Saturday, August 16, 2014

പാസ്പോര്‍ട്ട്‌

പാസ്പോര്‍ട്ട്‌ റിന്യൂവല്നു ആണ് അന്ന് കഷ്ടപ്പെട്ട് ദേരയിലെ തെരുവ് മൊത്തം അലഞ്ഞു ഓഫീസ് കണ്ടു പിടിച്ചത്... ഞങ്ങള്‍ അഞ്ചു മണി വരെ ഉണ്ട് എന്ന് പറഞ്ഞപ്പോ നാലുമണിക്ക് ഞാന്‍ എത്തി... പാസ്പോര്‍ട്ട്‌ നീട്ടി റിന്യൂവല് എന്ന് പറഞ്ഞപ്പോ...

“ഇന്നത്തെ ടോക്കെന്‍ തീര്‍ന്നു...”

“എന്ന് വെച്ച?”

“ഉച്ചക്ക് ഒരു മണി വരേ ഞങ്ങള്‍ ടോക്കെന്‍ കൊടുക്കു... ആ ടോക്കെന്‍ തന്നെ അന്ന് ചെയ്തു തീര്‍ക്കാന്‍ പറ്റാറില്ല... ഒരു കാര്യം ചെയ്... നാളെ രാവിലെ ഒരു എഴരക്ക്‌ വന്നു ക്യൂ നിന്നോ... ഇന്നത്തെ ബാക്കി ഉള്ളവരുടെ കഴിഞ്ഞാ ആദ്യത്തെ വിളിക്കാം...”

തീര്‍ന്നു... ഞാന്‍ പോയെന്‍ടെ ഇരട്ടി സ്പീഡില്‍ തിരിച്ചു നടന്നു... പിറ്റേന്ന് രാവിലെ കൃത്യം എഴരക്ക്‌ ഓടി വന്നു നോക്കുമ്പോള്‍ എന്നെ നോക്കി പുച്ഛം വിതറി പതിനഞ്ചു പേര്‍... ഞാന്‍ ലിഫ്റ്റിന്റെ അടുത്ത് നിന്ന് പ്രതീക്ഷ നഷ്ടപ്പെട്ടു സാവധാനം നടന്നു വരുമ്പോ എവിടുന്നാ എന്നറിഞ്ഞൂടാ മൂന്നു പേര്‍ പറന്നു എന്‍റെ മുന്നില്‍... എനിക്ക് വന്നൊരു കലി...

കൃത്യം എട്ടു മണി ആയപ്പോ വാതില്‍ തുറന്നു... ഇന്നലെ ബാക്കി ഡോക്യുമെന്റെഷന്‍ കഴിഞ്ഞവര്‍ മുന്നോട്ടു വരുക... മൂന്നു നാല് പേര്‍ മുന്നില്‍... അവര്‍ക്ക് ആദ്യത്തെ നാല് ടോക്കെന്‍... എനിക്ക് പിന്നെ പത്തൊമ്പതാം ടോക്കെന്‍ കിട്ടു എന്ന് ഉറപ്പുള്ളത് കൊണ്ട് അനങ്ങാതെ നിന്ന്... അങ്ങനെ പത്തൊമ്പതാം ടോക്കെനും വാങ്ങി ഒരു മൂലയില്‍ പോയിരുന്നു... കുറെ നേരം ആലോചിച്ചു ഇരുന്നിരുന്നു കണ്ണടഞ്ഞു... ചെറിയ മയക്കത്തിലേക്കു പോയി...

തോളില്‍ ആരോ തട്ടിയപ്പോള ഉറക്കം ഞെട്ടിയത്...

“ഫോട്ടോ ഉണ്ടോ...”

“ഇല്ല”

“എന്നാ അതിനു പോയി അവിടെ ക്യൂ നില്‍ക്ക്”

വീണ്ടും കലിപ്പ്... അവിടെ പോയി ക്യൂ നിന്നു... പക്ഷെ ഫോടോഗ്രാഫെര്‍ ചറപെറ എല്ലാവരുടെം ഫോട്ടോ എടുത്തു തീര്‍ത്തു... ഫോട്ടോ എടുക്കുന്നതിനു മുന്നേ ഒരു ടൈ കെട്ടിയാലോ എന്ന് ചോദിച്ചാലോ എന്ന് വിചാരിച്ചു... അവന്‍റെ തിരക്ക് കണ്ടു വേണ്ടെന്നു വെച്ച്... മാമുക്കോയ പറഞ്ഞ പോലെ

“ഈ ഫിഗറിന് അത് ചേരില്ല”

എന്നെങ്ങാനും പറഞ്ഞാലോ... പക്ഷെ ഫോട്ടോ കിട്ടിയപ്പോ അവന്‍ ടൈ 
ആഡ് ചെയ്തിട്ടുണ്ട്... മുടുക്കന്‍!!!!

അങ്ങനെ വീണ്ടും കാത്തിരിപ്പ്‌... സമയം നോക്കുമ്പോള്‍ 11 മണി... എന്‍റെ ടോക്കെന്‍ വിളിച്ചു... അവിടെ ചെന്നിരുന്നു... വല്ല റോബോട്ട് എങ്ങാനും ചോദിക്കുന്ന പോലെ ചോദ്യങ്ങള്‍... ഉത്തരങ്ങള്‍... നമ്മള് മറുചോദ്യം ചോദിച്ചാല്‍ ഒറ്റ വാക്കില്‍ സ്പീഡില്‍ ഒരുത്തരം... ഒന്നൂടെ ചോദിച്ചാല്‍ കമ്പ്യൂട്ടര്‍നു പോലും കാല്‍കുലേറ്റ്‌ ചെയ്യാന്‍ പറ്റാത്ത സ്പീഡില്‍ ഒരു ഫോണ്‍ നമ്പര്‍ പറഞ്ഞു അതിലേക്കു വിളിച്ചോളൂ എന്ന്... പിന്നെ എന്‍റെ പഴയ പാസ്പോര്‍ട്ട്‌ നോക്കി അവന്‍ കീബോര്‍ഡ്‌ തല്ലിപ്പൊളിക്കാന്‍ തുടങ്ങി... ഞാന്‍ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു... മാനസികമായിട്ട് എന്തെങ്കിലും... ഏയ്... ഒരേ പണി തന്നെ ചെയ്തു ചെയ്തു ഒരു വികാരവും മുഖത്ത് വരാതായിപോയതാവാം... പാവം... പിന്നെ ടെസ്ക്കില്‍ ചവിട്ടി ബാക്കിലേക്ക്‌ ഒരു തള്ളല്‍... അവന്‍ കൃത്യമായി പ്രിന്റെരിന്റെ അടുത്ത്... ഹൊ ഒരു പ്രസ്ഥാനം തന്നെ... പേപ്പര്‍ എടുത്തു തിരിച്ചൊരു തള്ളല്‍ നേരെ എന്‍റെ മുന്നില്‍...

“ദാ”

“ഇനി?”

“റിസപ്ഷന്‍”

“ഓക്കേ”

അവിടുന്ന് ആ പേപ്പര്‍ ഒക്കെ എടുത്തു റിസപ്ഷനില്‍ പോയി... എന്‍റെ പെപ്പെര്‍ വാങ്ങി എന്‍റെ ഫോട്ടോ ഒക്കെ ഒട്ടിച്ചു പിന്‍ ചെയ്തു എനിക്ക് ഇട്ടു തന്നു...

“ഒപ്പിട്”

“എവിടെ?”

“മാര്‍ക്ക്‌ ചെയ്തിട്ടുണ്ട്”

എല്ലാ ഇടത്തും ഒപ്പിട്ടു... ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി...

“അവിടെ പോയിരുന്നോ, ടോകെന്‍ വിളിക്കും”

വീണ്ടും അയാള്‍ ചൂണ്ടി കാണിച്ച സ്ഥലത്ത് പോയിരുന്നു... അടുത്തുള്ള മലയാളിയോട്ചോദിച്ചു 

"എന്താ ഈ റൂമില്‍ നടക്കുന്നത്?”

“ഇവിടെ ആണ് ഓണ്‍ലൈന്‍ സബ്മിഷന്‍... ഇതൂടെ കഴിഞ്ഞാ കഴിഞ്ഞ്...”

ഒരു അര മണിക്കൂര്‍ കൂടെ കഴിഞ്ഞപ്പോള്‍ എന്‍റെ പേര് വിളിച്ചു... ഞാന്‍ പോയി എന്‍റെ പാസ്പോര്‍ട്ടും നമ്മുടെ റോബോട്ട് തന്ന ഡോക്യുമെന്റ് ചേര്‍ത്ത് കൊടുത്തു. അങ്ങേരു വിശദമായി പുരികം ഒക്കെ പൊക്കി വെച്ച് നോക്കി... എന്നിട്ടൊരു ദയയുമില്ലാതെ ആ മല്ലു...

“ഇത് സബ്മിറ്റ് ചെയ്യണ്ട... റിജെക്റ്റ് ആവും...”

എന്‍റെ ഉള്ളില്‍ നിന്ന് ഒരു ആളലും... ഒരു “ഏ...” യും ഒപ്പം പുറത്തു വന്നു...

“നിങ്ങളുടെ സിഗ്നേച്ചര്‍ മാറ്റമുണ്ട്... നോക്കിക്കേ പഴയ പാസ്പോര്‍ട്ടില്‍ നല്ല വൃത്തിയില്‍ എല്ലാ ലെട്ടെര്സും കാണുന്നുണ്ട്... പുതിയതില്‍ അതില്ല... അയിനു പകരം എന്തൊക്കെയോ...”

“അത് പിന്നെ അന്ന് ഈ കള്ളിക്ക് പുറത്തു പോവരുത്... റിജെക്റ്റ് ആവും എന്നൊക്കെ പറഞ്ഞു പേടിപ്പിചിട്ടാണ് ഒരു കൈ അടയാളം പതിയാന്‍ സ്ഥലമില്ലാത്ത ഈ കോളത്തില്‍ അന്ന് എന്‍റെ ഒപ്പ് കൊള്ളിച്ചു ഇട്ടതു... ഇപ്പൊ അത് പാര ആയോ?”

“ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല...”

“നിപ്പോ എന്താ ചെയ്യാ?”

“നിങ്ങള്‍ ഒരു കാര്യം ചെയ്യ് ഞാന്‍ ഒരു നമ്പര്‍ തരാ... ഊദ് മേഹ്തയില്‍ ഒരു ഓഫീസ് ഉണ്ട് അവിടെത്തെയാ... നിങ്ങളുടെ സിഗ്നേച്ചര്‍ ചേഞ്ച്‌ ആക്കിയിട്ടു വാ... എന്നാ പിന്നെ ഈ സിഗ്നേച്ചര്‍ തന്നെ ഇനി നിങ്ങള്‍ക്ക് ഉപയോഗിക്കാം... എന്താ? എന്നിട്ട് ടോകെന്‍ എടുക്കാന്‍ ഒന്നും നിക്കണ്ട... നേരെ ഇങ്ങോട്ട് പോര്... ഞാന്‍ സബ്മിറ്റ് ചെയ്യാം...”

ഞാന്‍ ഒന്നും മിണ്ടാതെ ബാഗ്‌ എടുത്തു... തിരിച്ചു റിസപ്ഷന്‍ല്‍ പോയി... അവിടെ മേശപ്പുറത്തു എന്‍റെ ബാഗ്‌ വെച്ച് പേപ്പര്‍ ഒക്കെ മടക്കി ബാഗില്‍ ഇടുമ്പോള്‍ അയാള്‍ ചോദിച്ചു...

“എന്തേ?”

“സിഗ്നേച്ചര്‍ ചേഞ്ച്‌ ചെയ്യണം പോലും... ഊദ് മേഹ്ത വരെ ഒന്ന് 
പോയി വരാം...”

നേരത്തെ റോബോട്ട് മനുഷ്യന്‍റെ വികാരത്തെ കളിയാക്കിയത് കൊണ്ടാവണം... ഇത് പറയുമ്പോ എന്‍റെ മുഖത്തും ആ സാധനം ഇല്ലാരുന്നു...

“ആ... നല്ല കാര്യമായി... ഇതിന്‍റെ അപ്പുറത്തെ തിരക്കാ അവിടെ... പിന്നെ വെറുതെ എമ്പത്‌ ദിര്‍ഹവും കളയണം... ഇങ്ങു കൊണ്ടാ... ഞാന്‍ ഒന്ന് നോക്കട്ടെ...”

അയാളും അത് രണ്ടും സൂക്ഷിച്ചു നോക്കി...

“ഇത് ചെറിയ ഒരു തെറ്റെ ഉള്ളു... പക്ഷെ റിജെക്റ്റ് ആവാന്‍ ഇത് മതി... ന്നാ പേപ്പര്‍... ഈ പഴയ പാസ്പോര്‍ട്ട്‌ നോക്കി ഒപ്പിട്ടു പഠിക്ക്... ഞാന്‍ അപ്പളേക്കും ഈ പേപ്പര്‍ ഒക്കെ റീപ്രിന്‍റ് ചെയ്തു ഫോട്ടോ ഒട്ടിച്ചു വെക്കാം... ആ തൊടങ്ങിക്കോ”

ഞാന്‍ ആ പേപ്പറും കയ്യില്‍ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നോക്കി... ഒരുത്തന്‍ എന്നെ നോക്കി ചിരിക്കുന്നു... അവന്‍ വന്ന കാര്യം അതിലും വലിയ കോമഡി ആണ്... SSLC ബുക്കിലും മാര്യേജ് സര്‍ട്ടിഫിക്കറ്റ്ലും അവന്‍റെ പേര് രണ്ട്.. അവിടെ ഇരുന്നു ന്യായീകരിക്കുന്നുണ്ടായിരുന്നു... കുറച്ചു നേരം മുന്നെയാ നിര്‍ത്തിയത്... എന്നിട്ട് എന്നെ നോക്കി ചിരിക്കുന്നു കള്ള ബടുവ...

ഞാന്‍ ഒപ്പിട്ടു തുടങ്ങി... കുട്ടികള്‍ തറ പറ പഠിക്കുന്ന പോലെ ആദ്യം പതുക്കെ.. പിന്നെ പിന്നെ കൊണ്ഫിടന്‍സ് കൂടി... ഒരു അമ്പതു തവണ എങ്കിലും ഒപ്പിട്ടു... വരുന്നവനും പോവുന്നവനും ഒക്കെ ഞാന്‍ ചെയ്യുന്നത് എന്താ എന്ന് ഏന്തി നോക്കി പോവുന്നു...

“തൊടങ്ങാ?”

ഞാന്‍ തലയാട്ടി...

ഞാന്‍ ഒപ്പിട്ടു തുടങ്ങി... നല്ല വൃത്തി ആയി... മിടുക്കന്‍ ആയി എട്ടു ഒപ്പുകളും ഇട്ടു പെന്‍ അടച്ചു പോക്കെറ്റില്‍ ഇട്ടു അയാള്‍ക്ക് നീട്ടി... മൂപ്പെര്‍ അത് വാങ്ങി നോക്കി മൂപ്പരുടെ മുഖം പെട്ടന്ന് മാറി... എന്‍റെയും...

“എന്ത് പറ്റി? ഒപ്പ് കറക്റ്റ് ആണല്ലോ”

“എടൊ കറപ്പ് മഷി കൊണ്ട് ഒപ്പിടണം... ഈ പെന്‍ ഈ പേപ്പറിന്റെ മുകളില്‍ വെച്ച് തന്നത് കാണാനാ??”

ഞാന്‍ അയാളുടെ മുഖത്ത് നോക്കി താടിക്ക് കയ്യും കൊടുത്തു നിര്‍വികാരനായി ഒരു നില്‍പ്പ്...

“അല്ല, ഇനി റീപ്രിന്‍റ്... ഫോട്ടോ...”

ഞാന്‍ വിക്കി വിക്കി പറഞ്ഞു...

“ഇതൊക്കെ ഇനി ഞാന്‍ തന്നെ ചെയ്തല്ലേ പറ്റൂ... അവിടെ പോയിരി... ഞാന്‍ വിളിക്കാം...”

“അതെ... ഒരു പപ്പേര്‍ തരോ?”

“എന്തിനാ”

“ഒപ്പ് മറന്നു പോയി...”

ഇപ്പൊ അങ്ങേരുടെ മുഖത്ത് നിന്നും ആ സാധനം പോയി...


വികാരം!!!