Thursday, October 14, 2010

ലവ് @ ലൈബ്രറി

ഒരു പണിയും ഇല്ലാത്തവന്‍മാര്‍ക്ക്‌ കേറി ഇരിക്കാന്‍ ഒരു സ്ഥലം വേണ്ടേ? പെണ്ണുങ്ങള്‍ക്ക് പോയി സൊറ അടിക്കാന്‍ ലേഡീസ്‌ റൂം ഉണ്ട്... പാവം ആണുങ്ങള്‍ എന്ത് ചെയ്യും? ആകപ്പാടെ ഉള്ളത് ഒരു റീഡിംഗ് റൂം.. അവിടെ കേറിയാല്‍ ഒരു മച്ചാന്‍ കണ്ണും ഉരുട്ടി ഇരിപ്പുണ്ടാകും... എന്തെങ്കിലും മിണ്ടിപ്പോയാല്‍ പിടിച്ചു പുറത്താക്കും...

പ്രിന്‍സിപ്പാളെ പേടിച്ചു പുറത്തിറങ്ങി മനസ്സമാധാനത്തോടെ നടക്കാനും പറ്റില്ല... ഒരിക്കല്‍ വെറുതെ ഞാനും ശലൂബും ഫിര്‍ദൌസും അജ്മലും പിന്നെ സലീലും കൂടെ ക്ലാസും കട്ട്‌ ചെയ്തു സുവോളജി ഡിപ്പാര്‍ട്ട്മെന്റ് വരെ ഒന്ന് പോയതാ, അവിടെ എന്റെ ചേച്ചിയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ എവിടെന്നെന്നില്ലാതെ ലങ്ങേരു പൊട്ടി വീണു.

“എന്താ ഇവിടെ എല്ലാരും കൂടെ?”

ഞാന്‍ വേഗം ജാമ്യം എടുത്തു...

“എന്റെ ചേച്ചിയാ സര്‍ ഇത്..”

“ആണോ സോനേ?”

ചേച്ചി മൂളി..

“നീയോ?” ചോദ്യം ശലൂബിനോട്,

“എന്റെ താത്തയാ ഇത്”

പ്രിന്‍സി ശബ്നയുടെ മുഖത്തേക്ക് നോക്കി...

ശബ്നയും മൂളി

പ്രിന്സിയുടെ നോട്ടം ഫിര്‍ദൌസ്ന്റെ നേരെ...

ജെസ്സിയെ ചൂണ്ടി ഫിര്‍ദൌസ്,

“എന്റെ സിസ്റ്റര്‍ ആണ് സര്‍ ജെസ്സി,”

ജെസ്സിയും മൂളി...

അപ്പോള്‍ അജ്മല്‍ ചുറ്റും തിരചിലോട് തിരച്ചില്‍...

“നീയോ?” ചോദ്യം അജ്മലിനോട്,

“ഞാനും എന്റെ താത്തയെ കാണാന്‍ വന്നതാ... മുകളിലാ... BCom ലെ
ഹസീന... ഹസീന ബാവക്കുട്ടി... സത്യം!!”

ഞങ്ങളുടെ മൂന്നു പേരുടെയും ചേച്ചിമാര്‍ അത് ശരി വെച്ച് കൊണ്ട് മൂളി...

കാണാതിരിക്കാന്‍ പ്രിന്സിയുടെ പുറകില്‍ നില്‍ക്കുകയായിരുന്നു സലീല്‍... ഒറ്റ തിരിയലിനു പ്രിന്‍സിയും സലീലും മുഖാമുഖം...

“എനിക്ക് സിസ്റ്റര്‍ ഇല്ല സര്‍!!! ഇക്കാക്ക കഴിഞ്ഞ വര്ഷം പാസ്സൌട്ട് ആയി”

ഒറ്റ ശ്വാസത്തില്‍ ആണ് സലീല്‍ അത് പറഞ്ഞു തീര്‍ത്തത്, പാവം തോന്നിയിട്ടാവും, പ്രിന്‍സി പിന്നെ ഒന്നും ചോദിച്ചില്ല... അതിനു ശേഷം ആണ് വെറുതെ പോയിരിക്കാന്‍ ഉള്ള സ്ഥലം അന്വേഷിച്ചു ഞങ്ങള്‍ നടപ്പ് തുടങ്ങിയത്...

അങ്ങനെ ഇരിക്കെ ഞങ്ങള്‍ മനോഹരം ആയ ഒരു സ്ഥലം കണ്ടു പിടിച്ചു... ലൈബ്രറി!!! ഒരു റെക്കോര്‍ഡ്‌ ബുക്കും പെന്‍സിലും പെന്നും ഒരു ഇരേസരും ഉണ്ടെങ്കില്‍ മനസ്സമാധാനത്തോടെ പോയി ഇരിക്കാം... ലൈബ്രേറിയന്‍ ഒരു ചില്ലുകൂട്ടിന്റെ അകത്താണ്, അസിസ്റ്റന്റ്‌ അത്രയ്ക്ക് സ്ട്രിക്റ്റ് അല്ല... ചില്ലറ രീതിയില്‍ ഉള്ള സംസാരം ഒക്കെ നടക്കും... റെക്കോര്‍ഡ്‌ ബുക്കും തുറന്നു വെച്ച് വായ്നോട്ടം തന്നെ പ്രധാന പണി... ഇതൊരു സ്ഥിരം കലാപരിപാടി ആയപ്പോള്‍ പുതിയ നിയമം വന്നു, ലൈബ്രറിയില്‍ വെച്ച് റെക്കോര്‍ഡ്‌ എഴുതുകയോ വരക്കുകയോ പാടില്ല... വിടുമോ? പൈസ കൊടുത്തു മെമ്പര്‍ഷിപ് എടുത്തു ഏറ്റവും വലിയ ബുക്ക്‌ പാവം അസ്സിസ്ടന്റ്നെ കൊണ്ട് എടുപ്പിച്ചു അതും തുറന്നു വെച്ച് വായ്‌ നോക്കും... ലൈബ്രറിയില്‍ വെച്ച് പുസ്തകം വായിക്കാന്‍ പാടില്ല എന്ന നിയമം വരാന്‍ ചാന്‍സ് കുറവാണ്, അതായിരുന്നു ഞങ്ങളുടെ ധൈര്യം...

മറ്റു മചാന്മാര്‍ക്ക് ലൈബ്രറി പെട്ടന്ന് മടുത്തു... സലീലിനു ബുക്കിന്റെ മണം പിടിക്കുന്നില്ല, ഫിര്‍ദൌസിനു പരാതി സ്ത്രീജനങ്ങള്‍ കുറവാണ് എന്നതാണ്, ശലൂബിനു താത്തയെ പേടി, അജ്മല്നു പാര്‍ട്ടി തിരക്ക്‌, പിന്നെ ഞാന്‍ മാത്രം ആയി... എനിക്കെന്തോ ആ സ്ഥലം ക്ഷ പിടിച്ചു... ഞാന്‍ പെട്ടന്ന് തന്നെ ഒരു പുതിയ കമ്പനി കണ്ടു പിടിച്ചു, അലി!

അലി തന്നെതന്നെ വിളിക്കുന്നത് മമ്മൂട്ടി എന്നാണു... “അടുപ്പില്‍ മുഖം കുത്തി വീണ മമ്മൂട്ടി ആണോ” എന്ന് ഒരുത്തന്‍ ചോദിച്ചതിനു ഒരു മുഴുവന്‍ ദിവസം മൂഡ്‌ ഔട്ട്‌ ആയവന്‍ ആണ് പാവം അലി. ചോദിച്ചവനെ കുറ്റം പറയാനും ഒക്കില്ല എന്നതാണ് സത്യം...

അങ്ങനെ ഞാനും അലിയും കൂടെ ഒരു ദിവസം ലൈബ്രറിയില്‍ ബോര്‍ അടിച്ചു ഇരിക്കുമ്പോള്‍ ആണ് കൊടും വേനലില്‍ കുളിര്‍ മഴ പോലെ ആ കൊച്ചു കടന്നു വന്നത്, ഇതേതാ? ഇതിനു മുന്നേ ഇവിടെ കണ്ടിട്ടില്ലല്ലോ?, ലൈബ്രറി ഇപ്പോള്‍ ആയിരിക്കും പാവം കണ്ടു പിടിചിട്ടുണ്ടാവുക.. എന്നൊക്കെ ചോദ്യവും ഉത്തരവും മെനഞ്ഞെടുത് കൊണ്ട് ഞാന്‍ ഇരിക്കുമ്പോള്‍ അവള്‍ എന്റെ മുന്നില്‍ ഉള്ള ഡിസ്കില്‍ ബുക്ക്‌ വെച്ച് എനിക്ക് മുഖാമുഖം ആയി ഇരുന്നു. ഇരുന്ന ഉടനെ നാളെ IAS പരീക്ഷ ഉള്ളത് പോലെ പഠിത്തവും തുടങ്ങി... എന്നാല്‍ ഇങ്ങനെ ഒരു വായ്നോക്കി മുന്നില്‍ ഉണ്ടെന്നുള്ള ഒരു കാര്യം... എഹെ!! അതെനിക്ക് പിടിച്ചില്ല!

കുറെ നേരം അവളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ അറിയാവുന്ന ഗോഷ്ടികള്‍ ഒക്കെ കാണിച്ചു നോക്കി.. രക്ഷയില്ലാ, കുടുംബത്തില്‍ പിറന്ന കൊച്ചാണ് എന്ന് തോന്നുന്നു, എനിക്കെന്തോ വല്ലാതങ്ങു ഇഷ്ടപ്പെട്ടു, ബുക്ക്‌ നോക്കി നോട്ട് എഴുതാന്‍ വേണ്ടി (!!!) മുന്നില്‍ വെച്ചിരുന്ന ബുക്കില്‍ ഞാന്‍ അവളുടെ ചിത്രം വരക്കാന്‍ തുടങ്ങി... എന്റെ മനസിലൂടെ വേണു നാഗവള്ളിയും മാധവിയും കൂടെ “അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍” പാടി നടക്കാന്‍ തുടങ്ങി കുറെ സമയം കൊണ്ട് ഞാന്‍ അവളുടെ പടം തെറ്റില്ലാതെ വരച്ചു തീര്‍ത്തു...

“നീയാരടെയ്‌ ഡാബിഞിയാ”

“ആര്?”

“ആ ചിത്രം വരക്കുന്നയാള്‍ ഇല്ലേ? ഡാബിഞി?”

ഞാന്‍ സഹതാപത്തോടെ അലിയെ നോക്കി...

“ഇതാരിത്?”

പുരികം കൊണ്ട് ഞാന്‍ ലൊക്കേഷന്‍ കാണിച്ചു കൊടുത്തു...

അവന്‍ ഞാന്‍ വരച്ച ചിത്രം എടുത്ത് അതും അവളെയും മാറി മാറി നോക്കി...

“കൊള്ളാലോടെ, ഏതാണ്ട് അവളെ പോലെ ഉണ്ട്... ഞാന്‍ ഇത് അവള്‍ക് കൊടുക്കട്ടെ?”

നീയെന്തെന്കിലും ചെയ്, ഞാന്‍ ബുക്ക്‌ അടച്ചു.. അപ്പോളും അനുരാഗിണിയുടെ ലാസ്റ്റ്‌ സ്റ്റാന്‍സ എത്തിയിട്ടെ ഉണ്ടായിരുന്നുള്ളൂ... ഞാന്‍ ഒരു ദീര്‍ഖനിശ്വാസം വിട്ടു... അപ്പോളേക്കും എന്നെ ഞെട്ടിച്ചു കൊണ്ട് അലി ആ പടവും അയി എണീറ്റു... അവളുടെ അടുത്ത് പോവുന്നതും പടം കൊടുക്കുന്നതും എന്തൊക്കെയോ പറയുന്നതും എന്റെ നേരെ കൈ ചൂണ്ടുന്നതും അവള്‍ ആ പടം നോക്കുന്നതും എന്നെ നോക്കുന്നതും എല്ലാം ഒരു സ്വപ്നം പോലെ ആണ് എനിക്ക് തോന്നിയത്...

“അനുവാദം നീ തരില്ലേ... അനുവാദം നീ തരില്ലേ...”

അവിടെ പാട്ട് സ്റ്റോപ്പ്‌ ആയി... അവള്‍ ബുക്ക്‌ മടക്കി വെച്ച് എണീറ്റു. എല്ലാം വാരി എടുത്തു പടവും എടുത്തു കൊണ്ട് എന്റെ മുന്നില്‍ വന്നു... എന്റെ മുഖത്തേക്ക് നോക്കി... പാട്ട് വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്യണോ? ഞാനും ഇനിയെന്ത് എന്ന അവസ്ഥയില്‍ അവളെ തന്നെ നോക്കി... അവളുടെ പിന്നില്‍ അലി... ചിരിച്ചു പിടിച്ചു നിക്കുന്നു...

അവള്‍ എന്റെ മുന്നില്‍ ഉള്ള ബുക്കില്‍ പടം അടിച്ചു വെച്ചു...

“റാസ്കല്‍”

എന്നിട്ട് തിരിഞ്ഞൊരു നടത്തം... ഇതൊക്കെ ഒറ്റ നിമിഷം കൊണ്ട് തീര്‍ന്നു...
പതുക്കെ പറഞ്ഞത് കൊണ്ട് ആരും കേട്ടില്ല അലി ഒഴികെ,

“എന്താ അളിയാ, ഇത്രക്കും മാത്രം എന്ത് തെറ്റാ നീ ചെയ്തത്? കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിന്റെ പടം വരച്ചു അവള്‍ക് കൊടുത്തതോ? അവളെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ... നീ വാ...”

ഞാനും അത് തന്നെ ആയിരുന്നു ആലോചിച്ചത്... എന്താ ഇവിടെ സംഭവിച്ചത്? എന്തിനാ അവള്‍ എന്നെ റാസ്കല്‍ എന്ന് വിളിച്ചത്?

ഞാന്‍ ആ പടം കയ്യില്‍ എടുത്തു നോക്കി... അവളുടെ ചിത്രം... താഴെ... അമ്മേ!!!!

അലിയുടെ സാഹിത്യം... മലയാളത്തില്‍!

അയ്‌ ലവ്വ്യു!!!

No comments:

Post a Comment