എന്റെ നേരെ നടന്നു വന്ന പാകിസ്താനി രൂക്ഷമായി നോക്കിയിട്ട് നടന്നു പോയി. എന്റെ ചങ്കിടിപ്പ് തല്‍ക്കാലത്തേക്ക് നിന്നു. പത്തു മിനിറ്റ് ആയി, അകത്തു പോയ പര്‍വീണ്‍ ഇത് വരെ പുറത്തിറങ്ങിയിട്ടില്ല... അവള്‍ കേറി പോയ വാതിലിന്റെ പുറത്തു ഞാന്‍ നിന്നു. അകത്തു നിന്നും അവളുടെ ശബ്ദം കേള്‍ക്കാം... പുറത്തുള്ള പട്ടാണികള്‍ എന്നെ നോക്കുന്നത് നിര്‍ത്തിയിട്ടില്ല. ഒരു സിഗരറ്റ് വലിച്ചാല്‍ ധൈര്യം വരും എന്ന് എനിക്ക് തോന്നി. അപ്പോള്‍ തന്നെ അടുത്ത കടയില്‍ ചെന്ന് മല്‍ബരോ ചോദിച്ചു. മല്‍ബരോ ഇല്ല പൈന്‍ മാത്രേ ഉള്ളൂ... പൈന്‍ എങ്കില്‍ അത്. അതും വാങ്ങി കവര്‍ പൊട്ടിച്ചു ഒരു സിഗരറ്റ് എടുത്തു വലിച്ചപ്പോള്‍ ഒരു ധൈര്യം കിട്ടി... പാകിസ്തനികളുടെ മുഖത്ത് നോക്കി “ഒറ്റ തന്തക്ക് ഉണ്ടായാവന്‍ ആണെങ്കില്‍ മുറ്റത്തേക്ക് ഇറങ്ങെടാ” എന്ന ഭാവത്തില്‍ ഞാന്‍ പുകയൂതി... കാല്‍ മണിക്കൂര്‍ ആയി.. നന്നായി ഇരുട്ടി.. കയ്യില്‍ ആണെങ്കില്‍ ഒരു മൊബൈല്‍ മാത്രമേ ഉള്ളൂ, അതിന്റെ വെളിച്ചത്തില്‍ വേണം മെയിന്‍ റോഡ് എത്താന്‍, കൂടെ ഒരു പെണ്ണും. എനിക്കെല്ലാം കൂടെ വട്ടു പിടിക്കുന്ന അവസ്ഥ ആയി. പിന്നെയും അഞ്ചു മിനിറ്റ് കൂടെ എടുത്തു പര്‍വീണ്‍ പുറത്തിറങ്ങാന്‍. അവള്‍ പുറത്തിറങ്ങിയ ഉടന്‍ രണ്ടു മൂന്നു പട്ടാണികള്‍ അവളുടെ അടുത്തേക്ക് ചെന്നു. അവര്‍ സംസാരവും തുടങ്ങി. ഇത് കാണലും പോയ ചങ്കിടിപ്പ് ബസ് പിടിച്ചു തിരിച്ചെത്തി. എന്ത് ചെയ്യണം എന്ന് ഒന്ന് ആലോചിച്ചു... എന്നെ വിശ്വാസം ഉള്ളത് കൊണ്ട് കൂടെ വന്ന ഒരു പെണ്‍കുട്ടി ആണ്.. അതെ സമയം വീട്ടില്‍ ഇരിക്കുന്ന അച്ഛനെയും അമ്മയെയും ഞാന്‍ ഒന്ന് ഓര്‍ത്തു.. ആഫ്റ്റര്‍ഓള്‍ പെണ്ണ് കേസില്‍ തല്ലു വാങ്ങി എന്ന് മാത്രമേ നാട്ടില്‍ എത്തൂ.. അതുറപ്പ്... രണ്ടും കല്‍പ്പിച്ചു ഞാന്‍ പര്‍വീണ്‍ന്‍റെ അടുത്തേക്ക് നടന്ന് ചെന്നു. ഞാന്‍ അടുതെതലും അവള്‍ പട്ടാണികളുടെ വലയത്തില്‍ നിന്നും പുറത്തു ചാടി... എന്നോട് പോവാം എന്ന അര്‍ത്ഥത്തില്‍ തല ആട്ടി...
തിരിച്ചു നടക്കുമ്പോള്‍ അവര്‍ എന്താണ് ചോദിച്ചത് എന്ന് ഞാന്‍ അവളോട് ചോദിച്ചു.. ഇവിടെ വേറെ ഒരു ഹോട്ടല്‍ ഉണ്ട് അവിടെ പെണ്ണുങ്ങള്‍ മാത്രമേ ഉള്ളൂ, അവരുടെ കൂടെ വന്നാല്‍ അവിടെ കൊണ്ട് ചെന്നാക്കാം... കിഷില്‍ ആകപ്പാടെ രണ്ടു ഹോട്ടല്‍ മാത്രമേ ഉള്ളൂ എന്നും അതില്‍ ഒന്നില്‍ ആണ് ഞങ്ങള്‍ താമസിക്കുന്നത് എന്നും അവള്‍ക്കറിയാം ഇതിനു മുന്നേ കിഷില്‍ വന്നപ്പോള്‍ മറ്റേ ഹോട്ടലില്‍ ആണ് അവള്‍ താമസിച്ചതും... അവള്‍ ഇതൊക്കെ പറയുമ്പോളും എന്റെ ചിന്ത പോയത് മറ്റൊരു വഴിക്കാണ്... അപ്പോള്‍ നല്ല ഉദ്ദേശത്തില്‍ അല്ല അവര്‍... ഹോട്ടല്‍ എത്തുന്നത് വരെ പേടിക്കണം... ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കി കൊണ്ട് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ രണ്ടു പേരും കൂടെ നടന്നു.
പോവുമ്പോള്‍ ഉള്ള ഹിന്ദി ഡയലോഗ് ഒന്നും വരുമ്പോള്‍ കണ്ടില്ല. മാത്രമല്ല, എന്നെക്കാള്‍ കൂടുതല്‍ തിരിഞ്ഞു നോക്കി കൊണ്ട് നടന്നതും അവള്‍ ആയിരുന്നു. കുറച്ചു ദൂരം കൂടെ പോയാല്‍ മെയിന്‍ റോഡ് എത്തും. ഒന്നുമില്ലെന്കിലും സ്ട്രീറ്റ് ലൈറ്റ് ഉണ്ടാവും. പക്ഷെ നടന്നിട്ടും നടന്നിട്ടും മെയിന്‍ റോഡ് കാണുന്നില്ല. പെട്ടന്ന് സൈഡില്‍ നിന്നും എന്തോ ഒരു ജീവിയുടെ ശബ്ദം.. ഉടനെ അവള്‍ എന്റെ കയ്യില്‍ കയറി പിടിച്ചു. അതെ, അവളുടെ കയ്യ് വിറയ്ക്കുന്നുണ്ടായിരുന്നു... നേരത്തെ പാകിസ്ഥാനിയെ കണ്ടപ്പോള്‍ എനിക്കുണ്ടായ അതേ വിറ... എന്ത് തേങ്ങ കണ്ടിട്ട് ആണാവോ ഇവള്‍ എന്നെ ഇത്ര കണ്ടു വിശ്വസിച്ചിരിക്കുന്നത്? എന്റെ ഉള്ളിലെ ചെകുത്താന്‍ തല പൊക്കുന്നുണ്ടോ? പാടില്ല... ചെകുത്താനെ ഞാന്‍ കടിഞ്ഞാണിട്ടു നിര്‍ത്തി. വിശ്വാസം ഒന്ന് കൂടെ ഊട്ടി ഉറപ്പിചാലോ? അല്പ്പ നേരം വെയിറ്റ് ചെയ്തു അവന്മാര്‍ വരുകയാണെങ്കില്‍ ഇവളുടെ മുന്നില്‍ വെച്ച് രണ്ടു മൂന്നു പേരുമായി ഒരു സ്ടണ്ട് ഒക്കെ നടത്തി... കൊള്ളാം നല്ല ഐഡിയ... അടിയുടെ പെരുന്നാള്‍ ആവും മോനെ കുട്ടാ... പെറ്റ അമ്മ തിരിച്ചറിയൂല... ചെലപ്പോ മൂക്കില് പഞ്ഞി കേറാനും ചാന്‍സ് ഉണ്ട്... ചെകുത്താന്‍ വീണ്ടും വാദപ്രതിവാദത്തിനു വന്നപ്പോളെക്കും ഞങ്ങള്‍ മെയിന്‍ റോഡില്‍ എത്തി. പിന്നെ നീട്ടി വലിച്ചൊരു നടത്തം ആയിരുന്നു... ദൂരെ ഹോട്ടലിന്റെ ബോര്‍ഡ് കാണാന്‍ തുടങ്ങി അപ്പോള്‍ നടത്തത്തിന്റെ സ്പീഡ് കുറച്ചു... അവള്‍ കയ്യിലെ പിടിത്തവും വിട്ടു... നമ്മള്‍ പേടിച്ചിട്ടു ഒന്നിന്‍റെ വക്കത്താണ് എന്ന് മറ്റുള്ളവര്‍ മനസ്സിലാക്കാന്‍ പാടില്ലല്ലോ...
ഹോട്ടലിന്റെ ഗേറ്റില്‍ എത്തലും “താങ്ക്സ് സൂരജ്” എന്നും പറഞ്ഞു തലയിലെ തട്ടം നേരെ ഇട്ടു അവള്‍ സ്പീഡില്‍ അകത്തേക്ക് കേറി പോയി... പിടിച്ചതിലും വലുത് മാളത്തില്‍ എന്ന് പറഞ്ഞപോലെ അവിടെ ഉള്ള മച്ചാന്മാര്‍ ഒക്കെ എന്നെ നോക്കാന്‍ തുടങ്ങി... ഇല്ല ഇവിടെ ഞാന്‍ പേടിക്കില്ല, ജയനെ പോലെ നെഞ്ചും വിരിച്ചു ഞാന്‍ വീണ്ടും പൈന്‍ പാക്കറ്റ് തുറന്ന് ഒരു സിഗരെറ്റ് എടുത്തു കത്തിച്ചു... എന്നെ നോക്കിക്കൊണ്ട് നിക്കുന്ന മല്ലൂസിന്റെ മുഖത്ത് നോക്കി, “കണ്ടോടാ... ആണ്‍കുട്ടിയെ കണ്ടോടാ?” എന്നാ ഭാവത്തോടെ ഞാന്‍ വീണ്ടും പുകയൂതി... കുറച്ചു നേരം കൂടെ മുറ്റത്ത് ചുറ്റിതിരിഞ്ഞിട്ടു ഞാന്‍ റൂമില്‍ പോയി. കുളിച്ചു ഫ്രഷ് ആയിട്ട് ഫുഡ് കഴിക്കാന്‍ കാന്റീനില്‍ എത്തി. അവിടെ മൊത്തം ഞാന്‍ പര്‍വീണ്‍നെ തിരഞ്ഞു. കണ്ടില്ല... പേടിച്ചു ഉറങ്ങി പോയി കാണും... പുറത്തിറങ്ങി അരുണിനെയും ജോസിനെയും അന്വേഷിച്ചു... രണ്ടും കൂടെ ഇരുന്നു ശീഷ വലിക്കുന്നു.. അവരുടെ കൂടെ കൂടി... ഉണ്ടായ കാര്യം മൊത്തം പറഞ്ഞു കേള്‍പ്പിച്ചു... അകത്തേക്ക് എടുത്ത പുക പുറത്തു വിടാന്‍ പറ്റാതെ ഇരിക്കുന്നു ജോസ്... കഥ കഴിയലും അരുണ്‍ ഉപദേശം തുടങ്ങി.
“അണ്ണന്‍ റിസപ്ഷനില്‍ പോയി വിസ വന്നിട്ടുണ്ടോ എന്ന് നോക്കിയോ? ഇന്ന് കുറെ എണ്ണം വന്നിട്ടുണ്ട്... വൈകുന്നേരവും. ഇങ്ങനെ കറങ്ങി നടന്നോ കേട്ടോ തല്ലുകൊള്ളിതരവും ആയിട്ട്”
അപ്പോളാണ് ഞാന്‍ ഇവിടെ വന്നത് വിസ മാറാന്‍ ആണല്ലോ എന്ന ബോധം എനിക്കുണ്ടായത്... ഞാന്‍ എണീറ്റു...
“പിന്നെ, പറ്റിയാല്‍ ഓഫീസിലേക്ക് ഒന്ന് ഫോണ്‍ ചെയ്തു നോക്ക്, വിസ അയച്ചിട്ടുണ്ടോ എന്ന്, ചെലപ്പോ ഇവന്മാര്‍ വിസ തരില്ല, ആരും ഇല്ലാത്തപ്പോള്‍ വരുന്ന വിസ ഇവന്മാര്‍ ഒളിപ്പിച്ചു വെക്കും... രണ്ടു ദിവസം കഴിഞ്ഞുള്ള ഓരോ ദിവസത്തിനും റൂമിനും ഫുഡ്‌നും അവര്‍ക്ക് എക്സ്ട്രാ ചാര്‍ജ് ചെയ്യാമല്ലോ... ഓഫീസില്‍ വിളിച്ചു വിസ കിട്ടിയിട്ടുണ്ടെങ്കില്‍ ഫാക്സ് ചെയ്യാന്‍ പറ.. എന്നിട്ട് റിസപ്ഷനില്‍ പോയി വിസ കയ്യോടെ വാങ്ങ്”
ഒരു മന്ദബുദ്ധിയെ പോലെ ഞാന്‍ തലയാട്ടി... ഇങ്ങനെ ഒക്കെ ഉണ്ടല്ലേ ഇവിടെ? ഇതൊന്നും അറിയാതെ ആണ് കണ്ട പെണ്ണുങ്ങള്‍ക്കും വേണ്ടി തല്ലുകൊള്ളിതരത്തിന് ഇറങ്ങിയത്...
നേരെ റിസപ്ഷനില്‍ പോയി വിസ ഇട്ടു വെച്ച ട്രേ അരിച്ചു പെറുക്കി... ഇല്ല.. റിസപ്ഷനിലെ മേശയുടെ താഴെ കുറെ പേപ്പര്‍ കിടക്കുന്നു, ഇനി അതിലെങ്ങാനും എന്റെ വിസ ഉണ്ടാവുമോ എന്തോ? ആറു മണി ആയാല്‍ ഇവന്മാര്‍ ഒക്കെ കെട്ടും പൂട്ടി പോവും... നാളെ രാവിലെ ഓഫീസില്‍ വിളിച്ചു നോക്കാം... തിരിച്ചു കാന്റീനിലെക്ക് പോയി.. ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല... തിരിച്ചു ശീഷ പാര്‍ലര്‍ല്‍ എത്തിയപ്പോള്‍ അരുണും ജോസും ഇരുന്നിടം കാലി... അവിടെ തന്നെ ഇരുന്നു ഒരു ശീഷ ഓര്‍ഡര്‍ ചെയ്തു... എത്ര നേരം ഇരുന്നു എന്ന് ഓര്മ ഇല്ല... ക്ലോസ് ചെയ്യാന്‍ പോവുന്നു എന്ന് ഒരു പയ്യന്‍ വന്നു പറഞ്ഞു... സമയം പന്ത്രണ്ടര!!! പൈസയും കൊടുത്തു പുറത്തിറങ്ങി. റൂമില്‍ പോയി കിടന്നുറങ്ങി...
എണീക്കുമ്പോള്‍ പതിനൊന്നു മണി!!! ഒമ്പതര മണിക്കൂര്‍ കിടന്നു ഉറങ്ങാനോ? വേഗം എഴുന്നേറ്റു “ഉച്ചകര്‍മങ്ങള്‍” ഒക്കെ തീര്‍ത്തു... വിശന്നിട്ടു വയ്യ... നേരെ കാന്റീന്‍ ലക്ഷ്യമാക്കി നടന്നു... കാന്റീന്‍ ക്ലോസ്‌ഡ്... ഒരു മണിക്കൂര്‍ കൂടെ ഉണ്ട് തുറക്കാന്‍.. പുറത്തിറങ്ങി അരുണും ജോസും സ്ഥിരം സ്ഥലത്ത് തന്നെ ഇരിപ്പുണ്ട്...
“അണ്ണന്റെ കൊച്ചു പോയി കേട്ടോ”
“ആര്?”
“ഒ! അറിയാത്ത പോലെ, ആ പാകിസ്താനി കൊച്ചു... ഇന്നലെ വിസ വന്നു കാണണം... ഇന്ന് രാവിലത്തെ ഫ്ലൈറ്റിനു പോയി.”
എന്റെ മുഖം അണ്ടി പോയ അണ്ണാനെ പോലെ എങ്ങാനും ആയോ? ഞാന്‍ അറിയാതെ? അതെ ആയി!!! അരുണ്‍ അപ്പൊ തന്നെ പറഞ്ഞു...
“സാരമില്ല അളിയാ, മൊബൈല്‍ നമ്പര്‍ കൊടുതിട്ടില്ലേ? വിളിക്കും”
“ഇല്ല, ഞാന്‍ കൊടുത്തിട്ടില്ല”
“എന്നാ പിന്നെ ഗോവിന്ദ!!! വിട്ടേക്ക്”
“ഞാന്‍ ഇപ്പൊ വരാം, ഓഫീസിലേക്ക് ഒന്ന് ഫോണ്‍ ചെയ്യട്ടെ...”
അവരുടെ മറുപടി കേള്‍ക്കാന്‍ നിക്കാതെ തലേന്ന് പര്‍വീണ്‍ന്റെ കൂടെ പോയ അതെ ബൂത്തിലേക്ക് ഞാന്‍ ഒറ്റയ്ക്ക് നടന്നു... എനിക്ക് ചെറുതായി വിഷമം വരുന്നുണ്ടോ? ഞാന്‍ മുകളിലേക്ക് നോക്കി... ചുട്ടു പൊള്ളുന്ന ചൂട്...
അതെ, എനിക്ക് ചെറുതായി സങ്കടം വരുന്നുണ്ട്...
(തുടരും)
No comments:
Post a Comment