Monday, November 3, 2014

പ്രേതം...

പണ്ട് നാട് ചുറ്റാന്‍ ഭയങ്കരം താല്പര്യം ആയിരുന്നു... ഒരു ഗ്യാപ് കിട്ടിയാല്‍ അപ്പൊ പുറത്തു ചാടും... അങ്ങനെയിരിക്കെ ആണ് കുട്ടേട്ടന്‍ മലപ്പുറം മുണ്ടുപറമ്പില്‍ ഉള്ള അമ്മയുടെ അനിയത്തി ബിന്ദുചെചീടെ വീട്ടില്‍ പോവാം എന്ന് പറഞ്ഞു വന്നത്... വേങ്ങര നിന്നും ഒരു പതിനഞ്ചു കിലോമീറ്റര്‍ കാണും അങ്ങോട്ട്‌... വരികയാണെങ്കില്‍ അവിടെ ഒരു ദിവസം താമസിച്ചു പോവാന്‍ പാകത്തിന് വന്നാ മതി എന്ന് പറഞ്ഞു ബിന്ദുചേച്ചി. പല തവണ ഞാന്‍ അവിടെ പോയിട്ടുണ്ടെങ്കിലും ബിന്ദുചേച്ചിയെ കണ്ടു തിരിച്ചു വരിക മാത്രമേ ഉള്ളു... അവിടെ നിന്നിട്ടില്ല... അങ്ങനെ ഞങ്ങള്‍ രണ്ടെണ്ണം കൂടെ അങ്ങോട്ട്‌ വെച്ചുപിടിച്ചു...

അവിടെ ബിന്ദുചേച്ചിയും സേതുഎട്ടനും കണ്ണനും പിന്നെ സേതുഏട്ടന്‍റെ അമ്മയും മാത്രേ ഉള്ളു... പഴയൊരു തറവാട്... ചുറ്റും മരങ്ങള്‍... ഒരു ചെറിയ കുളം... മഴക്കാലത്ത് മാത്രം ഉണ്ടാവുന്ന ഒരു കൈത്തോട്‌... വീടിനോട് ചേര്‍ന്ന് ഒരു കാവ്... ആകപ്പാടെ ഒരു സുഖം ആണ് ആ വരാന്തയില്‍ ഇരിക്കുമ്പോള്‍...

ഞങ്ങള്‍ അവിടെ എത്തിയപ്പോ ആണ് കുട്ടേട്ടന്‍ കുളത്തെ പറ്റി അറിഞ്ഞത്... എവിടുന്നാണ് ഒരു തോര്‍ത്ത് പ്രത്യക്ഷപ്പെട്ടത് എന്നറിഞ്ഞില്ല... അടുത്ത സെകണ്ടില്‍ മൂപ്പെര്‍ കുളത്തില്‍... അങ്ങനെ മുങ്ങിക്കുളിയും ഫുഡ്‌ അടിയും തമാശ പറച്ചിലും കണ്ണനെ കളിപ്പിക്കലും ഒക്കെയായി പകല്‍ അങ്ങ് തീര്‍ന്നു... രാത്രിയായി... ഭക്ഷണവും കഴിഞ്ഞു ടീവി കണ്ടു ചുമ്മാ ഇരിക്കുമ്പോള്‍ ബിന്ദുചേച്ചി വന്നു പറഞ്ഞു...

“മുകളില്‍ മുറി റെഡി ആക്കിയിട്ടുണ്ട്... ഉറക്കം വരുന്നെങ്കില്‍ പോയി ഉറങ്ങിക്കോ...”

കേള്‍ക്കണ്ട താമസം ഞങ്ങള്‍ രണ്ടും ചാടി എണീറ്റു... മരത്തിന്‍റെ പടികള്‍... മുകളില്‍ എത്തി ചുറ്റും നോക്കി... മുകളിലെ വരാന്തയിലൂടെ പുറത്തുള്ള മരങ്ങളും കൈത്തോടും റോഡിലെ ഇരുണ്ട വെളിച്ചവും ഒക്കെ കാണാം... പിന്നെ ചീവീടുകളുടെയും മറ്റെതോക്കെയോ പക്ഷികളുടെ കരച്ചിലും... പല തവണ വന്നിട്ടുണ്ടെങ്കിലും മുകളില്‍ കയറുന്നത് ചുരുക്കം ആണ്.. അതും പകലെ കയറിയിട്ടുള്ളു... ഞങ്ങള്‍ പരസ്പരം നോക്കി...

“ഡാ ചെറിയ ഒരു ഭീകരത ഫീല്‍ ചെയ്യുന്നുണ്ടോ...”

“ഏയ്...”

ഞാന്‍ കുട്ടേട്ടന്റെ മുഖത്തേക്ക് നോക്കി... ഒരു ഉറപ്പില്ലാത്ത മറുപടി കൊടുത്തു...

ഞങ്ങള്‍ മുറിക്കുള്ളിലേക്ക് കയറി... വിശാലമായ അകം... രണ്ടു പേര്‍ക്ക് കിടക്കാനുള്ള കട്ടില്‍... നല്ല ഭംഗിയായി വിരിച്ചിരിക്കുന്നു... രണ്ടു പുതപ്പ്... അരികത്തുള്ള മേശയില്‍ കുടിക്കാന്‍ വെള്ളം ഗ്ലാസ്‌... പുറത്തേക്ക് ഒരു ജനാല മാത്രം... തുറന്നിട്ടിരിക്കുന്നു... കൊള്ളാം... ഞാന്‍ വാതില്‍ അടച്ചു... അപ്പോളേക്കും കുട്ടേട്ടന്‍ കട്ടിലിലേക്ക് വീണു പുതപ്പിട്ടു മൂടിക്കഴിഞ്ഞു...

“ആ ലൈറ്റ് ഓഫ്‌ ആക്കിയെക്ക്...”

ഞാന്‍ ലൈറ്റ് ഓഫ്‌ ആക്കി... അപ്പോള്‍ ജനലിലൂടെ അകത്തേക്ക് നിലാവെളിച്ചം കടന്നു... പുറത്ത് നിറയെ മരങ്ങള്‍... ഞാന്‍ ജനലിന്റെ അടുത്തേക്ക് നടന്നു... മഴ പെയ്തു നനഞ്ഞ മണ്ണിന്‍റെ മണം... പൂക്കളുടെ മണം... താഴേക്കു നോക്കി... അവിടെയാണ് കാവ്... നിലാവെളിച്ചത്തില്‍ കാണാം ചുറ്റും മരങ്ങള്‍ ആയി ഒരു ഒറ്റ മുറിയുള്ള കാവ്... അങ്ങോട്ട്‌ തന്നെ നോക്കി കൊണ്ടിരുന്നപ്പോള്‍ ചെറിയൊരു ഭയം... ഞാന്‍ തിരിഞ്ഞു പെട്ടന്ന് ഞെട്ടിപ്പോയി... ഇരുട്ടത്ത്‌ കട്ടിലില്‍ ഒരാള്‍ ഇരിക്കുന്നു...

“നീയെന്താ ചെയ്യുന്നത് അവിടെ?”

ഹൊ.. ഈ മനുഷ്യന്‍ ഉറങ്ങിയില്ലാരുന്നോ?? എവിടുന്നൊക്കെയോ പാറിപ്പോവാന്‍ നിന്ന ജീവന്‍ ഞാന്‍ പിടിച്ചു വെച്ചു... കട്ടിലിന്‍റെ അടുത്തേക്ക് നടന്നു...

“നിങ്ങള്‍ ആ ജനല്‍ക്കല്‍ പോയി നോക്കിയേ...”

“എന്താ”

“പേടിയാവും...”

പിന്നെ നട്ടപ്പാതിരാക്ക് ജനല്‍ക്കല്‍ പോയി നിന്ന് പേടിക്കല്‍ അല്ലെ പണി... വന്നു കിടന്നുറങ്ങാന്‍ നോക്ക്...”

മൂപ്പെര്‍ കുറച്ചു വെള്ളമെടുത്ത് കുടിച്ചു വീണ്ടും കിടന്നു... ഞാനും കിടന്നു... പുതപ്പെടുത്ത് പുതച്ചു... കണ്ണും തുറന്നു അട്ടം നോക്കി കിടന്നു...

“അതേയ്... ഈ പഴയ വീട്ടിലൊക്കെ ചെലപ്പോ എന്തെങ്കിലും ഒക്കെ ണ്ടാവും...”

കുട്ടേട്ടന്‍ എന്‍റെ നേരെ തിരിഞ്ഞു കിടന്നു...

“എന്ത്?”

“അല്ല, ഈ പ്രേതം പോലെ ഒക്കെ”

“നിനക്ക് വേറൊന്നും ചിന്തിക്കാനില്ലേ?? പ്രേതം പോലും... അങ്ങനെയൊന്നും ഇല്ല... നീ വാതിലടച്ചോ?”

“ആ അടച്ചു... പിന്നെ...”

ഞാന്‍ കൈ തലക്ക് കുത്തി വെച്ച് ചരിഞ്ഞു കിടന്നു... കുട്ടേട്ടന്‍ എന്നെ നോക്കി...

“എന്താ?”

“വാതിലടച്ചാലും പ്രേതത്തിനു അകത്തു വരാം...”

“ഒരു കാര്യം ചോദിക്കട്ടെ?”

“ന്താ...”

“നിനക്ക് ഉറങ്ങാന്‍ എന്തെങ്കിലും തരണോ?”

ഞാന്‍ മലര്‍ന്നു കിടന്നു... വീണ്ടും അട്ടം നോക്കി കിടക്കാന്‍ തുടങ്ങി... അട്ടം നോക്കി മടുത്തപ്പോള്‍ ഞാന്‍ ജനലിലേക്ക് നോക്കി... പെട്ടന്ന് ജനലിന്റെ വലതു ഭാഗത്ത് നിന്നും ഒരു രൂപം മാറി... ഞാന്‍ കണ്ണ് അമര്ത്തി അടച്ചു ഒന്നൂടെ തുറന്നു... അങ്ങോട്ട്‌ തന്നെ നോക്കി കിടന്നു... പെട്ടന്ന് ഒരു കൈ ജനലിന്റെ മരത്തിന്‍റെ അഴിയില്‍ പിടിച്ചു അപ്പോള്‍ തന്നെ പിടി വിട്ടു... എനിക്കാകെ തളരുന്നത് പോലെ തോന്നി... പെട്ടന്നാണ് അത് സംഭവിച്ചത്... എനിക്ക് കാലിന്‍റെ മസില്‍ കയറി... ഭയങ്കരം വേദന... ഞാന്‍ ചാടി എണീറ്റു കട്ടിലില്‍ നിന്നു... പെട്ടന്ന് ഉറക്കം ഞെട്ടി ചാടി എണീറ്റ കുട്ടേട്ടന്‍...

“എന്താ... എന്താ...”

“മസില്‍ കേറി...”

കുട്ടേട്ടന്‍ വീണ്ടും ഉറക്കത്തിലേക്കു വീണു... ഞാന്‍ കാല്‍ അമര്‍ത്തി തിരുമി കൊണ്ടിരുന്നു... കുറെ നേരം തിരുമ്മി കൊണ്ടിരുന്നപ്പോള്‍ വേദന മാറി... വീണ്ടും കിടന്നു... ഒന്നൂടെ ജനലിലേക്ക് നോക്കി... അതാ ആരോ നോക്കുന്നു... ഞാന്‍ വേഗം കണ്ണടച്ച് കുട്ടേട്ടനെ ചേര്‍ന്ന് കിടന്നു... തോളില്‍ തോണ്ടി...

“എന്താ?”

“ആ ജനാലക്കല്‍ ആരോ”

“ആര്?”

“ആ... ഇങ്ങോട്ട് നോക്കുന്നു...”

“നിനക്ക് തോന്നിയതാവും...”

“അല്ല, ഞാന്‍ രണ്ടു തവണ കണ്ടു...”

കുട്ടേട്ടനും ഞാനും ഒപ്പം തല പൊക്കി ജനാലക്കല്‍ നോക്കി... കുട്ടേട്ടന്‍ എന്നെ നോക്കി... വീണ്ടും ഞങ്ങള്‍ ജനാലക്കല്‍ നോക്കി...

“എവിടെ?”

“കുറച്ചു മുന്നേ ഞാന്‍ കണ്ടതാ... അത് നോക്കികൊണ്ടിരുന്നപ്പോളാ എനിക്ക് മസില്‍ കയറിയത്...”

ഞങ്ങള്‍ നോക്കി കൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് ആ കൈ വീണ്ടും പ്രത്യക്ഷപ്പെട്ടു... മരത്തിന്‍റെ ആഴി പിടിച്ചു ഒരു സെക്കന്റ്‌ കഴിഞ്ഞു പിടി വിട്ടു പോയി... ഞങ്ങള്‍ രണ്ടു പേരും കട്ടിലിലേക്ക് വീണു... കമിഴ്ന്നു ഒറ്റ കിടത്തം...

“അതാരയിരിക്കും?”

“എനിക്കറിഞ്ഞൂടാ... പോയി നോക്കിയാലോ?”

അതിനു കുട്ടേട്ടന്‍ മറുപടി ഒന്നും പറഞ്ഞില്ല... ഞാന്‍ കുട്ടേട്ടനെ കെട്ടിപ്പിടിച്ചു ഒരു കാല്‍ മൂപ്പരുടെ ദേഹത്ത് കേറ്റി വെച്ചാണ് കിടക്കുന്നത്... കുറച്ചു നേരം അങ്ങനെ കിടന്നു... വീണ്ടും അങ്ങോട്ടേക്ക് നോക്കാന്‍ വയ്യ... ഇനി ആ രൂപം ഇപ്പോള്‍ ഞങ്ങള്‍ കിടക്കുന്ന കട്ടിലിന്‍റെ അരികത്തു നില്‍ക്കുന്നുണ്ടാവുമോ? തിരിഞ്ഞു നോക്കി അതെങ്ങാനും കണ്ട് പേടിച്ചു പ്രാന്തായാലോ? ചത്തു പ്രേതമായാലും കുഴപ്പമില്ല... പ്രാന്തനായി ജീവിക്കുക... അയ്യോ വേണ്ട... തല്‍ക്കാലം കണ്ണടച്ച് കിടക്കുക... കുറച്ചു നേരം കഴിഞ്ഞു ഞാന്‍ കുട്ടെട്ടനോട് കണ്ണടച്ച് പിടിച്ചു തന്നെ പതുക്കെ ചോദിച്ചു...

“അതേയ്... എന്തായിരിക്കും അത്?

മറുപടിയില്ല... ഒന്നൂടെ ചോദിച്ചു... മറുപടി കിട്ടി... ചെറിയൊരു കൂര്‍ക്കം വലി... ദുഷ്ടന്‍... ഒറ്റക്കാക്കി ഉറങ്ങി... ഈശ്വരാ ഉറക്കവും വരുന്നില്ല... കണ്ണ് തുറക്കാനും വയ്യ... മസില്‍ കയറിയ കാലും വേദനിക്കുന്നു... വേറെ എന്തിലെക്കെങ്കിലും മനസ്സ് മാറ്റാന്‍ നോക്കാം എന്ന് വെച്ചാല്‍... ഒരു കുന്തവും മനസ്സിലേക്ക് വരുന്നില്ല... ഒരു പാട്ട് പാടിയാലോ... പാടാം... ചെലവോന്നും ഇല്ലല്ലോ...

എന്തിനു വേറൊരു സൂര്യോദയം... നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം... ഇന്നു നീയെന്നരികിലില്ലേ... മലർവനിയിൽ
വെറുതേ... എന്തിനു വേറൊരു മധു വസന്തം...

ശോഭനയെ ചേര്‍ത്ത് പിടിച്ചു ഞാന്‍ നടക്കുന്നു...

നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ
നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം
നീയെന്റെയാനന്ദ നീലാംബരി... നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ...

അതാ രവീന്ദ്രന്‍ മാഷുടെ മാരകം മുസിക്... ചിലമ്പ് അണിഞ്ഞു വരുന്നു മാടബള്ളിയിലെ നാഗവല്ലി... ശോഭന തിരിഞ്ഞു ഒരു പുരികം ഉയര്‍ത്തി എന്നെ തിരിഞ്ഞൊരു നോട്ടം നോക്കി...

അയ്യോ സിനിമ മാറി... കുഴഞ്ഞു വീഴ്... കുഴഞ്ഞു വീഴ്...


ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്
താവഗാഗുലീ ദ്രാവിഡും... ങ്ങുര്‍... ങ്ങുര്‍... ങ്ങുര്‍...

രാവിലെ ബിന്ദുചേച്ചി ചായയുമായി വന്നു വിളിച്ചപ്പോള എണീറ്റത്...

“നല്ലോണം ഉറങ്ങിലെ...”

“പിന്നേ...”

“പോയി പല്ലൊക്കെ തേച്ചു വാ ഭക്ഷണം ഒക്കെ റെഡി ആയിട്ടുണ്ട്‌...”

പെട്ടന്ന് ഓര്മ വന്നത്... ഇന്നലത്തെ ആ രൂപം... ജനല്ക്കലേക്ക് നടന്നു... ഒന്നും കാണാന്‍ ഇല്ല... അല്ല, ഞാന്‍ എന്തൊരു വിഡ്ഢി ആണ്... പകലല്ലേ പ്രേതം... അയ്യേ... പെട്ടന്ന് എന്‍റെ കണ്മുന്നിലേക്ക് ആ കൈ വന്നു... ഞെട്ടി പിന്നോട്ട് പോയ ഞാന്‍ വീണ്ടും മുന്നോട്ട് വന്നു ജനലിലൂടെ പുറത്തേക്കു നോക്കി... അപ്പോള്‍ വീണ്ടും എന്‍റെ മുന്നിലേക്ക്‌ വന്നു... കയ്യല്ല... കാറ്റത്ത് ആടി... ഒരു ചെമ്പരത്തിപ്പൂവ്...

1 comment:

  1. Casinos Near Casinos Near Casinos & Resorts in Biloxi | Mapyro
    Find Casinos 울산광역 출장안마 Near Casinos & Resorts 전주 출장샵 in Biloxi, 의정부 출장샵 MS, United 여주 출장샵 States - Mapyro has casinos, live entertainment, and fine dining in Biloxi, MS. 안산 출장마사지

    ReplyDelete