Wednesday, November 10, 2010

മരീചിക

“എടൊ താനിത് വരെ ഇത് നിര്‍ത്തിയില്ലേ?”

മുഖമുയര്‍ത്തി നോക്കി... അനൂപാണ്.

“ഭാര്യ പ്രസവിക്കാന്‍ ഇനി മണിക്കൂറുകളെ ഉള്ളൂ... ഇപ്പോളാണോ ഗര്‍ഭിണികള്‍ ചെയ്യേണ്ട വ്യായാമ മുറകള്‍ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യുന്നത്?

“ശരിയാ അനൂപ്‌ സാറേ, ഇത് ഏതായാലും കുറച്ചു കൂടുതലാണ്, ഭാര്യ ഗര്‍ഭിണി ആയെന്നു വെച്ച് ഇങ്ങനെ ഉണ്ടോ പ്രാന്ത്??”

തിരിഞ്ഞു നോക്കിയപ്പോള്‍ മായ... നീ പെറാത്തത് എന്റെ കുഴപ്പം കൊണ്ടാണോ എന്ന് തിരിച്ചു ചോദിച്ചാലോ? പിന്നെ വേണ്ടെന്നു വെച്ചു...

എല്ലാവരെയും നോക്കി ചിരിച്ചു... വേറൊന്നും പറയാന്‍ ഇല്ല... ഹേമയെ കുറിച്ച് ആലോചിക്കുമ്പോള്‍ ആണ് വിഷമം. അമ്മയുണ്ട് കൂടെ... പക്ഷെ കറിക്കരിയുബോള്‍ കൈ മുറിഞ്ഞപ്പോള്‍ ബോധം പോയ കക്ഷി ആണ്... ഇവള്‍ ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യും എന്ന് ആലോചിക്കുമ്പോള്‍ എനിക്ക് ബോധം പോവുന്നത് പോലെ തോന്നി... “ഈ സിസേറിയന്‍ ചെയ്യുന്നത് എങ്ങനെയാ അപ്പേട്ടാ?” എന്ന് ചോദിച്ചപ്പോള്‍ ഡിട്ടയില്‍ ആയി പറഞ്ഞു കൊടുക്കാം എന്ന് വിചാരിച്ചു വികീപീഡിയ തുറന്നു സിസേറിയന്‍ എന്ന് സേര്‍ച്ച്‌ ചെയ്തതെ ഉള്ളു... വലതു വശത്തെ ഫോട്ടോ കാണലും പേജ് ക്ലോസ് ചെയ്തു... ഇതെങ്ങാനും അവള് കണ്ടാല്‍ അത് മതി... തീര്‍ന്നു...

“പോണില്ലേ അഞ്ചര കഴിഞ്ഞു”

തലയാട്ടിക്കൊണ്ട് പീച്ട്രീ ക്ലോസ് ചെയ്തു സിസ്റ്റം ഷട്ട്ഡൌണ്‍ ചെയ്തു... ഹേമ അവളുടെ വീട്ടില്‍ പോയതിനു ശേഷം ഓഫീസില്‍ നിന്നും വരുമ്പോള്‍ ടിഫിന്‍ എടുക്കാന്‍ മറക്കുന്ന ശീലവും നിന്നു. കൊണ്ട് പോയാല്‍ അല്ലെ എടുക്കണ്ട കാര്യം ഉള്ളു... അവളുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോവുന ദിവസവും പറഞ്ഞതാണ്, വല്ലതും ഉണ്ടാക്കി തന്നെ കഴിക്കണം, പുറമേ നിന്നുള്ള ഭക്ഷണം കഴിക്കരുത്... എണ്ണ കുറച്ചേ ഉപയോഗിക്കാവൂ... എന്ന് തുടങ്ങി ഒരു ഇരുപത്തഞ്ചു നിര്‍ദേശങ്ങള്‍. അവള്‍ക്കറിയാം ഇതൊന്നും എന്നെ കൊണ്ട് നടക്കില്ല എന്ന്... അത് എനിക്ക് മനസ്സിലായത്‌ അന്ന് രാത്രി ആണ്... അവളുടെ നിറഞ്ഞ കണ്ണുകള്‍ മനസ്സില്‍ ഓടി എത്തിയപ്പോള്‍ ആണ് ചോറും പരിപ്പ് കറിയും ഉണ്ടാക്കാം എന്ന അക്രമത്തിനു ഞാന്‍ തയ്യാറായത്... ചോറ് ഉണ്ടാക്കി വാര്‍ക്കാന്‍ വെച്ചു. പരിപ്പെടുത്തു കുക്കറില്‍ വെച്ചു ഒരു എട്ടു പത്തു വിസില്‍ വന്നു കാണും പിന്നെ എന്തൊക്കെയോ വാരി മുറിച്ചിട്ട് ഉപ്പും ഇട്ടു തേങ്ങയും അരചോഴിച്ചു തിളപ്പിച്ച്‌ കടുകും പൊട്ടിച്ചിട്ട് തിളപ്പിച്ച്‌ വാങ്ങി വെച്ചു ടേസ്റ്റ് നോക്കിയതേ ഓര്മ ഉള്ളു... വാര്‍ത്തു വെച്ച ചോറില്‍ കഞ്ഞി വെള്ളം തിരിചോഴിച്ചു ഇളക്കി അച്ചാറും കൂട്ടി അന്ന് കഞ്ഞി കുടിച്ചു...

“ഡാ...”

“എന്താ അനൂപേ?”

“ഇതെന്തൊരു ഇരിപ്പാണ്? എടൊ പെണ്ണുങ്ങള്‍ പ്രസവിക്കുന്നത് സാധാരണ ആണ്... അതൊരു പുതിയ സംഭവം ഒന്നും അല്ല... നീ ഇങ്ങനെ ടെന്‍ഷന്‍ അടിക്കാതെ... എങ്ങോട്ടാണ് പോവുന്നത്? ഫ്ലാറ്റിലേക്ക്‌ ആണോ അതോ നിലംബൂര്‍ക്കോ?”

“ഫ്ലാറ്റിലേക്ക്... നിലംബൂര്‍ക്ക് നാളയെ പോണുള്ളൂ... ഇന്ന് അജിത്തിന്റെ മോന്റെ ബര്‍ത്ത്ഡേ അല്ലെ?... വരാം എന്ന് പറഞ്ഞു പോയി... എട്ടര കഴിഞ്ഞാല്‍ നിലംബൂര്‍ക്ക് നേരിട്ട് ബസ്സും ഇല്ല”

ഫ്ലാറ്റിലേക്ക് ബൈക്ക് ഓടിക്കുമ്പോള്‍ മഴ പെയ്തു... ചാറ്റല്‍ മഴ... നല്ല സുഖം ഉണ്ട് കൊള്ളാന്‍... ബൈക്ക് സ്പീഡ്‌ കുറച്ചു... തുലാമാസം തുടങ്ങാന്‍ ആവുന്നതെ ഉള്ളൂ.. ഇന്ന് പതിനഞ്ചാം തീയതി... നാളെയും മറ്റന്നാളും ലീവ്... ശനിയും ഞായറും മഹാനവമിയും  വിജയദശമിയും ആയതിനും അനൂപ്‌ തെറി വിളിച്ചത് ഗവണ്മെന്റിനെ... ഇന്ന് ഉത്രാടം... നല്ല നാള്‍ ആണ്, നാളെയും കൊള്ളാം, തിരുവോണം... കഴിഞ്ഞ പതിമൂന്നാം തീയതി മൂലം നാള്‍ കഴിഞ്ഞു... ഹേമയുടെ നാള് മൂലം ആണ്... അത് പറഞ്ഞു അവളെ കളിയാക്കുമ്പോള്‍ കലിയോടെ അവള് പറയും “മക്കളുടെ നാള് മൂലം വന്നാലും ഇത് പോലെ കളിയാക്കണം കേട്ടോ”  എന്ന്... അവളുടെ ദേഷ്യപ്പെട്ട മുഖം മനസ്സില്‍ വന്നപ്പോള്‍ ചിരി വന്നു...

ഫ്ലാറ്റിലേക്ക് കയറി ചെന്നപ്പോള്‍ ഫോണ്‍ റിംഗ് ചെയ്യുന്നു... അടുതെതലും കട്ട്‌ ആയി... വീട്ടില്‍ നിന്നും ആവുമോ? ഇല്ല, അങ്ങനെ ആണെങ്കില്‍ എന്റെ മൊബൈലില്‍ വിളിച്ചൂടെ? നേരെ കയറിയത് കുളിമുറിയിലേക്ക് ആണ് ദേഹമാകെ സോപ്പ് തേച്ചു നില്‍ക്കുമ്പോള്‍ വീണ്ടും റിംഗ് ചെയ്യുന്നു... ഹേമ ഒരു നൂറു തവണ പറഞ്ഞതാ കാളര്‍ ഐഡി ഉള്ള ഫോണ്‍ വാങ്ങണം എന്ന്... കുളിച്ചു വന്നു നേരെ ടീ വീ ഓണ്‍ ചെയ്തു... കുറച്ചു കഴിഞ്ഞപ്പോള്‍ മടുപ്പ് തോന്നി.. ഓഫ്‌ ആക്കി.. സീഡീ പ്ലയെര്‍ ഓണ്‍ ചെയ്തു... സുബ്രഹ്മണ്യത്തിന്റെ വയലിന്‍... ഗര്‍ഭിണി ആവുമ്പോള്‍ സംഗീതം കേള്‍ക്കണം എന്നും പറഞ്ഞു ഹേമ പറഞ്ഞു വാങ്ങി കൂട്ടിയതാണ് ഇതെല്ലാം... കുറെ രാഗങ്ങളുടെ പേര് പറഞ്ഞു വാങ്ങിയതാണ്... കളിയാക്കിയപ്പോള്‍ അവളുടെ മറുപടി രോഗശാന്തിക്കുള്ള രാഗങ്ങള്‍ ഒക്കെ ഉണ്ട് എന്നായിരുന്നു... “എന്നാ പിന്നെ നിന്‍റെ വലിയമ്മാവന്റെ വട്ടചൊറി  മാറാന്‍ ഈ സീഡീ അയച്ചു കൊടുക്ക്‌” എന്ന് പറഞ്ഞപ്പോള്‍ മുഖം കനപ്പിച്ചു ചവിട്ടി കുലുക്കി ആണ് അവിടുന്ന് പോയത്... എന്തായാലും അവള് പറഞ്ഞ എല്ലാ സീഡീകളും വാങ്ങി കൊടുത്തു. ആദ്യത്തെ ഒരാഴ്ച കേട്ടു... നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു “എന്താ കൊച്ചിനെ യേശുദാസ്‌ ആക്കാനുള്ള പ്ലാന്‍ വിട്ടോ” എന്ന്... “മരിച്ച വീട്ടില്‍ പോയ പോലെ ഉണ്ട്” എന്നായിരുന്നു അവളുടെ മറുപടി... ഏതായാലും എന്റെ ഇരുന്നൂറു രൂപ വെള്ളത്തില്‍...

കാളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം... വാതില്‍ തുറന്നു. അനൂപ്‌!
“നിന്‍റെ മൊബൈലിനു എന്ത് പറ്റി? ഞാന്‍ കുറെ ആയി വിളിക്കുന്നു... ഔട്ട്‌ ഓഫ് റേഞ്ച് ആണല്ലോ”

മൊബൈല്‍ കയ്യെത്തി എടുത്തു കൊണ്ട് ഞാന്‍ ചോദിച്ചു

“എന്താ കാര്യം?”

“ഹേമയുടെ അച്ഛന്‍ വിളിച്ചിരുന്നു... ഹേമയെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്... നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു”

തലയ്ക്കു ഒരു കനം വെച്ച പോലെ... മൊബൈല്‍ നോക്കി... സിഗ്നല്‍ ബാര്‍ ശൂന്യം... ഇതെന്തു പറ്റി?? ടെലെഫോണ്‍ എടുത്തു വീടിലേക്ക് വിളിച്ചു... ആരും എടുക്കുന്നില്ല... ഞാന്‍ എന്തൊരു മണ്ടന്‍ ആണ്... കട്ട്‌ ചെയ്തു അച്ഛന്റെ മൊബൈലിലേക്ക് വിളിച്ചു... അമ്മയാണ് ഫോണ്‍ എടുത്തത്‌... ഹോസ്പിറ്റലിലേക്ക് പോവുന്ന വഴി ആണ്... എന്നോട് വേഗം വരാന്‍ പറഞ്ഞു..

“അനൂപേ”

അവന്‍ വേഗം അവന്റെ കാറിന്റെ കീ എന്റെ നേരെ നീട്ടി... എന്നിട്ട് ഹന്ഗേരില്‍ നിന്നും എന്റെ ബൈക്കിന്റെ കീ എടുത്തു...

“മോളെ ഡാന്‍സ് ക്ലാസ്സില്‍ വിടണം... നീ അവിടെ എത്തിയിട്ട് വിളിക്ക്” അവന്‍ ഇറങ്ങി.

കയ്യില്‍ കിട്ടിയ രണ്ടു മൂന്നു ഷര്‍ട്ടും ഒരു ജീന്‍സും എടുത്തു ഒരു കവറില്‍ ഇട്ടു യാത്ര തുടങ്ങി... പതിവില്ലാതെ ഇന്ന് മുഴുവന്‍ ഹേമയെ കുറിച്ചായിരുന്നു ചിന്ത... പക്ഷെ, അവളെ ഒന്ന് വിളിച്ചത് കൂടെ ഇല്ല... രണ്ടര മണിക്കൂര്‍ യാത്ര ഉണ്ട്... അവിടെ എത്തുമ്പോള്‍ ഒമ്പത് ഒമ്പതര മണി ആവും... മഴയും പെയ്യുന്നു...

പത്തു മണി ആയി നിലമ്പൂര്‍ എത്തിയപ്പോള്‍... ഹോസ്പിറ്റലില്‍ ഹേമയുടെ അച്ഛന്‍ പുറത്തു തന്നെ ഉണ്ട്...

“അച്ഛനും അമ്മയും എവിടെ?”

“അവരെ കൃഷ്ണന്റെ കൂടെ ഞാന്‍ വീട്ടിലേക്കു അയച്ചു... യാത്ര ഒക്കെ ചെയ്തു വന്നതല്ലേ? പിന്നെ, രാത്രി ഇവിടെ നമ്മള്‍ ഉണ്ടല്ലോ... ഭാനുവും ഉണ്ട്... പിന്നെ റൂമില്‍ രണ്ടു പേര്‍ക്കെ കിടക്കാന്‍ സൗകര്യം ഉള്ളൂ... അവര് വീട്ടില്‍ പൊയ്ക്കോട്ടേ എന്ന് ഞാനാ പറഞ്ഞത്...”

“അമ്മയോ?”

“അവള്‍ ലേബര്‍ റൂമിന്‍റെ മുന്നില്‍ തന്നെ നില്‍പ്പുണ്ട്”

“ലേബര്‍ റൂമിലേക്ക്‌ മാറ്റിയോ?”

“ഉവ്വ്... ഒരു പത്തു മിനിറ്റ് ആയതെ ഉള്ളു”

അവളെ ഒന്ന് കാണാന്‍ തോന്നുന്നു... ഞാന്‍ ഹേമയുടെ അമ്മയുടെ അടുത്ത് പോയിരുന്നു... സമയം കടന്നു പോവുന്നു... ഞാന്‍ അമ്മയെ നോക്കി. അവരുടെ ക്ഷീണിച്ച കണ്ണുകള്‍ ഒക്കെ കണ്ടപ്പോള്‍ അച്ഛനെ വിളിച്ചു റൂമില്‍ പോയി കിടക്കാന്‍ പറഞ്ഞു... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാം എന്ന് പറഞ്ഞപ്പോള്‍ തീരെ താല്പര്യം ഇല്ലാതെ ആണ് അവര്‍ അവിടെ നിന്നും പോയത്...പന്ത്രണ്ടര കഴിഞ്ഞു... ഉത്രാടം നക്ഷത്രം  കഴിഞ്ഞു... തിരുവോണം നാള്‍... മഹാനവമി ദിവസം... ഞാന്‍ കണ്ണടച്ച് പ്രാര്‍ഥിച്ചു... ആശുപത്രിയില്‍ തിരക്ക് കുറവാണ്... ഇടയ്ക്കിടയ്ക്ക് ഒന്നോ രണോ പേരെയേ കാണാന്‍ ഉള്ളൂ... ഉറക്കം വരുന്നു... കണ്ണുകള്‍ അടയുന്നു...

ഞെട്ടി എണീറ്റു... ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ? ഇടനാഴിയുടെ അങ്ങേ അറ്റത്തേക്ക് ഞാന്‍ നോക്കി അവിടെ ഒരു നിഴല്‍ അനങ്ങുന്നു... എനിക്ക് തോന്നുന്നതാണോ? എണീറ്റു... പതുക്കെ അങ്ങോട്ട്‌ നടന്നു... അങ്ങേ തലക്കല്‍ എത്തി... ഒരു ചെറിയ മതില്‍... അതിന്റെ അപ്പുറത്തും നിന്നും ഒരു തേങ്ങല്‍... ഇതാരാ ഇവിടെ? പതുക്കെ മുകളിലൂടെ നോക്കി... കൈ കഴുകുന്ന ഉയര്‍ത്തി കെട്ടിയ ഒരു തളം... അതില്‍ ഒരു കുഞ്ഞു ഉറങ്ങി കിടക്കുന്നു... അടുത്ത് ഒരു മുഷിഞ്ഞ വസ്ത്രം ഉടുത്ത സ്ത്രീ മുഖം പൊത്തി നിന്നു കരയുന്നു...

ഒരു കാര്യം ഉറപ്പായി... കുഞ്ഞിനെ ഉപേക്ഷിച്ചു പോവാനുള്ള തയ്യാറെടുപ്പാണ്... മതിലിന്റെ ഇടതു ഭാഗത്തൂടെ അവരുടെ മുന്നിലേക്ക്‌ ഞാന്‍ പെട്ടന്ന് നടന്നു ചെന്നു... തിരിഞ്ഞോടാന്‍ നോക്കിയ അവരുടെ മുടിയിലാണ് എനിക്ക് പിടിത്തം കിട്ടിയത്... പിടിച്ചു വലിച്ചു കുട്ടിയുടെ മുന്നിലേക്ക്‌ ഞാന് കൊണ്ട് വന്നപ്പോള്‍ ആണ് മനസ്സിലായത്‌... അവരുടെ മാറ് മറച്ചിട്ടില്ലായിരുന്നു... സാരിയുടെ തുമ്പ് എടുത്തു അവര്‍ ശരീരം മൂടി.. എന്റെ മുന്നില്‍ മുട്ട് കുത്തി നിന്നു ശബ്ദം താഴ്ത്തി കൈ കൂപ്പി കരഞ്ഞു... ദേഷ്യം കൊണ്ട് വിറച്ചു എനിക്കൊന്നും പറയാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു... ഒരു കൈ ആ സ്ത്രീക്ക് നേരെ ഓങ്ങി കുഞ്ഞിനെ ചൂണ്ടി വിറച്ച സ്വരത്തില്‍ ഞാന്‍ പറഞ്ഞു...

“കുഞ്ഞിനെ എടുക്ക്...”

കരഞ്ഞു കൊണ്ട് അവര്‍ ആ കുഞ്ഞിനെ വാരി എടുത്തു... അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു... ഓമനത്തം വിളങ്ങുന്ന ആ കുഞ്ഞിന്റെ ചുണ്ടിന്റെ അറ്റത്ത്‌ ഒരു തുള്ളി മുലപ്പാല്‍... എന്നെ നോക്കി കൊണ്ട് 
കൈ കൂപ്പി ആ സ്ത്രീ  തിരിഞ്ഞു നടന്നു...

കുറച്ചു നേരം അവരെ നോക്കി നിന്നു... തിരിച്ചു ഇടനാഴിയിലേക്ക്‌ കയറിയ ഞാന്‍ കാണുന്നത് റൂമില്‍ നിന്നും നര്‍സ് ഓടി ഇറങ്ങുന്നതും പിന്നാലെ ഡോക്ടര്‍ ഓടി കയറുന്നതും ആണ്... എന്റെ കണ്ണില്‍ ഇരുട്ട് കയറി... എങ്ങനെയൊക്കെയോ ഓടിയും നടന്നും ഞാന്‍ ലേബര്‍ റൂമിന്റെ മുന്നില്‍ എത്തി... ഹേമയെ ICU വിലേക്ക് മാറ്റി എന്ന് പറഞ്ഞു... ഇതെപ്പോ മാറ്റി? ICU വിന്റെ മുന്നില്‍ എത്തി ഒരു മണിക്കൂറോളം വാതില്‍ക്കല്‍ പിടിച്ചു കൊണ്ട് നിന്നു... അനങ്ങാന്‍ ആവുന്നില്ല... കുറെ കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്നു ഡോക്ടര്‍ പുറത്തിറങ്ങി... എന്റെ കൈ പിടിച്ചു ബെഞ്ചില്‍ ഇരുത്തി...

“ക്ഷമിക്കണം...”

“ആരാണ്... ഡോക്ടര്‍?”

“രണ്ടു പേരെയും... ഞങ്ങള്‍ കഴിവിന്റെ പരമാവധി...”

ചുമര് പിടിച്ചു കൊണ്ട് ഞാന്‍ എഴുന്നേറ്റു... ചുമര്  തോടുന്നിടം കുഴിഞ്ഞു പോവുന്ന പോലെ തോന്നുന്നു... തല പൊട്ടി പിളരുന്ന പോലെ... ചുണ്ട് രണ്ടും വരണ്ടു ഒട്ടിപ്പോയിരിക്കുന്നു... വായ തുറക്കാന്‍ പറ്റുന്നില്ല... കണ്ണുകള്‍ നീറുന്നു... അച്ഛനെ വിളിക്കണം.. ഏതു റൂമില്‍ ആണ് അച്ഛന്‍ ഉള്ളത്...

“നിങ്ങള്‍ ഇവിടെ ഇരിക്കൂ... ആരാ കൂടെ ഉള്ളത്?”

ഒരു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ? അതെ ഇടനാഴിയുടെ അങ്ങേ തലക്കല്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍... വേച്ച് വേച്ച് ഞാന്‍ നടന്നു...

“ആരെങ്കിലും ഇയാളെ ഒന്ന് പിടിക്കുമോ? ഇങ്ങോട്ട് വരൂ”

പിന്നില്‍ നിന്നും ഡോക്റ്ററുടെ ശബ്ദം... എന്റെ നടത്തത്തിന്റെ വേഗം കൂടി... ഓടിയും നടന്നും അര മതിലിനു അടിച്ചു ഞാന്‍ നിന്നു... കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ? മതില്‍ ചുറ്റി ഞാന്‍ പുറത്തെത്തി...

കുഞ്ഞു കിടന്ന സ്ഥലത്ത് ഒരു തുണി മാത്രം... ഞാന്‍ ചുറ്റും നോക്കി... ദൂരെ കാണാം... ആ സ്ത്രീ നടന്നു പോവുന്നു...

“ഹേയ്...”

ശബ്ദം പുറത്തു വരുന്നില്ല... മുട്ട് കുത്തി ഞാന്‍ ഇരുന്നു... നിറഞ്ഞ കണ്ണുകളോടെ വീണ്ടും നോക്കി... മാറോടടക്കി പിടിച്ച കുഞ്ഞുമായി ആ സ്ത്രീയുടെ രൂപം അകന്നകന്നു പോവുന്നു... ഒരു മരീചിക പോലെ...

Saturday, November 6, 2010

കിഷ് യാത്ര 04

ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ആണ് അറിഞ്ഞത് വിസ കിട്ടി... അവര്‍ അയച്ച ഫാക്സ് നമ്പര്‍ മാറി പോയതാണ്. ഹോട്ടലിലെ ഫാക്സ് നമ്പര്‍ കൊടുത്തു ഞാന്‍ തിരിച്ചു നടന്നു... തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോള്‍ എല്ലാവരും കൂടി നിന്ന് ചിരിക്കുന്നു. അവരുടെ ഇടയിലേക്ക് ഞാന് കയറി ചെന്നു.

“എന്താ കാര്യം”?

“നീയാ കൊച്ചിനെ കണ്ടോ?”

ഞാന്‍ തിരിഞ്ഞു നോക്കി... മൂന്ന് നാല് പെണ്‍കുട്ടികള്‍ കൂടി നിന്ന് സംസാരിക്കുന്നു..

“ഏതു കൊച്ചു?”

“ആ ജീന്‍സ്‌ ഇട്ട കൊച്ചിനെ നോക്ക്”

അപ്പോളാണ് ഞാന്‍ കണ്ടത് സാനിയ മിര്‍സയെ പോലെ ഒരു സുന്ദരി... സാനിയയെ പോലെ മൂക്കുത്തി ഒക്കെ കുത്തി... ചുറ്റിലും കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു...

“സാനിയ മിര്‍സയെ പോലെ ഉണ്ടല്ലേ?”

“ഇതും പറഞ്ഞോണ്ടാ ഒരുത്തന്‍ പരിചയപ്പെടാന്‍ പോയത്... അവനു പ്രഥമ ദ്രിഷ്ട്യാ അനുരാഗം!!!”

“ആരാ കക്ഷി?”

“ദേണ്ടെ ഇരിക്കുനത് കണ്ടാ”

നോക്കുമ്പോള്‍ അനീഷ്‌... ദയനീയമായ മുഖഭാവത്തോടെ ചടഞ്ഞു ഇരിക്കുന്നു...

“എന്താ സംഭവം?”

“ഒരു മണിക്കൂര്‍ മുന്നേ ആണ് അവള്‍ ഇവിടെ ബസ്‌ ഇറങ്ങിയത്... ആദ്യം കണ്ടപ്പോള്‍ തന്നെ ഇവന്‍ ഉറപ്പിച്ച് ഇതാണ് എന്റെ പെണ്ണ് എന്ന്... അവളെ കണ്ട പത്തു മിനിറ്റ് കൊണ്ട് ഇവന്‍ അവളുടെ കൂടെ പത്തു കൊല്ലം ജീവിച്ചു കഴിഞ്ഞു... നേരെ പോയി പരിചയപ്പെട്ടു... അവള്‍ ആണെങ്കില്‍ ഇവനെ കണ്ടപ്പോ തന്നെ മുന്‍പ് കണ്ടു പരിചയം ഉള്ള പോലെ ചിരിച്ചു പിടിച്ചു കൊണ്ട് സംസാരവും”

“എന്നിട്ട്?”

“പിന്നെ ഞങ്ങള്‍ കാണുന്നത് ഇവന്‍ വാടിയ മുഖവും ആയി തിരിച്ചു വരുന്നതാ.. ഡാ ബാക്കി നീ തന്നെ പറ...”

“അണ്ണാ ഒന്നും പറയണ്ട, പരിചയപ്പെട്ടു കഴിയലും അവളെന്നോട് മൊബൈല്‍ നമ്പര്‍ ചോദിച്ചു”

“എന്നിട്ട് നീ കൊടുത്താ?”

“പിന്നെ... അവള്‍ ഒരു മിസ്സ്ഡ്‌ കാള്‍ അടിക്കുകയും ചെയ്തു... പിന്നെ പറയാ... രാത്രി എന്നെ വിളിക്കരുത്‌... എനിക്ക് കസ്റ്റമര്‍ ഉണ്ടാവും... പകല്‍ ഒരു ഒരു മണിക്ക് ശേഷം വിളിക്കൂ... എന്റെ മാനേജര്‍ടെ നമ്പര്‍ ഞാന്‍ SMS ചെയ്തു തരാം”

അവിടെ ഒരിക്കല്‍ കൂടെ കൂട്ടച്ചിരി മുഴങ്ങി...

“മക്കളെ ഒന്ന് നിര്‍ത്തുമോ ഈ കൊലച്ചിരി?”

എല്ലാരും തിരിഞ്ഞു നോക്കി... നമ്മുടെകൂട്ടത്തില്‍ വയസ്സിനു മൂത്ത റഹ്മാന്‍ക്ക...

“ആ കുട്ടി കുടുംബം നോക്കാന്‍ ആവും ഇങ്ങനെ ഒക്കെ ജീവിക്കുന്നത്... കളിയാക്കണ്ട...”

“റഹ്മാന്‍ക്ക... നമ്മളൊക്കെ ഇഷ്ട്ടം ഉണ്ടായിട്ടാണോ നാട് വിട്ടു ഇവിടെ ജോലിക്ക വന്നത്? ഒരു ജോലി എടുത്തു ജീവിച്ചൂടെ? അത്യാവശ്യം നന്നായി ഇംഗ്ലീഷ് സംസാരികുന്നുണ്ട് എന്നാ ഇവന്‍ പറഞ്ഞത്... ഒരു സൂപ്പര്‍ മാര്‍കെറ്റില്‍ സേല്‍സ് ഗേള്‍ ആയി നിന്നാ കിട്ടും മാസം ആയിരം ദിര്‍ഹം... അക്കോമടെഷന്‍ ഉണ്ടാവും. അങ്ങനെ എന്തെങ്കിലും ജോലി നോക്കിക്കൂടെ?”

“പെട്ടതാനെങ്ങിലോ”

ഞങ്ങള്‍ എല്ലാരും പരസ്പരം നോക്കി... റഹ്മാന്‍ക്ക ഞങ്ങളെയും മാറി മാറി നോക്കി...

ങ്ങള്‍ എല്ലാരും ഈ നാട് കാണാന്‍ തുടങ്ങിയിട്ട് മാസങ്ങളെ ആയിട്ടുണ്ടാവൂ... ങ്ങള്‍ വരുന്നതിനു മുന്നേ ഞാന്‍ ഈടെ എത്തിയിരുന്നു... കഴിഞ്ഞ മൂന്ന് ആഴ്ചയായി ഈടെ  ഒരു മലയാളി കുട്ടി ന്ടെര്‍ന്ന്‍... വിസ കിട്ടാണ്ട്, കയ്യിലുള്ള പൈസയും തീര്‍ന്നു... രാവിലെ വന്നു ആ കൌണ്‍ടരിറെ അടുത്ത് വന്നിരിക്കും... എന്നും അവിടിരുന്നു കരയുന്നത് കാണ... പലരും സമാധാനിപ്പിക്കും... ഒരിക്കല്‍ ഞാന്‍ ഓളെ കാണുന്നത് മറ്റൊരു പെണ്ണിന്റെ കൂടെയാ ഓള്‍ ആ കുട്ടിക്ക് വേണ്ട എല്ലാം വാങ്ങി കൊടുക്കുന്ന... രാവും പകലും ഒള്ക്ക് കൂട്ട്... ഞങ്ങക്കെല്ലാം സമാധാനം ആയി... ഒരീസം കൂടെ കഴിഞ്ഞപ്പോള്‍ ഒരാള്‍ കൂടെ ദുബായ് നിന്നും എത്തി... അന്ന് രാത്രി മൊത്തം ഒന് ഈ രണ്ടു പെണ്ണുങ്ങളുടെ കൂടെ... അടുത്ത ദിവസം രാവിലെ ആ പെണ്ണിന്റെ കൂടെ ആ കുട്ടി തിരിച്ചു പോയി... ഒരു റെഡിമെട് ഷാപ്പിലെ വിസ ആണ്  ഒള്ക്ക് കിട്ടിയത്...”

ഇതും പറഞ്ഞു റഹ്മാന്‍ക്ക കഥ നിര്‍ത്തി...

“എന്നിട്ട്?”

“ഈടെ ചായക്കടയില്‍ നിന്നാ അറിഞ്ഞത്... ആ പെണ്ണ് ഒരു പ്രോസ്ടിട്ടുട്ട് ആണ്ന്ന്... ഈട മ്മള്‍ ആരോട് പരാതി പറയും? ഈട്ത്ത സെക്യുരിറ്റിയോടോ? പോലീസിനോട് പറയാന്‍ പോലീസ് എടെ? വിസ കിട്ടാതെ ഈട കിടക്കുന്ന മ്മള്‍ക്ക എന്ത് ചെയ്യാന്‍ പറ്റും?”

എല്ലാവരും റഹ്മാന്‍ക്കയെ നോക്കി ഒരക്ഷരം മിണ്ടാന്‍ കഴിയാതെ ഇരുന്നു...

“ആ കുട്ടീന്റ മുഖം എന്റെ മനസ്സില് ഇടയ്ക്കിടയ്ക്ക് വരുഏര്ന്ന്... ഇപ്പൊ അതിന്റെ മുഖം മറക്കാന്‍ നോക്ക മക്കളെ... ആവൂല... മ്മളെ നാട്ടിലെ ഒരു കുട്ടി ഈടെ വന്നു മ്മളെ കണ്ണും മുമ്പില് ചതിയില് പെട്ട് പോയിന്ന്‍ വിശ്വസിക്കാന്‍ പറ്റണില്ല...”

റഹ്മാന്‍ക്ക എണീറ്റ്‌ ഒരു സിഗരറ്റ് കത്തിച്ചു... തിരിഞ്ഞു നടന്നു... എല്ലാവരും എണീറ്റ്‌ എന്താ ചെയ്യേണ്ടത് എന്ന് മനസ്സിലാവാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്ന്... ഞാനും എണീറ്റ്‌ കൌണ്‍ടരില്‍ പോയി നോക്കി... വിസ വന്നിരിക്കുന്നു... സന്തോഷം ഒന്നും തോന്നുന്നില്ല... യാന്ത്രികമായി വിസ എടുത്തു മടക്കി പോക്കറ്റില്‍ ഇട്ടു. റിസര്‍വേഷന്‍ കൌണ്‍ടരില്‍ പോയി അറിയിച്ചു... വിസ നോക്കി രാവിലെ ഉള്ള ഫ്ല്യ്റ്റ്ല്‍ ടിക്കറ്റ്‌ റിസേര്‍വ് ചെയ്തു...

ഒരു രാത്രി കൂടെ ഇവിടെ നില്‍ക്കണം... ഈ നശിച്ച നാട്ടില്... ഒരുപാട് പേരുടെ കണ്ണീരു വീണ ഈ നാട്ടില്‍... ഒരു രാത്രി കൂടെ...

Thursday, November 4, 2010

ശബരിമല 02

അതിരാവിലെ തന്നെ കുളിച്ചു ഒരുങ്ങി ഞാന്‍ അമ്പലത്തില്‍ പോയി... ഉച്ചക്ക ശേഷം ആണ് ശബരിമലക്കുള്ള ജീപ് വരാം എന്ന് ഏറ്റത്. രാവിലെ മുതലേ അമ്പലത്തില്‍ ചടങ്ങുകള്‍ തുടങ്ങി വീട്ടില്‍ നിന്നും ഇറങ്ങി കഴിഞ്ഞാല്‍ പിന്നെ തിരിച്ചു കയറാന്‍ പാടില്ല... രാവിലെ ഉള്ള ഭക്ഷണവും ഉച്ചക്കുള്ള ഊണും ഒക്കെ അമ്പലത്തില്‍ തന്നെ ആണ്. മൂന്നു ജീപ് ആണ് മലക്ക് പോവുന്നത് ആകെ പതിനഞ്ചു പേര്‍ പിന്നെ മൂന്നു ഡ്രൈവര്‍മാരും. അതില്‍ രണ്ടു പേര്‍ സ്വാമികളും. പതിനേഴു പേരുടെ കെട്ടു നിറ ഉള്ളത് കൊണ്ട് ചടങ്ങുകള്‍ ഒക്കെ രാവിലെ തന്നെ തുടങ്ങിയിരുന്നു എന്റെ ഊഴം എത്തി. ശ്രീകോവിലിന്‍റെ നേരെ ഇരുന്നു ഇരുമുടിക്കെട്ടില്‍ ഗുരുസ്വാമി എടുത്തു തന്ന ചന്ദനവും ഭസ്മവും ചന്ദനത്തിരിയും എള്ളും ശര്‍ക്കരയും പൊരിയും അവിലും തുടങ്ങി എല്ലാ സാധനങ്ങളും നിറച്ചു. ഒടുവില്‍ കണ്ണ് കുഴിച്ച തെങ്ങക്കുള്ളില്‍ ഉരുക്കിയ നെയ്‌ നിറച്ചു കോര്‍ക്ക്‌ ഇട്ടു അടച്ചു ഒരു മാവുകൊണ്ടു ഒട്ടിച്ചു ഇരുമുടിയില്‍ വെച്ചുകെട്ടി... അപ്പോളേക്കും എന്റെ ഇരുമുടിക്കെട്ട് നല്ല വലിപ്പം വെച്ചിരുന്നു... അതിന്റെ ഭാരം എനിക്ക് ഊഹിക്കാം... പിന്നെ ഓരോ സ്ത്രീജനങ്ങള്‍ വന്നിരുന്നു അവര്‍ക്ക്‌ നേര്‍ന്ന നെയ്‌ നിറച്ച തേങ്ങയും എന്റെ ഇരുമുടിയില്‍ വെച്ചു. അതോടെ അത്യാവശ്യം നല്ല വലിപ്പം ഉള്ള ഒരു കെട്ടായി മാറി... ശബരിമലക്ക് പോവാന്‍ പറ്റാത്തവര്‍ മറ്റുള്ളവരുടെ കയ്യില്‍ നെയ്ത്തേങ്ങ കൊടുതയച്ചാല്‍ മതി... അവര്‍ പോവുന്നതിനു തുല്യമാണ് അത്... പക്ഷെ എന്റെ ചുറ്റിലും  കൂടി നിന്ന ചേച്ചിമാര്‍ ഇങ്ങനെ കൈ അയച്ചു സഹായിക്കും എന്ന് ഞാന്‍ വിചാരിച്ചില്ല. എല്ലാവരുടെയും കെട്ടു നിറ കഴിഞ്ഞപ്പോലെക്ക്കും മൂന്നു മണി കഴിഞ്ഞു... ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞതോടെ ഗുരുസ്വാമി എല്ലാവരുടെയും തലയില്‍ ഇരുമുടികെട്ടു എടുത്തു വെച്ച് തന്നു... വരിയായി അമ്പലം പ്രദക്ഷിണം വെച്ച് തെങ്ങ നടക്കല്‍ എറിഞ്ഞുടച്ചു പോവണ്ട വാഹനത്തിന്റെ അടുത്തേക്ക്‌ നടന്നു... ചെരിപ്പിടാതെ ചെങ്കല്ലിന്റെ മുകളിലൂടെ വേഗത്തില്‍ നടക്കുമ്പോള്‍ ഉള്ള ബുദ്ധിമുട്ട് അപ്പോളാണ് അറിഞ്ഞത്... അതും നല്ല കൂര്‍ത്ത ചെങ്കല്ലുകള്‍... കൂടാതെ ഇരുമുടിക്കെട്ടിന്റെ ഭാരവും.. ഇതും കൊണ്ട് ശബരിമല കയറാന്‍ എനിക്ക് പറ്റുമോ എന്നൊരു സംശയം അതോടെ തുടങ്ങുകയും ചെയ്തു... വാഹനത്തിന്റെ അടുതെതിയപ്പോലെക്കും  എല്ലാവരുടെയും ഇരുമുടിക്കെട്ട് ഗുരുസ്വാമി തന്നെ വാങ്ങി ജീപ്പിന്റെ മുകളില് ഉള്ള ആള്‍ക്ക് കൊടുത്തു... അയാള്‍ എല്ലാം ഭദ്രമായി വെച്ച് കെട്ടി... പിന്നെ വാഹന പൂജ കഴിഞ്ഞു എല്ലാവരും വണ്ടിയില്‍ കയറി... ഞാന്‍ അമ്മയെ ഒന്ന് നോക്കി ഞാന്‍ വല്ല യുദ്ധതിനെങ്ങാനും പോവുന്ന പോലെ ആണ് അമ്മയുടെ മുഖം... ഞാന്‍ വേഗം മുഖം തിരിച്ചു... ഞങ്ങള്‍  യാത്ര തുടങ്ങി...

ശരണം വിളിയോടെ യാത്ര തുടങ്ങി... ആദ്യത്തെ അമ്പലം ഗുരുവായൂര്‍... മഹാവിഷ്ണു കുടി കൊള്ളുന്ന വൈകുണ്ണ്ഠത്തിലെ ശ്രീകൃഷ്ണശില  ബൃഹസ്പതിയും വായു ഭഗവാനും ചേര്‍ന്ന് സ്ഥാപിച്ച സ്ഥലമാണ് ഗുരുവായൂര്‍ എന്ന് കരുതപ്പെടുന്നതായാണ് ഐതീഹ്യം... സ്വാമിമാരുടെ തിരക്ക് കാരണം അവിടെ അധിക സമയം നില്‍ക്കാന്‍ കഴിഞ്ഞില്ല... പുറമേ നിന്നും തൊഴുതു നേരെ അടുത്തുള്ള മമ്മിയൂര്‍ ക്ഷേത്രത്തിലേക്ക്‌ പോയി ശിവ പാര്‍വതി ആണ് അവിടുത്തെ പ്രതിഷ്ട. ഗുരുവായൂര്‍ അമ്പലം സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും മമ്മിയൂര്‍ കൂടെ പോയി തൊഴണം എന്നാണു പറയാറ്. അത് ചെയ്യാന്‍ പറ്റാത്തവര്‍ക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ ഒരു സ്ഥലത്ത് നിന്ന് മമ്മിയൂര്‍ അമ്പലത്തിന്റെ ദിശയിലേക്ക് തിരിഞ്ഞു നിന്ന് തൊഴാം എന്നും പറയുന്നു...

അവിടെ നിന്നും നേരെ തൃപ്രയാര്‍ ശ്രീ രാമസ്വാമി ക്ഷേത്രം. ശ്രീരാമന്റെ അമ്പലം വളരെ കുറവാണ് കേരളത്തില്‍... അതില്‍ ഒന്നാണ് ഇത്. പണ്ട് നാടുവാഴി ഭരണകാലത്ത് പ്രതിഷ്ട്ടിച്ചതാണ് ഈ വിഗ്രഹം... അന്നത്തെ ഒരു മീന്‍പിടിത്തക്കാരന്റെ വലയില്‍ കുടുങ്ങിയതാണ് ഈ വിഗ്രഹം എന്നും പറയപ്പെടുന്നു... ഇവിടെ ഒരു വലിയ കുളം ഉണ്ട്... അതില്‍ നിറയെ വലിയ മീനുകളും... മീനൂട്ട് ആണ് ഇവിടത്തെ പ്രധാന വഴിവാട്... മീനുകള്‍ക്ക് വയര് നിറയെ ഭക്ഷണം കൊടുക്കുക... ആ മീനുകളെ കണ്ടു മോഹിക്കാന്‍ പാടില്ല എന്നും പറയും... ആത്മാക്കളുടെ പ്രതീകങ്ങള്‍ ആണ് എന്നും പറയുന്നവര്‍ ഉണ്ട്... കുളത്തിലേക്ക്‌ ഇറങ്ങാന്‍ അനുവാദം ഇല്ല ആര്‍ക്കും, അമ്പലം മേല്‍ശാന്തിക്കു ഒഴികെ... ഈ അമ്പലത്തിലെ മറ്റൊരു പ്രധാന വഴിവാടാണ് വെടി വഴിവാട്... വളരെ പ്രസിദ്ധം ആണ്.. സാധാരണ വെടി ഒന്നും അല്ല... വല്ല ബോംബ്‌ പൊട്ടുന്ന പോലെ ആണ് ഓരോന്നും.. സത്യം പറയാമല്ലോ എനിക്കവിടെ എത്തിയതിനു ശേഷം ഞെട്ടി തുള്ളാന്‍ മാത്രമേ സമയം ഉണ്ടായുള്ളു...

തൃപ്രയാര്‍ നിന്നും അടുത്ത അമ്പലം ചോറ്റാനിക്കര... സരസ്വതി... മഹാലക്ഷ്മി... ദുര്ഗ... ഈ മൂന്നു ദേവികളെ ആണ് ഇവിടെ ആരാധിക്കുന്നത്... ഇവിടെ മുകളിലും താഴെയും ആയി രണ്ടു അമ്പലം ഉണ്ട്... മുകളില്‍ ഉള്ള അമ്പലത്തിലാണ് നമ്മള്‍ കയറി വരുക... രാജ രാജേശ്വരി ക്ഷേത്രം എന്നാണു ഇത് അറിയപ്പെടുന്നത് താഴെ ഉള്ള കാവാണ്  ആണ് കീഴെക്കാവ്... ഭദ്രകാളി ആണ് ഇവിടത്തെ പ്രതിഷ്ഠ. രാവിലെ സരസ്വതിയെയും ഉച്ചക്ക് ഭദ്രകാളിയും രാത്രി ദുര്‍ഗയെയും ആണ് ഇവിടെ ആരധിക്കാര് ഇവിടത്തെ പ്രതിഷ്ഠ അമ്പലത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയ അവസ്ഥയില്‍ അല്ല... മണലില്‍ വെറുതെ വെച്ചിരിക്കുകയാണ്. അതിന്റെ അടുത്ത് തന്നെ വിഷ്ണുവിന്റെ ഒരു പ്രതിഷ്ഠയും ഉണ്ട് അത് കൊണ്ട് ഇവിടെ പ്രാര്‍ഥിക്കുന്നത് രണ്ടു പേരെയും കൂടെ ചേര്‍ത്ത് വിളിച്ചാണ്... “അമ്മെ നാരായണ”. താഴെ ഉള്ള കാവിലാണ്  മാനസികമായി അസുഖം ഉള്ളവരെ കൊണ്ട് വരുന്നത്... അവിടെ വലിയൊരു മരം ഉണ്ട്.. നിറയെ ആണികളും തറച്ചു വെച്ച നിലയില്‍... അവിടെ നിന്നപ്പോള്‍ എനിക്ക് ചെറുതായ രീതിയില്‍ പേടി വരാന്‍ തുടങ്ങി... നിറയെ കടും നിറത്തില്‍  ഉള്ള തുണികളും മറ്റും... പകലും ഇരുട്ട്... അവിടത്തെ ചന്ദനത്തിനു പകരം വിശ്വാസികള്‍ക്ക്  കൊടുക്കുന്നത് മഞ്ഞള്‍ ആണ്... അതിന്റെ ഒക്കെ പിറകില്‍ ഒരുപാട് കഥകള്‍ ഉണ്ട്... ഏറ്റവും പഴക്കം ചെന്ന അമ്പലങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര... അത് കൊണ്ട് തന്നെ അമ്പലം ഉണ്ടായതിനെ കുറിച്ച് ഒരുപാട് കഥകള്‍ ഉണ്ട്...

അവിടുന്നു നേരെ വൈക്കം ശിവക്ഷേത്രം... കേരളത്തിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രം.... ഏറ്റവും വലിയ ക്ഷേത്രവും! പിന്നീട് ഏറ്റുമാനൂര്‍ ശിവക്ഷേത്രം... അത് കഴിഞ്ഞു കടുത്തുരുത്തി ശിവക്ഷേത്രം... ഖരാസുരന്‍ എന്നാ ഒരു അസുരന്‍ ശിവനെ തപസ്സു ചെയ്തു ലഭിച്ച മൂന്നു ശിവലിംഗങ്ങള്‍ ആണ് ഈ മൂന്നു അമ്പലത്തില്‍ ഉള്ളത് എന്ന് പറയപ്പെടുന്നു... ഒരു വിഗ്രഹം വലതു കയ്യിലും ഒന്ന് ഇടതു കയ്യിലും മൂന്നാമത്തേത് കഴുത്തിലും അമര്‍ത്തി വരുമ്പോള്‍ ഒരു സ്ഥലത്ത് ക്ഷീണിച്ചു ഇരുന്നു ഒരു കയ്യിലെ വിഗ്രഹം താഴെ വെച്ച്, പിന്നീട് എടുക്കാന്‍ പറ്റാതെ വരുകയും... അത് അവിടെ തന്നെ ഉപേക്ഷിച്ചു പോവുകയും ചെയ്തതായാണ് കഥ... ആ സ്ഥലമാണ് വൈക്കം... പിന്നീട് ഉള്ള രണ്ടു വിഗ്രഹങ്ങള്‍ ഏറ്റുമാനൂര്‍, കടുത്തുരുത്തി എന്നാ സ്ഥലങ്ങളിലും പ്രതിഷ്ഠിച്ചു എന്നാണ് പറയപ്പെടുന്നത്‌... ഉച്ചപൂജക്ക് മുമ്പായി ഈ മൂന്നു അമ്പലങ്ങളില്‍ തൊഴാന്‍ പറ്റിയാല്‍ പുണ്യം കിട്ടും എന്ന് പറയപ്പെടുന്നു...

അടുത്ത അമ്പലം കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രം... പരശുരാമന്‍ വിശ്വാസികളെ വസൂരിയില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി ലോകാംബിക ദേവിയുടെ വിഗ്രഹം ഇവിടെ  പ്രതിഷ്ഠിച്ചത് എന്നാണു പറയപ്പെടുന്നത്‌. ബ്രാഹ്മണന്മാര്‍ പൂജ ചെയ്യാത്ത ദേവി ക്ഷേത്രം ആണ് ഇത്...

അവിടുന്ന് ഞങ്ങള്‍ യാത്ര തുടങ്ങി... ഞാന്‍ ഒരു മയക്കത്തിലേക്ക്‌ വീണു. ജീപ്പ് വല്ലതെ ഉലഞ്ഞു തുടങ്ങിയപോള്‍ എണീറ്റു... നോക്കുമ്പോള്‍ ഒരു ബോര്‍ഡ്‌. പമ്പ ഏഴു കിലോമീറ്റര്‍!!!

(തുടരും)

Monday, November 1, 2010

ശബരിമല 01

ഞാന്‍ അങ്ങനെ എന്തും ചെയ്യും എന്ന അവസ്ഥയില്‍ നാടിനും വീടിനും ഗുണം ഇല്ലാത്തവന്‍ ആയി തേരാപ്പാര നടക്കും എന്ന് തോന്നിയത് കൊണ്ടാവും, അമ്മ ഒരു കടുംകൈ ചെയ്തു... ഒറ്റ പ്രാര്‍ത്ഥന ആയിരുന്നു...

“ദൈവമേ ഇവന്‍ നന്നാവാന് വേണ്ടി ഇവനെ കൊണ്ട് ഞാന്‍ തുടര്‍ച്ചയായി മൂന്നു വര്ഷം ശബരിമല ചവിട്ടിച്ചോളാമേ” എന്ന്...

കാളിപ്പോയത് എന്റെ ഉള്ളാണ്... മറ്റൊന്നും കൊണ്ടല്ല, പണ്ട് ചെറിയച്ചന്‍ ഒക്കെ മലക്ക് പോയ കാലം ആണ് എനിക്ക് ഓര്മ വന്നത്... കറപ്പ്  ഉടുത് മാല ഇട്ടു കഴിഞ്ഞാ തീര്‍ന്നു... പിന്നെ ഒരു കളിയും നടക്കൂല... ഏറ്റവും വിഷമം രാവിലെ അഞ്ചു മണിക്ക് എണീറ്റ്‌ കുളിക്കുന്ന ഏര്‍പ്പാട് ആണ്... എന്റെ പുലര്‍ച്ചെ എന്ന് പറഞ്ഞാ എട്ടു മണി ആണ്... പിന്നെ അമ്പലത്തില്‍ പോണം രാവിലെയും വൈകുന്നേരവും... പുറമെയുള്ള ഒന്നും കഴിക്കാന്‍ പറ്റൂല... മാംസാഹാരം കഴിക്കാന്‍ പറ്റില്ല... പുറത്തിറങ്ങി വന്നാല്‍ കുളിക്കാതെ അകത്തു കയറാന്‍ അച്ഛമ്മ സമ്മതിക്കില്ല... തെറി പറയാന്‍ പറ്റില്ല, സര്‍വ്വോപരി വായ്‌ നോക്കാന്‍ പറ്റില്ല!!! ചുരുക്കി പറഞ്ഞാ തനി സ്വാമി ആവണം... എന്നാ പിന്നെ വല്ലവനെയും ശപിച്ചു ഭസ്മം ആക്കാന്‍ ഉള്ള കഴിവെങ്ങാനും കിട്ടുമോ? അതും ഇല്ല... ഇത്രയും പറഞ്ഞത് ദൈവ വിശ്വാസം ഇല്ലതതുകൊണ്ടോന്നും അല്ല... നല്ല ദൈവ വിശ്വാസി ആണ് ഞാന്‍... ദൈവസാമീപ്യം പലരെപോലെയും  പലപ്പോളായി അറിഞ്ഞിട്ടുമുണ്ട്... വിധിയായും, രക്ഷപ്പെടലുകളായും, സുഹൃതുക്കളിലൂടെയും, അമ്മയായും ഒക്കെ...  പക്ഷെ ഒരു നോര്‍മല്‍ മനുഷ്യനുള്ള സകല കുരുത്തക്കേടുകളും ഉള്ള ഒരുത്തന്‍ ആണ് ഞാന്‍! ഒരു സുപ്രഭാതത്തില്‍ ഇതൊക്കെ സ്റ്റോപ്പ്‌ ചെയ്യേണ്ടി വരുമ്പോള്‍ ഉള്ള വിഷമം ഭയങ്കരം ആണ്... ഇതൊക്കെ മുന്നില്‍ കണ്ടിട്ട് തന്നെ ആണ് അമ്മ മലക്ക് പോവാന്‍ പറഞ്ഞപ്പോള്‍ ഒറ്റ ശ്വാസത്തില് “നോ” എന്ന് പറഞ്ഞു നോക്കിയത്...

“വേണ്ടാത്തതിനു നിക്കണ്ട... ദൈവതിനോടാണോ നിന്റെ കളി!!!?”

പിന്നെ, ദൈവത്തിനു എന്റെ കൂടെ കളിക്കല്‍ അല്ലെ പണി... പക്ഷെ ഒടുവില്‍ തിരിഞ്ഞു മറിഞ്ഞു ആ മല എന്റെ തലയില്‍ തന്നെ വന്നു...

“അപ്പൊ മറ്റന്നാള്‍  വൈകുന്നേരം ഇരിങ്ങല്ലൂര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ വെച്ച് മാല ഇടാം... ഇന്ന് തന്നെ പോയി മുണ്ടും മാലയും തോര്‍ത്തും പിന്നെ അമ്പലത്തിലേക്ക് മാല ഇടാന്‍ പൂജക്കുള്ള സാധനങ്ങള്‍ ഒക്കെ വാങ്ങി വാ... എന്തൊക്കെയാ വേണ്ടത് എന്ന് സുരേട്ടനെ വിളിച്ചു ചോദിക്ക്”

അടിവര ഇട്ടു കഴിഞ്ഞു... ഇനി പോയെ പറ്റൂ...

“നാളെ വാങ്ങിയാ പോരെ?”

“ഇനി ഇങ്ങനെ ഒന്നും പറയാന്‍ പാടില്ല... എല്ലാം സമയത്തിന് തന്നെ വേണം.. വേഗം ചെല്ല്”

മോനെ സ്വാമി ആക്കാന്‍ എന്തൊരു ആവേശം... മനസ്സിലാമാനസ്സോടെ ഞാന്‍ പോവാന്‍ ഒരുങ്ങി...

“ആ പിന്നെ, സുരേട്ടന്‍ ഒക്കെ ഡിസംബര്‍ ആറിനാണ് മലക്ക് പോവുന്നത് മറ്റന്നാള്‍ മാല ഇട്ടാലേ നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം കിട്ടൂ”

തലയ്ക്കു അടി കിട്ടിയവനെ പോലെ ഞാന്‍ ഒരു നിമിഷം തരിച്ചു നിന്നു...

“നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതമോ? പോവുന്നതിനു ഒരാഴ്ച മുന്നേ മാല ഇട്ടാല്‍ പോരെ അമ്മെ?”

“ആദ്യമായിട്ട് പോവുമ്പോള്‍ അങ്ങനെ ഒന്നും പറ്റില്ല... ഒക്കെ അതിന്റെ കണക്കിന് തന്നെ വേണം... നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം എന്നാല്‍ അത്ര തന്നെ എടുകണം”

അങ്ങനെ മാല ഇടാന്‍ അമ്പലത്തില്‍ പോയ ഞാന്‍ തളര്‍ന്നു പോയി... അതി സുന്ദരികള്‍ ആയ പെണ്‍കിടാങ്ങള്‍ നിരന്നു നില്‍ക്കുന്നു... എല്ലാം കഴിഞ്ഞു... മോനെ, ഇനി നാല്‍പ്പത്തി ഒന്ന് ദിവസം നീ നീയല്ല... കണ്ട്രോള്‍...!!! അങ്ങനെ എന്റെ ഊഴം വന്നു... തൊഴുതു പ്രാര്‍ത്ഥിച്ചു ഗുരുസ്വാമി കയ്യില്‍ മാല പിടിപ്പിച്ചു തന്നു, ഞാനും ഗുരുസ്വാമിയും കൂടെ എന്റെ കഴുത്തിലേക്ക് മാല ഇട്ടു... പിന്നില്‍ നിന്നും ശരണം വിളികള്‍ മുഴങ്ങി... പിന്നാലെ നടക്കല്‍ വെച്ച് പുണ്യാഹം തളിച്ച കറുപ്പ് മുണ്ട് എന്റെ കയ്യിലേക്ക്‌ ഇട്ടു തന്നു... പുറത്തിറങ്ങി വെള്ള മുണ്ട് മാറ്റി കറുപ്പുടുക്കുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി...

“സ്വാമി”

എന്നെ തന്നെ ആണോ? അതെ എന്നെ തന്നെ...

“സ്വാമിക്ക്‌ താടി ഒക്കെ ഒന്ന് വടിക്കാമായിരുന്നു കേട്ടോ, ഇനി മലക്ക്‌ പോയി വന്നിട്ടല്ലേ ഇതൊക്കെ പറ്റൂ”?

ഞാന്‍ താടിയിലൂടെ കയ്യോടിച്ചു... മറന്നു പോയി... ഇനി പറഞ്ഞിട്ട് കാര്യമില്ല... സ്വമിയായിപ്പോയില്ലേ? പ്രസാദവും ഒക്കെ വാങ്ങി ഞാനും അമ്മയും കൂടെ വീടിലേക്ക് തിരിച്ചു പോയി.

പിറ്റേന്ന് രാവിലെ അമ്മയുടെ വിളി കേട്ടിട്ടാണ് ഞാന്‍ എനീക്കുന്നത്...

“കുട്ടാ, എണീക്ക്, അഞ്ചു മണി ആവാന്‍ ആയി... വേഗം എണീക്ക്, അമ്പലത്തില്‍ പോണ്ടേ?”

അമ്മയാണോ? അമ്മ ഇങ്ങനെ അല്ലല്ലോ എന്നെ വിളിക്കാറ്? “എണീക്കെടാ” എന്നല്ലേ?? അതെ അമ്മ തന്നെ, അപ്പൊ സ്വമിയായാല്‍ ഇങ്ങനത്തെ ചെല ഗുണങ്ങള്‍ ഉണ്ട്... ഞാന്‍ എണീറ്റ്‌ കുളിച്ചു അമ്പലത്തില്‍ പോയി...

ദിവസങ്ങള്‍ കടന്നു പോയി... താടിയും നീട്ടി ഒരു കോലത്തില്‍ ആയി ഞാന്‍...പച്ചക്കറി കഴിച്ചു കഴിച്ചു വല്ല പശുവിന്റെ ജന്മം ആയോ എന്ന സംശയവും വരാന്‍ തുടങ്ങി...

പക്ഷെ ജീവിതത്തില്‍ ഒരു അടക്കവും ഒതുക്കവും വന്നത് ഞാന്‍ അറിഞ്ഞു... രാവിലെ എണീറ്റുള്ള കുളിയും അമ്പലത്തില്‍ പോക്കും... എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വൈകുന്നേരങ്ങളിലെ അമ്പലത്തില്‍ പോക്ക് ആണ് വൃശ്ചിക മാസം തുടങ്ങിയ മുതല്‍ അമ്പലത്തില്‍ എന്നും വെളിച്ചപ്പെടല്‍ ഉണ്ടാവാരുണ്ടായിരുന്നു... എന്റെ കൂടെ പഠിച്ച ആള്‍ ആണ് പുതിയ വെളിച്ചപ്പാട്. അമ്പലത്തില്‍ പോയി പ്രാര്‍ത്ഥന ഒക്കെ കഴിഞ്ഞു അവിടെ ഉള്ള അരമതിലില്‍ ഇരിക്കും... അപ്പോള്‍ വെളിച്ചപ്പാട് ചുവപ്പ് മുണ്ട് ഒക്കെ ഉടുത്തു, അരമണി ഒക്കെ എടുത്തു അണിഞ്ഞു, കാലില്‍ ചിലമ്പ് അണിഞ്ഞ്, കയ്യില്‍ വള അണിഞ്ഞ്,  നീണ്ട ചുരുളന്‍ മുടി തോളിന്റെ മുന്‍ വശത്തേക്ക് ഇട്ടു, ഉടവാള്‍ തൊട്ടു തൊഴുതു എടുത്ത് നേരെ നടക്കലേക്ക് നടക്കും...

സിമെന്റ്റ്‌ ഇടാത്ത രണ്ടു വരി ചെങ്കല്ലിന്റെ പടിയാണ് നടക്കല് ഉള്ളത്... അതിന്റെ പുറത്തു നിന്നു, ആദ്യത്തെ പടിയില്‍ വലതു കാലു കൊണ്ട് ചവിട്ടി... രണ്ടാമത്തെ പടിയില്‍ ഇടതു കാലു കൊണ്ട് ചവിട്ടി... വലതുകാല്‍ പൊക്കി വീണ്ടും അതെ കാല്‍ ആദ്യത്തെ പടിയില്‍ വെച്ച് ഇടതുകാല്‍ തിരിച്ചെടുത്ത്‌ വീണ്ടും ഇതേ പടി ആവര്‍ത്തിക്കും... പതിയെ പതിയെ വേഗത കൂടും... പിന്നെ ഓടി കയറി ഇറങ്ങി.... ഒരു പതിനഞ്ചു മിനിറ്റ് അതുപോലെ ഓടി ഇറങ്ങും... പിന്നെ അലറി വിളിച്ചു കൊണ്ട് നടക്കലേക്ക് ഓടി വരും.. കൂടെ രണ്ടു പേരും ഓടും... തലയില്‍ വാള്  കൊണ്ട് വെട്ടുമ്പോള്‍ പിടിച്ചു വെക്കാന്‍... ശബ്ദം ഒക്കെ മാറി കണ്ണൊക്കെ ചുവന്നാണ് പിന്നെ വെളിച്ചപ്പാടിനെ കാണുക... പിന്നെ അവിടെ കൂടി നില്‍ക്കുന്ന ഓരോരുത്തരുടെ മുന്നില്‍ പോയി ഓരോന്ന് കല്‍പ്പിച്ചു കൊടുക്കും... മിക്കവാറും വയസ്സായ കാരണവന്മാരുടെ മുന്നില്‍ ചെന്നാണ് കല്പ്പിക്കാറു... അവര്‍ എല്ലാം ചെയ്യാം എന്ന് മറുപടിയും കൊടുക്കും... അവസാനം അറിയും പൂവും വിതറി വെളിച്ചപ്പെട്ടു കല്‍വിളക്ക്‌ന്റെ താഴെ തളര്‍ന്നു മുട്ട് കുത്തി നില്‍ക്കും... പലപ്പോളും അത്ഭുതപ്പെട്ടു പോയിട്ടുണ്ട്... എവിടുന്നാണ് ഇത്രയും എനര്‍ജി വരുന്നത് എന്ന് ആലോചിച്ചിട്ടു... ആരോഗ്യമുള്ള ഒരാള്‍ക് വരെ വളരെ ബുദ്ധി മുട്ടിയെ ഇത്രയും ചെയ്യാന്‍ ഒക്കൂ... അത്രയും മെലിഞ്ഞുണങ്ങിയ വെളിച്ചപ്പാടിനെ രണ്ടു ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ചേര്‍ന്ന് പിടിച്ചാലും അവര്‍ വീഴാന്‍ പോവും... അവസാനം എന്റെ മുന്നില്‍ വന്നു പ്രസാദം നീട്ടുമ്പോള്‍ ക്ഷീണിച്ചു അവശന്‍ ആയി പഴയ സഹപാഠിയുടെ ഒരു പുഞ്ചിരി ഉണ്ട്... കൂടുതല്‍ ശര്‍ക്കര ഉള്ള ഭാഗത്ത്‌ നിന്നെ എനിക്ക് വെളിച്ചപ്പാട് പ്രസാദം എടുത്തു തരൂ... തിരിച്ചു വീട്ടിലേക്കു നടന്നു വരുമ്പോള്‍ എന്റെ മനസ്സ് നിറയെ വെളിച്ചപ്പാട് ആയിരിക്കും... നാല്പ്പതിയോന്നു ദിവസവും ഞാന്‍ മുടക്കാതെ വൈകുന്നേരങ്ങളില്‍ അമ്പലത്തില്‍ പോയിരുന്നു...

അങ്ങനെ മലക്ക് പോവുന്ന ദിവസമായി...

(തുടരും)

Friday, October 15, 2010

കിഷ് യാത്ര 03

എന്റെ നേരെ നടന്നു വന്ന പാകിസ്താനി രൂക്ഷമായി നോക്കിയിട്ട് നടന്നു പോയി. എന്റെ ചങ്കിടിപ്പ് തല്‍ക്കാലത്തേക്ക് നിന്നു. പത്തു മിനിറ്റ് ആയി, അകത്തു പോയ പര്‍വീണ്‍ ഇത് വരെ പുറത്തിറങ്ങിയിട്ടില്ല... അവള്‍ കേറി പോയ വാതിലിന്റെ പുറത്തു ഞാന്‍ നിന്നു. അകത്തു നിന്നും അവളുടെ ശബ്ദം കേള്‍ക്കാം... പുറത്തുള്ള പട്ടാണികള്‍ എന്നെ നോക്കുന്നത് നിര്‍ത്തിയിട്ടില്ല. ഒരു സിഗരറ്റ് വലിച്ചാല്‍ ധൈര്യം വരും എന്ന് എനിക്ക് തോന്നി. അപ്പോള്‍ തന്നെ അടുത്ത കടയില്‍ ചെന്ന് മല്‍ബരോ ചോദിച്ചു. മല്‍ബരോ ഇല്ല പൈന്‍ മാത്രേ ഉള്ളൂ... പൈന്‍ എങ്കില്‍ അത്. അതും വാങ്ങി കവര്‍ പൊട്ടിച്ചു ഒരു സിഗരറ്റ്‌ എടുത്തു വലിച്ചപ്പോള്‍ ഒരു ധൈര്യം കിട്ടി... പാകിസ്തനികളുടെ മുഖത്ത് നോക്കി “ഒറ്റ തന്തക്ക് ഉണ്ടായാവന്‍ ആണെങ്കില്‍ മുറ്റത്തേക്ക് ഇറങ്ങെടാ” എന്ന ഭാവത്തില്‍ ഞാന്‍ പുകയൂതി... കാല്‍ മണിക്കൂര്‍ ആയി.. നന്നായി ഇരുട്ടി.. കയ്യില്‍ ആണെങ്കില്‍ ഒരു മൊബൈല്‍ മാത്രമേ ഉള്ളൂ, അതിന്റെ വെളിച്ചത്തില്‍ വേണം മെയിന്‍ റോഡ്‌ എത്താന്‍, കൂടെ ഒരു പെണ്ണും. എനിക്കെല്ലാം കൂടെ വട്ടു പിടിക്കുന്ന അവസ്ഥ ആയി. പിന്നെയും അഞ്ചു മിനിറ്റ് കൂടെ എടുത്തു പര്‍വീണ്‍ പുറത്തിറങ്ങാന്‍. അവള്‍ പുറത്തിറങ്ങിയ ഉടന്‍ രണ്ടു മൂന്നു പട്ടാണികള്‍ അവളുടെ അടുത്തേക്ക്‌ ചെന്നു. അവര്‍ സംസാരവും തുടങ്ങി.  ഇത് കാണലും പോയ ചങ്കിടിപ്പ് ബസ്‌ പിടിച്ചു തിരിച്ചെത്തി. എന്ത് ചെയ്യണം എന്ന് ഒന്ന് ആലോചിച്ചു... എന്നെ വിശ്വാസം ഉള്ളത് കൊണ്ട് കൂടെ വന്ന ഒരു പെണ്‍കുട്ടി ആണ്.. അതെ സമയം വീട്ടില്‍ ഇരിക്കുന്ന അച്ഛനെയും അമ്മയെയും ഞാന്‍ ഒന്ന് ഓര്‍ത്തു.. ആഫ്റ്റര്‍ഓള്‍ പെണ്ണ് കേസില്‍ തല്ലു വാങ്ങി എന്ന് മാത്രമേ നാട്ടില്‍ എത്തൂ.. അതുറപ്പ്... രണ്ടും കല്‍പ്പിച്ചു ഞാന്‍ പര്‍വീണ്‍ന്‍റെ അടുത്തേക്ക് നടന്ന് ചെന്നു. ഞാന്‍ അടുതെതലും അവള്‍ പട്ടാണികളുടെ വലയത്തില്‍ നിന്നും പുറത്തു ചാടി... എന്നോട് പോവാം എന്ന അര്‍ത്ഥത്തില്‍ തല ആട്ടി...

തിരിച്ചു നടക്കുമ്പോള്‍ അവര്‍ എന്താണ് ചോദിച്ചത് എന്ന് ഞാന്‍ അവളോട്‌ ചോദിച്ചു.. ഇവിടെ വേറെ ഒരു ഹോട്ടല്‍ ഉണ്ട് അവിടെ പെണ്ണുങ്ങള്‍ മാത്രമേ ഉള്ളൂ, അവരുടെ കൂടെ വന്നാല്‍ അവിടെ കൊണ്ട് ചെന്നാക്കാം... കിഷില്‍ ആകപ്പാടെ രണ്ടു ഹോട്ടല്‍ മാത്രമേ ഉള്ളൂ എന്നും അതില്‍ ഒന്നില്‍ ആണ് ഞങ്ങള്‍  താമസിക്കുന്നത് എന്നും അവള്‍ക്കറിയാം ഇതിനു മുന്നേ കിഷില്‍ വന്നപ്പോള്‍ മറ്റേ ഹോട്ടലില്‍ ആണ് അവള്‍ താമസിച്ചതും... അവള്‍ ഇതൊക്കെ പറയുമ്പോളും എന്റെ ചിന്ത പോയത് മറ്റൊരു വഴിക്കാണ്... അപ്പോള്‍ നല്ല ഉദ്ദേശത്തില്‍ അല്ല അവര്‍... ഹോട്ടല്‍ എത്തുന്നത്‌ വരെ പേടിക്കണം... ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കി കൊണ്ട് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ രണ്ടു പേരും കൂടെ നടന്നു.

പോവുമ്പോള്‍ ഉള്ള ഹിന്ദി ഡയലോഗ് ഒന്നും വരുമ്പോള്‍ കണ്ടില്ല. മാത്രമല്ല, എന്നെക്കാള്‍ കൂടുതല്‍ തിരിഞ്ഞു നോക്കി കൊണ്ട് നടന്നതും അവള്‍ ആയിരുന്നു. കുറച്ചു ദൂരം കൂടെ പോയാല്‍ മെയിന്‍ റോഡ്‌ എത്തും. ഒന്നുമില്ലെന്കിലും സ്ട്രീറ്റ്‌ ലൈറ്റ് ഉണ്ടാവും. പക്ഷെ നടന്നിട്ടും നടന്നിട്ടും മെയിന്‍ റോഡ്‌ കാണുന്നില്ല. പെട്ടന്ന് സൈഡില്‍ നിന്നും എന്തോ ഒരു ജീവിയുടെ ശബ്ദം.. ഉടനെ അവള്‍ എന്റെ കയ്യില്‍ കയറി പിടിച്ചു. അതെ, അവളുടെ കയ്യ് വിറയ്ക്കുന്നുണ്ടായിരുന്നു... നേരത്തെ പാകിസ്ഥാനിയെ കണ്ടപ്പോള്‍ എനിക്കുണ്ടായ അതേ വിറ...  എന്ത് തേങ്ങ കണ്ടിട്ട് ആണാവോ ഇവള്‍ എന്നെ ഇത്ര കണ്ടു വിശ്വസിച്ചിരിക്കുന്നത്? എന്റെ ഉള്ളിലെ ചെകുത്താന്‍ തല പൊക്കുന്നുണ്ടോ? പാടില്ല... ചെകുത്താനെ ഞാന്‍ കടിഞ്ഞാണിട്ടു നിര്‍ത്തി. വിശ്വാസം ഒന്ന് കൂടെ ഊട്ടി ഉറപ്പിചാലോ? അല്പ്പ നേരം വെയിറ്റ് ചെയ്തു അവന്മാര്‍ വരുകയാണെങ്കില്‍ ഇവളുടെ മുന്നില്‍ വെച്ച് രണ്ടു മൂന്നു പേരുമായി ഒരു സ്ടണ്ട് ഒക്കെ നടത്തി... കൊള്ളാം നല്ല ഐഡിയ... അടിയുടെ പെരുന്നാള്‍ ആവും മോനെ കുട്ടാ... പെറ്റ അമ്മ തിരിച്ചറിയൂല... ചെലപ്പോ മൂക്കില് പഞ്ഞി കേറാനും ചാന്‍സ് ഉണ്ട്... ചെകുത്താന്‍ വീണ്ടും വാദപ്രതിവാദത്തിനു വന്നപ്പോളെക്കും ഞങ്ങള്‍ മെയിന്‍ റോഡില്‍ എത്തി. പിന്നെ നീട്ടി വലിച്ചൊരു നടത്തം ആയിരുന്നു... ദൂരെ ഹോട്ടലിന്റെ ബോര്‍ഡ്‌ കാണാന്‍ തുടങ്ങി അപ്പോള്‍ നടത്തത്തിന്റെ സ്പീഡ്‌ കുറച്ചു... അവള്‍ കയ്യിലെ പിടിത്തവും വിട്ടു... നമ്മള്‍ പേടിച്ചിട്ടു ഒന്നിന്‍റെ വക്കത്താണ് എന്ന് മറ്റുള്ളവര്‍ മനസ്സിലാക്കാന്‍ പാടില്ലല്ലോ...

ഹോട്ടലിന്റെ ഗേറ്റില്‍ എത്തലും “താങ്ക്സ് സൂരജ്‌” എന്നും പറഞ്ഞു തലയിലെ തട്ടം നേരെ ഇട്ടു അവള്‍ സ്പീഡില്‍ അകത്തേക്ക് കേറി പോയി... പിടിച്ചതിലും വലുത് മാളത്തില്‍ എന്ന് പറഞ്ഞപോലെ  അവിടെ ഉള്ള മച്ചാന്മാര്‍ ഒക്കെ എന്നെ നോക്കാന്‍ തുടങ്ങി... ഇല്ല ഇവിടെ ഞാന്‍ പേടിക്കില്ല, ജയനെ പോലെ നെഞ്ചും വിരിച്ചു ഞാന്‍ വീണ്ടും പൈന്‍ പാക്കറ്റ് തുറന്ന് ഒരു സിഗരെറ്റ്‌ എടുത്തു കത്തിച്ചു... എന്നെ നോക്കിക്കൊണ്ട് നിക്കുന്ന മല്ലൂസിന്റെ മുഖത്ത് നോക്കി, “കണ്ടോടാ... ആണ്‍കുട്ടിയെ കണ്ടോടാ?” എന്നാ ഭാവത്തോടെ ഞാന്‍ വീണ്ടും പുകയൂതി... കുറച്ചു നേരം കൂടെ മുറ്റത്ത്‌ ചുറ്റിതിരിഞ്ഞിട്ടു  ഞാന്‍ റൂമില്‍ പോയി. കുളിച്ചു ഫ്രഷ്‌ ആയിട്ട് ഫുഡ്‌ കഴിക്കാന്‍ കാന്റീനില്‍ എത്തി. അവിടെ മൊത്തം ഞാന്‍ പര്‍വീണ്‍നെ തിരഞ്ഞു. കണ്ടില്ല... പേടിച്ചു ഉറങ്ങി പോയി കാണും... പുറത്തിറങ്ങി അരുണിനെയും ജോസിനെയും അന്വേഷിച്ചു... രണ്ടും കൂടെ ഇരുന്നു ശീഷ വലിക്കുന്നു.. അവരുടെ കൂടെ കൂടി... ഉണ്ടായ കാര്യം മൊത്തം പറഞ്ഞു കേള്‍പ്പിച്ചു... അകത്തേക്ക് എടുത്ത പുക പുറത്തു വിടാന്‍ പറ്റാതെ ഇരിക്കുന്നു ജോസ്... കഥ കഴിയലും അരുണ്‍ ഉപദേശം തുടങ്ങി.

“അണ്ണന്‍ റിസപ്ഷനില്‍ പോയി വിസ വന്നിട്ടുണ്ടോ എന്ന് നോക്കിയോ? ഇന്ന് കുറെ എണ്ണം വന്നിട്ടുണ്ട്... വൈകുന്നേരവും. ഇങ്ങനെ കറങ്ങി നടന്നോ കേട്ടോ തല്ലുകൊള്ളിതരവും ആയിട്ട്”

അപ്പോളാണ് ഞാന്‍ ഇവിടെ വന്നത് വിസ മാറാന്‍ ആണല്ലോ എന്ന ബോധം എനിക്കുണ്ടായത്... ഞാന്‍ എണീറ്റു...

“പിന്നെ, പറ്റിയാല്‍ ഓഫീസിലേക്ക് ഒന്ന് ഫോണ്‍ ചെയ്തു നോക്ക്, വിസ അയച്ചിട്ടുണ്ടോ എന്ന്, ചെലപ്പോ ഇവന്മാര്‍ വിസ തരില്ല, ആരും ഇല്ലാത്തപ്പോള്‍ വരുന്ന വിസ ഇവന്മാര്‍ ഒളിപ്പിച്ചു വെക്കും... രണ്ടു ദിവസം കഴിഞ്ഞുള്ള ഓരോ ദിവസത്തിനും റൂമിനും ഫുഡ്‌നും  അവര്‍ക്ക്‌ എക്സ്ട്രാ ചാര്‍ജ് ചെയ്യാമല്ലോ... ഓഫീസില്‍ വിളിച്ചു വിസ കിട്ടിയിട്ടുണ്ടെങ്കില്‍ ഫാക്സ് ചെയ്യാന്‍ പറ.. എന്നിട്ട് റിസപ്ഷനില്‍ പോയി വിസ കയ്യോടെ വാങ്ങ്”

ഒരു മന്ദബുദ്ധിയെ പോലെ ഞാന്‍ തലയാട്ടി... ഇങ്ങനെ ഒക്കെ ഉണ്ടല്ലേ ഇവിടെ? ഇതൊന്നും അറിയാതെ ആണ് കണ്ട പെണ്ണുങ്ങള്‍ക്കും വേണ്ടി തല്ലുകൊള്ളിതരത്തിന് ഇറങ്ങിയത്...

നേരെ റിസപ്ഷനില്‍ പോയി വിസ ഇട്ടു വെച്ച ട്രേ അരിച്ചു പെറുക്കി... ഇല്ല.. റിസപ്ഷനിലെ മേശയുടെ താഴെ കുറെ പേപ്പര്‍ കിടക്കുന്നു, ഇനി അതിലെങ്ങാനും എന്റെ വിസ ഉണ്ടാവുമോ എന്തോ? ആറു മണി ആയാല്‍ ഇവന്മാര്‍ ഒക്കെ കെട്ടും പൂട്ടി പോവും... നാളെ രാവിലെ ഓഫീസില്‍ വിളിച്ചു നോക്കാം... തിരിച്ചു കാന്റീനിലെക്ക് പോയി.. ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല... തിരിച്ചു ശീഷ പാര്‍ലര്‍ല്‍  എത്തിയപ്പോള്‍ അരുണും ജോസും ഇരുന്നിടം കാലി... അവിടെ തന്നെ ഇരുന്നു ഒരു ശീഷ ഓര്‍ഡര്‍ ചെയ്തു... എത്ര നേരം ഇരുന്നു എന്ന് ഓര്മ ഇല്ല... ക്ലോസ് ചെയ്യാന്‍ പോവുന്നു എന്ന് ഒരു പയ്യന്‍ വന്നു പറഞ്ഞു... സമയം പന്ത്രണ്ടര!!! പൈസയും കൊടുത്തു പുറത്തിറങ്ങി. റൂമില്‍ പോയി കിടന്നുറങ്ങി...

എണീക്കുമ്പോള്‍ പതിനൊന്നു മണി!!! ഒമ്പതര മണിക്കൂര്‍ കിടന്നു ഉറങ്ങാനോ? വേഗം എഴുന്നേറ്റു “ഉച്ചകര്‍മങ്ങള്‍” ഒക്കെ തീര്‍ത്തു... വിശന്നിട്ടു വയ്യ... നേരെ കാന്റീന്‍ ലക്ഷ്യമാക്കി നടന്നു... കാന്റീന്‍ ക്ലോസ്‌ഡ്‌... ഒരു മണിക്കൂര്‍ കൂടെ ഉണ്ട് തുറക്കാന്‍.. പുറത്തിറങ്ങി അരുണും ജോസും സ്ഥിരം സ്ഥലത്ത് തന്നെ ഇരിപ്പുണ്ട്...

“അണ്ണന്റെ കൊച്ചു പോയി കേട്ടോ”

“ആര്?”

“ഒ! അറിയാത്ത പോലെ, ആ പാകിസ്താനി കൊച്ചു... ഇന്നലെ വിസ വന്നു കാണണം... ഇന്ന് രാവിലത്തെ ഫ്ലൈറ്റിനു പോയി.”

എന്റെ മുഖം അണ്ടി പോയ അണ്ണാനെ പോലെ എങ്ങാനും ആയോ? ഞാന്‍ അറിയാതെ? അതെ ആയി!!! അരുണ്‍ അപ്പൊ തന്നെ പറഞ്ഞു...

“സാരമില്ല അളിയാ, മൊബൈല്‍ നമ്പര്‍ കൊടുതിട്ടില്ലേ? വിളിക്കും”

“ഇല്ല, ഞാന്‍ കൊടുത്തിട്ടില്ല”

“എന്നാ പിന്നെ ഗോവിന്ദ!!! വിട്ടേക്ക്”

“ഞാന്‍ ഇപ്പൊ വരാം, ഓഫീസിലേക്ക് ഒന്ന് ഫോണ്‍ ചെയ്യട്ടെ...”

അവരുടെ മറുപടി കേള്‍ക്കാന്‍ നിക്കാതെ തലേന്ന് പര്‍വീണ്‍ന്റെ കൂടെ പോയ അതെ ബൂത്തിലേക്ക് ഞാന്‍ ഒറ്റയ്ക്ക് നടന്നു... എനിക്ക് ചെറുതായി വിഷമം വരുന്നുണ്ടോ? ഞാന്‍ മുകളിലേക്ക് നോക്കി... ചുട്ടു പൊള്ളുന്ന ചൂട്...

അതെ, എനിക്ക് ചെറുതായി സങ്കടം വരുന്നുണ്ട്...

(തുടരും)