Sunday, July 4, 2010

ചാമ്പ്യന്‍

തമ്ബന്റെ ആത്മ മിത്രമാണ് യഹ്യ... പേര് കേട്ടു ഞെട്ടണ്ട... ആള് മലയാളി ആണ്. അല്‍ സാല്മീന്‍ ഗ്രൂപ്പ്‌ കമ്പനിയിലെ ഒരു എളിയ ജീവനക്കാരന്‍... അല്‍ സാല്മീന്‍ ഗ്രൂപിലെ ബിന്‍ സാല്മീന്‍ കമ്പനിയുടെ ജീവാത്മാവും പരമാത്മാവുമായ തമ്പന്‍ എന്ന രാജേഷ് ബാബു യഹ്യയെ ആത്മ മിത്രമായി അംഗീകരിച്ചതിന് പിന്നില്‍ വേറെ ഒരു കാര്യം കൂടെ ഉണ്ട്...

കമ്പനിയുടെ വിരുന്നു സല്‍ക്കാരങ്ങളില്‍ "ഫുഡ്‌ അറേഞ്ച്" ചെയ്യുന്ന ഒരു പ്രധാനി ആണ് യഹ്യ... യഹ്യ അവിടെ ഇല്ലെങ്കില്‍ അറബി മുതലാളിക്ക് ഒരു ഇത് കിട്ടൂല... സായാഹ്നങ്ങളില്‍ ഉള്ള "ഫുഡ്‌ അറേഞ്ച്" ചെയ്യലില്‍ പ്രധാനപ്പെട്ട ഒന്നാണ് മദ്യം! അറബി മുതലാളി പറയാതെ തന്നെ അബുധാബിയില്‍ കിട്ടുന്ന വില കൂടിയ എല്ലാ തരം മദ്യവും യഹ്യ അറേഞ്ച് ചെയ്തു പോന്നു. മദ്യം കഴിക്കാത്ത ആള്‍ ആയതു കൊണ്ട് വില നോക്കി മാത്രമേ യഹ്യ മദ്യം വാങ്ങൂ... സല്കാരങ്ങള്‍ കഴിഞ്ഞാല്‍ സ്റ്റോക്ക്‌ല്‍ എത്ര കുപ്പി ബാലന്‍സ് ഉണ്ട് എന്നൊന്നും അറബി മുതലാളി നോക്കില്ലാ.

ഇപ്പോളെങ്കിലും മനസ്സിലായി കാണുമല്ലോ എങ്ങനെ യഹ്യ തമ്പുവിന്റെ ആത്മമിത്രം ആയെന്നു? യാഹ്യക്ക് വേണ്ട അല്ലറ ചില്ലറ ടെക്നിക്കല്‍ ഹെല്പ് ഒക്കെ കൊടുത്തു സ്റൊക്കില്‍ നിന്നും തമ്പു ഇടക്കിടക്ക് ഓരോരോ കുപ്പി വില കൂടിയ മദ്യം സമ്മാനമായി വാങ്ങും... തമ്ബനോടുള്ള വിധേയത്വം കൊണ്ട് ഏറ്റവും നല്ല മദ്യം നോക്കി സെലക്ട്‌ ചെയ്യാന്‍ യഹ്യ സമ്മതിച്ചിരുന്നു... ഇവര്‍ എങ്ങനെ "മച്ചാന്‍ - മച്ചാന്‍" ആയി എന്ന് ഇപ്പൊ മനസ്സിലായല്ലോ?

അങ്ങനെ ഒരു ദിവസം രാഹുലും തമ്ബുവും കൂടെ അബുധാബിയില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ടു. ആ വിവരം അറിഞ്ഞത് മുതല്‍ ഇവിടെ രണ്ടു പാവം മദ്യപാനികള്‍ക്ക്‌ ദാഹം തുടങ്ങി...യഹ്യയെ കണ്ടിട്ടേ വരൂ എന്ന് പറഞ്ഞപ്പോ എത്ര സമയം വരെയും വെയിറ്റ് ചെയ്യാം.. കണ്ടിട്ടേ വരാവൂ എന്ന് പറഞ്ഞു ഞാന്‍, മാഷ്ക്ക് പരഗനിലെ ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്യട്ടെ? എന്ന് സന്ദീപ്‌ സര്‍, അങ്ങനെ വരുന്ന വഴിക്ക് തമ്പന്‍ യഹ്യയെ വിളിച്ചു,

"മച്ചാ സ്റ്റോക്ക്‌ നോക്കിയോ? എടുക്കാന്‍ ഉണ്ടാവുമോ?"
(ചോദ്യം കേട്ടാല്‍ തോന്നും ഇവരെന്തോ വലിയ ഇമ്പോര്‍ട്ട് - എക്സ്പോര്‍ട്ട് ടീം ആണെന്ന്)

"നീ വാടാ, നിനക്ക് സാധനം കിട്ടിയാല്‍ പോരെ? സ്റ്റോക്ക്‌ ഉണ്ട്"

"ഏതാ സാധനം?"

"ഒരാള് കോട്ടിട്ടു വടിയും കുത്തി പിടിച്ചു നടക്കുന്ന ചിത്രമുള്ള ഒരു കുപ്പി ഉണ്ട്"

കര്‍ത്താവേ, ജോണി വാക്കര്‍!!! ഗോള്‍ഡ്‌ ലേബലോ, ബ്ലൂ ലേബലോ ഇനിയിപ്പോ ബ്ലാക്ക്‌ ലേബലോ ആയാലും വേണ്ടിയില്ലരുന്നു... തമ്പന്‍ മനസ്സില്‍ പറഞ്ഞു, എന്നിട്ട് ആക്രാന്തത്തോടെ ചോദിച്ചു,

"അതിന്റെ നിറമെന്താ? ഡാര്‍ക്ക്‌ ബ്ലൂ ആണോ? ഗോള്‍ഡ്‌ ആണോ? അതോ ബ്ലാക്കോ?"

"അല്ല ചെലമ നിറമാ"

റെഡ് ലേബല്‍! സാരമില്ല ദാനം കിട്ടുന്ന പശുവിന്റെ വായിലെ പല്ലെന്തിനാ എണ്ണുന്നത്?

"വേറെ സാധനം ഒന്നും ഇല്ലേ?"

"വേറെ ഒന്ന് കൂടെ ഉണ്ട്, ഒരു പന്ത്രെന്ടെണ്ണം, വാങ്ങിച്ചു വെച്ച അതുപോലെ തന്നെ ഉണ്ട്"

"എന്താ പേര്?"

"ചാമ്പ്യന്‍"

ഇതേതാ സാധനം? ഇത് വരെ കേട്ടിട്ടില്ല... ഇനി പുതിയ എന്തെങ്കിലും ഇറങ്ങിയതാണോ? ചെലപ്പോ ചാത്തന്‍ ആയിരിക്കും... അല്ല, അറബികളും ചാത്തന്‍ അടിക്കുമോ? മലയാളികളുടെ കൂടെ അല്ലെ, അടിച്ചു പോവും... എന്നൊക്കെ മനസ്സില്‍ വിചാരിച്ചു, വെറുതെ റിസ്ക്‌ എടുക്കണ്ട എന്ന് സ്വയം തീരുമാനിച്ചു, യാഹ്യയോടു പറഞ്ഞു...

"ഞാന്‍ ഒരു പത്തു മിനിറ്റ് കൊണ്ട് അവിടെ എത്തും, നീ രണ്ടു റെഡ് ലേബല്‍ എടുത്ത് വെക്ക്"

"ചാമ്പ്യന്‍ വേണ്ടേ??"

"ആരും തൊടാത്ത സ്റൊക്കില്‍ കിടക്കുന്ന സാധനം ഒന്നും എനിക്ക് വേണ്ട... സന്ദീപിന്റെയും സൂരജിന്റെയും സൈസ് നീ കണ്ടിട്ടില്ലല്ലോ?? എന്നെ അവന്മാര്‍ എടുത്തിട്ടു ചാമ്പും, ഈ ചാമ്പ്യനും കൊണ്ട് ചെന്നാല്‍, നീ രണ്ടു റെഡ് ലേബല്‍ എടുത്ത് വെക്ക്"

അങ്ങനെ തമ്പന്‍ റെഡ് ലേബല്‍ ആയി ദുബായിലേക്ക് വെച്ചു പിടിച്ചു... അന്നത്തെ ആഘോഷം ഒക്കെ കഴിഞ്ഞു രാവിലെ അല്‍ ഐനില്‍ പോയി അവിടത്തെ ജോലി തീര്‍ത്തു റൂമില്‍ എത്തിയപ്പോ തമ്ബന്റെം യാഹ്യയുടെയും ഒരു കോമ്മണ്‍ ഫ്രണ്ടിന്റെ കാള്‍...

"ഡാ ഇന്നലെ ഞാന്‍ യാഹ്യയുടെ അടുത്ത് പോയി ഒരു ഫുള്‍ കേസ് ഷാമ്പെന്‍ എടുത്തോണ്ട് പോന്നു, എല്ലാവന്മാരെയും വിളിച്ചു ഉഗ്രന്‍ പാര്‍ട്ടി കൊടുത്തു... നിന്നെ കുറെ വിളിച്ചു, നീ എന്താ ഫോണ്‍ എടുക്കാഞ്ഞേ?"

തമ്ബന്റെ തലയില്‍ ഒരായിരം നിലചക്രം ഒന്നിച്ചു കറങ്ങി!!! ദൈവമേ ഷാമ്പെന്‍!!! ഇതിനാണ് ആ തെണ്ടി ചാമ്പ്യന്‍ എന്ന് പറഞ്ഞത്!!!

1 comment: