Sunday, January 22, 2012

രമ്യ

കൊല്ലവര്‍ഷം 2010
നാട്ടില്‍ പോയപ്പോള്‍ ആണ് എന്നെ പെണ്ണ് കെട്ടിചാലോ എന്ന ചിന്ത അച്ഛനും അമ്മയ്ക്കും ഉണ്ടായത്.  എന്‍റെ അടുത്ത് നിന്നും ഗ്രീന്‍ സിഗ്നല്‍ കിട്ടിയതും ഞാന്‍ നാട്ടില്‍ എത്തുംമുമ്പേ അവര്‍ പെണ്ണിനെ നോക്കി വെച്ച് കഴിഞ്ഞു. എന്‍റെ ചെറിയച്ചന്റെ ഫ്രണ്ട്ന്‍റെ മോള്‍. പേര് രമ്യ... എനിക്ക് ഫോട്ടോ അയച്ചു തന്നു. നല്ല ഐശ്വര്യം ഉള്ള ഒരു കുട്ടി. ഞാന്‍ രണ്ടും കല്‍പ്പിച്ചു യെസ് മൂളി. എന്ത് നോക്കാനാ അച്ഛന്‍ ബാങ്ക് മാനേജര്‍ അമ്മ ബാങ്കില്‍ ജോലി ചെയ്യുന്നു അനിയന്‍ എന്ജിനീരിംഗ് ചെയ്യുന്നു... കുട്ടി ബീ എട് കഴിഞ്ഞു നില്‍ക്കുന്നു... നാട്ടില്‍ എത്തട്ടെ എന്‍റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ് കാണല്‍... ദിവസങ്ങള്‍ എണ്ണി കഴിഞ്ഞു.

ഒടുവില്‍ നാട്ടില്‍ എത്തി. തിരക്കുകള്‍ ഒക്കെ കഴിഞ്ഞ ഒരു ദിവസം. ആരോകെയാ പെണ്ണ് കാണാന്‍ പോവണ്ടത് എന്ന കൂടിയാലോചനകള്‍ക്ക് ഒടുവില്‍ ഞാന്‍ തീരുമാനിചു എന്ത് വന്നാലും അച്ഛനും അമ്മയ്ക്കും ഒപ്പം പെണ്ണ് കാണാന്‍ പോവില്ല. റിയാസ്‌ ചാകീരിയെ വിളിച്ചു അവന്‍ ഭയങ്കരം ബിസി. കുട്ടനെ വിളിച്ചു. അവന്‍ എന്തിനും റെഡി. അങ്ങനെ തീരുമാനം ആയി. കോഴിക്കോട് നിന്നും ചിക്കുചെചിയും ചിമ്മുചെചിയും മാമനും കൂടെ എന്‍റെ വീട്ടിലേക്കു വരുന്നു. അവിടെ നിന്നും  ഞാന്‍ അവരുടെ കൂടെ കൂടുന്നു. നേരെ അവന്നൂര്‍ പോയി കുട്ടനെ കൂട്ടുന്നു അവിടുന്ന് നേരെ വടക്കാഞ്ചേരി പോവുന്നു. ചെരിയച്ച്ച്ചനും എളെമയും  കൂടുന്നു എന്നിട്ട് നേരെ ചലോ പെണ്ണ് കാണല്‍.

അങ്ങനെ ആ ദിവസം വന്നെത്തി. പറഞ്ഞ സമയത്ത് തന്നെ മാമനും ചിക്കുചെചിയും ചിമ്മുചെചിയും വന്നു. മാമനെ കണ്ടു ഞാന്‍ ഒന്ന് ഞെട്ടി. പിന്നേം ഗ്ലാമര്‍ കൂടിയിരിക്കുന്നു. ബ്ലാക്ക്‌ ഷര്‍ട്ട്‌ ഡെനിം ജീന്‍സ്‌ ഒക്കെ ഇട്ടു ഇന്‍സൈഡ് ഒക്കെ ചെയ്തു ഒരു ചുള്ളന്‍. ഞാന്‍ ആവട്ടെ ബ്ലാക്ക്‌ ഷര്‍ട്ട്‌ ജീന്‍സ്‌ ഔട്ട്‌സൈഡ് ഒക്കെ ആക്കി ഷേവ്‌ പോലും ചെയ്യാതെ കൂതറ ലുക്ക്‌. ഇനി പെണ്ണ് തെറ്റിധരിച്ചു ചായ മാമന് കൊണ്ട് കൊടുക്കുമോ? കുറച്ചു നേരം മാമനെ അസൂയയോടെ ഞാന്‍ നോക്കി. ഇനി പെണ്ണ് കാണാന്‍ പോവുന്നുണ്ടെങ്കില്‍ മാമനെ കൂട്ടുന്ന പ്രശ്നം ഇല്ല. എന്തിനാ അറിഞ്ഞു കൊണ്ട് കഞ്ഞിയില്‍ പാറ്റ ഇടുന്നത്?? മാമന്‍ ആണ് പോലും മാമന്‍...

“പോവാം കുട്ടാ...”

മാമന്‍

“ശരി കുട്ട്യാമാ... അമ്മെ ഞങ്ങള്‍ ഇറങ്ങുന്നു”

“അല്ല, ഗീചെച്ചീ ജാതകകുറിപ്പ് കൊടുക്കണ്ടേ? അവര് കുട്ടിയുടെ ജാതകകുറിപ്പ് തന്നാല്‍ നമ്മള്‍ക്ക് കൊടുക്കാന്‍ കുട്ടന്‍റെ ജാതകകുറിപ്പ് കയ്യില്‍ വെക്കണ്ടേ?”

മാമനോടുള്ള അമ്മയുടെ മറുപടി കേട്ട് ഞാന്‍ പിന്നേം ഞെട്ടി.

“അതൊക്കെ നോക്കിയത രാജു, എട്ടര പൊരുത്തം ഉണ്ട്...”

അത് ശരി, അപോ ഇത് വെറും ചടങ്ങ് മാത്രം. തമ്മില്‍ തമ്മില്‍ കണ്ടാല്‍ മാതം മതിയോ ഇനി? നേരത്തെ ഫോട്ടോയില്‍ കണ്ട പീസ് ആണോ എന്റെ ഭാര്യയാവാന്‍ പോവുന്ന പെണ്ണ്? ഫോട്ടോ ഒന്നൂടെ കാണാന്‍ തോന്നി... പെണ്‍കുട്ടി അല്‍പ്പം മെലിഞ്ഞിട്ടാണ് എന്റെ വലതു ഭാഗത്ത് വന്നു നിന്നാല്‍ പത്ത് എന്ന് എഴുതിയ പോലെ ഉണ്ടാവും. വേറെ കുഴപ്പം ഒന്നും ഇല്ല...

അങ്ങനെ ഞങ്ങള്‍ യാത്ര തുടങ്ങി. ചിക്കുചെചിയും ചിമ്മുചെചിയും അവരെ പെണ്ണ് കാണാന്‍ വന്നവരുടെ കഥകള്‍ പറയാന്‍ തുടങ്ങി. ചിമ്മുചെചിയോടു ഒരു മന്ദബുദ്ധി പറഞ്ഞത്രേ അവന്റെ അടുത്ത് നൂറു സീഡീ ഉണ്ടെന്നു... ഇങ്ങനത്തെ ഓരോ പെണ്ണ് കാണല്‍ കഥ കേട്ട് തൃശൂര്‍ എത്തി. കുട്ടന്‍ മുണ്ടൂര്‍ ജങ്ക്ഷനില്‍ വന്നു നിപ്പുണ്ട് എന്ന് വിളിച്ചു പറഞ്ഞു. അവിടുന്ന് അവനെയും കൂട്ടി നേരെ വടക്കാഞ്ചേരി പോയി. ശ്രീനുപാപ്പന്റെ വീട്ടിലേക്കു. അവിടുന്ന് ഭക്ഷണം കഴിച്ചു ഞങ്ങള്‍ നാല് പേരും വന്ന കാറിലും ശ്രീനുപാപ്പനും ഷയമലേമയും അവരുടെ കാറിലും യാത്ര തുടങ്ങി. അവിടെ മുതല്‍ എനിക്ക് ചെറുതായി ടെന്‍ഷന്‍ അടിക്കാന്‍ തുടങ്ങി. ആദ്യത്തെ പെണ്ണ് കാണല്‍ ആണ്. പെണ്ണ് കാണാന്‍ പോയി അബദ്ധം പറ്റിയ ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. ഞാന്‍ പ്രാര്‍ഥിച്ചു

“ഈശ്വരാ എന്നെ കൊണ്ട് അബദ്ധം ഒന്നും കാണിപ്പിക്കല്ലേ....”

മുന്നില്‍ പൊയ്ക്കൊണ്ടിരിക്കുന്ന ശ്രീനുപാപ്പന്റെ കാര്‍ ഒരു വീടിന്റെ ഗേറ്റിനു മുന്നില്‍ നിന്ന് കൈ പുറത്തിട്ടു ഞങ്ങളോട് മുന്നോട്ടു പാര്‍ക്ക്‌ ചെയ്യാന്‍ പറഞ്ഞു.ഗേറ്റിനു മുന്നിലൂടെ കാര്‍ നീങ്ങിയപ്പോ കണ്ടു വീട് നിറയെ ആള്‍ക്കാര്‍... എനിക്ക് തലചുറ്റുന്ന പോലെ തോന്നി...

“ചിമ്മുചെച്ചീ, നിറയെ ആള്‍ക്കാര്‍ ആണ്...”

“ഏറങ്ങടാ പുറത്ത്...”

എന്നെ തള്ളി ഇറക്കി... അതാ മാമന്‍ മുന്നില്‍ പോവുന്നു... കഴിഞ്ഞു... ഇത് കൊളമായി... ഞാന്‍ സ്പീഡില്‍ നടന്നു മാമന് ഒപ്പം എത്തി.പെണ്‍കുട്ടിയുടെ അച്ഛന്‍ മുന്നില്‍, അതിനടുത്ത്‌ ശ്രീനുപാപന്റെയും കുട്ടിയുടെ അച്ഛന്റെയും കോമണ്‍ ഫ്രണ്ട്... ഞാന്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു... അങ്ങേരു മാമന് കൈ കൊടുത്തു...

“അച്ഛന്‍ വിളിച്ചിരുന്നു...”

ഇളിഞ്ഞു പോയ മാമന്‍ അപ്പൊ തന്നെ എന്നെ പിടിച്ചു മുന്നിലാക്കി പറഞ്ഞു...

“ഇതാണ് പയ്യന്‍...”

ഉടനെ മാമന്റെ കൈ വിട്ടു അയാള്‍ ഇളിഞ്ഞ ഒരു ചിരി ചിരിച്ചിട്ടു എനിക്ക് കൈ തന്നു ഒരുമാതിരി സൈക്കളില്‍ നിന്നും വീണ ചിരി മുഖത്തിട്ട് ഞാന്‍ രണ്ടു ഇളിഞ്ഞ മുഖങ്ങള്‍ക്കിടയിലൂടെ പെണ്‍കുട്ടിയുടെ അച്ഛന്റെ മുന്നില്‍ എത്തി... രണ്ടു കൈ കൊണ്ടും എന്റെ കൈ പിടിച്ചു ചിരിച്ചു

“വാ കേറി ഇരിക്ക്...”

അപ്പോളാണ് കണ്ടത് അയാളുടെ പിന്നില്‍ ഒരു പയ്യന്‍... ഞാന്‍ അവനെ നോക്കി...

“മോന്‍ ആണ് എഞ്ചിനീയറിംഗ് ചെയ്യുന്നു...”

പിന്നെ ഞാന്‍ ഒരു രണ്ടു മിനിറ്റ് അവനെ ക്രോസ് വിസ്താരം ചെയ്തു... അവനു പേടിയാവുന്നുണ്ടോ എന്നോട് മിണ്ടാന്‍? പേടിക്കണം.. അളിയനാവാന്‍ പോവാണ്... ബഹുമാനം ഒക്കെ വേണം... കേട്ടോഡാ... മ്മ്... മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ അകത്തു കയറി ഒറ്റയ്ക്ക് ഉള്ള ഒരു സോഫയില്‍ കേറി ഇരുന്നു... അല്ലെങ്കില്‍ അവിടെ മാമന്‍ കേറി ഇരിക്കും. പിന്നെ ചായ ഓട്ടോമാറ്റിക്‌ ആയി എവിടെ പോയി എന്ന് ചോദിച്ചാ മതി. മതി മാമന്‍ ഷൈന്‍ ചെയ്തത്. അപ്പോളേക്കും ചക്കച്ചുളയില്‍ ഈച്ച വരുന്നത് പോലെ ഓരോരുത്തരായി വരാന്‍ തുടങ്ങി... അതിലൊരു കൊയിപ്പെന്‍ ചെക്കന്‍ ഒരു ക്യാമറയും എടുത്ത്‌ എന്‍റെ ചുറ്റും നടന്നു ഫോട്ടോ എടുക്കുന്നു. ക്യാമറ അടക്കം ചെക്കനെ ഒന്ന് തേമ്പിയാലോ? ആളു കൂടിയപ്പോള്‍ ഷയമലേമ ചിക്കുചെചിയേം ചിമ്മുചെചിയേം കൂട്ടി അകത്തേക്ക് പോയി... ഞാനും, കുട്ടനും മാമനും ശ്രീനുപാപ്പനും.... വരുന്നവനും പോവുനവനും ഒക്കെ എന്നെ നന്നായി അലക്കി പിഴിഞ്ഞ് ഇട്ടു. ചെറുതായി ദാഹിക്കുന്നു... പറഞ്ഞ കാര്യം തന്നെ പറഞ്ഞിട്ട്... പെണ്ണാണെങ്കില്‍ വരുന്നുമില്ല... അപ്പോളേക്കും എനിക്ക് സംസാരിക്കാന്‍ ധൈര്യം വന്നു.. പിന്നെ പിന്നെ ഞാന്‍ ഭയങ്കരം സംസാരം തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ എന്റെ കൂടെ വന്നവരൊക്കെ എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുന്നു.... ഇവന്‍ എന്താ ഒരുമാതിരി ചന്തയില്‍ പോയ പോലെ....

അപ്പോള്‍ പെണ്ണിന്‍റെ അമ്മ വന്നു...

“ചായ കുടിക്കാംട്ടോ വരൂ...”

ഞാന്‍ ആദ്യം എണീറ്റ്‌... നോക്കുമ്പോള്‍ ആരും എനീട്ടിട്ടില്ല... പോയി... മാര്‍ക്ക്‌ പോയി...  എന്റെ കൂടെ കുട്ടന്‍ എണീറ്റു... ഡൈനിങ്ങ്‌ റൂമിലേക്ക്‌ നടക്കുമ്പോള്‍ അവന്‍ എന്നോട്...

“എന്താ കുട്ടേട്ടാ... ടെന്ഷനുണ്ടോ? ഭയങ്കരം വെപ്രാളം...”

“പോടാ, എനിക്കൊരു കുഴപ്പവും ഇല്ല... ഞാന്‍ സംസാരികുന്നത് നീ കണ്ടില്ലേ?”

“ആ... അത് തന്നെയാ പറഞ്ഞത്‌.... കുറച്ചു ഓവറാ....”

ഞാന്‍ ഒന്നും മിണ്ടിയില്ല. ഡൈനിങ്ങ്‌ ടാബിളില്‍ എത്തിയപ്പോ കണ്ടു ഒരു പത്ത് പതിനഞ്ചു ഐറ്റംസ്... പ്ലേറ്റില്‍ നിരത്തി വെച്ചിരിക്കുന്നു. എല്ലാ കസേരയുടെ മുന്നിലും ചായയും...

ഏ... ഇതെങ്ങനെ ശരിയാവും? ചായ കൊണ്ട് തരണ്ടത് പെണ്ണല്ലേ? അപ്പോളല്ലേ അറിയാതെ എന്ന മട്ടില്‍ വിരല്‍ ഒന്ന് അവളുടെ വിരലില്‍  ഒന്ന് തട്ടിക്കാനും അവള്‍ ഇടം കണ്ണിട്ടു നോക്കുമ്പോള്‍ സോമനെ പോലെ എനിക്ക് ചിരിക്കനുമുള്ള ചാന്‍സ് കിട്ടൂ... തൊലഞ്ഞു... ഭാവി അമ്മായിഅമ്മെ, വല്ലാത്തൊരു ചെയ്ത്തായിപ്പോയി....

അകത്തു നിന്നും ചിക്കുചെചിയും ചിമ്മുചെചിയും ഷയമലേമയും വന്നു. ചിമ്മുചെച്ചി വന്നു എന്റെ അടുത്തിരുന്നു... എന്റെ തുടയില്‍ വിരല്‍ കൊണ്ട് അമര്‍ത്തി.... എന്നോട് സ്വകാര്യമായി പറഞ്ഞു...

“ചെക്കാ... പെണ്ണ് കിടിലം... ഫോട്ടോയില്‍ കാണുന്ന പോലയെ അല്ല... നല്ല സ്റ്റൈല്‍ ഉണ്ട്... ശരിക്ക് നോക്കിക്കോട്ടോ...”

ഞാന്‍ ചിക്കുചെചിയെ നോക്കി.. രണ്ടു പുരികവും ഉയര്‍ത്തി എന്നെ നോക്കി ചിരിച്ചു കൊണ്ട് തല ഒന്ന് ആട്ടി... എന്‍റെ പ്രതീക്ഷ അവിടെ തീര്‍ന്നു... ഇത്രക്ക്‌ സ്റ്റൈല്‍ ഉണ്ടെന്നു ഇവര് രണ്ടു പേരും പറയണമെന്കില്‍ കൊച്ചു കിടിലോല്‍ക്കിടിലം ആയിരിക്കും.... എന്നെ ഇഷ്ടപ്പെടാന്‍ യാതൊരു ചാന്‍സും ഞാന്‍ കാണുന്നില്ല.... ആ, ഇനി ആവുന്ന പോലെ ഫുഡ്‌ അടിച്ചു പോവാം. അങ്ങനെയെങ്കിലും മുതലാവട്ടെ... ചായ കുടിക്കുമ്പോള്‍ വീണ്ടും എന്‍റെ സംസാരം തുടങ്ങി... ചോദിക്കുന്ന എന്ത് ചോദ്യത്തിനും എനിക്ക് ഉത്തരം ഉണ്ട്... ചിമ്മുചെച്ചി ആണെങ്കില്‍ ഞാന്‍ സംസാരം നിര്‍ത്താന്‍ വേണ്ടി എന്‍റെ തുടയില്‍ നുള്ളി നുള്ളി മടുത്തു... പെണ്ണെവിടെ??? എനിക്ക് ശരിക്കും മടുക്കാന്‍ തുടങ്ങി. അപ്പോള്‍ ശ്രീനുപാപ്പന്‍ എന്‍റെ രക്ഷക്കെത്തി...

“മോളെവിടെ?”

അപ്പോളാണ് ഭാവിഅമ്മായിഅപ്പന്  ബോധം വന്നത്...

“മോളെ വിളിക്ക്....”

ഞാന്‍ റെഡി ആയി ഇരുന്നു. ചിമ്മുചെചിയെ ഞാന്‍ ഒന്ന് നോക്കി... എന്‍റെ നോട്ടം കാണലും ചിമ്മുചേച്ചിക്ക് ചിരി പൊട്ടാന്‍ തുടങ്ങി. ഞാന്‍ തല താഴ്ത്തി... പെട്ടന്ന് ശ്രീനുപാപ്പന്‍,

“കുട്ടാ”

ഞാന്‍ തല ഉയര്‍ത്തി... എന്‍റെ മുന്നില്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു രമ്യ... ഞാന്‍ ഒന്ന് ഉറപ്പു വരുത്തി. എന്നെ തന്നെ ആണ് നോക്കുന്നത്, മാമനെ അല്ല... രമ്യ എന്നെ നോക്കി പുഞ്ചിരിച്ചു... എനിക്കും അറിയാം പുഞ്ചിരിക്കാന്‍... ഞാനും കൊടുത്തു ഒരു പുഞ്ചിരി...

ഇനി അടുത്തത് എന്താ? എന്തെങ്കിലും ചോദിക്കണ്ടേ? രമ്യ ആണെങ്കില്‍ എന്‍റെ അടുത്ത് നിന്നും എന്തെങ്കിലും ചോദ്യം പ്രതീക്ഷിച്ചു നില്‍ക്കുന്നു... പക്ഷെ, എനിക്കെന്തോ അപ്പോള്‍ എന്‍റെ മുന്നില്‍ മിക്സ്ചര്‍ പ്ലേറ്റില്‍ കിടക്കുന്ന ഒരു അണ്ടിപരിപ്പാണ് കണ്ണില്‍ പെട്ടത്. ഞാന്‍ കൈ നീട്ടി മിക്സ്ചര്‍ മാറ്റി ആ അണ്ടിപ്പരിപ്പ്‌ എടുത്തു. ഉടനെ കിട്ടി തുടയില്‍ ഒരു നുള്ളല്‍... ചിമ്മുചെച്ചിയുടെ വക. അത് കൊണ്ട് മാത്രം ഞാന്‍ അത് വായില്‍ ഇട്ടില്ല...

ഞാന്‍ വീണ്ടും പുഞ്ചിരിച്ചു കൊണ്ട് രമ്യയെ നോക്കി...

“എവിടെയാ പഠിക്കുന്നത്?”

മറുപടി കേട്ടു... നല്ലൊരു കിളിനാദം... കേള്‍ക്കാന്‍ നല്ല സുഖം ഉള്ള ഒരു ശബ്ദം... പാട്ട് പാടുമോ എന്ന് ചോദിച്ചാലോ... വേണ്ട, ഇപ്പോളെ അത്യാവശ്യം ചീത്തപ്പേര് ആയിട്ടുണ്ട്‌... ഇനിയെന്തെങ്കിലും ചോദിക്കണമെങ്കില്‍ ഈ പ്രൈവസി പോര... എന്നെ സഹായിക്കാന്‍ ചിക്കുചെചിയും ചിമ്മുചെചിയും എത്തി... അവര്‍ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ കണ്ടു അവരോടു സംസാരിക്കുമ്പോളും ഇടയ്ക്കു എന്നെ ഇടം കണ്ണിട്ടു നോക്കുന്നുണ്ട്... അപ്പോള്‍ ശ്രീനുപ്പാപ്പന്‍ വീണ്ടും രക്ഷക്കെത്തി... എന്നോട് പതുക്കെ ചോദിച്ചു,

“കുട്ടാ, കുട്ടിയോട് ഒറ്റയ്ക്ക് സംസാരിക്കണോ???”

രണ്ടും കല്‍പ്പിച്ചു ഞാന്‍ പറഞ്ഞു...

“സംസാരിക്കണം”

റൂമില്‍ ആരും സംസാരികാത്ത സമയത്താണ് എന്‍റെ ഈ മറുപടി വന്നത്... എല്ലാവരും കേട്ടു, കേള്‍ക്കാതിരിക്കാന്‍ ചാന്‍സ് ഇല്ല, എന്‍റെ ശബ്ദം അല്‍പ്പം കൂടി എന്നത് തന്നെ കാരണം.... വീണ്ടും മാര്‍ക്ക്‌ പോയി....

ഒരു ചെറു ചിരിയോടെ എല്ലാവരും എഴുന്നേറ്റു... ഞാന്‍ ചിമ്മുചെചിയെ വീണ്ടും നോക്കി...

“ഇവന്‍റെ ഒരു കാര്യം...”

എന്നും പറഞ്ഞു ചിമ്മുചെചിയും എണീറ്റ്‌ പോയി. ഇപ്പോള്‍ ആ മുറിയില്‍ ഞാനും രമ്യയും മാത്രം.

“ഇരിക്കൂ...”

ഞാന്‍ പറഞ്ഞു, രമ്യ എന്‍റെ എതിര്‍വശത്ത് ഇരുന്നു...

“എടാ തെണ്ടീ... മര്യാദക്ക് സംസാരിക്ക്.... ഇനിയെങ്കിലും. പ്ലീസ്....”

ഞാന്‍ എന്നോട് തന്നെ പറഞ്ഞു.... പക്ഷെ എന്നിട്ടും ഞാന്‍ പഠിച്ചില്ല....

“എത്ര വയസ്സായി?”

രമ്യയ്ക്ക് ചിരി പൊട്ടി വരുന്നു... എനിക്കനെകില്‍ അപ്പോള് കരയാനാ തോന്നിയത്‌...

“ഇരുപത്തിമൂന്നു”

പിന്നേം ഞാന്‍ എന്തൊക്കെയോ ചോദിച്ചു... രമ്യ ഞാന്‍ ചോദിക്കുന്നതിനു മാത്രം മറുപടി പറഞ്ഞു കൊണ്ടിരുന്നു... അവസാനം ഞാന്‍ ചോദിച്ചു...

“എന്നോടൊന്നും ചോദിക്കാന്‍ ഇല്ലേ?”

മറുപടി ഒരു ചിരി ആയിരുന്നു...

“ഇഷ്ട്ടപ്പെട്ടോ എന്നെ?” എന്ന് ചോദിച്ചാലോ?

“മിണ്ടിപ്പോവരുത് കൊന്നു കളയും ഞാന്‍....”

ഞാന്‍ എനിക്ക് തന്നെ ഒരു താക്കീത് തന്നു...

പെട്ടന്ന് പിന്നില്‍ നിന്നും ഒരു ഫ്ലാഷ് മിന്നി... ഈ ചെക്കനെ ഞാനിന്നു കൊല്ലും... തിരിഞ്ഞു നോക്കിയപ്പോള്‍ കൊയിപ്പെന്‍ ചെക്കന്‍ അല്ല, ചിമ്മുചെച്ചി ആണ്... രമ്യ എണീറ്റു...

ചിമ്മുചെച്ചി എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു,

“മതി സംസാരിച്ചത്... രമ്യാ, ഒന്ന് അവിടെ പോയി നിന്നെ, ഒരു ഫോട്ടോ എടുക്കട്ടെ...”

ഒരു മടിയും കൂടാതെ രമ്യ എന്‍റെ അടുത്തേക്ക് വന്നു, ഞാന്‍ എണീറ്റു നിന്നു. ചിമ്മു ചേച്ചി ഒന്ന് രണ്ടു ഫോട്ടോ എടുത്തു...

“കുട്ടാ പോവാം...”

ശ്രീനുപ്പാപ്പന്‍.... രമ്യയോടു ഞാന്‍ യാത്ര പറഞ്ഞു...

“പോട്ടെ... കാണാം...”

അപ്പോളും രമ്യ വിശാലമായി ഒന്ന് പുഞ്ചിരിച്ചു... ഞാനും.

തിരിച്ചു വരുമ്പോള്‍ വേങ്ങര എത്തുന്നത് വരെ എന്നെ വധിക്കല്‍  ആയിരുന്നു... ഞാന്‍ അത് അര്‍ഹിക്കുന്നു... മിണ്ടാന്‍ പോയില്ല... രമ്യ വന്നപ്പോള്‍ ഞാന്‍ അണ്ടിപ്പരിപ്പ് എടുത്തതാണ് വലിയ കുറ്റം... പെട്ടന്ന് മൊബൈല്‍ ശബ്ദിച്ചു.... ഷൈമലെമ...

“കുട്ടാ കുട്ടിക്ക്‌ നിന്നെ ഭയങ്കരമായി ഇഷ്ടപ്പെട്ടു... അമ്മയോട് ഞാന്‍ വിളിച്ചു പറഞ്ഞോളാം...”

വീട്ടിലെത്തുമ്പോള്‍ കണ്ടത് അമ്മയുടെ സന്തോഷം നിറഞ്ഞ മുഖം...

“നീ പോവുന്നതിന്റെ മുന്നലത്തെ ഞായറാഴ്ച നിശ്ചയം നടത്താന്‍ പറ്റുമോ എന്നാ ചോദിക്കുന്നത്... സമ്മതിക്കട്ടെ?”

“അത് നിങ്ങളെല്ലാം കൂടെ നോക്കി ചെയ്യ്...”

ഒരു താല്പര്യം ഇല്ലാത്ത പോലെ ഞാന്‍ പറഞ്ഞു. പിന്നെ അവിടെ നടന്ന സംഭവം മൊത്തം ചിമ്മുചെച്ചി അമ്മയോട് വിശദമായി പറഞ്ഞു... അമ്മ എന്നെ നോക്കി...

“അയ്യേ... ഈ ചെക്കന്‍”

ഞാന്‍ വേഗം അകത്തേക്ക് കേറിപ്പോയി. ഡ്രസ്സ്‌ ഒക്കെ എടുത്തു ഞാന്‍ പുറത്തിറങ്ങി...

“ഞാനും പോവുന്നു കോഴിക്കോട് നാളെ വരാം.”

കോഴിക്കോട് എത്തിയ ഉടന്‍ ഞാന്‍ ചിമ്മുചെചിയോട് പറഞ്ഞു,

“എനിക്കൊന്നു രമ്യയുമായി സംസാരിക്കണം...”

“പോടാ, ഇന്ന് പകല് പറഞ്ഞ അബദ്ധങ്ങള്‍ ഒന്നും പോരെ? ഇനിയും വേണോ?”

“ചിമ്മുചെച്ചി, പ്ലീസ്... എന്നെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതല്ലേ? പിന്നെന്ത? പ്ലീസ്... ഒന്ന് വിളിക്ക്...”

ഒന്ന് മൂളിക്കൊണ്ട് ചിമ്മുചെച്ചി സമ്മതിച്ചു സംസാരിക്കുന്നതു എനിക്കും കേള്‍ക്കണം അന്ന കണ്ടീഷനില്‍... ഡയല്‍ ചെയ്തു ആരോ കാള്‍ എടുത്തു...

“ഞാന്‍ സൂരജിന്റെ ചേച്ചിയാണ്... രമ്യ ഉണ്ടോ അവിടെ?”

രമ്യ ഓണ്‍ലൈന്‍... ചിമ്മുചെച്ചി കുറച്ചു നേരം സംസാരിച്ചു... എനിക്ക് തരാം എന്ന് പറഞ്ഞു ഫോണ്‍ എന്‍റെ കയ്യില്‍ തന്നു... കണ്ടിഷന്‍ അനുസരിച്ച് ഒരു ഇയര്‍ ഫോണ്‍ ചിമ്മുചെചിയുടെ ചെവിയിലും ഒന്ന് എന്‍റെ ചെവിയിലും...

“എന്തൊക്കെയുണ്ട് വിശേഷം??? സുഖമല്ലേ?”

ഞാന്‍ ചിമ്മുചെചിയെ നോക്കി, തലയില്‍ കൈ വെച്ച് ഇരിക്കുന്നു... ഞാന്‍ വീണ്ടും വീണ്ടും ഓരോന്ന് ചോദിയ്ക്കാന്‍ തുടങ്ങി... ഒന്നിനും മറുപടി ഇല്ല. ആരെയോ പേടിച്ചു സംസാരിക്കുന്നതു പോലെ... പാവം ടെന്‍ഷന്‍ ആയിരിക്കും...

“ഇപ്പോള്‍ സംസാരിക്കാന്‍ ബുധ്ധിമുട്ടാനെങ്കില്‍ പിന്നെ വിളിക്കാം... വെചോട്ടെ?”

ഒന്ന് മൂളി... അതാണ്‌ ഞാന്‍ അവസാനമായി കേട്ട രമ്യയുടെ ശബ്ദം.

പിറ്റേന്ന് വേങ്ങര എത്തിയപ്പോള്‍ ആണ് അറിഞ്ഞത് ഏതോ ഒരു കുടുംബ സ്നേഹി വളരെ മനോഹരമായി എന്നെ പറ്റി ഒരു കഥ ഉണ്ടാക്കി അവരെ പറഞ്ഞു വിശ്വസിപ്പിച്ചു ഈ കല്യാണം മുടക്കി എന്ന്... അവരെ വിളിച്ചു കാര്യം അന്വേഷിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആണ് വേണ്ട എന്ന് പറഞ്ഞത്‌...

“എന്നെ പറ്റി ഒരു കഥ കേട്ടാല്‍, അത് ശരിയാണോ എന്നോട് ചോദിക്കണം, ഇല്ലെങ്കില്‍ അച്ഛനോടും അമ്മയോടും ചോദിക്കണം... അത് ചെയ്യാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തെങ്കില്‍ ആ കല്യാണം നടക്കാത്തതാണ് നല്ലത്...”

പിന്നെ വീട്ടില്‍ ആരും ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ല... പക്ഷെ എന്നിട്ടും കുറച്ചു കാലം ഉണ്ടായിരുന്നു രമ്യയുടെ ഫോട്ടോ എന്‍റെ ലാപ്ടോപ്പില്‍... അതും നോക്കി ഇരുന്നു നെടുവീര്‍പ്പിടാന്‍ അല്ല, എന്നെങ്കിലും എന്നെ കല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിക്ക്‌ കാണിച്ചു കൊടുക്കാന്‍... ഇത്രയ്ക്കു സുന്ദരി ആയ ഒരു പെണ്‍കുട്ടി എന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞിരുന്നു എന്നും പറഞ്ഞു കാണിച്ചു കൊടുക്കാന്‍...

Tuesday, January 17, 2012

LBS കോളേജിലെ ബിരിയാണി


കൊല്ലവര്‍ഷം 2007

ഡെയിലി മീറ്റിംഗ് നടക്കുമ്പോള്‍ ജോബിസാരിന്റെ ചോദ്യം...

“ആരാ കാസര്‍ഗോഡ്‌ LBS എഞ്ചിനീയറിംഗ് കോളേജില്‍ സെമിനാര്‍ എടുക്കുന്നത്?”

ഞാന്‍ ചുറ്റും നോക്കി... ആരായിരിക്കും?

“അടുത്തയാഴ്ച ശനിയും ഞായറും ആണ് സെമിനാര്‍..... സൂരജെ, നീ പോയ മതി...”

അതാ... കുടുങ്ങി... ധിഷണയുടെ ഉള്ളില്‍ അല്ലാതെ പുറത്ത് പോയി ഇത് വരെ ട്രെയിനിംഗ് നടത്തിയിട്ടില്ല... സാധാരണ വിജോയ്‌ സര്‍, സന്ദീപ്‌ സര്‍, അഭി സര്‍, റഹ്മത്ത് സര്‍ ഒക്കെയാണ് ട്രെയിനിംഗ് പോവാരുള്ളത്... ഇവരൊക്കെ ധിഷണ വിട്ടു പോയതിനു ശേഷം കുറെ കാലമായി ഇങ്ങനെയുള്ള അക്ടിവിടീസ് ഒന്നും ഇല്ല...

“നീ റെഡി അല്ലെ?”

ഞാന്‍ സ്വബോധത്തിലേക്ക് വന്നു.

“എന്താ ടോപ്പിക്ക്?”

നീയല്ലേ പോവുന്നത്? ഒപെരടിംഗ് സിസ്റ്റം, ഒപെരടിംഗ് സിസ്റ്റം ആര്‍ക്കിടെക്ചര്‍, വിന്‍ഡോസ്‌, നെറ്വര്‍ക്കിംഗ് വിത്ത്‌ വിന്‍ഡോസ്‌ പ്ലാട്ഫോം എടുത്താല്‍ മതി...”

“ഏകദേശം എത്ര സ്ടുടന്റ്സ് ഉണ്ടാവും...”

“എന്താ നിനക്ക് പേടിയുണ്ടോ? അധികമൊന്നും ഉണ്ടാവൂല... വീകെണ്ട് അല്ലെ? എല്ലാരും വീട്ടില്‍ പോവും... ഒരു പത്ത് മുപ്പതു പേരെ കാണു...”

“എന്റെ കൂടെ ആരാ വരുന്നത്?”

“രോഷിത്‌ വരും. അതിനടുത്ത്‌ മാസം ലിനക്സ് ട്രെയിനിംഗ് ഉണ്ട്. അപ്പൊ നീ പൊയ്ക്കോ അവന്റെ കൂടെ.”

പിന്നെ ഒരാഴ്ച ഒരു യുദ്ധം ആയിരുന്നു... പവര്‍ പോയിന്റ്‌ സ്ലൈഡ് ഉണ്ടാക്കലും പഠിത്തവും... ഒന്ന് പാളിയാല്‍ നാണം കേട്ട് പോവും... മുന്നില്‍ ഇരിക്കുന്നവര്‍ ബീ ടെക്, എം സീ എ സ്ടുടെന്റ്സ് ആണ്... വിന്‍ഡോസ്‌ ഒന്നും അവര്‍ക്കരിയാത്ത സാധനം അല്ലല്ലോ... അങ്ങനെ രാവിലത്തെ ട്രെയിന്‍ പിടിച്ചു... കാസര്‍ഗോഡ്‌,... അവിടുന്ന് LBS എഞ്ചിനീയറിംഗ് കോളേജ്... അവിടെ വന്നിറങ്ങുമ്പോള്‍ വല്ലാത്തൊരു സമാധാനം... കാരണം, ആരെയും കാണാനില്ല...

“ഡേയ് നീ ഒറ്റക്ക് സെമിനാര്‍ എടുക്കേണ്ടി വരുമോ? പത്തോ ഇരുപതോ  പേരെ കാണൂ എന്നാ തോന്നുന്നത്...”

രോഷിതിനോട് മറുപടി പറയുന്നതിന് മുന്നേ രണ്ടുമൂന്നു പേര്‍ ഇറങ്ങി വന്നു...

“വരൂ സര്‍, ലേറ്റ് ആയല്ലേ... എല്ലാം റെഡി ആണ്... ഒന്ന് ഫ്രഷ്‌ ആവണോ?”

“വേണമെന്നില്ല...”

“വരൂ, എന്നാല്‍ ഹാള്‍ലേക്ക് പോവാം...”

അവരുടെ പിന്നാലെ നടക്കുമ്പോള്‍ ഞാന്‍ നിശബ്ദന്‍ ആയിരുന്നു... രോഷിത്ന്റെ മുഖത്തേക്ക് നോക്കി... അവന് ഒരു കൂസലും ഇല്ല... എന്നെ നോക്കി ചിരിക്കുന്നു. തെണ്ടി, അവനല്ലല്ലോ ഞാന്‍ അല്ലെ സെമിനാര്‍ എടുക്കുന്നത്... അടുത്ത മാസം ആവട്ടെ... കാണിച്ചു തരാം... ഇതിലും നന്നായി ഞാന്‍ ചിരിക്കുന്നത് നീ കേള്‍ക്കും... മനസ്സില്‍ അവനെ തെറി പറഞ്ഞു കൊണ്ട് ഞാന്‍ ഹാളിലേക്ക് കയറി...

കാലിന്‍റെ ചെറുവിരല്‍ തൊട്ടു തല വരെ ഒരു തണുപ്പ് അരിച്ചു കയറി... ഒരു നൂറ്റി അമ്പതില്‍ കുറയാത്ത പിള്ളേര്‍...

“പണി കിട്ടീ....” പിന്നില്‍ നിന്നും രോഷിത്തിന്റെ ശബ്ദം...

തിരിഞ്ഞ് ഓടിയാലോ??? അപ്പോളേക്കും ഞാന്‍ പ്ലട്ഫോമിന്റെ അടുത്തെത്തി... അവിടെ താഴെ ഒരു കമ്പ്യൂട്ടര്‍... ഒരു ചെയര്‍... രോഷിത്‌ നു ഇരിക്കാന്‍...അപ്പൊ ഞാന്‍??? എനിക്കാണോ ഈ വലിയ പ്ലാട്ഫോം??? എന്റെ കൃഷ്ണാ... പണ്ട് സ്കൂളിലും കോളേജിലും പഠിക്കുമ്പോ വരെ  തമാശക്ക് പോലും ഞാന്‍ ഇത് പോലെ ഒരു വലിയ സ്റ്റേജില്‍ കയറിയിട്ടില്ല... ഇതിന്റെ മുകളില്‍ കയറി ഞാന്‍ എന്ത് അഭ്യാസം കാണിക്കാനാ? നോകിയപ്പോ ഒരു വലിയ സ്ക്രീന്‍..., പ്രോജെക്ടര്‍, മൈക്ക്‌ തെങ്ങ, കുന്തം, കുടചക്രം... എല്ലാം ഉണ്ട്...

“വരൂ സര്‍”

ഒരു പയ്യന്‍ സ്റെപ്‌ കേറി മുകളിലേക് പോവാന്‍ തുടങ്ങി... അവനു പിന്നാലെ യാന്ത്രികമായി ഞാനും കയറി. ഞാന്‍ നേരെ നടുവിലേക്ക് നടന്നു എല്ലാവരേം ഒന്ന് നോക്കി. ഇവരെന്തിനാ എന്നെ നോക്കുന്നത്? പോക്കെറ്റില്‍ കയ്യിട്ടു മൈക്രോസോഫ്ട്‌ ഐ ഡി എടുത്തു ടി ഷര്‍ട്ടില്‍ പിന്‍ ചെയ്തു... കൂടെ കയറിയ പയ്യന്‍ പ്രോജെക്ടര്‍ അഡ്ജസ്റ്റ്‌ ചെയ്യുന്നു...

“സര്‍, മൈക്ക്‌”

മൈക്കോ... എന്തിനു? ഞാന്‍ വല്ല പാട്ട് പാടാന്‍ എങ്ങാനും വന്നതാണോ?


“എവിടെ?”

ഞാന്‍ കൈ നീട്ടി...

“അല്ല സര്‍, കോളര്‍ മൈക്ക്‌...”

അവന്‍ അത് നല്ല ഭംഗി ആയി എന്റെ ടി ഷര്‍ട്ട്‌ല്‍ വെച്ചു തന്നു... ഞാന്‍ രോഷിതിനെ നോക്കി... അവന്‍ എന്നെ തന്നെ നോക്കി ചിരിചിരിക്കുന്നു... ചിരിയെടാ ചിരി.. അവന്റെ നേരെ കണ്ണ് കൊണ്ട് ഞാന്‍ ആക്ഷന്‍ പറഞ്ഞു... അവന്‍ സീ ഡീ എടുത്തു കമ്പ്യൂട്ടറില്‍ ഇട്ടു പവര്‍ പോയിന്റ്‌ സ്ലൈഡ് ഓപ്പണ്‍ ചെയ്തു... ഫുള്‍ സ്ക്രീന്‍ ആക്കി... ഞാന്‍ സൌണ്ട് ഒന്ന് നേരെ ആക്കി... സെല്‍ഫ്‌ ഇന്ട്രോടക്ഷന്‍ കഴിഞ്ഞപ്പോ ഒരു ധൈര്യം വന്നു തുടങ്ങി... പതുക്കെ പതുക്കെ ടോപ്പിക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു...

അതെ, ധൈര്യം വരുന്നുണ്ട്.... വന്നു കൊണ്ടിരിക്കുന്നു... അതാ വന്നു.... പിന്നെ ഒരാഴ്ച ആയി സംഭരിച്ചു വെച്ചത് മൊത്തമായി പിള്ളേരുടെ മുന്നിലേക്ക്‌ തട്ടി ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ആണ് ശ്രദ്ധിച്ചത്, മുന്നില്‍ ഒരു നാലഞ്ചു വിരുതന്മാര്‍ ഞാന്‍ എന്ത് പോയിന്റ്‌ പറഞ്ഞാലും ഒരേ പോലെ തല ആട്ടി മൂളുന്നു... ഒഴിവാക്കണോ? അതോ അടിചിടണോ? ഈ ഇരിക്കുന്ന പത്ത് നൂറ്റമ്പത് പിള്ളേര്‍ക്ക്‌ ഇടയില്‍ ഇവന്മാര്‍ക്ക്‌ എത്ര ഫ്രണ്ട്സ് കാണും? അവരെന്നെ വെച്ച് തേമ്പിയാലോ? എന്റെ മുന്നിലിരിക്കുന്നവനെ നമ്പാന്‍ പറ്റൂല... എന്നെ ഇവര്‍ക്കിടയില്‍ ഇട്ടിട്ടു എന്നെ നോക്കി ചിരിക്കുന്ന ഇവനെ ഞാന്‍ എങ്ങനെ നമ്പും?? പക്ഷെ മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുമ്പോള്‍ അവരുടെ ധൈര്യവും കൂടുന്നു... പിന്നൊന്നും നോക്കിയില്ല... അപ്പോള്‍ മാറ്റിയ ഒരു സ്ലിടില്‍ ഉള്ള ഒരു ചോദ്യം ഒരുത്തനോടു.... അവന്‍ എണീറ്റു... ഉത്തരമില്ല... അടുത്ത ആള്‍... ഇല്ല ... അങ്ങനെ അഞ്ചു പേരും എണീറ്റു നിന്നു.... ഹോ... എനിക്ക് വന്നൊരു സന്തോഷം... “ബ... ബ... ബ... ബ...” എന്നും പറഞ്ഞു കടുവാ ചാക്കോ ആയാലോ? വേണ്ട.. വെറുതെ വിടാം.... പക്ഷെ എനിക്കൊരു മനസ്സമാധാനം കിട്ടുന്നില്ല... സ്റ്റേജില്‍ അവരുടെ അടുത്തേക്ക് ചെന്ന് അഞ്ചു പേരുടെയും മുഖത്തേക്ക് നോക്കി ഞാന്‍ വിശാലമായോന്നു ചിരിച്ചു... അത് വരെ എന്റെ വെടി കൊണ്ട പോലെ ഉള്ള  മുഖം മാത്രം കണ്ട പിള്ളേര് എന്റെ ചിരി കാണലും കൂടെ ചിരിക്കാന്‍ തുടങ്ങി...

“ഇരിക്ക്”

അഞ്ചു പേരും ഇരുന്നു... പിന്നെ വളരെ മാന്യന്മാര്‍ ആയി സെമിനാര്‍ കേള്‍ക്കാന്‍ തുടങ്ങി... അങ്ങനെ ഉച്ചക്കുള്ള ബ്രേക്ക്‌ ആയി... വളരെ കുറച്ചു ചോറ് കഴിച്ചു ഞാന്‍ വീണ്ടും വായിട്ടലക്കാന്‍ വന്നു... അങ്ങനെ അന്നത്തെ ദിവസം വേറെ പ്രത്യേകിച്ച് വലിയ സംഭവങ്ങള്‍ ഒന്നുമില്ലാതെ കടന്നു പോയി...

രാത്രി ഹോട്ടല്‍ റൂമില്‍ രോഷിത്‌ സുഖമായി കിടന്നുറങ്ങുമ്പോള്‍ ഞാന്‍ അടുത്ത ദിവസത്തേക്കുള്ള കാര്യങ്ങള്‍ ഒക്കെ നോക്കി... ഇത് പേടിക്കാനില്ല കഴിഞ്ഞു പോയ ടോപ്പിക്ക് ആണ് പേടിക്കാന്‍ ഉണ്ടായിരുന്നത്... ഒരു വിധം പിള്ലെര്‍ക്കൊക്കെ അറിയാവുന്ന ടോപ്പിക്ക്... അത് കഴിഞ്ഞു... ഇനി അഡ്വാന്‍സ്ഡ് ആയ കാര്യങ്ങള്‍ ആണ് വലിയ ചോദ്യങ്ങള്‍ ഒക്കെ വരാന്‍ സാധ്യത കുറവാണ്... ഞാന്‍ സമാധാനിച്ചു...


ശരിയായിരുന്നു... വളരെ ശരിയായിരുന്നു.... ചോദ്യങ്ങള്‍ ഒന്നും വന്നില്ല... 

പക്ഷെ ആ ദിവസം എനിക്കൊരു പണി കിട്ടി... നല്ല കോഴി ബിരിയാണിയില്‍...!!!.....!! !! !

ക്ലാസ്സ്‌ ഇങ്ങനെ കത്തി കയറി പോവുന്നു... ഉച്ചക്ക് മുന്നേ തീര്‍ക്കണ്ട സ്ലൈഡ് തീര്‍ക്കാന്‍ ആയി... സമയം ഒരു മണി ആവാന്‍ പോവുന്നു... ഞാന്‍ ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുമ്പോള്‍ ഒരു പയ്യന്‍ രോഷിത്ന്റെ അടുത്ത് വന്നു ചെവിയില്‍ എന്തോ പറഞ്ഞു... എന്നിട്ട് പോയി... അവന്‍ പോവലും ഞാന്‍ രോഷിത്‌ന്‍റെ അടുത്തെത്തി... പുരികമുയര്ത്തി കാര്യം ചോദിച്ചു...

“ഫുഡ്‌ വന്നിട്ടുണ്ട്, കോഴി ബിരിയാണി ആണ്.. വേഗം നിര്‍ത്ത്‌... 
വിശക്കുന്നു”

“ഒരു നാല് സ്ലൈഡ് കൂടെ ഇപ്പൊ നിര്‍ത്താം”

“ഡാ കോഴി ബിരിയാണി തണുത്താല്‍ ഒന്നിനും കൊള്ളൂല വേഗമാവട്ടെ”

അവനെ ഒന്ന് തുറിപ്പിച്ചു നോക്കി കൊണ്ട് ഞാന്‍ വീണ്ടും തുടങ്ങി... പതിനഞ്ചു മിനിറ്റ് കൊണ്ട് എല്ലാം തീര്‍ത്തു... ഇനി ഓണ്‍ലൈന്‍ സര്ട്ടിഫികെഷന്‍സ്‌ പിന്നെ വിന്‍ഡോസ്‌ ടിപ്സ് ആന്‍ഡ്‌ ട്രിക്സ് മാത്രേ ബാക്കി ഉള്ളു... അതൊരു ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് തീരും മൂന്നര നാലുമണിക്ക്‌ ഇറങ്ങാം.. ഞാന്‍ കണക്ക് കൂട്ടി... ബ്രേക്ക്‌ പറഞ്ഞു ഞങ്ങള്‍ കമ്പ്യൂട്ടര്‍ സയന്‍സ് സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു...

ബിരിയാണി പൊതി തുറന്നപ്പോള്‍ ചെറിയൊരു കേടു വന്ന  മണം വരുന്നുണ്ടോ എന്നൊരു സംശയം... രോഷിത്‌നോട് ചോദിച്ചു...

“പോടാ നിനക്ക് വേണ്ടെങ്ങില്‍ ഇങ്ങു തന്നേക്കു ഞാന്‍ കഴിച്ചോളാം...”

അതിനെനിക്ക് മനസ്സ് വന്നില്ല, ഇരുന്നു തൈരും അച്ചാറും ഒക്കെ കൂട്ടി കുഴച്ചടിച്ചു ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു ഞാന്‍ എണീറ്റു...രണ്ടു മണി ആയപ്പോലെക്കും പിള്ളേര്‍ ഒക്കെ റെഡി... സര്ട്ടിഫികെഷന്‍സ്‌ സ്ലൈഡ് ഓപ്പണ്‍ ചെയ്തു ഞാന്‍ തുടങ്ങി... MCP, MCSA, MCSE എത്തി...

അപ്പോള്‍ വയറ്റിനുള്ളില്‍ നിന്നും ഒരു മുരള്‍ച്ച.. കാര്യമാക്കിയില്ല. പക്ഷെ എല്ലാം വളരെ പെട്ടന്നായിരുന്നു... വയറ്റിനുള്ളില്‍ വെടിക്കെട്ട്‌ നടക്കാന്‍ തുടങ്ങി... ഭയങ്കര വേദന... ഈശ്വരാ കോഴി ബിരിയാണി ചതിച്ചു, ഞാന്‍ രോഷിതിനെ നോക്കി... അവന്‍ എന്നെ തന്നെ നോക്കി ഇരിക്കുന്നു... എന്റെ തലയില്‍ നിന്നും വിയര്‍പ്പ് പോടിയാന്‍ തുടങ്ങി... നെറ്റിയും വിയര്‍ത്തു... ഇതിപ്പോ നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ കുഴഞ്ഞു വീഴും... എന്ത് ചെയ്യും? സര്ട്ടിഫികെഷന്‍സ്‌ തീര്‍ക്കാം ടിപ്സ് ആന്‍ഡ്‌ ട്രിക്സ് അവിടെ നിക്കട്ടെ, ഞാന്‍ സ്റ്റേജ് ലൂടെ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തില്‍ നടക്കാന്‍ തുടങ്ങി.. അതും പെട്ടന്ന് നിന്നു. ഇനി നടന്നാല്‍ പ്രശ്നം ആവും... ഒരു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി,

അവനങ്ങെത്തി!!!

പെട്ടന്ന് ഞാന്‍ സ്റ്റോപ്പ്‌ ചെയ്തു...

“നെക്സ്റ്റ് ടോപ്പിക്ക് വിന്‍ഡോസ്‌ ടിപ്സ് ആന്‍ഡ്‌ ട്രിക്സ്... അത് മിസ്റ്റര്‍ രോഷിത്‌ എടുക്കും...”

തലേ ദിവസം ഇതേ ഹാളില്‍ കയറുമ്പോ എന്റെ മുഖം എങ്ങനെ ഇരുന്നോ അത് പോലെ രോഷിതിന്റെ മുഖത്ത് നിന്നും ചോര വറ്റി വറ്റി പോവുന്നത് ഞാന്‍ കണ്ടു... പക്ഷെ രോഷിത്‌ ഒന്നും മിണ്ടാതെ സ്റ്റേജ്ന്‍റെ സ്റെപ്‌ കേറി വന്നു എന്റെ അടുത്തെത്തി... ഞാന്‍ മൈക്ക് ഊരി  താഴേക്ക്‌ പിടിച്ചു... എന്റെ അടുതെതലും രോഷിത്‌ എന്നെ രൂക്ഷമായി നോക്കികൊണ്ട് പതുക്കെ,

“പട്ടി!!!”

“ഡാ... പ്ളീസ്, എനിക്ക് ഇപ്പൊ കക്കൂസില്‍ പോണം... ഇല്ലെങ്കില്‍ പണി കിട്ടും”

അവന്റെ മുഖത്ത് ചിരി പൊട്ടുന്നത്‌ ഞാന്‍ കണ്ടു.. അവന്‍ മൈക് വാങ്ങി. ഞാന്‍ താങ്ക്സ് പറഞ്ഞു കൈ ഉയര്‍ത്തി.... പിള്ളേര്‍ എണീറ്റ്‌ നിന്നു കൈ അടിച്ചു.. ഞാന്‍ മനസ്സില്‍ പറഞ്ഞു... 

“ഒന്ന് നിര്ത്തെന്റെ പിള്ളേരെ, മനുഷ്യന്‍ ഇവിടെ എരിതീയില്‍ ആണ് ഉള്ളത്...”

ഞാന്‍ സ്റെപ്  ഇറങ്ങി... പതുക്കെ നടന്നു... ആരും ഇല്ല എന്ന് ചുറ്റും ഒന്ന് നോക്കി ഉറപ്പു വരുത്തി... ഒറ്റ ഓട്ടം... കക്കൂസില്‍ എത്തിയത് എങ്ങനെ ആണോ? ഡ്രസ്സ്‌ ഊരിയത് എങ്ങനെ ആണോ.... ഇരുന്നത് എങ്ങനെ ആണോ... ഒന്നുമറിയില്ല... ഒക്കെ കഴിഞ്ഞപ്പോലെക്കും കുളത്തില്‍ മുങ്ങി എണീറ്റ പോലെ ആയിരുന്നു ഞാന്‍......., ചുമരും ചാരി കുറെ നേരം നിന്നു...

കഴിഞ്ഞോ ആവോ... ഇല്ല!! വീണ്ടും വയറു മുരണ്ടു.. അപ്പൊ തന്നെ ഇരുന്നു... ഞാന്‍ രോഷിതിനെ കുറിച്ചാണ് ആലോചിച്ചത്... പാവം എന്ത് ചെയ്യുന്നോ ആവോ. അവന്‍ ടോപ്പിക്ക് തീര്‍ക്കുമ്പോളക്കും എനിക്കവിടെ എത്തണം... വീണ്ടും ഒരു പത്ത് മിനിറ്റ് കൂടെ എടുത്തു ഞാന്‍ ഹാളില്‍ എത്താന്‍... അപ്പോള്‍ കാണുന്നത് രോഷിത്‌ ഇങ്ങനെ കത്തി കയറുന്നതാണ്... ഞാന്‍ ഡോര്‍ന്‍റെ അടുത്ത് തന്നെ നിന്നു... 

അപ്പോള്‍ പിന്നില്‍ നിന്നും ഒരു ശബ്ദം...

"അല്ല, സാര്‍ എവിടെയായിരുന്നു? കണ്ടില്ല??"

നോക്കിയപ്പോള്‍ ബിരിയാണി കൊണ്ട് തന്ന വിരുതന്‍..... അവനെ ഞാന്‍ അടിമുടി ഒന്ന്നോ നോക്കി എന്നിട്ട് അവനെ ബോധിപ്പിക്കാന്‍ വേണ്ടി ഒന്ന് ചിരിച്ചു...

"ഒന്നുല്ല മാനെ... ഒന്ന് മുഖം കഴുകാന്‍ പോയതാ..."

എന്നിട് വീണ്ടും രോഷിതിന്റെ ക്ലാസ്സ്‌ ശ്രദ്ധിക്കാന്‍ തുടങ്ങി...

"ഓക്കേ, അല്ല സാറേ വയ്കുന്നേരം ചായക്ക് എന്താ വേണ്ടത്? പഴംപൊരി വരുത്തിക്കട്ടെ??"

ഞാന്‍ അവനെ തിരിഞ്ഞൊന്നു നോക്കി... അത്രക്കും ദയനീയമായ മുഖം പിന്നെ അവന്‍ കാണരുത്.... ഇല്ല, കണ്ടിട്ടുണ്ടാവില്ല!!!