Friday, June 18, 2010

നീ കൂറയാടാ... കൂറ...

ചെറുപ്പത്തില്‍ പൌഡര്‍ ഭയങ്കര ഇഷ്ടമായിരുന്നു എനിക്ക്, ക്യുട്ടികുറ ഒഴികെ, പരസ്യത്തില്‍ പറയുന്നത് പോലെ എന്‍റെ ചേച്ചി പറയും, 

"ക്യുട്ടി...കുറ...സുന്ദരി... ഞാന്‍ ക്യുട്ടി, നീ കൂറ, ഇവള്‍ സുന്ദരി... നീ കൂറയാടാ... കൂറ..."

എന്നിട്ട് ചേച്ചിയും അനിയത്തിയും കൂടെ ചിരിക്കും... കാരണം ഉണ്ട്,  ഞാന്‍ നടുക്കഷ്ണം ആണ്.... ആ പേരിലെ കൂറയും നടുക്കഷ്ണം ആണ്...  ഈ ഒരൊറ്റ കാരണം കൊണ്ട് ഞാനും ക്യുട്ടികുറയും തമ്മില്‍ കണ്ടാല്‍ കടിച്ചു കീറുന്ന സ്നേഹം ആയിരുന്നു... 

അപ്പൊ പറഞ്ഞു വന്നത്, പൌഡര്‍ ഭയങ്കര ഇഷ്ടമായിരുന്നു എനിക്ക്,  മുഖത്തിടാന്‍ അല്ല, തിന്നാന്‍!!! എത്ര അടി കിട്ടിയാലും ദിവസത്തില്‍ ഒരിക്കലെങ്കിലും പൌഡര്‍ തിന്നാതെ ഇരുന്നിട്ടില്ല ഞാന്‍... അടി എന്നൊക്കെ പറഞ്ഞാ അമ്മയുടെത് ഒരു പ്രത്യേക സ്റ്റൈല്‍ ആണ്... ഇമ്മാതിരി കുരുത്തക്കേടൊക്കെ കണ്ടാ ഒരു പ്രത്യേക രീതിയില്‍ കൈപ്പത്തി ചുരുട്ടി തലക്കിട്ടൊരു കിഴുക്കാണ്... ഈരേഴു പതിനാലു ലോകം ടൂര്‍ പോയി വന്നു പോവും!!! ജഗതിക്ക് തലക്ക് അടി കുടുങ്ങിയ പോലെ പലതവണ കാലു പിണച് നിന്നു പോയിട്ടുണ്ട് ഞാന്‍... അതെങ്ങനെ ആണ് ആ കൈ മടക്കുന്നത് എന്ന് ഞാന്‍ പലപ്പോളും ചിന്തിച്ചിട്ടുണ്ട്, ഇന്നൊക്കെ മുത്തയ്യാ മുരളീധരന്റെ ബൌളിംഗ് ആക്ഷനില്‍ ആ വിരല്‍ എങ്ങനെയാ ബൌളില്‍ ഉള്ളത് എന്ന് ക്യാമറ ഒപ്പി എടുക്കുന്നത് പോലെ വല്ലതും അന്ന് കണ്ടു പിടിക്കനമായിരുന്നു...

അങ്ങനെ ഒരിക്കല്‍ അമ്മവീട് സന്ദര്‍ശിക്കാന്‍ ഞാനും അമ്മയും കൂടെ പോയി... അവിടെ പോയി കയറലും ഞാന്‍ സന്തോഷ പുളകിതനായി... പോണ്ട്സിന്റെ വലിയ ഒരു കുറ്റി!!! അമ്മ പതിവ് ജോലികളിലും അമ്മമ്മ അലക്കലും തുടക്കലും ആയി ബിസി ആയി... ഞാന്‍ പതുക്കെ പോണ്ട്സിന്റെ കുറ്റിയുമായി ബെട്രൂമിലെക്ക് നടന്നു... ഒരു കൊച്ചു കുഞ്ഞിനെ എടുക്കുന്ന പോലെ ആണ് പൌഡര്‍ ഞാന്‍ പിടിച്ചിരിക്കുന്നത്... എവിടുന്നു തിന്നും? ഞാന്‍ ചുറ്റും നോക്കി, രണ്ടു ഷെല്‍ഫ് ഉണ്ട് അതിന്നിടക്ക്‌ എനിക്ക് നില്‍ക്കാം. ഏതെങ്കിലും ഷെല്‍ഫിന്റെ ഡോര്‍ മുഴുവനായി തുറന്നാല്‍ പിന്നെ എന്നെ കാണില്ല... അങ്ങനെ അവിടെ ഇരുന്നു ഞാന്‍ പൌഡര്‍ തിന്നാന്‍ തുടങ്ങി...

ബോധം വന്നത് അമ്മ എന്നെ വിളിക്കുന്നത് കേട്ടപ്പോളാണ്... രണ്ടു നിമിഷത്തെ നിശബ്ദത, പിന്നെ അമ്മമ്മയുടെ വിളിയും അമ്മയുടെ കരച്ചിലും കേട്ടു... പിന്നെ രണ്ടു പേരുടെ കരച്ചിലും കേട്ടു... അവര്‍ രണ്ടു പേരും വീട് മുഴുവന്‍ എന്നെ തിരയുന്നു... ഒരിക്കല്‍ അമ്മ ബെട്രൂമില്‍ കയറി എന്നെ വിളിച്ചു, വിളി കേള്‍ക്കണം എന്നുണ്ട്, വായ  നിറയെ പൌഡര്‍ വെച്ചു സംസാരിക്കാന്‍ ഞാന്‍ അന്ന് പഠിച്ചിട്ടില്ലായിരുന്നു, പിന്നെ, ഇനിയും ഒരിക്കല്‍ കൂടെ അമ്മയുടെ കൈ മുത്തയ്യാ മുരളീധരന്റെ കൈ പോലെ മുകളിലേക്ക് ഉയര്‍ന്നു താഴുന്നതും എനിക്കാലോചികാന്‍ വയ്യ... ഞാന്‍ അവിടെ മിണ്ടാതെ ഇരുന്നു...

കുറച്ചു മുന്നേ ഒരു ഭിക്ഷക്കാരന്‍ വന്നിരുന്നു അവിടെ, അമ്മമ്മയും അമ്മയും വിചാരിച്ചത് അങ്ങേരു എന്നേം കൊണ്ട് സ്കൂട്ട് ആയി എന്നാണു... അവര് കരഞ്ഞതില്‍ ഞാന്‍ ഒരു കുറ്റവും കാണുന്നില്ല!!!

അവസാനം അവസാന ശ്രമം എന്ന നിലയില്‍ ഞാന്‍ പതുക്കെ ഡോര്‍ തുറന്നു പുറത്തിറങ്ങി... എന്‍റെ കഷ്ടകാലത്തിനു അമ്മ കാണുകയും ചെയ്തു... ഞാന്‍ വിചാരിച്ചു  സ്നേഹത്തോടെ  അമ്മ സ്ലോമോഷനില്‍ ഓടി വന്നു  എന്നെ എടുതുയര്‍ത്തും എന്ന്... തൂക്കി കൊല്ലുന്നതിനു മുന്നേ വരെ അവസാനത്തെ ആഗ്രഹം എന്താ എന്ന് ചോദിക്കും, ഇവിടെ അതു പോലും ഉണ്ടായില്ല... അറ്റ്‌ലീസ്റ്റ്, ഒന്ന് പ്രാര്‍ഥിക്കാന്‍ ഉള്ള സമയം... സത്യം പറയട്ടെ കൂട്ടുകാരെ,

എന്‍റെ "കല്യാണമായിരുന്നു" അന്ന് !!!

2 comments:

  1. nee eppozhum koora thanneyada verum kooooooooora

    ReplyDelete
  2. ആരും വിഷമിക്കരുത്.... എനിക്കൊന്നും പറ്റിയിട്ടില്ല ! ഇത് ഞാന്‍ ചോദിച്ചു വാങ്ങിയതാ ...

    ReplyDelete