ഇരിങ്ങല്ലൂരിന്റെ അഭിമാനമാണ് വേലായുധേട്ടന്‍... ആശാരിപ്പണി ആണ് ജോലി... എങ്ങോട്ട് ജോലിക്ക് വിളിച്ചാലും അങ്ങേരു റെഡി, സഹായത്തിനു മക്കളും ഉണ്ട്...പഠനത്തില്‍ ഒന്നും വേലായുധേട്ടന്‍ വിശ്വസിക്കുന്നില്ല... അത് കൊണ്ട് തന്നെ അളവുകൊലിന്റെ അക്കം മനസ്സിലാക്കാന്‍ ഉള്ള പഠിച്ചു കഴിഞ്ഞപ്പോള്‍ തന്നെ രണ്ടു മക്കളോടും പടിപ്പു നിര്‍ത്താന്‍ പറഞ്ഞു...
എങ്ങോട്ട് വിളിച്ചാലും വരുമെന്ന് പറഞ്ഞിരുന്നല്ലോ... വെറുതെ ഒന്നും വിളിച്ചാല്‍ വേലായുധേട്ടന്‍ വരൂല, കുടുംബത്തിലെ കാരണവര്‍ തന്നെ പറയണം...
“വേലായ്താ... കൊറച് പണിണ്ട് ഒന്ന് വന്നു നോക്കിയിട്ട് പോ”
ഇത് കേട്ടാ അങ്ങേരു എത്തിക്കോളും... ഇത്രയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോ അങ്ങേരു വിശ്വകര്‍മാവ് ഭൂമിയില്‍ രണ്ടാം ജന്മം എടുത്ത ആളാണ് എന്ന് വിചാരിചെങ്കില്‍ തെറ്റി... ഭൂലോക കള്ളപ്പണിയുടെ ആശാനാണ് കക്ഷി!
അലമാരി ഉണ്ടാക്കാന്‍ പറഞ്ഞാല്‍ കോഴിക്കൂട് ഉണ്ടാക്കും, വാതിലുണ്ടാക്കാന്‍ പറഞ്ഞാ അലമാരി ഉണ്ടാക്കും ഇനി കോഴിക്കൂട് ഉണ്ടാക്കാന്‍ പറഞ്ഞാലോ, ശവപ്പെട്ടി ഉണ്ടാക്കും!!! ഇതാണ് കക്ഷിയുടെ പണിയുടെ സ്റ്റൈല്‍...
അച്ഛന് പിറന്ന മക്കള്‍ തന്നെ സഹായത്തിനു... രണ്ടാമത്തവന് താല്‍പ്പര്യം മമ്മൂട്ടി ആവാന്‍... അനശ്വരം സിനിമ കണ്ടിട്ട് ടയ്റ്റ് പാന്‍റ്സ് ഇട്ടു വന്നു പണിക്ക് പോയ വീട്ടിലെ വേലക്കാരിയെ നോക്കി മമ്മൂട്ടിയെ പോലെ മുന്നിലെ മുടി അല്‍പ്പം വളച്ചു മുന്നും പിന്നും നോക്കാതെ തടി എടുക്കാന്‍ കുനിഞ്ഞപ്പോള്‍ മീന്‍ പിടിക്കാന്‍ ഉള്ള വല പോലെ ഉള്ള പച്ച “ആയിഷ” അണ്ടര്‍വെയര്‍ ഒട്ടുമുക്കാലും പുറത്തു എത്തിയതും അത് കണ്ടു അത്ഭുതസ്തബ്ധ ആയിപ്പോയ വേലക്കാരി ഓണ്‍ ദി സ്പോട്ട് അറിയാവുന്ന ഇന്ഗ്ലീഷില്‍ “അയ ലവൂ ചേട്ടാ” എന്ന് പറഞ്ഞതും അത് അബദ്ധവശാല്‍ കേള്‍ക്കാന്‍ ഇടയായ വേലായ്തെട്ടന്‍ അപ്പോള്‍ തന്നെ മോനെ കൊണ്ടോട്ടി ആലിബാപ്പു ഹാജിയുടെ വീട് പണി സ്ഥലത്തേക് ട്രാന്‍സ്ഫര്‍ ചെയ്തതും നാട്ടില്‍ പാട്ട്...
അതിലും കഷ്ട്ടമാണ് മൂത്തവന്റെ കാര്യം അവന്റെ ലക്‌ഷ്യം കുറച്ചു കടന്നതാണ്... “ശോഭനയെ കല്യാണം കഴിക്കണം” ശോഭന പോലും കാണാന്‍ കൂട്ടാക്കാത്ത അവര്‍ അഭിനയിച്ച പടങ്ങള്‍ കണ്ടു വിജയിപ്പിക്കുക എന്നതാണ് അവന്റെ പണി... പേഴ്സില്‍ ശോഭനയുടെ പടം കണ്ട അമ്മ നാട്ടിലെ ഏതോ പീസ് ആണെന്ന് വിചാരിച്ചു എന്റെ മോന്‍ വഴി തെറ്റി പോയെ എന്നും പറഞ്ഞു ചാവാന്‍ കിണറ്റിന്‍ കരയിലേക്ക് ഓടിയതും നാട്ടില്‍ പാട്ടാണ്...
ഇവന്മാരുടെ ലക്ഷ്യങ്ങള്‍ രണ്ടും രണ്ടാണെങ്കിലും ഒരിക്കല്‍ രണ്ടു പേരും ഒന്ന് കോര്‍ത്തു... മറ്റൊന്നിനും അല്ല, ആരാധനാ പാത്രങ്ങളുടെ പേര് പറഞ്ഞു തന്നെ, “വിഷ്ണു” സിനിമയില്‍ മമ്മൂട്ടി ശോഭനയുടെ അരയില്‍ ഒന്ന് പിടിച്ചതാണ് പ്രശ്നം... ആണുങ്ങള്‍ ആയാല്‍ അങ്ങനെ ഒക്കെ ചെയ്യുമെന്ന് നമ്മുടെ മമ്മൂട്ടി... എന്നാ ഇന്നാടാ പിടിച്ചോ എന്നും പറഞ്ഞു ചെവിക്കിട്ടു സിംബല്‍ അടിക്കുന്ന പോലെ ഒരു പളുങ്ങല്, നമ്മുടെ ശോഭനയുടെ ഭാവി വരന്‍... പിന്നെ പിന്നെ ഇതൊരു സ്ഥിരം കലാപരിപാടി ആയപ്പോള്‍ വേലായ്തെട്ടന്‍ രണ്ടു പേരെയും രണ്ടു വഴിക്കാക്കി...
മക്കള്‍ പോയതോടെ നാട്ടിലെ പണികള്‍ ഒക്കെ വേലായ്തെട്ടന്റെ തലയില്‍ വന്നു വീണു... ഒരു സൈറ്റ് വിസിറ്റ് നടത്താന്‍ പോലും മക്കള്‍ ഇല്ലല്ലോ, അതോടെ വേലായ്തെട്ടന്റെ കള്ളപ്പണിയുടെ തോത് കൂടി... ഓരോ പണിയും ഏറ്റു അവിടെ മരമോക്കെ മുറിച്ചു അളവ് മാറ്റി വെച്ച് ഒറ്റ മുങ്ങല്‍ ആണ്... പിന്നെ മൂന്നും നാലും അഞ്ചും സ്ഥലങ്ങളില്‍ ഇതുപോലെ ആക്കി വെച്ചിട്ട് അടുത്ത റൗണ്ടിനു വീണ്ടും പഴയ സ്ഥലത്ത് എത്തും...
അപ്പോള്‍ ആണ് പൂച്ചിക്ക ഗള്‍ഫില്‍ നിന്നും വന്നത്... മൂന്നു കൊല്ലം കഷ്ട്ടപ്പെട്ട് തിരിച്ചു നാട്ടില്‍ എത്തി വീട്ടില്‍ കയറാന്‍ നേരത്ത് സ്വന്തം ഭാര്യയേയും മക്കളേം നോക്കുന്നതിനു മുന്നേ പൂച്ചിക്കയുടെ കണ്ണില്‍ പെട്ടത് പൂമുഖ വാതില്‍ ആണ്... ഒരു ഗള്‍ഫ് കാരന്റെ വീടിന്റെ വാതില്‍ ആണോ ഇത്? പിറ്റേന്ന് തന്നെ ആശാരിമാരെ തിരഞ്ഞുള്ള നടപ്പായി... ആരെയും കിട്ടിയില്ല, ഒടുവില്‍ പൂചിക്ക വേലായ്തെട്ടനെ കണ്ടു മുട്ടി... ഒരാഴ്ച കൊണ്ട് പണി തീര്‍ത്തു തരണം എന്ന് പറഞ്ഞപ്പോ നമ്മക്ക് അഞ്ചു ദിവസം കൊണ്ട് തീര്‍ക്കാം എന്നായിരുന്നു ഉള്ളില്‍ ചിരിച്ചു കൊണ്ട് വേലായ്തെട്ടന്റെ വാഗ്ദാനം...
സ്ഥിരം പരിപാടി എടുക്കാന്‍ റെഡി ആയി പണി തുടങ്ങിയ വേലായ്തെട്ടന്റെ ആഹ്ലാദം അന്ന് വയ്കുന്നേരം തീര്‍ന്നു... പണിസാധനങ്ങള്‍ എല്ലാം പൂച്ചിക്ക ഓഫീസ് റൂമില്‍ ഇട്ടു പൂട്ടി...
“പണി കയ്യിലിരിക്കട്ടെ വേലായ്തെട്ടാ, ഇന്നിനി വേറെ പണിയൊന്നും ഇല്ലല്ലോ? ഇതിവിടെ സേഫ് ആണ്... ഇങ്ങള് പോയി നാളെ കാലത്ത് വരീന്‍”
അങ്ങനെ വേലായ്തെട്ടന്‍ പറഞ്ഞ സമയം കൊണ്ട് വാതിലിന്റെ പണി തീര്‍ത്തു കൊടുത്തു... പറഞ്ഞതിലും കൂടുതല്‍ കൂലിയും കിട്ടി! അതിന്റെ സന്തോഷം ഒരു ദിവസമേ നീണ്ടുള്ളൂ എന്ന് മാത്രം... പൂച്ചിക്ക പറഞ്ഞയച്ച ആള്‍ വേലായ്തെട്ടന്റെ പണിസ്ഥലത് എത്തി...
വാതില്‍ തുറക്കാന്‍ പറ്റുന്നില്ല!!!
പണി ഇട്ടെറിഞ്ഞു വേലയ്തെട്ടന്‍ പൂചിക്കയുടെ വീട്ടില്‍ എത്തി, കാളിംഗ് ബെല്‍ അടിച്ചപ്പോ അടുക്കളഭാഗത്ത് നിന്നും പറന്നു വന്നു പൂച്ചിക്ക...
“എന്താ വേലായ്തെട്ടാ ഈ വാതില്‍ തുറക്കാന്‍ പറ്റണില്ലല്ലോ??”
അതോടെ വേലായ്തെട്ടന്‍ ഇന്‍വെസ്ടിഗെഷന്‍ ആരംഭിച്ചു... കുറെ തിരിച്ചും മറിച്ചും നോക്കിയിട്ടും വേലയ്തെട്ടന് ഒരു പിടിയും കിട്ടിയില്ല... പൂച്ചിക്ക ആണെങ്കില്‍ ഇന്‍വെസ്ടിഗെഷന്‍ തീരാന്‍ കാത്തിരിക്കുന്നു അടുത്ത ചോദ്യം ചോദിക്കാന്‍... കൈ വിട്ടു എന്ന് മനസിലായി, അതോടെ എല്ലാം നോക്കി എണീറ്റ് മൂരി നിവര്‍ത്തി വേലായ്തെട്ടന്‍ പൂച്ചിക്കയോട് ഒറ്റ ചോദ്യം...
“അല്ല പൂചിയേ യ്യി ഇ വാതില് തോറക്കെ അടക്കേറ്റം ചെയ്തീനാ??”
No comments:
Post a Comment