഞാന്‍ കൊമ്പനെയും, കൊമ്പന്‍ എന്നെയും നോക്കി വിലയിരുത്തി കൊണ്ടിരിക്കുമ്പോള്‍ ടീ ടീ ഇടപെട്ടു...

“എന്താ?”

“സര്‍, ഞാന്‍ നിലെശ്വരത്ത് നിന്നും കയറിയതാ... കോഴിക്കോട് പോവാന് എനിക്ക് ഏസീ ലേക്ക് ഒന്ന് മാറ്റി തരുമോ?”

“ടിക്കറ്റ്‌ എവിടെ?”

എന്‍റെ കയ്യിലുള്ള ജനറല്‍ ടിക്കറ്റ്‌ ഞാന്‍ കൊടുത്തു...

“നാല്‍പ്പത്തി എട്ടു രൂപ”

അങ്ങേരുടെ ആത്മഗതം...

“അല്ല ബാലേട്ടാ... സീറ്റ്‌ണ്ടാവോ?”

ഞാന്‍ ഞെട്ടി... ആ കൊമ്പന്‍ ടീ ടീ ആണ്...!!!!

“അ... ആ... ഇനിക്ക്യാ അറിയാ??? അന്ടടത്തല്ലേ സതീശാ പെപ്പേര്...”
എനിക്കിപ്പോ എല്ലാം വ്യക്ത്മായി... കൊമ്പന്‍ ബാലേട്ടന്‍ ആണ് മെയിന്‍ ആള്...

“ഞ്ഞി നോക്ക്... ഇന്ടെങ്ങി കൊട്ക്ക്...” കൊയ്ക്കോട്  വരെ അല്ലെ?”

ചോദ്യം എന്നോടാണ്...

“അതെ”

“സതീശാ... അത്ങ്ങ്ട്ട് കാട്ടിക്കാ...”

സതീശന്‍ ഒരു സെറ്റ്‌ പേപ്പര്‍ ബാലേട്ടന് കൈമാറി...

“ബാലേട്ടന്‍ തരും”

സതീശന്‍ എന്നെ കയ്യൊഴിഞ്ഞു... ഞാന്‍ പ്രതീക്ഷയോടെ ബാലേട്ടനെ നോക്കി... സതീശന്‍ കയ്യിലുള്ള പേപ്പര്‍ വീണ്ടും നോക്കാന്‍ തുടങ്ങി...

“ബാലേട്ടാ... ഉമ്മന്‍ചാണ്ടിണ്ടുട്ടാ... എ കൂപ്പേല്... പണി കിട്ടോ???”

ആ കൊമ്പന്‍ മീശക്കുള്ളിലെ ചുണ്ടിന്റെ ഒരറ്റം മുകളിലേക്ക് പോയി...

“ആര്‍ക്ക്? എനിക്കാ??? പണിയാ? ഈ ബാലെട്ടനാ??? സതീശാ ന്നെ പറ്റി അങ്ങനെയാ ഞ്ഞി വിചാരിച്ചത്?? അല്ല, ഒന്നങ്ങോട്ടു പോയി നോക്ക്യാലോ? കുപ്പിണ്ടാവോ??”

“പിന്നല്ലേ... സീയെമ്മിന്റെ കയ്യിന്നല്ലേ ങ്ങക്ക് കുപ്പി കിട്ടാന്‍ പോണത്‌...”

സീ എം ഉള്ള ട്രെയിനില്‍ ഇരുന്നു കള്ളുകുടിക്കാന്‍ കാണിച്ച ബാലേട്ടന്റെ ധൈര്യം എനിക്കങ്ങോട്ട് ബോധിച്ചു. അല്ല, പറഞ്ഞ പോലെ എന്‍റെ കാര്യം രണ്ടു പേരും മറന്നോ ആവോ... ഞാന്‍ ഒന്ന് ചുമച്ചു... എന്‍റെ ചുമയുടെ അര്‍ത്ഥം മനസ്സിലായിട്ടാവണം... സതീശന്‍ ബാലേട്ടനെ ഒന്ന് ഓര്‍മ്മിപ്പിച്ചു...

“അല്ല, ഇയാളുടെ കാര്യം എന്തായി ബാലേട്ടാ...”

ബാലേട്ടന്‍ തലയുയര്‍ത്തി...

“നോക്കല്ലേ??? ഞ്ഞി സമാനപ്പെട്... ഈ ആന്ധ്രലുള്ള അയ്യപ്പന്മാരാ മൊത്തം... സ്വാമി ശരണം... കൊയ്ക്കൊടല്ലേ???”

“അതെ”

സതീശാ... ടിക്കറ്റ്‌ എത്രുര്‍പ്പ്യാ?...”

“നാപ്പത്തെട്ടു”

“ആ... ആകെ ഇരുന്നൂട്ടംബത്രണ്ട്... അയ്‌ന്ന് നാപ്പത്തെട്ടു പോയലെത്ര്യാ സതീശാ...”

സതീശന്‍ ഒന്ന് പരുങ്ങി...

“ഇരുന്നൂറ്റി രണ്ടല്ലേ??”

“ഇന്നെയ്യാര സതീശാ കണക്ക്‌ പഠിപ്പിച്ചത്??? ഇരുന്നൂറ്റി നാല്...”

ബാലേട്ടന്‍ എന്നെ നോക്കി...

“ഇരുന്നൂറ്റി നാല്... ഇരുന്നൂറു തന്നാള്... നാലുര്‍പ്പ്യ ബാലേട്ടന്റെ വക ഡിസ്ക്കൌണ്ട്...”

ഞാന്‍ പൈസ എടുത്തു ബാലേട്ടന് നീട്ടി...

“സതീശാ വാങ്ങിക്കോ...”

സതീശന്‍ പൈസ വാങ്ങി. ഞാന്‍ പോവാന്‍ വേണ്ടി എണീറ്റു.... അപ്പൊ ബാലേട്ടന്‍.

“അല്ല, രസീപ്റ്റ്‌ ഒന്നും വേണ്ടേ?”

കുഴഞ്ഞാടിയ കൈ വെച്ച് എന്തൊക്കെയോ എഴുതി തന്നു. എന്‍റെ നേരെ നീട്ടി...

“അപ്പ ശരി... പോയ്ക്ക്യോ”

“അല്ല, സീറ്റ്‌ നമ്പര്...”

“ഓഹോ... ഇതൊന്നും ചോയ്ക്കാണ്ട്യാണോ നേരത്തെ കുന്തിരിട്ത്തു പാഞ്ഞത്??? അവടക്ക്... നോക്കട്ടെ...”

“പത്ത്... പയ്നാര്... ഫ്രീയാ...”

“പത്തോ? പതിനാറോ? ഞാന്‍ എവിട്യാ ഇരിക്കണ്ടത്?”

“മോന്‍ ഇങ്ങട്ട് വാ... ചോയ്ക്കട്ടെ...”

ഞാന്‍ ബാലേട്ടന്റെ അടുത്തേക്ക് ചെന്നു...ബാലേട്ടന്‍ എണീറ്റു എന്‍റെ മുന്നില്‍ നിന്നു....

“മോനെ, ഇത് ബാലേട്ടന്റെ ട്രെയിനാ... ഞാന്‍ തന്ന കടലാസ് കയ്യിലില്ലേ???”

ഞാന്‍ തലയാട്ടി...

“ആ... ഇനി അനക്ക് എവിട വേണേലും പോയിരുന്നോ... ആര് ചോയ്ചാലും ബാലേട്ടന്‍ പറഞ്ഞിട്ടാന്നു പറഞ്ഞാ മതി.... ആര് പറഞ്ഞിട്ട്???”

എനിക്ക് ചിരി വരുന്നു... ഒരു വിധം ഞാന്‍ പറഞ്ഞൊപ്പിച്ചു...

“ബാലേട്ടന്‍...”