"ഡാ സൂരജെ, പേടിക്കുവാന്‍ എനിക്ക് കൊതിയാവുന്നു..."
Location : Sandeep Sir's Flat
Date: 22 January 2010
Time : ഉച്ച
Occation: അങ്ങനെ ഒന്നും ഇല്ല... പാമ്പാവുക... അതാണ് Ultimate Aim!!!!
ബാക്കി കഥ പറയുന്നത് ഞാന്‍ അല്ല, തമ്പു ആണ്...
"ഡാ സന്ദീപേ... നിനക്ക് ആദ്യമായി ചെയ്തപ്പോ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയോ?"
തലവേദന മാറാന്‍ ഫ്രഷ് ഓറഞ്ച് ജ്യൂസ് കുടിച്ചു കൊണ്ടിരുന്ന (തലവേദന മാറാന്‍ ഓറഞ്ച് ജ്യൂസ്... ) സന്ദീപ് സര്‍ അറിയാതെ കുറച്ചു ജ്യൂസ് തുപ്പിപോയി... പിന്നെ ആലോചിച്ചു... എന്തൊക്കെ ചെയ്യാന്‍ പറ്റും ആദ്യമായിട്ട്???
എന്തു ചെയ്തപ്പോ??? ചോദ്യം വളരെ പെട്ടന്നായിരുന്നു...
"ആദ്യമായി വീമാനത്തില്‍ യാത്ര ചെയ്തപ്പോ?"
വൈകുന്നേരം അടിക്കുമ്പോള്‍ തൊട്ടു കൂട്ടാന്‍ ചിക്കന്‍ മിക്സ് ചെയ്തു കൊണ്ടിരുന്ന ഞാന്‍ "ജാഗരൂഗന്‍" ആയി... എന്തെങ്കിലും വീണു കിട്ടണേ ദൈവമേ... കുറച്ചു കാലമായി വിഷയ ദാരിദ്ര്യവും ആയി നടക്കുകയാണ് ഞാന്‍. മിക്സ് ചെയ്യല്‍ ഒക്കെ നിര്‍ത്തി തമ്പുവിനു അടുത്ത പെഗ് ആയി ഞാന്‍ പറന്നെത്തി...
"ഡാ നിനക്കോ?"
എന്നോടാണ്, ഞാന്‍ മറുപടി പറയും മുന്നേ, തമ്പു സോഫയില്‍ ഒന്ന് നിവര്ന്ന്‍ ഇരുന്നു...
"എന്‍റെ കഥ ഞാന്‍ പറയാം..."
സന്തോഷം കൊണ്ട് എന്‍റെ മനസ്സ് തുള്ളിച്ചാടി...
"ഡാ ഞാന്‍ എയര്‍പോര്‍ട്ട് എത്തിയപ്പോ ആണ് എനിക്ക് ഇംഗ്ലീഷ് അറിയില്ലല്ലോ എന്ന് ഓര്‍മ വന്നത്... കോഴിക്കോട് വലിയ കൊഴപ്പം ഇല്ലായിരുന്നു... ആദ്യം എനിക്ക് ഒരു "അപ്ലിക്കേഷന്‍ ഫോം" തന്നു അതു പൂരിപ്പിച്ചപ്പോ എനിക്കൊരു സ്റ്റിക്കര്‍ തന്നു അതെന്തു ചെയ്യും എന്ന് അടുത്തുള്ള ആള്‍ ചെയ്യുന്നത് നോക്കി ചെയ്തു. പിന്നെ ഒരു ക്യൂ കണ്ടു.. അവിടെ പോയി നിന്നു. എന്‍റെ ബാഗ് ഒക്കെ വാങ്ങി തൂക്കി നോക്കി. പിന്നെ അതു കണ്ടില്ല.. കൈ വിട്ടു എന്ന് വിചാരിച്ചു... അപ്പൊ കൂടെ ഉള്ള ഒരാള്‍ പറഞ്ഞു അതു ദുബായ് വെച്ചേ കിട്ടു എന്ന്.. സമാധാനം!!! അത്രേം ചുമന്നാല്‍ മതിയല്ലോ... പിന്നെ വേറെ ഒരു ക്യൂ കണ്ടു അവിടേം പോയി നിന്നു.. എന്‍റെ പാസ്പോര്‍ട്ട് വാങ്ങി ആ പെണ്ണുമ്പിള്ള എന്നേം പാസ്പോര്‍ട്ട് ഫോട്ടോ മാറി മാറി നോക്കി...പിന്നെ അതില്‍ സീല്‍ ചെയ്തു തിരിച്ചു തന്നു. ഇനിയും ഉണ്ട് ഒന്നര മണിക്കൂര്‍... കൂടെ ഉള്ളവന്‍ എങ്ങോട്ടാ പോവുന്നത് എന്ന് നോക്കി അവന്റെ പിന്നാലെ വെച്ചു പിടിച്ചു... അവന്‍ ഒരു റൂമില്‍ കയറി ഇരുന്നപ്പോ അവന്റെ പിന്നില്‍ പോയിരുന്നു.. ഭയങ്കര സിഗരറ്റ് മണം... നോക്കുമ്പോ എല്ലാരും വലിക്കുന്നു.. ഛെ നാട് എന്നും നാട് തന്നെ.. ഇവനൊക്കെ എന്നാണ് മാനേര്‍സ് പഠിക്കുന്നത്.. എയര്‍പോര്‍ട്ടില്‍ വെച്ചാണോ വലിക്കുന്നത്... പിന്നെയാണ് മനസ്സിലായത് അതു സ്മോകിംഗ് റൂം ആയിരുന്നു എന്ന്... വേഗം പുറത്തിറങ്ങി... പിന്നെ കുറേ ഷോപ്പ് കണ്ടു അതിലൊക്കെ കയറി നടന്നു. പിന്നെ ബോധം വന്നത് ഒരു പെണ്ണുമ്പിള്ള "രാജേഷിനെ കാണാനില്ലേ" എന്ന് മൈകിലൂടെ അലറുന്നത് കേള്‍ക്കുമ്പോളാണ്... അപ്പോളാണ് എല്ലാരും എന്നെ കാത്തിരിക്കുകയാണ് എന്ന് മനസ്സിലായത് പറക്കുകയായിരുന്നു... ഓടി ഫ്ലൈറ്റ് ന്റെ ഉള്ളില്‍ കയറിയപ്പോ ഒരു സാരിയുടുത്ത ഒരു അമ്മായി താണ് വണങ്ങി ഒരു വണക്കം... അതേ പോലെ ഒരു വണക്കം കൊടുത്തപ്പോ അമ്മച്ചി പൊട്ടിത്തെറിച്ച പോലെ നാല് ഡയലോഗ്!!! കിംഗ് ഫിലിമില്‍ മമ്മൂട്ടി അടിച്ച അതേ ഡയലോഗ്... എനിക്ക് ദേഷ്യം വന്നു... പക്ഷെ, വിശാലമായി ഒന്ന് ചിരിച് ഒരക്ഷരം മിണ്ടാതെ നേരെ പോയി കണ്ണില്‍ കണ്ട ഒരു സീറ്റില്‍ പോയി ഇരുന്നു.. അപ്പൊ വീണ്ടും അതാ അമ്മായി വരുന്നു... അവിടുന്ന് എന്നെ എനീപ്പിച്ചിട്ടു വേറെ സീറ്റ് കാണിച്ചു തന്നു.. അതാണ് പോലും എന്‍റെ സീറ്റ്... ഇതെന്താ സിനിമ കാണാന്‍ വന്നതാണോ? മിണ്ടാതെ അവിടെ പോയിരുന്നു...
സീറ്റില്‍ ഇരിക്കലും പൈലറ്റ് കഥാപ്രസംഗം തുടങ്ങി... അതു കഴിയലും നമ്മുടെ പഴയ അമ്മായി വീണ്ടും വന്നു ഒരു ജാകറ്റ് എടുത്ത് അണിഞ്ഞു മനസില്ലാമനസോടെ ഡെമോയൊക്കെ കാണിച്ചിട്ടു പോയി. കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എങ്ങാനും കഷ്ടകാലത്തിനു വിമാനമെങ്ങാനും ക്രാഷായാൽ, ചുമ്മാ കിടന്ന് അലറിവിളിക്കുംന്നല്ലാതെ, ഇക്കാണിച്ചതു പോലെ ആരും ലൈഫ് ജാക്കറ്റെടുത്തിടാനൊന്നും പോവുന്നില്ലാന്ന് ചേച്ചിയ്ക്ക് നന്നായിട്ടറിയാമായിരിക്കുമല്ലോ. അതു കഴിയാലും അടുത്തുള്ളവന്‍ സീറ്റ് ബെല്‍റ്റ് എടുത്തണിഞ്ഞു... അതുനോക്കി അതുപോലെ ചെയ്തു... മൂന്നര മണിക്കൂര്‍ ഉണ്ട്. Snakes കളിക്കാം.. ഇത് വരെ ഉള്ള റെക്കോര്‍ഡ് ഒക്കെ പൊളിക്കാന്‍ പറ്റിയ സമയം. ഫോണ്‍ എടുക്കലും ദാ നമ്മടെ അമ്മായി ഓടി വരുന്നു. എന്തൊക്കെയോ പറഞ്ഞു... മൊബൈല്‍ ഓഫ് ആക്കണം എന്ന് മാത്രം മനസ്സിലായി. ഇതെന്താ ജയിലോ?
അപ്പൊ വീമാനം സ്റ്റാര്‍ട്ട് ചെയ്തു കുറേ നേരം ഓടി. ഇതെന്താ പറക്കുന്നില്ലേ? റോഡ് വഴിയാണോ ദുബൈക്ക് പോവുന്നത്? എന്ന് മനസ്സില്‍ വിചാരിക്കലും ഉള്ളില്‍ നിന്നു ഒരു ആളല്‍ വന്നു... പണ്ടാരം പൊങ്ങി... പിന്നെ ചെവി അടയുന്നു... കണ്ണില്‍ ഇരുട്ട് കേറുന്നു... ശരീരം മൊത്തം തളരുന്നു... ഇതാണോ ദൈവമേ ഹാര്‍ട്ട് അറ്റാക്ക്??? പിന്നെ എല്ലാം നോര്‍മല്‍ ആയി... പതുക്കെ വിന്‍ഡോ വഴി പുറത്തു നോക്കി.. ഹേ.. ഭൂമി ഉരുണ്ടിട്ടല്ല... പരന്നിട്ടു തന്നെ ആണ് എന്ന് ഉറപ്പു വരുത്തി.. അടച്ചു. എന്തിനാ വെറുതെ പോയ നെഞ്ച് വേദന തിരിച്ചു വിളിക്കുന്നത്???
അപ്പൊ അടുത്തുള്ളവന്‍ സീറ്റിന്റെ എവിടെയോ പിടിച്ചു ഞെക്കി.. അതാ പിന്നോട്ട് പോവുന്നു അവന്‍ ഉറക്കവും തുടങ്ങി... എന്തു ചെയ്യും... ഞാനും
എവിടെയോ പിടിച്ചു ഞെക്കി ഠിം!!! പിന്നിലുല്ലവന്റെ മടിയില്‍ എന്‍റെ തല... അവന്‍ പിടിച്ചൊരു തള്ള്.. ഞാന്‍ പൂര്‍വ സ്ഥിതിയില്‍.. എല്ലാം എത്ര പെട്ടന്ന്??? 2 സെക്കന്റ് എടുത്തിട്ടില്ല..
അപ്പൊ ഉണ്ട് ഒരുത്തി ചിരിച്ചു കൊണ്ട് വരുന്നു... ദൈവമേ എന്നെ നോക്കി ആണല്ലോ... ദാണ്ടേ അവളും വന്നു ഡയലോഗ് തുടങ്ങി... അപ്പൊ ഉറങ്ങിയവന്‍ ചാടി എണീറ്റ് എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്യുന്നു എന്നോട് പറഞ്ഞു, ഫുഡ് ആണ്.. ഹാവൂ സമാധാനമായി... അവന്‍ എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു അപ്പൊ ആ തരുണീമണി എന്‍റെ നേരെ തിരിഞ്ഞു ഒരു മെനു തന്നു... അവിടേം ഇവിടേം ചൂണ്ടി കാണിച്ചു ഓരോന്ന് ചോദിച്ചു.. yes ... yes ... എന്ന് പറഞ്ഞു ഞാന്‍ ബിരിയാണി ചൂണ്ടി കാണിച്ചു. അവള്‍ ചിരിച്ചു കൊണ്ട് പോയി. അപ്പോളുണ്ട് ഒരുത്തി വേറൊരു വണ്ടി ഉന്തി വരുന്നു... അതില്‍ നിറയെ കുപ്പികള്‍ എന്‍റെ മുത്തപ്പാ... നീ കാത്തു... അടുത്ത് എത്തിയതും ഗായത്രി, അമൃത, മരിയ ബാര്‍ മനസ്സില്‍ ധ്യാനിച്ച് പറഞ്ഞു whiskey with soda... മനസ്സില്‍ ചിന്തിച്ചു.. ഇത് പറയാന്‍ ഒരു ഇംഗ്ലീഷും അറിയണ്ട... പിന്നെ പടപടാ എന്ന് 4 എണ്ണം.... ആഹ എന്താ മജ...
അപ്പോള്‍ ഫുഡ് വന്നു... ബിരിയാണിക്ക് കൈ നീട്ടിയപ്പോ അതു അടുതുള്ളവന് കൊടുത്തു... എനിക്ക് വേറൊരു പ്ലേറ്റ് തന്നു.. നോക്കുമ്പോ അതില്‍ നാല് കക്കിരിക്ക, രണ്ടു ഉള്ളി, ഒരു നാരങ്ങ, കുറെ കാബേജ്, പിന്നെ കുറെ ചപ്പും ചവറും!!! അടുത്തുള്ളവന്‍ ചിക്കന്‍ കടിച്ചു വലിക്കുംപോ നാല് പെഗ് അടിച്ച വയറു കത്തി നിക്കുന്ന ഞാന്‍ ആ ചപ്പും ചവറും വാരി വലിച്ചു തിന്നു... ഇവള്‍ എന്തിനു ഈ കൊടും ചതി ചെയ്തു? ഇനി ഞാന്‍ പറഞ്ഞത് മനസ്സിലാവാഞ്ഞിട്ടാണോ? ഹേ അങ്ങനെ വരാന്‍ വഴി ഇല്ല... പിന്നെ കണ്ണും അടച്ചു കിടന്നു...
പെട്ടന്ന് ഞെട്ടി എണീറ്റു... അതേ അതു തന്നെ... "ദൈവ വിളി"... ഈശ്വരാ! നേരെ toilet നോക്കി നടന്നു.. തുറന്നപ്പോ തകര്‍ന്നു പോയി.. ബക്കറ്റ് ഇല്ല പാട്ടയും... ഈ പേപ്പര്‍ കൊണ്ട് ഞാന്‍ എങ്ങനെ??? വേണ്ട. അടക്കി പിടിക്കാം... കള്ളാണ് പണി തന്നത് എന്ന് തോന്നുന്നു... വീമാനത്തിലും ചാത്തന്‍ ആണോ എന്‍റെ ചാത്താ... തിരിച്ചു സീറ്റിൽ വന്നിരുന്നു. അപ്പോളുണ്ട് എന്‍റെ അടുത്തിരിക്കുന്നവന്‍ ഇരുന്നു മുന്നിലെ സ്ക്രീനില്‍ സിനിമ കാണുന്നു. ഹെഡ് ഫോണ്‍ ഒക്കെ വെച്ചിട്ട്... ഇതെവിടുന്നു
കിട്ടി ഇവന് ഹെഡ് ഫോണ്‍??? സീറ്റ് കവറില്‍ തപ്പിയപ്പോ എനിക്കും കിട്ടി ഒരെണ്ണം.. പണ്ടാരം, ഇതെവിടെ കുത്തും??? അവന്‍ കുത്തിയത് എവിടെയാണ് എന്ന് കാണുന്നും ഇല്ല... രണ്ടും കല്‍പ്പിച്ചു ഞാനും സിനിമ കാണാന്‍ തുടങ്ങി... ഡാ സന്ദീപേ... സൂരജെ... ഒന്നര മണിക്കൂര്‍ ഞാന്‍ ഒച്ചയില്ലാതെ ദില്‍വാലെ ദുല്‍ഹനിയ ലെ ജായേന്ഗെ കണ്ടെടാ... മടുപ്പ് തോന്നിയപ്പോ ഞാന്‍ ഇരുന്നോറങ്ങി... സീറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ പേടി ഉണ്ടായിട്ടല്ല... ഒരു മടി...
പിന്നെ ഞാനെഴുന്നേൽക്കുമ്പോൾ വിമാനം ലാൻഡ് ചെയ്യാൻ പോവുന്നതിന്റെ അനൗൺസ്‌മന്റ് മുഴങ്ങുന്നു.
പുറത്തിറങ്ങി നേരെ എല്ലാവരുടേം കൂടെ നടന്നു... അപ്പോളാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.. Escalator!!! ഇത് കണ്ടിട്ടുണ്ടെങ്കിലും ഇത് വരെ അതില്‍ കയറിയിട്ടില്ല...വേണോ വേണ്ടേ എന്ന് വിചാരിച്ചു നിക്കുമ്പോ പിനില്‍ ഉള്ള ഒരു മാന്യന്‍ എന്തോ പറഞ്ഞപ്പോ രണ്ടുംകല്‍പ്പിച്ചു കാല്‍ എടുത്തു വെച്ചു.. അതാ പോണു കൊക്കയിലേക്ക്... മുന്നിലെ സായിപ്പിന്റെ നടുമ്പുരത് എന്‍റെ മുഖം.. sorry... dubai... I am... first... ഭാഗ്യം അയാള്‍ ഒന്നും പറഞ്ഞില്ല. താഴെ എത്തിയപ്പോ അതാ അടുത്ത Escalator ... നേരെ അടുത്ത stair നോകി നടന്നു പണ്ടാരം അതു വേറെ എവിടെയോ എത്തി.. പിന്നെ ചുറ്റി വളഞ്ഞു ഒരു കൌണ്ടര്‍ എത്തിയപ്പോ അവിടം കാലി...ഒരു അറബി എന്തൊക്കെയോ ചോദിച്ചു... ഇനി ചോദിച്ചിട്ട് കാര്യമില്ല എന്ന് എന്ന് അയാള്‍ക്ക് മനസ്സിലായിട്ടയിരിക്കും വേഗം പാസ്പോര്‍ട്ട് സ്റ്റാമ്പ് ചെയ്തു തന്നു. പിന്നയല്ലേ പുകില്.. ഒരു സ്ഥലത്ത് കണ്ണ് പരിശോധിക്കുന്നു, വേറൊരു സ്ഥലത്ത് വേറെന്തോ പരിശോധിക്കുന്ന്നു.. ഒന്നും പറയണ്ട. അവസാനം എല്ലായിടത്തും നിന്നും രക്ഷപ്പെട്ടു പുറത്തിറങ്ങാന്‍ നേരം ആണ് ഓര്‍ത്തത്, എന്‍റെ ബാഗ്...
ചുറ്റി നടന്നു ഒരുപാട് പേരോട് ചോദിച്ചപ്പോ ബാഗ് collect ചെയ്യുന്ന സ്ഥലം കിട്ടി.. നോക്കുമ്പോ എന്‍റെ സ്വന്തം ബാഗ് ഒരു അനാഥ പ്രേതം പോലെ ഒറ്റക്ക് കിടന്നു കറങ്ങുന്നു.. ഓടി പോയി എന്‍റെ ബാഗ് എടുത്തു... ചുറ്റും നോക്കിയപ്പോ ഒരു വീല്‍ ചെയര്‍ കിട്ടി (ട്രോളി). അതില്‍ എന്‍റെ ബാഗ് എടുത്തു ഇട്ടു ഓടി പുറത്തിറങ്ങി.. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി ഞാന്‍ തിരിഞ്ഞു നോക്കി... "Dubai International Airport -Terminal 1" പിന്നെ, എന്നോടല്ലേ കളി...
ഇത് പറഞ്ഞു കഴിഞ്ഞു തമ്പു എന്നെ നോക്കി ഒരു അലര്‍ച്ചയാണ്... " ഞാന്‍ എന്താടാ ഉടുത്ത് അഴിച്ചിട്ടു നിക്കുകയാണോ? ഇങ്ങനെ ഇളിക്കാന്‍???" സൂരജ് ആണ് പോലും സൂരജ്... ദുബായ് എയര്‍പോര്‍ട്ട് നിന്നും ഇറങ്ങിയപ്പോ തീര്‍ന്നതാടാ ജീവിതത്തോടുള്ള പേടി...
ഡാ സൂരജെ, പേടിക്കുവാന്‍ എനിക്ക് കൊതിയാവുന്നു...
No comments:
Post a Comment