Sunday, April 14, 2013

പീസ്‌ പടം


അന്നൊക്കെ പ്രീഡിഗ്രീ ക്ലാസ്സ്‌ ഷിഫ്റ്റ്‌ ആയിരുന്നു... രാവിലെ പെണ്‍കുട്ടികള്‍ക്ക്, ഉച്ചക്ക് ശേഷം ആണുങ്ങള്‍ക്ക്. എന്നാലും പെണ്‍കുട്ടികളുടെ ക്ലാസ്സില്‍  രാവിലെയും കാണും നാലഞ്ചു പയ്യന്‍സ്,. ഞങ്ങള്‍ക്ക് അവരെ പുല്ലു വിലയായിരുന്നു... ഒരു പക്ഷെ അസൂയ കൊണ്ടായിരിക്കാം... ക്ലാസ്സ്‌ ഉച്ചക്ക് ശേഷമേ തുടങ്ങുകയുള്ളുവെങ്കിലും  ഞങ്ങള്‍ നേരത്തെ തന്നെ കോളേജില്‍ എത്താന്‍ ശ്രമിക്കാറുണ്ട്... നമ്മുടെ നോട്ടപ്പിശക് കൊണ്ട് വരുന്നവരെ കണക്കെടുക്കുന്നത് തെറ്റാന്‍ പാടില്ലല്ലോ... അങ്ങനെ തോന്നിയപോലെ നടന്നിരുന്ന ദിവസങ്ങളിലോന്നില്‍ നടന്ന ഒരു സംഭവം...

സീന്‍ ഒന്ന് – കോളേജിന് പിന്നിലെ പാറപ്പുറം...

അടുത്ത ക്ലാസ്സ്‌ ഇംഗ്ലീഷ് പോയം. കൊന്നാ ഞാന്‍ ഇരിക്കൂല എന്നുറപ്പിച്ചു ശൈലേഷ്... എന്നാ പിന്നെ വീട്ടില്‍ പോവാം എന്നും പറഞ്ഞു ഞാന്‍... അതിനിടയിലേക്കാണ് അലി വരുന്നത്... അലി തന്നെത്താന്‍ വിശേഷിപ്പികുന്നത് മമ്മൂട്ടി എന്നാണു... ഒരു കാലില്‍ മാത്രം ഹീല്‍ ഉള്ള ചെരിപ്പിട്ട പോലെയുള്ള നടത്തം... സംസാരിക്കുമ്പോള്‍ വലത്തേ കൈ കൊണ്ടുള്ള കുഴികുത്തല്‍... ചുണ്ട് രണ്ടും ചേര്‍ത്ത് കൂര്‍പ്പിച്ചു വെച്ച് നല്ല ബേസ് ഉള്ള ശബ്ദം മാത്രം പുറപ്പെടുവിപ്പിച്ചുള്ള ചിരി... അങ്ങനെ ഒരു സംഭവമായിരുന്നു അലി. പക്ഷെ ഒരു കുഴപ്പം... അല്‍പ്പം അല്ല, നല്ലോണം കറുത്ത് പോയി അലി... അതില്‍ അലിക്കുള്ള സങ്കടം കുറച്ചൊന്നുമല്ല... അങ്ങനെ ഉള്ള അലി പിന്നിലൂടെ വന്നു നിന്നത് ശൈലേഷ് കണ്ടില്ല..

“എന്തൊക്കെയുണ്ട് മക്കളെ...”

“ഓ... മമ്മൂട്ടി വന്ന്...”

ശൈലേഷിന്റെ ആത്മഗതം... അവന്‍ അലിയുടെ നേരെ തിരിഞ്ഞ്...

“എടാ യ്യി ഒര് ഡോക്ട്ടറെറ്റം കാണിക്ക്ട്ടോ... വല്ല സൂകെടെട്റ്റ്യായി പോവും... ഓനും ഓന്റെയൊരു മമ്മൂട്ടീന്റെ ഒച്യും... എന്തേ മമ്മൂട്ടി പോന്നത്?”

അതോടെ അലി നോര്‍മല്‍ അലി ആയി.

“സിന്മക്ക് പോരുന്നാ???”

“മമ്മൂട്ടീന്‍റെയ്ക്കും”

“അല്ലഡാ... പീസ്... സിനീ സ്ക്രീനില്‍ ടച് മീ... ടച്ച്‌ മീ... വന്നിട്ടുണ്ട്...”

“അയന് പന്ത്രണ്ട് മണി കയ്ഞ്ഞിലെ... നൂന്ഷോ വിടാനായി”

“അല്ലടാ ഫുള്‍ ഷോയാ... അപാരാന്നാ കേട്ടത്...”

ശൈലേഷ് എന്നെ നോക്കി... കൂടെ പോരുന്നോ എന്നാണു അര്‍ഥം... പീസുപടം കാണാന്‍ അത് വരെ തിയേറ്ററില്‍ പോയിട്ടില്ല... വേങ്ങരയില്‍ അതിനുള്ള ഓപ്ഷന്‍സ് ഇല്ലായിരുന്നു... പത്താം ക്ലാസ്സ്‌ കഴിയുന്നത്‌ വരെ ബസ്സില്‍ ഒറ്റയ്ക്ക് ദൂരയാത്ര വളരെ കുറവായിരുന്നു... അത് കൊണ്ട് തന്നെ നൂന്ഷോ കളിയുള്ള ചെമ്മാടും പരപ്പനങ്ങാടിയും എ ആര്‍ നഗറും ഒക്കെ എത്തിപ്പെടല്‍ എന്നെ സംബന്ധിച്ചിടത്തോളം നടക്കാത്ത കാര്യമാണ്... ആ എന്നോടാണ് ചോദിക്കുന്നത്... ഈ കാര്യം ഇവരെ അറിയിക്കാനും പറ്റില്ല, എനിക്കീ വിഷയത്തില്‍ താല്പര്യമുള്ള കാര്യo അവരറിയാനും പാടില്ല... എന്നിട്ടും വായീന്ന് വീണു പോയി...

“പ്രശ്നാവോ??”

“എന്നാ യ്യി വരണ്ട...”

ശൈലേഷ് തീര്‍ത്തു പറഞ്ഞു... ആദ്യമായി ബിഗ്‌ സ്ക്രീനില്‍ പീസ്പടം കാണാനുള്ള ചാന്‍സ് പോവാന്‍ പോവുന്നു... ഞാന്‍ അടവ് മാറ്റി...

“അതല്ല, ഈ പീസ്‌ എന്ന് പറഞ്ഞാല്‍... ഒക്കെ കാണിക്കോ??? അതോ അവസാനം കിളി കൊക്കുരുമ്മോ???”

അവിടെ അലി ഇടപെട്ടു...

“മോനെ യ്യി സാജനെ പറ്റി കേട്ടുക്ക്ണാ?? സാജന്‍... ഇന്ഗ്ലീഷില് Saj-Ja–Jan എന്ന് പറയുംമൂപ്പരെ പടാ... അനക്ക് പൈസ മൊതലാവും... ഷുവറാ!!!”

അതും പറഞ്ഞ് ആ പേര് വായുവില്‍ അലി എഴുതി...

എന്‍റെ സംശയം തീര്‍ന്നിട്ടില്ലാ...

“സാജന്‍ ഇംഗ്ലീഷ് പടം എടുക്കാനോ?”

“എടാ പൊട്ടാ... പടം മലയാളം ആണ്... ഇംഗ്ലീഷ് ഡയലോഗ് ആണ്...”

എന്നിട്ടും എന്‍റെ സംശയം ബാക്കി...

“ആരെങ്കിലും കണ്ടാല്‍...”

ശൈലെഷിനു പിന്നെ സഹിക്കാനായില്ല...

“യ്യി വരുന്നോ... ല്ലേ???”

ഉള്ളില്‍ പൊട്ടി വിടരുന്ന സന്തോഷം ഉള്ളില്‍ തന്നെ വെച്ചു കൊണ്ട്  ഞാന്‍ പറഞ്ഞു...

“ആ....”

സീന്‍ രണ്ട് – എ ആര്‍ നഗര്‍ സിനീസ്ക്രീനിനു മുന്നിലെ ജങ്ക്ഷന്‍...

കുറച്ചു നേരമായി ഇങ്ങനെ നിക്കുന്നു... ഞാന്‍ ഇടതും വലതും നിക്കുന്ന രണ്ടു മാന്യദേഹങ്ങളെ മാറി മാറി നോക്കി... അവര്‍ രണ്ടു പെരും ആവട്ടെ, സിനി സ്ക്രീനിന്റെ ഗേറ്റില്‍ തന്നെ നോക്കി നില്‍ക്കുന്നു... റോഡിന്‍റെ ഇപ്പുറം നിന്നിട്ട് അപ്പുറത്തുള്ള ഗേറ്റും നോക്കി നിന്നാല്‍ എങ്ങനെ സിനിമ കാണാനാവും?? പീസ്‌ പടം കാണാന്‍ മുട്ടിയ ഞാന്‍ ഒടുവില്‍ ശൈലെഷിനോട് ചോദിച്ചു...

“പോണ്ടേ?”

“നിക്കടാ... പടം ബിടട്ടെ... ഇപ്പോളെ അങ്ങോട്ട്‌ പോയാ ഷോ കയിഞ്ഞു ഇറങ്ങുന്നൊരു മ്മളെ കാണും... ഓര് പോയി കയിഞ്ഞാലും പോവരുത്...”

“ഓ... ടിക്കറ്റ്‌ കൊടുക്കാന്‍ ബെല്‍ അടിച്ചിട്ട് പോണം അല്ലെ?”

“അപ്പളും പോവരുത്... അപ്പൊ, ഈ ഷോ കാണാന്‍ ഉള്ളവര്‍ ക്യൂല്‍ ണ്ടാവില്ലേ... ഓര് മ്മളെ കാണൂലെ???”

പോയിന്‍റ്!!! ഇവന്‍ ഭയങ്കരന്‍ തന്നെ... എത്ര മുന്നോട്ടു കേറി ചിന്തിച്ചിരിക്കുന്നു!!! പക്ഷെ എന്‍റെ ചോദ്യം അങ്ങനെ തന്നെ കിടക്കുന്നു...

“അപ്പൊ മ്മള് എപ്പോ കേറും?”

“എടാ ഫിലിം തുടങ്ങാന്‍ ബെല്ലടിക്കും... അപ്പോളും ടിക്കറ്റ്‌ കൌണ്ടര്‍ തുറന്നു കിടക്കുന്നുണ്ടാവും... കൊരച്ചേരം കൂടെ വെയിറ്റ് ചെയ്യുക... സ്ലൈഡ് ഷോ ഒക്കെ കയിഞ്ഞു തീയേറ്ററില്‍ ലൈറ്റ് ഒക്കെ ഓഫ്‌ ആവുന്ന സമയം വരെ... ന്നിട്ട് വേഗം ഓടി റോഡ്‌ ക്രോസ് ചെയ്ത് ടിക്കറ്റ്‌ കൌണ്ടര്‍ല്‍ കയറുക... പിന്നെ സേഫ് അല്ലെ... ടിക്കറ്റ്‌ വാങ്ങി പുറത്തിറങ്ങുന്നത് മതിലിന്‍റെ ഉള്ളിലല്ലേ??? പിന്നെമ്മളെ ആര് കാണാന്‍... കൂള്‍ ആയി അകത്തു കയറുക. പിന്നെ ഇരുട്ടത്ത്‌ വല്ലോന്റേം കാലില്‍ ചവിട്ടാണ്ടും നോയിക്കോ... ആ പിന്നെ, ആക്രാന്തത്തില് റോഡ്‌ ക്രോസ് ചെയ്യണ്ട... NH-17 ആണ്... പീസ് പടം കാണാന്‍ പോയി പേസ്റ്റ് ആവണ്ട...”

ഒരു കാര്യം ഉറപ്പ്... ഇവന്‍ ഈ പരിപാടി തുടങ്ങിയിട്ട് കുറച്ചു കാലമായി എന്ന് തോന്നുന്നു... പക്ഷെ എന്‍റെ അടുത്ത ചോദ്യത്തില്‍ ഇവന്‍ വീഴും...

“അപ്പൊ പടം തീരുമ്പോള്‍ ഇറങ്ങുന്നവരൊക്കെ നമ്മളെ കാണില്ലേ???”

സിമ്പിള്‍... പടം തീരാനാവുന്നതിനു ഒരു പയിനഞ്ചു മിനിറ്റ് മുന്നേ വരെയോക്കെയെ പീസ്‌ ഉണ്ടാവു... അത് കയിഞ്ഞാല്‍ വെടിവെപ്പും കൊലപാതകവും ഒക്കെരുക്കും... അപ്പൊ ഒരു പയിനഞ്ചു മിനിറ്റ് മുന്നേ ഇറങ്ങ... ആരും ണ്ടാവില്ല”

“എന്നാലും ക്ലയിമാക്സ്‌ കാണാതെ ഇറങ്ങുകാന്നു വെച്ചാ....”

“പിന്നേ... യ്യി ജാക്കീ ചാന്‍റെ പടം അല്ലെ കാണാന്‍ പോവുന്നത്...”

പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല...

ഞാന്‍ അലിയെ നോക്കി... അവനും ഇതുപോലെ തന്നെ ഗേറ്റില്‍ തന്നെ നോക്കി നിക്കുന്നു. പണ്ട് ലേറ്റ് ആയി പീസ്‌ പടം കാണാന്‍ ഓടി ഇതേ തിയേറ്ററില്‍ കയറിയതും, ഇരുട്ടത്ത്‌ സ്ക്രീനില്‍ ആദ്യം “സ്വാമി ശരണം” എന്ന് എഴുതി കാണിച്ചപ്പോ ഞെട്ടിയതും ഇതേ അലി തന്നെ... പടം മാറിയ കാര്യം ഇവനറിഞ്ഞില്ല... സ്വാമി അയ്യപ്പന്‍ ആയിരുന്നു മണ്ഡല മാസം  സ്പെഷ്യല്‍ സിനിമ... അവനങ്ങനെ തന്നെ വേണം... പണ്ട് എന്‍റെ പേരും വെച്ച് മലയാളത്തില്‍ “അയ്‌ ലവ്യു” എന്നെഴുതി ഒരുത്തിക്ക് കൊടുത്തവനാ... അന്ന് അവള് എന്നെ “റാസ്കല്‍” എന്ന് വിളിച്ചത് ഇപ്പോളും എന്‍റെ ചെവിയില്‍ ഉണ്ട്... പെട്ടന്ന് അലി മമ്മൂട്ടിയായി...

“പടം വിട്ടു...”

ഹൊ... ഞെട്ടിപ്പോയി... ബോംബ്‌ പൊട്ടി എന്നൊക്കെ പറയുന്ന പോലെ 
അല്ലെ പടം വിട്ടു എന്ന് പറയുന്നത്...

സീന്‍ മൂന്നു – പീസ്‌ പടം

ഹാളില്‍ ഏതാണ്ട് നടുവിലായി ഞങ്ങള്‍ മൂന്നു പേരും ഇരുന്നു. പടം തുടങ്ങി... കുറച്ചു കഴിഞ്ഞിട്ടും പീസ്‌ ഒന്നും ഇല്ല... ഞാന്‍ ഇരുട്ടത്ത്‌ അലിയെ നോക്കി. അവനാവട്ടെ, താടിക്കും കൈ കൊടുത്തു ഇരിക്കുകയാണ്... പൊതുജനമല്ലേ.... എത്രയെന്നു വെച്ചാ ക്ഷമിക്കുക... എവിടെന്നാ എന്നറിഞ്ഞൂടാ... ഒരു കൂക്കല്‍... പെട്ടന്ന് അതിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് എന്‍റെ അടുത്തുനിന്നും ഒരു വിസില്‍... ശൈലേഷിന്റെ വക. അതോടെ പലയിടത്തുനിന്നും തുടങ്ങി...

“പീസിടെടോ..”

തൊട്ടു പിന്നാലെ...

“പീസിടെടാ _______”

അതാ... പെട്ടന്ന് സീന്‍ മാറി... എവിടുന്നാ എന്താ എന്നില്ലാതെ ഒരു ഫസ്റ്റ്നൈറ്റ്... തിയേറ്റര്‍ നിശബ്ദം... അങ്ങിങ്ങ് കേള്‍ക്കുന്ന ദീര്‍ഘനിശ്വാസങ്ങള്‍... ഒരു അഞ്ചു മിനിട്ടോളം ഭാര്യാഭര്‍ത്താക്കന്മാര്‍ മത്സരിച്ച് അഭിനയിച്ചു... ആ സീന്‍ കട്ട്‌ ആവലും... പീസ്സില്‍ മുഴുകിപ്പോയ ഒരു പ്രേക്ഷകന്‍...

“റിവയ്ണ്ട് അടിയെടാ...”

എന്തോ, ആ പ്രേക്ഷകനെ ഞാനടക്കമുള്ള മറ്റു പ്രേക്ഷകര്‍ പ്രോത്സാഹിപ്പിച്ചത് വെറും ചിരിയിലൂടെ മാത്രമായിരുന്നു. അങ്ങനെ അഞ്ചോളം പീസും സിനിമയിലുള്ള ഒരു നാലഞ്ചു പീസും... പടം കഴിയാനായി എന്ന് തോന്നിതുടങ്ങിയപ്പോ ഞാന്‍ ശൈലെഷിനെ നോക്കാന്‍ തുടങ്ങി. അവന്‍ അപ്പോളും മുഴുകിയിരിക്കുന്നു... ഞാന്‍ പതുക്കെ അവനോടു ചോദിച്ചു...

“പോണ്ടേ?”

“നിക്ക്... ഒരു പീസിനുള്ള വകുപ്പ് കൂടെണ്ട്...”

ശരിയായിരുന്നു... അതാ വരുന്നു അടുത്ത പീസ്‌... ഈ തെണ്ടി ഒരു പ്രസ്ഥാനം തന്നെ... ഞാന്‍ അവനെ അടിമുടി നോക്കി... അവന്‍ എന്നെ നോക്കി ചിരിക്കുന്നു...

“ഇത് കഴിഞ്ഞാ ഇറങ്ങാം... പത്തു പീസ്‌ കഴിഞ്ഞു... ഇതില്‍ കൂടുതലൊന്നും ആരും ഇടില്ല...”

ഞാന്‍ അലിയെ നോക്കി... കസേരയുടെ രണ്ടു കയ്യും മുറുക്കെ പിടിച്ചു കണ്ണ് രണ്ടും തള്ളി ഇരിക്കുന്ന അവന്റെ മുഖം ഒന്ന് കാണണ്ടതായിരുന്നു... ശൈലേഷ് എന്നെ ഒന്ന് തോണ്ടി...

“പോവാം”

ഞാന്‍ അലിക്കും സിഗ്നല്‍ പാസ്‌ ചെയ്തു... പതുക്കെ ഞങ്ങള്‍ മൂന്നു പെരും എണീറ്റു... ഉടനെ പിന്നില്‍ നിന്നും...

“ഇരിയെടാ... _______”

ഉടനെ കൊടുത്തു ശൈലേഷ് മറുപടി...

“പോടാ... _______”

ഞങ്ങള്‍ ആരെയൊക്കെയോ ചവിട്ടിക്കൂട്ടി പുറത്തെത്തി... ഗേറ്റ് കടന്നു സ്പീഡില്‍ നടന്നു റോഡ്‌ ക്രോസ് ചെയ്തു... പുറത്ത്തെന്തു സുഖം... നന്നായൊന്നു ശ്വാസം വലിച്ചു വിട്ടു... ഒന്ന് രണ്ടു മണിക്കൂര്‍ സിഗരെട്ടിന്റെ മണം മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഞാന്‍ ഷര്‍ട്ട് മണപ്പിച്ചു നോക്കി... ഭയങ്കരം സിഗരെറ്റ്‌ സ്മെല്‍... സമയം നോക്കി, നാലര... വീട്ടിലെത്തുമ്പോള്‍ ആറുമണിയാവും...

സീന്‍ നാല് – വീട്...

വീട്ടില്‍ എത്തുമ്പോള്‍ അച്ഛന്‍ മുറ്റത്തു തന്നെ ഉണ്ട്... അമ്മയും ചേച്ചിയും പടിയില്‍ ഇരിക്കുന്നു... ഞാന്‍ ഗേറ്റ് കടന്നു അകത്തു കയറി... എന്‍റെ മുഖം കണ്ടാലേ അറിയാം കള്ളത്തരം... പതിവില്ലാതെ തിരിഞ്ഞു ഞാന്‍ ഗേറ്റ് അടച്ചു കുറ്റിയിട്ടു... അവരുടെ മുന്നിലേക്ക്‌ നടന്നു വന്നു... അച്ഛന്റെ ശബ്ദം...

“നീ എവിടെയായിരുന്നു??”

“കോളേജില്‍ നിന്നും ബസ് കിട്ടാന്‍ വയ്കി”

“നിന്നെ ഇന്ന് ഉച്ചക്ക് ശേഷം കോളേജില്‍ കണ്ടില്ലല്ലോ”... ചേച്ചിയുടെ ശബ്ദം...

ഞാന്‍ തല താഴ്ത്തി... പിന്നീടെല്ലാം യാന്ത്രികമായിരുന്നു... അച്ഛന്റെ ആദ്യത്തെ ആ വക്കീല്‍ ചോദ്യത്തിലെ ഞെട്ടിക്കലില്‍ വീണു ഞാന്‍ എല്ലാം അങ്ങോട്ട്‌ മൊഴിഞ്ഞു...

“നിന്നോടാ ചോദിച്ചത് എവിടെയായിരുന്നുന്ന്?”

“സിനിമക്ക് പോയി”

“എവിടെ? പരപ്പനങ്ങാടിയോ?”

“അല്ല, എ ആര്‍ നഗര്‍”

“ഏതു പടത്തിനാ പോയത്?”

അച്ഛനോട് ടച് മീ... ടച് മീ... എന്ന് ഞാന്‍ മനസ്സില്‍ ഒന്ന് പറഞ്ഞു നോക്കി... എനിക്ക് ശരീരം മൊത്തം തളരുന്നത് പോലെ തോന്നി... മൌനം വിദ്വാനു ഭൂഷണം... ഞാന്‍ മിണ്ടാതെ നിന്നു....

“ഏതാ പടംന്ന്??”

മറുപടിയില്ല... അച്ഛന്റെ ക്ഷമ നശിച്ചു...

“കുഞ്ഞു... ആ പേപ്പറില്‍ ഒന്ന് നോക്കിക്കേ എ ആര്‍ നഗര്‍ സിനി സ്ക്രീനില്‍ ഏതാ പടം എന്ന്...”

കഴിഞ്ഞു... നിന്‍റെ ചീട്ട് കീറിയെടാ... കുഞ്ഞുചേച്ചി ടേബിളില്‍ നിന്നും പേപ്പര്‍ എടുക്കുന്നതും... നിവര്‍ത്ത്ന്നതും ആദ്യത്തെ പേജ് മറിച്ചു രണ്ടാം പേജില്‍ താഴേക്ക്‌ നോക്കുന്നതും ഞാന്‍ ആധിയോടെ നോക്കി...
ന്യൂസ്‌ പെപ്പെറില്‍ നിന്നും തല പൊക്കി അവളെന്നെ ഒന്ന് നോക്കി... എന്നിട്ട് അച്ഛനോട് പറഞ്ഞു...

“മഴവില്‍കൂടാരം”

എനിക്കെന്‍റെ ചെവികളെ വിശ്വസിക്കാന്‍ പറ്റിയില്ല... രക്ഷപെട്ടു... ഇന്ന് മാറിയ പടം പേപ്പറില്‍ അപ്ഡേറ്റ് ആയിട്ടില്ല... എന്നിട്ടും ഞാന്‍ വായും തുറന്നു പിടിച്ചു എല്ലാരേം നോക്കി...

അതോടെ അച്ഛനും അമ്മയും ഒറ്റ ചിരി.... എനിക്കൊന്നും 
മനസ്സിലായില്ല... അമ്മക്ക് ചിരി നിര്‍ത്താന്‍ പറ്റുന്നില്ല... ഒരു വിധം ചിരി അവസാനിപ്പിച്ചിട്ട് അമ്മ പറഞ്ഞു...

“എടാ ചെക്കാ... നിന്നോട് വെറുതെ ചോദിച്ചതാ... നീയെല്ലാം കൂടെ ഏറ്റു പറയും എന്ന് ഞങ്ങള്‍ അറിഞ്ഞോ?”

വീണ്ടും കൂട്ടച്ചിരി...

നിങ്ങളെല്ലാരും കേട്ടിട്ടല്ലേ ഉള്ളു??? ഞാന്‍ അനുഭവിച്ചു... മേലാല്‍... വക്കീലിനോടും ഡോക്റ്ററോടും നുണ പറയരുത്...

Saturday, April 6, 2013

പഠാന്‍...


ഷേഇഖ് സയെദ് റോഡില്‍ ഉള്ള ഒരു ക്ലയന്റ് മീറ്റിംഗ് കഴിഞ്ഞപ്പോ സമയം ഒമ്പത് മണി. ഇനിയിപ്പോ മെട്രോ ഒക്കെ പിടിച്ചു റൂമില്‍ എത്തുമ്പോള്‍ ഒരു നേരം ആവും. മെട്രോ വരെ പോവാന്‍ വേണ്ടി ടാക്സി വേണം.. കുറെ നേരം ആയി നില്‍ക്കുന്നു ഒരു രക്ഷയും ഇല്ല. നേരെ ഷേഇഖ് സയെദ് റോഡിന്‍റെ ബാക്കില്‍ ഉള്ള പാരലല്‍ റോഡിലേക്ക് നടന്നു അവിടെയും രക്ഷ ഇല്ല. എഴായിരത്തോളം ടാക്സി ഉണ്ടെന്നു പറയുന്നതൊക്കെ വെറുതെ ആണ് എന്ന് തോന്നുന്നു... വേക്കന്റ് ലൈറ്റ് ആയി വരുന്നത് കാണാം... ഞാന്‍ നില്‍ക്കുന്നതിനു ഒരു നൂറു മീറ്റര്‍ എത്തുമ്പോള്‍ റെഡ് ലൈറ്റ് ആവും. പിന്നെ പെണ്ണുങ്ങള്‍ ഉണ്ടെങ്കില്‍ പറയണ്ട... അവരെ ആദ്യം കയറ്റി പോവും. അങ്ങനെ നിന്ന് നിന്ന് സമയം ഏതാണ്ട് ഒമ്പതര ആവാനായി. കൂടെ ഉള്ള പെണ്ണുങ്ങള്‍ ഒക്കെ പോയി... ഇനി വരുന്ന ടാക്സി കിട്ടാന്‍ സാധ്യത ഉണ്ട്. പിന്നേം നിന്ന് ഒരു പത്തു മിനുട്ട്.

ദൈവം കാത്തു... അതാ വരുന്നു ഒരു ടാക്സി. മുന്നോട്ടു നടന്നു ടാക്സി നിര്‍ത്തലും ഞാന്‍ അകത്തു കയറി ഡോര്‍ അടച്ചു സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടു.

“മെട്രോ”

“കൊന്സാ മെട്രോ ഭായ്”

പാകിസ്ഥാനി ആണ്. അത് ടാക്സിയില്‍ കയറിയപ്പോലെ മനസ്സിലായി... ഒരു പ്രത്യേക ഗന്ധം ആണ് ഇവന്മാരുടെ ടാക്സിയില്‍... അത് ഇതു പാകിസ്ഥാനി ടാക്സിയില്‍ കയറിയാലും അതിന്‍റെ ആ ക്വാളിറ്റി ഒരിക്കലും മാറില്ല...

അടുത്തുള്ള മെട്രോ ഏതാണ് എന്ന് ഞാന്‍ ആലോചിക്കുമ്പോള്‍ ഡ്രൈവര്‍ മീറ്റര്‍ ഓണ്‍ ആക്കി. പെട്ടന്ന് ബാക്കിലെ ഡോര്‍ തുറക്കുന്ന ശബ്ദം ആരോ അകത്തു കയറി, ഡോര്‍ അടച്ചു. ഒരു കിളിമൊഴി...

“സത്വ”

“പസ്സെഞ്ഞെര്‍ ഹെ മാഡം”

അതിനു മറുപടി ആയിട്ട് മാഡം മൊഴിഞ്ഞത് അറബിയില്‍ ആണ്... എനിക്കൊന്നും  മനസ്സിലായില്ല. ഒരു കാര്യം വ്യക്തമായി അറബി മാഡം ഇറങ്ങാന്‍ പ്ലാന്‍ ഇല്ല. പാകിസ്ഥാനി അയാള്‍ക്ക് പറ്റുന്ന പോലെ മീറ്റര്‍ ഒക്കെ ചൂണ്ടി കാണിച്ചു പറയുന്നുണ്ട്... എവടുന്നു... അറബി മാഡം പിടിച്ച മുയലിനു കൊമ്പ് മൂന്നു തന്നെ... ഞാന്‍ സീറ്റ്‌ ബെല്‍റ്റ്‌ അഴിച്ചു...

“ആപ് ബൈട്ടിയെ”

പാകിസ്ഥാനി ചൂടിലാണ്... ഞാന്‍ വീണ്ടും സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടു... പാകിസ്ഥാനി എന്‍റെ നേരെയും കൈ ചൂണ്ടുനുണ്ട്...

“കാന്‍ യു ഡ്രോപ്പ് മി ഇന്‍ സാത്വ?”

എന്നോടാണ്... എനിക്ക് നഷ്ടം ആണ്... സത്വയില്‍ പോയി വീണ്ടും മെട്രോ വരെ പോവുന്നത്, ഒരു പതിനഞ്ചു ദിര്‍ഹം പോയിക്കിട്ടും... പിന്നെ ആലോചിച്ചു പെണ്ണല്ലേ... രാതിയായില്ലേ... ഒരു സഹായം ചെയ്യാം... അവള്‍ വീണ്ടും പറഞ്ഞു

“ഐ വില്‍ പേ മൈ ടാക്സി ഫേര്‍”

എന്നാലും എനിക്ക് നഷ്ടമാണ്...

“ഓക്കേ, നോ പ്രോബ്ലം...”

അങ്ങനെ ഞങ്ങള്‍ മൂന്നു പെരും കൂടെ യാത്ര തുടങ്ങി... ഞാന്‍ സമ്മതിച്ചു കൂടെ കയറ്റിയത് വേലിയില്‍ ഇരുന്ന ഒരു പാമ്പിനെ ആണ് എന്ന് ആദ്യത്തെ വളവു കഴിഞ്ഞപോള്‍ മനസ്സിലായി. മെയിന്‍ സിഗ്നലില്‍ നിന്നും ലെഫ്റ്റ് പോവണ്ട ടാക്സി അതിനു മുന്നേ ഉള്ള യു ടേണ്‍ എടുത്തു ഒരു പോക്കറ്റ്‌ റോഡിലേക്ക് കയറി... പെട്ടന്ന് പിന്നില്‍ നിന്നും ഒരു അലര്‍ച്ച..

“വേര്‍ ആര്‍ യു ഗോയിംഗ്??”

സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടി...പാകിസ്ഥാനി കാര്‍ സ്ലോ ആക്കി അറബിയില്‍ എന്തോ പറഞ്ഞു... നമ്മുടെ അറബി മാഡം വിടുമോ... മാഡത്തിന്റെ ശബ്ദം വീണ്ടും ഉയര്‍ന്നു... പാകിസ്താനിക്ക് എന്ത് നോക്കാന്‍? അയാളുടെ ശബ്ദവും ഉയര്‍ന്നു... പൊട്ടന്‍ പൂരത്തിന് വെടിക്കെട്ട്‌ കാണുന്ന പോലെ ഞാന്‍ ഇവരുടെ രണ്ടു പേരുടെയും മുഖത്ത് മാറി മാറി നോക്കുന്നു...

സംഭവം ഇത്രേ ഉള്ളു... പരിചയം ഇല്ലാത്ത ഒരു റോഡില്‍ കയറിയപ്പോള്‍ അറബി മാഡം വിചാരിച്ചു അവളെ ലൈറ്റ് ആയിട്ടൊന്നു റേപ് ചെയ്യാന്‍ ആണ് എന്ന്... പക്ഷെ അതൊരു ഷോര്‍ട്ട് കട്ട്‌ ആയിരുന്നു. പാകിസ്താനി ആവുന്ന പോലെ ഒക്കെ പറയുന്നുണ്ട്... അവള്‍ ആണങ്കില്‍ ഓരോ തവണ വായ തുറക്കുമ്ബോളും മുന്നതെതിനേക്കാള്‍ ശബ്ദം ഉയരാന്‍ പ്രത്യേകം ശ്രധിക്കുന്നും ഉണ്ട്. സംഭവം കൈ വിട്ടു പോവും എന്ന് തോന്നിയപ്പോള്‍ ഞാന്‍ പാകിസ്ഥാനിയോട് പറഞ്ഞു നമുക്ക് മെയിന്‍ റോഡ്‌ വഴി പോവാം... അയാള്‍ എന്‍റെ നേരെ ഒരു ചാട്ടം. പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല. ഇവര്‍ എന്തെങ്കിലും ആവട്ടെ ഞാന്‍ ഈ നാട്ടുകാരന്‍ അല്ല എന്ന ഭാവത്തില്‍ ഞാന്‍ ഇരുന്നു... കാര്‍ അപ്പോളും പതുക്കെ പൊയ്ക്കൊണ്ടിരിക്കുകയാണ്...

“ഐ വില്‍ കാള്‍ പോലീസ്...”

അതാ... ഉള്ളില്‍ ആകപ്പാടെ ഉണ്ടായിരുന്ന കുറച്ചു ധൈര്യം ബലൂണിലെ കാറ്റ് പോവുന്ന പോലെ പോയി...  മാഡത്തിന്റെ ഞെട്ടിക്കല്‍ കേട്ട് പാകിസ്ഥാനി പേടിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി... അങ്ങേരു കാര്‍ നാട് റോഡില്‍ ഒറ്റ നിര്‍ത്തല്‍. ഡോര്‍ തുറന്നു പുറത്തിറങ്ങി അവളുടെ ഡോര്‍ തുറന്നു അറബിയില്‍ ഒരു ചീത്ത... കാറില്‍ നിന്നും ഇറങ്ങാന്‍ ആണ് എന്ന് മാത്രം എനിക്ക് മനസ്സിലായി... മാഡം വീണ്ടും

“ഐ വില്‍ കാള്‍ പോലീസ്...”

പക്ഷെ ആ പേടിപ്പെടുതലിനു പഴയ ശൌര്യം ഇല്ലായിരുന്നു

“ഓക്കേ... കാള്‍ ദി പോലീസ്... യു കം ഔട്ട്‌ ഫസ്റ്റ്...”

ഇവനിത്ര ധൈര്യമോ? പോലീസ് എങ്ങാനും വന്നാല്‍ അവള് പറയുന്നതെ വിശ്വസിക്കു... അതാലോചിക്കാന്‍ ഉള്ള ബുദ്ധി പോലും ഇയാള്ക്കില്ലേ?? ഇതും കേട്ട് മാഡം പോലിസിനെ വിളിക്കും എന്ന് വിചാരിച്ച എനിക്ക് വീണ്ടും തെറ്റി... അവള്‍ പോലീസിനെ വിളിക്കാന്‍ എടുത്ത മൊബൈലും കയ്യില്‍ പിടിച്ചു തരിച്ചിരിക്കുന്നു... ഞാനും ഇറങ്ങി പകിസ്ഥാനിയുടെ അടുത്തേക്ക് ചെന്നു... ഒരു കൈ അകലം നിന്ന് സമാധാനിപ്പിക്കാന്‍ നോക്കി... അവന്‍ എന്‍റെ നേരെ തിരിഞ്ഞു,

“ആപ് ചുപ് രഹിയെ”

അവന്‍ ഒരു നിലക്കും അടുക്കുന്നില്ല... പോലീസ് വന്നാല്‍ പ്രോബ്ലം ആവും എന്നൊക്കെ ഞാന്‍ പറഞ്ഞു നോക്കി ദുബായില്‍ പതിനഞ്ചു വര്‍ഷമായി... പന്ത്രണ്ടു വര്‍ഷമായി ദുബായ് ടാക്സിയില്‍... ബെസ്റ്റ് ഡ്രൈവര്‍ അവാര്‍ഡ്‌ കിട്ടിയ ആള്‍ ആണ്... പോലീസ് വന്നാല്‍ ഞാന്‍ നോക്കിക്കോളാം... ഭായ് പേടിക്കണ്ട എന്നൊക്കെ പറഞ്ഞു എന്നെ തിരിച്ചു സമാധാനിപ്പിക്കാന്‍ നോക്കുന്നു... ഞാന്‍ തിരിച്ചു സീറ്റില്‍ പോയിരുന്നു...നമ്മുടെ അറബി മാഡം ഒരക്ഷരം മിണ്ടുന്നില്ല... പാകിസ്ഥാനി അറബി ഭാഷ നിര്‍ത്തിയിട്ടും ഇല്ല... അവസാനം പറയേണ്ടതൊക്കെ പറഞ്ഞു കഴിഞ്ഞു പാകിസ്ഥാനി വന്നു കാറില്‍ കയറി... കാര്‍ നീങ്ങി തുടങ്ങി... ഭയങ്കര നിശബ്ദത... അറബി മാഡം ഒന്നും മിണ്ടുന്നില്ല... അഞ്ചു മിനുട്ട് കൊണ്ട് കാര്‍ സത്വ എത്തി. അവള്‍ ഇറങ്ങണ്ട സ്ഥലം പറഞ്ഞു. കാര്‍ നിര്‍ത്തി. അവള്‍ ബാഗില്‍ നിന്നും പത്തു ദിര്‍ഹം എടുത്തു പകിസ്ഥാനിക്ക് കൊടുത്തു. അയാള്‍ തിരിഞ്ഞു നോക്കി വീണ്ടും അറബിയില്‍ എന്തൊക്കെയോ പറഞ്ഞു... ദിര്‍ഹം വാങ്ങിയില്ല... അവള്‍ ഒന്നും മിണ്ടാതെ പുറത്തിറങ്ങി ഡോര്‍ അടച്ചു... പാകിസ്ഥാനി മീറ്റര്‍ റീസെറ്റ് ചെയ്തു. കാര്‍ വീണ്ടും നീങ്ങിതുടങ്ങി...
എനിക്ക് അയാളോട് ഒരു മതിപ്പ് തോന്നി... അവരുടെ സംസാരം ഒരക്ഷരം മനസ്സിലായില്ലെങ്കിലും…  നിങ്ങള്‍ അവളെ അവിടെ ഇറക്കി വിടുമായിരുന്നോ? എന്ന എന്‍റെ ചോദ്യത്തിന് അയാള്‍ പറഞ്ഞത്,

“ബില്‍കുല്‍ നഹി... മേം ഏക്‌ പഠാന്‍ ഹു”

ഞാന്‍ ചിരിച്ചു കൊണ്ട് അയാളെ നോക്കി... അയാള്‍ ഗൌരവത്തില്‍ തന്നെ...

“അഭി ബോലിയെ കൊന്സാ മെട്രോ മേം ജാന ഹെ?”

“ഇട്സ് അപ്പ്‌ ടു യു...”

ഞാന്‍ അയാളെ നോക്കി വീണ്ടു ചിരിച്ചു. അയാള്‍ എന്നെ തൊട്ടടുത്ത മെട്രോയില്‍ തന്നെ കൊണ്ട് വിടും എന്ന ഉറപ്പെനിക്കുണ്ട്...