Wednesday, November 10, 2010

മരീചിക

“എടൊ താനിത് വരെ ഇത് നിര്‍ത്തിയില്ലേ?”

മുഖമുയര്‍ത്തി നോക്കി... അനൂപാണ്.

“ഭാര്യ പ്രസവിക്കാന്‍ ഇനി മണിക്കൂറുകളെ ഉള്ളൂ... ഇപ്പോളാണോ ഗര്‍ഭിണികള്‍ ചെയ്യേണ്ട വ്യായാമ മുറകള്‍ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യുന്നത്?

“ശരിയാ അനൂപ്‌ സാറേ, ഇത് ഏതായാലും കുറച്ചു കൂടുതലാണ്, ഭാര്യ ഗര്‍ഭിണി ആയെന്നു വെച്ച് ഇങ്ങനെ ഉണ്ടോ പ്രാന്ത്??”

തിരിഞ്ഞു നോക്കിയപ്പോള്‍ മായ... നീ പെറാത്തത് എന്റെ കുഴപ്പം കൊണ്ടാണോ എന്ന് തിരിച്ചു ചോദിച്ചാലോ? പിന്നെ വേണ്ടെന്നു വെച്ചു...

എല്ലാവരെയും നോക്കി ചിരിച്ചു... വേറൊന്നും പറയാന്‍ ഇല്ല... ഹേമയെ കുറിച്ച് ആലോചിക്കുമ്പോള്‍ ആണ് വിഷമം. അമ്മയുണ്ട് കൂടെ... പക്ഷെ കറിക്കരിയുബോള്‍ കൈ മുറിഞ്ഞപ്പോള്‍ ബോധം പോയ കക്ഷി ആണ്... ഇവള്‍ ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യും എന്ന് ആലോചിക്കുമ്പോള്‍ എനിക്ക് ബോധം പോവുന്നത് പോലെ തോന്നി... “ഈ സിസേറിയന്‍ ചെയ്യുന്നത് എങ്ങനെയാ അപ്പേട്ടാ?” എന്ന് ചോദിച്ചപ്പോള്‍ ഡിട്ടയില്‍ ആയി പറഞ്ഞു കൊടുക്കാം എന്ന് വിചാരിച്ചു വികീപീഡിയ തുറന്നു സിസേറിയന്‍ എന്ന് സേര്‍ച്ച്‌ ചെയ്തതെ ഉള്ളു... വലതു വശത്തെ ഫോട്ടോ കാണലും പേജ് ക്ലോസ് ചെയ്തു... ഇതെങ്ങാനും അവള് കണ്ടാല്‍ അത് മതി... തീര്‍ന്നു...

“പോണില്ലേ അഞ്ചര കഴിഞ്ഞു”

തലയാട്ടിക്കൊണ്ട് പീച്ട്രീ ക്ലോസ് ചെയ്തു സിസ്റ്റം ഷട്ട്ഡൌണ്‍ ചെയ്തു... ഹേമ അവളുടെ വീട്ടില്‍ പോയതിനു ശേഷം ഓഫീസില്‍ നിന്നും വരുമ്പോള്‍ ടിഫിന്‍ എടുക്കാന്‍ മറക്കുന്ന ശീലവും നിന്നു. കൊണ്ട് പോയാല്‍ അല്ലെ എടുക്കണ്ട കാര്യം ഉള്ളു... അവളുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോവുന ദിവസവും പറഞ്ഞതാണ്, വല്ലതും ഉണ്ടാക്കി തന്നെ കഴിക്കണം, പുറമേ നിന്നുള്ള ഭക്ഷണം കഴിക്കരുത്... എണ്ണ കുറച്ചേ ഉപയോഗിക്കാവൂ... എന്ന് തുടങ്ങി ഒരു ഇരുപത്തഞ്ചു നിര്‍ദേശങ്ങള്‍. അവള്‍ക്കറിയാം ഇതൊന്നും എന്നെ കൊണ്ട് നടക്കില്ല എന്ന്... അത് എനിക്ക് മനസ്സിലായത്‌ അന്ന് രാത്രി ആണ്... അവളുടെ നിറഞ്ഞ കണ്ണുകള്‍ മനസ്സില്‍ ഓടി എത്തിയപ്പോള്‍ ആണ് ചോറും പരിപ്പ് കറിയും ഉണ്ടാക്കാം എന്ന അക്രമത്തിനു ഞാന്‍ തയ്യാറായത്... ചോറ് ഉണ്ടാക്കി വാര്‍ക്കാന്‍ വെച്ചു. പരിപ്പെടുത്തു കുക്കറില്‍ വെച്ചു ഒരു എട്ടു പത്തു വിസില്‍ വന്നു കാണും പിന്നെ എന്തൊക്കെയോ വാരി മുറിച്ചിട്ട് ഉപ്പും ഇട്ടു തേങ്ങയും അരചോഴിച്ചു തിളപ്പിച്ച്‌ കടുകും പൊട്ടിച്ചിട്ട് തിളപ്പിച്ച്‌ വാങ്ങി വെച്ചു ടേസ്റ്റ് നോക്കിയതേ ഓര്മ ഉള്ളു... വാര്‍ത്തു വെച്ച ചോറില്‍ കഞ്ഞി വെള്ളം തിരിചോഴിച്ചു ഇളക്കി അച്ചാറും കൂട്ടി അന്ന് കഞ്ഞി കുടിച്ചു...

“ഡാ...”

“എന്താ അനൂപേ?”

“ഇതെന്തൊരു ഇരിപ്പാണ്? എടൊ പെണ്ണുങ്ങള്‍ പ്രസവിക്കുന്നത് സാധാരണ ആണ്... അതൊരു പുതിയ സംഭവം ഒന്നും അല്ല... നീ ഇങ്ങനെ ടെന്‍ഷന്‍ അടിക്കാതെ... എങ്ങോട്ടാണ് പോവുന്നത്? ഫ്ലാറ്റിലേക്ക്‌ ആണോ അതോ നിലംബൂര്‍ക്കോ?”

“ഫ്ലാറ്റിലേക്ക്... നിലംബൂര്‍ക്ക് നാളയെ പോണുള്ളൂ... ഇന്ന് അജിത്തിന്റെ മോന്റെ ബര്‍ത്ത്ഡേ അല്ലെ?... വരാം എന്ന് പറഞ്ഞു പോയി... എട്ടര കഴിഞ്ഞാല്‍ നിലംബൂര്‍ക്ക് നേരിട്ട് ബസ്സും ഇല്ല”

ഫ്ലാറ്റിലേക്ക് ബൈക്ക് ഓടിക്കുമ്പോള്‍ മഴ പെയ്തു... ചാറ്റല്‍ മഴ... നല്ല സുഖം ഉണ്ട് കൊള്ളാന്‍... ബൈക്ക് സ്പീഡ്‌ കുറച്ചു... തുലാമാസം തുടങ്ങാന്‍ ആവുന്നതെ ഉള്ളൂ.. ഇന്ന് പതിനഞ്ചാം തീയതി... നാളെയും മറ്റന്നാളും ലീവ്... ശനിയും ഞായറും മഹാനവമിയും  വിജയദശമിയും ആയതിനും അനൂപ്‌ തെറി വിളിച്ചത് ഗവണ്മെന്റിനെ... ഇന്ന് ഉത്രാടം... നല്ല നാള്‍ ആണ്, നാളെയും കൊള്ളാം, തിരുവോണം... കഴിഞ്ഞ പതിമൂന്നാം തീയതി മൂലം നാള്‍ കഴിഞ്ഞു... ഹേമയുടെ നാള് മൂലം ആണ്... അത് പറഞ്ഞു അവളെ കളിയാക്കുമ്പോള്‍ കലിയോടെ അവള് പറയും “മക്കളുടെ നാള് മൂലം വന്നാലും ഇത് പോലെ കളിയാക്കണം കേട്ടോ”  എന്ന്... അവളുടെ ദേഷ്യപ്പെട്ട മുഖം മനസ്സില്‍ വന്നപ്പോള്‍ ചിരി വന്നു...

ഫ്ലാറ്റിലേക്ക് കയറി ചെന്നപ്പോള്‍ ഫോണ്‍ റിംഗ് ചെയ്യുന്നു... അടുതെതലും കട്ട്‌ ആയി... വീട്ടില്‍ നിന്നും ആവുമോ? ഇല്ല, അങ്ങനെ ആണെങ്കില്‍ എന്റെ മൊബൈലില്‍ വിളിച്ചൂടെ? നേരെ കയറിയത് കുളിമുറിയിലേക്ക് ആണ് ദേഹമാകെ സോപ്പ് തേച്ചു നില്‍ക്കുമ്പോള്‍ വീണ്ടും റിംഗ് ചെയ്യുന്നു... ഹേമ ഒരു നൂറു തവണ പറഞ്ഞതാ കാളര്‍ ഐഡി ഉള്ള ഫോണ്‍ വാങ്ങണം എന്ന്... കുളിച്ചു വന്നു നേരെ ടീ വീ ഓണ്‍ ചെയ്തു... കുറച്ചു കഴിഞ്ഞപ്പോള്‍ മടുപ്പ് തോന്നി.. ഓഫ്‌ ആക്കി.. സീഡീ പ്ലയെര്‍ ഓണ്‍ ചെയ്തു... സുബ്രഹ്മണ്യത്തിന്റെ വയലിന്‍... ഗര്‍ഭിണി ആവുമ്പോള്‍ സംഗീതം കേള്‍ക്കണം എന്നും പറഞ്ഞു ഹേമ പറഞ്ഞു വാങ്ങി കൂട്ടിയതാണ് ഇതെല്ലാം... കുറെ രാഗങ്ങളുടെ പേര് പറഞ്ഞു വാങ്ങിയതാണ്... കളിയാക്കിയപ്പോള്‍ അവളുടെ മറുപടി രോഗശാന്തിക്കുള്ള രാഗങ്ങള്‍ ഒക്കെ ഉണ്ട് എന്നായിരുന്നു... “എന്നാ പിന്നെ നിന്‍റെ വലിയമ്മാവന്റെ വട്ടചൊറി  മാറാന്‍ ഈ സീഡീ അയച്ചു കൊടുക്ക്‌” എന്ന് പറഞ്ഞപ്പോള്‍ മുഖം കനപ്പിച്ചു ചവിട്ടി കുലുക്കി ആണ് അവിടുന്ന് പോയത്... എന്തായാലും അവള് പറഞ്ഞ എല്ലാ സീഡീകളും വാങ്ങി കൊടുത്തു. ആദ്യത്തെ ഒരാഴ്ച കേട്ടു... നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു “എന്താ കൊച്ചിനെ യേശുദാസ്‌ ആക്കാനുള്ള പ്ലാന്‍ വിട്ടോ” എന്ന്... “മരിച്ച വീട്ടില്‍ പോയ പോലെ ഉണ്ട്” എന്നായിരുന്നു അവളുടെ മറുപടി... ഏതായാലും എന്റെ ഇരുന്നൂറു രൂപ വെള്ളത്തില്‍...

കാളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം... വാതില്‍ തുറന്നു. അനൂപ്‌!
“നിന്‍റെ മൊബൈലിനു എന്ത് പറ്റി? ഞാന്‍ കുറെ ആയി വിളിക്കുന്നു... ഔട്ട്‌ ഓഫ് റേഞ്ച് ആണല്ലോ”

മൊബൈല്‍ കയ്യെത്തി എടുത്തു കൊണ്ട് ഞാന്‍ ചോദിച്ചു

“എന്താ കാര്യം?”

“ഹേമയുടെ അച്ഛന്‍ വിളിച്ചിരുന്നു... ഹേമയെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്... നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു”

തലയ്ക്കു ഒരു കനം വെച്ച പോലെ... മൊബൈല്‍ നോക്കി... സിഗ്നല്‍ ബാര്‍ ശൂന്യം... ഇതെന്തു പറ്റി?? ടെലെഫോണ്‍ എടുത്തു വീടിലേക്ക് വിളിച്ചു... ആരും എടുക്കുന്നില്ല... ഞാന്‍ എന്തൊരു മണ്ടന്‍ ആണ്... കട്ട്‌ ചെയ്തു അച്ഛന്റെ മൊബൈലിലേക്ക് വിളിച്ചു... അമ്മയാണ് ഫോണ്‍ എടുത്തത്‌... ഹോസ്പിറ്റലിലേക്ക് പോവുന്ന വഴി ആണ്... എന്നോട് വേഗം വരാന്‍ പറഞ്ഞു..

“അനൂപേ”

അവന്‍ വേഗം അവന്റെ കാറിന്റെ കീ എന്റെ നേരെ നീട്ടി... എന്നിട്ട് ഹന്ഗേരില്‍ നിന്നും എന്റെ ബൈക്കിന്റെ കീ എടുത്തു...

“മോളെ ഡാന്‍സ് ക്ലാസ്സില്‍ വിടണം... നീ അവിടെ എത്തിയിട്ട് വിളിക്ക്” അവന്‍ ഇറങ്ങി.

കയ്യില്‍ കിട്ടിയ രണ്ടു മൂന്നു ഷര്‍ട്ടും ഒരു ജീന്‍സും എടുത്തു ഒരു കവറില്‍ ഇട്ടു യാത്ര തുടങ്ങി... പതിവില്ലാതെ ഇന്ന് മുഴുവന്‍ ഹേമയെ കുറിച്ചായിരുന്നു ചിന്ത... പക്ഷെ, അവളെ ഒന്ന് വിളിച്ചത് കൂടെ ഇല്ല... രണ്ടര മണിക്കൂര്‍ യാത്ര ഉണ്ട്... അവിടെ എത്തുമ്പോള്‍ ഒമ്പത് ഒമ്പതര മണി ആവും... മഴയും പെയ്യുന്നു...

പത്തു മണി ആയി നിലമ്പൂര്‍ എത്തിയപ്പോള്‍... ഹോസ്പിറ്റലില്‍ ഹേമയുടെ അച്ഛന്‍ പുറത്തു തന്നെ ഉണ്ട്...

“അച്ഛനും അമ്മയും എവിടെ?”

“അവരെ കൃഷ്ണന്റെ കൂടെ ഞാന്‍ വീട്ടിലേക്കു അയച്ചു... യാത്ര ഒക്കെ ചെയ്തു വന്നതല്ലേ? പിന്നെ, രാത്രി ഇവിടെ നമ്മള്‍ ഉണ്ടല്ലോ... ഭാനുവും ഉണ്ട്... പിന്നെ റൂമില്‍ രണ്ടു പേര്‍ക്കെ കിടക്കാന്‍ സൗകര്യം ഉള്ളൂ... അവര് വീട്ടില്‍ പൊയ്ക്കോട്ടേ എന്ന് ഞാനാ പറഞ്ഞത്...”

“അമ്മയോ?”

“അവള്‍ ലേബര്‍ റൂമിന്‍റെ മുന്നില്‍ തന്നെ നില്‍പ്പുണ്ട്”

“ലേബര്‍ റൂമിലേക്ക്‌ മാറ്റിയോ?”

“ഉവ്വ്... ഒരു പത്തു മിനിറ്റ് ആയതെ ഉള്ളു”

അവളെ ഒന്ന് കാണാന്‍ തോന്നുന്നു... ഞാന്‍ ഹേമയുടെ അമ്മയുടെ അടുത്ത് പോയിരുന്നു... സമയം കടന്നു പോവുന്നു... ഞാന്‍ അമ്മയെ നോക്കി. അവരുടെ ക്ഷീണിച്ച കണ്ണുകള്‍ ഒക്കെ കണ്ടപ്പോള്‍ അച്ഛനെ വിളിച്ചു റൂമില്‍ പോയി കിടക്കാന്‍ പറഞ്ഞു... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാം എന്ന് പറഞ്ഞപ്പോള്‍ തീരെ താല്പര്യം ഇല്ലാതെ ആണ് അവര്‍ അവിടെ നിന്നും പോയത്...പന്ത്രണ്ടര കഴിഞ്ഞു... ഉത്രാടം നക്ഷത്രം  കഴിഞ്ഞു... തിരുവോണം നാള്‍... മഹാനവമി ദിവസം... ഞാന്‍ കണ്ണടച്ച് പ്രാര്‍ഥിച്ചു... ആശുപത്രിയില്‍ തിരക്ക് കുറവാണ്... ഇടയ്ക്കിടയ്ക്ക് ഒന്നോ രണോ പേരെയേ കാണാന്‍ ഉള്ളൂ... ഉറക്കം വരുന്നു... കണ്ണുകള്‍ അടയുന്നു...

ഞെട്ടി എണീറ്റു... ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ? ഇടനാഴിയുടെ അങ്ങേ അറ്റത്തേക്ക് ഞാന്‍ നോക്കി അവിടെ ഒരു നിഴല്‍ അനങ്ങുന്നു... എനിക്ക് തോന്നുന്നതാണോ? എണീറ്റു... പതുക്കെ അങ്ങോട്ട്‌ നടന്നു... അങ്ങേ തലക്കല്‍ എത്തി... ഒരു ചെറിയ മതില്‍... അതിന്റെ അപ്പുറത്തും നിന്നും ഒരു തേങ്ങല്‍... ഇതാരാ ഇവിടെ? പതുക്കെ മുകളിലൂടെ നോക്കി... കൈ കഴുകുന്ന ഉയര്‍ത്തി കെട്ടിയ ഒരു തളം... അതില്‍ ഒരു കുഞ്ഞു ഉറങ്ങി കിടക്കുന്നു... അടുത്ത് ഒരു മുഷിഞ്ഞ വസ്ത്രം ഉടുത്ത സ്ത്രീ മുഖം പൊത്തി നിന്നു കരയുന്നു...

ഒരു കാര്യം ഉറപ്പായി... കുഞ്ഞിനെ ഉപേക്ഷിച്ചു പോവാനുള്ള തയ്യാറെടുപ്പാണ്... മതിലിന്റെ ഇടതു ഭാഗത്തൂടെ അവരുടെ മുന്നിലേക്ക്‌ ഞാന്‍ പെട്ടന്ന് നടന്നു ചെന്നു... തിരിഞ്ഞോടാന്‍ നോക്കിയ അവരുടെ മുടിയിലാണ് എനിക്ക് പിടിത്തം കിട്ടിയത്... പിടിച്ചു വലിച്ചു കുട്ടിയുടെ മുന്നിലേക്ക്‌ ഞാന് കൊണ്ട് വന്നപ്പോള്‍ ആണ് മനസ്സിലായത്‌... അവരുടെ മാറ് മറച്ചിട്ടില്ലായിരുന്നു... സാരിയുടെ തുമ്പ് എടുത്തു അവര്‍ ശരീരം മൂടി.. എന്റെ മുന്നില്‍ മുട്ട് കുത്തി നിന്നു ശബ്ദം താഴ്ത്തി കൈ കൂപ്പി കരഞ്ഞു... ദേഷ്യം കൊണ്ട് വിറച്ചു എനിക്കൊന്നും പറയാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു... ഒരു കൈ ആ സ്ത്രീക്ക് നേരെ ഓങ്ങി കുഞ്ഞിനെ ചൂണ്ടി വിറച്ച സ്വരത്തില്‍ ഞാന്‍ പറഞ്ഞു...

“കുഞ്ഞിനെ എടുക്ക്...”

കരഞ്ഞു കൊണ്ട് അവര്‍ ആ കുഞ്ഞിനെ വാരി എടുത്തു... അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു... ഓമനത്തം വിളങ്ങുന്ന ആ കുഞ്ഞിന്റെ ചുണ്ടിന്റെ അറ്റത്ത്‌ ഒരു തുള്ളി മുലപ്പാല്‍... എന്നെ നോക്കി കൊണ്ട് 
കൈ കൂപ്പി ആ സ്ത്രീ  തിരിഞ്ഞു നടന്നു...

കുറച്ചു നേരം അവരെ നോക്കി നിന്നു... തിരിച്ചു ഇടനാഴിയിലേക്ക്‌ കയറിയ ഞാന്‍ കാണുന്നത് റൂമില്‍ നിന്നും നര്‍സ് ഓടി ഇറങ്ങുന്നതും പിന്നാലെ ഡോക്ടര്‍ ഓടി കയറുന്നതും ആണ്... എന്റെ കണ്ണില്‍ ഇരുട്ട് കയറി... എങ്ങനെയൊക്കെയോ ഓടിയും നടന്നും ഞാന്‍ ലേബര്‍ റൂമിന്റെ മുന്നില്‍ എത്തി... ഹേമയെ ICU വിലേക്ക് മാറ്റി എന്ന് പറഞ്ഞു... ഇതെപ്പോ മാറ്റി? ICU വിന്റെ മുന്നില്‍ എത്തി ഒരു മണിക്കൂറോളം വാതില്‍ക്കല്‍ പിടിച്ചു കൊണ്ട് നിന്നു... അനങ്ങാന്‍ ആവുന്നില്ല... കുറെ കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്നു ഡോക്ടര്‍ പുറത്തിറങ്ങി... എന്റെ കൈ പിടിച്ചു ബെഞ്ചില്‍ ഇരുത്തി...

“ക്ഷമിക്കണം...”

“ആരാണ്... ഡോക്ടര്‍?”

“രണ്ടു പേരെയും... ഞങ്ങള്‍ കഴിവിന്റെ പരമാവധി...”

ചുമര് പിടിച്ചു കൊണ്ട് ഞാന്‍ എഴുന്നേറ്റു... ചുമര്  തോടുന്നിടം കുഴിഞ്ഞു പോവുന്ന പോലെ തോന്നുന്നു... തല പൊട്ടി പിളരുന്ന പോലെ... ചുണ്ട് രണ്ടും വരണ്ടു ഒട്ടിപ്പോയിരിക്കുന്നു... വായ തുറക്കാന്‍ പറ്റുന്നില്ല... കണ്ണുകള്‍ നീറുന്നു... അച്ഛനെ വിളിക്കണം.. ഏതു റൂമില്‍ ആണ് അച്ഛന്‍ ഉള്ളത്...

“നിങ്ങള്‍ ഇവിടെ ഇരിക്കൂ... ആരാ കൂടെ ഉള്ളത്?”

ഒരു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ? അതെ ഇടനാഴിയുടെ അങ്ങേ തലക്കല്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍... വേച്ച് വേച്ച് ഞാന്‍ നടന്നു...

“ആരെങ്കിലും ഇയാളെ ഒന്ന് പിടിക്കുമോ? ഇങ്ങോട്ട് വരൂ”

പിന്നില്‍ നിന്നും ഡോക്റ്ററുടെ ശബ്ദം... എന്റെ നടത്തത്തിന്റെ വേഗം കൂടി... ഓടിയും നടന്നും അര മതിലിനു അടിച്ചു ഞാന്‍ നിന്നു... കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ? മതില്‍ ചുറ്റി ഞാന്‍ പുറത്തെത്തി...

കുഞ്ഞു കിടന്ന സ്ഥലത്ത് ഒരു തുണി മാത്രം... ഞാന്‍ ചുറ്റും നോക്കി... ദൂരെ കാണാം... ആ സ്ത്രീ നടന്നു പോവുന്നു...

“ഹേയ്...”

ശബ്ദം പുറത്തു വരുന്നില്ല... മുട്ട് കുത്തി ഞാന്‍ ഇരുന്നു... നിറഞ്ഞ കണ്ണുകളോടെ വീണ്ടും നോക്കി... മാറോടടക്കി പിടിച്ച കുഞ്ഞുമായി ആ സ്ത്രീയുടെ രൂപം അകന്നകന്നു പോവുന്നു... ഒരു മരീചിക പോലെ...

2 comments: