Sunday, September 26, 2010

കിഷ് യാത്ര 02

കാണാന്‍ തരക്കേടില്ലാത്ത ഒരു ഹോട്ടല്‍... അത്യാവശ്യം നല്ല വൃത്തിയും വെടിപ്പും ഉള്ള ചുറ്റുപാട്... പുറത്തു ഒരു ചെറിയ ഗ്രോസറി... ഞാന്‍ അന്തം വിട്ടു പോയത് ആള്‍ക്കാരെ കണ്ടിട്ടാണ്!!! ആ ചെറിയ ഹോട്ടലില്‍ കൊള്ളാവുന്നതിലും അധികം ആള്‍ക്കാര്‍... ഒരുപാട് മലയാളികള്‍... പലതരം മുഖങ്ങള്‍ അവിടെ കണ്ടു... പ്രതീക്ഷ നഷ്ടപ്പെട്ടവരും, അവിടെ വന്നു കൂട്ടുകാര്‍ ആയവരും, എന്തിനു? ജീവിതമേ വിട എന്നാ അവസ്ഥയില്‍ ഉള്ളവരെ വരെ... ഞാന്‍ ബസ്സില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍  ഒരാള്‍ എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച്ചു ചിരിച്ചു...

“ഞാന്‍ ജോസ്... ഇത് അരുണ്‍... ആദ്യയിട്ടാണോ കിഷില്‍”

“സൂരജ്‌, അതെ ആദ്യമായിട്ടാ...”

“എവിടെയാ റൂം ഒക്കെ?”

“റിസപ്ഷനില്‍ പോയി പാസ്പോര്‍ട്ട്‌ കൊടുക്ക്‌, അവര്‍ റൂം നമ്പര്‍ പറഞ്ഞു തരും... ഫ്രഷ്‌ ആയി പുറത്തിറങ്ങു, ഞങ്ങള്‍ ഇവിടെ ഒക്കെ ഉണ്ടാവും... വേറെ ഒന്നും ചെയ്യാന്‍ ഇല്ലല്ലോ”

റിസപ്ഷനില്‍ പോയപ്പോള്‍ അവിടെ ഒരു തൃശൂര്‍ പൂരത്തിനുള്ള തിരക്ക്‌.. തിരക്കെല്ലാം തീര്‍ന്നു പാസ്പോര്‍ട്ട്‌ കൊടുത്ത് റൂം കീ ചോദിച്ചു.. സെപരറ്റ്‌ റൂം ഇല്ല, മൂന്ന് പേര്‍ ആണ് ഒരു റൂമില്‍... റൂമില്‍ എത്തിയപ്പോള്‍ അല്‍പ്പം സമാധാനം ആയി. നല്ല വൃത്തി ഉള്ള റൂം... അറ്റാച്ച്ട് ടോയ്‌ലറ്റ്‌ ഉണ്ട്, റീവീ ഉണ്ട്, ഒരു ചെറിയ ഫ്രിഡ്ജ്‌ ഉണ്ട്.. ധാരാളം.. രണ്ടു ദിവസം താമസിക്കാന്‍ അല്ലെ?... ഇത് മതി... പിന്നെ ആലോചിച്ചു, ഈശ്വരാ ഇവിടെ ഉള്ളവന്മാരുടെ പോലെ എങ്ങാനും ആവുമോ എന്റെ ഗതി? രണ്ടു ദിവസത്തിനുള്ളില്‍ വിസ വരില്ലേ? ബാത്‌റൂമില്‍ പോയി കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി പുറത്തിറങ്ങി... ഉച്ച സമയം... ഹോട്ടല്‍ കാന്റീന്‍ ഉണ്ട് അവിടെ പോയി.. ഫുഡ്‌ ടോകെന്‍ ഉണ്ട് രണ്ടു ദിവസം.. അത് കഴിഞ്ഞാല്‍ കയ്യില്‍ നിന്നും കാശ് കൊടുത്തു കഴിക്കണം.

“ഹായ്... കൈസേ ഹോ?”

ഈശ്വരാ, ഹിന്ദി!!! ചോദ്യം കേട്ട് തിരിഞ്ഞു നോക്കി... അതാ ഫ്ലൈറ്റ്ല്‍ വെച്ച് കണ്ട പാകിസ്താനി പെണ്‍കുട്ടി... കയ്യില്‍ ഫുഡ്‌ ഒക്കെ വെച്ച ഒരു ട്രേ ഒക്കെ ആയി.. എന്റെ മുന്നില്‍ ഇരുന്നു..

“മേ ടീക് ഹും..”

അറിയാവുന്ന ഹിന്ദിയില്‍ ഞാനും വെച്ച് കാച്ചി.. പിന്നെ ആലോചിച്ചു മേം കര്‍ത്താവ്‌ ആവുമ്പോള്‍ ഹും തന്നെ അല്ലെ? നിനക്കങ്ങനെ തന്നെ വേണമെടാ സൂരജെ, പണ്ട് സെക്കന്റ്‌ ലാംഗ്വേജ്‌ ഹിന്ദിയും എടുത്ത് സുലൈമാന്‍ സാറിന്റെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു നടക്കുമ്പോള്‍ ആലോചിക്കണമായിരുന്നു... ഞാന്‍ എന്നെ തന്നെ മനസാല്‍ ശപിച്ചു... പിന്നെ ധൈര്യമായി തിരിച്ചു ചോദിച്ചു...

“ആപ് കൈസേ ഹോ”

നാശം ആപ്പ്‌... ഇതിന്റെ കൂടെ ഹോ തന്നെ ആണോ? കൈസേ ആണോ കൈസീ ആണോ? ആപ്പ്... കോപ്പ്!!!

അവള് ചിരിച്ചു... ശരിയാണ് ഞാന്‍ പറഞ്ഞത് തെറ്റാ...

“അല്‍ഹം ദുലില്ലാഹ്..”

അങ്ങനെയും മറുപടി ചെയ്യാം അല്ലെ? അത് പുതിയ അറിവാണ്...

“ആപ് കാ നാം ക്യാ ഹൈ?”

അതാ വീണ്ടും കാ... കി!! കാ.. കെ.. കി.. നെ.. കോ.. സെ.. മേം.. പര്‍... അങ്ങനെ എന്തൊക്കെയോ പഠിച്ചത് ഓര്മ ഉണ്ട്... പണ്ടാരം ഇതെവിടെ എടുത്തിട്ട് കാച്ചും? നമുക്കറിയാവുന്ന ഹിന്ദി ഒന്നും ഇവള് ചോദിക്കുന്നും ഇല്ല!!!! പക്ഷെ അപ്പോളേക്കും എനിക്ക് ഉത്തരം കിട്ടി...

“പര്‍വീണ്‍”

ഇതെന്തു പേര്?

“സൂരജ്‌”

പിന്നെ അവള്‍ എന്തൊക്കെയോ ചോദിച്ചു... കുറെ ഹിന്ദി ഒന്നും എനിക്ക് മനസ്സിലായില്ല... പിന്നെയാ മനസിലായത്‌ അതില്‍ പകുതിയും ഉര്‍ദു ആയിരുന്നു...

“അച്ഛാ അബ് ചല്തീ ഹും... ശാം മേ മിലൂന്ഗീ...”

“ഓക്കേ”

“അസ്സലാം അലൈക്കും”

“വാ അലൈക്കും അസ്സലാം”

“എന്താ സൂരജെ വന്ന വഴിക്ക്‌ തന്നെ വളചെടുതോ?

തിരിഞ്ഞു നോക്കിയപ്പോള്‍ ജോസ്... കൂടെ അരുണും... ഞാന്‍ വെറുതെ ഫ്രീ ആയി ഒരു ചിരി കൊടുത്തു.

“നല്ല വിശപ്പുണ്ടല്ലേ... എങ്ങനെ ഉണ്ട് ഫുഡ്‌? ഫ്രീ കൂപ്പണ്‍ ഒരു കഥയാ.. പുറത്തൊരു മലയാളിയുടെ കട ഉണ്ട് അവിടെ നല്ല പൊറോട്ടയും ബീഫ്‌ കറിയും കിട്ടും.. ഇപ്പൊ ഇത് കഴിക്ക്...”

“ഇവിടെയും മലയാളിയുടെ കടയോ”

“അതാ രസം, അങ്ങേരു ഇവിടെ വിസ മാറാന്‍ വന്നതാ... കമ്പനി വിസ അയച്ചു കൊടുത്തില്ല... ഇവിടെ കുടുങ്ങി... കയ്യിലുള്ള പൈസയും നാട്ടീന്നു കുറച്ചു പൈസ എക്സ്ചേഞ്ച് വഴി ട്രാന്‍സ്ഫര്‍ ചെയ്തും അങ്ങേരു ഇവിടെ ഒരു ചായക്കട തുടങ്ങി.. ഇപ്പൊ നല്ല സ്ഥിതിയിലാ”

“അപ്പൊ ഇവിടെ നിക്കാന്‍ വിസ വേണ്ടേ?”

“പതിനഞ്ചു ദിര്‍ഹം കൊടുത്താല്‍ രണ്ടോ മൂന്നോ മാസം നിക്കാന്‍ ഉള്ള വിസ കിട്ടുമെത്രേ... പിന്നെന്താ പാട്?”

ഞാന്‍ ആലോചിച്ചു, ഇക്കണക്കിനു ചന്ദ്രനില്‍ മലയാളിയുടെ ചായക്കട ഉണ്ട് എന്ന കഥ ചെലപ്പോ ശരിയായിരിക്കും...

“ഞങ്ങള്‍ ഒന്ന് പോയി കിടക്കട്ടെ, ആ , പിന്നെ സമയം പോവുന്നില്ലെന്കില്‍ പുറത്തിറങ്ങി ഏതെന്കിലും ടാക്സി പിടിച്ചു ഊര് ചുറ്റ്... ഒന്നോ രണ്ടോ ദിര്‍ഹം കൊടുത്താല്‍ കിഷ മൊത്തം ചുറ്റി കൊണ്ടുവരും... പെട്രോള്‍ ഒക്കെ വളരെ ചീപ്പ്‌ ആണ് ഇവിടെ.. പിന്നെ ആകപ്പാടെ എഴുപതു കിലോമീറ്റര്‍ ഉള്ളു ഈ സ്ഥലം...”

അവര്‍ എഴുന്നേറ്റു, അപ്പോള്‍ അരുണ്‍,

“ദൂരേക്ക്‌ എങ്ങോട്ടും നടന്നു പോവരുത്, ഇവിടെ കുറെ അലന്ന ടീം ഉണ്ട്, കഞ്ചാവ് ഒക്കെ ആയിട്ട്... കുത്തും കൊലയും ഒക്കെ ഉള്ള സ്ഥലം ആണ്...”

“പോലീസ് ഇല്ലേ ഇവിടെ?”

“കൊള്ളാം, നാലും മൂന്നും ഏഴു പോലീസ് ഉണ്ട്... നമ്മടെ തടി നമ്മള്‍ തന്നെ നോക്കണം... അപ്പൊ ശരി... പോട്ടെ?”

കൈ കഴുകി ഞാനും എണീറ്റ്‌ റൂമില്‍ പോയി കിടന്നുറങ്ങി... പിന്നെ എണീക്കുന്നത് അഞ്ചു മണിക്ക്... മുഖം കഴുകി.. ഒരു ചായ കുടിച്ചു കളയാം... അങ്ങനെ കാന്റീനില്‍ എത്തി... അവിടെ അതാ പര്‍വീണ്‍... ഇവള്‍ ഇവിടെ തന്നെ ആണോ? ഈശ്വരാ, ഇനി ഹിന്ദി പറയണ്ടേ? ഉള്ള സ്റ്റോക്ക്‌ ഒക്കെ തീര്‍ന്നു... കാണാത്ത പോലെ ഒരു മൂലയില്‍ പോയി ഇരുന്നു... ചായ ഓര്‍ഡര്‍ ചെയ്തു...

“ഹായ് സൂരജ്‌...”

തൊലഞ്ഞ്... കണ്ടു പിടിച്ചു...

“ഹലോ”

അവള്‍ എന്റെ മുന്നില്‍ വന്നിരുന്നു...

“വോ കൌണ്ടര്‍ മേ ഗ്രീന്‍ ടീ മിലേഗാ... ധോടാ ട്രൈ കരോ...”

ഞാന്‍ ഒന്നും പറയാതെ തലയാട്ടി..

“ഓക്കേ, ഏക്‌ ഹെല്‍പ്‌ ചാഹിയേ... ആപ് മേരീ സാത്ത് ടെലിഫോണ്‍ ബൂത്ത്‌ തക്ക് ആ സക്തെ ഹോ?”

“മുജെ മാലും നഹി ഹെ..”

“മുജെ മാലൂം ഹെ... ഘാലി ദസ് പന്ദ്രഹ് മിനിറ്റ്‌ ലഗേഗാ...”

“ഓക്കേ”

അപ്പോളേക്കും അഞ്ചര ആവാനായിരിക്കുന്നു... ചെറിയ രീതിയില്‍ ഇരുട്ടും വീണു തുടങ്ങിയിരിക്കുന്നു... പുറത്തിറങ്ങിയപ്പോള്‍ മുന്നില്‍ ജോസും അരുണും... എന്നെ നോക്കി അര്‍ഥം വെച്ചൊരു ചിരി... ഞാനും തിരിച്ച്  സൈക്കളില്‍ നിന്നും വീണ ഒരു ചിരി ഇട്ടു കൊടുത്തു...  അങ്ങനെ നടത്തം തുടങ്ങി... അഞ്ചു മിനിട്ടും കഴിഞ്ഞിട്ട് ബൂത്ത്‌ കാണാന്‍ ഇല്ല... ഇവള്‍ ആണെങ്കില്‍  വാ തോരാതെ ഹിന്ദി തുപ്പുന്നു... അരുണ്‍ പറഞ്ഞ വാക്ക് എന്റെ മനസ്സില്‍ ഓടി എത്തി...

“നമ്മടെ തടി നമ്മള്‍ തന്നെ നോക്കണം...”

ചുറ്റുപാടും ആരെയും കാണാന്‍ ഇല്ല... അപ്പോള്‍ ഒരു ബൈക്ക് ഞങ്ങളെ കടന്നു പോയി... കുറച്ചു ദൂരം പോയി നിര്‍ത്തി തിരഞ്ഞു നോക്കി അഞ്ചു സെക്കന്റ്‌ കഴിഞ്ഞു വിട്ടു പോയി... രണ്ടു പാകിസ്ഥാനികള്‍... ഉടനെ എന്റെ മനസ്സില്‍ ഓരോ ചിന്ത ഉടലെടുത്തു... ഈ പാകിസ്ഥാനികള്‍ പോയി അവരുടെ ഫ്രണ്ട്സിനെ കൂട്ടി വന്നു ഞങ്ങളെ രണ്ടു പേരെയും...

“ഹേ അങ്ങനെ ഒന്നും സംഭവിക്കില്ല...”  

അങ്ങനെ എന്തോ ഞാന്‍ പറഞ്ഞു...

“ക്യാ?”

“ഹേയ്.. കുച്ച് നഹി...”

ഈ ജന്തുവിന് ആണെങ്കില്‍ പേടിയും ഇല്ല... അങ്ങനെ ഞങ്ങള്‍ ബൂത്ത്‌ കണ്ടു.. അതിന്റെ പുറത്ത്‌ മൊത്തം ആണുങ്ങള്‍... കൂടുതലും പട്ടാണികള്‍... ഒരു പത്തു പന്ത്രെണ്ടണ്ണം കാണും... എല്ലാവന്മാരും പര്‍വീണ്‍ന്റെ ചോര ഊറ്റി ഊറ്റി കുടിക്കുന്നു...

“ജല്‍ദി ആവോ...”

അവള്‍ ബൂത്തിലേക്ക്‌ കയറി... അണ്ണന്മാര്‍ മൊത്തം എന്നെ നോക്കുന്നു... ചിലര്‍ കുശുകുശുക്കുന്നു... എന്നെ കൊന്നു ഇവളെ തട്ടി കൊണ്ട് പോവാനുള്ള പ്ലാന്‍ വല്ലതും ആണോ ആവോ? കിഷില്‍ വന്നു മരിക്കാന്‍ ആണോ ഈശ്വരാ എന്റെ വിധി? എനിക്ക് ചെറുതായി വിറയ്ക്കുന്നുണ്ടോ? അപ്പോളേക്കും ഏതാണ്ട് നല്ല രീതിയില്‍ ഇരുട്ടി...

അപ്പോള്‍ ഒരു പാകിസ്ഥാനി എന്റെ നേരെ നടന്നു വന്നു... അതെ എനിക്ക് വിറക്കുന്നുണ്ട്...

(തുടരും)

1 comment: