Wednesday, June 30, 2010

ഭീകരരൂപിയായ അമ്മ

"അന്ന് ഞാന്‍ ഒറ്റക്കെ ഉള്ളു. നിങ്ങള്‍ എല്ലാരും കോഴിക്കോട്‌ ആയിരുന്നു... ഗേറ്റ് പൂട്ടി മുന്നിലെ ഗ്രില്‍സ് പൂട്ടി, വാതിലും പൂട്ടി കുളത്തിട്ടു ഞാന്‍ മുകളിലേക്ക് പോയി, റൂമില്‍ കയറി വാതില്‍ ചാരി കിടന്നു... കിടക്കലും പുറത്തുള്ള ഇരുമ്പ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു... തോന്നിയതായിരിക്കും എന്ന് വിചാരിച്ചു... അപ്പോള്‍ ഗ്രില്‍സ് തുറക്കുന്ന ശബ്ദം...ഗേറ്റ് തുറക്കുന്നത് ഓക്കേ... താഴിട്ട്‌ പൂട്ടിയ ഗ്രില്‍സ് തുറക്കുന്നത് എങ്ങനെ? ഞാന്‍ എണീക്കാന്‍ നോക്കി. പറ്റുന്നില്ല, കിടക്കയില്‍ നിന്നും അനങ്ങാന്‍ പറ്റുന്നില്ല... അപ്പോള്‍ മുന്നിലെ വാതിലിന്റെ ഓടാമ്പല്‍ തുറക്കുന്ന ശബ്ദം... ഞാന്‍ ചെവിയോര്‍ത്തു കിടന്നു... ഒരു നിമിഷം കഴിഞ്ഞപ്പോള്‍ മരത്തിന്റെ ഗോവണി കയറുന്ന ശബ്ദം... ഞാന്‍ കണ്ണ് തുറന്നു കിടന്നു... എനിക്ക് എന്‍റെ ശരീരം അനക്കാന്‍ പോലും പറ്റുന്നില്ല... ഇനി ഉറക്കത്തില്‍ കാണുകയാണോ എന്ന് വിചാരിച്ചാല്‍ ഞാന്‍ ഉറങ്ങിയിട്ടില്ല... കിടന്നതെ ഉള്ളൂ.അപ്പോളേക്കും മുന്നിലെ വാതില്‍ മലര്‍ക്കെ തുറന്നു...
ഒരു വെളുത്ത സാരി ഒക്കെ ഉടുത്ത്, മുടി ഒക്കെ അഴിച്ചിട്ട് ഒരു രൂപം... വാതില്‍ക്കല്‍ നിന്നും കണ്ണടച്ച് തുറക്കുമ്പോള്‍ ഉണ്ട് കട്ടിലിന്റെ അടുത്ത് എന്‍റെ കാല്‍ക്കല്‍... മുഖം കാണുന്നില്ല... ഞാന്‍ സൂക്ഷിച്ചു നോക്കിക്കൊണ്ട് അനങ്ങാതെ കിടന്നു അപ്പോള്‍ എന്‍റെ കാല്‍ക്കല്‍ നിന്നും എന്‍റെ അടുത്തേക്ക് ആ രൂപം ഒഴുകി വന്നു...എന്‍റെ തൊട്ടു മുന്നില്‍ കുറച്ചു നേരം നിന്ന് തിരിഞ്ഞു, ചുമരിലേക്ക് പോയി അവിടുന്ന് അപ്രത്യക്ഷ ആയി...

ഉടനെ ഞാന്‍ എണീറ്റ് നോക്കി. മുന്നിലെ വാതില്‍ അടച്ച സ്ഥിതിയില്‍. തുറന്നു ഞാന്‍ താഴെ ഇറങ്ങി ഗേറ്റ് വരെ പോയി നോക്കി. എല്ലാം ഞാന്‍ അടച്ച സ്ഥിതിയില്‍ തന്നെ".
  
“പോയി കിടന്നാട്ടെ, മതി കഥയൊക്കെ പറഞ്ഞത്‌... സമയം 11 മണി കഴിഞ്ഞു, കുട്ടാ നിനക്ക് നാളെ കോളേജില്‍ പോണ്ടേ?”

അമ്മ ഇടപെട്ടു... അതോടെ അച്ഛന്‍ കഥയും നിര്‍ത്തി.

അങ്ങനെ ഈ കഥയൊക്കെ കേട്ട് ഉറങ്ങാന്‍ കിടക്കലും കറന്റ് പോയി. നല്ല ചൂട് കാലം... ഒരു പുല്ലുപായ എടുത്ത് ഞാന്‍ ഓഫീസ് റൂമില്‍ പോയി വിരിച്ചു കിടന്നു...ചുറ്റും  കുറ്റാ കൂരിരുട്ടു... പുറത്ത്‌ ചീവീടിന്റെ ശബ്ദം... വീട്ടില്‍ എല്ലാരും ഉറക്കവും തുടങ്ങി... എനിക്കാണെങ്കില്‍ ഈ കഥയൊക്കെ കേട്ടിട്ട് ഉറക്കവും ഇല്ല... പുറത്തു നോക്കിയപ്പോള്‍ അപ്പുറത്തെ പറമ്പിലെ പുളിമരം കാണാം... ഞാന്‍ അതിനെ ഒരു പാലമരം ആയി സങ്കല്‍പ്പിച്ചു നോക്കി... അതിന്റെ മുകളില്‍ ഒരു വെള്ള സാരി അനങ്ങുന്നുണ്ടോ???

“ഫാ തെണ്ടീ... നിനക്കൊന്നും ഒരു പണിയും ഇല്ലേ? കിടന്നുറങ്ങാന്‍ നോക്കടാ”

ഞാന്‍ എന്നെ തന്നെ തെറി വിളിച്ചു... എന്നിട്ട് ഒരു ദീര്‍ഖനിശ്വാസം വിട്ടു കണ്ണടച്ച് കിടന്നു...

അപ്പോള്‍ അച്ഛന്‍ ഒരു മെഴുകുതിരി വെറും നിലത്ത കത്തിച്ചു വെച്ചു... അതിന്‍റെ ഒരു അരണ്ട വെളിച്ചം ഓഫീസ് റൂമിലും അടിക്കുന്നു. ഒരു വെളിച്ചം കണ്ടല്ലോ... സമാധാനം. വീണ്ടും എന്‍റെ മനസ്സിലേക്ക് ആ വെള്ള സാരി ഉടുത്ത രൂപം കടന്നു വന്നു...അവര്‍ എന്തിനായിരിക്കും വന്നത്? ഇപ്പൊ ഈ റൂമില്‍ അവര്‍ വന്നാല്‍ ഞാന്‍ എന്ത് ചെയ്യും?? അച്ഛനെ പോലെ ധൈര്യത്തോടെ എനിക്ക് നേരിടാന്‍ പറ്റുമോ?? അപ്പോളും ഞാന്‍ കണ്ണടച്ച് കിടക്കുകയാണ്... ഒരാവശ്യവും ഇല്ലാതെ ഞാന്‍ ഒന്ന് കണ്ണ് തുറന്നു നോക്കി...

ഒരു വെളുത്ത രൂപം ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു വരുന്നു... മുടി ഒക്കെ അഴിച്ചിട്ട്... ഒരു രണ്ടു നിമിഷം എടുത്തു എനിക്ക് കാര്യത്തിന്റെ ഗൌരവം മനസ്സിലാവാന്‍, ഉള്ള ധൈര്യം ഒക്കെ എന്‍റെ തോണ്ടയിലെക്ക് ഞാന്‍ ആവാഹിച്ചു... എന്നിട്ട്,

“അയ്യോ... അമ്മേ... അമ്മേ...”

ഞാന്‍ ഉറക്കെ നിലവിളിച്ചു...

അപ്പോള്‍ ആ രൂപം എന്‍റെ നേരെ വേഗതയോടെ വന്നു... അതോടെ എന്‍റെ കരച്ചിലിന്റെ ശബ്ദം ഒന്നു കൂടെ കൂടി.

“അമ്മെ.. അമ്മേ...”

അപ്പോളേക്കും ആ രൂപം എന്‍റെ തൊട്ടടുത്തെത്തി... ഞാന്‍ കണ്ണ് രണ്ടും ഇറുക്കി അടച്ചു...

“എന്താ കുട്ടാ?”

“ഏ... ഇതാരാ?”

ഞാന്‍ പതുക്കെ കണ്ണ് തുറന്നു... നോക്കുമ്പോള്‍ അമ്മ എന്‍റെ മുന്നില്‍...

“എന്താ? സ്വപ്നം വല്ലതും കണ്ടോ?”

“ആ”

ഞാന്‍ തിരിഞ്ഞു കിടന്നു...

കാര്യം ഇതായിരുന്നു... ബെഡ് റൂമില്‍ ചൂട് കൂടിയപ്പോ പാവം അമ്മ ഓഫീസ് റൂമില്‍ എന്‍റെ കൂടെ കിടക്കാന്‍ വന്നതായിരുന്നു... അമ്മ നടന്നു വരുന്നതിന്‍റെ പിള്ളില്‍ ഉള്ള മെഴുകുതിരിയുടെ വെളിച്ചം ആണ് അമ്മയുടെ അഴിച്ചിട്ട മുടിക്കുള്ളിലൂടെ ഭീകര അന്തരീക്ഷം ഒക്കെ സൃഷ്ടിച്ചത്...

എന്നാലും ഒരു കാര്യത്തില്‍ എനിക്ക് അഭിമാനിക്കാം...

സ്വന്തം അമ്മയെ കണ്ടു പേടിച്ച ആദ്യത്തെയും അവസാനത്തെയും മകന്‍ ഒരു പക്ഷെ ഞാന്‍ ആയിരിക്കും!!!

Tuesday, June 29, 2010

തമ്പുവിന്റെ ശനിദശ

നാളെ മുതല്‍ ജിമ്മിനു പോവാന്‍ ആരൊക്കെ ഉണ്ട്?

അതു എന്നെ ബാധിക്കുന്ന കാര്യമല്ല, കേള്‍ക്കാത്തത് പോലെ ഞാന്‍ തിരിഞ്ഞു കിടന്നു...

"ഞാന്‍ റെഡി"

"ഞാനും"

"എന്നാ ഞാനും ഉണ്ട്"

കണ്ണടച്ച് കിടന്ന ഞാന്‍ വിചാരിച്ചു... ഹൃതിക് രോഷന്മാരെ മുട്ടിയിട്ടു ഈ റൂമില്‍ കൂടെ നടക്കാന്‍ പറ്റൂലെ?

"ഡാ നീ വരുന്നോ?"

ഞാന്‍ തിരിഞ്ഞു നോക്കി... ആര്‍ത്തു ചിരിക്കാനാ തോന്നിയത്... ചോദ്യം ചോദിച്ച ആള്‍ തമ്പന്‍!!! ഉത്തരം പറഞ്ഞ മൂന്ന് പേര്‍ വിജോയ് സാര്‍, ഷിനോജ് സാര്‍, ശ്രീജിത്ത്‌ സാര്‍!!! കൃഷ്ണന്‍ കുട്ടി നായരോക്കെ ഇവരുടെ മുന്നില്‍ Arnold Schwarzenegger ആണ്.

“ഞാന്‍ ഇല്ല”

അങ്ങനെ ഇവര്‍ എല്ലാരും കൂടെ പോയി... രണ്ടു ദിവസം കഴിഞ്ഞപ്പോ ഒരാള്‍ കിടപ്പിലായി, തമ്പു!!

എന്തോ വെയ്റ്റ്‌ എടുത്ത് പോക്കിയതാണ്... കഴുത്ത് ഉളുക്കി... ഡാ തമ്പാ എന്ന് പിന്നില്‍ നിന്നോ സൈഡില്‍ നിന്നോ വിളിച്ചാല്‍ തീര്‍ന്നു... മുഴുവനായി തിരിഞാലെ കാര്യം നടക്കൂ... രണ്ടു ദിവസം വീട്ടില്‍ അനങ്ങാതെ കിടന്നു... അതോടെ തമ്പു പട്ടിണി ആയി... പട്ടിണി മാറ്റാന്‍ വേണ്ടി തമ്പു കണ്ടു പിടിച്ച വഴി ഭയങ്കരം ആയിരുന്നു...
ക്ഷീണിച്ചു അവശനായി പുറത്തു വരാന്തയില്‍ പോയിരിക്കും... അപ്പൊ അടുത്ത വീട്ടിലെ ചേച്ചിമാര്‍ കാര്യം തിരക്കും... ഉളുക്കിയ കഥ പറയും... ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കും... സങ്കടത്തോടെ പറയും... ഇല്ല!!! പിന്നല്ലേ പൂരം... ഒരു വീട്ടില്‍ നിന്നും ചോറ്, പരിപ്പ് കറി, മീന്‍ പൊരിച്ചത്... അടുത്ത വീട്ടില്‍ നിന്നും കട്ട്ലറ്റ്, സമൂസ... അങ്ങനെ തൊണ്ടയാട് ഏരിയ മൊത്തം അറിഞ്ഞു തമ്ബന്റെ കഴുത് ഉളുക്കിയത്...

മൂന്നാം ദിവസം തമ്പു ഓഫീസില്‍ ഹാജര്‍... കഴുത്ത വേദന മാറിയിട്ടില്ല അത് പോലെ തന്നെ ഉണ്ട്... കാരണം ചോദിച്ചപ്പോ വേറൊന്നും അല്ല... വഴിയിലൂടെ സ്കൂള്‍ വിട്ടു പോവുന്ന പൊടി പിള്ളേര്‍ വരെ ഒരു ഒരു പേരിട്ടു വിളി തുടങ്ങി...

“പെടലീ...”

അങ്ങനെ തമ്ബുവിന്റെ നിരന്തരമായ പ്രാര്‍ത്ഥന കൊണ്ടും മരുന്ന് കൊണ്ടും പിടലി ഒരു വിധം നേരെ ആയി... പൂര്‍വാധികം പ്രസരിപ്പോടെ ഓഫീസില്‍ എന്തിയ തമ്ബുവിന്റെ സന്തോഷം അന്ന് വയ്കുന്നേരം വരയെ നീണ്ടുള്ളൂ...

ഒരു ബുക്ക്‌ എടുക്കാന്‍ തിരിച്ചു റൂമില്‍ വരുന്ന വഴി തൊണ്ടയാട് ഇറക്കം ഇറങ്ങുമ്പോള്‍ അടുത്ത വീട്ടിലെ ചേച്ചി തമ്ബുവിനെ നോക്കിയൊന്നു ചിരിച്ചു... ബൈക്ക് ഒന്ന് മൂളിച്ചതെ തമ്പുവിനു ഓര്‍മയുള്ളൂ... ഇറക്കം ആണെന കാര്യം മറന്നു പോയി... ബൈക്കിന്റെ സൈലെന്‍സര്‍ കാലില്‍! രാത്രി ഞങ്ങള്‍ വരുമ്പോള്‍ കാലില്‍ പ്ലസ്റെര്‍ ഇട്ടു കിടക്കുന്നു തമ്പു... ഒരാഴ്ച എടുത്തു തമ്ബുവിനു ഓഫീസ് പിടിക്കാന്‍...

കൃത്യം മൂന്നു ദിവസം കഴിഞ്ഞു ഞങ്ങള്‍ റൂമില്‍ വരുമ്പോള്‍ കാണുന്നത് ഒരു കണ്ണ് മൊത്തം പ്ലസ്റെര്‍ ഇട്ടു കിടക്കുന്നു തമ്പു... ഒരു "സിഡി" വര്‍ക്ക്‌ ചെയ്യാത്തതിന്റെ ദേഷ്യത്തില്‍ രണ്ടു കഷ്ണം ആക്കാന്‍ നോക്കിയതാണ്... ഒരു കഷ്ണം കയ്യില്‍ ഇരുന്നു മറ്റേ കഷ്ണം കണ്ണില്‍!

അതൊന് ശരിയായി കിട്ടാന്‍ രണ്ടാഴ്ച... അങ്ങനെ തമ്പാന്‍ ഭയങ്കര സൂക്ഷിചായി നടപ്പ്... അടുത്ത അപകടം എന്നാണു എന്ന് നോക്കിക്കൊണ്ട് ഞങ്ങളും... അവസാനം ഒരു ദിവസം രാവിലെ എണീക്കാന്‍ നോക്കിയാ തമ്ബുവിനു നടുവേദന... വെറുതെ ഒരു നടുവെദന...

ജീവിതമേ വിട എന്നാ ഒരു അവസ്ഥയില്‍ ആയി തമ്പു... അങ്ങനെ ഒരു ശനിയാഴ്ചയിലെ പാര്‍ട്ടി കഴിഞ്ഞു എല്ലാരും കിടത്തം ആയി... തമ്പാന് ഉറക്കം ഇല്ല... ആകപ്പാടെ “സര്‍വം സൂന്യം”

ഉറക്കത്തിന്റെ ഇടയില്‍ ഞാന്‍ ഒന്ന് ഞെട്ടി.. എണീറ്റ് നോക്കുമ്പോള്‍ എന്റെ വലതു വശത്ത ശ്രീജിത്ത്‌ സാര്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുന്നു... ഇടതു ഭാഗത്ത്‌ കിടന്ന തമ്ബുവിനെ കാണുന്നില്ല... ഈശ്വരാ ഇനി പോയി ആത്മഹത്യ ചെയ്തോ? ഞാന്‍ ആദ്യം അടുക്കളയില്‍ നിന്നും കിണര്‍ ഭാഗത്തേക്ക്‌ പോവുന്ന വാതില്‍ നോക്കി... ഭാഗ്യം, അടച്ചിട്ടുണ്ട്... പിന്നെ ഈ മൊതല്‍ എവിടെ പോയി? പെട്ടന്ന് വരാന്തയില്‍ നിന്നും ഒരു കുശു കുശുക്കല്‍...

ഞാന്‍ ഹാളിലേക്ക്‌ കടന്നു, മൊത്തം ഇരുട്ട്... പെട്ടന്ന് കണ്ടു വഴിയില്‍ ഒരു വെളുത്ത സാധനം... സൂക്ഷിച്ചു നോക്കിയപ്പോള്‍ ചെയര്‍... അതിന്റെ മുകളില്‍ ഒരു സ്റീല്‍ ഗ്ലാസ്‌... ഓഹ്ഹോ തട്ടി മറിഞ്ഞു വീഴുമ്പോള്‍ ഒച്ച കേള്‍ക്കാനാ... ഞാന്‍ പതുക്കെ അത് ചാടി കടന്നു... മെല്ലെ മുന്‍വാതില്‍ ലക്ഷ്യമാകി നടന്നു... ചാരി വെച്ച വാതില്‍ പതുക്കെ തുറന്നു... വരാന്തയില്‍ അരമതിലില്‍ കാലു കേറ്റി വെച്ച് ഇരിക്കുന്നു തമ്പു... ചെവിയില്‍ മൊബൈല്‍...

“ഇല്ല.. ഇത് വരെ മാറിയിട്ടില്ല... ഭയങ്കര വേദന”

“_________________________________”

“എങ്ങനെ മാറും?”

“_________________________________”

“പറാ”

“_________________________________”

“എന്റെ പൊന്നല്ലേ?... പറാ...”

“_________________________________”

“എന്ത് എണ്ണയാ”

“_________________________________”

“എനിക്ക് ഉഴിഞ്ഞു തരുമോ??”

“_________________________________”

“വേണ്ട, നിന്റെ അച്ഛന്‍ ഉഴിഞ്ഞാല്‍ ശരിയാവൂല... നീ തന്നെ ഉഴിഞ്ഞു തന്നാല്‍ മതി”

ഇതിനിയും തുടര്‍ന്നാല്‍ A Certificate കൊടുക്കേണ്ടി വരും എന്ന് മനസ്സിലായ ഞാന്‍ ഒന്ന് ചുമച്ചു. മൊബൈല്‍ ഓഫ്‌ ആക്കി കൊണ്ട് ചാടി എണീറ്റ തമ്പു,

“അയ്യോ എന്റെ നടൂ... എന്താടാ?”

ചുമരില്‍ ചാരി നിന്ന് കയ്യും കെട്ടി രണ്ടു ചുമലും കുലുക്കി ചിരിച്ചു കൊണ്ട് ഞാന്‍ തലയാട്ടി!!!

“ഇതെങ്ങാനും പുറത്തറിഞ്ഞാല്‍, കേട്ടോ... നീ ശവം!!! മനസ്സിലായോടാ?”

70 MM ഇല്‍ വിശാലമായി ചിരിച്ചു കൊണ്ടിരുന്ന എന്റെ ചിരി മാഞ്ഞു... തമ്പു എന്റെ അടുത്തേക്ക്‌ വന്നു...

“എന്നോട് സഹകരിച്ചാല്‍ നിനക്കും സുഖിക്കാം എനിക്കും സുഖിക്കാം... ഇല്ലെങ്കില്‍ ഞാന്‍ സുഖിക്കും... നീ അനുഭവിക്കും!!! കേട്ടോടാ??

ഞാന്‍ അരമതിലില്‍ പോയി താടിക്ക് കയ്യും കൊടുത്തിരുന്നു... എന്താ ആ പറഞ്ഞതിന്റെ അര്‍ഥം???

Sunday, June 27, 2010

തീസ് കാ തീസ്

മോഹന്‍ലാലിന്റെയും കമലഹാസന്റെയും തമിള്‍ പടം, ഉന്നൈപോല്‍ ഒരുവന്‍ ഇറങ്ങിയ സമയം... ചേട്ടനും ചേച്ചിക്കും എനിക്കും വേണ്ടി ടിക്കറ്റ്‌ റിസേര്‍വ് ചെയ്യാന്‍ വേണ്ടി ഹയാതില്‍ പോയി... രണ്ടു തിയെറ്റ്‌ര്‍ ഉണ്ട്, രണ്ടു പടം കളിക്കുന്നു... ഒരു ______ & ______ കുടുംബം ... പിന്നെ ഉന്നൈ പോല്‍ ഒരുവന്‍...
“ചേട്ടാ ഇന്ന് രാത്രി ഏഴു മണിക്കുള്ള ഷോയ്ക്ക് മൂന്നു ടിക്കറ്റ്‌”
അപ്പോളേക്കും ചേട്ടന്‍ കമ്പ്യൂട്ടര്‍ സ്ക്രീന്‍ തിരിച്ചിട്ട് സീറ്റ്‌ കാണിച്ചു തന്നു... നോക്കുമ്പോള്‍ ബാക്കില്‍ ഒക്കെ സീറ്റ്‌ കാലി...
“ഏറ്റവും ബാക്കില്‍ നടുവിലായി മൂന്നു ടിക്കറ്റ്‌”
അപ്പൊ തന്നെ അത് ബുക്ക്‌ ചെയ്തു ടിക്കറ്റ്‌ പ്രിന്റ്‌ ചെയ്തു തന്നു... തൊണ്ണൂറു ദിര്‍ഹം കൊടുത്ത് ടിക്കറ്റ്‌ വാങ്ങി നോക്കിയ ഞാന്‍ തളര്‍ന്നു പോയി...
ഒരു ______ & ______ കുടുംബം!!!
“അയ്യോ ചേട്ടാ എനിക്ക് ഉന്നൈപോല്‍ ഒരുവന്‍ ടിക്കറ്റ്‌ ആണ് വേണ്ടത്‌”
“അത് ഏഴരക്ക് ആണ്, നിങ്ങള്‍ എഴു മണിക്കുള്ള ഷോയ്ക്കുള്ള ടിക്കറ്റ്‌ അല്ലെ ചോദിച്ചത്?”
“എന്നാ ഇത് ക്യാന്‍സല്‍ ചെയ്തു എനിക്ക് ഉന്നൈപോല്‍ ഒരുവന്‍ ടിക്കറ്റ്‌ താ”
“ക്യാന്‍സല്‍ ചെയ്യാന്‍ ഒന്നും പറ്റൂല, അതില്‍ എഴുതിയത് വായിച് നോക്ക്... പിന്നെ ആ പടം ഹൌസ്ഫുള്‍ ആണ്”
“നോട്ട് റീഫണ്ടബിള്‍!”
“എന്നാ ഇത് ഞാന്‍ ആര്‍ക്കെങ്കിലും കൊടുത്തോട്ടെ? മറിച്ചു വിറ്റൊട്ടെ?”
“അതില്‍ എഴുത്യത്‌ മുഴുവന്‍ വായിച്ചു നോക്ക്”
“നോട്ട് ട്രാന്സ്ഫെറബിള്‍”  
എന്തായാലും തൊണ്ണൂറു ദിര്‍ഹം ഞാന്‍ കളയാന്‍ ഒന്നും പോണില്ല... പക്ഷെ ഒരു ______ & ______ കുടുംബം കാണുന്നതിലും നല്ലത് പോയി വല്ല വിഷം കുടിച് തൂങ്ങി മരിക്കുന്നതാ... ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു...
“എന്നെ നീ പ്രതീക്ഷിക്കണ്ട, ഒറ്റയ്ക്ക് പോയിരുന്നു കണ്ടോ”
എന്റെ ഉള്ളിലെ മലയാളി ഉണര്‍ന്നു... തിയെറ്റ്‌ര്‍ന്റെ ഉള്ളില്‍ നിന്ന് വിറ്റാലല്ലേ പ്രശ്നം ഉള്ളു? പുറത്തു നിന്ന് വില്‍ക്കാം... അങ്ങനെ ഷോ തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്നേ ഞാനും ചേട്ടനും കൂടെ ഹയാതില്‍ എത്തി.
അടുത്ത് കൂടെ പോയ ഒരു മലയാളി കുടുംബത്തോട് നാണമില്ലാതെ ഞാന്‍ സ്വകാര്യം ചോദിച്ചു...
“ടിക്കറ്റ്‌ വേണോ?”
എന്നെ അടി മുതല്‍ മുടി വരെ നോക്കിയിട്ട് പുച്ഛത്തോടെ കുടുംബനാഥന്‍ മൊഴിഞ്ഞു...
“ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്”
ആ നോട്ടത്തില്‍ മനസ്സില്‍ പറഞ്ഞത്‌ ഞാന്‍ അങ്ങേരുടെ മുഖത്ത്‌ വായിച്ചു...
“പോയി വല്ല പണിയും എടുത്ത് ജീവിക്കെടാ... മലയാളികളെ പറയിപ്പിക്കാന്‍!!”
അങ്ങനെ എന്റെ മാനം വിറ്റ്‌ ആയാലും വേണ്ടില്ല, ഞാന്‍ ഈ ടിക്കറ്റ്‌ വിറ്റേ അടങ്ങൂ എന്ന് ഉറപ്പിച്ചു... ആകെ മുങ്ങിയാല്‍ കുളിരില്ല എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ...  പിന്നെ മുന്നും പിന്നും നോക്കാതെ മലയാളികളെ തേടിപിടിച്ചു ഞാന്‍ ചോദിക്കാന്‍ തുടങ്ങി... അപ്പൊ ഒരുത്തന്‍ ഓടി വന്നിട്,
“ടിക്കറ്റ്‌ ഉണ്ടോ ചേട്ടാ”
“ആ... മൂന്നെണ്ണം ഉണ്ട്, മതിയാവുമോ?”
“എത്രയാ?”
“തൊണ്ണൂറു തന്നാല്‍ മതി”
അവനു വിശ്വസിക്കാനായില്ല, ഈ കലികാലത്തില് ഇത്രക്കും നല്ല മനുഷ്യരോ? ടിക്കറ്റ്‌ വാങ്ങി നോക്കിയിട്ട് അവന്‍,
“അയ്യേ, ഒരു ______ & ______ കുടുംബം... ഉന്നൈപ്പോല്‍ ഒരുവന്‍ ഇല്ലേ?”
ജയസൂര്യക്ക് നാഷണല്‍ അവാര്‍ഡ്‌ ഒക്കെ കിട്ടാന്‍ ചാന്‍സ് ഉള്ള പടമാണ് എന്നൊക്കെ പറഞ്ഞു നോക്കി, എവടുന്നു? അവന്‍ അവന്റെ പാട്ടിനു പോയി...
അപ്പൊ വേറൊരുത്തന്‍ എന്നോട്,
“ചേട്ടാ ടിക്കറ്റ്‌ വേണോ?”
“ഏതാ പടം?”
“ഒരു ______ & ______ കുടുംബം ... ഒരു ടിക്കെറെ ഉള്ളു...”
“എന്റെ അടുത്ത് മൂന്നെണ്ണം ഉണ്ട്, എന്താ വേണോ?”
അവന്‍ എന്നെ രൂക്ഷമായി നോക്കിയിട്ട് പോയി... എനിക്ക് സന്തോഷമായി... ഞാന്‍ മാത്രമല്ല, വേറെയും ആള്‍ക്കാര്‍ ഉണ്ട്... കമ്പനിക്ക്‌...
അങ്ങനെ ഏഴുമണി ആവാനായി...  അപ്പൊ ഇതേ മച്ചാന്‍ വീണ്ടും എന്റെ അടുത്ത് വന്നു അവന്റെ ബാലന്‍സ്‌ ഉള്ള ടിക്കറ്റ്‌ എനിക്ക് തന്നു...
“നിങ്ങള്‍ പറ്റുകയാണെങ്കില്‍ ഇതും കൂടെ വിറ്റോ... ഞാന്‍ ഏതായാലും പടം കാണാന്‍ പോവാണ്ണ്‍”
അതും പറഞ്ഞു അവന്‍ തൂക്കുമരത്തിലേക്ക്‌ പോവുന്നത് പോലെ പോയി... മൂന്നു ടിക്കറ്റ്‌ വില്‍ക്കാന്‍ നടന്ന എന്റെ കയ്യില്‍ ഇപ്പൊ നാല് ടിക്കറ്റ്‌... പടം തുടങ്ങാനായി... ആകെ പ്രതീക്ഷ നഷ്ടപ്പെട്ട് ഞാന്‍ പുറത്ത്‌ നില്‍ക്കുമ്പോള്‍ നാല് പേര്‍ ഓടി വരുന്നു... പുറത്ത്‌ നില്‍ക്കുന്ന എന്നെ കണ്ടിട്ട് ചോദിച്ചു,
“ടിക്കറ്റ്‌ തീര്‍ന്നോ?”
“ഉന്നൈപ്പോല്‍ ഒരുവന്‍ ഹൌസ്ഫുള്‍ ആണ്... ഒരു ______ & ______ കുടുംബം  ടിക്കറ്റ്‌ ഉണ്ട്, വേണോ?”
പ്രതീക്ഷ ഇല്ലാതെ ആണ് ഞാന്‍ ചോദിച്ചത്... എനിക്ക് പറ്റിയ അബദ്ധവും ഞാന്‍ പറഞ്ഞു... എന്നെ അല്ഭുതപ്പെടുതിക്കൊണ്ട് അതിലോരുതന്‍ പറഞ്ഞു...
“ഇങ്ങു തന്നെക്ക്, ഞങ്ങള്‍ക്ക്‌ ഏതെന്കിലും ഒരു പടം കണ്ടാല്‍ മതി”
ടിക്കറ്റ്‌ വാങ്ങി, എനിക്ക് നൂറ്റി ഇരുപതു ദിര്‍ഹം തന്നു... സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി!!! J നേരെ കൌണ്ടര്‍ പോയി അടുത്ത ദിവസത്തേക്ക്‌ ഉന്നൈപ്പോല്‍ ഒരുവന്‍ മൂന്നു ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു... നേരെ ചേട്ടന്റെ അടുത്തേക്ക്‌ ഓടി വന്നു മൂന്നു ടിക്കറ്റ്‌ കൊടുത്തു...
“ഇന്നാ പിടി ഉന്നൈപ്പോല്‍ ഒരുവന്‍ മൂന്നു ടിക്കറ്റ്‌... ബാലന്‍സ് മുപ്പത്‌ ദിര്‍ഹം”
“ഏ... ഇതെങ്ങനെ?”
“അതോ? ഞാന്‍ എന്നെപ്പോല്‍ ഒരുവനെ കണ്ടു!!!”

Saturday, June 26, 2010

അബുദാബി യാത്ര

മൈക്രോസോഫ്ട്‌ സെമിനാര്‍ അറ്റന്‍ഡ് ചെയ്യാന്‍ പോയതായിരുന്നു ഞാന്‍... ദുബായ് മദീനത് ജുമേര ഹോട്ടല്‍ഇല്‍ വെച്ചായിരുന്നു സെമിനാര്‍... വിന്‍ഡോസ്‌ സെര്‍വര്‍ 2008 കുറിച്ച് ഘോര ഘോരം പ്രസങ്ങിക്കുന്നു ഒരു കോട്ടിട്ട മാന്യന്‍... കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കൊരു കാള്‍ വന്നു ഓഫീസ്ഇല്‍ നിന്നും. ഉടനെ അബുദാബി പോണം... ക്ലയന്റ് വന്നു പിക്ക് ചെയ്യും... നാശം... കുറച്ചു നേരം ഇരുന്നു ഉറങ്ങാം എന്ന് വെച്ചാ അതിനും സമ്മതിക്കൂല...

കൃത്യം മുപ്പത് മിനിറ്റ് കഴിഞ്ഞപ്പോള്‍ എനിക്ക് കാള്‍ വന്നു... ഒരു സ്ത്രീ ശബ്ദം... ഹോട്ടലിന്റെ പുറത്ത് വെയിറ്റ് ചെയ്യുന്നു... വേഗം വരാന്‍... ഓ... അതാണല്ലേ കാര്യം... ച്യാച്ചി ആണ് ക്ലയന്റ്... എന്നാ പോയ്ക്കളയാം... ഞാന്‍ പുറത്തെത്തിയപ്പോള്‍ ഒരു മിത്സുബിഷി ലാന്‍സെര്‍ കിടക്കുന്നു... അതിനകത് ഒരു അതിസുന്ദരി ആയ ഒരു ഇറാനി പെണ്‍കുട്ടി... ഇതാണോ ക്ലയന്റ്???

കാറില്‍ കയറി സീറ്റ്‌ ബെല്‍റ്റ്‌ ഇട്ട ഉടനെ ചോദ്യം വന്നു, ഭക്ഷണം കഴിച്ചതാണോ? കഴിച്ചു എന്ന് പറഞ്ഞപ്പോ, ഞാന്‍ കഴിച്ചിട്ടില്ല, പോവുന്ന വഴിക്ക് വാങ്ങാം എന്നും പറഞ്ഞു കാര്‍ വിട്ടു... അടുത്തുള്ള ചില്ലീസ്ല്‍ നിര്‍ത്തി ഒരു നാല് പേര്‍ക്ക് കഴിക്കാന്‍ ഉള്ള ഭക്ഷണം ആയി മൂപ്പത്തി വന്നു... എന്നെ കൊണ്ട് കുറെ തീറ്റിച്ചു... കാര്‍ ഓടിക്കുന്നതിന്റെ ഇടയില്‍ മൂപ്പതിയും തിന്നുന്നു... അങ്ങനെ കരാര്‍ എടുത്ത് ഞങ്ങള്‍ രണ്ടു പേരും കൂടെ അതു മൊത്തം തിന്നു... ഇനി ബാക്കി ഫ്രഞ്ച് ഫ്രൈയും പെപ്സിയും മാത്രം...

ദുബായ് ശേഇഖ് സയെദ് റോഡ്‌ സ്പീഡ് ലിമിറ്റ് 120 KM /Hr... അതു 135 പോയാലും ക്യാമറ ഫ്ലാഷ് ചെയ്യില്ല എന്നും പറഞ്ഞു മൂപ്പത്തി ആഞ്ഞൊരു ചവിട്ടു. ഞാന്‍ നോക്കുമ്പോള്‍ സ്പീഡോമീറ്ററില്‍ സൂചി 135 !! മര്യാദക്ക് ഓടിക്കുകയാണെങ്കില്‍ 135 ഒന്നും ഒരു സ്പീഡ് അല്ല... പക്ഷെ ഇത് അതല്ലല്ലോ... വായുഗുളിക വാങ്ങാന്‍ അല്ലെ പോക്ക്... ആ കാറിനു ഒരു ഹനുമാന്‍ ഗീര്‍ന്റെ കുറവ് കൂടെയേ ഉണ്ടായിരുന്നു... കാര്‍ 135 എത്തിയപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി ഇവള്‍ക്ക് ആ കാറിന്റെ മേല്‍ വലിയ കണ്ട്രോള്‍ ഒന്നും ഇല്ല... ഞാന്‍ ഒരു കൊട്ട ഉമിനീര്‍ ഇറക്കി... മിണ്ടാതിരുന്നു... അതവിടെ ഇരുന്നു എന്തൊക്കെയോ പറയുന്നു... കാര്‍ ആണെങ്കില്‍ തോട്ടിലൂടെ ചേര പോവുന്നത് പോലെ പോവുന്നു, ഞാന്‍ ആണെങ്കില്‍ റോഡിലും ബാക്കിലും തിരിഞ്ഞു നോക്കികൊണ്ടിരിക്കുന്നു... അങ്ങനെ ദുബായ് ബോര്ടെര്‍ എത്തി... ഇനിയെങ്കിലും സ്പീഡ് കുറച്ചാല്‍ മതിയായിരുന്നു....

അബുധാബി സ്പീഡ് ലിമിറ്റ് എത്രയ എന്നറിയോ? 160 KM /Hr എന്‍റെ ഉള്ളൊന്നു കാളി... എനിക്കിവിടത്തെ ക്യാമറ ഒക്കെ അറിയാം എന്നും പറഞ്ഞു ഒന്ന് കൂടെ ചവിട്ടു... ഞാന്‍ പതുക്കെ ഏന്തി നോക്കി... സ്പീഡോമീറ്ററില്‍ സൂചി 220 !!

"അര്‍ജുനന്‍... ഫല്‍ഗുനന്‍... പാര്‍ഥന്‍... കിരീടിയും..."

കണ്ണടച്ച് ഞാന്‍ പ്രാര്‍ത്ഥന തുടങ്ങി...

അപ്പൊ അടുത്ത ചോദ്യം, സിഗരറ്റ് വലിക്കുമോ? പോടീ അവിടുന്ന്... മനുഷ്യന്‍ ഇവിടെ ജീവന്‍ കയ്യില്‍ പിടിച്ചു ഇരിക്കുമ്പോള്‍ ആണ് അവള്‍ക്ക് സിഗരറ്റ് വലിക്കണ്ടത്... അവസാനം എന്റെ സമ്മതം വാങ്ങിച്ചിട്ട് അവള്‍ സിഗരറ്റ് കത്തിച്ചു... AC ഇട്ടു ഗ്ലാസ്‌ നാലും കയറ്റി വെച്ച് സിഗരറ്റ് വലിക്കുമ്പോള്‍ വലിക്കുന്നവന്റെ സുഖവും വലിക്കാതവന്റെ സുഖവും അന്ന് ഞാന്‍ മനസ്സിലാക്കി...

അതിനിടക്ക് ഫ്രഞ്ച് ഫ്രൈയും പെപ്സിയും കഴിക്കുന്നുമുണ്ട്, ഇവള്ക്കെന്താ നാല് കൈ ഉണ്ടോ? അതിനിടക്ക് ഒരു കഷ്ണം ഫ്രഞ്ച് ഫ്രൈ നിലത്ത വീണു... സ്ടീരിംഗ് പിടിച്ച ഒരു കൈ പെപ്സിയിലും, മറ്റേ കൈ സിഗരറ്റ്ല, വായില്‍ ഫ്രഞ്ച് ഫ്രൈസ... അതെ ഇരുപ്പില്‍ താഴേക്ക്‌ ഒരു നോട്ടം... അതും ഫാസ്റ്റ് ലെന്‍ 220 സ്പീഡില്‍ പോവുന്ന കാര്‍... അതും മിത്സുബിഷി ലാന്‍സെര്‍!!! ഒടുവില്‍ അവള്‍ നിലത്ത വീണ ഫ്രഞ്ച് ഫ്രൈസ്‌ തപ്പി എടുത്ത് ഗ്ലാസ്‌ താഴ്ത്തി പുറത്തേക്കു ഒരു ഏറു! ഗ്ലാസ്‌ താഴ്തലും വണ്ടി ഒന്ന് പാളി... എയര്‍ അടിച്ചു കയറിയിട്ട്... എനിക്കറിയാവുന്ന പ്രാര്‍ഥനകള്‍ ഒക്കെ തീര്‍ന്നു... ഞാന്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങി.

അപ്പോളാണ് കണ്ടത്‌, തൊട്ടു പിന്നാലെ ഒരു ലാന്‍ഡ്‌ ക്രൂസര്‍ പറന്നു വരുന്നു... പിന്നില്‍ എത്തി അവന്‍ ഹോണ്‍ അടിച്ചു... നമ്മുടെ ച്യാച്ചി മാറുമോ? എഹെ!!!

അവസാനം അവന്‍ ട്രാക്ക്‌ മാറി ഹോണ്‍ അടിച്ചു ഓവര്‍ടെക്ക് ചെയ്തു... അപ്പോള്‍ അവള്‍ അവനു കാണാന്‍ പാകത്തിന് കൈ ഉയര്‍ത്തി നടുവിരല്‍ കൊണ്ട് മനോഹരമായ ഒരു “ഏക മുദ്ര” കാണിച്ചു... ആഹ... നല്ല സ്വഭാവം... പേടി മാറാന്‍ വേറെ എതിലെക്കെന്കിലും ശ്രദ്ധ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു... അപ്പോളാണ് കണ്ടത്‌ കാറിന്റെ മുന്നില്‍ നിറയെ പാവക്കുട്ടികള്‍, കുരങ്ങന്‍, മുതല്‍ കാട്ടിലെ ഒരു വിധം എല്ലാ ജന്തുക്കളും ഉണ്ട്...

ഇതെന്താണ് എന്ന് ചോദിച്ചപ്പോ ഉത്തരം കിട്ടി... ഞാന്‍ ഡിവോര്‍സീ ആണ്, എനിക്ക് എന്റെ ഭര്‍ത്താവിനെ പറ്റി ഓര്മ വരുമ്പോള്‍ ഞാന്‍ ഈ കുരങ്ങനെ എടുക്കും, എന്നും പറഞ്ഞു മുന്നില്‍ ഉള്ള പാവ കൈ എത്തി പിടിച്ചു ഡാഷ് ബോര്‍ഡ്‌ ആഞ്ഞു അടിക്കാന്‍ തുടങ്ങി...

എന്റമ്മേ... ഇതിനു കുറച്ചു വട്ടും ഉണ്ട്... ഡാ സൂരജെ, നീ നിന്നെ സ്വയം രക്ഷിക്കേണ്ടി ഇരിക്കുന്നു... ഞാന്‍ കുറച്ചു അകന്നിരുന്നു...പല തവണ മുന്നിലുള്ള വണ്ടികളെ ഉമ്മ വെക്കാന്‍ പോവും... തിരിച്ചു വരും... അപ്പൊ ഞാന്‍ കണ്ണ് മുറുക്കെ അടക്കും... പിന്നെ തുറക്കും... പല തവണ ഏകമുദ്രയും ദ്വിമുദ്രയും കാണിക്കും അങ്ങനെ ഞങ്ങള്‍ ഒരു വിധം അബുദാബി എത്തി...

ജോലി കഴിഞു തിരിച്ചു പോവാന്‍ ഇറങ്ങിയപ്പോള്‍, എനിക്ക് അബുദാബി ഉള്ള എന്റെ അങ്കിള്‍ ന്റെ വീട്ടില്‍ പോണം, എന്നും പറഞ്ഞു അവളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട ഞാന്‍ അബുദാബി ബസ്‌ സ്റ്റാന്‍ഡില്‍ എത്തി... ദുബായ് ബസ്‌ വരാന്‍ കാത്തിരുന്നു!!!

Thursday, June 24, 2010

ആദ്യ പ്രണയം

"ഡാ നീയിങ്ങനെ നടന്നാ മതിയോ? നിനക്കൊരു ലൈന്‍ ഒക്കെ വേണ്ടേ?"

ചോദ്യം ശൈലെഷിന്റെ ആണ്... പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരു ലൈന്‍ ഒക്കെ ആവാം... എന്തെങ്കിലും ഒരു ജോലി വേണ്ടേ? അന്നത്തെ റൂള്‍ അനുസരിച്ച് ഫസ്റ്റ് ഇയര്‍ ജസ്റ്റ്‌ പാസ്‌ ആയാല്‍ മതി... സെക്കന്റ്‌ ഇയര്‍ലെ മാര്‍ക്ക്‌ മാത്രമേ മാര്‍ക്ക്‌ ലിസ്റ്റില്‍ വരൂ...കോളേജില്‍ വരാന്‍ എന്തെങ്കിലും ഒരു കാരണം കണ്ടു പിടിക്കാന്‍ നില്‍ക്കുകയായിരുന്ന ഞാന്‍ അപ്പോള്‍ മുതല്‍ ആണ് ഒരാവശ്യവും ഇല്ലാതെ പ്രേമത്തെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്.

പക്ഷെ ആരെ പ്രേമിക്കും? ഞാന്‍ കോളേജില്‍ കൂടെ ഒരു നാല് റൌണ്ട് നടന്നു നോക്കി... കൂടെ കൊണ്ട് നടക്കാന്‍ പറ്റിയ എല്ലാ എണ്ണവും ആള്‍റെഡി  ബുക്ക്ഡ്... അവസാനം അതിനും ശൈലേഷ്‌ തന്നെ വേണ്ടി വന്നു...

“ഡാ നമ്മുടെ കൂടെ ട്യൂഷന് വരുന്ന ഒരു കൊച്ചില്ലേ? നിന്നെ നോക്കി എപ്പോളും ചിരിക്കുന്ന? അവളെ തന്നെ വളക്കെടാ... അതാവുമ്പോള്‍ ഒരു ഗുണം ഉണ്ട്... നിങ്ങള്‍ക്ക്‌ ആഴ്ചയില്‍ ഏഴു ദിവസവും പ്രേമിക്കാം!!! അഞ്ചു ദിവസം കോളേജില്‍, രണ്ടു ദിവസം ട്യൂഷന് ക്ലാസ്സില്‍...”

അവന്റെ ബുദ്ധിയെ ഞാന്‍ മുക്തകണ്ഠം പ്രശംസിച്ചു... പക്ഷെ അവളോട്‌ എങ്ങനെ പറയും? അതും ശൈലേഷ്‌ തന്നെ ഏറ്റെടുത്തു... അപ്പൊ തന്നെ ഞാന്‍ അവനൊരു പൊടി ഇട്ടു കലക്കിയ ലൈം ജ്യൂസ്‌ വാങ്ങി കൊടുത്തു ഒരു രൂപയുടെ!!!

പിറ്റേ ദിവസം അവന്‍ വരുന്നു, കൂടെ ആ കൊച്ചും... അടുതെതലും അവന്‍ അവളുടെ ബാക്കിലെക്ക് നീങ്ങി... ഒരു അപകട സൂചന കിട്ടി.. പക്ഷെ, എന്റെ അടുത്ത് വന്നു എന്നെ നോക്കി ചിരിച്ചിട്ട് അവള്‍ പറഞ്ഞു,

“സൂരജെ, നമ്മള്‍ തമ്മില്‍ ഇതൊന്നും ശരിയാവൂല... മാത്രല്ല, ഇതെങ്ങാനും അവള്‍ അറിഞ്ഞാ എന്നെ കൊല്ലും”

“ആര്”

“ആരാ എന്താ എന്നൊക്കെ ഞാന്‍ നാളെ അവളോട്‌ ചോദിച്ചിട്ട് പറഞ്ഞു തരാം... അവള്‍ക്കു കൂടെ താല്‍പ്പര്യം ഉണ്ടെങ്കില്‍ നിങ്ങള്‍ തമ്മില്‍ മീറ്റ്‌ ചെയ്തോ... എന്താ?”

“ആയിക്കോട്ടെ”

ഈശ്വരാ, വെറുതെ ഒരു മൂലക്കിരുന്ന ഞാന്‍ ഇതാ പ്രേമിക്കാന്‍ പോവുന്നു... അതും ഇത് വരെ കാണാത്ത ഒരുത്തിയെ... അതിലും രസം അവള്‍ എന്നെ ഇഷ്ട്ടപ്പെടുന്നു... അതും ഞാന്‍ അറിയാതെ... എന്റെ ആദ്യത്തെ പ്രേമം... ഇതങ്ങു കൊഴുപ്പിചെടുക്കണം... ദേഹോപദ്രവം കൂടാതെ... പിറ്റേ ദിവസം,

“അവള്‍ ഫിസിക്സ്‌ ലാബില്‍ ഉണ്ട്, നീ ഇവിടെ തന്നെ വെയിറ്റ് ചെയ്യ്‌...”

“ആരാ കൊച്ചു? എന്താ പേര്? ഏതു കളര്‍ ഡ്രസ്സ്‌ ആണ്?”

“കയറു പോട്ടിക്കല്ലേ, ലാബ് കഴിഞ്ഞു അവള്‍ വരും... പേര് അനിത... ബ്ലു കളര്‍ മിഡി & ടോപ്‌ ആണ്... അവളുടെ കൂടെ സംഗീത ഉണ്ടാവും, അപ്പൊ നിനക്ക് വേഗം മനസ്സിലാവും, ഞാന്‍ പോവാ, ഇന്നെനിക്ക് ഒരു പെണ്ണ് കാണല്‍ ഉണ്ട്”

ഭാഗ്യം ഇവളെ കേറി പ്രേമിക്കഞ്ഞത്... ഞാന്‍ സുന്ദരകുട്ടപ്പന്‍ ആയി ഫിസിക്സ്‌ ലാബിന്റെ പുറത്ത്‌ വെയിറ്റ് ചെയ്തു... ലാബ്‌ വിട്ടു വരുന്ന സംഗീതയുടെ കൂടെ ഉള്ള കുട്ടിയെ ഞാന്‍ കണ്ടു... എന്റെ ഹൃദയം ഇപ്പൊ പൊട്ടും എന്നാ സ്ഥിതി ആയി... നല്ലൊരു സുന്ദരി കൊച്ചു....
സംഗീത അവളെയും കൂട്ടി എന്റെ അടുത്ത വന്നു...

“ഇത് അനിത... അനിതെ സൂരജ്‌...”

ഞാന്‍ ചിരിച്ചു, അനിതയും ചിരിച്ചെന്നു വരുത്തി... എന്നിട്ട് തല താഴ്ത്തി നിന്നു... ആ ഗാപ്പില്‍ ഞാന്‍ സംഗീതയെ കണ്ണ് ഉരുട്ടി പേടിപ്പിച്ചു!

“അനിതെ, ഞാന്‍ ഇപ്പൊ വരാം റെക്കോര്‍ഡ്‌ ബുക്ക്‌ എടുക്കാന്‍ മറന്നു”

“ഞാനും വരാം”

അവള്‍ സ്കൂട്ട് ആവാന്‍ നോക്കുകയാണ്... അങ്ങനങ്ങ് പോവാതെടി, ഗൊച്ചു ഗള്ളീ...

“അവള്‍ വന്നോളും... നമുക്ക്‌ സംസാരിചിരിക്കാം... എന്താ?”

അവള്‍ മൂളി... പിന്നെ ഞാന്‍ എന്തൊക്കെയോ ചോദിച്ചു... ഓരോ ചോദ്യത്തിനും ഞാന്‍ തന്നെ  ചോയ്സ് കൊടുത്തു, ഉത്തരത്തിന് ക്ലൂ കൊടുത്ത്... ആന്‍സര്‍ ഒരു മൂളലില്‍ ഞാന്‍ ഊഹിചെടുത്‌... ഒടുവില്‍ ഒരു നാണവും ഇല്ലാതെ ഞാന്‍ ചോദിച്ചു...

“എന്നെ ഇഷ്ടപ്പെട്ടോ”

ഒന്നും മിണ്ടുന്നില്ല... ഞാന്‍ കുറച്ചൂടെ ചേര്‍ന്ന് നിന്നു ഒന്നൂടെ ചോദിച്ചു,

“ഇഷ്ടപ്പെട്ടോ... ഇല്ലെ?”

ഒരു മൂളല്‍

“ഇഷ്ട്ടപ്പെട്ടില്ലേ??”

എന്നെ തലയുയര്‍ത്തി നോക്കി... അവളുടെ കണ്ണ് നിറഞ്ഞിരുന്നു... എന്നെ നോക്കി ആണെന്നോ അല്ലെന്നോ ഉള്ള അര്‍ത്ഥത്തില്‍  തലയാട്ടി...

“ഓക്കേ ഓക്കേ... ഇഷ്ടപ്പെട്ടല്ലേ.. പൊയ്ക്കോളൂ...”

കണ്ണ് തുടച്ചു കൊണ്ട് അവള്‍ സംഗീതയുടെ അടുത്തേക്കും നെഞ്ചു ഉഴിഞ്ഞു കൊണ്ട് ഞാന്‍ ക്ലാസ്സിലെക്കും...

ഈശ്വരാ ഇത് ഇവിടെ തീര്‍ന്നത് നന്നായി... അല്ലെങ്കില്‍ അവളുടെ ജീവിതം കരഞ്ഞു കരഞ്ഞു തീരും... അല്ലെങ്കില്‍ എനിക്ക് എത്രയും പെട്ടന്നൊരു അറ്റാക്ക്!!!

എടാ ശൈലേഷേ... നീയെന്നെ കുടിക്കിയല്ലോടാ...

പിറ്റേന്ന് അവള്‍ക്കു കൊടുക്കാന്‍ ഒരു പ്രേമ ലേഖനം ഞാന്‍ എഴിതിച്ചു!!! അജ്മല്‍ ആയിരുന്നു എഴുത്തുകാരന്‍... അവളെ കാത്തു നിന്നു ഞാന്‍ കയ്യില്‍ കൊടുത്തു...

“എനിക്ക് നാളെ തന്നെ മറുപടി വേണം”

ഞാന്‍ പലതവണ അവളെ ഓര്‍മ്മിപ്പിച്ചു... മറുപടി ഇല്ല!! മുന്നില്‍ വന്നു തല താഴ്ത്തി നിക്കാന്‍ മാത്രെമേ ആ പാവത്തിന് അറിയൂ... ഒടുവില്‍ നാല് അഞ്ചു ദിവസം കഴിഞ്ഞു... എന്റെ ക്ലാസ്സിന്റെ പുറത്ത്‌ അവള്‍... ഞാന്‍ ഇറങ്ങി വന്നപ്പോള്‍ എനിക്കൊരു കത്ത് നീട്ടി...

“ഞാന്‍ പോട്ടെ?”

ആദ്യമായി എന്റെ മുഖത്ത് നോക്കി അവള്‍ ചിരിച്ചു... അവള്‍ നടന്നു നീങ്ങി... അപ്പോള്‍ തന്നെ ഞാന്‍ ആ കത്ത് തുറന്നു... ഞാന്‍ കൊടുത്ത അതേ കത്ത്... അതിനു താഴെ,

“എനിക്കും ഇഷ്ടമാണ്”

“അവിടെ നിന്നെ”

അവള്‍ തിരിഞ്ഞു നോക്കി...

“ഇതെന്താ... ഇതിനാനെന്കില്‍ ഈ കത്ത് ഞാന്‍ അനിതയ്ക്ക് തരണോ?”

“എനിക്കത് കയ്യില്‍ വെക്കാന്‍ പേടിയാ... അത് കൊണ്ടാ...”

“എന്നാ പിന്നെ കീറി കളയണം!!”

എനിക്ക് ദേഷ്യം വന്നു... അപ്പോളേക്കും അവളുടെ കണ്ണ് നിറഞ്ഞു...

“എനിക്കതിനു കഴിയില്ല”

അതോടെ എന്റെ വായ അടഞ്ഞു... ആദ്യമായി അവളുടെ കൈ ഞാന്‍ പിടിച്ചു... ഒന്ന് അമര്‍ത്തി...

“പൊയ്ക്കോളൂ”

ഇതാണോ പ്രേമം? ഇതിനെ ആണോ പ്രേമം എന്ന് വിളിക്കുക? ഞാന്‍ പിന്നെ അവള്‍ക്കു പ്രേമലേഖനം കൊടുത്തിട്ടില്ല, ഒരു പ്രണയിനിയോട്  എന്നതില്‍ കവിഞ്ഞു വാല്സല്യതോടെയെ അവളോട്‌ സംസാരിക്കാന്‍ എനിക്ക് പറ്റിയിരുന്നുള്ളൂ... കോഴ്സ് കഴിഞ്ഞു പിരിഞ്ഞു രണ്ടു വഴിക്ക്‌ പോയെങ്കിലും പലപ്പോളും ഈ ആദ്യ പ്രണയം എന്റെ ഓര്‍മകളില്‍ വരാറുണ്ട്...

Wednesday, June 23, 2010

പിന്‍വിളി

ജീവിതത്തില്‍ അസാധാരണമായ രീതിയിലുള്ള എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാ, ഓര്‍ക്കുമ്പോള്‍ ഇപ്പോളും കിടുങ്ങുന്ന ഒരു അനുഭവം പറയാന്‍ ഉണ്ട് എനിക്ക്...

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് എനിക്ക് സൈക്കിള്‍ കിട്ടുന്നത്. ഒരു ATLAS MTB. ആദ്യത്തെ രണ്ടു ദിവസം അതിനെ എണ്ണ ഇടലും കുളിപ്പിക്കലും മാത്രം ആയിരുന്നു ജോലി. പിന്നെ നാല് പേരെ കാണിക്കാന്‍ ചുറ്റി നടക്കല്‍... ഒരു മതില്‍ എടുത്ത് ചാടിയാല്‍ സ്കൂളില്‍ എത്തുന്ന ഞാന്‍ സൈക്കിള്‍ എടുത്ത് സ്കൂളില്‍ പോവാന്‍ തുടങ്ങി... അല്പ്പന് അര്‍ഥം കിട്ടിയാല്‍... ഉള്ള അവസ്ഥയായിരുന്നു അന്ന് എന്റേത്...

ചുറ്റുവട്ടത് മാത്രം കറങ്ങാന്‍ ഉള്ള അനുമതിയെ അന്ന് വീട്ടില്‍ നിന്നും കിട്ടിയിരുന്നുള്ളൂ... പക്ഷെ അച്ഛന്‍ കോര്‍ട്ട്ല് പോയിക്കഴിഞ്ഞാല്‍ അമ്മയെ സോപ്പ് ഇട്ടു പച്ചക്കറിയും മീനും ഒക്കെ വാങ്ങാന്‍ രണ്ടു കിലോമീറ്റര്‍ ദൂരെ ഉള്ള ടൌണില്‍ പോവാന്‍ തുടങ്ങി... ആദ്യമൊക്കെ സൂക്ഷിചായിരുന്നു പോക്കെങ്ങില്‍ പിന്നീട് അവസ്ഥ മാറി... തൃശൂര്‍ - കോഴിക്കോട് ബസ്‌ NH-17 വഴി പോവുന്നത് പോലെ ആയി എന്റെ സൈക്കിള്‍ യാത്ര... ബെല്‍ അടിച്ചു ഞാന്‍ വരുമ്പോള്‍ ബാക്കിയെല്ലാ വാഹനങ്ങളും വഴി മാറി തന്നോളണം...

അശ്രദ്ധ മൂലം ചെറിയ ചെറിയ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്... ബസ്‌ വരുന്നത് കണ്ടു റോഡില്‍ നിന്നും താഴേക്ക്‌ ഇറങ്ങിയപ്പോ തല കുത്തി  മറിഞ്ഞു ഇടത്ത ഭാഗത്തേക്ക്‌ വീണ നെഞ്ഞടിച്ചു വീണത് ആയിരുന്നു അതില്‍ ഓര്മ വരുന്നത്... വലത്ത ഭാഗത്തേക്ക്‌ ആയിരുന്നു എങ്കില്‍ റോഡില്‍ ബസ്സിന്റെ അടിയില്‍ പെട്ട്  ഞാന്‍ നെയിം സ്ലിപ് ആയേനെ... അന്ന് ഇടത്തെ കയ്യിന്റെ ചെറുവിരലില്‍ ഒരു കഷ്ണം ഇറച്ചി റോഡ്‌, ജീവന് പകരമായി എടുത്ത്‌ കൊണ്ട് ഒരു ഉപകാരം ഉണ്ടായി... SSLC Book ലെ Identification Mark ആയി മാറി അത്...

അങ്ങനെ സൈക്കിള്‍ രാജാവായി ഞാന്‍ വിലസുന്ന സമയം, ഒരിക്കല്‍ അച്ഛമ്മയെ കാണാന്‍ സൈക്കിള്‍ എടുത്ത് പോയി. അവിടുന്ന് ഒരു സിനിമ ഒക്കെ കണ്ടു സമയം പോയതറിഞ്ഞില്ല... നോക്കുമ്പോള്‍ പന്ത്രണ്ടു മണി... ഇനി നാളെ പോവാം എന്ന് അച്ഛമ്മ പറഞ്ഞത്‌ കേള്‍ക്കാതെ സൈക്കിള്‍ എടുത്ത് വീടിലെക്ക് പുറപ്പെട്ടു. എന്റെ സൈക്കിള്‍നു ഒരു പ്രത്യേകത ഉണ്ട്... ലൈറ്റ് ഇല്ല!! ഞാന്‍ അതില്‍ വിസ്വസിക്കുന്നും ഇല്ല!

അങ്ങനെ ടൌണ്‍ കഴിഞ്ഞപ്പോ സ്ട്രീറ്റ്‌ ലൈറ്റ് വെളിച്ചവും തീര്‍ന്നു... പിന്നെ നല്ല ഇരുട്ട്... ചെറിയ ഒരു പേടി മനസ്സിലേക്ക് ഇരച്ചു വന്നു... ഇനി അടുത്ത സ്ട്രീറ്റ്‌ ലൈറ്റ് കാണണം എങ്കില്‍ എന്റെ വീടിന്റെ അടുത്ത് എത്തണം... ഞാന്‍ പേടി വക വെക്കാതെ ആഞ്ഞു ചവിട്ടാന്‍ തുടങ്ങി... എനിക്ക് ചുറ്റില്‍ നിന്നും എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി... എന്റെ ചങ്ക്‌ അടിക്കുന്ന ശബ്ദം എനിക്ക് വ്യക്തം ആയി കേള്‍ക്കാം... അങ്ങനെ ഞാന്‍ എന്റെ വീടിന്റെ അടുത്തെത്താന്‍ ആയി... അതോടെ എന്റെ സ്പീഡ്‌ കൂടി... ഒരു പൂച്ചക്കുഞ്ഞിനെ പോലും അവിടെ എങ്ങും കാണാന്‍ ഇല്ല... പെട്ടന്ന് എന്റെ ചെവിയുടെ അടുത്ത് നിന്നു ഒരു വിളി...

“കുട്ടാ”

ഞാന്‍ ആഞ്ഞു ബ്രേക്ക്‌ പിടിച്ചു... വല്ലാത്ത ഒരു ശബ്ദത്തോടെ സൈക്കിള്‍ നിന്നു... തിരിഞ്ഞു നോക്കി... പിന്നില്‍ കുറ്റാ കൂരിരുട്ടു!! പേടിച്ചിട്ടു എന്റെ ശരീരം വിറയ്ക്കുന്ന അവസ്ഥ വരെ എത്തി...

എന്തും വരട്ടെ എന്ന് മനസ്സില്‍ വിചാരിച് ഞാന്‍ സൈക്കിള്‍ മുന്നോട്ട് എടുക്കാന്‍ ആഞ്ഞു... അപ്പോളാണ് ഞാന്‍ ഞെട്ടിപ്പോയത്‌...

എന്റെ തൊട്ടു മുന്നില്‍ ഒരു രണ്ടു മീറ്റര്‍ അകലത്തില്‍ ഒരു ലോറിയുടെ പിന്‍ഭാഗം... അതില്‍ നിറയെ ഉരുക്ക് കമ്പികള്‍ ഓവര്‍ ലോഡ് ആയി  തൂക്കി ഇട്ടിരിക്കുന്നു... ലോറിക്ക്‌ പാര്‍ക്കിംഗ് ലൈറ്റ് ഇല്ല... ആ സ്പീഡില്‍ ഞാന്‍ എത്തിയിരുന്നു എങ്കില്‍, എന്റെ പിറകില്‍ നിന്നും ആ വിളി വന്നില്ലായിരുന്നെകില്‍... എനിക്ക് ശരീരം മൊത്തം തളരുന്ന പോലെ തോന്നി... അവിടെ നിന്നു സൈക്കിള്‍ നിന്നും താഴെ ഇറങ്ങി ഞാന്‍ ഉരുട്ടി ഒരു വിധം വീട്ടില്‍ എത്തിച്ചു...

പിന്നെ ഒരു രണ്ടു മൂന്നു ദിവസം എനിക്ക് സൈക്കിള്‍ല് യാത്ര ചെയ്യാന്‍ അത്ര താല്‍പ്പര്യം ഇല്ലായിരുന്നു... പിന്നെ അതിനെ തിരിഞ്ഞു നോക്കാതായി... കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോ അതിന്റെ ടയര്‍ പഞ്ചര്‍ ആയി.. പിന്നെ അത് തുരുബെടുത്തു... ഒരു വര്‍ഷത്തിനു മേലെ അത് വീടിന്റെ സൈഡില്‍ കിടന്നു... അവസാനം വീട്ടില്‍ വന്ന ഒരു അണ്ണന് അമ്മ അത് ഇരുമ്പ് വിലക്ക് കൊടുത്തു... ഞാന്‍ ഒന്നും പറഞ്ഞില്ല...

പക്ഷെ, ഇപ്പോളും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഉണ്ട്,

ആരാണ് അന്ന് എന്റെ പുറകില്‍ നിന്നും വിളിച്ചത്?

Tuesday, June 22, 2010

ബോസിന്റെ വൈറ്റ് റം...

ജോബി സാറും ഷിജിചെചിയും ധിഷണ വിട്ടതിനു ശേഷം ബോസ് സര്‍ മാനേജര്‍ ആയി ജോയിന്‍ ചെയ്തു... ഞങ്ങളുടെ കൂടെ തന്നെ ആയിരുന്നു ബോസ് സാറിന്റെം താമസം. ബോസ് സാര്‍, ഞാന്‍, ശ്രീജിത്ത്‌ സാര്‍, ആഷിഫ്‌, ജിയോ, ബാബു, എന്നിവരായിരുന്നു ഫ്ലാറ്റിലെ അന്തേവാസികള്‍...

അങ്ങനിരിക്കെ ബാബു ഒരു കാര്യം കണ്ടു പിടിച്ചു... ബോസ് സാറിന്റെ ബാഗില്‍ ഒരു വൈറ്റ് റമ്മിന്റെ കുപ്പി.. ഫുള്‍!!! ഉടനെ അത് ജിയോയോടു പറഞ്ഞു...

“ഡാ നമുക്ക്‌ അടിക്കാം?”

ഉടനെ ജിയോയുടെ ഉള്ളിലെ കുറ്റവാളി സട കുടഞ്ഞെഴുന്നേറ്റു...

“ഇത് പൊട്ടിക്കാത്ത കുപ്പിയാണ്... ഇപ്പൊ നമ്മള്‍ ഇത് തൊട്ടാല്‍ മൂപ്പേര്‍ അറിയും... മൂപ്പേര്‍ ഇതൊന്നു തുറന്നോട്ടെ, ബാബു സാര്‍ വെയിറ്റ് ചെയ്യ്”

ബാബുവിനു പിന്നെ ഊണും ഉറക്കവും ഒന്നും ഇല്ല... ബോസ് സാര്‍ ആണെങ്കില്‍ അത് പൊട്ടിക്കുന്നും ഇല്ല. ഒടുവില്‍ ആ സുദിനം എത്തി ഒരു വെള്ളിയാഴ്ച രാത്രി ബോസ് സാര്‍ അത് പൊട്ടിച്ചു. കൃത്യം രണ്ടു സ്മാള്‍ അടിച്ചു അതെ പോലെ അടച്ചു വെച്ച് കിടന്നുറങ്ങി... ബോസ് ഉറങ്ങലും രണ്ടു പേര്‍ ഉണര്‍ന്നു... പതുക്കെ പമ്മി പമ്മി സ്റ്റോര്‍ റൂമില്‍ എത്തി... ബോസിന്റെ ബാഗില്‍ നിന്നും കുപ്പി എടുത്തു... ആദ്യം മാര്‍ക്കര്‍ കൊണ്ട് അളവിന് അടയാളം ഇട്ടു... അപ്പോളേക്കും ജിയോ രണ്ടു ഗ്ലാസ്‌ ആയി വന്നു. ബാബു രണ്ടു ലാര്‍ജ്‌ ഒഴിച് വെള്ളത്തിന്റെ ജഗ്ഗിനു കൈ നീട്ടി... അപ്പൊ ജിയോക്ക്‌ ഒരു സംശയം...

“അല്ല ബാബുസാര്‍, കള്ള് കുടിക്കുന്നത് നിങ്ങള്‍ക്ക്‌ ഹറാം അല്ലെ?”

“ണ്ടോക്ക്യാ, ജ്ജ് ബെര്തെ ബെന്ടാതത് ഓരോന്ന് പറയണ്ട, കള്ള് ഹറാം ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല”

“പിന്നെ?”

“ഡാ ജിയോ കള്ള് ഹറാം എന്നല്ല, ഹാ! റം!! എന്നാ, ബാക്കിയൊക്കെ ഓരോരുത്തരു പരഞ്ഞുണ്ടാകിയതല്ലേ? യി ആ ജഗ്ഗിംഗ് കാട്ടിക്ക”

അതോടെ ജിയോയുടെ സംശയം തീര്‍ന്നു... രണ്ടു പേരും കൂടെ രണ്ടു ലാര്‍ജ്‌ അടിച്ചു, അതെ അളവില്‍ വെള്ളം ഒഴിച്ച് വെച്ച് പോയി കിടന്നുറങ്ങി... ബോസ് പിന്നെ ആ കുപ്പി തൊട്ടതു അടുത്ത ശനിയാഴ്ച... അപ്പോളേക്കും അതില്‍ 75% വാട്ടര്‍ 25% വൈറ്റ് റം!!!

ശനിയാഴ്ച ബോസ് ചുണ്ടോക്കെ നനച്ചു വൈറ്റ് റം അടിക്കാന്‍ ഇരുന്നു... ബാബുവും ജിയോയും വെടി കൊണ്ട പന്നികളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു... ഒടുവില്‍ രണ്ടു പേരും കൂടെ വരുന്നിടത്ത് വെച്ച് കാണാം എന്നും വിചാരിച്ചു ബോസിന്റെ കണ്‍വെട്ടത് തന്നെ നിന്നു.
ബോസ് ആദ്യത്തെ പെഗ് ഒഴിച്ച് അടി തുടങ്ങി... ബാബുവും ജിയോയും ഇടം കണ്ണ് ഇട്ടു നോക്കി. ബോസ് അച്ചാര്‍ തൊട്ടു അണ്ണാക്കില്‍ തേച്ചു, എന്നിട്ട് പറഞ്ഞു...

“ഹൈ... മ്മ്...”

ബോസ് രണ്ടാമത്തെ പെഗ് ഒഴിച്ച് അതും തീര്‍ത്തു... കുറച്ചു നേരം വെറുതെ ഇരുന്നു ആകാശം നോക്കി... ഭൂമി നോക്കി... ചുറ്റുപാടും നോക്കി. മൂന്നാമത്തെ പെഗ് ഒഴിച്ച് അതും തീര്‍ത്തു... നാല്... അഞ്ചു... ബോസിന് എന്തോ അപകടം മണത്തു... കൂടാതെ ഈ അടി കണ്ടിരിക്കുന്ന രണ്ടു പേര്‍ക്കും!!!

“ഡാ ബാബുവേ...”

“എന്തോ?”

കഴിഞ്ഞു... ഇനി കുറ്റം സമ്മതിക്കുന്നതാ നല്ലത്... വേണ്ടായിരുന്നു.. ഛെ, മോശമായി... രണ്ടു പേരും കൂടെ കുറ്റസമ്മതത്തിനു റെഡി ആയി ബോസിന്റെ മുന്നിലേക്ക്‌ ചെന്നു.

“ബാബുവേ, എന്റെ കപ്പാസിറ്റി കൂടിയെന്നാ തോന്നുന്നത്, അഞ്ചു പെഗ്ഗ് അടിച്ചിട്ടും ഒരു പിണ്ണാക്കും ആവുന്നില്ലാ...”

ഹാവൂ സമാധാനമായി, ബാബുവിന്റെ ശ്വാസം നേരെ വീണു... പിന്നൊരു കത്തികയറലാ... “അല്ലെങ്കിലും ഈ വൈറ്റ് റം ഒന്നും ഒന്നിനും കൊള്ളൂല... നമുക്ക്‌ ബ്രാന്‍ഡ്‌ മാറ്റാം... എന്ന് തുടങ്ങി... നാടിലുള്ള സകല വൈറ്റ് റം നേം കാടടക്കി തെറി പറഞ്ഞു ശ്വാസം മുട്ടിതുടങ്ങിയപ്പോ ബാബു ഒരു സഹായത്തിനു ജിയോയെ നോക്കി... അപ്പൊ ജിയോ ....

“ശരിയാ അതിന്റെ നിറം കൂടെ കണ്ടില്ലേ??? പച്ചവെള്ളം പോലെ ഉണ്ട്!!!”

Monday, June 21, 2010

ഉഷേചീടെ തൊട!!!

"അമ്മെ, എന്താ ഉഷേചീടെ തൊട അല്ലെ?"

പുതുതായി വന്ന ജോലിക്കാരി മുടിഞ്ഞ ആത്മാര്‍ഥതയോടെ നിലം തുടക്കുന്നത് കണ്ടു ഒരു മകന്‍ അമ്മയോട് ഇങ്ങനെ പറഞ്ഞാ എങ്ങനെ ഇരിക്കും? ഉഷേചിയെ പറ്റി ആണോ? അതോ ഉഷേച്ചിയുടെ തുടക്കലിനെ പറ്റി ആണോ മകന്‍ പറഞ്ഞത് എന്ന് ആ പാവം അമ്മ എങ്ങനെ മനസ്സിലാക്കും??

ആ മകന്‍ ആണ് അഭിജിത്ത് അലക്സാണ്ടര്‍ കടവുങ്കല്‍!!! ഞങ്ങളുടെ ഒക്കെ പ്രിയപ്പെട്ട അഭിജിത്ത്, അഭി സാര്‍... കുറെ പഠിക്കണം... പിന്നേം പഠിക്കണം... പിന്നെ കുറേ ഭക്ഷണം കഴിക്കണം... പിന്നേം കഴിക്കണം... വേറെ ഒരു വിചാരവും ഇല്ലാത്ത ഒരാള്‍... നിര്‍ബന്ധിച്ചാ എന്തിനും റെഡി, പക്ഷെ നിര്‍ബന്ധിക്കണം!!! കഥയുടെ ആദ്യത്തെ വരി വായിച്ച ഏതൊരാളും ഇയാളെ പറ്റി ഒറ്റ വാക്കില്‍ പറഞ്ഞു നിര്‍ത്തും...

"ആഭാസന്‍"

എന്നാ ഒന്ന് പരിചയപ്പെട്ടു നോക്കൂ, വിവരം അറിയും... നാവില്‍ വികടസരസ്വതി സദാ വിളയാടികൊണ്ടിരിക്കുന്ന ഒരു നിഷ്ക്കളങ്കന്‍... ഇയാളെ പറ്റി ഒരു കഥ എഴുതുക എന്നത് വലിയൊരു ഉത്തരവാദിത്തം ആണ്... അതുകൊണ്ട് ഏതാനും ചില സംഭവങ്ങള്‍ മാത്രം എഴുതുന്നു...
********************************************************************************
ഓഫീസ് സ്റ്റാഫ്‌ റൂമില്‍ ജനലിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുന്ന അഭി സാര്‍... അപ്പൊ കയറി വന്ന സന്ദീപ്‌ സാര്‍ ചോദിച്ചു,

"നീയെന്താ അഭീ നോക്കുന്നത്?"

"ഒന്നുല്ല മാഷേ, അവിടെ ഒരു പുശു പല്ല് തിന്നുന്നു"

ഇത് വരെ കാണാത്ത ഒരു ജീവിയെ കാണാം എന്ന് വിചാരിച്ചു ഓടി വന്ന സന്ദീപ്‌ സാര്‍ കാണുന്നത് ഒരു പശു പുല്ലു തിന്നുന്നത്...
********************************************************************************
"മമ്മീ... മമ്മീ... ഇതിന്‍റെ പ്രിന്റ്‌ഔട്ട്‌ ഒന്നെടുത്തു തരുമോ"
റിസ്പ്ഷനില്‍ ഇരുന്ന നിഷി ചേച്ചി ഞെട്ടിപ്പോയി...
********************************************************************************
രാത്രി ഓഫീസ് കഴിഞ്ഞു വീട്ടിലേക്ക് പോവുമ്പോള്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കണ്ടു, ഒരു പാവം ഞെണ്ട് റോഡ്‌ ക്രോസ് ചെയ്യുന്നു...

"എടാ കടുക്ക"

"കടുക്കയോ? ഇതോ?"

"അല്ല, കടുക്കയല്ലാ.. എന്തായിരുന്നു ഇതിന്‍റെ പേര്? ആ ചെണ്ട്... ചെണ്ട്"
********************************************************************************
ഓണ്‍ലൈന്‍ എക്സാം ഫോം ഫില്‍ ചെയ്യുന്ന അഭി സാര്‍... ഫുള്‍ നെയിം ഫീല്‍ഡില്‍ അഭിജിത്ത് കെ എന്ന് എഴുതുന്ന കണ്ട ഷിജിചെച്ചി ചോദിച്ചു,

"നിന്‍റെ അച്ഛന്റെ പേരെന്താ?"

ഫോംഇല്‍ നിന്നും കണ്ണെടുക്കാതെ അഭിസാര്‍,

"അലക്സാണ്ടര്‍"

"അപ്പൊ അമ്മയുടെ പേരോ?"

"മമ്മി"

"അതെല്ലെട ചെക്കാ, നിന്‍റെ അമ്മയുടെ ശരിക്കുമുള്ള പേരെന്താ?"

"ഏലിയാമ നേഴ്സ്"
********************************************************************************
എല്ലാരും കൂടെ ഡീലക്സ് ഹോട്ടലില്‍ ചായ കുടിക്കാന്‍ പോയി, അപ്പൊ ബോബ്സ് പറഞ്ഞു,

"അഭീ എനിക്ക് ഒരു അടിച്ച ചായ ഓര്‍ഡര്‍ ചെയ്"

വൈറ്റെര്‍ വന്നപ്പോ അയാളോട് അഭി സാര്‍,

"അച്ഛാ ചായ"
********************************************************************************
CCNA ലാബില്‍ എലിയെ കണ്ടു പേടിച്ചു ഓടി പുറത്തിറങ്ങിയ അഭിസാറിനോട് ജോബി സാര്‍,

"എന്തു പറ്റി അഭീ"

"അവിടെ മറ്റേതു"

"എന്തു?"

"പുലീ"

"പുലിയോ?"

"അല്ല, പൂച്ച"

"പൂച്ചയോ? ഈ തേര്‍ഡ് ഫ്ലോറിലോ?"

"പൂച്ചയല്ല"

"പിന്നെന്താടാ"

തലയും ചൊറിഞ്ഞു എന്താ ആ ജീവിയുടെ പേര് എന്ന് ആലോചിച്ചു... ആലോചിച്ചു അവസാനം...

"മ്യാവൂ"
********************************************************************************
മൂത്ത ചേച്ചിയേം കൂട്ടി ഓഫീസില്‍ വന്നതായിരുന്നു പാവം ശിവന്‍ സാര്‍,
കണ്ടു ദൂരെന്നെ ചിരിച്ചു കൊണ്ട് വരുന്നു അഭി സാര്‍... അപകടം മണത്ത ശിവന്‍ സാര്‍ ആദ്യമേ കേറി പറഞ്ഞു,

"അഭിക്കുട്ടാ ഇത് എന്‍റെ..."

"എനിക്കറിയാം മാഷേ, നമ്മുടെ മറ്റേ കൊച്ചല്ലേ??"

പെട്ടന്ന് ചേച്ചിയുടെ പിന്നിലേക്ക് മാറി ശിവന്‍ സാര്‍ കണ്ണുരുട്ടി വേണ്ട വേണ്ട എന്ന് കാണിച്ചു... എവിടെയോ എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലാക്കിയ അഭിസാര്‍ ചേച്ചിയേം ശിവന്‍ സാറിനേം മാറി മാറി നോക്കി, എന്നിട്ട്,

"ഓഹ്, ഞാന്‍ അതു ഇവിടെ പറയാന്‍ പാടില്ലായിരുന്നു അല്ലെ?"
********************************************************************************
പാര്‍ട്ടിയും കഴിഞ്ഞു കോഫി ഹൌസില്‍ നിന്നും മൂന്നു മസാല ദോശയും കഴിച്ചു... ഒരു ദുര്‍ബല നിമിഷത്തില്‍ വാള് വെച്ചു പോയി...

"അയ്യോ മാഷേ എനിക്ക് ലിവര്‍ സിറോസിസ് പിടിച്ചൂ"

"എങ്ങനെ മനസ്സിലായി?"

ഇന്ത്യന്‍ കോഫി ഹൌസിലെ ബീട്രൂറ്റ് മസാല നിറച്ച മൂന്നു മസാല ദോശ മൊത്തം വാള് വെച്ചത് ചൂണ്ടികാണിച്ചിട്ട്...

"കണ്ടില്ലേ ചോര..."
********************************************************************************
വയനാട് തോല്‍പെട്ടി കാട്ടില്‍ കൂടെ ജീപ്പില്‍ പോവുമ്പോള്‍... ഡ്രൈവര്‍,

"ഈ കാട്ടില്‍ പുലിയൊക്കെ ഉണ്ട്..."

"ഓഹ്ഹോ, പുലി ഉണ്ടല്ലേ?"

എന്നിറ്റ് ഉറക്കെ,

"പുലീ... പുലീ... എടാ പുലീ ധൈര്യം ഉണ്ടെങ്കില്‍ വാടാ പുലീ..."

"അഭീ നീയെന്ത കളിക്കുന്നത്? പുലിയെങ്ങാനും വന്നാ നിന്നെ ഞങള്‍ ജീപ്പീന്നു ഉന്തി ഇട്ടു കൊടുക്കും..."

"മാഷേ അതിനു പുലിക്ക് അറിയോ പുലിയുടെ പേര് പുലി ആണെന്ന്?"
********************************************************************************
CCNA എക്സാമിന് ചത്ത്‌ പഠികുകയായിരുന്നു അഭിസാര്‍, വിജോയ് സാര്‍ പിന്നെ തമ്പു... ഒരു ബ്രേക്ക്‌ എടുത്തപ്പോ തമ്പു അഭിസാറിനോട് ചോദിച്ചു,

ഡാ അഭീ, നിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താ?

"എനിക്ക് കൊറേ... ജ്യൂസ്‌ കുടിക്കണം... കൊറേ ബിരിയാണി തിന്നണം"
********************************************************************************
വയനാട് റോഡ്‌ ഷോയ്ക്ക് പോയ സമയം... വയനാട് KSRTC ബസ്‌ സ്റ്റാന്‍ഡില്‍ എത്തി... അപ്പൊ അഭി സര്‍ കണ്ടു ഒരു ചെറിയ ഹോട്ടല്‍... ഉടനെ ജോബി സാറോട്...

"വാ മാഷേ നമുക്ക് KSRTC യും ചിക്കനും കഴിക്കാം"
********************************************************************************

റോഡ്‌ ഷോയ്ക്ക് പോയി തിരിച്ചു വരുന്ന സമയം, കാറില്‍ പെട്രോള്‍ കുറവ്, ജോബി സാര്‍ പറഞ്ഞു,
"അഭീ പെട്രോള്‍ പമ്പ്‌ കണ്ടാല്‍ പറയണേ..."

കുറച്ചു പോയപ്പോ ഒരു പെട്രോള്‍ പമ്പ്‌...

"മാഷേ വണ്ടി നിര്‍ത്ത്... അതാ ഒരു BP , ഹിന്ദുസ്ഥാന്‍ പെട്രോളിയം"
********************************************************************************
ബോബ്സിന്റെ ആദ്യത്തെ വെക്കേഷന്‍... ബോബ്സും ജോബി സാറും അഭി സാറും കൂടെ ഒരു ഫുള്‍ ബോട്ടിലുമായി കോഴിക്കോട് മൊത്തം അലഞ്ഞു നടപ്പാണ്... ഒരു റൂം കിട്ടാന്‍, അന്ന് മന്‍മോഹന്‍ സിംഗ് വരുന്ന ദിവസം, ഒറ്റ റൂം ഒഴിവില്ല... അവസാനം സ്പാനില്‍ എത്തി, കള്ള് കുടിക്കാന്‍ ആണെന്ന് കേട്ടപ്പോ നോ റൂം! അതോടെ ബോബ്സും ജോബി സാറും ഉറപ്പിച്ചു അടുത്ത ഹോട്ടലില്‍ കള്ളിന്റെ കാര്യം മിണ്ടില്ല. അവരുടെ കഷ്ടകാലത്തിനു ഈ കാര്യം അഭിസാറിനോട് പറയാന്‍ മറന്നു പോയി.

അങ്ങനെ മിംസ് എത്തി, അവിടെ പുതിയൊരു ഹോട്ടല്‍, അവിടെ കേറി റൂം ചോദിച്ചു, റൂം ഉണ്ട്.

ഓര്‍ഡിനറി വേണോ എക്സിക്യൂട്ടീവ് വേണോ?

എക്സിക്യൂട്ടീവ് AC

ഓക്കേ

അങ്ങനെ റൂം റെഡി, ഗസ്റ്റ് Details എഴുതുമ്പോള്‍ അയാള്‍...

ഡ്രിങ്ക്സ് ഒന്നും പാടില്ലാ ട്ടോ...

പാവം നിഷ്ക്കളങ്കന്‍ കേട്ടത് ഡ്രിങ്ക്സ് ഒന്നും ഇല്ലാട്ടോ എന്നാണു... ഉടനെ വന്നു മറുപടി,

"സാരമില്ല, ഞങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്"
********************************************************************************
രാവിലെ തന്നെ ഇരുന്നു പേപ്പര്‍ വായിക്കുന്നു അഭി സാര്‍.
അപ്പൊ കേറി വന്നു സീറ്റില്‍ ഇരുന്ന നിഷി ചേച്ചി...

എന്താ അഭീ ഇന്നത്തെ ന്യൂസ്‌?

"ചന്ദ്ര നായി ബാബുടു ഇലക്ഷനില്‍ തോറ്റു"
********************************************************************************
രാത്രി കള്ളും കുടിച്ചു ഇന്ത്യന്‍ കോഫി ഹൌസില്‍ പോയി അവിടത്തെ തലപ്പാവ് വെച്ച വൈറ്റെര്‍ വന്നപ്പോ ചാടി എണീറ്റു ഭവ്യതയോടെ,

"രാജാവേ അങ്ങുന്നു കല്പ്പിചാലും"

എന്ന് പറഞ്ഞ ഒരു മഹദ് വ്യക്തി ഉണ്ട്...

അയാളെ പറ്റി പിന്നെ എഴുതാം...

Saturday, June 19, 2010

കൂറാസ് മൌത്ത് പാര്‍ട്സ്

പ്രീഡിഗ്രിക്ക് എനികേറ്റവും ഇഷപ്പെട്ട സബ്ജെക്റ്റ് ആയിരുന്നു Zoology & Botany Practical ... മറ്റൊന്നും കൊണ്ടല്ല, കൂറയെയും തവളയെയും കീറുകയും ചെമ്പരത്തിയും തെച്ചിയും ഒക്കെ നുള്ളി കളിക്കുകയും ചെയ്യാലോ...

പ്രീഡിഗ്രി ലാബിലെ അറ്റെന്‍ടെര്‍ ആയിരുന്നു ഇസ്മായില്‍... മൂപെര്‍ക്ക് ഒരു സൈഡ് ബിസിനസ്‌ ഉണ്ടായിരുന്നു... ബ്ലേഡ് കച്ചവടം... പുറത്തല്ല, ലാബിന്റെ ഉള്ളില്‍... തെച്ചിയും ചെമ്പരത്തിയും ഒക്കെ കട്ട്‌ ചെയ്യാന്‍ നമ്മള്‍ വീട്ടില്‍ നിന്നും ബ്ലേഡ് കൊണ്ട് വന്നാല്‍ മൂപെര് സഹിക്കില്ല... കവര്‍ ഇപ്പൊ പൊളിച്ച ബ്ലേഡ് കൊണ്ട് കട്ട്‌ ചെയ്തില്ലെങ്കില്‍ മൈക്രോസ്കൊപ്പിലൂടെ നോക്കിയാല്‍ കാണില്ല എന്നൊക്കെ പറഞ്ഞു പേടിപ്പിക്കും... എല്ലാരും ഇതും കേട്ടു പേടിച്ചു മൂപരുടെ കയ്യില്‍ നിന്നും ബ്ലേഡ് വാങ്ങും... അതോടെ എല്ലാരും കൂടെ ചേര്‍ന്നു മൂപര്‍ക്കൊരു പേരിട്ടു, "ബ്ലേഡ് ഇസ്മായില്‍" പക്ഷെ എക്സാം സമയത്ത് ഇവരൊക്കെ ഭയങ്കര ഹെല്പ് ആണ്... Diagram വരെ ആരും കാണാതെ കാണിച്ചു തരും...

യുനിവേര്സിടി എക്സാം ആയി, തിയറി എക്സാം ഒക്കെ കഴിഞ്ഞു Practical എക്സാം സ്റ്റാര്‍ട്ട്‌ ചെയ്തു, ഫിസിക്സ്‌ കെമിസ്ട്രി Practical കഴിഞ്ഞു... അവസാനത്തെ എക്സാം, Boilogy Practical രാവലെ Zoology ഉച്ചക്ക് ശേഷം Botany . രാവിലെ തന്നെ വന്നിരുന്നു Diagram നോക്കി പഠിത്തം തുടങ്ങി. അപ്പോള്‍ അറ്റെന്‍ഡാര്‍ അടുത്തൂടെ നടന്നിട്ട് പറഞ്ഞു,

"മൌത്ത് പാര്‍ട്സ്... മൌത്ത് പാര്‍ട്സ്"

ദൈവമേ കൂറയുടെ വായ കീറണം... എനിക്ക് ചങ്ങിടിപ്പ് കൂടി... മറ്റൊന്നും കൊണ്ടല്ല, കൂറയുടെ വായ്ക്കുള്ളില്‍ മൌത്ത് Antenna തുടങ്ങുന്നതിന്റെ ഉള്ളില്‍ ഒരു ചെറിയ സുന ഉണ്ട്... പരഗ്ലോസ്സ... അതിന്റെ അറ്റത് വേറൊരു ഫിറ്റിംഗ് ഉണ്ട് ഗ്ലോസ്സ !!! ഒരു കടുക്മണിയോളമേ ഉള്ളു... ഈ പരഗ്ലോസ്സയും ഗ്ലോസ്സയും ഒപ്പം ഇങ്ങു പോരണം... അതെങ്ങാനും പൊട്ടിയാ തീര്‍ന്നു... ഫുള്‍ മാര്‍ക്ക്‌ പോവും... ഒരു കൂറയെ മാത്രമേ കീറാന്‍ തരു...

അങ്ങനെ ഞാന്‍ ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോള്‍ ഷൈലേഷ് വന്നു, ഞാന്‍ അവനോടു കാര്യം പറഞ്ഞു... എന്നെപോലെ പരഗ്ലോസ്സ ഗ്ലോസ്സ പ്രശ്നം ഉള്ള മറ്റൊരു വ്യക്തി ആണ് അവനും...

"ഓ, അത്രേ ഉള്ളു?"

ഞാന്‍ ഞെട്ടി... ഇവനും അപാരം ആയോ? അങ്ങനെ എക്സാം സ്റ്റാര്‍ട്ട്‌ ചെയ്തു, ഭാഗ്യത്തിന് എനിക്ക് കിട്ടിയത് വലിയ ഒരു കൂറയെ, കൂറ വലുതാവുമ്പോള്‍ പരഗ്ലോസ്സയും ഗ്ലോസ്സയും വലുതാവും... എന്തോ ഭാഗ്യത്തിന് എന്നെ പരഗ്ലോസ്സയും ഗ്ലോസ്സയും ചതിച്ചില്ല. ഞാന്‍ ഒരു ദീര്‍ഖ നിശ്വാസം വിട്ടു അടുത്തിരിക്കുന്ന ഷൈലേഷ്നെ നോക്കി. ഞാന്‍ ഞെട്ടി.. അവന്‍ ഒരു നീഡില്‍ എടുത്തിട്ടു കൂറയുടെ വായിലിട്ടു തിരിക്കുന്നു... അവന്റെ മുന്നില്‍ ഉള്ള ഗ്ലാസ്‌ പ്ലേറ്റ് കാലി... ഇവന്‍ എക്സാം തോല്‍ക്കാന്‍ ആണോ പ്ലാന്‍?

"ഡാ നീയെന്താ ചെയ്യുന്നത്?"

അവന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് ചോദിച്ചു,

"ബെല്‍ അടിക്കാനായോ"

"പത്തു മിനിട്ട് കൂടെ ഉണ്ട്"

അവന്‍ Dissection Box ഒക്കെ അടച്ചു വെച്ചു, എന്നിട്ട് ചുറ്റും നോക്കി, പോക്കെറ്റില്‍ നിന്നും ഒരു കടലാസ് പൊതി പുറത്തെടുത്തു... മുന്നില്‍ ഉള്ള ഗ്ലാസ്‌ പ്ലേറ്റ്ഇല്‍ കുറച്ചു വെള്ളം എടുത്ത് നനച്ചു ആ പൊതിയില്‍ ഉള്ള സാധനങ്ങള്‍ അതിലേക്ക് കുടഞ്ഞിട്ടു... എന്‍റെ കണ്ണ് തള്ളിപ്പോയി... "കൂറാസ് മൌത്ത് പാര്‍ട്സ്". മച്ചാന്‍ വീട്ടില്‍ നിന്നും എല്ലാം റെഡി ആക്കി കൊണ്ട് വന്നതാ... ദേഷ്യത്തോടെ ഞാന്‍ ചോദിച്ചു,

"എടാ ദുഷ്ടാ എനിക്ക് കൂടെ ഒരു കവര്‍ കൊണ്ട് വന്നൂടാരുന്നോ?"

"അഞ്ചു കൂറയെ കൊന്നിട്ടാടാ ഇതെങ്കിലും ഒപ്പിച്ചത്"

Friday, June 18, 2010

നീ കൂറയാടാ... കൂറ...

ചെറുപ്പത്തില്‍ പൌഡര്‍ ഭയങ്കര ഇഷ്ടമായിരുന്നു എനിക്ക്, ക്യുട്ടികുറ ഒഴികെ, പരസ്യത്തില്‍ പറയുന്നത് പോലെ എന്‍റെ ചേച്ചി പറയും, 

"ക്യുട്ടി...കുറ...സുന്ദരി... ഞാന്‍ ക്യുട്ടി, നീ കൂറ, ഇവള്‍ സുന്ദരി... നീ കൂറയാടാ... കൂറ..."

എന്നിട്ട് ചേച്ചിയും അനിയത്തിയും കൂടെ ചിരിക്കും... കാരണം ഉണ്ട്,  ഞാന്‍ നടുക്കഷ്ണം ആണ്.... ആ പേരിലെ കൂറയും നടുക്കഷ്ണം ആണ്...  ഈ ഒരൊറ്റ കാരണം കൊണ്ട് ഞാനും ക്യുട്ടികുറയും തമ്മില്‍ കണ്ടാല്‍ കടിച്ചു കീറുന്ന സ്നേഹം ആയിരുന്നു... 

അപ്പൊ പറഞ്ഞു വന്നത്, പൌഡര്‍ ഭയങ്കര ഇഷ്ടമായിരുന്നു എനിക്ക്,  മുഖത്തിടാന്‍ അല്ല, തിന്നാന്‍!!! എത്ര അടി കിട്ടിയാലും ദിവസത്തില്‍ ഒരിക്കലെങ്കിലും പൌഡര്‍ തിന്നാതെ ഇരുന്നിട്ടില്ല ഞാന്‍... അടി എന്നൊക്കെ പറഞ്ഞാ അമ്മയുടെത് ഒരു പ്രത്യേക സ്റ്റൈല്‍ ആണ്... ഇമ്മാതിരി കുരുത്തക്കേടൊക്കെ കണ്ടാ ഒരു പ്രത്യേക രീതിയില്‍ കൈപ്പത്തി ചുരുട്ടി തലക്കിട്ടൊരു കിഴുക്കാണ്... ഈരേഴു പതിനാലു ലോകം ടൂര്‍ പോയി വന്നു പോവും!!! ജഗതിക്ക് തലക്ക് അടി കുടുങ്ങിയ പോലെ പലതവണ കാലു പിണച് നിന്നു പോയിട്ടുണ്ട് ഞാന്‍... അതെങ്ങനെ ആണ് ആ കൈ മടക്കുന്നത് എന്ന് ഞാന്‍ പലപ്പോളും ചിന്തിച്ചിട്ടുണ്ട്, ഇന്നൊക്കെ മുത്തയ്യാ മുരളീധരന്റെ ബൌളിംഗ് ആക്ഷനില്‍ ആ വിരല്‍ എങ്ങനെയാ ബൌളില്‍ ഉള്ളത് എന്ന് ക്യാമറ ഒപ്പി എടുക്കുന്നത് പോലെ വല്ലതും അന്ന് കണ്ടു പിടിക്കനമായിരുന്നു...

അങ്ങനെ ഒരിക്കല്‍ അമ്മവീട് സന്ദര്‍ശിക്കാന്‍ ഞാനും അമ്മയും കൂടെ പോയി... അവിടെ പോയി കയറലും ഞാന്‍ സന്തോഷ പുളകിതനായി... പോണ്ട്സിന്റെ വലിയ ഒരു കുറ്റി!!! അമ്മ പതിവ് ജോലികളിലും അമ്മമ്മ അലക്കലും തുടക്കലും ആയി ബിസി ആയി... ഞാന്‍ പതുക്കെ പോണ്ട്സിന്റെ കുറ്റിയുമായി ബെട്രൂമിലെക്ക് നടന്നു... ഒരു കൊച്ചു കുഞ്ഞിനെ എടുക്കുന്ന പോലെ ആണ് പൌഡര്‍ ഞാന്‍ പിടിച്ചിരിക്കുന്നത്... എവിടുന്നു തിന്നും? ഞാന്‍ ചുറ്റും നോക്കി, രണ്ടു ഷെല്‍ഫ് ഉണ്ട് അതിന്നിടക്ക്‌ എനിക്ക് നില്‍ക്കാം. ഏതെങ്കിലും ഷെല്‍ഫിന്റെ ഡോര്‍ മുഴുവനായി തുറന്നാല്‍ പിന്നെ എന്നെ കാണില്ല... അങ്ങനെ അവിടെ ഇരുന്നു ഞാന്‍ പൌഡര്‍ തിന്നാന്‍ തുടങ്ങി...

ബോധം വന്നത് അമ്മ എന്നെ വിളിക്കുന്നത് കേട്ടപ്പോളാണ്... രണ്ടു നിമിഷത്തെ നിശബ്ദത, പിന്നെ അമ്മമ്മയുടെ വിളിയും അമ്മയുടെ കരച്ചിലും കേട്ടു... പിന്നെ രണ്ടു പേരുടെ കരച്ചിലും കേട്ടു... അവര്‍ രണ്ടു പേരും വീട് മുഴുവന്‍ എന്നെ തിരയുന്നു... ഒരിക്കല്‍ അമ്മ ബെട്രൂമില്‍ കയറി എന്നെ വിളിച്ചു, വിളി കേള്‍ക്കണം എന്നുണ്ട്, വായ  നിറയെ പൌഡര്‍ വെച്ചു സംസാരിക്കാന്‍ ഞാന്‍ അന്ന് പഠിച്ചിട്ടില്ലായിരുന്നു, പിന്നെ, ഇനിയും ഒരിക്കല്‍ കൂടെ അമ്മയുടെ കൈ മുത്തയ്യാ മുരളീധരന്റെ കൈ പോലെ മുകളിലേക്ക് ഉയര്‍ന്നു താഴുന്നതും എനിക്കാലോചികാന്‍ വയ്യ... ഞാന്‍ അവിടെ മിണ്ടാതെ ഇരുന്നു...

കുറച്ചു മുന്നേ ഒരു ഭിക്ഷക്കാരന്‍ വന്നിരുന്നു അവിടെ, അമ്മമ്മയും അമ്മയും വിചാരിച്ചത് അങ്ങേരു എന്നേം കൊണ്ട് സ്കൂട്ട് ആയി എന്നാണു... അവര് കരഞ്ഞതില്‍ ഞാന്‍ ഒരു കുറ്റവും കാണുന്നില്ല!!!

അവസാനം അവസാന ശ്രമം എന്ന നിലയില്‍ ഞാന്‍ പതുക്കെ ഡോര്‍ തുറന്നു പുറത്തിറങ്ങി... എന്‍റെ കഷ്ടകാലത്തിനു അമ്മ കാണുകയും ചെയ്തു... ഞാന്‍ വിചാരിച്ചു  സ്നേഹത്തോടെ  അമ്മ സ്ലോമോഷനില്‍ ഓടി വന്നു  എന്നെ എടുതുയര്‍ത്തും എന്ന്... തൂക്കി കൊല്ലുന്നതിനു മുന്നേ വരെ അവസാനത്തെ ആഗ്രഹം എന്താ എന്ന് ചോദിക്കും, ഇവിടെ അതു പോലും ഉണ്ടായില്ല... അറ്റ്‌ലീസ്റ്റ്, ഒന്ന് പ്രാര്‍ഥിക്കാന്‍ ഉള്ള സമയം... സത്യം പറയട്ടെ കൂട്ടുകാരെ,

എന്‍റെ "കല്യാണമായിരുന്നു" അന്ന് !!!

Thursday, June 17, 2010

ഉപ്പിടാത്ത സോഡാസര്‍ബത്ത്

ഒരിക്കലും ഒരു കൊല്ലത്തില്‍ കൂടുതല്‍ ഒരു ഫ്ലാറ്റില്‍ താമസിക്കാന്‍ പറ്റാത്ത ഹതഭാഗ്യര്‍ ആയിരുന്നു ഞങ്ങള്‍ ധിഷ്ണയിലെ സാധു മനുഷ്യര്‍... ആരും ഞങ്ങള്‍ക്ക് ഫ്ലാറ്റ് റീന്യൂ ചെയ്തു തരില്ല... അങ്ങനെ ഗായത്രി ബാറിന്റെ അടുത്തുള്ള കള്ളുഷാപ്പിന്റെ പിന്നിലുള്ള വീട്ടില്‍ ഒരു വര്ഷം കഴിഞ്ഞപ്പോ ഉടമസ്ഥനോട് ചോദിക്കാതെ വേറെ ഫ്ലാറ്റ് അന്വേഷിക്കാന്‍ തുടങ്ങി... ചോദിച്ചിട്ട് കാര്യം ഇല്ല റീന്യൂ ചെയ്തു തരില്ല...

അങ്ങനെ ആണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ പിന്നിലൂടെ ഒരു കിലോമീറെര്‍ പോയാല്‍ കാണുന്ന ഒരു ഫ്ലാറ്റില്‍ എല്ലാരും കൂടെ താമസം തുടങ്ങിയത്... മൂന്നാമത്തെ നില, വിശാലമായ ഹാള്‍, രണ്ടു ബെഡ്രൂം, അടുക്കള, രണ്ടു ബാത്രൂം, എല്ലാര്‍ക്കും ഫ്ലാറ്റ് ക്ഷ ബോധ്യായി! ബാല്കണി ഡോര്‍ തുറന്നാ ഒരു കുന്നിന്റെ മുകളില്‍ ഉള്ള ഒരു വീടിന്റെ അടുക്കള, പിന്നെ വര്‍ക്ക്‌ ഏരിയ തൊട്ടടുത്!!! ആനന്ദലബ്ധിക്ക് ഇനി എന്തു വേണം? ബിയര്‍ പൊട്ടിച് ചീര്‍സ് പറഞ്ഞു അവിടെ താമസം തുടങ്ങി...

അതിരാവിലെ അഞ്ചരക്ക് ആദ്യം എണീറ്റത് ജിയോ ആണ്... പല്ലൊക്കെ തേച്ചു ഒരു കട്ടന്‍ ഒക്കെ അടിച് ഒരു തോര്‍ത്തുമുണ്ട് ഉടുത്ത് ദേഹമാകെ എണ്ണ എണ്ണ തേച് ജിയോ ബാല്കണി പോയി ദേഹമാകെ ഉഴിഞ്ഞു നില്‍ക്കുമ്പോള്‍ ഒരു അശരീരി... സ്ത്രീ ശബ്ദത്തില്‍...

"ഫാ... കേറിപ്പോടാ അകത്ത്!!"

ഞെട്ടിപ്പോയ ജിയോ ചുറ്റും നോക്കി, ആരെയും കാണാനില്ല... ആകാശതേക്ക് നോക്കി അവിടേം ആരുമില്ല വെളിച്ചമായി വരുന്നതല്ലേ ഉള്ളു... അപ്പൊ വീണ്ടും അശരീരി...

"നിന്നോടല്ലേടാ പട്ടീ, പറഞ്ഞത് അകത്ത് പോവാന്‍"

തകര്‍ന്നു പോയ ജിയോ വിചാരിച്ചു ഇതതോന്നും അല്ല, വേറെന്തോ പ്രശ്നം ഉണ്ട്, കര്‍ത്താവേ വല്ല പ്രേതബാധ ഉള്ള ഫ്ലാറ്റ് ആണോ? ഒന്നൂടെ സൂക്ഷിച്ച് നോക്കിയാ ജിയോ കണ്ടു അടുത്ത വീട്ടിലെ വര്‍ക്ക്‌ ഏരിയയില്‍ ഒരു അമ്മച്ചി... കയ്യില്‍ ഒരു കത്തിയുമായി...

"എന്താടാ നോക്കുന്നത്? നിന്നോടല്ലേ അകത്ത് കേറാന്‍ പറഞ്ഞത്? നാണമില്ലാത്തവന്‍"

കിട്ടേണ്ടത് കിട്ടി, ഇനിയിപ്പോ ഇന്ത്യന്‍ കോഫി ഹൌസില്‍ ഒന്നും പോണ്ട.. ആ പൈസ ലാഭം... അങ്ങനെ കുളി കഴിഞ്ഞു ജിയോ ഏര്‍ലി മോര്‍ണിംഗ് ഷിഫ്റ്റ്‌നു ഓഫീസ് പിടിക്കാന്‍ ആഞ്ഞു നടന്നു... ചെറിയ റോഡ്‌, ബേബി യിലെ വേസ്റ്റ് മൊത്തം ഒഴുകിയെത്തുന്ന വലിയ ഓവുചാല്‍... അതില്‍ നിറയെ വെള്ളം... നല്ല തണുത്ത കാറ്റ്... നല്ല മഞ്ഞു... വെളിച്ചം വന്നു തുടങ്ങുന്നതെ ഉള്ളു... ഒവുചാലിലെ വെള്ളത്തിന്‌ മുകളില്‍ വരെ മഞ്ഞു... ആകപ്പാടെ ഒരു ഭീകര അന്തരീക്ഷം... ഒരു പൂച്ചക്കുഞ്ഞിനെ പോലും ആ പരിസരത്ത് കാണാനില്ല... ജിയോക്ക് ചെറിയ രീതിയില്‍ ഒരു ഞെഞ്ഞിടിപ്പ് തുടങ്ങി... നടന്നിട്ടും നടന്നിട്ടും മെയിന്‍ റോഡ്‌ എത്തുന്നില്ല... ആരോ തന്നെ പിന്തുടരുന്നുണ്ടോ? ഒരു സംശയം... തിരിഞ്ഞു നോക്കി... അതിലും ഭീകരമായ സെറ്റപ്പ് ആണ് പിന്നില്‍... വേഗം നടക്കാന്‍ തുടങ്ങി... ഹാവൂ മെയിന്‍ റോഡ്‌ കണ്ടു തുടങ്ങി... ജിയോ ആഞ്ഞു നടന്നു...

അപ്പോളാണ് ജിയോ കണ്ടത് ഒരു ചേട്ടന്‍ മരത്തിന്റെ താഴെ നിന്നു കാര്യം സാധിക്കുന്നു... ഒരാളെയെങ്കിലും കണ്ടല്ലോ... കര്‍ത്താവ്‌ തുണച്ചു... ജിയോ ആ ചേട്ടനേം നോക്കിക്കൊണ്ട്‌ നടന്നു... അടുതെതുംപോള്‍ കണ്ടു ഒരു സൈക്കിള്‍ നിലത്ത് കിടക്കുന്നു... ഓഹ്ഹോ... രാവിലെ തന്നെ പൂസാണ്‌ ചേട്ടന്‍. അപ്പോളേക്കും ജിയോ ചേട്ടന്റെ അടുതെത്തി... ഒരു കാറ്റടിച്ചു അപ്പൊ... ആ രൂപം ഒന്ന് ആടി... നല്ല പൂസാണല്ലോ... അടുത്തെത്തിയ ജിയോ ഒരു ഞെട്ടലോടെ മനസ്സിലാക്കി... പൂസല്ല... കാര്യം സാധിക്കുകയും അല്ല... ഒരു സാധു മനുഷ്യന്‍ തൂങ്ങി നില്‍ക്കുന്നു!!!

"എന്റമ്മച്യേ"

പക്ഷെ തൊണ്ടയില്‍ നിന്നും ശബ്ദം പുറത്ത് വരുന്നില്ല... ഒന്നൂടെ വിളിച്ചു നോക്കി... രക്ഷയില്ല... ഒരൊറ്റ ഓട്ടം... നിമിഷങ്ങള്‍ക്കുള്ളില്‍ ജിയോ മെയിന്‍ റോഡ്‌ പിടിച്ചു... റോഡിന്‍റെ സൈഡില്‍ ഉള്ള പെട്ടിക്കട കണ്ടു, ഓടി പോയി ബെഞ്ചില്‍ ഇരുന്നു... തണുപ്പത്ത് വിയര്‍ത്തു കുളിച്ചിരിക്കുന്ന ഒരുത്തനെ കണ്ട ആശ്ചര്യത്തില്‍ കടക്കാരന്‍,

"എന്താ വേണ്ടത്?

"ഒരു സോഡാ നാരങ്ങ"

"എന്തു?"

"അല്ല, നാരങ്ങ സോഡാ... അല്ലെങ്കില്‍ വേണ്ട, സര്‍ബത്ത് എടുത്തോ... ഉപ്പിടണ്ട!!!"

ഒരു യാത്രാവിവരണം

ഡാ നമുക്കൊരു ടൂര്‍ പോയാലോ ഇന്ന് രാത്രി??

അതാണ്‌ ജോബി സര്‍! എടുത്തോ... പിടിച്ചോ! ടൂര്‍ എന്ന് പറഞ്ഞാല്‍ "ജലസേചനം" ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകം ആയിരിക്കും... പക്ഷെ ഒരു കുഴപ്പം, ഞാന്‍, സന്ദീപ്‌ സര്‍, ശ്രീജിത്ത്‌ സാര്‍ മാലയിട്ടിട്ടുണ്ട്... സ്വാമിയെ ശരണമയ്യപ്പ... കണക്കെടുതപ്പോ കള്ള് കുടിക്കാതവരായ ഞങ്ങള്‍ 3 പേരും, എന്തിനും തയ്യാറായി വേറെ മൂന്നു പേരും... അങ്ങനെ അവര്‍ മൂന്നു പേര്‍ ടൂര്‍ പോവാന്‍ തീരുമാനിച്ചു, വാശിക്ക് ഞങ്ങള്‍ മൂന്നു പേരും പോവാന്‍ തീരുമാനിച്ചു... മൂകാംബികക്ക്!!! അപ്പൊ അവര്‍ക്കും കാണണം മൂകാംബിക. അങ്ങനെ 6 പേര്‍ രാത്രി 12 : 30 മംഗലാപുരം എക്സ്പ്രസ്സ്‌ പിടിച്ചു...

ഞാന്‍, സന്ദീപ്‌ സാര്‍, ശ്രീജിത്ത്‌ സാര്‍, ജോബി സര്‍, അഭി സാര്‍ പിന്നെ രോഷിത്... പുലര്‍ച്ചെ മംഗലാപുരം എത്തി, അവിടുന്ന് ബസ്സില്‍ കുന്താപുരം എത്തി... പിന്നെ മൂകാംബിക... അമ്പലത്തില്‍ കയറി തൊഴുത് സൌപര്‍ണികയില്‍ പോയി, പെട്ടന്ന് ഒരു ചിന്ത, കുടജാദ്രി പോയാലോ? അടുത്ത് അന്വേഷിച്ചപ്പോ ജീപ്പ് ഉണ്ട്, അതിനു പോവാം... ജീപ്പു മാമനോട് ചോദിച്ചപ്പോ 1500 രൂപ... ഞങ്ങള്‍ നടന്നു പോവും എന്നും വെല്ലുവിളിച്ചു ബസ്‌ പിടിച്ചു...

കുടജാദ്രി മല കയറുന്നതിന്റെ താഴെ ഞങ്ങളെ സുരക്ഷിതര്‍ ആയി അവര്‍ ഇറക്കി... അപ്പോളേക്കും സമയം വയ്കുന്നേരം 3 :30 . ഞങ്ങള്‍ മല കേറാന്‍ തുടങ്ങുമ്പോള്‍ കുറെ മലയാളികള്‍ മല ഇറങ്ങി വരുന്നു... "വേഗം കേറിക്കോ ഒരു മൂന്നു മണിക്കൂര്‍ നടക്കാന്‍ ഉണ്ട്... കൊടും കാടാണ്..." ഞങ്ങള്‍ കണക്കു കൂട്ടി, മൂന്നര പ്ലസ്‌ മൂന്ന്, ആറര!!! വെളിച്ചം ഉണ്ടാവും...

അങ്ങനെ നടക്കാന്‍ തുടങ്ങി, എത്ര നടന്നിട്ടും മലയുടെ മുന്നില്‍ എത്തുന്നില്ല... മുന്നില്‍ മല കാണുന്നുണ്ട്...നടന്നു നടന്നു ഒരു വലിയ ഗ്രൗണ്ടില്‍ എത്തി... അപ്പോളേക്കും എല്ലാവരും പേപ്പട്ടിയെ പോലെ കിതക്കാന്‍ തുടങ്ങിയിരുന്നു... മൂന്നു മണിക്കൂറില്‍ നിന്നും ഒരു മണിക്കൂറും തീര്‍ന്നു... അവിടെ ഒരു കൃഷിസ്ഥലം... നിറയെ വാഴയും പച്ചക്കറികളും... നടുവില്‍ ഒരു ചെറിയ ഓലയിട്ട വീട്... ചുറ്റും കൊടും കാട്... ഇതാരാണപ്പാ ഇവിടെ താമസിക്കുന്നത്? വാതിലിനു മുട്ടിയപ്പോ ഒരു ചേട്ടന്‍... പേര് തങ്കപ്പേട്ടന്‍... തള്ളേ മലയാളി... കൊടും കാട്ടിലും മലയാളി!! തങ്കപ്പേട്ടന്‍ ഞങ്ങളെ ആറു പേരെയും സ്വീകരിച്ചിരുത്തി ചായ, നല്ല പൂവന്‍ പഴം ഒക്കെ തന്നു... പെട്ടന്ന് ജോബി സാറിന്റെ കണ്ണ് ഒന്ന് തിളങ്ങിയത് ഞങ്ങളുടെ കണ്ണില്‍ പെട്ടു... സന്ദീപേ, സൂരജെ, നോക്കെടാ, ഞങ്ങള്‍ തിരിഞ്ഞു നോക്കി... ഒരു ബോര്‍ഡ്‌... "ചാരായം"! ആ തിരിഞ്ഞ ഇരിപ്പില്‍ തന്നെ ബോര്‍ഡ്‌ നോക്കി സന്ദീപ്‌ സാര്‍ ആഞ്ഞു വിളിച്ചു...

"സ്വാമിയേ"

ഞാനും ശ്രീജിത്ത്‌ സാറും ഏറ്റു വിളിച്ചു...

"ശരണമയ്യപ്പാ"

"അല്ല തങ്കപ്പേട്ട, ഏതാ കുടജാദ്രിയിലെക്കുള്ള വഴി?"

"അങ്ങോട്ട്‌ അങ്ങനെ പ്രത്യേകിച്ച് വഴി ഒന്നും ഇല്ലാ.. നിങ്ങള്‍ ഏത് വഴി നടന്നാലും അവിടെ എത്തും, അല്ലെങ്കില്‍ എത്തിക്കും"

"കാട്ടില്‍ മൃഗങ്ങള്‍ ഒന്നും ഉണ്ടാവില്ലായിരിക്കും അല്ലെ?

"കാട്ടില്‍ പിന്നെ മൃഗങ്ങള്‍ ഇല്ലാതിരിക്കോ? അവറ്റകള്‍ നിങ്ങളെ ഒന്നും ചെയ്യില്ല, കഴിഞ്ഞ മുപ്പതു വര്‍ഷമായി ഞാന്‍ ഇവിടെ, ഇത് വരെ ഞാന്‍ കേട്ടിട്ടില്ല അങ്ങനെ ഒരു സംഭവം, പിന്നെ, കാട്ടുപോത്തിന്റെ മുന്നില്‍ മാത്രം പെടരുത്..."

"അയ്യോ, കാട്ടുപോത്ത് ഉണ്ടോ?"

അതിനു തങ്കപ്പേട്ടന്‍ ചിരിച്ചതെ ഉള്ളു, പിന്നേം സംസാരിച്ചു സമയം പോയതറിഞ്ഞില്ല...ഒരു അര മണിക്കൂര്‍ ചായകുടിക്ക് പോയി... തങ്കപ്പേട്ടന്‍ തന്ന ധൈര്യം ഉള്ളില്‍ ഉണ്ടെങ്കിലും, ആവശ്യമില്ലാത്ത പേടിയൊക്കെ മനസ്സില്‍ കയറ്റിയിട്ടു ഞങ്ങള്‍ നടത്തം തുടങ്ങി. കുറച്ചങ്ങു നടക്കലും എല്ലാരും ഞെട്ടി, നല്ല ആവി പറക്കുന്ന ചാണകം... ഫ്രഷ്‌! അതോടെ ഭൂലോക കൂടിയാലോചന,

"കാട്ടുപോത്ത് ഇവിടെ എവിടെയോ ഒളിച്ചിരിപ്പുണ്ട്, നമ്മളെ അറ്റാക്ക് ചെയ്യാന്‍ വരുകയാണെങ്കില്‍ ആറു പേരും ആറു വഴിക്ക് ഓടണം... അപ്പൊ കാട്ടുപോത്തിന് കണ്ഫ്യുഷന്‍ ആവും അപ്പൊ നമുക്ക് രക്ഷപ്പെടാം..."

അങ്ങനെ കാട്ടുപോത്തിനേം പേടിച്ചു നടക്കുമ്പോള്‍ ഞങ്ങള്‍ കണ്ടു ദൂരെ നില്‍ക്കുന്നു ഒരു "വെള്ള കാട്ടുപോത്ത്" തങ്കപ്പേട്ട‍ന്റെ പശു !!!

മെലിഞ്ഞവരൊക്കെ സ്പീടിലും തടിച്ചവരൊക്കെ പതുക്കെയും ആയി നടത്തം... രോഷിതും അഭി സാറും മുന്നില്‍ ഓടുന്നു, പിന്നാലെ ശ്രീജിത്ത്‌ സര്‍ പിന്നെ സന്ദീപ്‌ സര്‍ ഏറ്റവും ബാക്കില്‍ ഞാനും ജോബി സാറും... കൂടെ ഉള്ളവര്‍ ദൂരെ ദൂരേക്ക് പോയി കഴിഞ്ഞു. അപ്പൊ ജോബി സാര്‍,

"എടാ വേഗം നടക്ക്, സമയം വയ്കുന്നു... നീ സാവധാനം വാ ഞാന്‍ നടക്കാണ്"

കിതച്ചു കൊണ്ട് ഞാന്‍ പറഞ്ഞു,

"ജോബി സര്‍ നിങ്ങള്‍ എന്നെ ഇവിടെ ഇട്ടു പോവാണെങ്കില്‍ ഞാന്‍ നാളെ തന്നെ റിസൈന്‍ ചെയ്യും"

അഞ്ചര ആയപ്പോളെ കാട്ടില്‍ കൂരിരുട്ട്... മുന്നില്‍ പോയ അഭി സര്‍ എല്ലാവരുടെയും നടുവില്‍...

"എനിക്കറിയാം നിങ്ങള്‍ക്കെല്ലാര്‍ക്കും പേടി ഉണ്ടെന്നു.. നടന്നോളൂ"

പിന്നീടുള്ള നടത്തം മൊബൈലിന്റെ വെളിച്ചത്തില്‍ ആയിരുന്നു... മുന്നില്‍ പോയ രോഷിത് ഒരൊറ്റ നില്‍ക്കല്‍.

"എടാ പാമ്പ്"

നോക്കുമ്പോള്‍ ഒരു പാമ്പ് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തില്‍ പോവുന്നു... അതോടെ രോഷിത് സെക്കന്റ്‌ ലാസ്റ്റ് ആക്കി നടത്തം... പിന്നെ കൊടും കാറ്റിലൂടെ കൂരിരുട്ടത് തോളില്‍ കൈ വെച്ചു ആറു പേര്‍ തപ്പി പിടിച്ചു നടക്കുന്നു... കുറച്ചൂടെ നടന്നപ്പോ ജീപ്പ് പോവുന്ന ശബ്ദം കേട്ടു... അതോടെ നടത്തത്തിന്റെ വേഗത കൂടി... അപ്പോളതാ മുന്നിലൊരു ചെറിയ കുന്ന്... അതിന്റെ മുകളില്‍ കാണാം ഒരു വീട്... അതോടെ ആവേശം മൂത്ത രോഷിത് എല്ലാരേം ഓവര്‍ടെക് ചെയ്തു കുന്നിന്റെ മുകളില്‍ പറ്റി കയറി അപ്പുറം ചാടി... പിന്നാലെ സന്ദീപ്‌ സാറും...

"അയ്യോ ചാടല്ലേ, കുഴീ"

പിന്നെ അവനെ വലിച്ചു കേറ്റി ആ കുന്നു ചുറ്റി നടന്നു ഏതോ മരത്തിന്റെ വള്ളിയൊക്കെ പിടിച്ചു മുകളില്‍ എത്തി... സമയം ഏഴര ! ഒരു ചെറിയ അമ്പലം... അതിനടുത് ഒരു വീട്.. ഒരു കുന്നു കയറിയാ ഒരു ഗസ്റ്റ് ഹൌസ്... കഴിഞ്ഞു... അവിടെ എതുംബോളെക്കും എല്ലാവരും തണുത്ത വിറച്ചു ഒരു വഴിക്കായിരുന്നു... മൂത്രമൊഴിക്കാന്‍ പാറപ്പുറത്ത് കയറിയ രോഷിത് പത്തു മിനിറ്റ് കഴിഞ്ഞും റിസള്‍ട്ട്‌ ഒന്നും കാണാതെ നിരാശനായി തിരിച്ചു പോന്നു, ആ ഗതി വരരുത് എന്ന് കരുതി ബാത്രൂമിലെക്ക് ഓടിയ ജോബി സാര്‍ അവിടെ കെട്ടിയിട്ട പട്ടി ഓടിച്ചു പോയതിലും സ്പീഡില്‍ തിരിച്ചെത്തി, പിന്നെ വീട്ടുകാര്‍ തന്ന കമ്പിളി പുതച്ചു സുഖമായി ഉറങ്ങിയ ഞങ്ങള്‍ രാവിലെ ആയപ്പോളാണ്കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കുന്നത്...

മലയുടെ മുകളില്‍ നിന്നും നോക്കുമ്പോള്‍ ഞങ്ങള്‍ വന്ന വഴി ഭംഗിയായി കാണാം... ഇത്രയും ഭീകരം ആണ് എന്ന്നു അപ്പോളാണ് മനസ്സിലായത്... എല്ലാരും താങ്ങി നിന്നു കാര്യം സാധിച്ച മൂത്രപ്പുര ഒരു കാലി ഷെഡ്‌ ആണ് അതിനപ്പുറം അഗാധ ഗര്‍ത്തം!! രോഷിത് ചാടിയ കുഴിയുടെ ഗതിയും മറ്റൊന്നല്ല, അവന്‍ കുഴിയുടെ പകുതിയേ എത്തിയിരുന്നുള്ളൂ...

എന്തായാലും നനഞ്ഞിറങ്ങി... ഇനി കുളിച്ചു കയറാം എന്ന് വിചാരിച്ചു രാവിലെ തന്നെ എല്ലാരും കൂടെ ചിത്രമൂല കാണാന്‍ നടന്നു. ശ്രീ ശങ്കരാചാര്യര്‍ തപസ്സിരുന്ന സ്ഥലത്തൊക്കെ കേറി അശുദ്ധമാക്കി ഞങ്ങള്‍ മലയിറങ്ങാന്‍ തീരുമാനിച്ചു.... നടന്നിറങ്ങാന്‍ ആര്‍ക്കും താല്പര്യം ഇല്ല... പറഞ്ഞ പൈസ കൊടുത്ത് ജീപ്പില്‍ പോയി...

തിരിച്ചിറങ്ങുമ്പോള്‍ പണ്ട് അച്ഛമ്മ പറഞ്ഞ ഒരു കാര്യം എനിക്കോര്‍മ വന്നു, മൂകാംബികയില്‍ പോണം എന്ന് വിചാരിച്ചാല്‍ അതു നടക്കില്ല... ഒരു സമയം ആവുമ്പോള്‍ നമ്മളെ വിളിച്ചു കൊണ്ട് പോയ പോലെ അവിടെ എത്തും... പിന്നെ ചിത്രമൂല കയറി ഇറങ്ങിയാല്‍ നമ്മളുടെ പാപങ്ങള്‍ എല്ലാ കഴുകിക്കളഞ്ഞ പോലെ ആയിരിക്കും... ജീപ്പില്‍ ഇരുന്നുറങ്ങുന്ന അഞ്ചു പേരെയും ഞാന്‍ മാറി മാറി നോക്കി... എനിക്ക് ചിരി വന്നു!!!

Wednesday, June 16, 2010

ഷീന മേനോന്‍

ഷീന...
അവളെ ഞാന്‍ പരിചയപ്പെടുന്നത് 2004 സെപ്റ്റംബര്‍ ആണ്. ധിഷണയില്‍ ജോയിന്‍ ചെയ്‌ത സമയം, വെറുതെ ഒരു തമാശക്ക് തുടങ്ങിയതാണ് ചാറ്റിങ്... യാഹൂ, MSN ചാറ്റ് റൂമുകളില്‍ അലഞ്ഞു നടന്ന കാലം... അങ്ങനെ ഇരിക്കെ ഏതോ ഒരു കേരള റൂമില്‍ കയറി ഹെഡ് ഫോണ്‍ വെച്ചു പരസ്പരം ഉള്ള തെറിവിളി കേട്ടു സന്തോഷിച്ചിരിക്കുമ്പോള്‍ ഒരു ഇന്‍സ്റ്റന്റ് ചാറ്റ് ബോക്സ്‌ പോപ്‌ അപ്പ്‌ ചെയ്തു വന്നു...

"ഹായ്"

പേര് നോക്കി "ഷീന മേനോന്‍". പേര് കൊള്ളാം... ഞാനും തിരിച്ചു പറഞ്ഞു

"ഹായ്"

ആ ഹായ് ഹലോ വിളി പിന്നീടു അഗാധമായ ഒരു ബന്ധത്തിലെക്കുള്ള ചവിട്ടുപടി ആയിരിക്കും എന്ന് അപ്പൊ ഞാന്‍ വിചാരിച്ചില്ല, ഇണക്കങ്ങളും പിണക്കങ്ങളും ആയി ഷീനയും ഞാനും പലപ്പോളായി ഹൃദയങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ എറിഞ്ഞു കളിച്ചു... ഇടക്ക് അരുണ്‍ സാറും തംബനും ഞാന്‍ ഇരിക്കുന്ന റൂമില്‍ കയറി വരുമ്പോള്‍ പെട്ടന്ന് ക്ലോസ് ചെയ്യാന്‍ വേണ്ടി യാഹൂവിന്റെ ഷോര്‍ട്ട് കട്ട്‌ കീകള്‍ ഞാന്‍ ഹൃദിസ്ഥമാക്കി... ഓഫീസ് ടൈം കഴിഞ്ഞു റൂമില്‍ പോവാതെ മണിക്കൂറുകളോളം ഞാന്‍ എന്‍റെ കമ്പ്യൂട്ടറിന്റെ മുന്നില്‍ തപസ്സിരുന്നു. സ്റ്റാഫ്‌ സെമിനാര്‍ ഒക്കെ ഉള്ളപ്പോള്‍ എന്‍റെ സെമിനാര്‍ ആദ്യം തീര്‍ത്തു ഞാന്‍ എന്‍റെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഷീനയെ കാത്തിരിപ്പായി. അവളും അതു പോലെ, രണ്ടാഴ്ച കഴിഞ്ഞപ്പോ എനിക്കൊരു കാര്യം മനസ്സിലായി... ഇതാണെന്റെ പെണ്ണ്... അവളെ പിരിഞ്ഞിരിക്കാന്‍ എനിക്കിനി കഴിയില്ല... പക്ഷെ കണ്ണൂര്‍ ഉള്ള അവളെ എങ്ങനെ കാണും? തളിപ്പറമ്പ് ആണ് സ്ഥലം എന്ന് മാത്രേ എനിക്കറിയു, പെട്ടന്ന് ഒരു ബുദ്ധി തെളിഞ്ഞു, സന്ദീപ്‌ സര്‍!!! കണ്ണൂര്‍ക്കാരന്‍...

"മാഷേ തളിപ്പറമ്പ് കണ്ണൂര്‍ എവിടെയാ?"

"മ്, എന്തിനാ?"

പിന്നൊന്നും ഞാന്‍ ചോദിച്ചില്ല, ആരെയും വിശ്വസിക്കരുത്, എല്ലാം കാട്ടാളന്മാര്‍ ആണ്... അങ്ങനെ ഇരിക്കെ ഒരു ദിവസം പതിവ് ഹൃദയം കൊണ്ടുള്ള ഹാന്‍ഡ്‌ ബൌള്‍ മത്സരം കഴിഞ്ഞു ഷീന എന്നോട് ചോദിച്ചു,

"തൊണ്ടയാട് എവിടെയാ"

"എന്തിനാ"

"എന്‍റെ കൂട്ടുകാരിയുടെ കല്യാണം ഉണ്ട്, അതിനു വരാനാ"

"എന്നെ കാണാന്‍ വരുമോ"

"അതിനും കൂടെയാ ഞാന്‍ വരുന്നത്"

സന്തോഷം കൊണ്ട് ഒരു മിനിറ്റ് നേരത്തേക്ക് ഞാന്‍ പ്രഭുദേവ ആയി!

"ടൌണില്‍ നിന്നും മെഡിക്കല്‍ കോളേജ് റൂട്ടില്‍ ആണ്"

"നമ്മള്‍ എവിടെ വെച്ചു കാണും"

"ബേബി മെമ്മോറിയല്‍ ഹോസ്പിടലിന്റെ അടുത്താണ് എന്‍റെ ഓഫീസ്, SBT സോണല്‍ ഓഫീസ് ബില്‍ഡിംഗ്‌. അതിനു താഴെ അപൂര്‍വ ബേക്കറി ഉണ്ട്, അവിടെ വെച്ചു കാണാം"

"ശനിയാഴ്ച ഞാന്‍ വരും"

"ഒറ്റയ്ക്കാണോ വരുന്നത്?"

"അതേ"

വീണ്ടും പ്രഭുദേവ!!

അങ്ങനെ ശനിയാഴ്ച ആയി, അന്ന് അരുണ്‍ സര്‍ എനിക്കൊരു സെമിനാര്‍ വെച്ചു, കൃത്യം 5 മണിക്ക്, ഞാന്‍ കാലു പിടിചു, അഞ്ചു മണിക്ക് എനിക്ക് ഒരാളെ കാണാന്‍ പോണം, എന്‍റെ ഫ്രണ്ട് വരുന്നുണ്ട്, അവസാനം സെമിനാര്‍ മൂന്നു മണിക്ക് ആക്കി, സെമിനാര്‍ കഴിഞു ഞാന്‍ പറന്നു അപൂര്‍വ എത്തി... ഏതാനും മിനിട്ടുകള്‍ മാത്രം, അപ്പൊ ഷിജിചെചിയും, നിഷിചെച്ചിയും ഇറങ്ങി വന്നു,

"എന്താ ഇവിടെ നിക്കുന്നെ?"

"എന്‍റെ ഒരു ഫ്രണ്ട് വരുന്നുണ്ട്"

അവര്‍ പോയി... അഞ്ചു മണി കഴിഞ്ഞു, ഇതെന്താ വരാത്തത്? ഇനിയിപ്പോ അപൂര്‍വയില്‍ കയറി ഇരിപ്പുണ്ടാവുമോ? ഞാന്‍ അപൂര്‍വയില്‍ കയറി നോക്കി, താഴെ എങ്ങും കാണാന്‍ ഇല്ല... മുകളില്‍ കയറി നോക്കി... അവിടെയും ഇല്ല... താഴേക്ക് ഇറങ്ങുമ്പോള്‍ അരുണ്‍ സാര്‍ കയറി വരുന്നു...

നാശം, ഈ ചെങ്ങായിക്ക് വേറെ എവിടേം കണ്ടില്ലേ ചായ കുടിക്കാന്‍ കേറാന്‍? ഞാന്‍ പുറമേ ചിരിച്ചു, പിന്നെ കാണുന്നത് ദിലീപ് സര്‍, അഭി സര്‍, സന്ദീപ്‌ സര്‍, തമ്പു, രോഷിത്, അങ്ങനെ ഓരോരോ ചെകുത്താന്മാര്‍ അപൂര്‍വയിലെക്ക് ഇടിച്ചു കേറുന്നതാണ്.... എന്നെ ഒരു സീറ്റില്‍ പിടിച്ചിരുത്തി അരുണ്‍ സാര്‍...

"നീയാരെയാ വെയിറ്റ് ചെയ്യുന്നത്"

ഞാന്‍ പതിവ് ഡയലോഗുകള്‍ പുറത്തെടുത്തു,

"എന്‍റെ ഫ്രണ്ട് റിയാസ് വരുമെന്ന് പറഞ്ഞിട്ടുണ്ട് അവനെ വെയിറ്റ് ചെയ്യാ"

"മ്, അപ്പൊ ഷീന മേനോനോ?"

ഇരുന്നിടം പിളര്‍ന്നു പണ്ട് സീതെടത്തി പോയ പോലെ ഒരു പോക്ക് പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയി...

"ഞാന്‍ തന്നെയാടാ ഷീന മേനോന്‍"

ഈശ്വരാ എത്ര മിന്നല്‍ വെറുതെ വേസ്റ്റ് ആവുന്നു, ഒന്നെന്റെ തലയില്‍ അടിച്ചിരുന്നെങ്കില്‍... പിന്നെ അവിടെ സൊമാലിയ ക്യാമ്പ്‌ ആയിരുന്നു... എന്‍റെ ചെലവില്‍ അപൂര്‍വ മൊത്തം തിന്നിട്ട് എല്ലാ എണ്ണവും പോയി... ഞാന്‍ ഒരു നിമിഷം എല്ലാം ഒന്ന് റീവയ്ണ്ട് ചെയ്തു നോക്കി... എന്തൊക്കെ ബഹളമായിരുന്നു, മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ്‍, ബോംബു, ഒലക്കേടെ മൂട്... അവസാനം പവനാഴി ശവമായി!!!

Tuesday, June 15, 2010

അറബിഭാര്യ

"ചേട്ടാ.... എണീക്ക്, സമയം എത്രയായി എന്ന് നോക്ക്... ഓഫീസില്‍ പോണ്ടേ? എണീക്ക്... എണീക്കാന്‍...."

ഞാന്‍ കണ്ണ് തുറന്നു നോക്കുംമ്പോള്‍ മുന്നില്‍ ഒരു അബായ ഒക്കെ ഇട്ടു ഒരു സുന്ദരി അറബിപെണ്ണ്...

"എത്ര നേരമായി വിളിക്കുന്നു, എണീറ്റൂടെ... ലേറ്റ് ആവും കേട്ടോ... സണ്‍‌ഡേ ആണ്, ട്രാഫിക്‌ ഉണ്ടാവും"

ഇതാരാ എന്‍റെ ഭാര്യയാണോ? അതിനു ഞാന്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ... അതല്ല, എങ്ങനെയാണ് അറബി പെണ്ണ് മലയാളം സംസാരിക്കുന്നത്? എന്‍റെ കല്യാണം എപ്പോ കഴിഞ്ഞു? ഇതേത സ്ഥലം? തിരിഞ്ഞു നോക്കിയാ ഞാന്‍ ഞെട്ടി... രണ്ടുമൂന്നു വയസ്സുള ഒരു കൊച്ചു മോള്‍ കിടന്നുറങ്ങുന്നു... അയ്യോ, ഇതേതാ കൊച്ചു? ഇന്ന് ഏപ്രില്‍ ഫൂള്‍ ആണോ? ആരെങ്കിലും എന്നെ പറ്റിക്കുകയാണോ? അനീസ്‌ എവിടെ?

"അല്ല, ഇതെന്താ തലക്ക് കയ്യും വെച്ചു ഉറങ്ങാണോ? എണീക്കെന്നു... സമയം പോണുട്ടോ..."

ഞാന്‍ എണീറ്റു...

"ദാ ടവല്‍... മോളുടെ സോപ്പ് എടുക്കരുത് ട്ടോ... എന്താ ഇങ്ങനെ നോക്കുന്നെ, വേഗം പോയി കുളിക്ക്... അയ്യോ ദോശ കരിഞ്ഞെന്നാ തോന്നുന്നത്... ഇത് പിടിക്ക്"

അറബി ദോശ തിന്നാനോ? എനിക്കെന്താ പറ്റിയത്? ഇനി ഞാന്‍ "മെന്റല്‍ ഡിസൂസ" ആയോ... ഈശ്വരാ ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല... എന്‍റെ കണ്ണില്‍ വെള്ളം നിറഞ്ഞു... എവിടെയാ ബാത്രൂം? എന്റമ്മേ... എനിക്കെന്റെ അമ്മയെ കാണണം... ബാത്രൂം കണ്ടു പിടിച്ചു അകത്ത് കയറി ടവല്‍ ഹന്ഗേരില്‍ ഇട്ടു ടാബ്ബിലെക്ക് കാലെടുത് വെക്കുമ്പോള്‍

"ചേട്ടാ ടബ്ബില്‍ കയറുമ്പോള്‍ സൂക്ഷിക്കണേ... മോളുടെ ഓയില്‍ മറഞ്ഞിട്ടുണ്ട്"

ഇത് "എന്‍റെ ഭാര്യ" പറയലും ഞാന്‍ ടബ്ബില്‍ കയറലും തലയടിച്ചു വീഴലും ഒപ്പം....

"അയ്യോ...എന്‍റെ തല... ഈശ്വരാ... ചോരാ"

"എന്താണെടാ... ഉറങ്ങാനും സമ്മതിക്കൂലെ?"

കണ്ണ് തുറന്നു നോക്കുമ്പോള്‍ അനീസ്‌...

"എന്താ"

"കുന്തം... കിടന്നുറങ്ങെടാ"

"തലയടിച്ചു വീണതോഴിച്ചാല്‍, ബാകിയെല്ലാം കൊള്ളായിരുന്നു..."

"ഇനി നീ മിണ്ടിയാ ഞാന്‍ ആയിരിക്കും നിന്‍റെ തലക്കടിക്കുക"

പുകവലി!

കോഴിക്കോട് Dhishna Technologies ജോലി ചെയ്യുന്ന സമയം... സ്വന്തമായി നാല് കാശ് കയ്യില്‍ വരാന്‍ തുടങ്ങിയപ്പോ നാലാള്‍ കേട്ടാല്‍ പുറത്ത് തട്ടി അഭിനന്ദിക്കുന്ന ഒരു ശീലം തുടങ്ങി.

പുകവലി!

ഫുഡ്‌ അടിച് സുബൈര്‍ക്കായുടെ പെട്ടികടയില്‍ പോയി ഒരു കിങ്ങ്സ് വലിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആത്മനിര്‍വൃതി കണ്ടെത്തിയിരുന്ന കാലം... ഒറ്റക്ക് പോയി വലിക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ പോവുമ്പോള്‍ കൂടെ ആരെങ്കിലും ഉണ്ടാവുമായിരുന്നു... അന്നെനിക്ക് കൂടെ കിട്ടിയത് പുകവലി ശീലം ഇലാത്ത രോഷിതിനെ ആയിരുന്നു... Passive Smoking ന്റെ ബാലപാഠങ്ങള്‍ അവനെ പഠിപ്പിച്ചു കൊണ്ട് ഞാന്‍ വലിയിലെക്ക് ശ്രദ്ധ കൊടുത്തു...

റോഡിനു പുറം തിരിഞ്ഞു ഞാനും എന്‍റെ നേര്‍ക്ക് തിരിഞ്ഞു രോഷിതും നിക്കുന്നു... അവന്റെ കയ്യില്‍ സുബൈര്‍ക്കയുടെ കൈപ്പുണ്യം കലര്‍ത്തിയ സോഡാ സര്‍ബത്ത്...

വലി ഏതാണ്ട് പകുതിയായപ്പോ സര്‍ബത്ത് കുടിച്ചു കൊണ്ടിരുന്ന രോഷിത് പെട്ടന്ന് കുടി നിര്‍ത്തി... പക്ഷെ ഗ്ലാസ്‌ വായില്‍ നിന്നും എടുക്കുന്നില്ല... എന്നിട്ട് കണ്ണ് കൊണ്ട് ആന്ഗ്യം കാണിക്കുന്നു...

"എന്താ?"

രോഷിത് ഒരക്ഷരം മിണ്ടുന്നില്ല... ഞാന്‍ ഒരു പുക അകത്തേക്ക് എടുത്തു... പെട്ടന്ന് തോളില്‍ ഒരു തട്ട്, പുകയൂതിക്കൊണ്ട് ഞാന്‍ തിരിഞ്ഞു നോക്കി... എന്‍റെ കാല്‍പാദത്തില്‍ നിന്നും നട്ടെല്ല് വഴി മെഡുല ഒബ്ലാംഗേറ്റയിലെക്ക് ഒരു ഒരു കൊള്ളിയാന്‍ പാഞ്ഞു...

അച്ഛന്‍ !!

ഞാന്‍ തിരിഞ്ഞു രോഷിതിനെ നോക്കിയപ്പോ അവന്റെ പൊടി കാണാന്‍ ഇല്ല... നിന്നിടം ശൂന്യം!! അച്ഛന്‍ വളരെ ശാന്തന്‍ ആയി എന്തൊക്കെയോ എന്നോട് പറഞ്ഞു. എവിടെയാ വന്നത്, എന്തിനാ വന്നത്.. പോവാന്‍ സമയമായി... എന്നൊക്കെ, ഞാന്‍ ഒന്നും കേട്ടില്ല... ചെവി രണ്ടിലും വണ്ട്‌ മൂളുന്ന ശബ്ദം മാത്രം. അപ്പോളും ഞാന്‍ സിഗരെറ്റ്‌ നിലത്തിട്ടിട്ടില്ല... അതെന്റെ കയ്യില്‍ ഇരുന്നു പുകയുന്നു...

"നീ വെള്ളിയാഴ്ച വീട്ടില്‍ വരില്ലേ?"

ആ... അതു ഞാന്‍ കേട്ടു.

"വരാം"

അച്ഛന്‍ പോയി... എനിക്ക് 2 മിനിറ്റ് എടുത്തു സ്ഥലകാലബോധം വരാന്‍... സുബൈര്‍ക്ക ചിരിക്കുന്നു, സര്‍ബത്ത് കുടിക്കാന്‍ വന്നവര്‍ ചിരിക്കുന്നു... ഞാനും ചിരിച്ചു, സര്‍ബതിന്റെം കിങ്ങ്സിന്റെം പൈസ കൊടുത്ത് ഓഫീസില്‍ എത്തിയപ്പോ രോഷിത് ചിരിച്ചു കൊണ്ട്,

"നീയെവിടെ ആയിരുന്നെടാ?"

ഞാന്‍ പറഞ്ഞ മറുപടി ഇവിടെ എഴുതാന്‍ പറ്റില്ല... എന്തായാലും ഞാന്‍ പിന്നെ വീട് കണ്ടത് രണ്ടു ആഴ്ച കഴിഞ്ഞാണ്!!!

ഹാഷിമും മട്ടനും

റംസാന്‍ നോമ്പിന്റെ സമയം... ഒരു ദിവസം ചാക്കീരി നോമ്പ് തുറക്കാന്‍ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു... അപ്പോളെ ഹാഷിം പറഞ്ഞു,

"എനിക്ക് ചിക്കന്‍ ഇഷ്ടമല്ല, മട്ടന്‍ ആണ് ഇഷ്ടം"

അങ്ങനെ ഞങ്ങള്‍ 5 പേരും കൂടെ പെരിന്തല്‍മണ്ണക്ക് വെച്ചു പിടിച്ചു...
പെരിന്തല്‍മണ്ണ DYSP ആയിരുന്നു ചാക്കീരിയുടെ വാപ്പ... നല്ല കൊമ്പന്‍ മീശ ഒക്കെ വെച്ച ഒരു കിടിലന്‍ പോലീസ് ഓഫീസര്‍...

അവിടെ ചെന്നു കയറിയപ്പോ അവിടെ എല്ലാരും ഉണ്ട്.. അവന്റെ ഉമ്മ, ഉപ്പ, അനിയന്‍, ചേച്ചി, അളിയന്‍... അതോടെ ഞങ്ങള്‍ മാന്യന്മാര്‍ ആയി... ഉപ്പ വന്നു ഞങ്ങളുടെ കൂടെ ഇരിക്കലും കുറച്ചൂടെ മാന്യത ഞങ്ങള്‍ കയ്യീന്ന് എടുത്തിട്ടു... എല്ലാവരോടും വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു... എല്ലാത്തിനും താണ് വണങ്ങി ഞങ്ങള്‍ മറുപടി കൊടുത്തു... അങ്ങനെ നോമ്പ് തുറയുടെ സമയമായി... ഉമ്മ കുറച്ചു കാരക്കയും വത്തക്ക മുറിച്ചതും പിന്നെ ജൂസ് ഒക്കെയായി വന്നു...

"എടുത്ത് കഴിക്കൂ"

ഉപ്പയുടെ വായില്‍നിന്നും അതു വീഴുന്നത് വരെ ഞങ്ങള്‍ വെയിറ്റ് ചെയ്തു. പേരിനു ജൂസ് കുടിച് കാരക്കയും കഴിച്ചു എന്ന് വരുത്തി...

നിസ്കാരം ഒക്കെ കഴിഞ്ഞു മെയിന്‍ കോര്‍സ് ഫുഡ്‌ കഴിക്കാന്‍ ഞങ്ങള്‍ ഡൈനിങ്ങ്‌ റൂമില്‍ എത്തി... ഞങ്ങളുടെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. ഡൈനിങ്ങ്‌ ടേബിള്‍ നിറയെ വിഭവങ്ങള്‍...ചിക്കന്‍, മട്ടന്‍, ബീഫ്, കോഴിമുട്ട, എന്നിവ കൊണ്ടുണ്ടാകിയ പലതരം വിഭവങ്ങള്‍... പിന്നെ സമൂസ, ഉള്ളിവട പോലെ ഉള്ള സ്നാക്സ് ഐറ്റംസ് വേറെയും... പത്തു പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന വലിയ ഡൈനിങ്ങ്‌ റൂമില്‍ എല്ലാരും ഇരിപ്പുറപ്പിച്ചു... ഞങ്ങള്‍ എല്ലാരും എന്തിനോ വേണ്ടി കാത്തിരുന്നു... അവസാനം അതു കേട്ടു...

"എടുത്ത് കഴിക്കൂ"

ഉപ്പയുടെ വായില്‍ നിന്നും അതു കേള്‍ക്കലും ഞങ്ങള്‍ എല്ലാരും കൂടെ പതുക്കെ ഓരോന്ന് എടുത്ത് കഴിക്കാന്‍ തുടങ്ങി, അപ്പൊ ഉമ്മ,

"റിയാസേ, ആ മട്ടന്‍ ഹാഷിമിന്റെ അടുത്തേക്ക് നീക്കി വെച്ചു കൊടുക്ക്"

അതു കേള്‍ക്കലും ഹാഷിം രൂക്ഷമായി റിയാസ് ചാക്കീരിയെ നോക്കി...

"നിങ്ങളെന്താ ഒന്നും കഴിക്കാത്തത്? എടുത്ത് കഴിക്കൂ..."

ഇത് പറഞ്ഞു കഴിയലും കറന്റ്‌ പോയി...

"ആ മെഴുകുതിരി എടുത്തോളൂ"

റിയാസിന്റെ വാപ്പയുടെ ശബ്ദം കേട്ടു.... മെഴുകുതിരി എത്താന്‍ ഒരു രണ്ടുമൂന്നു മിനിറ്റ് എടുത്തു... മെഴുകുതിരി എത്തലും പെട്ടന്ന് കറന്റ്‌ വന്നു... റിയാസിന്റെ വാപ്പക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല...

ടേബിള്‍ ഏതാണ്ട് കാലി... എല്ലാ വിഭവങ്ങളും പകുതി ആയി ചുരുങ്ങിയിട്ടുണ്ട്... ഹാഷിമിന്റെ മുന്നിലുള്ള മട്ടന്റെ പാത്രം കാലി...

ശരിക്കും ഞെട്ടിയത് ഹാഷിം ആണ്... അവന്റെ പ്ലേറ്റ് നിറയെ ചിക്കനും മട്ടനും ചപ്പാത്തിയും പൊറോട്ടയും... പ്ലേറ്റിന്റെ മുന്നില്‍ മട്ടന്റെ എല്ലിന്റെ കൂമ്പാരം...അവനാണെങ്കില്‍ ആദ്യമായി എടുത്ത സമൂസയും കടിച്ചു പിടിച്ചു ഇരിക്കുന്നു...

തമ്പുവിന്റെ പെണ്ണുകാണല്‍

കാട്ടിക്കുളം to ദുബായ്, പിന്നെ കാട്ടിക്കുളം to അബുദാബി പോയി സ്വന്തം കാലില്‍ തനിക്ക് നിവര്‍ന്നു നില്ക്കാന്‍ പറ്റും എന്ന് പൂര്‍ണ ബോധ്യം വന്ന കാലം... തമ്പുവിനു ഒരു ചിന്ത...

"ഒരു പെണ്ണ് കെട്ടിയാലോ" ???

വയനാട് ഏരിയ വിട്ടു പിടിക്കാം, നാട്ടില്‍ നാറരുത്... പക്ഷെ ആരോട് പറയും ഇങ്ങനെ ഒരു ആഗ്രഹം ഉണ്ട് എന്ന്??? സ്ത്രീ വിഷയത്തില്‍ അത്ര താല്പര്യം ഇല്ലാത്ത ആരോടെങ്കിലും പറയാം... അല്ലെങ്കില്‍ കഥ ഇറങ്ങും...

അങ്ങനെ തമ്പന്‍ തന്റെ വിശ്വസ്ത സുഹൃത്തും സര്‍വോപരി തന്റെ "ബാല്യകാല സഖാവും" ആയ ഷിജുവിനെ കണ്ടു മുട്ടി, (പേര് സാങ്കല്‍പ്പികം മാത്രം... എന്നാലും ഇരിക്കട്ടെ ഒരു മുഴുവന്‍ പേര്, PP SHIJU.)

കാര്യം പറഞ്ഞപ്പോ ഷിജു സന്തോഷത്തോടെ ഏറ്റെടുത്തു...

"ഡാ മാനന്തവാടി ഒരു പെണ്ണുണ്ട്... പേര് ഡാലിയ.."
പെട്ടന്ന് പാട്ടുകാരന്‍ മാര്‍കൊസിനെ ഓര്‍മ വന്നതുകൊണ്ട് തമ്പന്‍ പറഞ്ഞു "വേണ്ട"

"എന്താ കാര്യം?? വല്ല പ്രശ്നവും ഉണ്ടോ? "

"അതല്ല, എന്‍റെ കൂടെ വര്‍ക്ക്‌ ചെയ്ത ഒരുത്തന്റെ നാടാണ്... റിസ്ക്‌ എടുക്കണോ? പിന്നെ വയനാട് നിന്നും ഒന്ന് മാറ്റിച്ചവിട്ടിക്കോ... എനിക്കിവിടെ പെണ്ണ് കിട്ടുമോ?"

"എടാ ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറഞ്ഞ പോലെ ആണ് നിന്‍റെ കാര്യം.. നീയൊന്നു ആലോചിച്ചു നോക്ക്... വയനാടില്‍ ആരുടെ കയ്യിലാണ് ബ്ലാക്ക്‌ബെറി ഉള്ളത്?"

തമ്പു അഭിമാനത്തോടെ തന്റെ കയ്യിലുള്ള ബ്ലാക്ക്ബെറി മൊബൈല്‍ നോക്കി...

"ഓകേ... ഡാലിയ എങ്കില്‍ ഡാലിയ... പോവാം..."

"ഡാ വേറൊരു പ്രോബ്ലം.. അവളുടെ തന്ത ഹിന്ദുവും തള്ള ക്രിസ്ത്യാനിയും ആണ്... പ്രശ്നം ഉണ്ടോ?"

"എന്തു പ്രശ്നം? നമുക്കാദ്യം പോയി നോക്കാടാ..."

പെണ്ണ് കാണല്‍ നമ്പര്‍ 1 - ഡാലിയ

വീട്ടിനകത്ത് കയറലും തമ്ബന്റെ സകല ധൈര്യവും പോയി... അകത് അഴിച്ചിട്ടിരിക്കുന്ന ഒരു പട്ടി!!! അതു അടുത്ത് വന്നു മുഖത്ത്‌ നോക്കി ഇരിക്കാന്‍ തുടങ്ങി... തമ്പന്‍ മനസ്സില്‍ പറഞ്ഞു

"പോടാ നായിന്റെ മോനെ"

അപ്പൊ പട്ടിയും മനസ്സില്‍ പറഞ്ഞു കാണണം,

"നിനക്ക് തരാന്‍ ഇവിടെ പെണ്ണ് ഇല്ലെടാ പട്ടി!!!"

അങ്ങനെ തംബനും പട്ടിയും കൂടെ വാദപ്രതിവാദം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സഹായത്തിനു പെണ്ണിന്റെ അച്ഛന്‍ വന്നു... "ശശീ... കം... ഗോ..."

"ശശിയോ??? "

"അതേ ഇവന്റെ പേര് ശശി എന്നാ... എന്‍റെ ഒരു ഡ്രൈവര്‍ ഉണ്ടായിരുന്നു.. അവന്‍ എന്നെ പറ്റിച്ചു മുങ്ങി.. അന്ന് ഞാന്‍ ഇവന് ഇട്ട പേരാണ് ശശി.. എന്‍റെ ഡ്രൈവറുടെ പേര്..."

അപ്പൊ ഷിജു, "ഡാ ഇത് വേണോ? മിക്കവാറും അടുത്ത പട്ടിക്ക് അയാള്‍ നിന്‍റെ പേരിടും"

"അപ്പൊ മോളെ വിളിക്കാം അല്ലെ?"

"ആവാം"

"മോളെ വരൂ..."

തമ്പന്‍ പ്രാര്‍ത്ഥിച്ചു.. "ഈശ്വരാ നല്ല പച്ചതക്കാളി ആയിരിക്കണേ"

അപ്പൊ കുട്ടി വന്നു... കൊള്ളാം കുഴപ്പം ഇല്ല... ലേശം തടി കൂടുതലാണോ.. ഹേ അല്ല... ചായ കൊടുത്തു, വാങ്ങി കുടിച്ചു ...

"മക്കള്‍ക്ക് എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍ പുറത്തേക്ക് ഇറങ്ങിക്കോളൂ..."

മുറ്റത്തെ മാവിന്‍ചോട്ടില്‍ നിക്കുമ്പോള്‍... പറ്റരുത് പറ്റരുത് എന്ന് വിചാരിച്ചത് പറ്റി...

"ഡാലിയടെ പേരെന്താ?"

ചമ്മല്‍ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഉത്തരം വന്നു

"ഫരിത"

"ഫരിതയോ?"

'അല്ല, ഫ... രി... ത... ഡാലിയ എന്ന പേര് പള്ളിയിലെയാ..."

"സരിത എന്നാണോ പേര്?"

"അതേ..."

ഈശ്വരാ അപ്പൊ സ = ഫ

ഇനിയെന്ത് ചെയ്യും എന്ന് വിചാരിച്ചിരിക്കുമ്പോള്‍ സരിത,

"ചേട്ടാ.. ഒരു ഹെല്പ് ചെയ്യോ? ഈ കല്യാണത്തില്‍ നിന്നു പിന്മാറുമോ?? എനിക്കൊരാളെ ഇഷ്ടമാണ്... ഫഞ്ചാരി ബഫിലെ ഫുന്തരേട്ടന്‍... എന്തു രഫാ എന്നറിയോ ഫുന്തരേട്ടനെ കാണാന്‍"

തമ്പന്‍ തല വെട്ടിച്ചു ജനലിലൂടെ ഷിജുവിനെ നോക്കി.... പട്ടി... രണ്ടു പുരികവും പൊക്കി പ്രോത്സാഹിപ്പിക്കുന്നു...

"പ്ലീഫ് ചേട്ടാ.. എന്നെ ഒരു ഫഹോദരിയെ പോലെ കാണണം..."

ഒടുവില്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു വിവരം അറിയിക്കാം എന്ന് പറഞ്ഞു തിരിച്ചു കാറില്‍ വരുമ്പോ ഷിജു,

"കള്ളന്‍, ഇഷ്ടപ്പെട്ടല്ലേ???"

"ഫാ തെണ്ടീ പട്ടീ... ഇനിയുണ്ടോടാ ഇത് പോലത്തെ ഫുന്ദരിയും ഫുശീലയും ആയ പെണ്ണുങ്ങള്‍???"

ഒന്നും മനസ്സിലാവാതെ അന്ധാളിച്ചു ഇരിക്കുന്ന ഷിജുവിന്റെ മുഖത്ത്‌ രംഗം അവസാനിക്കുന്നു...

കുളത്തിലെ മാമാങ്കം

NSS ക്യാമ്പ്‌നു പോയ സമയം... Compulsory Social Service എന്നൊരു സാധനം കണ്ടു പിടിച്ചതോടെ ഇതിനു പോവാതെ വേറെ വഴി ഇല്ല... പാണംബ്ര ആണ് ക്യാമ്പ്‌.. അവിടെ ഒരു സ്കൂളില്‍ ആണ് താമസവും ഭക്ഷണവും ഒക്കെ...സ്കൂളില്‍ നിന്നു മെയിന്‍ റോഡിലേക്ക് വഴി വെട്ടി കൊടുക്കണം.. ഇതാണ് 10 ദിവസത്തെ പണി...രാവിലെ ഒരു ഗ്രൂപ്പ്‌ വഴി വെട്ടാന്‍ പോവും ഒരു ഗ്രൂപ്പ്‌ ക്ലീനിംഗ് നു പോവും വേറെ ഒരു ഗ്രൂപ്പ്‌ ഭക്ഷണം വെക്കാന്‍ വരുന്ന കേളു ഏട്ടനെ സഹായിക്കാന്‍ സ്കൂളില്‍ തന്നെ ഉണ്ടാവും കൂടാതെ ഡെയിലി സ്കൂള്‍ ക്ലീന്‍ ചെയ്യണം...

ഞങ്ങള്‍ അഞ്ചു പേര്‍, ഞാന്‍, ജയന്‍, ഹാഷിം, റിയാസ് മുഹമ്മദ്‌, റിയാസ് ചാക്കീരി... ഞങ്ങള്‍ക്ക് ഫുഡ്‌ ഉണ്ടാക്കുന്ന പണി കിട്ടി... എല്ലാം ഉണ്ടാകി വെച്ചിട്ട് അടുത്തുള്ള കുളത്തില്‍ കുളിക്കാന്‍ പോയി... കുളം കണ്ട സന്തോഷത്തില്‍ "ഹായ്‌... കുളം" എന്നും പറഞ്ഞു ആ കുളം കുളമാക്കാന്‍ ഞാന്‍ ഒഴികെ നാലെണ്ണം ഓടി... എനിക്ക് നീന്താന്‍ അറിഞ്ഞൂടാ... അതു കൊണ്ട് ഓടിയിട്ട് കാര്യം ഇല്ല... ആ എനര്‍ജി വേറെ നല്ല എന്തെങ്കിലും കാര്യത്തിന് യുസ് ചെയ്യാം...

ഞാന്‍ നോക്കുമ്പോള്‍ ആദ്യം ജയന്‍ ഓടി പോയി ചാടി നീന്തി പോയി... പിന്നാലെ ഹാഷിം... അതിനു പിന്നാലെ റിയാസ് മുഹമ്മദ്‌... ഏറ്റവും അവസാനം റിയാസ് ചാക്കീരി ഓടി പോയി കുളത്തിന്റെ വക്കത്ത് പോയി നിന്നിട്ട് ഒറ്റ ചാട്ടം... സത്യം പറഞ്ഞാ എനിക്കാകെ സങ്കടം വന്നു... എനിക്ക് മാത്രം നീന്താന്‍ അറിഞ്ഞൂടാ...

ഞാന്‍ കുളത്തിന്റെ വക്കില്‍ ഒരു കല്ലില്‍ ഇരുന്നു നീന്തുന്നവരെ നോക്കി ഇരുന്നു... എല്ലാരും നന്നായി നീന്തുന്നുണ്ട്... ഈ ചാക്കീരി എന്താ കളിക്കുന്നത് ? തല കുത്തി മറയുന്നു... കാലു മുകളില്‍ തല താഴെ... അങ്ങനെ തന്നെ തല കീഴെ നിന്നു കാലിട്ടടിക്കുന്നു... ചാടി അരയോളം പൊന്തി അതു പോലെ താഴേക്ക് പോവുന്നു... പിന്നെ 5 സെക്കന്റ്‌ കഴിഞ്ഞു വീണ്ടും ഈ പറഞ്ഞതെല്ലാം റിപീറ്റ്... രണ്ടാമത്തെ തവണയും ഇത് കണ്ടപ്പോ എനിക്കെന്തോ അപാകത തോന്നി... ഇവന് നീന്തല്‍ അറിയില്ലേ??? മൂന്നാമത്തെ എപിസോടിലും ഇതേ മാമാങ്കം കണ്ടപ്പോ ഞാന്‍ എന്‍റെ പ്രസ്താവനക്ക് അടിവരയിട്ടു....

"ജയാ... റിയാസേ... ഹാഷിമേ... ഓടി വാ.. അല്ല, നീന്തി വാ... ചാക്കീരി ഇപ്പൊ ചാവും..."

അവന്മാരൊക്കെ നീന്തി എതുംബോളെക്കും ചാക്കീരി ഏതാണ്ട് പരലോകത്തിന്റെ കാള്ളിംഗ് ബെല്‍ അടിക്കാന്‍ നിക്കുകയായിരുന്നു... 3 എണ്ണം കൂടെ ചക്കീരിയെ വലിച്ചു കുളത്തില്‍ നിന്നും കരക്കിട്ടു... ചവിട്ടിയും, നുള്ളിയും, മാന്തിയും, പിച്ചിചീന്തിയും അവനു ജീവന്‍ വന്നു... പേടിച്ചു പോയ ഹാഷിം സീരിയസ് ആയിട്ട് ചക്കീരിയോടു ...

"നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ? കുടിക്കാന്‍ വെള്ളം വല്ലതും വേണോ?"

വയറു നിറയെ കുളത്തിലെ പായല്‍ വെള്ളം കുടിച്ചു നില്‍ക്കുന്ന ചാക്കീരി ഹാഷിമിനെ തുറിച്ചു നോക്കി... ഞാന്‍ ചക്കീരിയോടു ചോദിച്ചു,

"എന്താ പറ്റിയത് ?"

"എനിക്ക് നീന്താന്‍ അറിയില്ലാരുന്നു..."

"പിന്നെ നീയെന്തിനാ ചാടിയത്?"

"ഇവര് മൂന്നു പെരും ചാടുന്നത് കണ്ടു ആവേശത്തില്‍ ചാടി പോയതാ"

അപ്പൊ കുറച്ചു പെണ്‍കുട്ടികള്‍ അലക്കാന്‍ വേണ്ടി വന്നു... ഞങ്ങളെ കാണലും "അയ്യേ" എന്നും പറഞ്ഞു തിരിഞ്ഞൊരു നടത്തം... ഒന്നും മനസ്സിലാവുന്നില്ല.. പിന്നെ കാണുന്നത് ഹാഷിം കുളത്തിലേക്ക് ചാടുന്നതാ...

"എന്താടാ"

ഇളിഞ്ഞ ചിരിയോടെ ഹാഷിം,

"ഹേ ഒന്നുല്ലാ... അവരെല്ലാരും എന്‍റെ ഹാപ്പി ബര്ത്ഡേ കണ്ടതാ..."

എന്നിട്ട് അന്റാര്‍ടികലെ മഞ്ഞുപാളി ഒഴുകി നടക്കുനത് പോലെ കുളത്തില്‍ ഒഴുകി നടക്കുന്ന സ്വന്തം തോര്‍ത്തുമുണ്ട് എടുക്കാന്‍ വേണ്ടി നീന്തി പോയി....

പുണര്‍തം അമ്മാവന്‍

ഓഫീസില്‍ നിന്നും വീകെണ്ടില്‍ വീട്ടില്‍ എത്തിയ എന്നെ കാത്തിരുന്നത് അച്ഛന്റേം അമ്മയുടെം വിഷമം നിറഞ്ഞ മുഖം ആണ്... കാര്യം അന്വേഷിച്ചപ്പോ കുറച്ചു പ്രശ്നം ആണ്...

തറവാട്ടില്‍ ഒരു പാട് ദുര്‍മരണങ്ങള്‍ നടന്ന സമയം.. ഏതോ ഒരു പണിക്കര്‍ വന്നു പ്രശ്നം വെച്ചു പറഞ്ഞു, നാഗശാപം ഉണ്ട്... ഒരു വര്‍ഷത്തിനിടെ നാല് ദുര്‍മരണങ്ങള്‍ നടന്നു കഴിഞ്ഞു.. ഇനി ഒരു മരണം കൂടെ നടക്കും... അതു തടുക്കാന്‍ ആവില്ല... കാരണവന്മാര്‍ ഒക്കെ പ്രധിവിധിയെ കുറിച്ച് ആരാഞ്ഞു... നോ പ്രതിവിധി... നേരിട്ട് കൊള്ളുക... ഒരു ക്ലൂ തരാം.. ഒരു പുണര്‍തം നക്ഷത്രംകാരന്‍ ആണ് ആ ഭാഗ്യവാന്‍!!!

ഈയുള്ളവനും പുണര്‍തം നക്ഷത്രം!!!

"നീ ഇനി കുറച്ചു കാലം പുറത്തൊന്നും പോണ്ട... യാത്ര ഒക്കെ കുറച്ചോ... ഒന്ന് രണ്ടാഴ്ച ലീവ് എടുക്ക്"

അമ്മ നയം വ്യക്തമാക്കി...

സത്യം പറഞ്ഞാ എന്‍റെ ഉള്ളു ഒന്ന് കാളി... പക്ഷെ ഉള്ളില്‍ ഉള്ള പേടി പുറത്തു കാണിക്കാതെ ഞാന്‍ പെട്ടന്ന് നിരീശ്വരവാദി ആയി...

"നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത്? പിന്നല്ലേ, ജാതകം!! എനിക്ക് അതിലൊന്നും വിശ്വാസം ഇല്ല... ലീവ് എടുക്കാന്‍ ഒന്നും തല്‍ക്കാലം എനിക്ക് പ്ലാന്‍ ഇല്ല"

ഈ ഡയലോഗ് ഒക്കെ അടിച്ചെങ്കിലും അടുത്ത ഒന്ന് രണ്ടാഴ്ച ഞാന്‍ അറിയാതെ തന്നെ എന്‍റെ ബാഡി ആവശ്യം ഇല്ലാതെ കെയര്‍ എടുക്കുന്നുണ്ടായിരുന്നു... പിന്നേം കുറച്ചു ദിവസം കഴിഞ്ഞപ്പോ വീട്ടില്‍ നിന്നും കാള്‍ വന്നു... തറവാട്ടിലെ ഒരു കാരണവര്‍ മരിച്ചു എന്നും പറഞ്ഞു...

അങ്ങേരു പുണര്‍തം നക്ഷത്രം ആണോ എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്, അതു നേരിട്ട് ചോദിച്ചാ ഞാന്‍ മസില്‍ പിടിച്ചതൊക്കെ വെറുതയാവൂലെ? അവിടേം അമ്മ രക്ഷക്കെത്തി...

"മൂപെര് പുണര്‍തം നക്ഷത്രം ആണത്രേ"

എന്‍റെ തലക്ക് മുകളില്‍ തൂങ്ങി കിടന്ന വാള്‍ ഊരി അരയില്‍ തൂക്കിയിട്ട് ഡെമോക്ലിസ് പോയി... സമാധാനം!!!

പിന്നെ തറവാട്ടില്‍ പോയപ്പോളാണ് ക്ലിയര്‍ പിക്ചര്‍ കിട്ടിയത്!

ഈ പുണര്‍തം നക്ഷത്രം കഥ കേട്ടപ്പോ മുതല്‍ പാവം "പുണര്‍തം അമ്മാവന്‍" തലക്ക് അടി കിട്ടിയ പോലെ നടക്കുകയായിരുന്നു... ഒരു ദിവസം അങ്ങേരു രാത്രി ഓപ്പണ്‍ എയര്‍ല്‍ കാര്യം സാധിക്കാന്‍ പോയപ്പോ വെറുതെ ഒരു മിന്നല്‍ അടിച്ചു... അങ്ങേരു വിചാരിച്ചു കാലന്‍ ടോര്‍ച് അടിച്ചു നോക്കിയതാണ് എന്ന്!

അതോടെ ഖുദാ ഗവ!!!

ബലാല്‍സംഗം

ഹിന്ദി ഡ്രാമക്ക് നായകവേഷം കിട്ടും എന്ന് അബ്ബാസ്‌ സര്‍ ഉറപ്പു കൊടുത്തപ്പോളാണ് ഹാഷിം തല മൊട്ടയടിക്കാന്‍ റെഡി ആയത്... ഇന്ത്യ പാക്‌ partition ആണ് കഥാതന്തു... ഒരു മുസ്ലിം യുവാവ് ഒരു പഞ്ജാബി യുവതിയെ പ്രേമിക്കുന്നതും partition ടൈം പഞ്ജാബി കുടുംബത്തെ കൊന്നൊടുക്കുന്നതും അവസാനം കാമുകി കാമുകനെ കൊല്ലുന്നതും ആണ് കഥ... കഥ കേള്‍ക്കലും ലോല ഹൃദയന്‍ ആയ ഹാഷിം കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യും എന്ന് അച്ചാര്‍ തൊട്ടു നെറ്റിയില്‍ വരച്ചു സത്യം ചെയ്തു...

പഞ്ജാബി യുവതി ആയി അഭിനയിക്കാന്‍ അതി സുന്ദരി ആയ ഒരു പ്രീഡിഗ്രി കൊച്ചിനെ കിട്ടുകയും ചെയ്തു... അങ്ങനെ റിഹേര്‍സല്‍ മനോഹരമായി മുന്നോട്ടു പോവുമ്പോള്‍ ആണ് ആ ഞെട്ടിക്കുന്ന വിവരം ഹാഷിം അറിഞ്ഞത്... കാമുകിയെ ബലാല്‍സംഗം ചെയ്യണം!!! കണ്ണില്‍ വെള്ളം നിറച്ചു തലക്കടി കുടുങ്ങിയവനെ പോലെ ഹാഷിം അബ്ബാസ് സാറിനോട് പറഞ്ഞു...

"എനിക്ക് ബലാല്‍സംഗം ചെയ്യാന്‍ അറിയില്ല സാര്‍... എന്‍റെ ഉമ്മ നാടകം കാണാനും വരുന്നുണ്ട്"

ഒടുവില്‍ എല്ലാരും പറഞ്ഞു സമ്മതിപ്പിച്ചു ഹാഷിം അഭിനയം തുടങ്ങി... ബലാല്‍സംഗം വരുമ്പോള്‍ ആണ്‍ ആര് പെണ്‍ ആര് എന്ന സംശയം ആയി എല്ലാര്ക്കും... കൂടെ അഭിനയിക്കുന്ന കൊച്ചു വരെ കളിയാക്കാന്‍ തുടങ്ങി

"അയ്യേ ഇങ്ങനെ ആണോ ബലാല്‍സംഗം ചെയ്യുന്നത്?"

"ഹാഷിം, ബലാല്‍ക്കാരമായി അവളെ പിടിച്ചു തന്നിലേക്ക് അടുപ്പികൂ..."

അതുപോലെ ഹാഷിം ചെയ്യും... പക്ഷെ കാമുകി അടുത്ത് എതുമ്പോലെക്കും കാമുകന്‍ പേടിച്ചു അകലും...
എന്നെ ഒന്ന് ബലാല്‍സംഗം ചെയ്യുമോ??? എന്ന് കാമുകി ചോദിക്കുന്ന അവസ്ഥ വരെ എത്തി...

എല്ലാരും കളിയാക്കി കളിയാകി ഹാഷിമിന് വട്ടാവുന്ന അവസ്ഥ എത്തി... അവനെ ഏറ്റവും കൂടുതല്‍ അസ്വസ്ഥന്‍ ആക്കിയത് നായിക കളിയാക്കിയതാണ്... അവന്റെ ആണതത്തെ വരെ ചോദ്യം ചെയ്തു അവള്‍...

അങ്ങനെ ആ സുദിനം എത്തി!!! C Zone Festival ! നാടകത്തിനു മുന്‍പും നായിക നായകനെ കളിയാക്കി...

"ഇന്നെങ്കിലും വല്ലതും നടക്കുമോ ചേട്ടാ??"

നാടകം തുടങ്ങി, ബലാത്സംഗ സീന്‍ എത്തി... നായികയുടെ രണ്ടാഴ്ചത്തെ മുഴുവന്‍ സൂക്കേടും നായകന്‍ തീര്‍ത്തു കൊടുത്തു... നൂറു കണക്കിന് പ്രേക്ഷകരുടെ മുന്നില്‍ വെച്ചു നായകന്‍ നായികയെ അതി മനോഹരമായി ബലാല്‍സംഗം ചെയ്തു... കര്‍ട്ടന്‍ വീണു... ഇനി ഒരു രംഗം കൂടെയേ ബാക്കി ഉള്ളു... കൊലപാതകം !!! അതിനിടക്ക് നായിക ബാഗ്‌ പായ്ക്ക് ചെയ്തു കഴിഞ്ഞു... കരച്ചിലും നെഞ്ഞത്ത് അടിയും... എല്ലാരും കൂടെ കാലുപിടിച്ചു നായിക നാടകം കമ്പ്ലീറ്റ്‌ ചെയ്യാന്‍ സമ്മതിച്ചു...

കുടം കൊണ്ട് ആഞ്ഞു അടിച്ചു നായകന്‍ വീഴുമ്പോള്‍ കത്തി കൊണ്ട് വെട്ടി കൊല്ലണം... പുറത്താണ് അടിക്കണ്ടത്... നായകന്‍റെ തലക്ക് തന്നെ ആദ്യത്തെ അടി.... 15 നക്ഷത്രം വരെ എണ്ണി എന്ന് ഹാഷിം പിന്നെ പറഞ്ഞു... കൂടാതെ കണക്കില്‍ പെടാതെ 3 അടി വേറെയും... കണ്ണില്‍ ഇരുട്ട് വീണു നെഞ്ച് അടിച്ചു വീണ ഹാഷിമിന്റെ പുറത്ത് കയറി ഇരുന്നു കത്തി എന്ന് വിളിക്കാവുന്ന മരക്കഷണം കൊണ്ട് 8 കുത്ത് വേറെയും...

കാണികളുടെ നിര്‍ത്താത്ത കയ്യടി കേട്ടു.... ഗ്രീന്‍ റൂമില്‍ വെച്ചു അവന്റെ ജുബ്ബ ഊരിയപ്പോ പുറം ഏതാണ്ട് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കളി കഴിഞ്ഞ കോര്‍ട്ട് പോലെ ആയിരുന്നു... കൊടുത്തതിനു കണക്കിന് തിരിച്ചു കിട്ടി...

പക്ഷെ എല്ലാരും ഒപ്പം ഞെട്ടിയത് റിസള്‍ട്ട്‌ വന്നപ്പോളാണ്...

ഹിന്ദി ഡ്രാമ - ഫസ്റ്റ് പ്ലേസ് PSMO കോളേജ് തിരുരങ്ങാടി,
ബെസ്റ്റ് ആക്ടര്‍ - ഹാഷിം !!!

പാവം പോലീസ്

ഈ കഥയിലെ നായകന്‍ ഒരു പാവം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആണ്... വില്ലന്‍ ഞാനും!!! ഞെട്ടണ്ട, എനിക്ക് 3 വയസ്സേ ഉള്ളു അന്ന്...

ഒരു ഉറക്കം കഴിഞ്ഞു എണീറ്റ ഞാന്‍ കാണുന്നത് അച്ഛന്റെ കൂടെ ഇരുന്നു സംസാരിക്കുന്ന ഒരു പോലീസ്കാരനെ... എനിക്കാണെങ്കില്‍ പോലീസിനെ കാണുന്നതെ വെറുപ്പാണ് അന്ന്, മറ്റൊന്നും കൊണ്ടല്ല, പേടികൊണ്ടാ... മെല്ലെ അവിടുന്ന് സ്കൂട്ട് ആവാന്‍ നോക്കിയ എന്നെ പോലീസ് കണ്ടു...

വാ മോനെ, ഉറങ്ങുകയായിരുന്നോ???

ഞാന്‍ മടിച്ചു മടിച്ചു ചെന്നു... അപ്പൊ അങ്ങേരു എന്നെ എടുത്ത് മടിയില്‍ ഇരുത്തി ...

"എന്താ മോന്റെ പേര്??"

ഞാന്‍ ഒന്നും മിണ്ടിയില്ല, കൊല്ലാന്‍ ആണോ വളര്‍ത്താന്‍ ആണോ എന്ന് അറിയില്ലല്ലോ... അച്ഛന്‍ എന്‍റെ പേര് പറഞ്ഞു കൊടുത്തു...

"ആഹ... നല്ല പേരാണല്ലോ, ഞാന്‍ മോന്റെ അച്ഛന്റെ കൂടെ പഠിച്ചതാ.. ഇവിടത്തെ എസ് ഐ ആണ്... മോന് എന്തു ആവശ്യം ഉണ്ടെങ്കിലും പറയണം കേട്ടോ?"

അതോടെ എന്‍റെ വിമ്മിഷ്ടം ഒക്കെ അങ്ങ് മാറി... "പിന്നെ എന്നാ ഉണ്ടടെ മച്ചൂ..." എന്ന മുഖ ഭാവത്തോടെ ഞാന്‍ ചോദിച്ചു...

"കള്ളനെ ഒക്കെ പിടിക്കുമോ?"

"പിന്നെ, പിടിക്കാതെ? അതല്ലേ അങ്കിളിന്റെ ജോലി? മോന് ഏത് കള്ളനെയാ പിടിക്കണ്ടേ? പറ"

ഞാന്‍ ഒരു ചോദ്യഭാവത്തോടെ അച്ഛനേം അമ്മയേം മാറി മാറി നോക്കി...

"ചോദിക്കട്ടെ?"

അപ്പൊ അങ്ങേരു വീണ്ടും എന്നെ ഒരു ആവശ്യവും ഇല്ലാതെ പ്രോത്സാഹിപ്പിച്ചു...

"മോന്‍ ചോദിക്ക്"

"അതേ, ഇന്നലെ എന്‍റെ ഒരു ഷഡി കാണാതെ പോയി... അതു കൊണ്ട് പോയ കള്ളനെ ഒന്ന് പിടിച്ചു തരുമോ?

"ഈ ചെക്കന്‍"

അമ്മ എന്നെ തൂക്കി എടുത്ത് കൊണ്ട് പോയി... അതു കൊണ്ട് എനിക്ക് ഒരു അസുലഭ മുഹൂര്‍ത്തം നേരിട്ട് കാണാന്‍ ഉള്ള ചാന്‍സ് മിസ്സ്‌ ആയി...

ജോയിന്‍ ചെയ്തു ആദ്യമായി ഷഡി കണ്ടു പിടിക്കാന്‍ ഉള്ള കേസ് കിട്ടിയ പാവം പോലീസ് സബ് ഇന്‍സ്പെക്ടര്‍ടെ ഇളിഞ്ഞ മുഖം!!!

കടപ്പാട് - അമ്മ !!!

ഹാഷിമും സാറും പിന്നൊരു ഞെട്ടലും

ഉച്ചക്ക് ഫുഡ്‌ അടിച്ചു കഴിഞ്ഞാ ഹാഷിമിന് അധികം അകത്തു കയറിയ കലോറി ഒന്ന് കത്തിച്ചു കളയണം... അതിനു വേണ്ടി ഒരു ദിവസം അവന്‍ കണ്ടു പിടിച്ച വഴി അല്‍പ്പം കടുത്തു പോയി...

ഞങ്ങള്‍ അഞ്ചു പേര്‍ വരാന്തയിലൂടെ നടന്നു വരുമ്പോള്‍ കണ്ടു ദൂരേന്നു നിഷയും നിഫ്സയും നടന്നു വരുന്നു... പെട്ടന്ന് ഹാഷിം ഞങ്ങളെ നാല് പേരേം തൂണിന്റെ മറവിലേക്ക് വലിച്ചു മാറ്റി..

"ഡാ ഒരു ഐഡിയ... ഞാന്‍ ഈ തൂണിന്റെ മറവില്‍ നില്‍ക്കാം... നിങ്ങള്‍ ഇതിലൂടെ പോയി അതിലൂടെ വാ... എന്നിട്ട് അവര്‍ അടുത്ത് എത്തുമ്പോള്‍ എനിക്ക് സിഗ്നല്‍ താ... ഞാന്‍ അവറ്റകളെ പേടിപ്പിക്കാം!!!"

"ഇത് വേണോ? ബ്രേക്ക്‌ ടൈം ആണ് കുറെ പിള്ളേര്‍ ഉണ്ട്... അലമ്പാവുമോ?" എനിക്ക് സംശയം...

"എടാ എന്തെങ്കിലും രസം ഒക്കെ വേണ്ടേ? നീ പോ..." ഹാഷിം എനിക്ക് ധൈര്യം തന്നു...

അങ്ങനെ ഞങ്ങള്‍ അവന്‍ പറഞ്ഞ പോലെ ഒന്ന് ചുറ്റി വരുമ്പോളേക്കും അവര്‍ പകുതി വഴി എത്തി... അവന്‍ തോണ്ടയോക്കെ ശരിയാക്കി നിക്കുകയാണ് ഞങ്ങളുടെ മുഖത്ത്‌ നോക്കിയിട്ട്... പെട്ടന്നാണ് റീടിംഗ് റൂമില്‍ നിന്നും സര്‍ ഇടക്ക് കേറി വന്നത്... ഞാന്‍ ഹാഷിമിനോട് വേണ്ട എന്ന് പറയലും റിയാസ് എന്നെ പിടിച്ചു മാറ്റി...

"നിക്കടാ അവന്‍ ചാടി വീഴട്ടെ..."

"എടാ സാര്‍"

"അതിനു നിനക്കെന്താ? നിന്‍റെ അമ്മാവന്‍ ഒന്നും അല്ലല്ലോ..."

സാര്‍ ‍ അടുതെതലും റിയാസ് ഹാഷിമിന് സിഗ്നല്‍ കൊടുത്തു...

ഹാഷിം തൂണിന്റെ മറവില്‍ നിന്നും ചാടി വീന്നു ഒറ്റ അലര്‍ച്ച!!!

"BOW"

"അയ്യോ.."

സ്വാഭാവികമായും അതു സാറിന്റെ വായില്‍ നിന്നായിരുന്നു...

വിളറി വെളുത് പോയ ഹാഷിമിന് തിരിഞ്ഞോടാന്‍ സമയം കിട്ടിയില്ല... മുഖം പോത്തിയെങ്കിലും സമയം വളരെ വയ്കിയിരുന്നു! സാറിനു പിടുത്തം കിട്ടിയത് ഹാഷിമിന്റെ ചെവിയില്‍ ആയിരുന്നു...

"നടക്കെടാ... നിന്നെ കുറെ കാലമായി ഞാന്‍ നോട്ടം ഇട്ടിരിക്കുകയായിരുന്നു"

"സാറേ ചെവിയില്‍ നിന്നു പിടുത്തം വിട്, എന്‍റെ മാനം"

"കഥാപ്രസംഗം നടത്താതെ വാ"

ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പിന്നെ ഞങ്ങള്‍ അവനെ കണ്ടത്... നേരെ റിയാസിന്റെ അടുത്ത് ചെന്നിട്ടു, രണ്ടു കയ്യും അരയില്‍ വെച്ചു അവനെ തുറിച്ചു നോക്കിക്കൊണ്ട്‌...

"സാര്‍ വരുമ്പോള്‍ സിഗ്നല്‍ തരാന്‍ ആണോടാ ഞാന്‍ നിന്നോട് പറഞ്ഞത്??"

"എന്തെങ്കിലും ഒരു രസം പോരെ നിനക്ക്?"

ദിവ്യയും ഇംഗ്ലീഷ് ബുക്കും

കൈരളി മിസ്സിന്റെ ക്ലാസ്സില്‍ കയറുക എന്നത് ദിവ്യക്ക് കൊല്ലുന്നതിനു സമം ആണ്... കൂടെ ഉള്ളവരൊക്കെ ഉന്തി തള്ളി ആണ് ഇംഗ്ലീഷ് ക്ലാസില്‍ ദിവ്യ കയറല്‍...

കൈരളി മിസ്സിന് ക്ലാസ്സില്‍ ശ്രദ്ധിച്ചില്ലെങ്കിലും വേണ്ട ഇംഗ്ലീഷ് പോയെം ടെക്സ്റ്റ്‌ ഉണ്ടായിരിക്കണം എല്ലാരുടെം കയ്യില്‍... ഒരിക്കല്‍ ദിവ്യ കൊണ്ട് വന്നത് ഡ്രാമ ടെക്സ്റ്റ്‌... അതും തുറന്നു വെച്ചു മാന്യമായി ഇരിക്കുമ്പോള്‍ കൈരളി മിസ്സ്‌ കയ്യോടെ പിടിച്ചു...

"എവിടുന്നെങ്കിലും ടെക്സ്റ്റ്‌ ബുക്ക്‌ ആയി വന്നാ മതി... ഗെടൌറ്റ്!!"

രോഗി ഇച്ചിച്ചതും വയ്ദ്യന്‍ കല്‍പ്പിച്ചതും Fried Rice ... എന്നപോലെ ദിവ്യ സന്തോഷത്തോടെ മനസ്സില്‍ "യെസ്!!!" എന്നും പറഞ്ഞു ഇറങ്ങി പോന്നു,

"അതു വഴി അങ്ങോട്ട്‌ പോണ്ട... പുസ്തകം ആയി തിരിച്ചു വരണം"
പിന്നില്‍ നിന്നും കൈരളി മിസ്സിന്റെ ശബ്ദം...

പിന്നെ ഒരു അലച്ചില്‍ ആയിരുന്നു... കാന്റീന്‍, സ്റ്റോര്‍, ലേഡിസ് റൂം, റീടിംഗ് റൂം, അങ്ങനെ ടെക്സ്റ്റ്‌ കിട്ടാന്‍ സാധ്യത ഇല്ലാത്ത എല്ലായിടത്തും ദിവ്യ ചുറ്റി നടന്നു ... അവസാനം ലൈബ്രറി എത്തി... അപ്പോളേക്കും ബെല്‍ അടിക്കാന്‍ പത്തു മിനിറ്റ് ബാക്കി...

അവിടുന്ന് ഇവെനിംഗ് ബാച്ചിലെ ഒരുത്തന്റെ ബുക്ക്‌ സംഘടിപ്പിച് പതുക്കെ സിമെന്റ് തറക്ക് വേദന ഉണ്ടാക്കാതെ ക്ലാസ്സിന്റെ മുന്നില്‍ എത്തി... അപ്പോളേക്കും ബെല്‍ അടിച്ചു... ബുക്ക്‌ ഉയര്‍ത്തിപ്പിടിച്ചു ദിവ്യ...

"മാഡം... ക്ലാസ്സില്‍ കയറിക്കോട്ടേ?"

ബുക്ക്‌ ഒക്കെ എടുത്ത് അടുത്ത ക്ലാസ്സില്‍ പോവാനിരുന്ന മാഡം ഒരു നിമിഷം കന്ഫ്യുഷന്‍ ആയി... താന്‍ ഇറങ്ങി പോണോ? അതോ ദിവ്യയെ ക്ലാസ്സില്‍ കയറ്റണോ? അപ്പോളും ടെക്സ്റ്റ്‌ പൊക്കി പിടിച്ചു നിക്കാണ് ദിവ്യ വാതില്‍ക്കല്‍...

"കേറി വാ"

സമ്മതം കിട്ടിയതോടെ ദിവ്യ അടുത്ത വെടി പൊട്ടിച്ചു...

"ഒരു മിനുട്ടെ, ഞാന്‍ ഈ ബുക്ക്‌ തിരിച്ചു കൊടുത്തിട്ട് വരാം...."

--- കടപ്പാട്.... മറ്റാരും അല്ല, കഥാനായിക ദിവ്യ!!!

പ്രധാനപ്പെട്ട കാര്യം

ഡിഗ്രി മോഡല്‍ എക്സാം... ദിവ്യയും, നിത്യയും, ആബിദയും, ഷൈമയുമൊക്കെ മരണപഠിത്തം...

ഷൈമയുടെ കഷ്ടകാലത്തിനു രഞ്ജിത്ത്നു ആ വഴി ഒന്ന് വരേണ്ടി വന്നു... ജനലിലൂടെ ഒരു ടാറ്റാ കൊടുത്ത് പോയപ്പോ ആരും അവനെ മൈന്‍ഡ് ചെയ്തില്ല.. തിരിച്ചു വന്നു ജനലിലൂടെ ഷയ്മയെ വിളിച്ചു,

"ശൂ...."

"എന്താ"

"വാ"

"ഞാന്‍ പഠിക്കുകയാ"

"ഒന്ന് വന്നിട്ട് പോ"

"പിന്നെ, പഠിക്കുന്നത് കണ്ടില്ലേ"

"പ്രധാനപ്പെട്ട കാര്യമടോ"

പിന്നെ ഷയ്മക്ക് ഇരിക്കാന്‍ പറ്റൂല.. അവള്‍ ഓടി വന്നു ജനാലക്കല്‍...

"എടൊ നീ അറിഞ്ഞോ"

"ഇല്ല, എന്താ?"

"ഛെ, അറിഞ്ഞില്ലാ? ഇനി നീയെ ഇവിടെ അറിയാതതായിട്ടുള്ളൂ..."

"നീ കാര്യം പറയെടാ.. എന്താ പ്രശ്നം?"

"അതേ..."

"ആ"

"ബാലരമ ഇനി മുതല്‍ എല്ലാ ശനിയാഴ്ചയും!!!"

പ്രണയാര്ദ്രനായ ഹാഷിം

ഒരിക്കല്‍ ക്ലാസ്സില്‍ വെച്ചു ഹാഷിം രേഷ്മയെ "പ്രണയാര്ദ്രമായി" ഒന്ന് നോക്കി... അതു കണ്ടപ്പോളേ രേഷ്മക്ക് ടെന്‍ഷന്‍ ആയി... പിന്നെ രേഷ്മ തിരിഞ്ഞു നോക്കുമ്പോളെല്ലാം ഹാഷിമിന്റെ മുഖം അങ്ങനെ തന്നെ...

അതോടെ രേഷ്മ ഹാഷിമിനെ മൈന്‍ഡ് ചെയ്യാതായി... കുറെ കഴിഞ്ഞു രേഷ്മ തിരിഞ്ഞു നോക്കുമ്പോള്‍ അവന്റെ മുഖം ഒരു മാതിരി അനിയത്തിപ്രാവില്‍ ശാലിനിയോടുള്ള പ്രണയം നിരസിക്കപ്പെട്ട "ഷിന്ജാക്കോ ജപ്പാനെ" (കുഞ്ചാക്കോ ബോബന്‍) പോലെ ആയിരുന്നു... അതോടെ രേഷ്മയുടെ ടെന്‍ഷന്‍ കൂടി...

അടുത്ത ക്ലാസ്സ്‌ ഹിന്ദി... ബെല്‍ അടിക്കലും രേഷ്മ വേഗം ക്ലാസ്സില്‍ നിന്നും ഇറങ്ങി നടന്നു... പിന്നാലെ ഹാഷിമും... ഹാഷിം വിളിച്ചിട്ടും രേഷ്മ നിന്നില്ല... സ്പീഡ് കൂട്ടി... പിന്നെ രേഷ്മക്ക് ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല... ബ്രേക്ക്‌ ടൈമില്‍ അവള്‍ ഹാഷിമിനെ പേടിച്ചു ലേഡീസ് റൂമില്‍ പോയിരുന്നു...

ഒടുവില്‍ വൈകുന്നേരം ഹാഷിം രേഷ്മയെ കണ്ടു.. അപ്പൊ രേഷ്മയുടെ കൂടെ ഷൈമ ഉണ്ടായിരുന്നു... ഹാഷിം നേരെ അവരുടെ മുനിലെക്ക് ചെന്നു...

"രേഷ്മ, എനിക്കൊരു കാര്യം ചോദിയ്ക്കാന്‍ ഉണ്ടായിരുന്നു"

"എനിക്കൊന്നും കേള്‍ക്കാന്‍ സമയം ഇല്ല"

"പ്ലീസ്‌ രേഷ്മ, എന്‍റെ അവസ്ഥ നീ മനസ്സിലാക്കണം"

"ഹാഷിം, ഇത് നോക്ക്, നീ എന്‍റെ ഫ്രണ്ട് ആണ്, വെറുതെ നമ്മുടെ ഫ്രണ്ട്ഷിപ്‌ നശിപ്പിക്കരുത്"

"എന്നാലും രേഷ്മ"

"ഒരെന്നാലും ഇല്ല, നിനക്ക് നാണമില്ലേ എന്നോട് ഇങ്ങനെ ഒക്കെ പെരുമാറാന്‍? നിനക്കെന്തു പറ്റി ഹാഷിം?"

"എന്‍റെ അവസ്ഥ..."

അതോടെ ഇതെല്ലം കേട്ടു നിന്ന ഷയ്മയുടെ കണ്ട്രോള്‍ പോയി!!!!

"എന്തു അവസ്ഥ?? നിനക്കെന്താ അവളോട്‌ ചോദിയ്ക്കാന്‍ ഉള്ളത്? ചോദിക്ക് നിന്‍റെ അമ്മൂമെടെ ചോദ്യം"

"അല്ല, ഷൈമ, ഇന്ന് രാവിലെ മുതല്‍ ഞാന്‍ ഇവളുടെ പിന്നാലെ നടക്കുകയാ... ഇതും ചോദിയ്ക്കാന്‍ വേണ്ടി, എന്നെ ഒന്ന് മൈന്‍ഡ് ചെയ്യണ്ടേ? ഞാന്‍ എന്തു തെറ്റാ ഇവളോട്‌ ചെയ്തത്?"

ഇത് ചോദിച്ചപ്പോ ഹാഷിമിന്റെ തൊണ്ട ഇടറിയിരുന്നു... അതോടെ ഷൈമ ഹാഷിമിന്റെ സൈഡ് ചേര്‍ന്നു...

"രേഷ്മ, നീ അവനു പറയാനുള്ളത് കേള്‍ക്ക്"

"ശരി എന്താ നിനക്ക് ചോദിയ്ക്കാന്‍ ഉള്ളത്"

പുഞ്ചിരിച്ചു കൊണ്ട് ഹാഷിം ചോദിച്ചു,

"ഒരുര്‍പ്പ്യ തരോ? വീട്ടില്‍ പോവാന്‍ പൈസ ഇല്ല..."

ഇത് കേള്‍ക്കലും "ഓ" എന്നും പറഞ്ഞു ഷൈമ തിരിഞ്ഞു ഒറ്റ നടത്തം!!

രേഷ്മ ബാഗ്‌ തുറന്നു ഒരു രൂപ എടുത്ത് അവന്റെ നേരെ ഒറ്റ ഏറു...

ഇത് അവിടം കൊണ്ടും തീര്‍ന്നില്ല... ഈ കഥ കേള്‍ക്കലും കിണ്ണന്‍ (ജയകൃഷ്ണന്‍) നേരെ ബസ്‌ സ്റ്റോപ്പില്‍ ചെന്നു ശബീബയോടു, "പ്രണയാര്ദ്രനായി"...

"ശബീബെ, എനിക്കൊരു കാര്യം ചോദിയ്ക്കാന്‍ ഉണ്ടായിരുന്നു..."

"ഒരു രൂപയല്ലേ?? ഇന്ന പിടിച്ചോ"

അയ്യോ ഞാനല്ലാ

ഒരു ദിവസം ഞങ്ങള്‍ ആണ്‍കുട്ടികളെ എല്ലാരേം ഞെട്ടിച്ചു കൊണ്ട് ക്ലാസ്സിലെ ഒരു സുന്ദരിക്കുട്ടി ചര്ദിച്ചു...

ഒരു നിമിഷത്തേക്ക് ക്ലാസ്സില്‍ നിശബ്ദത... മറ്റു പെണ്‍കുട്ടികള്‍ ആ കൊച്ചിന്റെ പുറം തടവി കൊടുക്കുന്നു, ക്ലാസ്സ്‌ എടുത്തു കൊണ്ടിരുന്ന ടീച്ചറും ആ കൊച്ചിന്റെ അടുത്ത്...അന്ന് ക്ലാസ്സില്‍ ഞങ്ങള്‍ 5 ആണ്‍കുട്ടികളെ ഉണ്ടായിരുന്നുള്ളു...

ജയന്‍ റിയാസ് ഹാഷിം മുഹമെദ് ഞാന്‍..

ഞാന്‍ മുഹമ്മദിനെ നോക്കി... മുഹമ്മദ്‌ എന്നെയും... ഞങ്ങള്‍ പരസ്പരം തലയാട്ടി....
ജയന്‍ റിയാസിനെ നോക്കി റിയാസ് ജയനെയും... അവരും പരസ്പരം തലയാട്ടി...
നടുവില്‍ ഇരിക്കുന്ന ഹാഷിമിന് നോക്കാന്‍ ആരുമില്ല...
ഞങ്ങള്‍ നാല് പെരും കൂടെ ഹാഷിമിനെ നോക്കി...

ആകെ വിളറി പോയ അവന്‍ ഉറക്കെ,

"അയ്യോ ഞാനല്ലാ"

കിണ്ണന് പറ്റിയ അമളി

ഡിഗ്രി ഫസ്റ്റ് ഇയര്‍ എക്സാം സമയം...

നമ്മള്‍ കാന്റീനില്‍ സൊറ അടിച്ചു ഇരിക്കുമ്പോള്‍ പൊടി പറത്തി കിണ്ണന്‍ (ജയകൃഷ്ണന്‍) ഓടി വരുന്നു...

"ഡാ എക്സാം റോള് നമ്പര് Declare ചെയ്തു... എന്‍റെ നമ്പര്‍ ജയന്റെ നമ്പറിന്റെ അടുത്താ..."

ഇതും പറഞ്ഞു കിണ്ണന്‍ പൊരിഞ്ഞ ഡാന്‍സ്... കാര്യമുണ്ട്, ഏറ്റവും നന്നായി പഠിക്കുന്നവന്‍ ആണ് ഈ ജയന്‍... കൂടാതെ നന്നായി ഹെല്പും ചെയ്യും... എക്സാം സ്റ്റാര്‍ട്ട്‌ ചെയ്തു, ജയന്‍ ഒരു പേപ്പര്‍ എഴുതി കഴിഞ്ഞാല്‍ അതു ഹാളിന്റെ ഭ്രമണപഥം കവര്‍ ചെയ്തു വരുമ്പോളേക്കും ലാസ്റ്റ് ബെല്‍ അടിക്കാന്‍ ആയിട്ടുണ്ടാവും... അസൂയ കൊണ്ട് ഞങ്ങള്‍ക്ക് കണ്ണ് കാണാതായി...

ഇവന്‍ പിന്നെ ഡെയിലി ഞങ്ങളുടെ അടുത്ത് വന്നു വീമ്പിളക്കാന്‍ തുടങ്ങി...

"ഇരുന്നു പഠിയെടാ"
"എടാ തലവര നന്നാവണം"
"പാവം, ഇരുന്നു പഠിക്കണ കണ്ടാ"
"നിനക്കൊക്കെ അങ്ങനെ തന്നെ വേണം"

ഗതി കേട്ടപ്പോ ഒരിക്കല്‍ ഒരിക്കല്‍ അവനോടു പറയേണ്ടി വന്നു...

"ഡാ കിണ്ണ, ഇനി നീ ഡയലോഗ് അടിച്ചാ അമ്മച്ചിയാണേ നിന്‍റെ രണ്ടു കയ്യും ഞങ്ങള്‍ അടിചൊടിക്കും... കൈക്ക് സ്വാധീനം ഉണ്ടെങ്കില്‍ അല്ലെ നീ എക്സാം എഴുതൂ??"

അതോടെ ഡയലോഗ് നിന്നു... അങ്ങനെ എക്സാം അടുക്കാന്‍ ആയി... കിണ്ണന്‍ പഠിക്കാതെ നടക്കുന്നത് കാണുമ്പോളും ജയന്‍ ഇരുന്നു പഠിക്കുന്നത് കാണുമ്പോളും ഞങ്ങള്‍ക്ക് ഒരുപോലെ അസൂയ വന്നു... ഒരു ദിവസം ഞങ്ങള്‍ എത്തിയപ്പോ കിണ്ണന്‍ താടിക്ക് കയ്യും കൊടുത്ത് ഒരു മൂലക്ക് ഇരിക്കുന്നു...

"എന്തു പറ്റിയെടാ?"

"എക്സാം ഹാള്‍ ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ ഇട്ടിട്ടുണ്ട്"

ഞങ്ങള്‍ നോക്കിയപ്പോ ജയന്റെ അടുത്ത് തന്നെ ജയകൃഷ്ണന്‍,

"അതിനു എന്തിനാ നീ സങ്കടപ്പെട്ടിരിക്കുന്നത്? നീ ജയന്റെ അടുത്ത് തന്നെ ആണല്ലോ? പിന്നെന്താ?"

"ശരിക്കും നോക്കെടാ പട്ടീ..."

ഞങ്ങള്‍ ഒന്നൂടെ സൂക്ഷിച്ച് നോക്കി.. പിന്നെ അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി... സംഭവം ഇതായിരുന്നു...

ഹാള്‍ നമ്പര്‍ 18 - ലാസ്റ്റ് candidate ജയന്‍ റോള് നമ്പര്‍ 8339 !
ഹാള്‍ നമ്പര്‍ 19 - ഫസ്റ്റ് candidate കിണ്ണന്‍ റോള് നമ്പര്‍ 8340 !!!!

രമിത്തിനു കിട്ടിയ വെട്ട്

ഷിവാസ് റിഗല്‍ നാല് പെഗ് കഴിഞ്ഞപ്പോ രമിത്തിനു കുസാറ്റിലെ വിശേഷങ്ങള്‍ വിളമ്പണം... അതും നല്ല തൃശൂര്‍ ഭാഷയില്‍... ആയിക്കോട്ടെ,

"ഡാ ഞങ്ങളില്ലേ? സനാതനെന്നു കള്ളും കുടിച്ചു ഒരിക്കെ പൈപ്പ് ലൈന്‍ പോയി.. അവിടുന്നെ തട്ടുദോശ അടിചോണ്ടിരിക്കുമ്പോ കുറെ ചുള്ളന്മാര്‍ ബൈകിലാ വന്നു..."

"ഡാ സൂരജെ ഒന്ന് ഒഴിചെടാ നീ..."

"നമ്മള് മാന്യന്മാരായി ഒന്നും മിണ്ടാതെ കഴിചോണ്ടിരിക്കുമ്പോ അതിലൊരുത്തന്‍ വെര്‍തെ നമ്മടടുക്കെ ഡയലോഗ് അടിച്..."

"ഡാ സൂരജെ ഒഴിയെടാ..."

"എനിക്ക് കലി വന്നു അപ്പൊ കളിയാ മാറി... ഞാന്‍ അവന്റെ അപ്പന് ഒറ്റ വിളി... അതേ എനിക്കോര്‍മ ഉള്ളു , പിന്നെ കാണുന്നത് ഒരുത്തന്‍ ഷര്‍ട്ട് ന്റെ ബാക്കീന്ന് വാളാ എടുത്തു... ഞാന്‍ ഒറ്റ ഓട്ടം വെച്ചു കൊടുത്തു..."

"ഡാ നിന്നോടാ പറഞ്ഞെ, ഒഴിയെടാ..."

"അവനുണ്ടാ വിടുണ്... എന്‍റെ പിന്നാലെ അവനും... ഞാന്‍ ഓടുണെന്റെ എടേ തിരിഞ്ഞു നോക്യപ്പ അവന്‍ വാളാ വീശി... ഞാന്‍ ഒഴിഞ്ഞു വീണ്ടും ഓടി.... എനിക്ക് പിന്നില്‍ വാള് വീശനെന്റെ ഒച്ച കേക്കാ... ഞാന്‍ ഓടുന്നു, അവന്‍ വീശുണ്..."

"ഡാ നീയിതു വരെ ഒഴിചില്ലേ??"

"എന്നിട്ടെന്തു സംഭവിച്ചു.. അതു പറ ആദ്യം"

ആ.. എന്നിട്ട എനിക്ക് കാലു കുഴയാന്‍ തൊടങ്ങി.. ഓടിയോടി... അവനാണേല്‍ വീശലോ വീശല്‍... ഒടുക്കം ഒരു വെട്ടു എന്‍റെ നടുമ്പുരത് കൊണ്ട്! നല്ല ആഴത്തില്‍!!!

അതോടെ എല്ലാരുടെം മുഖം മാറി...

"പോടാ അവിടുന്ന് വെട്ടു അങ്ങോട്ട്‌ കൊള്ളുകയല്ലേ... നുണാ... നുണാ.."

"സത്യായിട്ടും, ഇപ്പോളും അതിന്റെ വേദന ഉണ്ട്"

"എന്നിറ്റ് ആ വെട്ടവിടെ? ഞങ്ങളൊന്നു കാണട്ടെ"

"ഇപ്പൊ കാണിച്ചു തരാം"

ആടിയാടി എനീട്ടിറ്റ്... ഞങ്ങളുടെ നേരെ തിരിഞ്ഞു നിന്നു... കുനിഞ്ഞു നിന്നു പിന്നില്‍ നിന്നും ലുങ്കി ഒരു പൊക്കല്‍!!!

"ഇതാണാ വെട്ട്... എങ്ങനെ ണ്ട്??"

വേണ്ടാ നീ സുഗുണാ

ശനിയാഴ്ചകളിലെ കോഴിക്കോടന്‍ സായാഹ്നം സംഭവ ബഹുലം ആയിരുന്നു... കട്ടയിട്ടടിക്കിടെ ഉള്ള സംഗീത സദസ്സായിരുന്നു അതില്‍ മുഖ്യം...

ശനിയാഴ്ച ഓഫീസ് കഴിഞ്ഞാല്‍ "കൂടണ്ടേ?" എന്ന ഒരു വാക്ക് കേട്ടാ മതി... സംഭാവനകള്‍ ധാര ധാര ആയി ഒഴുകും... നല്ല പാട്ടുകള്‍ മാറ്റി വെച്ചു, തിരഞ്ഞെടുത്ത പാട്ടുകള്‍ എഴുതി കൊണ്ട് പോയാണ് കാചാറു...

അങ്ങനെ ഉള്ള ഒരു സന്ധ്യ... പാട്ട് തുടങ്ങി വെച്ചത് ശ്രീജിത്ത്‌ സാറും ഞാനും ആണ്...

ആ... കൊട്ടുവടി... കൊട്ടുവടി... കൊട്ടുവടി...
കൊട്ടുവടി വട്ടിരുമ്പ് വട്ടവാളിന്‍ പേരുകേട്ട
കുപ്പ്രസിധപ്പെട്ടതാണ് ഈ ചാരായം
ചാരായം... ചാരായം... ചാരായം... ചാരായം...

പത്തു ചാക്ക് ശര്ക്കരക്ക് പത്തു പറ തേങ്ങാ വെള്ളം
മൊത്തമായ്‌ കലക്കി വെച്ചാ കോടയുണ്ടാവും...
പത്തു ചാക്ക് ശര്ക്കരക്ക് പത്തു പറ തേങ്ങാ വെള്ളം
മൊത്തമായ്‌ കലക്കി വെച്ചാ കോടയുണ്ടാവും...

പഴത്തൊലി മാങ്ങാത്തൊലി മധുരനാരങ്ങാതൊലി
ധിനക്കന... ധിനക്കന... ധിനക്കന... നാ....
പഴത്തൊലി മാങ്ങാത്തൊലി മധുരനാരങ്ങാതൊലി
എല്ലാം കൂടെ ഇട്ടു വാറ്റിയ ഈ ചാരായം
ചാരായം... ചാരായം... ചാരായം... ചാരായം...

ഇതൊരു സംഖഗാനമായി മുന്നോട്ടു പോവുമ്പോള്‍ പെട്ടന്ന്,

"ഇനി ഞാന്‍ പാടാം..."

എല്ലാരും നോക്കുമ്പോള്‍ ബാബു!!! ബാബു പാടുമോ? എല്ലാവരും നിശബ്ദരായി... ബാബു തുടങ്ങി... വിരഹത്തിന്റെ ഭാവം മുഖത്ത്‌ ആവോളം ആവാഹിച്ചു ബാബു തുടങ്ങി... (വരികളുടെ അര്‍ഥം മനസ്സിലായില്ലെങ്കില്‍ ദയവു ചെയ്തു എല്ലാവരും ബാബുവിനോടു പൊറുക്കുക)

എന്നെ മറക്കരുതേ... എന്നെ വെറുക്കരുതേ...
കണ്മണി ഒരു നാളും... നീയെന്റെ ജീവനല്ലേ...
കാലത്തെണീറ്റു മോളെ... നിന്നെ ഞാന്‍ ഒര്‍ത്തിടുമ്പോള്‍...
"താമരചോട്ടിലിരുന്നു"... ചുമ്മാ ഞാന്‍ കാത്തിരുന്ന്നു...
എന്നിട്ടും വന്നില്ലല്ലോ... നീ, ചുംബനം തന്നില്ലല്ലോ...
താമര... ചുംബനം തന്നില്ലല്ലോ...

മേലെ പറമ്പിലുള്ള പെണ്ണിനെ തോണ്ടിയപ്പോ...
അന്നവള്‍ ദുഖത്തോടെ ചൊല്ലി മെല്ലെ എന്നോട്...
വേണ്ടാ നീ സുഗുണാ.... നാട്ടാര് കാണുകില്ലേ...
ഇല്ലാരും കാണുകില്ല... ആരാരും കാണുകില്ല...
നീയിങ്ങു ചെര്‍ന്നിരുന്നെ... ഞാനൊരു തോട്ടോട്ടെട്യെ...

"നിര്‍ത്തെടാ"

ഞാന്‍ അലറി... (ഞാന്‍ തന്നെ ഞെട്ടിപ്പോയി... )

"എന്താ ഇതിന്റെ അര്‍ഥം?"

ബാബു പെട്ടന്ന് നിശബ്ദന്‍ ആയി... അപ്പൊ ശ്രീജിത്ത്‌ സര്‍... ഇനി ഞാന്‍ പാടാം...

അതിര് കാക്കും മലയൊന്നു തുടുത്തേ... തുടുത്തേ തകതകതാ...
അങ്ങ് കിഴക്കത്തെ ചെന്താമരകുളിരിന്റെ ഈറ്റില്ല തറയില്...
പേറ്റ്നോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തകതകതാ...

ചതിച്ചില്ലേ... നീ, ചതിച്ചതിചില്ലേ... നീ ചതിച്ചേ തകതകതാ...
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ, തകര്‍ന്നെ തകതകതാ...
തകര്‍ന്നിടതൊരു തരി, തരിയില്ല... പൊടിയില്ല,
പുകയുമില്ലേ... തകതകതാ.
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ, തകര്‍ന്നെ തകതകതാ...
തകര്‍ന്നിടതൊരു തരി, തരിയില്ല... പൊടിയില്ല,
പുകയുമില്ലേ... തകതകതാ.

കാറ്റിന്റെ ഉലച്ചിലില്‍ ഒരു വള്ളിക്കുരുക്കില്‍..
കുരലോന്നു മുറുകി തടിയൊന്നു ഞെരിഞ്ഞു...
ജീവന്‍.... ഞെരങ്ങീ... ത... ക... ത... ക... താ....

"എന്തുവാടേ ഇത്?? ഇവിടെ ആരെങ്കിലും തൂങ്ങി മരിച്ചോ?"

എല്ലാരും വാതില്‍ക്കലേക്ക് നോക്കി, ജോബി സര്‍... പെട്ടന്നു ബാബു...

"ജോബി സര്‍, എനിക്കൊരു പാട്ട് പാടണം... ഇപ്പൊ പാടണം"

"നീ പാടടാ..."

അപ്പൊ കണ്ണില്‍ വെള്ളം നിറച്ച ബാബു...

"അതല്ല, ഞാന്‍ പാടുന്നത് സൂരജ് സാറിന് ഇഷ്ടമല്ല..."

ഡാ സൂരജെ, നീയൊന്നും പറയരുത്... കേട്ടല്ലോ... ബാബുട്ടാ, നീ പാടടാ..."

അപ്പൊ ബാബു വീണ്ടും,

എന്നെ മറക്കരുതേ എന്നെ വെറുക്കരുതേ...
കണ്മണി ഒരു നാളും... നീയെന്റെ ജീവനല്ലേ...
കാലത്തെണീറ്റു മോളെ... നിന്നെ ഞാന്‍ ഒര്‍ത്തിടുമ്പോള്‍...
താമരചോട്ടിലിരുന്നു... ചുമ്മാ ഞാന്‍ കാത്തിരുന്ന്നു...
എന്നിട്ടും വന്നില്ലല്ലോ... നീ, ചുംബനം തന്നില്ലല്ലോ...
താമര... ചുംബനം തന്നില്ലല്ലോ...

അവസാന വരി പാടിയപ്പോ ബാബുവിന്റെ തൊണ്ട ഇടറിയിരുന്നു... എങ്ങും ശ്മശാന മൂകത...