Saturday, January 8, 2011

ശബരിമല 03

ഞങ്ങളുടെ ജീപ്പ് എരുമേലി എത്തി.അവിടെ ആണ് വാവരുടെ പള്ളി. അയ്യപ്പ സ്വാമിയുടെ സന്തത സഹചാരി ആയിരുന്നു വാവര്‍. ഇദ്ദേഹത്തെ പറ്റി ഒരുപാട് കഥകള്‍ അവിടെ നന്നും കേട്ടു. ഐതീഹ്യത്തില്‍ അദ്ദേഹം ഒരു കൊള്ളക്കാരന്‍ ആയിരുന്നു എന്നാണ്. അയ്യപ്പനും ആയി യുദ്ധം നടത്തി തോറ്റിട്ടു പിന്നീട് അദ്ധേഹത്തിന്റെ സുഹൃത്തായി എന്നും. അതല്ല, ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ പേര്‍ഷ്യയില്‍ നിന്നും വന്ന ഒരു സഞ്ചാരി ആണ് എന്നും പറയുന്നുണ്ട്. വാവരുടെ പള്ളിയുടെ മുന്നില്‍ കൊച്ചമ്പലം എന്നാ ഒരു അമ്പലം ഉണ്ട്. അവിടെ നിന്നും അയ്യപ്പന്മാര്‍ ദേഹം മൊത്തം പല തരം നിറം പൂശി അമ്പും വില്ലും വാളും ഒക്കെ ആയി നൃത്തം ചെയ്തു വേണം വാവരുടെ പള്ളിയിലേക്ക് പോവാന്‍.

ഡാന്‍സ് കളിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് മടിച്ചു. ഞാനും ഡാന്‍സും തമ്മില്‍ പുലബന്ധം പോലും ഇല്ല. കന്നി അയ്യപ്പന്മാര്‍ നിര്‍ബന്ധം ആയി ഡാന്‍സ് കളിക്കണം. ദേഹം മൊത്തം നിറം പൂശി ഒരു അമ്പും വില്ലും കയ്യിലെടുത്തു ഒരു വിഡ്ഢിയെ പോലെ ഞാന്‍ നിന്നു. എന്ത് ചെയ്യും??? ഈ ഡാന്‍സിന്റെ പിന്നിലും ഒരു കഥ ഉണ്ട്. അയ്യപ്പന്‍, മഹിഷി എന്നാ അസുരയെ  കൊന്നത് എരുമേലി വെച്ചാണ്‌. മഹിഷം എന്നാല്‍ എരുമ. എരുമ കൊല്ലി എന്ന പേര് വിലോപിച്ചാണ് എരുമേലി ആയത്. കൊന്നിട്ട് അയ്യപ്പന്‍ മഹിഷിയുടെ ദേഹത്ത് ചവിട്ടി  താണ്ഡവ നൃത്തം ആടി എന്നാണു കഥ. അത് അനുസ്മരിക്കാന്‍ ആണ് സ്വാമിമാരുടെ ഈ ഡാന്‍സ്. എന്തായാലും വല്ലാത്തൊരു ചെയ്ത്തായി പോയി. ഇക്കണ്ട കോലം ഒക്കെ കെട്ടിയിട്ടു ഡാന്‍സ് കളിക്കതിരിക്കാനും വയ്യ... ചുറ്റും നോക്കിയപ്പോള്‍ കുറെ അണ്ണന്മാര്‍ ബാന്‍ഡ് സെറ്റ്‌ ഒക്കെ ആയി ഡപ്പാം കൂത്ത്‌ ഡാന്‍സ് ആടി വരുന്നു. അവര്‍ അടുത്തെത്താന്‍ ഞാന്‍ കാത്തു നിന്നു. ചെണ്ടയുടെയും മറ്റും താളം കേട്ടപ്പോള്‍ എന്റെ ചുമലുകള്‍ തുള്ളാന്‍ തുടങ്ങി. ആ കൂട്ടം എന്റെ മുന്നില്‍ എത്തലും എന്റെ നിയന്ത്രണം പോയി. തള്ളവിരല്‍ കൊണ്ട്  നാക്ക്‌ തൊട്ടു നെറ്റിയില്‍ ഗോപി വരച്ചും... നാക്ക് മടക്കി കടിച്ചുപിടിച്ചും പൊരിഞ്ഞ ഡാന്‍സ്!! അങ്ങനെ തുള്ളി തുള്ളി പള്ളിയുടെ മുന്നില്‍ എത്തലും ഞാന്‍ തളര്‍ന്നു പോയി.

വാവരുടെ പള്ളിക്ക് അകത്തു അന്യമതസ്ഥര്‍ക്ക് കയറാം. പള്ളിക്ക് അകത്തു കയറിയാല്‍ കാണുന്നത് വളരെ വിചിത്രമായ ഒരു കാഴ്ച ആണ്. ബിംബാരാധന ഇല്ലാത്ത പള്ളിക്ക് അകത്തു വാവരുടെ പ്രതീകം ആയി പട്ടു കൊണ്ട് മൂടിയ ഒരു ശില. അവിടെ അയ്യപ്പന്മാര്‍ക്ക് വാവരെ തൊഴാം. വാവര്‍ക്ക് കുരുമുളക് ആണ് നിവേദിക്കുക. ആ ശിലക്ക് അടുത്ത് വാവരുടെ ഒരു വലിയ വാളും ഉണ്ട്. സാധാരണ പള്ളിയിലെത് പോലെ ഇമാമും ഒക്കെ ഇവിടെയും ഉണ്ട്. അയ്യപ്പന്മാര്‍ക്ക് വേണ്ട സഹായങ്ങള്‍ ഒക്കെ ചെയ്തു തരാന്‍ വേണ്ടി അവിടെ ഉള്ളത് ഇസ്ലാം മത വിശ്വാസികളും. പള്ളിക്ക് അകത്തു വാവര്സ്വാമിക്ക് ശരണം വിളിച്ചു തേങ്ങ എറിഞ്ഞുടച്ചു. ഇതൊക്കെ കണ്ടു  പുറത്തിറങ്ങിയ എനിക്ക് അതിശയം ആയിരുന്നു. അന്യമതസ്ഥര്‍ക്ക് കയറാന്‍ പറ്റുന്ന പള്ളിയും അമ്പലവും!!! അതും ഇത് രണ്ടും നിഷിദ്ധമായ അതേ നാട്ടില്‍. അന്യമതസ്ഥര്‍ എങ്ങാനും കയറിപ്പോയാല്‍ അമ്പലത്തില്‍ പുണ്യാഹം തളിക്കുന്നവരെയും, തോട്ടുകൂടാന്മയും മറ്റും ഇപ്പോളും പിന്തുടരുന്നവരെയും, ദൈവത്തിന്റെ പേര് പറഞ്ഞു ലഹള ഉണ്ടാക്കുന്നവരെയും ഒക്കെ  മറ്റും ഇവിടെ കൊണ്ട് വന്നു കുറച്ചു കാലം ശബരിമല  അമ്പലത്തിന്റെയും വാവര്‍ പള്ളിയുടെയും തൂണില്‍ കെട്ടി ഇടണം!! ഇങ്ങനെ ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍ ആലോചിച്ചു നടക്കലും ഞാന്‍ വലിയമ്പലത്തില്‍ എത്തി. അവിടെ തൊഴുതു ജീപ്പില്‍ കയറി. പമ്പ ലക്ഷ്യമാകി ഞങ്ങള്‍ യാത്ര തുടര്‍ന്നു.

പമ്പ എത്തിയപ്പോള്‍ ജീപ്പ് രണ്ടും നിര്‍ത്താന്‍ പറ്റിയ സ്ഥലം അന്വേഷിച്ചു കുറെ ചുറ്റി... കുറെ ദൂരെ ആണ് നിര്‍ത്താന്‍ പറ്റിയത്... അവിടുന്ന് നടന്നു പമ്പാ നദിക്ക് കുറുകെ ഉള്ള പാലം കടന്നു "വിരി വെക്കുന്ന" സ്ഥലത്ത് എത്തി. അവിടെ ആണ് സ്വാമിമാര്‍ക്ക് വിശ്രമിക്കാനും പമ്പാ സദ്യ കഴിക്കാനും ഒക്കെ ഉള്ള സ്ഥലം... പമ്പാ സദ്യ!!! കൊള്ളാം.. വിശന്നിട്ടു വയ്യ.. എവിടെ ആണ് ഈ സദ്യ കൊടുക്കുന്ന സ്ഥലം എന്ന് സ്വകാര്യമായി ഒരു സ്വാമിയോട് ചോദിച്ചപ്പോള്‍ ആണ് മനസ്സിലായത്‌,  ഈ പമ്പാ സദ്യ എന്ന് വെച്ചാ, നമ്മള്‍ തന്നെ മൂന്നു കല്ലും കൂട്ടി വെച്ച് വിറകു കീറി കത്തിച്ചു അടുപ്പത് വെള്ളം വെച്ച് ഉണ്ടാക്കുന്ന ചോറും കറിയും ആണ്!!! അതോടെ ഉത്സാഹം മൊത്തം പോയി.

തരക്കേടില്ലാത്ത ഒരു വിരി വെക്കുന്ന സ്ഥലം കിട്ടി... ചാണകം കൊണ്ട് മെഴുകിയ സ്ഥലം നല്ല വൃത്തിയുണ്ട്... പുല്ലുപായ ഉണ്ട് ഒരു കരിമ്പടവും. ഗുരുസ്വാമി ഞങ്ങളുടെ എല്ലാവരുടെയും ഇരുമുടിക്കെട്ട് വാങ്ങി വെച്ച് തൊഴുതു. അതോടെ ഞാന്‍ നേരെ പുല്ലുപായിലേക്ക് വീണു... നല്ല ക്ഷീണം... ഒന്ന് കണ്ണടച്ചതെ ഉള്ളു. അപ്പോളേക്കും വിളി വന്നു...

സ്വാമി ഒന്ന് കുളിച്ചു വരൂ, ഭക്ഷണം ഉണ്ടാക്കാം

മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു. ദേഹം മൊത്തം നിറം പൂശിയ നിലയില്‍ ആണ്. പമ്പാ നദിയില്‍ എത്തി. ഇനിയങ്ങോട്ട് വൃത്തി കേടാക്കാന്‍ ഇല്ല!!! അത്രയും മലിനമായിരിക്കുന്നു വെള്ളം. ഒന്ന് മുങ്ങി എന്ന് വരുത്തി. വേഗം കരക്ക് കയറി തിര്‍ത്തു നനച്ചു ദേഹം മൊത്തം തുടച്ചെടുത്ത്. അപ്പോളാണ് ഒരു കാര്യം ഓര്മ വന്നത്. രാവിലെ മുതല്‍ കാര്യം സാധിച്ചിട്ടില്ല. സുരേട്ടന്റെ അടുത്ത് പറഞ്ഞു...

ഇവിടെ എവിടെ നോക്കിയാലും കക്കൂസേ കാണൂ... ഒന്ന് ചുറ്റി നടന്നു നോക്കൂ

പുറത്തിറങ്ങി നടന്നു.. രണ്ടു അടി നടന്നില്ല, ഒരു ബോര്‍ഡ്‌..

കക്കൂസ് ശൌചാലയം 

പിന്നെ അതിന്റെ മുകളിലും താഴെയും ഒക്കെ ആയി ഇതേ കാര്യം ഇന്ഗ്ലീഷിലും, ഹിന്ദിയിലും, തെലുങ്കിലും, കന്നഡത്തിലും ഒക്കെ വിശദമായി എഴുതിയിരിക്കുന്നു... ഇനി ഭാഷ അറിയാത്തത് കൊണ്ട് ആരും കാര്യം സാധിക്കാതെ പോണ്ട! അമ്പലത്തില്‍ ഇടാന്‍ വെച്ച നാണയങ്ങളുടെ കെട്ടില്‍ നിന്നും രണ്ടു രൂപ എടുത്തു കൊടുത്തു. വലതു കാലു വെച്ച് നിര കക്കൂസുകളുടെ ഇടയിലേക്ക് ഞാന്‍ നടന്നു. പൊട്ടി പൊളിഞ്ഞ സിമെന്റ്റ്‌ തറ. അതില്‍ കെട്ടി കിടക്കുന്ന വെള്ളം. അങ്ങേ അറ്റത് വലിയ ടാങ്ക്. താഴെ ഒരു പൈപ്പ്. അതിന്റെ അടുത്ത് ഒരു കൂട്ടം ഇരുമ്പ് പട്ടകള്‍. കഷ്ടിച്ച് ആറേഴു പാട്ട വെള്ളം കൊള്ളും അതില്‍. കക്കൂസിലേക്ക് നോക്കിയപ്പോള്‍ ആണ് ഞെട്ടി പോയത്. മൊത്തം അര മതിലുകള്‍. അര വാതിലുകള്‍. ചുരുക്കി പറഞ്ഞാല്‍, അതിനകത്ത് നിന്നാല്‍ അര വരെ കാണാം... ഇരുന്നാല്‍ തല മാത്രം പുറത്തു കാണാം. അങ്ങനെ എന്റെ പ്രൈവറ്റ് പ്രോപ്പെര്‍ട്ടീസ് നാട്ടുകാര്‍ കാണണ്ട. രണ്ടു രൂപ പോയെങ്കില്‍ പോട്ടെ. അടുത്ത കക്കൂസ് തേടി നടന്നു... എല്ലായിടത്തും ഇത് തന്നെ സ്ഥിതി. ഒന്നെങ്കില്‍ അര മതില്, ഇനി ഫുള്‍ മതില്‍  ആണെങ്കില്‍ മൂകില് പഞ്ഞി വെച്ച് കേറണം. കണ്ണും പൂട്ടേണ്ടി വരും. അത്ര വൃത്തി ആണ്!!! വല്ലവന്റെയും മലം ഉള്ള കക്കൂസ് വൃത്തി ആക്കിയിട്ട് എനിക്കങ്ങനെ കാര്യം സാധിക്കണ്ട. അപ്പോളാണ്  വഴിയില്‍ കണ്ട ഒരു സ്വാമി പറഞ്ഞത്, കുറച്ചു കൂടെ നടന്നാല്‍ മലയാളത്തിലെ ഒരു പിന്നണി ഗായകന്‍ സംഭാവന ചെയ്ത പത്തമ്പത് കക്കൂസുകള്‍ ഉണ്ട്. അവിടെ നല്ല വൃത്തി ആണ്. നേരെ അങ്ങോട്ട്‌ വെച്ച് പിടിച്ചു. അവിടെ ആണെങ്കില്‍ നല്ല തിരക്ക്. എങ്ങനെയോ ഉള്ളില്‍ കേറി പറ്റി... ചളിയില്‍ ചവിട്ടാതെ ചാടി ചാടി നടന്നു ടാങ്കിന്റെ അടുത്ത് എത്തി. രണ്ടു ബക്കറ്റ്‌ വെള്ളം എടുത്തു ഒരു വാതില്‍ തുറന്നു അകത്തു കയറി. ഏതോ ഒരു മാന്യന്‍ കാര്യം സാധിച്ചു അതെ പോലെ ഉപേക്ഷിച്ചു പോയിരിക്കുന്നു. എന്റെ കടുംപിടുതങ്ങള്‍ ഒക്കെ ഞാന്‍ ഉപേക്ഷിച്ചു. കൊണ്ട് വന്ന വെള്ളം കൊണ്ട് കക്കൂസ് കഴുകി വൃത്തി ആക്കി.രണ്ടു ബക്കറ്റ്‌ എടുത്തു കൊണ്ട് ടാങ്കിന്റെ അടുത്തേക്ക് വീണ്ടും നടന്നു. നിറയെ വെള്ളവും ആയി തിരിച്ചെത്തിയപ്പോള്‍ വേറെ ഒരു മാന്യന്‍, ഞാന്‍ കഴുകി വൃത്തിയാക്കിയ കക്കൂസില്‍ കയറിപ്പറ്റിയിരിക്കുന്നു!!! നേരെ ടാങ്കിന്റെ അടുത്തുള്ള കക്കൂസിന്റെ അടുത്ത് പോയി കാത്തു നിന്നു.

ഇറങ്ങി വന്നയാള്‍ മാന്യന്‍ ആയിരുന്നു. എന്നാലും എന്റെ ഒരു ഉറപ്പിന് കയ്യിലുള്ള വെള്ളം കൊണ്ട് ഞാന്‍ ഒന്ന് കൂടെ വൃത്തി ആക്കി. വീണ്ടും വെള്ളമെടുത്ത് കയറി. വാതിലടച്ചു. ആകപ്പാടെ ഒരു കണ്ഫ്യുഷന്‍... രണ്ടു പടിയിലും കാലുവെച്ചു ബോഡി ഒന്ന് ബാലന്‍സ് ചെയ്യാന്‍ വേണ്ടി രണ്ടു ഭാഗത്തെ ചുമരില്‍ കൈ വെച്ചതെ ഓര്മ ഉള്ളു... വലത്തേ കൈ വഴുക്കി ഒരു പോക്ക്!!! കയ്യ് ചുമരില്‍ നിന്നും എടുത്തു ഞാന്‍ നോക്കി. എനിക്ക് കരച്ചില്‍ വന്നു. ഏതോ ഒരുത്തന്‍ കാര്‍ക്കിച്ചു തുപ്പിയതില്‍ ആണ് ഞാന്‍ കൈ വെച്ചത്!!! “ഇത്ര അധികം പാപങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ടോ അയ്യപ്പാ” എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. പുറത്തു നിന്നും ഒരു മെഡിമിക്സ് സോപ്പ് വാങ്ങി അത് തീരുവോളം കൈ കഴുകി.

തിരിച്ചു വിരി വെചിടത് എത്തിയപ്പോള്‍ കണ്ടത് സദ്യ ഒക്കെ ഏതാണ്ട് തയ്യാറായിരിക്കുന്നു. പക്ഷെ എന്റെ വലത്തേ കയ്യ് കൊണ്ട് അത് കഴിക്കാന്‍ മനസ്സ് വന്നില്ല.ആരോടും മിണ്ടാതെ പുറത്തിറങ്ങി ഒരു പഴം വാങ്ങി കഴിച്ചു. കുറച്ചു നേരം വിശ്രമിച്ചു. എഴുന്നേറ്റപ്പോള്‍ ചെറുതായി ഇരുട്ടിയിരിക്കുന്നു. പുറത്തിറങ്ങി മുഖം കഴുകി തിരിഞ്ഞു നോക്കിയ ഞാന്‍ അന്തം വിട്ടു പോയി. പമ്പയില്‍ നിന്നും ശബരിമലയിലേക്കുള്ള നടപ്പാതയുടെ ലൈറ്റ് ഒക്കെ ഓണ്‍ ആയി കിടക്കുന്നു. മൂന്നു നാല് കിലോമീറ്റര്‍ ദൂരം വെളിച്ചം... അങ്ങ് മലയുടെ മുകള്‍ വരെ!!! ഇതൊക്കെ ഞാന്‍ തന്നെ നടന്നു കയറണ്ടേ എന്റെ ഹരഹരസുതനേ!!!!