Sunday, November 13, 2011

നോണ്‍-റെസിടെന്റ് ഇഡിയറ്റ്


ഈ നവംബര്‍ ഇരുപതാം തീയതി നാട്ടില്‍ പോവുകയാണ്... ഇരുപത്തി രണ്ടു ദിവസത്തെ ലീവ്... കഴിവതും വീട്ടില്‍ തന്നെ ഇരിക്കണം എന്നായിരുന്നു തീരുമാനം. പക്ഷെ അത് നടക്കില്ല എന്ന് ഉറപ്പായി. ഒരുപാട് യാത്ര ചെയ്യാന്‍ ഉള്ളത് കൊണ്ട് ട്രെയിന്‍ തന്നെ മതി എന്ന് തീരുമാനിച്ചു. രണ്ടു ദിവസമായി ഒരു ക്രഡിറ്റ്‌ കാര്‍ഡും വെച്ച് www.irctc.co.in വെബ്‌ സൈറ്റ് തുറന്നു വെച്ച് ഇരിക്കാന്‍ തുടങ്ങിയിട്ട്...

എല്ലാം നല്ല ഭംഗി ആയി തന്നെ മുന്നോട്ടു പോവുന്നു... യുസര്‍ നെയിം & പാസ്സ്‌വേര്‍ഡ്‌ ചോദിച്ചു... കൊടുത്തു.. പിന്നെ എവിടുന്നു കേറുന്നു എങ്ങോട്ട് പോവുന്നു എന്ന് പോവുന്നു എന്ന് ചോദിച്ചു, അതും ടൈപ്പ് ചെയ്തു കൊടുത്തു... ഫൈന്‍ഡ് ട്രെയിന്‍ ബട്ടന്‍ ക്ലിക്ക് ചെയ്തു അതാ കാണിച്ചു തരുന്നു. എട്ടു ട്രെയിന്‍... എനിക്ക് പോവണ്ട ട്രെയിന്‍ അതിലുണ്ട്. അത് ക്ലിക്ക് ചെയ്തപ്പോള്‍  ഇരിക്കാനും കിടക്കാനും ഒക്കെ ഉള്ള എല്ലാ ഒപ്ഷന്സും കാണിച്ചു തന്നു... ത്രീ ഏസീ ക്ലിക്ക് ചെയ്തു... എന്റെ പേരും നാളും വയസ്സും തുടങ്ങി ഞാന്‍ ആണാണോ എന്ന് വരെ ചോദിച്ചു!!! എല്ലാത്തിനും മറുപടി കൊടുത്തപ്പോ താഴെ ഒരു വൃത്തി കെട്ട എന്തോ എഴുതി വെച്ചത് അത് പോലെ എഴുതാന്‍... അതും ചെയ്തു... അടുത്ത പേജ്... ഒന്നൂടെ ശരിക്കും വായിച്ചു നോക്കിക്കോ ഈ കാണുന്നത് തന്നെ അല്ലെ നീയും നിനക്ക് പോവണ്ട സ്ഥലവും??? എന്ന് എന്നോടൊരു ചോദ്യം... അതെ, എന്നാ ക്ലിക്ക് ചെയ്തോ മേക്‌ പെയ്മെന്റ്റ്‌.... ക്ലിക്ക് ചെയ്തു... അടുത്ത പേജില്‍ എന്റെ കാര്‍ഡ്‌ ഡീട്ടയില്സ് കൊടുത്തു ബയ് ക്ലിക്ക് ചെയ്തു... പിന്നെ ഒരു കാത്തിരിപ്പാണ്... ഏകദേശം ഒരു അഞ്ചു മിനിറ്റ്...

അവസാനം എഴുതി കാണിക്കുന്നു... എന്റെ കാര്‍ഡില്‍ പൈസ ഇല്ല എന്ന്... തോന്ന്യാസം പറയുന്നോ? ഞാന്‍ ചെക്ക്‌ ചെയ്തു പൈസ ഉണ്ട്... അതില്‍ ലിസ്റ്റ് ചെയ്ത പല ബാങ്കുകളെയും ഞാന്‍ വിനയപൂര്‍വ്വം സമീപിച്ചു... ഓരോരുത്തരു ഓരോ കാരണം ആണ് പറയുന്നത്.. ഞങ്ങളുടെ സെക്യൂരിറ്റി ഗേറ്റിലൂടെ നിന്റെ കാര്‍ഡ്‌ ഞങ്ങള്‍ കയറ്ട്ടി വിടില്ലെടാ എന്നോരുതര്‍... സോറി കണക്ഷന്‍ പ്രോബ്ലം എന്ന് മറ്റൊരുതര്‍ എല്ലാവരും കൈ വിട്ട ഞാന്‍ അവസാനം കസ്റ്റമര്‍ കെയര്‍ നമ്പര്‍ തപ്പി നോക്കി... ചെന്നൈ നമ്പരില്‍ വിളിച്ചു... 044 25300000 ഈ നമ്പര്‍ തല്‍ക്കാലത്തേക്ക് ഔട്ട്‌ ഓഫ് സര്‍വീസ് ആണ് എന്ന്... സന്തോഷമായി ചേട്ടാ.... വളരെ നന്ദി... തൊട്ടു താഴെ വേറെ ഒരു നമ്പര്‍ കൂടെ കണ്ടു ബോംബെ, സോറി, മുംബൈ നമ്പര്‍ 011 39340000 അതില്‍ വിളിച്ചു സ്വഗതമോക്കെ പറഞ്ഞു... എന്നോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു... ശരി... ആവശ്യക്കാരന്‍ ഞാന്‍ ആയിപ്പോയില്ലേ? ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ ഒരു ചേച്ചി ഫോണ്‍ അറ്റന്‍ഡ് ചെയ്തു...

പക്ഷെ ഉറക്കം തൂങ്ങി ചേച്ചി ആര്‍ക്കോ വേണ്ടി ...

“ഹലോ”

“ഹായ് ഞാന്‍ സൂരജ്‌, ദുബായ് നിന്നും വിളിക്കുന്നു”

ഒരു മയങ്ങിയ ശബ്ദത്തില്‍...
“യേ....സ്...”

ഞാന്‍ എന്റെ കഷ്ടപ്പാട് വിവരിച്ചു പറഞ്ഞു... എല്ലാം കേട്ടിട്ടും അവിടുന്ന് ഒരു അനക്കവും ഇല്ല... ഞാന്‍ ഒന്നൂടെ വിളിച്ചു നോക്കി...

“ഹലോ...”

“എസ് സര്‍ പറയു...”

പിന്നെ ഇത്രേം നേരം എന്ത് ഓലക്കയാ പറഞ്ഞത് എന്ന് പറയാന്‍ തോന്നിയെങ്കിലും ഞാന്‍ നാവു തൊടുന്നതിനു മുന്നേ വിഴുങ്ങി..

വീണ്ടും അതെ കഥ ഞാന്‍ ഒന്നൂടെ വിവരിച്ചു... മറുപടി ഇല്ല... വീണ്ടും ഞാന്‍

“ഹലോ”

“എസ് സര്‍...”

“എനിക്കൊരു റിപ്ലെ തരുമോ? എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?”

“സര്‍, ഏതു ക്രെഡിറ്റ്‌ കാര്‍ഡ്‌ ആണ് തങ്ങളുടേത്?”

“വിസ”

“അതല്ല, ഏതു ബാങ്ക്”

Emirates NBD”

“സോറി സര്‍ ഇന്റര്‍നാഷണല്‍ ബാങ്ക് കാര്‍ഡ്‌ പറ്റില്ല”

“ഞാന്‍ ഒരു എട്ടു മാസം മുന്നേ ദുബായ് ഇരുന്നു കൊണ്ട് തന്നെ ഈ കാര്‍ഡ്‌ യുസ് ചെയ്തു ഇതേ വെബ്‌ സൈറ്റ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ടല്ലോ”

“ഇപ്പൊ പറ്റില്ല സര്‍”

“അതെന്താ കാരണം”

“ഇപ്പൊ ക്ലോസ് ചെയ്തു സര്‍”

“ഓക്കേ എന്റെ കയ്യില്‍ ഫെടെരല്‍ ബാങ്ക് ഡെബിറ്റ്‌ കാര്‍ഡ്‌ ഉണ്ട് അത് യുസ് ചെയ്യാമോ?”

“പറ്റില്ല സര്‍”

“എന്ത് കൊണ്ട്?”

“ഇന്ത്യന്‍ ബാങ്ക് കാര്‍ഡ്‌ മാത്രേ ഞങ്ങള്‍ സ്വീകരിക്കൂ”

“മാഡം, ഫെടരല്‍ ബാങ്ക് ഇന്ത്യന്‍ ബാങ്ക് ആണ്”

കുറച്ചു നേരത്തേക്ക് നിശബ്ദത...

“എന്നാല്‍ പറ്റും സര്‍”

“എന്നാല്‍ പറ്റുന്നില്ല, ഞാന്‍ അതും ട്രൈ ചെയ്തു”

“എന്ത് കാര്‍ഡ്‌ ആണ് സര്‍?”

“ഫെടെരല്‍ ബാങ്ക് ഇന്റര്‍നാഷണല്‍ ഡെബിറ്റ്‌ കാര്‍ഡ്‌ വിസ ഇലക്ട്രോണ്‍...”

“സോറി പറ്റില്ല സാര്‍”

“എന്ത് കൊണ്ട്”

“ഇന്റര്‍നാഷണല്‍ കാര്‍ഡ്‌ പറ്റില്ല സാര്‍”

“പക്ഷെ ഫെടരല്‍ ബാങ്ക് ഇന്ത്യന്‍ ബാങ്ക് അല്ലെ?”

“പക്ഷെ കാര്‍ഡ്‌ ഇന്റര്‍നാഷണല്‍ അല്ലെ?”

“അത് കൊണ്ടെന്തു?? എനിക്ക് നാട്ടില്‍ ഫെടെരല്‍ ബാങ്ക് അക്കൗണ്ട്‌ ഉണ്ട്, അതില്‍ പൈസ ഉണ്ട്, ആ ബാങ്ക് തന്ന കാര്‍ഡ്‌ ഉണ്ട്, നിങ്ങളുടെ വെബ്സൈറ്റ് ലിസ്റ ചെയ്ത ബാങ്ക് ലിസ്റ്റില്‍ ഫെടരല്‍ ബാങ്ക് ഉണ്ട് പിന്നെ എന്ത് കൊണ്ട് ഒരു ഇന്ത്യന്‍ സെന്‍ട്രല്‍ ഗവണ്മെന്റ് വെബ്‌ സൈറ്റ് ആ കാര്‍ഡ്‌ ആക്സപ്റ്റ്‌ ചെയ്യുന്നില്ല?”

വീണ്ടും ശ്മശാന മൂകത... ഞാന്‍ ഒന്ന് കൂടെ വിളിച്ചു നോക്കി...

“ഹലോ..”

“എസ് സര്‍”

“എന്ത് കൊണ്ട് എനിക്ക് ഈ കാര്‍ഡ്‌ യുസ് ചെയ്യാന്‍ പറ്റുന്നില്ല?”

“അത്.... സര്‍, ഈ സര്‍വീസ്‌ ഇന്ത്യക്കാര്‍ക്ക്‌ മാത്രം ഉള്ളതാണ്...!!!!!!!”

എന്റെ സപ്ത നാഡികളും തളര്‍ന്നു പോയി... നേരെ ഫോണ്‍ ഡിസ് കണക്റ്റ്‌ ചെയ്തു... എന്റെ ഇത്രേം നേരം സമയം പോയതിനു  ഞാന്‍ ആരോട് പരാതി പറയും?? ഇനി പറഞ്ഞിട്ടെന്തു? എന്താണ്.. ഏതാണ്... എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് അറിയാത്ത ഒരു സ്ത്രീയെ അവിടെ ഇരുതിയവരോടോ?

ഇങ്ങനെ ആണ് ഗവണ്മെന്റ് സിസ്റ്റം എന്ന് അറിഞ്ഞു കൊണ്ട് ഇതിനു പിന്നിലെ പോയ ഞാനല്ലേ വിഡ്ഢി...

“അതെ... എ നോണ്‍-റെസിടെന്റ് ഇഡിയറ്റ്”