Thursday, November 4, 2010

ശബരിമല 02

അതിരാവിലെ തന്നെ കുളിച്ചു ഒരുങ്ങി ഞാന്‍ അമ്പലത്തില്‍ പോയി... ഉച്ചക്ക ശേഷം ആണ് ശബരിമലക്കുള്ള ജീപ് വരാം എന്ന് ഏറ്റത്. രാവിലെ മുതലേ അമ്പലത്തില്‍ ചടങ്ങുകള്‍ തുടങ്ങി വീട്ടില്‍ നിന്നും ഇറങ്ങി കഴിഞ്ഞാല്‍ പിന്നെ തിരിച്ചു കയറാന്‍ പാടില്ല... രാവിലെ ഉള്ള ഭക്ഷണവും ഉച്ചക്കുള്ള ഊണും ഒക്കെ അമ്പലത്തില്‍ തന്നെ ആണ്. മൂന്നു ജീപ് ആണ് മലക്ക് പോവുന്നത് ആകെ പതിനഞ്ചു പേര്‍ പിന്നെ മൂന്നു ഡ്രൈവര്‍മാരും. അതില്‍ രണ്ടു പേര്‍ സ്വാമികളും. പതിനേഴു പേരുടെ കെട്ടു നിറ ഉള്ളത് കൊണ്ട് ചടങ്ങുകള്‍ ഒക്കെ രാവിലെ തന്നെ തുടങ്ങിയിരുന്നു എന്റെ ഊഴം എത്തി. ശ്രീകോവിലിന്‍റെ നേരെ ഇരുന്നു ഇരുമുടിക്കെട്ടില്‍ ഗുരുസ്വാമി എടുത്തു തന്ന ചന്ദനവും ഭസ്മവും ചന്ദനത്തിരിയും എള്ളും ശര്‍ക്കരയും പൊരിയും അവിലും തുടങ്ങി എല്ലാ സാധനങ്ങളും നിറച്ചു. ഒടുവില്‍ കണ്ണ് കുഴിച്ച തെങ്ങക്കുള്ളില്‍ ഉരുക്കിയ നെയ്‌ നിറച്ചു കോര്‍ക്ക്‌ ഇട്ടു അടച്ചു ഒരു മാവുകൊണ്ടു ഒട്ടിച്ചു ഇരുമുടിയില്‍ വെച്ചുകെട്ടി... അപ്പോളേക്കും എന്റെ ഇരുമുടിക്കെട്ട് നല്ല വലിപ്പം വെച്ചിരുന്നു... അതിന്റെ ഭാരം എനിക്ക് ഊഹിക്കാം... പിന്നെ ഓരോ സ്ത്രീജനങ്ങള്‍ വന്നിരുന്നു അവര്‍ക്ക്‌ നേര്‍ന്ന നെയ്‌ നിറച്ച തേങ്ങയും എന്റെ ഇരുമുടിയില്‍ വെച്ചു. അതോടെ അത്യാവശ്യം നല്ല വലിപ്പം ഉള്ള ഒരു കെട്ടായി മാറി... ശബരിമലക്ക് പോവാന്‍ പറ്റാത്തവര്‍ മറ്റുള്ളവരുടെ കയ്യില്‍ നെയ്ത്തേങ്ങ കൊടുതയച്ചാല്‍ മതി... അവര്‍ പോവുന്നതിനു തുല്യമാണ് അത്... പക്ഷെ എന്റെ ചുറ്റിലും  കൂടി നിന്ന ചേച്ചിമാര്‍ ഇങ്ങനെ കൈ അയച്ചു സഹായിക്കും എന്ന് ഞാന്‍ വിചാരിച്ചില്ല. എല്ലാവരുടെയും കെട്ടു നിറ കഴിഞ്ഞപ്പോലെക്ക്കും മൂന്നു മണി കഴിഞ്ഞു... ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞതോടെ ഗുരുസ്വാമി എല്ലാവരുടെയും തലയില്‍ ഇരുമുടികെട്ടു എടുത്തു വെച്ച് തന്നു... വരിയായി അമ്പലം പ്രദക്ഷിണം വെച്ച് തെങ്ങ നടക്കല്‍ എറിഞ്ഞുടച്ചു പോവണ്ട വാഹനത്തിന്റെ അടുത്തേക്ക്‌ നടന്നു... ചെരിപ്പിടാതെ ചെങ്കല്ലിന്റെ മുകളിലൂടെ വേഗത്തില്‍ നടക്കുമ്പോള്‍ ഉള്ള ബുദ്ധിമുട്ട് അപ്പോളാണ് അറിഞ്ഞത്... അതും നല്ല കൂര്‍ത്ത ചെങ്കല്ലുകള്‍... കൂടാതെ ഇരുമുടിക്കെട്ടിന്റെ ഭാരവും.. ഇതും കൊണ്ട് ശബരിമല കയറാന്‍ എനിക്ക് പറ്റുമോ എന്നൊരു സംശയം അതോടെ തുടങ്ങുകയും ചെയ്തു... വാഹനത്തിന്റെ അടുതെതിയപ്പോലെക്കും  എല്ലാവരുടെയും ഇരുമുടിക്കെട്ട് ഗുരുസ്വാമി തന്നെ വാങ്ങി ജീപ്പിന്റെ മുകളില് ഉള്ള ആള്‍ക്ക് കൊടുത്തു... അയാള്‍ എല്ലാം ഭദ്രമായി വെച്ച് കെട്ടി... പിന്നെ വാഹന പൂജ കഴിഞ്ഞു എല്ലാവരും വണ്ടിയില്‍ കയറി... ഞാന്‍ അമ്മയെ ഒന്ന് നോക്കി ഞാന്‍ വല്ല യുദ്ധതിനെങ്ങാനും പോവുന്ന പോലെ ആണ് അമ്മയുടെ മുഖം... ഞാന്‍ വേഗം മുഖം തിരിച്ചു... ഞങ്ങള്‍  യാത്ര തുടങ്ങി...

ശരണം വിളിയോടെ യാത്ര തുടങ്ങി... ആദ്യത്തെ അമ്പലം ഗുരുവായൂര്‍... മഹാവിഷ്ണു കുടി കൊള്ളുന്ന വൈകുണ്ണ്ഠത്തിലെ ശ്രീകൃഷ്ണശില  ബൃഹസ്പതിയും വായു ഭഗവാനും ചേര്‍ന്ന് സ്ഥാപിച്ച സ്ഥലമാണ് ഗുരുവായൂര്‍ എന്ന് കരുതപ്പെടുന്നതായാണ് ഐതീഹ്യം... സ്വാമിമാരുടെ തിരക്ക് കാരണം അവിടെ അധിക സമയം നില്‍ക്കാന്‍ കഴിഞ്ഞില്ല... പുറമേ നിന്നും തൊഴുതു നേരെ അടുത്തുള്ള മമ്മിയൂര്‍ ക്ഷേത്രത്തിലേക്ക്‌ പോയി ശിവ പാര്‍വതി ആണ് അവിടുത്തെ പ്രതിഷ്ട. ഗുരുവായൂര്‍ അമ്പലം സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും മമ്മിയൂര്‍ കൂടെ പോയി തൊഴണം എന്നാണു പറയാറ്. അത് ചെയ്യാന്‍ പറ്റാത്തവര്‍ക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ ഒരു സ്ഥലത്ത് നിന്ന് മമ്മിയൂര്‍ അമ്പലത്തിന്റെ ദിശയിലേക്ക് തിരിഞ്ഞു നിന്ന് തൊഴാം എന്നും പറയുന്നു...

അവിടെ നിന്നും നേരെ തൃപ്രയാര്‍ ശ്രീ രാമസ്വാമി ക്ഷേത്രം. ശ്രീരാമന്റെ അമ്പലം വളരെ കുറവാണ് കേരളത്തില്‍... അതില്‍ ഒന്നാണ് ഇത്. പണ്ട് നാടുവാഴി ഭരണകാലത്ത് പ്രതിഷ്ട്ടിച്ചതാണ് ഈ വിഗ്രഹം... അന്നത്തെ ഒരു മീന്‍പിടിത്തക്കാരന്റെ വലയില്‍ കുടുങ്ങിയതാണ് ഈ വിഗ്രഹം എന്നും പറയപ്പെടുന്നു... ഇവിടെ ഒരു വലിയ കുളം ഉണ്ട്... അതില്‍ നിറയെ വലിയ മീനുകളും... മീനൂട്ട് ആണ് ഇവിടത്തെ പ്രധാന വഴിവാട്... മീനുകള്‍ക്ക് വയര് നിറയെ ഭക്ഷണം കൊടുക്കുക... ആ മീനുകളെ കണ്ടു മോഹിക്കാന്‍ പാടില്ല എന്നും പറയും... ആത്മാക്കളുടെ പ്രതീകങ്ങള്‍ ആണ് എന്നും പറയുന്നവര്‍ ഉണ്ട്... കുളത്തിലേക്ക്‌ ഇറങ്ങാന്‍ അനുവാദം ഇല്ല ആര്‍ക്കും, അമ്പലം മേല്‍ശാന്തിക്കു ഒഴികെ... ഈ അമ്പലത്തിലെ മറ്റൊരു പ്രധാന വഴിവാടാണ് വെടി വഴിവാട്... വളരെ പ്രസിദ്ധം ആണ്.. സാധാരണ വെടി ഒന്നും അല്ല... വല്ല ബോംബ്‌ പൊട്ടുന്ന പോലെ ആണ് ഓരോന്നും.. സത്യം പറയാമല്ലോ എനിക്കവിടെ എത്തിയതിനു ശേഷം ഞെട്ടി തുള്ളാന്‍ മാത്രമേ സമയം ഉണ്ടായുള്ളു...

തൃപ്രയാര്‍ നിന്നും അടുത്ത അമ്പലം ചോറ്റാനിക്കര... സരസ്വതി... മഹാലക്ഷ്മി... ദുര്ഗ... ഈ മൂന്നു ദേവികളെ ആണ് ഇവിടെ ആരാധിക്കുന്നത്... ഇവിടെ മുകളിലും താഴെയും ആയി രണ്ടു അമ്പലം ഉണ്ട്... മുകളില്‍ ഉള്ള അമ്പലത്തിലാണ് നമ്മള്‍ കയറി വരുക... രാജ രാജേശ്വരി ക്ഷേത്രം എന്നാണു ഇത് അറിയപ്പെടുന്നത് താഴെ ഉള്ള കാവാണ്  ആണ് കീഴെക്കാവ്... ഭദ്രകാളി ആണ് ഇവിടത്തെ പ്രതിഷ്ഠ. രാവിലെ സരസ്വതിയെയും ഉച്ചക്ക് ഭദ്രകാളിയും രാത്രി ദുര്‍ഗയെയും ആണ് ഇവിടെ ആരധിക്കാര് ഇവിടത്തെ പ്രതിഷ്ഠ അമ്പലത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയ അവസ്ഥയില്‍ അല്ല... മണലില്‍ വെറുതെ വെച്ചിരിക്കുകയാണ്. അതിന്റെ അടുത്ത് തന്നെ വിഷ്ണുവിന്റെ ഒരു പ്രതിഷ്ഠയും ഉണ്ട് അത് കൊണ്ട് ഇവിടെ പ്രാര്‍ഥിക്കുന്നത് രണ്ടു പേരെയും കൂടെ ചേര്‍ത്ത് വിളിച്ചാണ്... “അമ്മെ നാരായണ”. താഴെ ഉള്ള കാവിലാണ്  മാനസികമായി അസുഖം ഉള്ളവരെ കൊണ്ട് വരുന്നത്... അവിടെ വലിയൊരു മരം ഉണ്ട്.. നിറയെ ആണികളും തറച്ചു വെച്ച നിലയില്‍... അവിടെ നിന്നപ്പോള്‍ എനിക്ക് ചെറുതായ രീതിയില്‍ പേടി വരാന്‍ തുടങ്ങി... നിറയെ കടും നിറത്തില്‍  ഉള്ള തുണികളും മറ്റും... പകലും ഇരുട്ട്... അവിടത്തെ ചന്ദനത്തിനു പകരം വിശ്വാസികള്‍ക്ക്  കൊടുക്കുന്നത് മഞ്ഞള്‍ ആണ്... അതിന്റെ ഒക്കെ പിറകില്‍ ഒരുപാട് കഥകള്‍ ഉണ്ട്... ഏറ്റവും പഴക്കം ചെന്ന അമ്പലങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര... അത് കൊണ്ട് തന്നെ അമ്പലം ഉണ്ടായതിനെ കുറിച്ച് ഒരുപാട് കഥകള്‍ ഉണ്ട്...

അവിടുന്നു നേരെ വൈക്കം ശിവക്ഷേത്രം... കേരളത്തിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രം.... ഏറ്റവും വലിയ ക്ഷേത്രവും! പിന്നീട് ഏറ്റുമാനൂര്‍ ശിവക്ഷേത്രം... അത് കഴിഞ്ഞു കടുത്തുരുത്തി ശിവക്ഷേത്രം... ഖരാസുരന്‍ എന്നാ ഒരു അസുരന്‍ ശിവനെ തപസ്സു ചെയ്തു ലഭിച്ച മൂന്നു ശിവലിംഗങ്ങള്‍ ആണ് ഈ മൂന്നു അമ്പലത്തില്‍ ഉള്ളത് എന്ന് പറയപ്പെടുന്നു... ഒരു വിഗ്രഹം വലതു കയ്യിലും ഒന്ന് ഇടതു കയ്യിലും മൂന്നാമത്തേത് കഴുത്തിലും അമര്‍ത്തി വരുമ്പോള്‍ ഒരു സ്ഥലത്ത് ക്ഷീണിച്ചു ഇരുന്നു ഒരു കയ്യിലെ വിഗ്രഹം താഴെ വെച്ച്, പിന്നീട് എടുക്കാന്‍ പറ്റാതെ വരുകയും... അത് അവിടെ തന്നെ ഉപേക്ഷിച്ചു പോവുകയും ചെയ്തതായാണ് കഥ... ആ സ്ഥലമാണ് വൈക്കം... പിന്നീട് ഉള്ള രണ്ടു വിഗ്രഹങ്ങള്‍ ഏറ്റുമാനൂര്‍, കടുത്തുരുത്തി എന്നാ സ്ഥലങ്ങളിലും പ്രതിഷ്ഠിച്ചു എന്നാണ് പറയപ്പെടുന്നത്‌... ഉച്ചപൂജക്ക് മുമ്പായി ഈ മൂന്നു അമ്പലങ്ങളില്‍ തൊഴാന്‍ പറ്റിയാല്‍ പുണ്യം കിട്ടും എന്ന് പറയപ്പെടുന്നു...

അടുത്ത അമ്പലം കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രം... പരശുരാമന്‍ വിശ്വാസികളെ വസൂരിയില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി ലോകാംബിക ദേവിയുടെ വിഗ്രഹം ഇവിടെ  പ്രതിഷ്ഠിച്ചത് എന്നാണു പറയപ്പെടുന്നത്‌. ബ്രാഹ്മണന്മാര്‍ പൂജ ചെയ്യാത്ത ദേവി ക്ഷേത്രം ആണ് ഇത്...

അവിടുന്ന് ഞങ്ങള്‍ യാത്ര തുടങ്ങി... ഞാന്‍ ഒരു മയക്കത്തിലേക്ക്‌ വീണു. ജീപ്പ് വല്ലതെ ഉലഞ്ഞു തുടങ്ങിയപോള്‍ എണീറ്റു... നോക്കുമ്പോള്‍ ഒരു ബോര്‍ഡ്‌. പമ്പ ഏഴു കിലോമീറ്റര്‍!!!

(തുടരും)

1 comment:

  1. ശ്രീ. കുട്ടന്‍...
    ഇത്രയും രസകരമായി യാത്ര വിവരണം എഴുതാമെന്ന് തെളിയ്ച്ചിരിക്കുന്നു. എല്ലാ ഭാവുകങ്ങളും.

    ReplyDelete