ദുബായില്‍ വിസിറ്റ് വിസയില്‍ ആണ് ഞാന്‍ വന്നത്... അന്നത്തെ നിയമം അനുസരിച്ച് വിസിറ്റ് വിസയുടെ കാലാവധി മൂന്നു മാസം ആണ്, പിന്നെ വിസ കിട്ടണമെങ്കില്‍ വേറെ ഏതെങ്കിലും കണ്‍ട്രിയില്‍ പോയി തിരിച്ചു വരണം... ഒരു ജോലി ഒക്കെ ശരിയായി നിക്കുമ്പോള്‍ ആണ് എന്റെ വിസ എക്സ്പയര്‍ ആവാന്‍ ആയത്... നാട്ടില്‍ പോയി തിരിച്ചു വരാം എന്ന് വിചാരിച്ചാല്‍ ചെലപ്പോള്‍ വരല്‍ ഉണ്ടാവില്ല..
അപ്പോളാണ് കിഷ് എന്ന സ്ഥലത്തെ കുറിച്ച് കേട്ടത്. സാധാരണ ഇവിടെ നിന്നും വിസ ചേഞ്ച് ചെയ്യാന്‍ എല്ലാവരും പോവുന്ന ഒരു ദ്വീപ് ആണ് കിഷ്... പോയി വരവും മൂന്ന് ദിവസത്തെ ഹോട്ടല്‍ താമസവും ഭക്ഷണവും എല്ലാം കൂടെ വെറും അഞ്ഞൂറ് ദിര്‍ഹത്തില്‍ തീരും... പിന്നെ ഒന്നും ആലോചിച്ചില്ല, അങ്ങനെ ഒരു ട്രാവല്‍സില്‍ പോയി ടിക്കറ്റ് ബുക്ക് ചെയ്തു... ടിക്കറ്റ് കിട്ടിയപ്പോള്‍ ആണ് ശ്രദ്ധിച്ചത്, ടിക്കറ്റ്‌ല്‍ പണ്ട് ജാംബവാന്റെ കാലത്തുള്ള ഒരു ഫ്ലൈറ്റ്ന്റെ ചിത്രം, ... ആകപ്പാടെ എന്തൊക്കെയോ ഒരു പന്തികേട് തോന്നി...
അങ്ങനെ കിഷില്‍ പോവണ്ട ദിവസമായി... രണ്ടു മൂന്നു ദിവസത്തേക്കുള്ള പെട്ടിയും കോപ്പും ഒക്കെയായി ഞാന്‍ ദുബായ് എയര്‍പോര്‍ട്ട് എത്തി. ഫ്ലൈറ്റ് അനൌണ്‍സ് ചെയ്തു... ബോര്‍ഡിംഗ് പാസ് ഒകെ എടുത്ത് ഫ്ലൈ ചെയ്യാന്‍ എത്തിയപ്പോള്‍ ആണ് തകര്‍ന്നു പോയത്... ആ ടിക്കെട്ടില്‍ കണ്ട അതെ ഫ്ലൈറ്റ്!!! രണ്ടു ചിറകിലും ഖേതാന്‍ ഫാന്‍ പോലെ ഉള്ള ഐറ്റം ഒക്കെ ആയി അമ്പതു പേര്‍ക്ക് മാത്രം പോവാന്‍ പറ്റുന്ന ഒരു കുഞ്ഞു ഫ്ലൈറ്റ്! അപ്പൊ എന്റെ അടുത്തുണ്ടായിരുന്ന ഒരു മലയാളി,
“നാശം, ഇവന്മാര്‍ക്ക് ഈ ഫ്ലൈറ്റ് ഒന്ന് മാറ്റിക്കൂടെ??”
ഇത് കേട്ട ഞാന്‍ ഒന്ന് മൂളി...
“ഇതുപോലെ ഒരെണ്ണം കഴിഞ്ഞ വര്ഷം കടലില്‍ തകര്‍ന്നു വീണതാ”
ഇത് കേള്‍ക്കലും എന്റെ ഉള്ളൊന്നു ആളി... ഫ്ലൈറ്റ് ക്യാന്‍സല്‍ ചെയ്തു നാട്ടിലേക്ക് പോയാലോ?
“കഴിഞ്ഞ അഞ്ചു തവണയും ഞാന്‍ ഇതിലാ പോയത്”
ദൈവമേ അഞ്ചു തവണ!!! ഇവന് ഇത് തന്നെ ആണോ പണി??
“എന്തിനാ അഞ്ചു തവണ ഒക്കെ കിഷില്‍ പോവുന്നത്?”
“ജോലി എന്തെങ്കിലും ശരിയാവണ്ടേ മാഷേ”
അതോടെ എന്റെ വായ അടഞ്ഞു... ചിരിച്ചു കൊണ്ടാണ് അയാള്‍ അത് പറഞ്ഞതെങ്കിലും ഉള്ളിലെ വിഷമം അയാളുടെ മുഖത്ത് ഞാന്‍ വായിച്ചെടുത്തു.
അങ്ങനെ ഫ്ലൈറ്റ്ന്റെ ഉള്ളില്‍ കയറി... ഭയങ്കര ചൂട്... പെട്ടന്ന് AC ഓണ്‍ ആവുന്ന ശബ്ദം കേട്ടു... സീറ്റിന്റെ അടിയില്‍ നിന്ന് വെളുത്ത പുക വരാന്‍ തുടങ്ങി... ഏതു കഷ്ടകാലതാണ് എനിക്ക് കിഷില്‍ പോവാന്‍ തോന്നിയത് എന്ന് മനസാല്‍ ചോദിച്ചു കൊണ്ട് ഞാന്‍ ഒരു സീറ്റില്‍ ഇരുന്നു...
കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ അടുത്ത ഒരു ചുരിദാര്‍ ഇട്ട ഒരു പെണ്‍കുട്ടി വന്നിരുന്നു... ഇന്ത്യക്കാരി ആണെന്ന് വിചാരിച്ചു സംസാരം തുടങ്ങി... തെറ്റി, പാകിസ്ഥാന്‍കാരി ആണ്... രണ്ടു തവണ ആയി കിഷില്‍ പോവുന്നു, എഞ്ചിനീയര്‍ ആണ്, ജോലി ഒക്കെ പല തവണ ശരിയായതാണ്.. പ്രശ്നം വയസ്സാണ്, ഇരുപത്തിമൂന്നു വയസ്സയതെ ഉള്ളു.. അത് കൊണ്ട് വിസ കിട്ടുന്നില്ല.. അടുത്ത ബന്ധുക്കള്‍ ആരും ദുബായില്‍ ഇല്ല,ഇരുപത്തിനാല് വയസ്സ് കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് അടുത്ത ബന്ധുക്കള്‍ ആരും ഇല്ലെങ്കില്‍ വിസ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഇത്തവണ എങ്കിലും കിട്ടും എന്ന പ്രതീക്ഷയില്‍ പോവുകയാണ്.. അത്രക്ക ബുദ്ധിമുട്ടാണെങ്കില്‍ നാട്ടില്‍ പോയ്ക്കൂടെ എന്നാ ചോദ്യത്തിന് അവള്‍ക്കും പറയാന്‍ ഉണ്ടായിരുനത് കഷ്ടപ്പാടിന്റെ കഥ! ഞാന്‍ ചുറ്റുപാടും ഒന്ന് നോക്കി, ആരുടേയും മുഖത്ത് സന്തോഷം ഒന്നും ഇല്ല, എല്ലാവരും ഏതോ മരണവീട്ടില്‍ വന്ന പോലെ...
അപ്പോള്‍ എയര്‍ ഹോസടസ്സ് വന്നു, എന്നോട് എണീറ്റ് പുറകിലത്തെ സീറ്റില്‍ പോയി ഇരിക്കാന്‍ പറഞ്ഞു. ആണുങ്ങളും പെണ്ണുങ്ങളും ഒപ്പം ഇരിക്കാന്‍ പാടില്ല എന്ന്. അവള്‍ക്കു പകരം എന്റെ അടുത്ത് വന്നിരുന മലയാളി പറഞ്ഞു,
“ഇറാന്‍റെ അധീനതയില്‍ ആണ് ഈ കിഷ് എന്ന സ്ഥലം. വികസനം എന്നാ വാക്ക് ഇതു വരെ കണ്ടു പിടിക്കാത്ത ഒരു സ്ഥലം. ഇപ്പോളും പ്രാകൃത നിയമങ്ങള്‍ ഒക്കെ ഉള്ള ഒരു സ്ഥലം ആണിത് ഒരു ഉദാഹരണം തരാം... സ്ത്രീകളോട് എങ്ങാനും മോശമായി പെരുമാറുകയോ അര്‍ഥം വെച്ച് നോക്കുകയോ ചെയ്‌താല്‍ പത്തു കിലോ വലിയ ഉള്ളി പച്ചക്ക് തിന്നണം...”
ഈ കണക്കിന് ഇന്ത്യക്കാരും പാകിസ്ഥാനികളും ബംഗ്ലാദേശികളും ഒക്കെ അവിടെ ഉള്ളി മാത്രം തിന്നു ജീവിക്കുന്നുണ്ടാവും...കാരണം ഏതെന്കിലും ഒരു പെണ്ണ് പോവുന്നത് കണ്ടാല്‍ ഈ മൂന്നു കൂട്ടരും തുറിച്ചു നോക്കും.. ഇന്ത്യക്കാരന്‍ വേഗം നോട്ടം നിര്‍ത്തും... കാരണം പേടി ഉണ്ട് ബുദ്ധിയും ഉണ്ട്... ബംഗ്ലാദേശികള്‍ കുറച്ചു കൂടെ നോക്കും ബുദ്ധി അധികം ഉപയോഗിക്കില്ല... പക്ഷെ പേടി ഉണ്ട്... പാകിസ്ഥാനികള്‍ അവരെ നോക്കി നോക്കി ചോര മൊത്തം ഊറ്റി എടുത്ത് വിടൂ... കാരണം ബുദ്ധിയും പേടിയും ഇല്ല...
അങ്ങനെ കിഷ് എത്താന്‍ ആയപ്പോലെക്കും ഞാന്‍ ഒരു വഴിക്കായിരുന്നു. ദൈവം സഹായിച്ച് ആ കുഞ്ഞു ഫ്ലൈറ്റ് സുരക്ഷിതമായി റണ്‍വേയില്‍ ഇറങ്ങി. ഇതാണോ എയര്‍പോര്‍ട്ട്? വേങ്ങര ഡീലക്സ് ഹോട്ടല്‍ പോലെ ഉണ്ട്... ആണുങ്ങളും പെണ്ണുങ്ങളും വേറെ വഴിക്ക്... പെണ്ണുങ്ങളെല്ലാം ഒരു റൂമിലേക്ക് പോയി ആണുങ്ങളുടെ ചെക്കിംഗ് കഴിഞ്ഞപ്പോലെക്കും പെണ്ണുങ്ങള്‍ എത്തി, എയര്‍പോര്‍ട്ടില്‍ നിന്നും കൊടുത്ത പര്‍ദ്ദ ഒക്കെ ധരിച്. പര്‍ദ്ദ ഇല്ലാതെ പെണ്ണുങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ലത്രേ...പുറത്തിറങ്ങിയപ്പോള്‍ രണ്ടു ബസ്... രണ്ടു ഹോട്ടല്‍ ആണ് ഉള്ളത് അങ്ങോട്ടേക്ക് പോവാന്‍. എന്റെ ഹോട്ടലിന്റെ ബസില്‍ കേറി ഇരുന്നു. പോവുന്ന വഴിയെല്ലാം ചെറിയ ചെറിയ കൂരകള്‍.. കുറെ ആടുകള്‍, കുറെ ചെറിയ പിള്ളേര്‍... കിട്ടുന്ന തണലത് ഇരുന്നു സൊറ പറയുന്ന ചെറുപ്പക്കാര്‍... പലയിടത്തും ഇലെക്ട്രിക്ക് പോസ്റ്റ് ഒന്നും ഇല്ല. കൊടും ചൂട്.. പേരിനു മാത്രം മരങ്ങള്‍.. വാഹനങ്ങള്‍ ഒക്കെ വളരെ കുറവ് ടൊയോട്ട കൊറോള ആണ് അവിടെ കണ്ട നല്ലൊരു കാര്‍. എന്റെ അടുത്തിരുന്ന ആളോട് ഞാന്‍ ചോദിച്ചു,
“ഇവിടെ ഉള്ളവരൊക്കെ എങ്ങനെയാ ജീവിക്കുനത്?”
“പലര്‍ക്കും കൃഷി ആണ്.. പിന്നെ ആട്, പശു.. ഇപ്പോളും പതിനേഴാം നൂറ്റാണ്ടില്‍ ആണ് എല്ലാവരും... അച്ചടിച്ച നോട്ടിന് കടലാസിന്റെ പോലും വില ഇല്ല... അവിടത്തെ കറന്‍സി ആണ് തോലന്‍. ആയിരം തോലന്‍ എന്നാല്‍ ഒരു ദിര്‍ഹം.”
ഞാന്‍ വായും തുറന്നിരുന്നു... അയാള്‍ തുടര്‍ന്നു...
“അറിയാതെ പോലും കയ്യിലുള്ള ദിര്‍ഹം മാറ്റി തോലന്‍ ആക്കരുതെ... അവിടെ ദിര്‍ഹവും ചെലവാക്കാം. നൂറു ദിര്‍ഹം മാറ്റിയാല്‍ ഒരു ബാങ്ക് തുടങ്ങാന്‍ ഉള്ള തോലന്‍ കിട്ടും”
അങ്ങനെ ഞങ്ങളുടെ ഹോട്ടല്‍ എത്തി... പുറത്തിറങ്ങലും ഞാന്‍ അന്തം വിട്ടു പോയി...
(തുടരും)
No comments:
Post a Comment