ഞാന്‍ അങ്ങനെ എന്തും ചെയ്യും എന്ന അവസ്ഥയില്‍ നാടിനും വീടിനും ഗുണം ഇല്ലാത്തവന്‍ ആയി തേരാപ്പാര നടക്കും എന്ന് തോന്നിയത് കൊണ്ടാവും, അമ്മ ഒരു കടുംകൈ ചെയ്തു... ഒറ്റ പ്രാര്‍ത്ഥന ആയിരുന്നു...
“ദൈവമേ ഇവന്‍ നന്നാവാന് വേണ്ടി ഇവനെ കൊണ്ട് ഞാന്‍ തുടര്‍ച്ചയായി മൂന്നു വര്ഷം ശബരിമല ചവിട്ടിച്ചോളാമേ” എന്ന്...
കാളിപ്പോയത് എന്റെ ഉള്ളാണ്... മറ്റൊന്നും കൊണ്ടല്ല, പണ്ട് ചെറിയച്ചന്‍ ഒക്കെ മലക്ക് പോയ കാലം ആണ് എനിക്ക് ഓര്മ വന്നത്... കറപ്പ് ഉടുത് മാല ഇട്ടു കഴിഞ്ഞാ തീര്‍ന്നു... പിന്നെ ഒരു കളിയും നടക്കൂല... ഏറ്റവും വിഷമം രാവിലെ അഞ്ചു മണിക്ക് എണീറ്റ് കുളിക്കുന്ന ഏര്‍പ്പാട് ആണ്... എന്റെ പുലര്‍ച്ചെ എന്ന് പറഞ്ഞാ എട്ടു മണി ആണ്... പിന്നെ അമ്പലത്തില്‍ പോണം രാവിലെയും വൈകുന്നേരവും... പുറമെയുള്ള ഒന്നും കഴിക്കാന്‍ പറ്റൂല... മാംസാഹാരം കഴിക്കാന്‍ പറ്റില്ല... പുറത്തിറങ്ങി വന്നാല്‍ കുളിക്കാതെ അകത്തു കയറാന്‍ അച്ഛമ്മ സമ്മതിക്കില്ല... തെറി പറയാന്‍ പറ്റില്ല, സര്‍വ്വോപരി വായ് നോക്കാന്‍ പറ്റില്ല!!! ചുരുക്കി പറഞ്ഞാ തനി സ്വാമി ആവണം... എന്നാ പിന്നെ വല്ലവനെയും ശപിച്ചു ഭസ്മം ആക്കാന്‍ ഉള്ള കഴിവെങ്ങാനും കിട്ടുമോ? അതും ഇല്ല... ഇത്രയും പറഞ്ഞത് ദൈവ വിശ്വാസം ഇല്ലതതുകൊണ്ടോന്നും അല്ല... നല്ല ദൈവ വിശ്വാസി ആണ് ഞാന്‍... ദൈവസാമീപ്യം പലരെപോലെയും പലപ്പോളായി അറിഞ്ഞിട്ടുമുണ്ട്... വിധിയായും, രക്ഷപ്പെടലുകളായും, സുഹൃതുക്കളിലൂടെയും, അമ്മയായും ഒക്കെ... പക്ഷെ ഒരു നോര്‍മല്‍ മനുഷ്യനുള്ള സകല കുരുത്തക്കേടുകളും ഉള്ള ഒരുത്തന്‍ ആണ് ഞാന്‍! ഒരു സുപ്രഭാതത്തില്‍ ഇതൊക്കെ സ്റ്റോപ്പ് ചെയ്യേണ്ടി വരുമ്പോള്‍ ഉള്ള വിഷമം ഭയങ്കരം ആണ്... ഇതൊക്കെ മുന്നില്‍ കണ്ടിട്ട് തന്നെ ആണ് അമ്മ മലക്ക് പോവാന്‍ പറഞ്ഞപ്പോള്‍ ഒറ്റ ശ്വാസത്തില് “നോ” എന്ന് പറഞ്ഞു നോക്കിയത്...
“വേണ്ടാത്തതിനു നിക്കണ്ട... ദൈവതിനോടാണോ നിന്റെ കളി!!!?”
പിന്നെ, ദൈവത്തിനു എന്റെ കൂടെ കളിക്കല്‍ അല്ലെ പണി... പക്ഷെ ഒടുവില്‍ തിരിഞ്ഞു മറിഞ്ഞു ആ മല എന്റെ തലയില്‍ തന്നെ വന്നു...
“അപ്പൊ മറ്റന്നാള്‍ വൈകുന്നേരം ഇരിങ്ങല്ലൂര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ വെച്ച് മാല ഇടാം... ഇന്ന് തന്നെ പോയി മുണ്ടും മാലയും തോര്‍ത്തും പിന്നെ അമ്പലത്തിലേക്ക് മാല ഇടാന്‍ പൂജക്കുള്ള സാധനങ്ങള്‍ ഒക്കെ വാങ്ങി വാ... എന്തൊക്കെയാ വേണ്ടത് എന്ന് സുരേട്ടനെ വിളിച്ചു ചോദിക്ക്”
അടിവര ഇട്ടു കഴിഞ്ഞു... ഇനി പോയെ പറ്റൂ...
“നാളെ വാങ്ങിയാ പോരെ?”
“ഇനി ഇങ്ങനെ ഒന്നും പറയാന്‍ പാടില്ല... എല്ലാം സമയത്തിന് തന്നെ വേണം.. വേഗം ചെല്ല്”
മോനെ സ്വാമി ആക്കാന്‍ എന്തൊരു ആവേശം... മനസ്സിലാമാനസ്സോടെ ഞാന്‍ പോവാന്‍ ഒരുങ്ങി...
“ആ പിന്നെ, സുരേട്ടന്‍ ഒക്കെ ഡിസംബര്‍ ആറിനാണ് മലക്ക് പോവുന്നത് മറ്റന്നാള്‍ മാല ഇട്ടാലേ നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം കിട്ടൂ”
തലയ്ക്കു അടി കിട്ടിയവനെ പോലെ ഞാന്‍ ഒരു നിമിഷം തരിച്ചു നിന്നു...
“നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതമോ? പോവുന്നതിനു ഒരാഴ്ച മുന്നേ മാല ഇട്ടാല്‍ പോരെ അമ്മെ?”
“ആദ്യമായിട്ട് പോവുമ്പോള്‍ അങ്ങനെ ഒന്നും പറ്റില്ല... ഒക്കെ അതിന്റെ കണക്കിന് തന്നെ വേണം... നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം എന്നാല്‍ അത്ര തന്നെ എടുകണം”
അങ്ങനെ മാല ഇടാന്‍ അമ്പലത്തില്‍ പോയ ഞാന്‍ തളര്‍ന്നു പോയി... അതി സുന്ദരികള്‍ ആയ പെണ്‍കിടാങ്ങള്‍ നിരന്നു നില്‍ക്കുന്നു... എല്ലാം കഴിഞ്ഞു... മോനെ, ഇനി നാല്‍പ്പത്തി ഒന്ന് ദിവസം നീ നീയല്ല... കണ്ട്രോള്‍...!!! അങ്ങനെ എന്റെ ഊഴം വന്നു... തൊഴുതു പ്രാര്‍ത്ഥിച്ചു ഗുരുസ്വാമി കയ്യില്‍ മാല പിടിപ്പിച്ചു തന്നു, ഞാനും ഗുരുസ്വാമിയും കൂടെ എന്റെ കഴുത്തിലേക്ക് മാല ഇട്ടു... പിന്നില്‍ നിന്നും ശരണം വിളികള്‍ മുഴങ്ങി... പിന്നാലെ നടക്കല്‍ വെച്ച് പുണ്യാഹം തളിച്ച കറുപ്പ് മുണ്ട് എന്റെ കയ്യിലേക്ക് ഇട്ടു തന്നു... പുറത്തിറങ്ങി വെള്ള മുണ്ട് മാറ്റി കറുപ്പുടുക്കുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി...
“സ്വാമി”
എന്നെ തന്നെ ആണോ? അതെ എന്നെ തന്നെ...
“സ്വാമിക്ക് താടി ഒക്കെ ഒന്ന് വടിക്കാമായിരുന്നു കേട്ടോ, ഇനി മലക്ക് പോയി വന്നിട്ടല്ലേ ഇതൊക്കെ പറ്റൂ”?
ഞാന്‍ താടിയിലൂടെ കയ്യോടിച്ചു... മറന്നു പോയി... ഇനി പറഞ്ഞിട്ട് കാര്യമില്ല... സ്വമിയായിപ്പോയില്ലേ? പ്രസാദവും ഒക്കെ വാങ്ങി ഞാനും അമ്മയും കൂടെ വീടിലേക്ക് തിരിച്ചു പോയി.
പിറ്റേന്ന് രാവിലെ അമ്മയുടെ വിളി കേട്ടിട്ടാണ് ഞാന്‍ എനീക്കുന്നത്...
“കുട്ടാ, എണീക്ക്, അഞ്ചു മണി ആവാന്‍ ആയി... വേഗം എണീക്ക്, അമ്പലത്തില്‍ പോണ്ടേ?”
അമ്മയാണോ? അമ്മ ഇങ്ങനെ അല്ലല്ലോ എന്നെ വിളിക്കാറ്? “എണീക്കെടാ” എന്നല്ലേ?? അതെ അമ്മ തന്നെ, അപ്പൊ സ്വമിയായാല്‍ ഇങ്ങനത്തെ ചെല ഗുണങ്ങള്‍ ഉണ്ട്... ഞാന്‍ എണീറ്റ് കുളിച്ചു അമ്പലത്തില്‍ പോയി...
ദിവസങ്ങള്‍ കടന്നു പോയി... താടിയും നീട്ടി ഒരു കോലത്തില്‍ ആയി ഞാന്‍...പച്ചക്കറി കഴിച്ചു കഴിച്ചു വല്ല പശുവിന്റെ ജന്മം ആയോ എന്ന സംശയവും വരാന്‍ തുടങ്ങി...
പക്ഷെ ജീവിതത്തില്‍ ഒരു അടക്കവും ഒതുക്കവും വന്നത് ഞാന്‍ അറിഞ്ഞു... രാവിലെ എണീറ്റുള്ള കുളിയും അമ്പലത്തില്‍ പോക്കും... എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വൈകുന്നേരങ്ങളിലെ അമ്പലത്തില്‍ പോക്ക് ആണ് വൃശ്ചിക മാസം തുടങ്ങിയ മുതല്‍ അമ്പലത്തില്‍ എന്നും വെളിച്ചപ്പെടല്‍ ഉണ്ടാവാരുണ്ടായിരുന്നു... എന്റെ കൂടെ പഠിച്ച ആള്‍ ആണ് പുതിയ വെളിച്ചപ്പാട്. അമ്പലത്തില്‍ പോയി പ്രാര്‍ത്ഥന ഒക്കെ കഴിഞ്ഞു അവിടെ ഉള്ള അരമതിലില്‍ ഇരിക്കും... അപ്പോള്‍ വെളിച്ചപ്പാട് ചുവപ്പ് മുണ്ട് ഒക്കെ ഉടുത്തു, അരമണി ഒക്കെ എടുത്തു അണിഞ്ഞു, കാലില്‍ ചിലമ്പ് അണിഞ്ഞ്, കയ്യില്‍ വള അണിഞ്ഞ്, നീണ്ട ചുരുളന്‍ മുടി തോളിന്റെ മുന്‍ വശത്തേക്ക് ഇട്ടു, ഉടവാള്‍ തൊട്ടു തൊഴുതു എടുത്ത് നേരെ നടക്കലേക്ക് നടക്കും...
സിമെന്റ്റ് ഇടാത്ത രണ്ടു വരി ചെങ്കല്ലിന്റെ പടിയാണ് നടക്കല് ഉള്ളത്... അതിന്റെ പുറത്തു നിന്നു, ആദ്യത്തെ പടിയില്‍ വലതു കാലു കൊണ്ട് ചവിട്ടി... രണ്ടാമത്തെ പടിയില്‍ ഇടതു കാലു കൊണ്ട് ചവിട്ടി... വലതുകാല്‍ പൊക്കി വീണ്ടും അതെ കാല്‍ ആദ്യത്തെ പടിയില്‍ വെച്ച് ഇടതുകാല്‍ തിരിച്ചെടുത്ത് വീണ്ടും ഇതേ പടി ആവര്‍ത്തിക്കും... പതിയെ പതിയെ വേഗത കൂടും... പിന്നെ ഓടി കയറി ഇറങ്ങി.... ഒരു പതിനഞ്ചു മിനിറ്റ് അതുപോലെ ഓടി ഇറങ്ങും... പിന്നെ അലറി വിളിച്ചു കൊണ്ട് നടക്കലേക്ക് ഓടി വരും.. കൂടെ രണ്ടു പേരും ഓടും... തലയില്‍ വാള് കൊണ്ട് വെട്ടുമ്പോള്‍ പിടിച്ചു വെക്കാന്‍... ശബ്ദം ഒക്കെ മാറി കണ്ണൊക്കെ ചുവന്നാണ് പിന്നെ വെളിച്ചപ്പാടിനെ കാണുക... പിന്നെ അവിടെ കൂടി നില്‍ക്കുന്ന ഓരോരുത്തരുടെ മുന്നില്‍ പോയി ഓരോന്ന് കല്‍പ്പിച്ചു കൊടുക്കും... മിക്കവാറും വയസ്സായ കാരണവന്മാരുടെ മുന്നില്‍ ചെന്നാണ് കല്പ്പിക്കാറു... അവര്‍ എല്ലാം ചെയ്യാം എന്ന് മറുപടിയും കൊടുക്കും... അവസാനം അറിയും പൂവും വിതറി വെളിച്ചപ്പെട്ടു കല്‍വിളക്ക്‌ന്റെ താഴെ തളര്‍ന്നു മുട്ട് കുത്തി നില്‍ക്കും... പലപ്പോളും അത്ഭുതപ്പെട്ടു പോയിട്ടുണ്ട്... എവിടുന്നാണ് ഇത്രയും എനര്‍ജി വരുന്നത് എന്ന് ആലോചിച്ചിട്ടു... ആരോഗ്യമുള്ള ഒരാള്‍ക് വരെ വളരെ ബുദ്ധി മുട്ടിയെ ഇത്രയും ചെയ്യാന്‍ ഒക്കൂ... അത്രയും മെലിഞ്ഞുണങ്ങിയ വെളിച്ചപ്പാടിനെ രണ്ടു ആരോഗ്യമുള്ള ചെറുപ്പക്കാര്‍ ചേര്‍ന്ന് പിടിച്ചാലും അവര്‍ വീഴാന്‍ പോവും... അവസാനം എന്റെ മുന്നില്‍ വന്നു പ്രസാദം നീട്ടുമ്പോള്‍ ക്ഷീണിച്ചു അവശന്‍ ആയി പഴയ സഹപാഠിയുടെ ഒരു പുഞ്ചിരി ഉണ്ട്... കൂടുതല്‍ ശര്‍ക്കര ഉള്ള ഭാഗത്ത് നിന്നെ എനിക്ക് വെളിച്ചപ്പാട് പ്രസാദം എടുത്തു തരൂ... തിരിച്ചു വീട്ടിലേക്കു നടന്നു വരുമ്പോള്‍ എന്റെ മനസ്സ് നിറയെ വെളിച്ചപ്പാട് ആയിരിക്കും... നാല്പ്പതിയോന്നു ദിവസവും ഞാന്‍ മുടക്കാതെ വൈകുന്നേരങ്ങളില്‍ അമ്പലത്തില്‍ പോയിരുന്നു...
അങ്ങനെ മലക്ക് പോവുന്ന ദിവസമായി...
(തുടരും)
No comments:
Post a Comment