റംസാന്‍ നോമ്പിന്റെ സമയം... ഒരു ദിവസം ചാക്കീരി നോമ്പ് തുറക്കാന്‍ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു... അപ്പോളെ ഹാഷിം പറഞ്ഞു,
"എനിക്ക് ചിക്കന്‍ ഇഷ്ടമല്ല, മട്ടന്‍ ആണ് ഇഷ്ടം"
അങ്ങനെ ഞങ്ങള്‍ 5 പേരും കൂടെ പെരിന്തല്‍മണ്ണക്ക് വെച്ചു പിടിച്ചു...
പെരിന്തല്‍മണ്ണ DYSP ആയിരുന്നു ചാക്കീരിയുടെ വാപ്പ... നല്ല കൊമ്പന്‍ മീശ ഒക്കെ വെച്ച ഒരു കിടിലന്‍ പോലീസ് ഓഫീസര്‍...
അവിടെ ചെന്നു കയറിയപ്പോ അവിടെ എല്ലാരും ഉണ്ട്.. അവന്റെ ഉമ്മ, ഉപ്പ, അനിയന്‍, ചേച്ചി, അളിയന്‍... അതോടെ ഞങ്ങള്‍ മാന്യന്മാര്‍ ആയി... ഉപ്പ വന്നു ഞങ്ങളുടെ കൂടെ ഇരിക്കലും കുറച്ചൂടെ മാന്യത ഞങ്ങള്‍ കയ്യീന്ന് എടുത്തിട്ടു... എല്ലാവരോടും വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു... എല്ലാത്തിനും താണ് വണങ്ങി ഞങ്ങള്‍ മറുപടി കൊടുത്തു... അങ്ങനെ നോമ്പ് തുറയുടെ സമയമായി... ഉമ്മ കുറച്ചു കാരക്കയും വത്തക്ക മുറിച്ചതും പിന്നെ ജൂസ് ഒക്കെയായി വന്നു...
"എടുത്ത് കഴിക്കൂ"
ഉപ്പയുടെ വായില്‍നിന്നും അതു വീഴുന്നത് വരെ ഞങ്ങള്‍ വെയിറ്റ് ചെയ്തു. പേരിനു ജൂസ് കുടിച് കാരക്കയും കഴിച്ചു എന്ന് വരുത്തി...
നിസ്കാരം ഒക്കെ കഴിഞ്ഞു മെയിന്‍ കോര്‍സ് ഫുഡ് കഴിക്കാന്‍ ഞങ്ങള്‍ ഡൈനിങ്ങ് റൂമില്‍ എത്തി... ഞങ്ങളുടെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. ഡൈനിങ്ങ് ടേബിള്‍ നിറയെ വിഭവങ്ങള്‍...ചിക്കന്‍, മട്ടന്‍, ബീഫ്, കോഴിമുട്ട, എന്നിവ കൊണ്ടുണ്ടാകിയ പലതരം വിഭവങ്ങള്‍... പിന്നെ സമൂസ, ഉള്ളിവട പോലെ ഉള്ള സ്നാക്സ് ഐറ്റംസ് വേറെയും... പത്തു പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന വലിയ ഡൈനിങ്ങ് റൂമില്‍ എല്ലാരും ഇരിപ്പുറപ്പിച്ചു... ഞങ്ങള്‍ എല്ലാരും എന്തിനോ വേണ്ടി കാത്തിരുന്നു... അവസാനം അതു കേട്ടു...
"എടുത്ത് കഴിക്കൂ"
ഉപ്പയുടെ വായില്‍ നിന്നും അതു കേള്‍ക്കലും ഞങ്ങള്‍ എല്ലാരും കൂടെ പതുക്കെ ഓരോന്ന് എടുത്ത് കഴിക്കാന്‍ തുടങ്ങി, അപ്പൊ ഉമ്മ,
"റിയാസേ, ആ മട്ടന്‍ ഹാഷിമിന്റെ അടുത്തേക്ക് നീക്കി വെച്ചു കൊടുക്ക്"
അതു കേള്‍ക്കലും ഹാഷിം രൂക്ഷമായി റിയാസ് ചാക്കീരിയെ നോക്കി...
"നിങ്ങളെന്താ ഒന്നും കഴിക്കാത്തത്? എടുത്ത് കഴിക്കൂ..."
ഇത് പറഞ്ഞു കഴിയലും കറന്റ് പോയി...
"ആ മെഴുകുതിരി എടുത്തോളൂ"
റിയാസിന്റെ വാപ്പയുടെ ശബ്ദം കേട്ടു.... മെഴുകുതിരി എത്താന്‍ ഒരു രണ്ടുമൂന്നു മിനിറ്റ് എടുത്തു... മെഴുകുതിരി എത്തലും പെട്ടന്ന് കറന്റ് വന്നു... റിയാസിന്റെ വാപ്പക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല...
ടേബിള്‍ ഏതാണ്ട് കാലി... എല്ലാ വിഭവങ്ങളും പകുതി ആയി ചുരുങ്ങിയിട്ടുണ്ട്... ഹാഷിമിന്റെ മുന്നിലുള്ള മട്ടന്റെ പാത്രം കാലി...
ശരിക്കും ഞെട്ടിയത് ഹാഷിം ആണ്... അവന്റെ പ്ലേറ്റ് നിറയെ ചിക്കനും മട്ടനും ചപ്പാത്തിയും പൊറോട്ടയും... പ്ലേറ്റിന്റെ മുന്നില്‍ മട്ടന്റെ എല്ലിന്റെ കൂമ്പാരം...അവനാണെങ്കില്‍ ആദ്യമായി എടുത്ത സമൂസയും കടിച്ചു പിടിച്ചു ഇരിക്കുന്നു...
No comments:
Post a Comment